യുവാക്കളേ നിങ്ങളുടെ ജീവൻകൊണ്ട് നിങ്ങൾ എന്തു ചെയ്യും?
“ജീവിക്കുന്നവർ മേലാൽ തങ്ങൾക്കായിട്ടല്ല, പിന്നെയോ തങ്ങൾക്കുവേണ്ടി മരിക്കുകയും . . . ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിന്.”—2 കൊരിന്ത്യർ 5:15.
1. ആളുകൾ ഏതു നന്ദിപ്രകടനം നടത്തിയിട്ടുണ്ട്, എന്തുകൊണ്ട്?
‘നന്ദി! ഞാൻ എന്റെ ജീവനുവേണ്ടി നിങ്ങളോടു കടപ്പെട്ടിരിക്കുന്നു!’ കത്തിയെരിയുന്ന ഒരു വീട്ടിൽനിന്നോ, മുങ്ങിച്ചാകുമ്പോഴോ, രക്ഷപ്പെടുത്തപ്പെടുന്നവർ തങ്ങളെ രക്ഷിച്ചവരോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. വിലമതിപ്പുള്ള ക്രിസ്തീയ യുവാക്കൾ തങ്ങളുടെ മാതാപിതാക്കളോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അവർ കേവലം തങ്ങളുടെ മാതാപിതാക്കളിൽനിന്ന് സ്വീകരിച്ച ഭൗതികജീവനെ പരാമർശിക്കുകയായിരുന്നില്ല, പിന്നെയോ വിശേഷാൽ “അവൻതന്നെ നമ്മോടു വാഗ്ദത്തം ചെയ്ത വാഗ്ദത്ത സംഗതി, നിത്യജീവൻ” പ്രാപിക്കുന്നതിനുള്ള വഴിയിൽ യുവാക്കളെ ആക്കിവെച്ച സ്നേഹമസൃണമായ പരിപാലനത്തെയും പ്രബോധനത്തെയും പരാമർശിക്കുകയായിരുന്നു.—1 യോഹന്നാൻ 2:25.
2. ഏതു വിവരത്തിന്റെ വെളിച്ചത്തിൽ നിങ്ങൾ നിങ്ങളുടെ ജീവൻകൊണ്ട് എന്തു ചെയ്യും?
2 നമ്മിലോരോരുത്തർക്കും നിത്യജീവൻ, “യഥാർത്ഥജീവൻ,” ലഭ്യമാക്കാൻ യഹോവയാം ദൈവത്തെ പ്രേരിപ്പിച്ചത് സ്നേഹമായിരുന്നു. “അവൻ നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് ഒരു പരിഹാരയാഗമായി തന്റെ പുത്രനെ അയയ്ക്കുകയും ചെയ്തു.” (1 തിമൊഥെയോസ് 6:19; 1 യോഹന്നാൻ 4:10) നാം നിത്യജീവൻ പ്രാപിക്കേണ്ടതിന് ഒരു വേദനാകരമായ മരണം വരിച്ചതിൽ അവന്റെ പുത്രനായ യേശു പ്രകടമാക്കിയ സ്നേഹത്തെക്കുറിച്ചും ചിന്തിക്കുക! (യോഹന്നാൻ 15:13) മേൽ പ്രസ്താവിച്ചതിന്റെ വെളിച്ചത്തിൽ, നിങ്ങൾ നിങ്ങളുടെ ജീവൻകൊണ്ട് എന്തു ചെയ്യും?
3. ആളുകൾ തങ്ങളുടെ ജീവൻകൊണ്ട് എന്തു ചെയ്യുന്നുവെന്നതിനെ മിക്കപ്പോഴും നിർണ്ണയിക്കുന്നതെന്ത്?
3 സ്കൂളിലെ വിദ്യാർത്ഥി ബുദ്ധിയുപദേശകർ അല്ലെങ്കിൽ അവരുടെ ഭാവിയിൽ താൽപ്പര്യമുള്ളവർ മിക്കപ്പോഴും യുവാക്കളോട് ഒരു രൂപത്തിലല്ലെങ്കിൽ മറെറാരു രൂപത്തിൽ ഈ ചോദ്യം ചോദിക്കുന്നു. നിങ്ങളുടെ ഉത്തരത്തെ നിർണ്ണയിക്കുന്നതെന്താണ്? കേവലം വ്യക്തിപരമായ അഭീഷ്ടത്താൽ അതു നിർണ്ണയിക്കപ്പെടുമോ? നിർണ്ണായക ഘടകം മതേതരലോകത്തിൽ നിങ്ങൾ ഒരു ഭദ്രമായ നില നേടാൻ ആഗ്രഹിക്കുന്നവരുടെ ഉപദേശം ആയിരിക്കുമോ അതോ, നിങ്ങളുടെ ജീവൻകൊണ്ടു നിങ്ങൾ എന്തു ചെയ്യുമെന്നു നിർണ്ണയിക്കുന്നത് മികച്ച പരിഗണനകളായിരിക്കുമോ? നിശ്വസ്ത ഓർമ്മിപ്പിക്കൽ ഇങ്ങനെ പറയുന്നു: “ജീവിക്കുന്നവർ മേലാൽ തങ്ങൾക്കായിട്ടല്ല, പിന്നെയോ തങ്ങൾക്കുവേണ്ടി മരിക്കുകയും ഉയർപ്പിക്കപ്പെടുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു.” (2 കൊരിന്ത്യർ 5:15) അതെ, നമ്മുടെ ജീവനെ നാം ഉപയോഗിക്കുന്ന വിധം, യേശുക്രിസ്തുവും അവന്റെ സ്വർഗ്ഗീയ പിതാവും നമുക്കുവേണ്ടി ചെയ്തിരിക്കുന്നതിനോടുള്ള നന്ദിയെ പ്രതിഫലിപ്പിക്കുമ്പോൾ അത് എത്ര നല്ലതാണ്!
ജനസമ്മതിയുള്ള റോൾ മോഡലുകൾ
4. ഇന്നത്തെ ഏററം ജനപ്രീതിയുള്ള റോൾ മോഡലുകൾ ആരാണ്?
4 എന്നിരുന്നാലും, സാധാരണയായി യുവജനങ്ങൾ റോൾ മോഡലുകളായി (ജീവിതവൃത്തിയിൽ അനുകരിക്കാനുള്ള മാതൃക) സ്വീകരിക്കുന്ന ഏററം ജനസമ്മതിയുള്ള വ്യക്തികൾ ഇന്ന് ആരാണ്? അത് ധാർമ്മിക നിലവാരങ്ങൾ എന്തായിരുന്നാലും ലോകത്തിലെ ധനികരും പ്രശസ്തരുമല്ലേ? നിങ്ങൾ അനേകം യുവാക്കളുടെ മുറികളിൽ നോക്കുമ്പോൾ ആരുടെ ചിത്രങ്ങൾ ചുവരിൽ തൂങ്ങിക്കിടക്കുന്നതാണ് നിങ്ങൾ കാണുന്നത്? മിക്കപ്പോഴും അത് സംഗീതവിദഗ്ദ്ധരുടെയും ചലച്ചിത്രതാരങ്ങളുടെയും കായികാഭ്യാസികളുടെയുമല്ലേ? സാധാരണയായി യുവാക്കൾ ഒരു കാലത്ത് സമാനമായ വിജയം നേടുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ ഒരുപക്ഷേ അവരുടെ ശാരീരിക ഗുണവിശേഷങ്ങളുള്ള ഒരാളെ വിവാഹം കഴിക്കുന്നതിനെക്കുറിച്ചോ സ്വപ്നം കാണുന്നു. നിങ്ങളേ സംബന്ധിച്ചെന്ത്? നിങ്ങൾ ജീവിതത്തിൽനിന്ന് എന്താഗ്രഹിക്കുന്നു?
5, 6. (എ) ലൗകികവിജയം യഥാർത്ഥ സംതൃപ്തി കൈവരുത്തുന്നതിൽ പരാജയപ്പെടുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) യഥാർത്ഥസംതൃപ്തിയുടെ ഉറവ് എന്താണ്?
5 നിങ്ങൾ ആദരിക്കപ്പെടുന്ന പ്രശസ്തരുടെ ലൗകികവിജയം നേടുകയാണെങ്കിൽ നിങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടരും സംതൃപ്തരുമായിരിക്കുമോ? ഹോളിവുഡിലെ ഏററം വിജയശാലിയായ നടികളിൽ ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞാൻ സമ്പത്തും സകല ഭൗതിക വസ്തുക്കളും ആസ്വദിച്ചിട്ടുണ്ട്. അവ തീർത്തും അർത്ഥവത്തായിരിക്കുന്നില്ല. അവിടത്തെ ഒരോ നീന്തൽകുളത്തോടും അനുബന്ധിച്ച് ഒരു മനോരോഗ ചികിൽസകനുണ്ട്, വിവാഹമോചനങ്ങളുടെയും മാതാപിതാക്കളെ വെറുക്കുന്ന മക്കളുടെയും കാര്യം പറയുകയും വേണ്ട.”—സഭാപ്രസംഗി 5:10; 1 തിമൊഥെയോസ് 6:10.
6 ഒരു പ്രമുഖ കായികതാര വിദ്യാർത്ഥിനിയായിരുന്ന, ന്യൂയോർക്കിലെ ഒരു വമ്പിച്ച 10 കിലോമീററർ ഓട്ടത്തിന്റെ വനിതാവിഭാഗ വിജയി മിഥ്യാബോധ വിമുക്തയായതിന്റെ ഫലമായി ആത്മഹത്യക്കു ശ്രമിച്ചു. “കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഞാൻ ജീവിതത്തെക്കുറിച്ച് അനേകം സത്യങ്ങൾ പഠിച്ചിരിക്കുന്നു”വെന്ന് അവൾ പിന്നീട് എഴുതി. “ഒന്ന്, പൂർണ്ണതക്കും നേട്ടത്തിനുംവേണ്ടി അനേകർ കഠിനമായി ശ്രമിക്കുന്ന വിധത്തിലല്ല യഥാർത്ഥസംതൃപ്തി നേടുന്നത് എന്നാണ്. ഞാൻ ഒന്നാം സ്ഥാനത്തുള്ള വിദ്യാർത്ഥിയായിരുന്നതുകൊണ്ടോ സംസ്ഥാന ചാമ്പ്യൻഷിപ്പ് ഓട്ടക്കാരിയായിരുന്നതുകൊണ്ടോ സൗന്ദര്യമുണ്ടായിരുന്നതുകൊണ്ടോ എനിക്കു സംതൃപ്തി കൈവന്നില്ല.” അതെ, ദൈവത്തോട് വ്യക്തിപരമായ ഒരു ബന്ധമുണ്ടായിരിക്കുന്നതിനാൽ മാത്രമേ സംതൃപ്തി ലഭിക്കുന്നുള്ളുവെന്ന് ആളുകൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു, അവനു മാത്രമേ യഥാർത്ഥ സമാധാനവും സന്തോഷവും നൽകാൻ കഴിയുകയുള്ളു.—സങ്കീർത്തനം 23:1, 6; 16:11.
7. യഥാർത്ഥസംതൃപ്തി നേടുന്നതു സംബന്ധിച്ചു ഒരു കോളജ് വിദ്യാഭ്യാസവും ലൗകികവിജയവും എത്ര പ്രധാനമാണ്?
7 അപ്പോൾ, വ്യക്തമായി, പ്രാമുഖ്യതയും സ്വത്തും നേടാൻ മാത്രം പോരാട്ടം കഴിക്കുന്നവരെ അനുകരിക്കാൻ നിങ്ങളാഗ്രഹിക്കരുത്. യഥാർത്ഥ സംതൃപ്തി കൈവരുത്തുന്നതിൽ ലൗകിക വിജയത്തിനുള്ള പരാജയത്തെ മതേതര എഴുത്തുകാർപോലും ശ്രദ്ധിക്കുന്നു. പംക്തീകാരനായ ബിൽ റീൽ ഇങ്ങനെ എഴുതി: “നിങ്ങൾ ഭാവി സ്വപ്നങ്ങളുമായി കോളജിൽ നിന്ന് ബിരുദം നേടുന്നു. സങ്കടകരമെന്നു പറയട്ടെ, നിങ്ങളുടെ അഭിലാഷങ്ങളിലധികവും പൊളിഞ്ഞു പോകും. നിങ്ങളുടെ മനോവീര്യം കെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല;, എന്നാൽ നിങ്ങളും ഈ സത്യം കേൾക്കും: നിങ്ങൾ ഇച്ഛിക്കുന്ന സ്വത്തുക്കൾ നിങ്ങൾ ആർജ്ജിക്കുമ്പോഴും, നിങ്ങൾ പിന്തുടരുന്ന വിജയങ്ങൾ നേടുമ്പോഴും—ഇവയൊക്കെ സാധിച്ചാൽത്തന്നെ—അവ നിങ്ങളെ തൃപ്തിപ്പെടുത്തുകയില്ല. പകരം, നിങ്ങൾ വിജയിച്ചു മദിക്കാൻ പ്രതീക്ഷിക്കുന്ന നിമിഷങ്ങളിൽതന്നെ നിങ്ങൾക്ക് കൃതാർത്ഥതക്ക് പകരം ശൂന്യതാബോധവും ആഹ്ലാദത്തിനു പകരം വിഷാദവും സമാധാനത്തിനു പകരം പ്രക്ഷുബ്ധതയുമായിരിക്കും അനുഭവപ്പെടുക.”—ന്യൂയോർക്ക് ഡയിലി ന്യൂസ്, മെയ് 26, 1983.
8. ഒരു ലൗകിക ജീവിതവൃത്തി പിന്തുടരാതിരിക്കുന്നതിന് എന്തു ശക്തമായ കാരണമുണ്ട്?
8 ബൈബിൾ പ്രവചന വെളിച്ചത്തിൽ ലോക സംഭവങ്ങളുടെ പ്രാധാന്യം സംബന്ധിച്ച് ജാഗ്രതയുള്ള നമുക്ക് ഒരു ലൗകിക ജീവിതവൃത്തിയെ ജീവിതത്തിലെ പ്രമുഖ സംഗതിയാക്കാതിരിക്കാൻ വളരെ ശക്തമായ കാരണങ്ങളുണ്ട്. (മത്തായി 24:3-14) “ഈ കമ്പനി പൂട്ടാൻ പോകുകയാണ്” എന്ന ബോർഡുള്ള ഒരു കെട്ടിടം കാണുന്ന ആളോടു നമുക്ക് നമ്മേത്തന്നെ താരതമ്യപ്പെടുത്താൻ കഴിയും. നാം അവിടെ ജോലി അന്വേഷിക്കുമോ? തീർച്ചയായുമില്ല! നാം അങ്ങനെയുള്ള ഒരു കമ്പനിക്കുവേണ്ടിയാണു ജോലി ചെയ്യുന്നതെങ്കിൽ നാം ബുദ്ധിപൂർവ്വം മറെറവിടെയെങ്കിലും തൊഴിൽ തേടും. ശരി, ഈ ലോകത്തിലെ സ്ഥാപനങ്ങളിൽ “ബിസ്സിനസ് നിർത്താൻ പോകുന്നു—അവസാനം അടുത്തിരിക്കുന്നു!” എന്ന അടയാളം എല്ലായിടത്തും ദൃശ്യമാണ്. അതെ, “ലോകം നീങ്ങിപ്പോകുകയാകുന്നു” എന്ന് ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു. (1 യോഹന്നാൻ 2:17) അതുകൊണ്ട്, ജ്ഞാനപൂർവ്വം നാം ലോകത്തിൽ ആഴത്തിൽ ഉൾപ്പെട്ടിരിക്കുന്നവരെ മാതൃകകളായി സ്വീകരിക്കുകയില്ല.
ഏത് ഉപദേശം അനുസരിക്കണം
9. നിങ്ങൾക്ക് ഏററം നല്ലത് ആഗ്രഹിക്കുന്നവരായി തോന്നുന്നവർ ഏത് ലൗകിക ഉപദേശം നൽകിയേക്കാം?
9 നിങ്ങൾ വിലപ്പെട്ടവരായി കരുതുന്നവർ മാത്രമല്ല, മിക്കപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും കൂടെയാണ് നിങ്ങളുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്, അവൻതന്നെ പറയുന്നപ്രകാരം: ‘നിങ്ങൾക്ക് ഏററവും നല്ലത് അവർ ആഗ്രഹിക്കുന്നു.’ ‘നിങ്ങൾ ഉപജീവനമാർഗ്ഗം തേടേണ്ടിയിരിക്കുന്നു’വെന്ന് അവർ പറഞ്ഞേക്കാം. തന്നിമിത്തം, നല്ല ശമ്പളം കിട്ടുന്ന ഒരു തൊഴിലിനുവേണ്ടി നിങ്ങളെ ഒരുക്കാൻ ഒരു കോളജ് വിദ്യാഭ്യാസം അഥവാ യൂണിവേഴ്സിററി വിദ്യാഭ്യാസം നേടാൻ അവർ നിങ്ങളെ ഉപദേശിച്ചേക്കാം. ‘ബൈബിളെഴുത്തുകാരനായ ലൂക്കോസ് ഒരു വൈദ്യനായിരുന്നുവെന്നും’ ‘അപ്പോസ്തലനായ പൗലോസ് നിയമോപദേഷ്ടാവായ ഗമാലിയേലിനാൽ പഠിപ്പിക്കപ്പെട്ടിരുന്നു’വെന്നും അവർ പറഞ്ഞേക്കാം. (കൊലോസ്യർ 4:14; പ്രവൃത്തികൾ 5:34; 22:3) എന്നിരുന്നാലും, അങ്ങനെയുള്ള ഉപദേശത്തെ ശ്രദ്ധാപൂർവ്വം വിശകലനം ചെയ്യുക.
10. ലൂക്കോസും പൗലോസും ഏതു ബുദ്ധിയുപദേശം നൽകി, അവരുടെ ക്രിസ്ത്യാനിത്വത്തിനു മുമ്പത്തെ പ്രവർത്തനത്തെക്കുറിച്ച് എന്തു പറയാൻ കഴിയും?
10 വൈദ്യനായ ലൂക്കോസ്, ഒരു ഡോക്ടറായിത്തീർന്നുകൊണ്ട് തന്റെ മുൻ ജീവിതവൃത്തിയുടെ ദൃഷ്ടാന്തം പിന്തുടരാൻ ക്രിസ്ത്യാനികളെ ഒരിക്കലും പ്രോത്സാഹിപ്പിച്ചില്ല; എന്നാൽ അനുകരണത്തിന് യേശുവിന്റെയും അവന്റെ അപ്പോസ്തലൻമാരുടെയും ജീവിതത്തെയാണ് ലൂക്കോസ് ഉയർത്തിക്കാട്ടിയത്. പ്രസ്പഷ്ടമായി ലൂക്കോസ് ക്രിസ്തുവിനെക്കുറിച്ച് പഠിക്കുന്നതിനു മുമ്പാണ് ഒരു വൈദ്യനായത്. എന്നാൽ പിന്നീട് അവൻ തന്റെ ക്രിസ്തീയ ശുശ്രൂഷയെ ജീവിതത്തിൽ ഒന്നാമതു വെച്ചു. താൻ ഗമാലിയേലിനെ അനുകരിക്കുന്നതുപോലെ തന്നെ അനുകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനു പകരം പൗലോസ് “ഞാൻ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ, എന്റെ അനുകാരികളായിത്തീരുക” എന്ന് എഴുതി. പൗലോസ് ക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തെ അതിയായി വിലമതിച്ചുകൊണ്ട് തന്റെ മുൻ വ്യാപാരങ്ങളെ താരതമ്യേന “ധാരാളം ചവർ” എന്നാണ് അവൻ പരിഗണിച്ചത്.—1 കൊരിന്ത്യർ 11:1; ഫിലിപ്യർ 3:8.
11. (എ) പത്രോസ് യേശുവിനോട് എന്തു പറഞ്ഞു, എന്തുകൊണ്ട്? (ബി) യേശു എങ്ങനെ പ്രതിവർത്തിച്ചു?
11 നിങ്ങളെ സ്നേഹിക്കുന്നവർപോലും മോശമായ ഉപദേശം നൽകാൻ വികാരം ഇടയാക്കിയേക്കാമെന്നോർക്കുക. ദൃഷ്ടാന്തമായി, യരൂശലേമിലെ തന്റെ ശുശ്രൂഷയുടെ കാലത്ത് തനിക്ക് എന്ത് ഭവിക്കാനിരിക്കുന്നുവെന്ന് യേശു പറഞ്ഞപ്പോൾ അപ്പോസ്തലനായ പത്രോസ് “കർത്താവേ, നിന്നോടുതന്നെ ദയാലുവായിരിക്കുക; നിനക്ക് ഈ ഭാഗധേയം അശേഷം ഉണ്ടാകരുത്” എന്ന് മറുപടി പറഞ്ഞു. പത്രോസ് യേശുവിനെ സ്നേഹിക്കുകയും അവൻ കഷ്ടപ്പെടാനാഗ്രഹിക്കാതിരിക്കുകയും ചെയ്തു. എന്നിട്ടും യേശു പത്രോസിനെ ശകാരിച്ചു, എന്തുകൊണ്ടെന്നാൽ, ദൈവേഷ്ടം നിവർത്തിക്കുന്നതിൽ കഷ്ടപ്പാടും എതിരാളികളാലുള്ള വധവും ഉൾപ്പെടുന്നുണ്ടെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു.—മത്തായി 16:21-23.
12. സദുദ്ദേശ്യമുള്ള ആളുകൾ യുവാക്കൾക്ക് എന്തു ബുദ്ധിയുപദേശം കൊടുത്തേക്കാം, എന്തുകൊണ്ട്?
12 സമാനമായി, ചില മാതാപിതാക്കളോ സുഹൃത്തുക്കളോ ആത്മത്യാഗപരമായ ഒരു ഗതിയിൽനിന്ന് നിങ്ങളെ പിന്തിരിപ്പിച്ചേക്കാം. ദുരുപദിഷ്ടമായ വികാരത്താൽ ഒരു മിഷനറിയായി സേവിക്കാനോ യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ചാഫീസിൽ സ്വമേധയാ ജോലി ചെയ്യാനോ ഉള്ള മുഴുസമയ ശുശ്രൂഷയിലെ ഒരു നിയമനം സ്വീകരിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് അവർ മടിച്ചേക്കാം. ‘പകരം, വിവാഹം കഴിച്ചു ഞങ്ങളോടടുത്ത് താമസമാക്കരുതോ’ എന്ന് അവർ പറഞ്ഞേക്കാം. അല്ലെങ്കിൽ ‘ബഥേലിൽ കഠിനജോലിയാണെന്ന് നിങ്ങൾക്കറിയാമല്ലോ. ഒരുപക്ഷേ, ഞങ്ങളോടുകൂടെ കഴിയുന്നതാണ് നിങ്ങൾക്ക് നല്ലത്.’ മററു വാക്കുകളിൽ പറഞ്ഞാൽ, പത്രോസ് പ്രസ്താവിച്ചതുപോലെ “നിന്നോടുതന്നെ ദയാലുവായിരിക്കുക.”
13. (എ) പത്രോസ് പുനഃക്രമീകരിക്കപ്പെട്ട എന്തു വീക്ഷണം പ്രസ്താവിച്ചു? (ബി) ഒരു യഥാർത്ഥ ക്രിസ്ത്യാനിയായിരിക്കുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
13 യഹോവയുടെ ദാസൻമാർപോലും ചില സമയങ്ങളിൽ തങ്ങളുടെ ചിന്തയെ പുന:ക്രമീകരിക്കേണ്ടതുണ്ട്. പത്രോസിന് അതിന്റെ ആവശ്യമുണ്ടായിരുന്നു. അവൻ പുന:ക്രമീകരിക്കപ്പെട്ട വീക്ഷണഗതിയോടെ എഴുതി: “യഥാർത്ഥത്തിൽ ഈ ഗതിയിലേക്ക് നിങ്ങൾ വിളിക്കപ്പെട്ടു, എന്തുകൊണ്ടെന്നാൽ ക്രിസ്തുപോലും നിങ്ങൾക്കുവേണ്ടി കഷ്ടപ്പെട്ടു, അവന്റെ കാൽചുവടുകൾ അടുത്തു പിന്തുടരാൻ നിങ്ങൾക്ക് ഒരു മാതൃക വെച്ചുകൊണ്ടുതന്നെ.” (1 പത്രോസ് 2:21) ഒരു യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കുന്നതിൽ ആത്മത്യാഗം, അതെ, കഷ്ടപ്പാടുപോലും ഉൾപ്പെടുന്നു. അത് ഒരു അനായാസഗതിയല്ല, എന്നാൽ ക്രിസ്ത്യാനികളെന്നനിലയിൽ അതിലേക്കാണു നാം വിളിക്കപ്പെട്ടത്. അതിന്റെ അംഗീകരണത്തിൽ ‘മേലാൽ നമുക്കുവേണ്ടി ജീവിക്കാതെ, നമുക്കായി മരിച്ചവനുവേണ്ടി ജീവിക്കുന്നത്’ ഉൾപ്പെടുന്നു. (2 കൊരിന്ത്യർ 5:15) ജീവിതവൃത്തി സംബന്ധിച്ച നല്ല മാതൃകകൾ കാഴ്ചപ്പാടിൽ നിർത്തുന്നത് ഈ ആത്മത്യാഗപരമായ വിധത്തിൽ നമ്മുടെ ജീവിതത്തെ ഉപയോഗിക്കാൻ നമ്മെ സഹായിക്കും.
14. യേശു എന്ത് മാതൃക വെച്ചു?
14 നിങ്ങൾ വിശേഷാൽ കൺമുന്നിൽ നിർത്തേണ്ട മാതൃക യേശു വെച്ചതാണ്. പൂർണ്ണതയുള്ള ഒരു ആൾ എന്ന നിലയിൽ അവന് ലോകം എക്കാലവും അറിയുന്ന ഏററവും വലിയ കായികതാരമോ സംഗീതജ്ഞനോ വൈദ്യനോ നിയമജ്ഞനോ ആകാൻ കഴിയുമായിരുന്നു. എന്നാൽ അവന്റെ ശ്രദ്ധ അവന്റെ സ്വർഗ്ഗീയ പിതാവിനെ പ്രസാദിപ്പിക്കുന്നതിൽ കേന്ദ്രീകരിച്ചിരുന്നു. അവൻ ഒരു യുവാവായിരുന്നപ്പോൾ പോലും. (ലൂക്കോസ് 2:42-49) അവൻ പിന്നീട് ഇങ്ങനെ പറഞ്ഞു: “ഞാൻ ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കേണ്ടതാകുന്നു, എന്തെന്നാൽ ഇതിനായി ഞാൻ അയയ്ക്കപ്പെട്ടു.” (ലൂക്കോസ് 4:43) കഴിഞ്ഞതിന്റെ മുമ്പത്തെ വേനൽക്കാലത്ത് ശുശ്രൂഷ എന്ന സഭാമാസികയിൽ ഒരു കത്ത് ഇങ്ങനെ വിശദീകരിച്ചു: “നമ്മുടെ രക്ഷകൻ പുരുഷാരത്തിൽനിന്ന് അകന്നു മാറാനാഗ്രഹിച്ചു, അനന്തരം അവൻ വീടുതോറും പോയി—ദേഹികളെ തേടി. ഏകദേഹിയുടെ സദസ്സ് അവന്റെ പ്രമോദമായിരുന്നു. അപ്പോൾ അവന് സത്യം—ദൈവസ്നേഹം—പകരാൻ കഴിയുമായിരുന്നു.”—ലൂക്കോസ് 10:1-16.
15. (എ) വീടുതോറുമുള്ള പ്രസംഗം ഒരു വെല്ലുവിളിയായിരിക്കുന്നതെന്തുകൊണ്ട്? (ബി) യുവാക്കളുടെ വീടുതോറുമുള്ള ശുശ്രൂഷ ഫലപ്രദമാണെന്ന് എന്തു പ്രകടമാക്കുന്നു?
15 വീടുതോറുമുള്ള പ്രസംഗം എളുപ്പമല്ലെന്ന് സമ്മതിക്കുന്നു. രാജ്യത്തിന്റെ സുവാർത്ത മനസ്സിലാക്കുന്നതിന് ഉത്സുകമായ പഠനവും അർത്ഥവത്തായ അവതരണങ്ങൾ തയ്യാറാകുന്നതിന് ധാരാളം വേലയും ആവശ്യമാണ്. കൂടാതെ, മിക്ക വീട്ടുകാർക്കും താൽപ്പര്യമില്ലാത്തതുകൊണ്ടും ചിലർ എതിർക്കുകപോലും ചെയ്യുന്നതുകൊണ്ടും ഈ സേവനത്തിന് ധൈര്യം ആവശ്യമാണ്. എന്നിരുന്നാലും, ചെറുപ്പക്കാരായ നിങ്ങളുടെ വീടുതോറുമുള്ള ശുശ്രൂഷ ലാ വോസി എന്ന ഇററാലിയൻ ഇടവക മാസിക ശ്രദ്ധിച്ച പ്രകാരം അത്ഭുതകരമായ ഫലമുളവാക്കുന്നുണ്ട്. എഴുത്തുകാരൻ ഇങ്ങനെ പറഞ്ഞു: “വ്യക്തിപരമായി എനിക്ക് യഹോവയുടെ സാക്ഷികളെ ഇഷ്ടമാണ്,” അവർ “നിങ്ങളെ വീട്ടിൽ സന്ദർശിക്കുന്നു”വെന്ന് അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “എനിക്കറിയാവുന്നവർ കളങ്കലേശമില്ലാത്ത സ്വഭാവരീതിയുള്ളവരും മൃദുഭാഷികളുമാണ്: സുമുഖരുമാണ്, അധികംപേരും ചെറുപ്പം. സൗന്ദര്യവും യുവത്വവും പ്രദർശിപ്പിക്കപ്പെടുമ്പോൾ ഏററവും പ്രേരണാത്മകമാണ്.”
16. (എ) യുവാക്കൾ ഏതു പ്രവർത്തനത്തിന് അഭിനന്ദനം അർഹിക്കുന്നു? (ബി) ഭൂമിയിലെ അതിപ്രധാന വേല നിർവ്വഹിക്കുന്നതിൽ യഹോവയുടെ സാക്ഷികളുടെ സ്ഥാപനത്തെ ഇതര സഭകളോടു എങ്ങനെ താരതമ്യപ്പെടുത്താം?
16 തീർച്ചയായും, തങ്ങളുടെ മോഡലായി ക്രിസ്തുവിനെ സ്വീകരിക്കുന്ന യുവാക്കളായ നിങ്ങൾ പ്രശംസാർഹരാണ്! ഐക്യനാടുകളിൽ 25-ഉം താഴെയും വയസ്സുപ്രായമുള്ള 12,000-ത്തിൽ പരം ചെറുപ്പക്കാർ പയനിയർ വേലയിലുണ്ട്. വേറെ പതിനായിരക്കണക്കിനാളുകൾ മററുള്ളടങ്ങളിൽ പയനിയറിംഗ് നടത്തുന്നു. (സങ്കീർത്തനം 110:3) നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന മറെറാരു ജോലിയും ഇതിലുമധികം പ്രധാനമല്ല! മേൽപ്രസ്താവിച്ച സഭാമാസികയിലെ എഴുത്തുകാരൻപോലും ഇങ്ങനെ പറഞ്ഞു: “ഏററവും സാരവത്തായ വേല വീടുതോറുമുള്ള സന്ദർശനമാണ്—ദേഹിയെ തേടൽ.” എന്നാലും അദ്ദേഹം തുടർന്നു, “നിങ്ങൾ ഇതിനെക്കുറിച്ച് എന്തു പറയുന്നു? നിങ്ങളും ഞാനും എത്രയധികം സന്ദർശനം നടത്തുന്നു? ഞാൻ ശുശ്രൂഷയിൽ ഇത്തരം വേലയെക്കുറിച്ച് അധികം പറയുന്നതായി കണ്ടിട്ടില്ല.” യേശുവിന്റെ പ്രസംഗമാതൃകയെ അനുകരിക്കുകയെന്ന വ്യവസ്ഥയെ ഊന്നിപ്പറയുന്ന ഒരു സ്ഥാപനത്തോടു സഹവസിക്കുന്നതിൽ നമുക്കു നന്ദിയുള്ളവരായിരിക്കാൻ കഴിയുകയില്ലേ?
17. സാദ്ധ്യതയനുസരിച്ച് ഇരുപതു വയസ്സിൽ താഴ്ന്ന ഒരു യുവാവായിരുന്നപ്പോൾ തിമൊഥെയോസ് എന്തു നിർവ്വഹിച്ചിരുന്നു, ആ സമയത്ത് അവൻ അത്ര ചെറുപ്പമായിരുന്നുവെന്ന് എന്തു തെളിയിക്കുന്നു?
17 നിങ്ങളുടെ ജീവൻകൊണ്ടു നിങ്ങൾ ചെയ്യുന്നതിനെ, നിങ്ങൾ ആദരിക്കുന്നവർ അതിയായി സ്വാധീനിക്കുമെന്നുള്ളതുകൊണ്ട് യുവാവായ തിമൊഥെയോസ് നൽകിയ മാതൃകയോടു ആദരവും വളർത്തുക. യേശുവിന്റെ മരണത്തിന് അല്പകാലം മുമ്പ് ജനിച്ച തിമൊഥെയോസ് അപ്പോസ്തലനായ പൗലോസിന്റെ രണ്ടാമത്തെ മിഷനറിയാത്രയിൽ അവനോടു ചേർന്നു. ഏതാനും മാസങ്ങൾക്കുശേഷം ഒരു ജനക്കൂട്ടം പൗലോസിനെയും ശീലാസിനെയും തെസ്സലോനീക്യയിൽ നിന്ന് ഓടിപ്പോകാൻ നിർബ്ബന്ധിതരാക്കി, എന്നാൽ അവർ കുറെ ശിഷ്യൻമാരെ ഉളവാക്കുന്നതിന് മുമ്പല്ലായിരുന്നു. (പ്രവൃത്തികൾ 16:1-3; 17:1-10, 13-15) പിന്നീട് അധികം താമസിയാതെ ആ ശിഷ്യൻമാരെ അവരുടെ പീഡാനുഭവങ്ങളിൽ ആശ്വസിപ്പിക്കുന്നതിന് പൗലോസ് തിമൊഥെയോസിനെ ആ അപകടകരമായ പ്രദേശത്തേക്ക് അയച്ചു. (1 തെസ്സലോനീക്യർ 3:1-3) ആ സമയത്ത് തിമൊഥെയോസിന് ഇരുപതിനോടടുത്ത പ്രായമുണ്ടായിരുന്നു, കാരണം 12 മുതൽ 14 വരെ വർഷങ്ങൾക്കുശേഷം പൗലോസ് പിന്നെയും അവന്റെ “യൗവന”ത്തെക്കുറിച്ചു പ്രസ്താവിച്ചു. (1 തിമൊഥെയോസ് 4:12) ധീരനും ആത്മത്യാഗിയുമായ അങ്ങനെയുള്ള ഒരു യുവാവിനെ നിങ്ങൾ ആദരിക്കുകയില്ലേ?
18. പൗലോസ് തിമൊഥെയോസിനെ കൊരിന്ത്യരുടെ അടുക്കലേക്ക് അയയ്ക്കാനിരുന്നതെന്തുകൊണ്ട്?
18 തെസ്സലോനീക്യയിലെ സഹോദരൻമാരെ ശക്തിപ്പെടുത്താനുള്ള തിമൊഥെയോസിന്റെ നിയമനത്തിനുശേഷം അഞ്ചുവർഷം കഴിഞ്ഞ് പൗലോസ് എഫേസോസിൽനിന്ന് കൊരിന്ത്യർക്കെഴുതി: “എന്റെ അനുകാരികളായിത്തീരുക. അതുകൊണ്ടാണ് ഞാൻ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കൽ അയയ്ക്കുന്നത്, . . . ഞാൻ എല്ലായിടത്തും പഠിപ്പിക്കുന്നതുപോലെ അവൻ ക്രിസ്തുയേശുവിനോടുള്ള ബന്ധത്തിൽ എന്റെ രീതികളെ നിങ്ങളെ ഓർമ്മിപ്പിക്കും.” (1 കൊരിന്ത്യർ 4:16, 17) അപ്പോൾത്തന്നെ അഞ്ചുവർഷം പൗലോസിനോടുകൂടെ പ്രവർത്തിച്ചിരുന്നതുകൊണ്ട് യുവാവായിരുന്ന തിമൊഥെയോസിന് പൗലോസിന്റെ പഠിപ്പിക്കൽ രീതികൾ സുപരിചിതമായിരുന്നു. എഫേസ്യരെ “പരസ്യമായും വീടുതോറും” പഠിപ്പിച്ചവിധം ഉൾപ്പെടെ അവർക്ക് എങ്ങനെ പൗലോസ് സന്ദേശം സമർപ്പിച്ചിരുന്നുവെന്ന് അവന് അറിയാമായിരുന്നു. (പ്രവൃത്തികൾ 20:20, 21) അങ്ങനെയുള്ള പ്രസംഗരീതികളിൽ പരിശീലനം സിദ്ധിച്ചിരുന്നതുകൊണ്ട് തിമൊഥെയോസിന് സഭകൾക്ക് എത്ര നല്ല സഹായമായിരിക്കാൻ കഴിയുമായിരുന്നു!
19. പൗലോസും തിമൊഥെയോസും ഒരുമിച്ചുപ്രവർത്തിക്കാൻ തുടങ്ങിയിട്ടു പത്തിലധികം വർഷം കഴിഞ്ഞപ്പോൾ പൗലോസ് തിമൊഥെയോസിനെക്കുറിച്ച് എന്തു പറഞ്ഞു?
19 പിന്നെയും അഞ്ചോ ആറോ വർഷം കഴിയുമ്പോൾ പൗലോസ് റോമിൽ തടവിൽ കിടക്കുകയാണ്. തിമൊഥെയോസ് തന്നെയും അടുത്ത കാലത്ത് തടവിൽനിന്ന് മോചിതനായശേഷം അവനോടുകൂടെയുണ്ട്. (എബ്രായർ 13:23) രംഗം ഒന്നു വിഭാവന ചെയ്യുക: ഒരു പക്ഷേ, തിമൊഥെയോസിനെ തന്റെ സെക്രട്ടറിയായി ഉപയോഗിച്ചുകൊണ്ട് പൗലോസ് ഫിലിപ്യർക്കുള്ള ഒരു ലേഖനം പറഞ്ഞുകൊടുത്ത് എഴുതിക്കുന്നു. ദൃഢമായി സംസാരിച്ചുകൊണ്ട് പൗലോസ് തുടരുന്നു: “താമസിയാതെ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കാമെന്ന് ഞാൻ കർത്താവായ യേശുവിൽ പ്രത്യാശിക്കുന്നു . . . എന്തെന്നാൽ നിങ്ങളേ സംബന്ധിച്ച കാര്യങ്ങളിൽ യഥാർത്ഥമായി ശ്രദ്ധിക്കുന്ന, അവനേപ്പോലുള്ള പ്രകൃതമുള്ള ഒരുവൻ എനിക്കു വേറെയില്ല . . . പിതാവിനോടുകൂടെയുള്ള ഒരു കുട്ടിയെപ്പോലെ അവൻ സുവാർത്തയുടെ വ്യാപനത്തിനുവേണ്ടി എന്നോടുകൂടെ അടിമവേല ചെയ്തുവെന്നതിന് അവൻ തന്നേക്കുറിച്ചുതന്നെ തന്ന തെളിവ് നിങ്ങളറിയുന്നു.”—ഫിലിപ്യർ 1:1; 2:19-22.
20. യുവാക്കൾക്ക് തിമൊഥെയോസിനെ ഇത്ര ആദരണീയനായ ഒരു റോൾ മോഡലാക്കുന്നതെന്ത്?
20 തീർച്ചയായും, യുവാവായ തിമൊഥെയോസ് ആദരണീയമായ ഒരു മാതൃകയാണ്! അവൻ പൗലോസിന്റെ വളരെ ആശ്രയയോഗ്യനും വിശ്വസ്തനുമായ ഒരു കൂട്ടാളിയായി സുഖത്തിലും പ്രയാസത്തിലും അവനോടു പററിനിൽക്കുകയും പ്രസംഗവേലയിൽ അവനെ പിന്താങ്ങുകയും അവനെ അയച്ചടത്തെല്ലാം സേവിക്കാൻ സന്നദ്ധനായിരിക്കുകയും ചെയ്തു. അവൻ സ്വഭവനത്തിലെ ഒരു സാധാരണ ജീവിതം എന്നു വിളിക്കപ്പെടുന്നത് ബലി ചെയ്തു. എന്നിട്ടും ദൈവസേവനത്തിലെ അവന്റെ ജീവിതം അവന് എത്ര സംതൃപ്തിയും സന്തുഷ്ടിയും കൈവരുത്തി! തീർച്ചയായും തിമൊഥെയോസ് ‘മേലാൽ തനിക്കുവേണ്ടിയല്ല, പിന്നെയോ തനിക്കുവേണ്ടി മരിച്ചിരുന്ന ക്രിസ്തുവിനായി ജീവിക്കുകയായിരുന്നു.’ (2 കൊരിന്ത്യർ 5:15) നിങ്ങൾ അവന്റെ ദൃഷ്ടാന്തം അനുകരിക്കാൻ പ്രേരിതനാകുന്നുണ്ടോ?
ദൈവത്തിന്റെ പുതിയലോകത്തിനുവേണ്ടി ജീവിക്കുക
21. തിമൊഥെയോസ് ആത്മീയ മനഃസ്ഥിതി ഉള്ളവനായിരുന്നുവെന്ന് നമുക്ക് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
21 തിമൊഥെയോസ് ഫലത്തിൽ ദൈവത്തിന്റെ പുതിയലോകത്തിനുവേണ്ടി ജീവിക്കുകയായിരുന്നു. അവൻ കേവലം തൽക്കാലത്തെക്കുറിച്ച് ചിന്തിക്കാതെ നിലനിൽക്കുന്ന പ്രയോജനങ്ങൾ ഉളവാക്കാൻ തന്റെ ജീവിതത്തെ ഉപയോഗിക്കുകയായിരുന്നു. (മത്തായി 6:19-21) തിമൊഥെയോസിന്റെ പിതാവ് ഒരു ഗ്രീക്കുകാരനും പ്രത്യക്ഷത്തിൽ ഒരു അവിശ്വാസിയുമായിരുന്നതുകൊണ്ട് ഉപരിവിദ്യാഭ്യാസവും ഒരു ലൗകിക ജീവിതവൃത്തിയും പിന്തുടരാൻ അയാൾ തിമൊഥെയോസിനെ ശക്തമായി ഉപദേശിച്ചിരിക്കണം. എന്നാൽ തന്റെ അമ്മയിൽനിന്നും വല്ല്യമ്മയിൽനിന്നുമുള്ള ദൈവിക വിദ്യാഭ്യാസത്തിന്റെ ഫലമായി, തിമൊഥെയോസിന്റെ ജീവിതം ക്രിസ്തീയ സഭയിൽ ലയിച്ചിരുന്നു. അവൻ ആത്മീയ താത്പര്യങ്ങൾ പിന്തുടർന്നു. പ്രത്യക്ഷത്തിൽ അവൻ കുറെ കാലത്തേക്ക് അവിവാഹിതനായി കഴിയുകയും അപ്പോസ്തലനായ പൗലോസിനോടുകൂടെ സേവിക്കാൻ യോഗ്യത നേടുകയും ചെയ്തു.—2 തിമൊഥെയോസ് 1:5.
22. സ്കൂൾ ലഘുപത്രിക ഇന്നത്തെ യുവാക്കൾക്കുവേണ്ടി തിമൊഥെയോസിന്റേതിനോടു സമാനമായ ഒരു ജീവിതഗതിയെ ദീപ്തിമത്താക്കുന്നതെങ്ങനെ?
22 നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾ നിങ്ങളുടെ യൗവനത്തെ തിമൊഥെയോസ് ഉപയോഗിച്ച വിധത്തിൽ ഉപയോഗിക്കുമോ? സ്കൂളും യഹോവയുടെ സാക്ഷികളും എന്ന ലഘുപത്രിക യുവസാക്ഷികളെക്കുറിച്ച് പിൻവരുന്നപ്രകാരം വിശദീകരിച്ചപ്പോൾ അങ്ങനെയുള്ള ഒരു ജീവിതഗതിയെ പരാമർശിക്കുകയായിരുന്നു: “അവരുടെ മുഖ്യ ജീവിതലക്ഷ്യം ദൈവത്തിന്റെ ശുശ്രൂഷകരെന്നനിലയിൽ ഫലകരമായി സേവിക്കുകയാണ്, ആ ലക്ഷ്യത്തിൽ ഒരു സഹായമായി അവർ സ്കൂളിനെ വിലമതിക്കുന്നു. അതുകൊണ്ട് പൊതുവേ അവർ ആധുനിക ലോകത്തിൽ തങ്ങളേത്തന്നെ പോററുന്നതിന് പ്രയോജനകരമായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നു. അതുകൊണ്ട്, അനേകർ തൊഴിൽ കോഴ്സുകൾ സ്വീകരിക്കുകയോ തൊഴിൽ സ്കൂളിൽ ചേരുകയോ ചെയ്യുന്നു. അവർ സ്കൂൾ വിടുമ്പോൾ അവർ തങ്ങളുടെ മുഖ്യതൊഴിലിൽ, ക്രിസ്തീയ ശുശ്രൂഷയിൽ, ശ്രദ്ധകേന്ദ്രീകരിക്കാൻ തങ്ങളെ അനുവദിക്കുന്ന ജോലി ലഭിക്കാൻ ആഗ്രഹിക്കുന്നു.”
23. ഞാൻ എന്റെ ജീവൻകൊണ്ട് എന്തു ചെയ്യും എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ക്രിസ്തീയ യുവാക്കൾക്ക് പ്രയാസമുണ്ടായിരിക്കരുതാത്തതെന്തുകൊണ്ട്?
23 യഹോവയാം ദൈവവും അവന്റെ പുത്രനും നിങ്ങൾക്കുവേണ്ടി ചെയ്തിരിക്കുന്നതിനെ യഥാർത്ഥമായി വിലമതിക്കുന്ന നിങ്ങൾക്ക്, എന്റെ ജീവൻകൊണ്ട് ഞാൻ എന്തു ചെയ്യും? എന്ന ചോദ്യത്തിന് ഉത്തരം പറയുക പ്രയാസമായിരിക്കരുത്. നിങ്ങൾക്കുവേണ്ടിയും വ്യക്തിപരമായ ഉല്ലാസത്തിനുവേണ്ടിയും ജീവിക്കുന്നതിനു പകരം നിങ്ങൾ നിങ്ങളുടെ ജീവിതത്തെ ദൈവേഷ്ടം ചെയ്യാൻ ഉപയോഗിക്കും. തിമൊഥെയോസിനെപ്പോലെ, നിങ്ങൾ ഒരു ആത്മീയ മനുഷ്യനായി ജീവിക്കും. (w87 8/15)
പുനരവലോകന ചോദ്യങ്ങൾ
◻ സത്യക്രിസ്ത്യാനികൾ ലൗകിക ജീവിതവൃത്തിയെ ജീവിതത്തിൽ ഒന്നാമതു വെക്കരുതാത്തതെന്തുകൊണ്ട്?
◻ ചിലർ ഏതു തെററായ ഉപദേശം കൊടുത്തിട്ടുണ്ട്, എന്നിരുന്നാലും പത്രോസിനോടുള്ള യേശുവിന്റെ ഉത്തരത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
◻ യേശുവും തിമൊഥെയോസും ഏതു വിധങ്ങളിൽ യുവാക്കൾക്ക് നല്ല റോൾ മോഡൽ പ്രദാനം ചെയ്തു?
◻ ആത്മീയ മനഃസ്ഥിതി ഉണ്ടായിരിക്കുന്നതിൽ എന്തുൾപ്പെട്ടിരിക്കുന്നു?
[24-ാം പേജിലെ ചിത്രം]
പരിശീലനം സിദ്ധിച്ച ഒരു വൈദ്യനായിരുന്നെങ്കിലും ലൂക്കോസ് ക്രിസ്തീയ പ്രവർത്തനങ്ങളെ ഒന്നാമതു കരുതി