പ്രകൃതിവിപത്തുകൾ കാലത്തിന്റെ ഒരു അടയാളമോ?
“ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും. എങ്കിലും ഇതൊക്കെയും ഈററുനോവിന്റെ ആരംഭമത്രേ.” വിപൽക്കരമായ ഇത്തരം സംഭവങ്ങൾ, നിയമരാഹിത്യത്തിന്റെ വർധനവ്, ദൈവരാജ്യത്തിന്റെ ലോകവ്യാപകമായ സുവാർത്താ ഘോഷണം ഇവയൊക്കെയും ഒത്തുചേർന്ന് “വ്യവസ്ഥിതിയുടെ സമാപന”ത്തെ തിരിച്ചറിയിക്കുന്ന ഒരു സംയുക്ത അടയാളമായി ഭവിക്കുമെന്നു 19 നൂററാണ്ടുകൾക്കു മുമ്പ് യേശുക്രിസ്തു തന്റെ ശിഷ്യൻമാരോടു വിശദീകരിച്ചത് ഈ വാക്കുകളിലായിരുന്നു.—മത്തായി 24:3-14, NW.
ഇതിന്റെ വീക്ഷണത്തിൽ, കഴിഞ്ഞ തലമുറകളിൽ സംഭവിച്ചതിനെക്കാൾ കൂടുതൽ വിപൽക്കരമായ ഭൂകമ്പങ്ങളും കൊടുങ്കാററുകളും പ്രളയങ്ങളും വരൾച്ചകളും ക്ഷാമങ്ങളും നാം കാണുന്നുണ്ടോ എന്നു നമ്മൾ ചോദിക്കണം. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും പുരോഗതികൾ കൈവരിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഫലമായി ആനുപാതികമായി കൂടുതൽ ആളുകൾ കഷ്ടപ്പെടുന്നുണ്ടോ?
ഉവ്വ് എന്നാണ് പലരുടെയും ഉത്തരം. ഉദാഹരണത്തിന്, “കഴിഞ്ഞ ദശകങ്ങളിൽ ഉണ്ടായതിനെക്കാൾ കൂടുതൽ വിപത്തുകൾ 1990-കളിൽ ലോകത്തിനു പ്രതീക്ഷിക്കാവുന്ന”താണെന്ന് ന്യൂ സയൻറിസ്ററ് മാഗസിൻ മുന്നറിയിപ്പു നൽകുന്നു. അതുപോലെ, 1991 ജൂണിലെ യുഎൻ ക്രോണിക്കിളിൽ ലോക കാലാവസ്ഥാപഠന സംഘടനയുടെ ഡയറക്ടർ ഇങ്ങനെ പ്രസ്താവിച്ചു: “പ്രവണത തികച്ചും വ്യക്തമാണ്. . . . 1960-കൾ മുതൽ 1980-കൾ വരെ, വലിയ പ്രകൃതിവിപത്തുകളുടെ ആവർത്തനസ്വഭാവത്തിലുണ്ടായ വർധനവ് അഞ്ചിരട്ടിയും മൊത്തം സാമ്പത്തിക നഷ്ടത്തിലുണ്ടായ വർധനവു മൂന്നിരട്ടിയുമായിരുന്നു.” യുഎൻ ലോകാരോഗ്യ സംഘടനയുടെ വേൾഡ് ഹെൽത്ത് മാഗസിൻ ഈ വിഷയം സംബന്ധിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് ഇപ്രകാരം നിരീക്ഷിച്ചു: “പ്രകൃതിവിപത്തുകളുടെയും അവയുടെ വിനാശഫലങ്ങളുടെയും ഉദാഹരണങ്ങൾ ചരിത്രത്തിലുടനീളം ദൃശ്യമാണ്. എങ്കിലും 21-ാം നൂററാണ്ടു വന്നടുക്കുന്തോറും നാം ദർശിക്കുന്നതു ജനസംഖ്യാപരവും പരിസ്ഥിതിപരവും സാങ്കേതികപരവുമായ അവസ്ഥകളുടെ സ്ഥിരതയില്ലാത്ത ഒരു കൂടിക്കുഴയലാണ്, ഇത് അനേകരെ പ്രകൃതിവിപത്തുകൾക്കും മനുഷ്യനിർമിതവിപത്തുകൾക്കും കൂടുതൽ അടിമപ്പെടാൻ ഇടയാക്കും.”
വർത്തമാന സംഭവങ്ങൾ ശ്രദ്ധിക്കുന്ന ഒരാളും അത്തരം പ്രസ്താവനകളിൽ അത്ഭുതപ്പെടാറില്ല. വാർത്താമാധ്യമങ്ങൾക്കു സംഭ്രമിപ്പിക്കുന്ന സംഭവങ്ങളുടെ ദൗർലഭ്യം ഒരിക്കലും നേരിടുന്നില്ല. അതു ചിലപ്പോൾ ഫിലിപ്പീൻസിലെ അഗ്നിപർവത സ്ഫോടനമോ കാലിഫോർണിയയിലെ ഭൂകമ്പമോ ബംഗ്ലാദേശിലെ പ്രളയമോ സൊമാലിയയിലെ ക്ഷാമമോ ഹവായിയിലെ കൊടുങ്കാറേറാ നിക്കാരാഗ്വയിലെ കടലാക്രമണമോ ഒക്കെയാകാം. ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ സംഭവിച്ച ഒരു ദുരന്തത്തിന്റെ റിപ്പോർട്ടില്ലാത്ത ഒരു മാസം പോലുമില്ലെന്നു പറയാം.
ചിലയാളുകൾ ഇതു നിസ്സാരമായി തള്ളിക്കളയുന്നു. നമ്മുടെ നാളിൽ വിപത്തുകൾ വർധിച്ചിട്ടുണ്ടെന്നു തോന്നുന്നെങ്കിൽ അതിനു കാരണം റിപ്പോർട്ടു ചെയ്യുന്നതിൽ അഥവാ രേഖ സൂക്ഷിക്കുന്നതിൽ നേടിയ കേവല പുരോഗതി മാത്രമാണെന്ന് അവർ വാദിക്കുന്നു. ആളുകൾ കൂടുതലുള്ളതുകൊണ്ടാണു വിപത്തുകളാൽ കൂടുതൽ ആളുകൾ കഷ്ടപ്പെടുന്നത് എന്നുകൂടി അവർ വാദിക്കുന്നു. ഈ വാദഗതികൾ കാര്യങ്ങളുടെ മുഴുചിത്രവും നൽകുന്നുണ്ടോ?
മുന്നമേ ഉദ്ധരിച്ച ന്യൂ സയൻറിസ്ററ് ലേഖനത്തിൽ കൂടുതലായി പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. “1960-കളിൽ 523-ഉം 1970-കളിൽ 767-ഉം വിപത്തുകൾ റിപ്പോർട്ടു ചെയ്തിരുന്നു. 1980-കൾ ആയപ്പോഴേക്കും എണ്ണം 1387 ആയി.” തുടർന്ന് അത് ഇങ്ങനെ വിശദീകരിക്കുന്നു: “ചൈനയിലെയും സോവിയററ് യൂണിയനിലെയും വിപത്തുകളെക്കുറിച്ചുള്ള കൂടുതൽ സത്യസന്ധമായ റിപ്പോർട്ടുകൾ ലഭിച്ചതു കഴിഞ്ഞ ദശകത്തിൽ പ്രകടമായ വർധനവിന് ഒരു കാരണമായിപ്പറയാവുന്നതാണ്.” എന്നിട്ട് അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എങ്കിൽക്കൂടി എണ്ണം കൂടിക്കൊണ്ടുതന്നെയിരിക്കുകയാണ്.” വിപത്തുകളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ള കുത്തനെയുള്ള വർധനവു കേവലം റിപ്പോർട്ടു ചെയ്യുന്നതിലെയോ രേഖ സൂക്ഷിക്കുന്നതിലെയോ പുരോഗതികൊണ്ടു മാത്രമാണെന്നു പറഞ്ഞു നിസ്സാരമായി തള്ളിക്കളയാവുന്നതല്ല.
കൂടാതെ, “കഴിഞ്ഞ രണ്ടു ദശകങ്ങളിലായി പ്രകൃതിവിപത്തുകൾ വരുത്തിവെച്ച ‘കെടുതികളും ദുരിതങ്ങളും യാതനകളും’ നിമിത്തം ഏതാണ്ടു 30 ലക്ഷം ആളുകൾ മരിച്ചു, അതു മുഖാന്തരം കഷ്ടപ്പെട്ടവരാണെങ്കിലോ 80 കോടിയലധികം വരും” എന്ന് 1992 മാർച്ചിലെ യുഎൻ ക്രോണിക്കിൾ റിപ്പോർട്ടു ചെയ്യുന്നു. ഇതിന്റെ അർഥം ഭൂമിയിൽ ജീവിക്കുന്ന ഏഴു പേരിൽ ഒരാൾവീതം ഏതെങ്കിലും വിപത്തിനോ ദുരന്തത്തിനോ ഇരയായി എന്നാണ്. അതു വാസ്തവത്തിൽ അമ്പരപ്പിക്കുന്നതുതന്നെ. ക്രമരാഹിത്യത്തിന്റെയും അസ്വസ്ഥതയുടെയും ഒരു കാലഘട്ടമാണു നമ്മുടേത് എന്നതിന് ഒരു സംശയവും വേണ്ട.
കൊടും വേദനകളുടെ അത്തരമൊരു കാലഘട്ടം ബൈബിൾ മുൻകൂട്ടിപ്പറയുന്നതുകൊണ്ടു വിപത്തുകൾക്കും അവ ഉളവാക്കുന്ന കഷ്ടങ്ങൾക്കും ഉത്തരവാദി ദൈവമാണെന്ന് അതിനർഥമുണ്ടോ? അനേകരും അങ്ങനെയാണു ചിന്തിക്കുന്നത്. എന്നാൽ വസ്തുതകൾ എന്താണു പ്രകടമാക്കുന്നത്? അതിലും പ്രധാനമായി ബൈബിൾ എന്താണു പ്രകടമാക്കുന്നത്?
[2-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Cover: W. Faidley/Weatherstock
[3-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Middle photo: Mark Peters/Sipa Press
WHO/League of Red Cross