യഹോവയെ സേവിക്കുന്നതിൽ യഥാർത്ഥ സന്തുഷ്ടി
“യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ സന്തുഷ്ടനാണ്.”—സങ്കീർത്തനം 146:5, NW.
1, 2. സന്തുഷ്ടിയുടെ നിർവ്വചനത്തെപ്പററി എന്തു പറയപ്പെട്ടിട്ടുണ്ട്, ഇന്ന് അനേകമാളുകൾക്കും സന്തുഷ്ടി എന്തർത്ഥമാക്കുന്നു?
സന്തുഷ്ടി എന്നാൽ എന്താണ്? നിഘണ്ടു നിർമ്മാതാക്കളും തത്വജ്ഞാനികളും ദൈവശാസ്ത്രജ്ഞൻമാരും അതു നിർവ്വചിക്കാൻ നൂററാണ്ടുകളായി ശ്രമിച്ചിട്ടുണ്ട്. എന്നാൽ എല്ലാവരും അംഗീകരിക്കുന്ന ഒരു നിർവ്വചനം അവർ ഇതുവരെ നൽകിയിട്ടില്ല. ദി എൻസൈക്ലോപ്പീഡിയ ബ്രിട്ടാനിക്ക ഇപ്രകാരം സമ്മതിച്ചു പറയുന്നു: “‘സന്തുഷ്ടി’ നിർവ്വചിക്കാൻ ഏററം പ്രയാസമുള്ള വാക്കുകളിൽ ഒന്നാണ്.” പ്രത്യക്ഷത്തിൽ അത് വിവിധ വ്യക്തികൾക്ക് വ്യത്യസ്തങ്ങളായ കാര്യങ്ങളെ അർത്ഥമാക്കുന്നു, ജീവിതം സംബന്ധിച്ച അവരുടെ വീക്ഷണത്തിന് അനുസരണമായിത്തന്നെ.
2 അനേകമാളുകളെ സംബന്ധിച്ചിടത്തോളം സന്തുഷ്ടി നല്ല ആരോഗ്യം ‘ഭൗതിക സമ്പത്ത്’ നല്ല സുഹൃത്ബന്ധങ്ങൾ എന്നിവയെ ചുററിപ്പററിയിരിക്കുന്നു. എന്നിരുന്നാലും, ഇവയെല്ലാമുണ്ടായിട്ടും അസന്തുഷ്ടരായിരിക്കുന്ന ആളുകളുണ്ട്. യഹോവയാം ദൈവത്തിന് സമർപ്പിക്കപ്പെട്ട സ്ത്രീപുരുഷൻമാർക്ക് സന്തുഷ്ടി സംബന്ധിച്ച് പൊതു വീക്ഷണത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ആശയം ബൈബിൾ നൽകുന്നു.
സന്തുഷ്ടി സംബന്ധിച്ച് വ്യത്യസ്തമായ ഒരു വീക്ഷണം
3, 4. (എ) യേശു ആരെയാണ് സന്തുഷ്ടരെന്ന് പ്രഖ്യാപിച്ചത്? (ബി) യേശു പറഞ്ഞ സന്തുഷ്ടിയുടെ ഘടകങ്ങളെക്കുറിച്ച് എന്തു കുറിക്കൊള്ളാൻ കഴിയും?
3 സന്തുഷ്ടി നല്ല ആരോഗ്യത്തെയും ഭൗതിക വസ്തുക്കളെയും മററ് അതുപോലുള്ള കാര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്നല്ല യേശു തന്റെ ഗിരിപ്രഭാഷണത്തിൽ പറഞ്ഞത്. തങ്ങളുടെ “ആത്മീയാവശ്യം സംബന്ധിച്ച് ബോധമുള്ളവരും”(NW) “നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരും”(NW) യഥാർത്ഥത്തിൽ സന്തുഷ്ടരാണ് എന്ന് അവൻ പ്രഖ്യാപിച്ചു. സന്തുഷ്ടിക്ക് അത്യാവശ്യമായ ഈ രണ്ടു ഘടകങ്ങളോട് ബന്ധപ്പെട്ടതാണ് വിരോധാഭാസമെന്ന് തോന്നിക്കുന്ന യേശുവിന്റെ പ്രസ്താവന: “ദുഃഖിക്കുന്നവർ ഭാഗ്യവാൻമാർ; അവർക്ക് ആശ്വാസം ലഭിക്കും.” (മത്തായി 5:3-6) പ്രകടമായും, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമാകുമ്പോൾ സ്വയമെ ആളുകൾ സന്തുഷ്ടരായിരിക്കുമെന്ന് യേശു പറയുകയായിരുന്നില്ല. മറിച്ച്, തങ്ങളുടെ പാപാവസ്ഥയെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് ദുഃഖിക്കുന്നവരെപ്പററിയായിരുന്നു യേശു സംസാരിച്ചത്.
4 മാനുഷ സൃഷ്ടി “ദ്രവത്വത്തിന്റെ ദാസ്യത്തിൽ നിന്ന് വിടുവിക്കപ്പെടുമെന്നുള്ള പ്രതീക്ഷ”യുടെ അടിസ്ഥാനത്തിൽ പാപത്തിൻ കീഴിൽ ഞരങ്ങിക്കൊണ്ടിരിക്കുന്നതിനെപ്പററി അപ്പോസ്തലനായ പൗലോസ് സംസാരിച്ചു. (റോമർ 8:21, 22, NW) ക്രിസ്തുവിന്റെ മറുവില യാഗത്തിലൂടെയുള്ള യഹോവയുടെ പാപപരിഹാര കരുതൽ സ്വീകരിക്കുന്നവരും ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരുമായ മനുഷ്യർ യഥാർത്ഥത്തിൽ ആശ്വസിപ്പിക്കപ്പെടുകയും സന്തുഷ്ടരാക്കപ്പെടുകയും ചെയ്യും. (റോമർ 4:6-8) ഗിരിപ്രഭാഷണത്തിൽ യേശു “സൗമ്യരെയും” “കരുണയുള്ളവരെയും” “ഹൃദയശുദ്ധിയുള്ളവരെയും” “സമാധാനം ഉണ്ടാക്കുന്നവരെയും” സന്തുഷ്ടരായി പ്രഖ്യാപിച്ചു. പീഡിപ്പിക്കപ്പെട്ടാലും അത്തരം സൗമ്യർക്ക് അവരുടെ സന്തുഷ്ടി നഷ്ടമാകുകയില്ല എന്ന് യേശു ഉറപ്പു നൽകി. (മത്തായി 5:5-11) സന്തുഷ്ടിയുടെ സമുന്നതമായ ഈ ഘടകങ്ങൾ ധനവാൻമാരെയും ദരിദ്രരെയും ഒരേ തലത്തിൽ നിർത്തുന്നു എന്ന് കുറിക്കൊള്ളുന്നത് രസാവഹമാണ്.
യഥാർത്ഥ സന്തുഷ്ടിക്കുള്ള അടിസ്ഥാനം
5. ദൈവത്തിന്റെ സമർപ്പിത ദാസൻമാരുടെ സന്തുഷ്ടിക്കുള്ള അടിസ്ഥാനമെന്താണ്?
5 യഥാർത്ഥ സന്തുഷ്ടിയുടെ ഉറവ് ഭൗതികധനത്തിലല്ല കണ്ടെത്തപ്പെടുന്നത്. ജ്ഞാനിയായ ശലോമോൻ രാജാവ് ഇപ്രകാരം പറഞ്ഞു: “യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു, അവൻ അതിനോട് വേദനയൊന്നും കൂട്ടുന്നില്ല.” (സദൃശവാക്യങ്ങൾ 10:22, NW) യഹോവയുടെ അഖിലാണ്ഡപരമാധികാരം അംഗീകരിക്കുന്ന സൃഷ്ടികളെ സംബന്ധിച്ചിടത്തോളം സന്തുഷ്ടി ദൈവത്തിന്റെ അനുഗ്രഹത്തോട് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. യഹോവയുടെ അനുഗ്രഹം ഉണ്ടായിരിക്കുകയും അതു അനുഭവിച്ചറിയുകയും ചെയ്യുന്ന വ്യക്തി യഥാർത്ഥ സന്തുഷ്ടി ആസ്വദിക്കുന്നു. ബൈബിളിന്റെ വീക്ഷണത്തിൽ സന്തുഷ്ടിയിൽ ഉൾപ്പെട്ടിരിക്കുന്നത് സന്തോഷത്തിന്റെ, സംതൃപ്തിയുടെ, യഹോവയുടെ സേവനത്തിൽ നേട്ടങ്ങൾ കൈവരിച്ചതിന്റെ ഒരു വികാരമാണ്.
6. യഹോവയുടെ ജനം യഥാർത്ഥത്തിൽ സന്തുഷ്ടരായിരിക്കുന്നതിന് അവരിൽ നിന്ന് എന്താണ് ആവശ്യപ്പെട്ടിരിക്കുന്നത്?
6 യഥാർത്ഥ സന്തുഷ്ടി യഹോവയുമായി ഒരു ശരിയായ ബന്ധം ഉണ്ടായിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. അത് യഹോവയോടുള്ള സ്നേഹത്തിലും വിശ്വസ്തതയിലും അധിഷ്ഠിതമാണ്. യഹോവയുടെ സമർപ്പിത ദാസൻമാർ പൗലോസിന്റെ ഈ വാക്കുകളോട് പൂർണ്ണഹൃദയത്തോടെ യോജിക്കുന്നു: “നമ്മിൽ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല . . . നാം യഹോവക്കായി ജീവിക്കുന്നു . . . നാം യഹോവക്കുള്ളവരാകുന്നു.” (റോമർ 14:7, 8, NW) അതുകൊണ്ട്, യഹോവയോടുള്ള അനുസരണവും അവന്റെ ഇഷ്ടത്തോടുള്ള സന്തോഷപൂർണ്ണമായ കീഴ്പ്പെടലും കൂടാതെ യഥാർത്ഥ സന്തുഷ്ടി അനുഭവിക്കുക സാദ്ധ്യമല്ല. യേശു ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ വചനം കേട്ട് അത് അനുസരിക്കുന്നവർ സന്തുഷ്ടരാകുന്നു!”—ലൂക്കോസ് 11:28, NW.
സന്തുഷ്ടിയുടെ അസ്ഥിര ഘടകങ്ങൾ
7, 8. (എ) സന്തുഷ്ടിയുടെ ഘടകങ്ങൾ എങ്ങനെ തരംതിരിക്കാം? (ബി) വിവാഹത്തെയും കുട്ടികളെ ജനിപ്പിക്കുന്നതിനെയും സംബന്ധിച്ച് എന്തു പറയാൻ കഴിയും?
7 മുകളിൽ പറഞ്ഞ കാര്യങ്ങളെ സന്തുഷ്ടിയുടെ “അടിസ്ഥാന ഘടകങ്ങൾ” അല്ലെങ്കിൽ “സ്ഥിര ഘടകങ്ങൾ” എന്നു വിളിക്കാൻ കഴിയും, എന്തുകൊണ്ടെന്നാൽ യഹോവയുടെ സമർപ്പിത ദാസൻമാർക്ക് എക്കാലവും അതു ബാധകമാണ്. കൂടാതെ, അസ്ഥിരം എന്നു വിളിക്കപ്പെടാവുന്ന ഘടകങ്ങളുമുണ്ട്, ഒരു സമയത്ത് അവ സന്തുഷ്ടിക്ക് ഇടയാക്കിയേക്കാം, എന്നാൽ മറെറാരു സമയത്ത് ഒട്ടും തന്നെ സന്തുഷ്ടി കൈവരുത്താതെയുമിരുന്നേക്കാം. പൂർവ്വപിതാക്കൻമാരുടെ കാലത്തും ക്രിസ്തുവിനു മുമ്പുള്ള കാലത്തും വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും സന്തുഷ്ടിക്ക് ഒഴിച്ചുകൂടാനാവാത്തതായി കണക്കാക്കപ്പെട്ടിരുന്നു. അതിവേദനയോടെ റാഹേൽ യാക്കോബിനോട് നടത്തുന്ന അപേക്ഷ ഇത് പ്രതിഫലിപ്പിക്കുന്നു: “എനിക്കു മക്കളെ തരേണം, അല്ലെങ്കിൽ ഞാൻ മരിച്ചുപോകും.” (ഉൽപ്പത്തി 30:1) കുട്ടികളെ പ്രസവിക്കുന്നതിനോടുള്ള ആ മനോഭാവം ആ കാലഘട്ടത്തിലെ യഹോവയുടെ ഉദ്ദേശ്യത്തോട് യോജിപ്പിലായിരുന്നു.—ഉൽപ്പത്തി 13:14-16; 22:17.
8 ആദിമ കാലത്തെ യഹോവയുടെ ജനത്തിന്റെ ഇടയിൽ വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും ദൈവദത്തമായ അനുഗ്രഹങ്ങളായി കരുതപ്പെട്ടിരുന്നു. എന്നാൽ അവരുടെ ചരിത്രത്തിലെ വിപത്തിന്റെ കാലഘട്ടങ്ങളിൽ ഇവയോടും മററു സാഹചര്യങ്ങളോടും കൊടുംവേദന ബന്ധപ്പെട്ടിരുന്നു. (സങ്കീർത്തനം 127, 128 എന്നിവ യിരെമ്യാവ് 6:12; 11:22; വിലാപങ്ങൾ 2:19; 4:4, 5 എന്നിവയോട് താരതമ്യം ചെയ്യുക.) അതുകൊണ്ട് വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും സന്തുഷ്ടിയുടെ സ്ഥിരമായ ഘടകങ്ങളല്ല എന്നുള്ളത് വ്യക്തമാണ്.
വിവാഹം കൂടാതെയുള്ള സന്തുഷ്ടി കഴിഞ്ഞകാലങ്ങളിൽ
9. യിഫ്താഹിന്റെ മകൾക്ക് ആണ്ടുതോറും പ്രശംസ ലഭിച്ചത് എന്തുകൊണ്ടാണ്?
9 ദൈവത്തിന്റെ ദാസൻമാരിൽ അനേകർ വിവാഹം കൂടാതെ യഥാർത്ഥ സന്തുഷ്ടി കണ്ടെത്തിയിട്ടുണ്ട്. തന്റെ പിതാവിന്റെ ശപഥത്തോടുള്ള ആദരവു നിമിത്തം യിഫ്താഹിന്റെ മകൾ ഏകാകിയായി ജീവിച്ചു. കുറേക്കാലത്തേക്ക് അവളും അവളുടെ സഖിമാരും അവളുടെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിച്ചു. എന്നാൽ യഹോവയെ മുഴുസമയം, ഒരുപക്ഷേ “സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവചെയ്തുവന്ന സ്ത്രീകളോടൊപ്പം,” സേവിച്ചപ്പോൾ എന്തു സന്തോഷമാണ് അവൾക്ക് അനുഭവിക്കാൻ കഴിഞ്ഞത്! (പുറപ്പാട് 38:8) അതിന് വർഷംതോറും അവൾക്ക് പ്രശംസ ലഭിച്ചു.—ന്യായാധിപൻമാർ 11:37-40.
10. യഹോവ യിരെമ്യാവിൽ നിന്ന് എന്താണ് ആവശ്യപ്പെട്ടത്, അതിന്റെ ഫലമായി അവൻ ഒരു അസന്തുഷ്ട ജീവിതം നയിച്ചതായി കാണപ്പെടുന്നുണ്ടോ?
10 യിരെമ്യാവ് ജീവിച്ചിരുന്ന നാടകീയമായ കാലഘട്ടം നിമിത്തം വിവാഹം കഴിക്കുന്നതിൽ നിന്നും കുട്ടികളെ ജനിപ്പിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ദൈവം അവനോട് ആവശ്യപ്പെട്ടു. (യിരെമ്യാവ് 16:1-4) എന്നാൽ ദൈവത്തിന്റെ ഈ വാക്കുകളുടെ സത്യാവസ്ഥ യിരെമ്യാവ് അനുഭവിച്ചറിഞ്ഞു: “യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ”. (യിരെമ്യാവ് 17:7) പ്രവാചകനായുള്ള നാൽപ്പതിലധികം വർഷത്തെ സേവനത്തിൽ ഏകാകി എന്ന നിലയിൽ യിരെമ്യാവ് ദൈവത്തെ വിശ്വസ്തതയോടെ സേവിച്ചു. നമുക്ക് അറിയാവുന്നിടത്തോളം അവൻ ഒരിക്കലും വിവാഹം കഴിക്കുകയോ കുട്ടികളെ ജനിപ്പിക്കുകയോ ചെയ്തില്ല. എന്നിരുന്നാലും ‘യഹോവയുടെ നൻമയിൽ ഉല്ലസിച്ച’ വിശ്വസ്ത യഹൂദ്യ ശേഷിപ്പിനെപ്പോലെ യിരെമ്യാവും സന്തുഷ്ടനായിരുന്നു എന്നതിനെ ആർക്ക് സംശയിക്കാൻ കഴിയും?—യിരെമ്യാവ് 31:12.
11. ഒരു വിവാഹിത ഇണ ഇല്ലായിരുന്നെങ്കിലും സന്തുഷ്ടരായിരുന്ന യഹോവയുടെ ചില ദാസൻമാരുടെ തിരുവെഴുത്തുപരമായ ദൃഷ്ടാന്തങ്ങൾ ഏവയാണ്?
11 ഒരു വിവാഹ ഇണയെക്കൂടാതെ അനേകമാളുകൾ യഹോവയെ സന്തോഷത്തോടെ സേവിച്ചിട്ടുണ്ട്. അവർ ഒന്നുകിൽ ഏകാകിളോ അല്ലെങ്കിൽ ഭർത്താക്കൻമാരെയോ ഭാര്യമാരെയോ നഷ്ടപ്പെട്ടവരോ ആയിരുന്നു. അവരിൽപെട്ടവരായിരുന്നു പ്രവാചകിയായ ഹന്ന; സാദ്ധ്യതയനുസരിച്ച് ഡോർക്കാസ് അഥവാ തബീഥ; അപ്പോസ്തലനായ പൗലോസ്; ഏററം മുന്തിയ ദൃഷ്ടാന്തമായ യേശുക്രിസ്തുവും.
ഇന്ന് ഏകാകിളെങ്കിലും സന്തുഷ്ടർ
12. യഹോവയുടെ സന്തുഷ്ടരായ ചില സമർപ്പിത ദാസൻമാർ ഇന്ന് എന്തിന് ഇടം നൽകിയിരിക്കുന്നു, എന്തുകൊണ്ട്?
12 ഇന്ന്, ആയിരക്കണക്കിന് യഹോവയുടെ സാക്ഷികൾ ഒരു വിവാഹപങ്കാളിയെക്കൂടാതെ ദൈവത്തെ വിശ്വസ്തതയോടെ സേവിച്ചുകൊണ്ടിരിക്കുന്നു. ചിലർക്ക് യേശുവിന്റെ ഈ ക്ഷണം സ്വീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്: “അതിന് [ഏകാകിത്വത്തിന്റെ വരത്തിന്] ഇടം കണ്ടെത്താൻ കഴിയുന്നവർ ഇടം കണ്ടെത്തട്ടെ.” അവർ “സ്വർഗ്ഗരാജ്യം നിമിത്തം” അങ്ങനെ ചെയ്തിരിക്കുന്നു. (മത്തായി 19:11, 12, NW) അതായത്, രാജ്യതാൽപ്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനുവേണ്ടി കൂടുതൽ സമയവും ഊർജ്ജവും ഉപയോഗിച്ചുകൊണ്ട് അവർ തങ്ങളുടെ ദൈവദത്തമായ സ്വാതന്ത്ര്യം നന്നായി വിനിയോഗിച്ചിരിക്കുന്നു. അവരിൽ അനേകർ പയണിയർമാരായും മിഷനറിമാരായും അല്ലെങ്കിൽ വാച്ച്ടവർ സൊസൈററിയുടെ കേന്ദ്ര ഓഫീസിലെയോ ഏതെങ്കിലും ഒരു ബ്രാഞ്ചോഫീസിലെയോ ബെഥേൽ ഭവനത്തിൽ അംഗങ്ങളായും സേവിക്കുന്നു.
13. ഒരു ക്രിസ്ത്യാനിക്ക് ഏകാകിയും അതേസമയം സന്തുഷ്ടനുമായിരിക്കാൻ കഴിയുമെന്ന് എന്തു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?
13 പ്രായമായ ഒരു പ്രിയ സഹോദരി അവരുടെ ജീവിത കഥക്ക് “ഏകാകിയും പയണിയർ എന്ന നിലയിൽ സന്തുഷ്ടയും” എന്ന അർത്ഥവത്തായ ശീർഷകം നൽകി. (ദ വാച്ച്ടവർ, മേയ് 1, 1985, പേജ് 23-6) ബെഥേലിൽ 50-ലധികം വർഷങ്ങൾ സേവിച്ച ഏകാകിയായ മറെറാരു സഹോദരി ഇപ്രകാരം പ്രസ്താവിച്ചു: “എന്റെ ജീവിതവും ജോലിയും സംബന്ധിച്ച് ഞാൻ തികച്ചും സംതൃപ്തയാണ്. ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വേലയിൽ ഞാൻ ഇന്ന് മുമ്പെന്നത്തേക്കാൾ തിരക്കോടെ ഏർപ്പെടുന്നു. എനിക്ക് ഖേദമില്ല. ഞാൻ ഇനിയും ഇതേ തീരുമാനം തന്നെ എടുക്കും.”—ദ വാച്ച്ടവർ, ജൂൺ 15, 1982, പേ. 15.
14, 15. (എ) അപ്പോസ്തലനായ പൗലോസ് പറയുന്നതനുസരിച്ച് ഏകാകിയായി തുടരുന്നതിന് എന്താണ് ആവശ്യമായിരിക്കുന്നത്? (ബി) ഏകാകി “കൂടുതൽ നന്നായി” ചെയ്യുന്നെന്നും “കൂടുതൽ സന്തുഷ്ടനാണെന്നും” പൗലോസ് പറയുന്നത് എന്തുകൊണ്ടാണ്?
14 “തീരുമാനം” എന്ന പദം കുറിക്കൊള്ളുക. പൗലോസ് ഇപ്രകാരം എഴുതി: “എങ്കിലും നിർബ്ബന്ധത്താലല്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ സ്വന്തം കന്യാത്വം കാത്തുകൊള്ളാൻ ഹൃദയത്തിൽ തീരുമാനം ചെയ്യുന്നുവെങ്കിൽ അവൻ നന്നായി ചെയ്യുന്നു. തൽഫലമായി വിവാഹത്തിന് തന്റെ കന്യാത്വത്തെ വിട്ടുകൊടുക്കുന്നവനും നന്നായി ചെയ്യുന്നു, എന്നാൽ വിവാഹത്തിന് അതു കൊടുക്കാത്തവൻ ഏറെ നന്നായി ചെയ്യുന്നു.” (1 കൊരിന്ത്യർ 7:37, 38, NW) എന്തുകൊണ്ട് “ഏറെ നന്നായി”? പൗലോസ് ഇപ്രകാരം വിശദീകരിച്ചു: “നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കണം എന്ന് ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കർത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്ന് വച്ച് കർത്താവിനുള്ളത് ചിന്തിക്കുന്നു . . . കൂടാതെ അവിവാഹിതയായവളും കന്യകയും കർത്താവിനുള്ളത് ചിന്തിക്കുന്നു . . . എന്നാൽ ഞാൻ ഇത് പറയുന്നത് നിങ്ങളുടെതന്നെ വ്യക്തിപരമായ ഗുണത്തിനു വേണ്ടിയാണ് . . . യോഗ്യമായതു ചെയ്യുന്നതിനും ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായി വസിക്കുന്നതിനും നിങ്ങളെ പ്രേരിപ്പിക്കേണ്ടതിനു തന്നെ.”—1 കൊരിന്ത്യർ 7:32-35, NW.
15 ‘കർത്താവിന്റെ അംഗീകാരം നേടാനുള്ള’ ലക്ഷ്യത്തിൽ “ശ്രദ്ധാശൈഥില്യം കൂടാതെ കർത്താവിങ്കൽ സ്ഥിരമായി വസിക്കുന്നത്” സന്തുഷ്ടിയോട് ബന്ധപ്പെട്ടിരിക്കുന്നുവോ? പ്രത്യക്ഷത്തിൽ പൗലോസ് അങ്ങനെ വിചാരിച്ചു. ഒരു ക്രിസ്തീയ വിധവയെപ്പററി സംസാരിക്കുകയിൽ അവൻ ഇപ്രകാരം പറഞ്ഞു: “തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിക്കാൻ സ്വാതന്ത്യം ഉണ്ട്; കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു. എന്നാൽ അവൾ അങ്ങനെതന്നെ പാർത്തുകൊണ്ടാൽ അവൾ കൂടുതൽ സന്തുഷ്ടയായിരിക്കും എന്നാണ് എന്റെ അഭിപ്രായം. ദൈവത്തിന്റെ ആത്മാവ് എനിക്കുമുണ്ട് എന്ന് നിശ്ചയമായും ഞാൻ വിചാരിക്കുന്നു.”—1 കൊരിന്ത്യർ 7:39, 40, NW.
അവിവാഹിതാവസ്ഥയുടെ നേട്ടങ്ങൾ
16. യഹോവയുടെ അവിവാഹിതരായ സാക്ഷികൾ ആസ്വദിക്കുന്ന ചില പ്രയോജനങ്ങൾ ഏവ?
16 ഒരു ക്രിസ്ത്യാനി വ്യക്തിപരമായ തീരുമാനത്താലോ അല്ലെങ്കിൽ സാഹചര്യങ്ങളുടെ നിർബ്ബന്ധം നിമിത്തമോ ഏകാകിയായിരിക്കുന്നുവെങ്കിലും അവിവാഹിതാവസ്ഥ വ്യക്തിപരമായ അനേകം നേട്ടങ്ങൾ കൈവരുത്തുന്നു. ഏകാകികളായ വ്യക്തികൾക്ക് സാധാരണയായി ദൈവവചനം പഠിക്കുന്നതിനും അതേപ്പററി ധ്യാനിക്കുന്നതിനും കൂടുതൽ സമയം ലഭിക്കുന്നു. അവർ ഈ സാഹചര്യം പ്രയോജനപ്പെടുത്തുകയാണെങ്കിൽ അവരുടെ ആത്മീയത ആഴമുള്ളതായിത്തീരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ഒരു വിവാഹഇണ ഇല്ലാത്തതുകൊണ്ട് അനേകർ യഹോവയിൽ കൂടുതലായി ആശ്രയിക്കാനും എല്ലാ കാര്യത്തിലും അവന്റെ മാർഗ്ഗനിർദ്ദേശം തേടാനും പഠിക്കുന്നു. (സങ്കീർത്തനം 37:5) ഇതു യഹോവയുമായി കൂടുതൽ അടുത്ത ഒരു ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു.
17, 18. (എ) യഹോവയുടെ അവിവാഹിതരായ ദാസൻമാർക്ക് വിസ്തൃതമായ സേവനത്തിനുള്ള ഏത് അവസരങ്ങൾ ലഭ്യമാണ്? (ബി) യഹോവയുടെ അവിവാഹിതരായ ചില ദാസൻമാർ തങ്ങളുടെ സന്തുഷ്ടി എങ്ങനെ വർണ്ണിച്ചിരിക്കുന്നു?
17 അവിവാഹിതരായ ക്രിസ്ത്യാനികൾക്ക് യഹോവയുടെ സ്തുതിക്കായി വിശാലമായ ഒരു സേവനമണ്ഡലം ലഭിക്കുന്നതിനുള്ള അവസരമുണ്ട്. ഇപ്പോൾ മിനിസ്ററീരിയൽ ട്രെയിനിംഗ് സ്കൂളിൽ നൽകപ്പെടുന്ന പ്രത്യേക പരിശീലനം ഏകാകികളോ വിഭാര്യരോ ആയ സഹോദരൻമാർക്കായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. ദൈവസേവനത്തിലെ പദവികൾക്കായി എത്തിപ്പിടിക്കുന്നതിന് ഏകാകികളായ സഹോദരിമാരും കൂടുതൽ സ്വതന്ത്രരാണ്. മുമ്പ് പരാമർശിക്കപ്പെട്ട പ്രായമേറിയ സഹോദരി, അവരുടെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ “50-ലധികം വയസ്സു പ്രായമുള്ള, ഏറെക്കുറെ ബലഹീനയായ ഒരു സ്ത്രീ” ആയിരുന്നപ്പോൾ ഒരു ആഫ്രിക്കൻ രാജ്യത്ത് പോയി സേവിക്കാൻ സന്നദ്ധയായി. ഒരു നിരോധനകാലത്ത് ബാക്കി മിഷനറിമാരെല്ലാം അവിടെ നിന്ന് നാടുകടത്തപ്പെട്ടപ്പോഴും അവർ അവിടെത്തന്നെ തുടർന്നു. ഇപ്പോൾ 80 വയസ്സു കഴിഞ്ഞെങ്കിലും ഇപ്പോഴും അവർ ഒരു പയണിയറായി സേവിക്കുന്നു. അവർ സന്തുഷ്ടയാണോ? അവരുടെ ജീവിത കഥയിൽ അവർ ഇപ്രകാരം എഴുതി: “ഏകാകിത്വം എനിക്കു ലഭ്യമാക്കിയ കൂടുതലായ സ്വാതന്ത്ര്യവും ചലനക്ഷമതയും ശുശ്രൂഷയിൽ തിരക്കുള്ളവളായിരിക്കുന്നതിന് എനിക്ക് ഉപയോഗിക്കാൻ കഴിഞ്ഞു, ഇത് എനിക്ക് വലിയ സന്തുഷ്ടി കൈവരുത്തുകയും ചെയ്തിരിക്കുന്നു. . . . വർഷങ്ങളിലൂടെ യഹോവയുമായുള്ള എന്റെ ബന്ധം കൂടുതൽ ആഴമുള്ളതായിത്തീർന്നിരിക്കുന്നു. ഒരു ആഫ്രിക്കൻ രാജ്യത്തിലെ ഏകാകിയായ ഒരു സ്ത്രീയയെന്ന നിലയിൽ ഞാൻ അവനെ ഒരു സംരക്ഷകനായി കണ്ടിരിക്കുന്നു.”
18 വാച്ച്ടവർ സൊസൈററിയുടെ കേന്ദ്ര ആസ്ഥാനത്ത് ദശകങ്ങളോളം സേവിച്ച ഒരു സഹോദരന്റെ വാക്കുകളും ശ്രദ്ധേയമാണ്. അദ്ദേഹം ഒരിക്കലും വിവാഹിതനായില്ലെങ്കിലും വിവാഹത്തിന്റെ ഭാവി പ്രതീക്ഷ ഇല്ലാത്ത സ്വർഗ്ഗീയ പ്രത്യാശയാണ് അദ്ദേഹത്തിനുണ്ടായിരുന്നതെങ്കിലും അദ്ദേഹം സന്തുഷ്ടനായിരുന്നു. 79-താമത്തെ വയസ്സിൽ അദ്ദേഹം ഇപ്രകാരം എഴുതി: “എല്ലാ ദിവസവും നമ്മുടെ പ്രിയപ്പെട്ട സ്വർഗ്ഗീയ പിതാവിനോട്, അവന്റെ തിരുവിഷ്ടം തുടർന്നു ചെയ്തുകൊണ്ടിരിക്കാൻ എന്നെത്തന്നെ ആത്മീയമായും ശാരീരികമായും ആരോഗ്യമുള്ളവനും ശക്തനുമായി സൂക്ഷിക്കാൻ ആവശ്യമായ സഹായത്തിനും ജ്ഞാനത്തിനുമായി പ്രാർത്ഥനയിൽ ഞാൻ യാചിക്കുന്നു. യഹോവയുടെ സേവനത്തിലെ കഴിഞ്ഞ നാൽപ്പത്തിഒൻപതു വർഷങ്ങളിൽ ഞാൻ വാസ്തവത്തിൽ സന്തുഷ്ടവും പ്രതിഫലദായകവും അനുഗ്രഹീതവുമായ ഒരു ജീവിതം ആസ്വദിച്ചിരിക്കുന്നു. യഹോവയുടെ സ്തുതിക്കും മഹത്വത്തിനും അവന്റെ ജനത്തിന്റെ അനുഗ്രഹത്തിനുമായി അവന്റെ അനർഹദയയാൽ അവനെ തുടർന്ന് സേവിക്കാൻ നോക്കിപ്പാർത്തിരിക്കുന്നു . . . യഹോവയുടെ ശത്രുക്കൾ മേലാൽ ഇല്ലാത്തതും മുഴുഭൂമിയും അവന്റെ മഹത്വത്താൽ നിറഞ്ഞിരിക്കുന്നതുമായ സമയത്തിനുവേണ്ടി മുന്നോട്ട് നോക്കിക്കൊണ്ട് വിശ്വാസത്തിന്റെ നല്ല പോർ പൊരുതിക്കൊണ്ടിരിക്കാൻ യഹോവയിങ്കലെ സന്തോഷം എന്നെ സഹായിക്കുന്നു.—സംഖ്യാപുസ്തകം 14:21; നെഹമ്യാവ് 8:10; ദ വാച്ച്ററവർ നവംബർ 15, 1968, പേ. 699-702.
യഥാർത്ഥ സന്തുഷ്ടി എന്തിനെ ആശ്രയിച്ചിരിക്കുന്നു?
19. നമ്മുടെ സന്തുഷ്ടി എല്ലായ്പ്പോഴും എന്തിനെ ആശ്രയിച്ചിരിക്കും?
19 യഹോവയുമായുള്ള നമ്മുടെ അമൂല്യമായ ബന്ധം, അവന്റെ അംഗീകാരം, അവന്റെ അനുഗ്രഹം—സകല നിത്യതയിലും നമുക്കു യഥാർത്ഥ സന്തുഷ്ടി കൈവരുത്തുന്ന ഘടകങ്ങൾ ഇവയാണ്. യഥാർത്ഥ സന്തുഷ്ടി ഉളവാക്കുന്നത് എന്ത് എന്നതു സംബന്ധിച്ച ഈ ഉചിതമായ കാഴ്ച്ചപ്പാടിൽ യഹോവയുടെ വിവാഹിതരായ ദാസൻമാരും തങ്ങളുടെ ജീവിതത്തിലെ ഏററം പ്രധാനപ്പെട്ട സംഗതി തങ്ങളുടെ വിവാഹമല്ല എന്ന് തിരിച്ചറിയുന്നു. അവർ അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധിയുപദേശത്തിന് ചെവി കൊടുക്കുന്നു: “എന്നാൽ സഹോദരൻമാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെ . . . ആയിരിക്കേണം.” (1 കൊരിന്ത്യർ 7:29) ഇത് അവർ തങ്ങളുടെ ഭാര്യമാരെ അവഗണിക്കണം എന്ന് അർത്ഥമാക്കുന്നില്ല. പക്വതയുള്ള ക്രിസ്തീയ ഭർത്താക്കൻമാർ യഹോവയുടെ സേവനം ഒന്നാമത് വയ്ക്കുന്നു, ദൈവഭയവും സ്നേഹവും ഉള്ളവരും പിന്തുണകൊടുക്കുന്നവരുമായ അവരുടെ ഭാര്യമാരും അങ്ങനെ തന്നെ ചെയ്യുന്നു, ചിലർ തങ്ങളുടെ ഭർത്താക്കൻമാരുടെ സഹപ്രവർത്തകരെന്ന നിലയിൽ മുഴുസമയം സേവിച്ചുകൊണ്ടു പോലും അങ്ങനെ ചെയ്യുന്നു.—സദൃശവാക്യങ്ങൾ 31:10-12, 28; മത്തായി 6:33.
20. അനേകം ക്രിസ്ത്യാനികൾക്ക് തങ്ങളുടെ വിവാഹിത പദവിയോട് എന്ത് ഉചിതമായ മനോഭാവമുണ്ട്?
20 സഞ്ചാരമേൽവിചാരകൻമാരും ബെഥേലിൽ സ്വമേധാ സേവിക്കുന്നവരും സഭയിലെ മൂപ്പൻമാരുമായ വിവാഹിത സഹോദരങ്ങൾ—വാസ്തവത്തിൽ രാജ്യതാൽപ്പര്യങ്ങൾ ഒന്നാമത് വയ്ക്കുന്ന എല്ലാ വിവാഹിത ക്രിസ്ത്യാനികളും—‘ലോകത്തെ മുഴുവനായി ഉപയോഗിക്കുന്നില്ല’; യഹോവയുടെ സേവനത്തിലുള്ള തങ്ങളുടെ സമർപ്പിത ജീവിതത്തോട് തങ്ങളുടെ വിവാഹിത ജീവിതത്തിന്റെ പദവികളെ പൊരുത്തത്തിൽ കൊണ്ടുപോകാൻ അവർ ശ്രമിക്കുന്നു. (1 കൊരിന്ത്യർ 7:31) എന്നിരുന്നാലും, അവർ സന്തുഷ്ടരാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവരുടെ സന്തുഷ്ടിക്കുള്ള പ്രബലമായ കാരണം അവരുടെ വിവാഹമല്ല മറിച്ച് അവരുടെ യഹോവാസേവനമാണ്. വിശ്വസ്തരായ അനേകം ഭർത്താക്കൻമാരും അവരുടെ ഭാര്യമാരും—അതെ, അവരുടെ കുട്ടികളും—കാര്യങ്ങൾ ആ വിധത്തിൽ ആയിരിക്കുന്നതിൽ സന്തുഷ്ടരാണ്.
21, 22. (എ) യിരെമ്യാവ് 9:23, 24-ന്റെ അടിസ്ഥാനത്തിൽ എന്ത് നമ്മെ സന്തുഷ്ടികൊണ്ട് നിറക്കണം? (ബി) സദൃശവാക്യങ്ങൾ 3:13-18-ൽ പറയപ്പെട്ടിരിക്കുന്ന സന്തുഷ്ടിക്കുള്ള ഘടകങ്ങൾ ഏവയാണ്?
21 യിരെമ്യാപ്രവാചകൻ ഇപ്രകാരം എഴുതി: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്റെ ജ്ഞാനത്തിൽ പ്രശംസിക്കരുതു; ബലവാൻ തന്റെ ബലത്തിൽ പ്രശംസിക്കരുതു; ധനവാൻ തന്റെ ധനത്തിലും പ്രശംസിക്കരുതു. പ്രശംസിക്കുന്നവനോ: യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവർത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്ക് പ്രസാദമുള്ളതു എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവ് 9:23, 24.
22 നാം ഏകാകികളായാലും വിവാഹിതരായാലും യഹോവയെപ്പററിയുള്ള നമ്മുടെ അറിവും നാം യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനാൽ നമുക്ക് അവന്റെ അനുഗ്രഹവുമുണ്ട് എന്ന ബോദ്ധ്യവുമായിരിക്കണം നമ്മുടെ സന്തുഷ്ടിയുടെ ഏററം വലിയ ഉറവ്. മൂല്യങ്ങളുടെ, യഹോവയെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളുടെ, യഥാർത്ഥ മാനദണ്ഡമെന്താണെന്നതു സംബന്ധിച്ച് ഉൾക്കാഴ്ചയുള്ളതിനാലും നാം സന്തുഷ്ടരാണ്. അനേകം സ്ത്രീകളെ വിവാഹം ചെയ്ത ശലോമോൻ രാജാവ് വിവാഹത്തെ സന്തുഷ്ടിക്കുള്ള ഏക താക്കോലായി കണക്കാക്കിയില്ല. അവൻ പറഞ്ഞു: “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അത് മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാൻമാർ.”—സദൃശവാക്യങ്ങൾ 3:13-18.
23, 24. പുതിയ വ്യവസ്ഥിതിയിൽ യഹോവയുടെ വിശ്വസ്ത ദാസൻമാരെല്ലാവരും സന്തുഷ്ടരായിരിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
23 നമ്മിൽ വിവാഹിതരായവർ ദിവ്യേഷ്ടം ചെയ്യുന്നതിൽ നിത്യമായ സന്തോഷം കണ്ടെത്തുമാറാകട്ടെ. സ്വന്തതീരുമാനപ്രകാരമോ സാഹചര്യത്തിന്റെ നിർബ്ബന്ധത്താലോ ഏകാകികളായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട സഹോദരീസഹോദരൻമാർ അവരുടെ എല്ലാ പരീക്ഷകളിലും സഹിച്ചു നിൽക്കുകയും ഇന്നും എന്നേക്കും യഹോവയെ സേവിക്കുന്നതിൽ സന്തുഷ്ടിയും സംതൃപ്തിയും കണ്ടെത്തുകയും ചെയ്യുമാറാകട്ടെ. (ലൂക്കോസ് 18:29, 30; 2 പത്രോസ് 3:11-13) ദൈവത്തിന്റെ വരാനിരിക്കുന്ന വ്യവസ്ഥിതിയിൽ “ചുരുളുകൾ” തുറക്കപ്പെടും. (വെളിപ്പാട് 20:12) അവയിൽ അനുസരണമുള്ള മനുഷ്യവർഗ്ഗത്തിന്റെ സന്തുഷ്ടിക്ക് സംഭാവന ചെയ്യുന്ന ഉത്തേജജനകമായ പുതിയ കൽപ്പനകളും നിബന്ധനകളും ഉണ്ടായിരിക്കും.
24 തീർച്ചയായും, നമുക്ക് പൂർണ്ണമായ സന്തുഷ്ടി കൈവരുത്തുന്ന അത്ഭുതകരമായ നല്ല കാര്യങ്ങൾ നമ്മുടെ “സന്തുഷ്ടനായ ദൈവം” നമുക്കു വേണ്ടി കരുതിവച്ചിട്ടുണ്ട് എന്ന കാര്യത്തിൽ നമുക്ക് ആത്മവിശ്വാസമുള്ളവരായിരിക്കാൻ കഴിയും. (1 തിമൊഥെയോസ് 1:11, NW) ദൈവം ‘തന്റെ തൃക്കൈ തുറന്ന് ജീവനുള്ളതിനൊക്കെയും തൃപ്തി വരുത്തുന്നത്’ തുടരും. (സങ്കീർത്തനം 145:16) യഹോവയെ സേവിക്കുന്നതിൽ യഥാർത്ഥ സന്തുഷ്ടി ഉള്ളതും എന്നും ഉണ്ടായിരിക്കുന്നതും അതിശയമല്ല.
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
◻ യഹോവയുടെ സമർപ്പിത ദാസൻമാരുടെ സന്തുഷ്ടിക്കുള്ള അടിസ്ഥാനമെന്താണ്?
◻ ബൈബിൾ കാലങ്ങളിലെ, യഹോവയുടെ സന്തുഷ്ടരായ അവിവാഹിത ദാസൻമാരിൽ ചിലർ ആരെല്ലാമായിരുന്നു?
◻ പൗലോസ് ഏകാകിത്വം ശുപാർശ ചെയ്തത് എന്തുകൊണ്ട്, അതൊരു സന്തുഷ്ട ജീവിതമാണെന്ന് ചില ക്രിസ്ത്യാനികൾ കണ്ടെത്തിയിരിക്കുന്നതെങ്ങനെ?
◻ നമ്മുടെ സന്തുഷ്ടി എല്ലായ്പ്പോഴും എന്തിൽ ആശ്രയിച്ചിരിക്കും?
◻ പുതിയ വ്യവസ്ഥിതിയിൽ വിശ്വസ്തരായവരെല്ലാം സന്തുഷ്ടരായിരിക്കുമെന്ന് നമുക്ക് ആത്മവിശ്വാസമുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
ഏകാകികളായ അനേകം സഹോദരിമാർ മുഴുസമയ ശുശ്രൂഷകരെന്ന നിലയിൽ സന്തുഷ്ടരായി യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നു
[18-ാം പേജിലെ ചിത്രം]
സന്തുഷ്ടിയുടെ മുഖ്യ ഉറവ് യഹോവയുടെ രാജ്യതാൽപ്പര്യങ്ങൾക്ക് സേവ ചെയ്യുന്നതാണ്