അധ്യായം 2
ദൈവത്തിന്റെ ക്രമീകരണത്തിൽ ക്രിസ്തുവിന്റെ സ്ഥാനം തിരിച്ചറിയുക
“ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” ദൈവം ഉണ്ടാക്കിയതെല്ലാം ‘വളരെ നല്ലത്’ ആയിരുന്നു. (ഉൽപ. 1:1, 31) വളരെ ശോഭനമായ ഭാവിപ്രതീക്ഷകളോടെയാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. എന്നാൽ ഏദെനിലെ ധിക്കാരം മനുഷ്യരുടെ സന്തോഷകരമായ അവസ്ഥയ്ക്കു താത്കാലികമായ തടസ്സമുണ്ടാക്കി. എങ്കിലും ഭൂമിയെയും മനുഷ്യരെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റം വന്നില്ല. ആദാമിന്റെ അനുസരണമുള്ള സന്തതികൾക്കു വിടുതൽ ലഭിക്കുമെന്നു ദൈവം സൂചിപ്പിച്ചു. സത്യാരാധന പുനഃസ്ഥാപിക്കപ്പെടും. ദുഷ്ടനായ സാത്താനെ അവന്റെ എല്ലാ ദുഷ്പ്രവൃത്തികളും സഹിതം നശിപ്പിച്ചുകളയും. (ഉൽപ. 3:15) കാര്യങ്ങളെല്ലാം വീണ്ടും ‘വളരെ നല്ലത്’ ആയിത്തീരും. യഹോവ ഇക്കാര്യങ്ങളെല്ലാം ചെയ്യാൻപോകുന്നതു തന്റെ മകനായ യേശുക്രിസ്തുവിലൂടെയാണ്. (1 യോഹ. 3:8) അതുകൊണ്ട് ദൈവത്തിന്റെ ക്രമീകരണത്തിൽ ക്രിസ്തുവിന്റെ സ്ഥാനവും ഉത്തരവാദിത്വവും തിരിച്ചറിയുകയും ആദരിക്കുകയും ചെയ്യേണ്ടതു വളരെ പ്രധാനമാണ്.—പ്രവൃ. 4:12; ഫിലി. 2:9, 11.
ക്രിസ്തുവിന്റെ സ്ഥാനം എന്താണ്?
2 ദൈവത്തിന്റെ ക്രമീകരണത്തിൽ ക്രിസ്തുവിനു വലിയ പങ്കുണ്ട്. ക്രിസ്തു പല സ്ഥാനങ്ങളും ഉത്തരവാദിത്വങ്ങളും വഹിക്കുന്നു. മനുഷ്യവർഗത്തിന്റെ വീണ്ടെടുപ്പുകാരൻ, മഹാപുരോഹിതൻ, ക്രിസ്തീയസഭയുടെ തല എന്നിവ അതിൽപ്പെടുന്നു. ഇപ്പോൾ യേശുവിനു ദൈവരാജ്യത്തിന്റെ രാജാവ് എന്ന സ്ഥാനവും ഉണ്ട്. യേശു വഹിക്കുന്ന ഈ ഉത്തരവാദിത്വങ്ങളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്നതു ദൈവത്തിന്റെ ക്രമീകരണത്തോടുള്ള നമ്മുടെ വിലമതിപ്പു വർധിപ്പിക്കും, ക്രിസ്തുയേശുവിനോടുള്ള സ്നേഹം ആഴമുള്ളതാക്കുകയും ചെയ്യും. യേശു വഹിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബൈബിൾ പറയുന്ന ചില കാര്യങ്ങൾ നമുക്കു നോക്കാം.
മനുഷ്യരെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ മുഖ്യപങ്കു വഹിക്കുന്ന വ്യക്തിയാണു യേശു
3 യേശു മാനവരാശിയുടെ വീണ്ടെടുപ്പുകാരനായിരിക്കുന്നത് എങ്ങനെയാണ്? അനുസരണമുള്ള മനുഷ്യർക്കു ദൈവവുമായി അനുരഞ്ജനത്തിലാകാൻ യേശുവിലൂടെയാണു കഴിയുന്നതെന്നു യേശുവിന്റെ ഭൗമികശുശ്രൂഷക്കാലത്ത് വ്യക്തമായി. (യോഹ. 14:6) മനുഷ്യരുടെ വീണ്ടെടുപ്പുകാരനെന്ന നിലയിൽ, അനേകർക്കുവേണ്ടി ഒരു മോചനവിലയായി യേശു തന്നെത്തന്നെ കൊടുത്തു. (മത്താ. 20:28) അതുകൊണ്ട് ദൈവഭക്തിയോടെ എങ്ങനെ ജീവിക്കാമെന്നു കാണിച്ചുതന്ന വെറുമൊരു മാതൃകാപുരുഷൻ മാത്രമല്ല യേശു. മനുഷ്യരെക്കുറിച്ചുള്ള ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിൽ മുഖ്യപങ്കു വഹിക്കുന്ന വ്യക്തിയും നമുക്കു ദൈവപ്രീതിയിലേക്കു വീണ്ടും വരാനുള്ള ഏകവഴിയും യേശുവാണ്. (പ്രവൃ. 5:31; 2 കൊരി. 5:18, 19) യേശുവിന്റെ ബലിമരണവും പുനരുത്ഥാനവും ആണ് അനുസരണമുള്ള മനുഷ്യർക്കു ദൈവരാജ്യഭരണത്തിൻകീഴിൽ നിത്യാനുഗ്രഹങ്ങൾ ആസ്വദിക്കാനുള്ള വഴി തുറന്നത്.
4 യേശു മഹാപുരോഹിതനാണെന്നു കണ്ടല്ലോ. ഈ മഹാപുരോഹിതൻ ‘നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നുന്നവനാണ്.’ ഭൂമിയിലെ സമർപ്പിതരായ ദൈവദാസന്മാരുടെ പാപങ്ങൾക്കു പരിഹാരം വരുത്താൻ അദ്ദേഹത്തിനു കഴിയും. പൗലോസ് അപ്പോസ്തലൻ ഈ കാര്യം ഇങ്ങനെ വിശദീകരിച്ചു: “നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോഹിതനല്ല, പകരം എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട ഒരാളാണു നമുക്കുള്ളത്. എന്നാൽ നമ്മുടെ മഹാപുരോഹിതനായ യേശുവിൽ പാപമില്ലായിരുന്നു എന്നൊരു വ്യത്യാസം മാത്രം.” എന്നിട്ട്, ദൈവവുമായി അനുരഞ്ജനത്തിലാകാനുള്ള ഈ ക്രമീകരണത്തിൽനിന്ന് പൂർണപ്രയോജനം നേടാൻ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കുന്നവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പൗലോസ് ഇങ്ങനെ പറഞ്ഞു: “അതുകൊണ്ട് നമ്മൾ ധൈര്യമായി അനർഹദയയുടെ സിംഹാസനത്തെ സമീപിക്കണം. എങ്കിൽ, സഹായം ആവശ്യമുള്ള സമയത്തുതന്നെ നമുക്കു കരുണയും അനർഹദയയും ലഭിക്കും.”—എബ്രാ. 4:14-16; 1 യോഹ. 2:2.
5 യേശു ക്രിസ്തീയസഭയുടെ തലയുമാണ്. ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ അനുഗാമികളുടെ കാര്യത്തിലെന്നപോലെ ഇന്നു നമുക്കും ഒരു മനുഷ്യനേതാവിന്റെ ആവശ്യമില്ല. യേശു പരിശുദ്ധാത്മാവിലൂടെയും യോഗ്യതയുള്ള കീഴിടയന്മാരിലൂടെയും മാർഗനിർദേശം തരുന്നു. ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ച്ച് പരിപാലിക്കുന്നതു സംബന്ധിച്ച് യേശുവിനോടും സ്വർഗീയപിതാവിനോടും കണക്കു ബോധിപ്പിക്കാൻ ഈ കീഴിടയന്മാർക്ക് ഉത്തരവാദിത്വമുണ്ട്. (എബ്രാ. 13:17; 1 പത്രോ. 5:2, 3) യേശുവിനെക്കുറിച്ച് യഹോവ ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ഞാൻ അവനെ ജനതകൾക്കു നായകനും ഭരണാധികാരിയും ആക്കിയിരിക്കുന്നു.” (യശ. 55:4) “ആരും നിങ്ങളെ നേതാക്കന്മാർ എന്നു വിളിക്കാനും സമ്മതിക്കരുത്. ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്; അതു ക്രിസ്തുവാണ്” എന്നു യേശു ശിഷ്യന്മാരോടു പറഞ്ഞപ്പോൾ ഈ പ്രവചനം സത്യമായിത്തീർന്നു.—മത്താ. 23:10.
6 നമ്മളെ സഹായിക്കാനുള്ള മനസ്സൊരുക്കവും നമ്മോടുള്ള മനോഭാവവും വെളിപ്പെടുത്തിക്കൊണ്ട് യേശു ഈ ക്ഷണം നൽകുന്നു: “കഷ്ടപ്പെടുന്നവരേ, ഭാരങ്ങൾ ചുമന്ന് വലയുന്നവരേ, നിങ്ങളെല്ലാവരും എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം. എന്റെ നുകം വഹിച്ച് എന്നിൽനിന്ന് പഠിക്കൂ. ഞാൻ സൗമ്യനും താഴ്മയുള്ളവനും ആയതുകൊണ്ട് നിങ്ങൾക്ക് ഉന്മേഷം കിട്ടും; കാരണം, എന്റെ നുകം മൃദുവും എന്റെ ചുമടു ഭാരം കുറഞ്ഞതും ആണ്.” (മത്താ. 11:28-30) നമുക്കു നവോന്മേഷം പകരുന്ന വിധത്തിലും സൗമ്യതയോടെയും ആണ് യേശു ക്രിസ്തീയസഭയിൽ കാര്യങ്ങൾ നടക്കാൻ ഇടയാക്കുന്നത്. അങ്ങനെ, സ്വർഗീയപിതാവായ യഹോവയെ അനുകരിക്കുന്ന “നല്ല ഇടയൻ” ആണ് താൻ എന്നു യേശുക്രിസ്തു തെളിയിച്ചിരിക്കുന്നു.—യോഹ. 10:11; യശ. 40:11.
7 കൊരിന്തിലുള്ളവർക്കുള്ള ആദ്യലേഖനത്തിൽ പൗലോസ് യേശുക്രിസ്തുവിന്റെ മറ്റൊരു സ്ഥാനത്തെപ്പറ്റി ഇങ്ങനെ പറയുന്നു: “ദൈവം എല്ലാ ശത്രുക്കളെയും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു രാജാവായി ഭരിക്കേണ്ടതാണല്ലോ. എന്നാൽ എല്ലാം പുത്രനു കീഴാക്കിക്കിട്ടിക്കഴിയുമ്പോൾ, ദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിന്, എല്ലാം കീഴാക്കിക്കൊടുത്ത വ്യക്തിക്കു പുത്രനും കീഴ്പെട്ടിരിക്കും.” (1 കൊരി. 15:25, 28) ഭൂമിയിലേക്കു വരുന്നതിനു മുമ്പ് യേശു ദൈവസൃഷ്ടിയുടെ ആരംഭമെന്ന നിലയിൽ ദൈവത്തിന്റെ ‘വിദഗ്ധജോലിക്കാരനായിരുന്നു.’ (സുഭാ. 8:22-31) പിന്നീട് ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചപ്പോൾ യേശു എല്ലായ്പോഴും ദൈവത്തിന്റെ ഇഷ്ടം മാത്രമാണു ചെയ്തത്. ഏറ്റവും കടുത്ത പരിശോധനയും സഹിച്ചുനിന്നു. പിതാവിനോടു വിശ്വസ്തനായി മരിച്ചു. (യോഹ. 4:34; 15:10) തന്റെ പുത്രൻ മരണംവരെ വിശ്വസ്തനായിരുന്നതുകൊണ്ട് ദൈവം യേശുവിനെ സ്വർഗീയജീവനിലേക്ക് ഉയിർപ്പിച്ചു. സ്വർഗരാജ്യത്തിന്റെ രാജാവാകാനുള്ള അവകാശം നൽകി. (പ്രവൃ. 2:32-36) മനുഷ്യഭരണവും ഭൂവ്യാപകമായ ദുഷ്ടതയും നീക്കിക്കളയാനുള്ള അത്യപൂർവവും അതിഗംഭീരവും ആയ നിയമനം ക്രിസ്തുയേശുവിനു ദൈവത്തിൽനിന്ന് ലഭിച്ചിരിക്കുന്നു. രാജാവായ യേശു ശക്തരായ ആത്മവ്യക്തികളടങ്ങുന്ന സേനയെ നയിച്ചുകൊണ്ട് ഈ ഉത്തരവാദിത്വം നിർവഹിക്കും. (സുഭാ. 2:21, 22; 2 തെസ്സ. 1:6-9; വെളി. 19:11-21; 20:1-3) അതിനു ശേഷം ക്രിസ്തുവിന്റെ കീഴിലുള്ള ദൈവത്തിന്റെ സ്വർഗീയരാജ്യത്തിനു മാത്രമായിരിക്കും മുഴുഭൂമിയിലും ഭരണം നടത്താനുള്ള അധികാരം!—വെളി. 11:15.
യേശുവിന്റെ സ്ഥാനം തിരിച്ചറിയുന്നതിന്റെ അർഥം
8 നമ്മുടെ മാതൃകാപുരുഷനായ യേശുക്രിസ്തു പൂർണനാണ്. നമ്മളെ പരിപാലിക്കാനുള്ള നിയോഗം യേശുവിനുണ്ട്. സ്നേഹത്തോടെയും കരുതലോടെയും ആണ് യേശു പരിപാലിക്കുന്നത്. ആ സ്നേഹവും കരുതലും നമുക്കു കിട്ടണമെങ്കിൽ നമ്മൾ യഹോവയോടു വിശ്വസ്തരായി തുടരണം. മുന്നേറിക്കൊണ്ടിരിക്കുന്ന യഹോവയുടെ സംഘടനയോടൊത്ത് ചുവടു വെക്കുകയും വേണം.
9 ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ അനുഗാമികൾ, ദൈവത്തിന്റെ ക്രമീകരണത്തിൽ ക്രിസ്തുവിനുള്ള സ്ഥാനം പൂർണമായി തിരിച്ചറിയുകയും ആദരിക്കുകയും ചെയ്തവരാണ്. അവർ അതു തെളിയിച്ചുകാണിക്കുകയും ചെയ്തു. ഒന്നാമത്, ഒത്തൊരുമിച്ച് ഐക്യത്തോടെ പ്രവർത്തിച്ചുകൊണ്ട് ക്രിസ്തുവിന്റെ ശിരഃസ്ഥാനത്തെ അംഗീകരിച്ചു. രണ്ടാമത്, പരിശുദ്ധാത്മാവിലൂടെ യേശു നൽകിയ നിർദേശങ്ങൾക്കു മനസ്സോടെ കീഴ്പെട്ടു. (പ്രവൃ. 15:12-21) അഭിഷിക്ത ക്രിസ്തീയസഭയുടെ ഐക്യത്തെക്കുറിച്ച് പൗലോസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “സത്യം സംസാരിച്ചുകൊണ്ട് നമുക്കു സ്നേഹത്തിൽ, തലയായ ക്രിസ്തുവിലേക്ക് എല്ലാ കാര്യത്തിലും വളർന്നുവരാം. ശരീരത്തിലെ എല്ലാ അവയവങ്ങളും ക്രിസ്തുവിനോടു പരസ്പരയോജിപ്പിൽ കൂട്ടിയിണക്കിയിരിക്കുന്നു. അവയ്ക്കു വേണ്ടതെല്ലാം നൽകുന്ന സന്ധിബന്ധങ്ങളാൽ അവ സഹകരിച്ച് പ്രവർത്തിക്കുന്നു. ഇങ്ങനെ അവയവങ്ങൾ ഓരോന്നും ശരിയായ വിധത്തിൽ പ്രവർത്തിക്കുമ്പോൾ ശരീരം വളർന്ന് സ്നേഹത്തിൽ ശക്തിയാർജിക്കുന്നു.”—എഫെ. 4:15, 16.
10 സഭയിലെ ഓരോരുത്തരും ക്രിസ്തുവിന്റെ നേതൃത്വത്തിൻകീഴിൽ അന്യോന്യം സഹകരിക്കുകയും ഒത്തൊരുമയോടെ പ്രവർത്തിക്കുകയും വേണം. അപ്പോൾ “ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള സ്നേഹം” തുളുമ്പുന്ന അന്തരീക്ഷം സഭയിൽ നിറയും; സഭ വളർന്ന് അഭിവൃദ്ധിപ്പെടുകയും ചെയ്യും.—യോഹ. 10:16; കൊലോ. 3:14; 1 കൊരി. 12:14-26.
11 യേശുക്രിസ്തു 1914-ൽ രാജ്യാധികാരത്തിൽ വന്നെന്ന് ഉറപ്പോടെ പറയാം. കാരണം യേശു രാജാവാകുമ്പോൾ സംഭവിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി സംഭവിച്ചിരിക്കുന്നു. യേശു ഇപ്പോൾ ശത്രുക്കളുടെ ഇടയിൽ ഭരണം നടത്തിക്കൊണ്ടിരിക്കുകയാണ്. (സങ്കീ. 2:1-12; 110:1, 2) ഇക്കാലത്ത് ജീവിക്കുന്ന നമുക്ക് ഇത് എത്ര പ്രധാനമാണ്? ശത്രുക്കളുടെ മേൽ ദിവ്യന്യായവിധി നടത്തിക്കൊണ്ട് രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും എന്ന തന്റെ അധികാരം യേശു ഉടൻതന്നെ പ്രയോഗിക്കും. (വെളി. 11:15; 12:10; 19:16) തുടർന്ന്, ക്രിസ്തുവിന്റെ വലത്തുള്ളവർക്കു വിടുതൽ കിട്ടും. മനുഷ്യർ യഹോവയെ ധിക്കരിച്ചുതുടങ്ങിയപ്പോൾ യഹോവ പ്രഖ്യാപിച്ച വിടുതലാണ് അത്. (മത്താ. 25:34) ദൈവത്തിന്റെ ക്രമീകരണത്തിൽ ക്രിസ്തുവിന്റെ സ്ഥാനവും അധികാരവും തിരിച്ചറിയാൻ കഴിഞ്ഞതു നമ്മളെ എത്രയധികം സന്തോഷിപ്പിക്കുന്നു! ഈ അന്ത്യനാളുകളിൽ ക്രിസ്തുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോകവ്യാപകപ്രവർത്തനം പൂർത്തിയാക്കാൻ ഐക്യത്തോടെ പ്രവർത്തിക്കുന്നതിൽ നമുക്കു തുടരാം!