ആത്മാർപ്പണത്തിന്റെ മാതൃകകൾ റഷ്യയിൽ
റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്ക് കാലങ്ങളായി ഉണ്ടായിരുന്ന നിരോധനം നീങ്ങി 1991-ൽ ഔദ്യോഗിക അംഗീകാരം ലഭിച്ചത് അവരെ വളരെയധികം സന്തോഷിപ്പിച്ചു. അന്നുള്ള സാക്ഷികളുടെ സംഖ്യ പിന്നീട് പതിന്മടങ്ങ് വർധിച്ച് ഇന്നത്തെപ്പോലെ 1,70,000 ആകുമെന്ന് അന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല. ഈ കഠിനാധ്വാനികളായ രാജ്യഘോഷകരിൽ, ആത്മീയ കൊയ്ത്തുവേലയിൽ സഹായിക്കാൻ മറ്റു ദേശങ്ങളിൽനിന്ന് റഷ്യയിൽ എത്തിയ സാക്ഷികളും ഉൾപ്പെടുന്നു. (മത്താ. 9:37, 38) അവരിൽ ചിലരെ നമുക്ക് പരിചയപ്പെടാം.
മനസ്സൊരുക്കമുള്ള സഹോദരന്മാർ സഭകൾ ശക്തമാകാൻ സഹായിക്കുന്നു
റഷ്യയിലെ നിരോധനം നീങ്ങിയ സമയത്ത് ഗ്രേറ്റ് ബ്രിട്ടനിലുള്ള മാത്യുവിന് 28 വയസ്സായിരുന്നു. ആ വർഷം നടന്ന കൺവെൻഷനിലെ ഒരു പ്രസംഗത്തിൽ കിഴക്കൻ യൂറോപ്പിലെ സഭകൾക്ക് സഹായം ആവശ്യമുണ്ട് എന്ന കാര്യം ഊന്നിപ്പറഞ്ഞു. പ്രസംഗകൻ ഉദാഹരണമായി പറഞ്ഞത് റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ ഒരു സഭയെക്കുറിച്ചായിരുന്നു. അവിടെ മൂപ്പന്മാർ ആരുമില്ലായിരുന്നു; ആകെയുണ്ടായിരുന്നത് ഒരു ശുശ്രൂഷാദാസൻ മാത്രം. എന്നിട്ടുപോലും അവിടെയുള്ള പ്രചാരകർ നൂറുകണക്കിന് ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ടായിരുന്നു. മാത്യു പറയുന്നു: “ആ പ്രസംഗം കേട്ടശേഷം എന്റെ ചിന്ത മുഴുവനും റഷ്യയെക്കുറിച്ചായിരുന്നു. അങ്ങോട്ടു പോകാനുള്ള എന്റെ ആഗ്രഹത്തെക്കുറിച്ച് എടുത്തുപറഞ്ഞ് ഞാൻ യഹോവയോടു പ്രാർഥിച്ചു.” മാത്യു കുറച്ച് പണം സ്വരൂപിച്ചു. തനിക്കുണ്ടായിരുന്ന വസ്തുവകകൾ മിക്കതും വിറ്റു. എന്നിട്ട് 1992-ൽ റഷ്യയിലേക്ക് മാറിത്താമസിച്ചു. തുടർന്ന് എന്ത് സംഭവിച്ചു?
മാത്യു
മാത്യു പറയുന്നു: “ഭാഷ ഒരു പ്രശ്നമായിരുന്നു. അതുകൊണ്ട് എനിക്ക് ആത്മീയകാര്യങ്ങൾ മറ്റുള്ളവരുമായി നന്നായി ചർച്ച ചെയ്യാൻ പറ്റിയിരുന്നില്ല.” താമസസൗകര്യം കണ്ടുപിടിക്കുന്നതായിരുന്നു അവൻ നേരിട്ട മറ്റൊരു പ്രശ്നം. “മാറിമാറിത്താമസിച്ച അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിനു കൈയും കണക്കും ഇല്ലായിരുന്നു, അതും പെട്ടെന്നുപെട്ടെന്ന്.” തുടക്കത്തിൽ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, “ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം റഷ്യയിലേക്ക് വരാമെന്ന് വെച്ചതാണ്” എന്ന് അവൻ പറയുന്നു. “ഇവിടെ സേവിക്കുന്നതിലൂടെ ഞാൻ യഹോവയിൽ കൂടുതൽ ആശ്രയിക്കാൻ പഠിച്ചു. കൂടാതെ, അനേകം വിധങ്ങളിൽ യഹോവയുടെ വഴിനടത്തിപ്പും അനുഭവിച്ചറിഞ്ഞു.” പിന്നീട് അവൻ ഒരു മൂപ്പനും പ്രത്യേക മുൻനിരസേവകനും ആയി. ഇപ്പോൾ മാത്യു സെന്റ് പീറ്റേഴ്സ്ബർഗിനടുത്തുള്ള ബ്രാഞ്ചോഫീസിൽ സേവിക്കുന്നു.
1999-ൽ ജപ്പാനിൽ നടന്ന ശുശ്രൂഷാ പരിശീലന സ്കൂളിൽനിന്ന് 25-ാം വയസ്സിൽ ബിരുദം നേടിയ ഹിറുവിനെ വിദേശവയലിൽ സേവിക്കാൻ അധ്യാപകരിൽ ഒരാൾ പ്രോത്സാഹിപ്പിച്ചു. റഷ്യയിൽ പ്രചാരകരുടെ ആവശ്യം അധികമുണ്ടെന്ന് ഹിറു കേട്ടിരുന്നു. അങ്ങനെ അവൻ റഷ്യൻ ഭാഷ പഠിക്കാൻ തുടങ്ങി. അവൻ വേറൊരു കാര്യവും ചെയ്തു. അവൻ പറയുന്നു: “ഞാൻ ആറ് മാസം റഷ്യയിൽ പോയിത്താമസിച്ചു. അവിടെ ശൈത്യകാലത്ത് വളരെ തണുപ്പായിരുന്നതിനാൽ, ആ തണുപ്പ് എനിക്ക് താങ്ങാൻ പറ്റുമോ എന്ന് അറിയാൻവേണ്ടി നവംബർ മാസത്തിൽ ഞാൻ അങ്ങോട്ട് പോയി.” ആ ശൈത്യകാലം അവിടെ കഴിച്ചുകൂട്ടിയശേഷം അവൻ ജപ്പാനിലേക്ക് തിരിച്ച് വന്നു. റഷ്യയിലേക്ക് തിരിച്ച് ചെന്ന് താമസിക്കാനുള്ള പണം കണ്ടെത്തുന്നതിന് അവൻ ചെലവ് ചുരുക്കി ജീവിച്ചു.
ഹിറുവും സ്വെറ്റ്ലാനയും
ഹിറു റഷ്യയിൽ താമസിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 12 വർഷം കഴിഞ്ഞു. ഇതിനോടകം അനേകം സഭകളിൽ സേവിച്ചു. ചിലപ്പോഴൊക്കെ, 100-ലധികം പ്രചാരകരുള്ള സഭയിൽ അദ്ദേഹം മാത്രമായിരുന്നു ആകെയുള്ള മൂപ്പൻ. ഒരു സഭയിൽ, എല്ലാ ആഴ്ചയും അദ്ദേഹംതന്നെ സേവനയോഗത്തിലെ മിക്ക പരിപാടികളും, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും, വീക്ഷാഗോപുരാധ്യയനവും നടത്തണമായിരുന്നു. അതുകൂടാതെ, സഭാപുസ്തകാധ്യയനവും നടത്തണം, അതും അഞ്ച് പുസ്തകാധ്യയനക്കൂട്ടത്തിന്. അദ്ദേഹം അനേകം ഇടയസന്ദർശനങ്ങളും നടത്തിയിരുന്നു. ആ നാളുകളെക്കുറിച്ച് ഓർത്തുകൊണ്ട് ഹിറു പറയുന്നു: “സഹോദരീസഹോദരന്മാരെ ആത്മീയമായി ബലപ്പെടുത്താനായത് എനിക്ക് വളരെയധികം സന്തോഷം നൽകി.” ആവശ്യം അധികമുള്ളിടത്ത് സേവിച്ചതുകൊണ്ട് അദ്ദേഹത്തിന് എന്ത് ഗുണമുണ്ടായി? അദ്ദേഹം പറയുന്നു: “റഷ്യയിൽ വരുന്നതിന് മുമ്പ് ഞാൻ മൂപ്പനും മുൻനിരസേവകനും ആയിരുന്നു. എങ്കിലും ഇവിടെ വന്നതിന് ശേഷം യഹോവയുമായി തികച്ചും പുതിയ ഒരു ബന്ധത്തിലേക്ക് വന്നതുപോലെ എനിക്ക് തോന്നുന്നു. എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും യഹോവയിൽ കൂടുതലായി ആശ്രയിക്കാൻ ഞാൻ പഠിച്ചു.” 2005-ൽ ഹിറു സ്വെറ്റ്ലാനയെ വിവാഹംകഴിച്ചു, അവർ ഒരുമിച്ച് മുൻനിരസേവനം തുടരുന്നു.
മൈക്കിളും ഓൾഗയും; മറീനയും മാത്യുവും
ഇനി, കനഡയിലെ 34 വയസ്സുള്ള മാത്യുവിന്റെയും 28 വയസ്സുള്ള അവന്റെ സഹോദരൻ മൈക്കിളിന്റെയും കാര്യമെടുക്കാം. ഒരിക്കൽ അവർ റഷ്യ സന്ദർശിച്ചു. അവിടെ ഒരു സഭായോഗത്തിനു വന്ന താത്പര്യക്കാരുടെ എണ്ണം കണ്ട് അവർ അന്തംവിട്ടുപോയി. പക്ഷേ സഭായോഗങ്ങൾ നടത്താൻ വളരെക്കുറച്ച് സഹോദരന്മാർ മാത്രമേയുണ്ടായിരുന്നുള്ളൂ. മാത്യു പറയുന്നു: “ഞാൻ അന്ന് പോയ സഭയിൽ 200 പേർ യോഗത്തിന് വന്നിരുന്നു. എന്നാൽ പ്രായമുള്ള ഒരു മൂപ്പനും ഒരു യുവ ശുശ്രൂഷാദാസനും മാത്രമാണ് പരിപാടികൾ നടത്താനുണ്ടായിരുന്നത്. അത് കണ്ടപ്പോൾ അവിടെയുള്ള സഹോദരങ്ങളെ സഹായിക്കണമെന്ന് എനിക്ക് തോന്നി.” അങ്ങനെ 2002-ൽ അവൻ റഷ്യയിലേക്ക് പോയി.
നാല് വർഷം കഴിഞ്ഞ് മൈക്കിളും റഷ്യയിലേക്ക് പോയി. അവിടെ ഇനിയും ധാരാളം സഹോദരന്മാരെ ആവശ്യമുണ്ടെന്ന് അവൻ മനസ്സിലാക്കി. ഒരു ശുശ്രൂഷാദാസനായിരുന്ന അവൻ സഭയുടെ കണക്ക്, സാഹിത്യം, പ്രദേശം എന്നിവയൊക്കെ കൈകാര്യം ചെയ്തു. അതുകൂടാതെ പലതും അവൻ ചെയ്തു—സാധാരണ ഗതിയിൽ സഭാ സെക്രട്ടറി നിർവഹിക്കുന്ന കാര്യങ്ങളും പരസ്യപ്രസംഗങ്ങൾ നടത്തുന്നതും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിൽ സഹായിക്കുന്നതും രാജ്യഹാളുകൾ നിർമിക്കുന്നതും ഒക്കെ. ഇന്നും സഭകളിൽ വളരെയധികം സഹായം ആവശ്യമുണ്ട്. പല നിയമനങ്ങൾ കൈകാര്യം ചെയ്യുന്നത് ശ്രമകരമാണെങ്കിലും, ഇപ്പോൾ മൂപ്പനായി സേവിക്കുന്ന മൈക്കിൾ പറയുന്നത് ഇങ്ങനെയാണ്: “സഹോദരങ്ങളെ പിന്തുണയ്ക്കുന്നത് എനിക്ക് അതിയായ സംതൃപ്തി തരുന്നു. ജീവിതം ഏറ്റവും നന്നായി ഉപയോഗിക്കാൻ കഴിയുന്നത് ഇങ്ങനെതന്നെയാണ്.”
മാത്യു മറീനയെയും മൈക്കിൾ ഓൾഗയെയും വിവാഹംകഴിച്ചു. ഈ രണ്ട് ദമ്പതികളും മറ്റനേകം സന്നദ്ധസേവകരോടൊപ്പം, വളർന്നുവരുന്ന സഭകളെ സഹായിക്കുന്നതിൽ തുടരുന്നു.
തീക്ഷ്ണതയുള്ള സഹോദരിമാർ കൊയ്ത്തുവേലയിൽ സഹായിക്കുന്നു
ടാറ്റ്യാന
1994-ൽ ടാറ്റ്യാനയ്ക്ക് 16 വയസ്സുള്ളപ്പോൾ ചെക് റിപ്പബ്ലിക്, പോളണ്ട്, സ്ലൊവാക്യ എന്നിവിടങ്ങളിൽനിന്നുള്ള ആറ് പ്രത്യേക മുൻനിരസേവകർ യുക്രെയിനിലുള്ള അവളുടെ സഭയിൽ സേവിക്കാൻ തുടങ്ങി. അവൾ അതിസ്നേഹത്തോടെ അവരെക്കുറിച്ച് ഓർമിക്കുന്നു: “തീക്ഷ്ണതയുള്ള ആ മുൻനിരസേവകർ നല്ല ദയയുള്ളവരും എപ്പോൾവേണമെങ്കിലും സമീപിക്കാനാകുന്നവരും ആയിരുന്നു. അവർക്ക് ബൈബിളിനെക്കുറിച്ച് നല്ല ഗ്രാഹ്യവുമുണ്ടായിരുന്നു.” അവരുടെ ആത്മത്യാഗമനോഭാവത്തെ യഹോവ എങ്ങനെയാണ് അനുഗ്രഹിച്ചതെന്ന് അവൾ കണ്ടു. ‘എനിക്കും അവരെപ്പോലെയാകണം’ എന്നു ചിന്തിക്കാൻ അത് അവളെ പ്രേരിപ്പിച്ചു.
ആ മുൻനിരസേവകരുടെ മാതൃകയിൽനിന്ന് പ്രോത്സാഹനം ലഭിച്ച ടാറ്റ്യാന സ്കൂൾ അവധിക്കാലങ്ങളിൽ, യുക്രെയിനിലെയും ബെലറൂസിലെയും അതുവരെ സുവാർത്ത എത്തിയിട്ടില്ലാത്ത ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മറ്റുള്ളവരോടൊപ്പം പോകുമായിരുന്നു. സുവാർത്ത അറിയിക്കാനായി നടത്തിയ ആ യാത്രകളെല്ലാം അവൾ വളരെ ആസ്വദിച്ചിരുന്നു. അങ്ങനെ അവൾ ദൈവസേവനത്തിലുള്ള തന്റെ പങ്ക് വർധിപ്പിക്കുന്നതിന് റഷ്യയിലേക്ക് പോകാൻ തീരുമാനിച്ചു. ആദ്യം, വിദേശത്തുനിന്ന് റഷ്യയിൽ വന്ന് താമസമാക്കിയ ഒരു സഹോദരിയെ സന്ദർശിക്കാനും മുൻനിരസേവനം ചെയ്യാൻ തന്നെ സഹായിക്കുന്ന ഒരു ജോലി കണ്ടെത്താനും വേണ്ടി കുറച്ചുകാലം ടാറ്റ്യാന റഷ്യയിൽ പോയി താമസിച്ചു. പിന്നീട്, 2000-ത്തിൽ അവൾ റഷ്യയിലേക്ക് താമസം മാറി. ഈ മാറ്റം എളുപ്പമായിരുന്നോ?
ടാറ്റ്യാന പറയുന്നു: “എനിക്ക് സ്വന്തമായി ഒരു വീട് വാങ്ങാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ വീടുകളിൽ ഒരു മുറി വാടകയ്ക്കെടുത്ത് താമസിക്കേണ്ടിവന്നു. അങ്ങനെ താമസിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ചിലപ്പോഴൊക്കെ തിരിച്ച് വീട്ടിലേക്ക് പോയാലോ എന്നുപോലും എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ ഈ സേവനം തുടരുന്നെങ്കിൽ അതിന് തക്കപ്രതിഫലം ലഭിക്കുമെന്ന് മനസ്സിലാക്കാൻ യഹോവ എന്നെ എല്ലായ്പോഴും സഹായിച്ചിട്ടുണ്ട്.” ഇന്ന് ടാറ്റ്യാന റഷ്യയിൽ ഒരു മിഷനറിയായി സേവിക്കുന്നു. അവൾ പറയുന്നു: “സ്വന്തം രാജ്യത്തുനിന്ന് മാറിത്താമസിച്ച ഈ വർഷങ്ങൾ എനിക്ക് അമൂല്യമായ ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ട്; അതുപോലെ ധാരാളം സുഹൃത്തുക്കളെയും. ഇതിലെല്ലാം ഉപരിയായി, ഈ വർഷങ്ങൾ യഹോവയിലുള്ള എന്റെ വിശ്വാസം വളരെ ശക്തമാക്കിയിരിക്കുന്നു.”
മസാക്കൊ
തന്റെ 50-കളിലായിരുന്ന ജപ്പാൻകാരി മസാക്കൊയ്ക്ക് ഒരു മിഷനറിയാകണമെന്നായിരുന്നു ജീവിതാഭിലാഷം. പക്ഷേ, ചില ആരോഗ്യപ്രശ്നങ്ങൾ കാരണം അവൾക്ക് അതിന് കഴിയില്ലെന്ന് തോന്നി. എങ്കിലും ആരോഗ്യം കുറച്ച് മെച്ചപ്പെട്ടപ്പോൾ ആത്മീയ കൊയ്ത്തുവേലയിൽ സഹായിക്കുന്നതിന് റഷ്യയിലേക്ക് പോകാൻ അവൾ തീരുമാനിച്ചു. അനുയോജ്യമായ ഒരു താമസസൗകര്യവും സ്ഥിരവരുമാനവും കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരുന്നെങ്കിലും, ജാപ്പനീസ് ഭാഷ പഠിപ്പിച്ചുകൊണ്ടും വൃത്തിയാക്കുന്ന ജോലി ചെയ്തുകൊണ്ടും അവൾ മുൻനിരസേവനം ചെയ്യാനുള്ള പണം കണ്ടെത്തി. ദൈവസേവനത്തിൽ തുടരാൻ അവളെ സഹായിച്ചത് എന്താണ്?
റഷ്യയിലെ 14-ലധികം വർഷത്തെ സേവനത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് മസാക്കൊ പറയുന്നു: “നേരിടുന്ന ഏതൊരു പ്രശ്നത്തെയും മറികടക്കാൻ സഹായിക്കുന്ന സന്തോഷമാണ് എനിക്ക് ശുശ്രൂഷയിൽനിന്നു കിട്ടുന്നത്. രാജ്യപ്രചാരകരുടെ ആവശ്യം അധികമുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നത് ജീവിതം വളരെ ആവേശം നിറഞ്ഞ ഒന്നാക്കും.” അവൾ തുടരുന്നു: “ഈ കാലങ്ങളിലുടനീളം എനിക്ക് ആവശ്യമായ ആഹാരവും വസ്ത്രവും പാർപ്പിടവും ഒക്കെ യഹോവ കരുതി. അതെല്ലാം നേരിട്ട് അനുഭവിക്കാനായത് ഒരു ആധുനികകാല അത്ഭുതമായിട്ടാണ് എനിക്ക് തോന്നുന്നത്.” റഷ്യയിൽ ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നത് കൂടാതെ മസാക്കൊ കിർഗിസ്ഥാനിലും പ്രസംഗവേലയിൽ ഏർപ്പെട്ടു. ഇംഗ്ലീഷ്, ചൈനീസ്, ഉയ്ഗൂർ ഭാഷാക്കൂട്ടങ്ങളെ സഹായിക്കാനും അവൾക്ക് കഴിഞ്ഞു. ഇപ്പോൾ സെന്റ് പീറ്റേഴ്സ്ബർഗിൽ അവൾ ഒരു മുൻനിരസേവികയായി പ്രവർത്തിക്കുന്നു.
കുടുംബങ്ങൾ പിന്തുണ നൽകുന്നു, അനുഗ്രഹം പ്രാപിക്കുന്നു
ഇങ്ഗയും മിഖായിലും
സാമ്പത്തികഭദ്രത ഇല്ലാത്തതിനാൽ ചില കുടുംബങ്ങൾ തങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്താൻ മറ്റ് രാജ്യങ്ങളിലേക്ക് മാറിത്താമസിക്കുന്നു. എന്നാൽ ചില കുടുംബങ്ങൾ മുൻകാല ദൈവദാസരായ അബ്രാഹാമിനെയും സാറായെയും പോലെ ആത്മീയലാക്കുകൾ മുൻനിറുത്തിക്കൊണ്ട് മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുന്നു. (ഉല്പ. 12:1-9) മിഖായിൽ-ഇങ്ഗ ദമ്പതികൾ അങ്ങനെയാണ് ചെയ്തത്. അവർ 2003-ൽ യുക്രെയിനിൽനിന്ന് റഷ്യയിലേക്ക് മാറിത്താമസിച്ചു. പെട്ടെന്നുതന്നെ, അവർ ബൈബിൾസത്യം അന്വേഷിച്ചുകൊണ്ടിരുന്നവരെ കണ്ടെത്തി.
മിഖായിൽ പറയുന്നു: “ഒരിക്കൽ, സാക്ഷികൾ അതുവരെ സുവാർത്ത പ്രസംഗിച്ചിട്ടില്ലാത്ത ഒരു സ്ഥലത്ത് ഞങ്ങൾ പ്രസംഗിക്കാൻ പോയി. അവിടെ ഒരു വീട്ടിൽ, വയസ്സായ ഒരാൾ കതക് തുറന്ന്, ‘നിങ്ങൾ സുവിശേഷകരാണോ’ എന്ന് ചോദിച്ചു. ‘അതെ’ എന്ന് ഞങ്ങൾ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: ‘നിങ്ങൾ എന്നെങ്കിലും ഇവിടെ വരുമെന്ന് എനിക്ക് അറിയാമായിരുന്നു. യേശുവിന്റെ വാക്കുകൾ നടക്കാതെ പോകില്ലല്ലോ.’ എന്നിട്ട് ആ വ്യക്തി മത്തായി 24:14 ഉദ്ധരിച്ചു.” മിഖായിൽ തുടരുന്നു: “ആ പ്രദേശത്തുവെച്ച് ബാപ്റ്റിസ്റ്റ് സഭക്കാരായ ഏതാണ്ട് പത്ത് പേരുള്ള ഒരു കൂട്ടം സ്ത്രീകളെ ഞങ്ങൾ കണ്ടുമുട്ടി. സത്യത്തിനായി ദാഹിച്ചിരുന്ന ആത്മാർഥഹൃദയരായിരുന്നു അവർ. അവരുടെ കൈയിൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച എന്നേക്കും ജീവിക്കാൻ പുസ്തകമുണ്ടായിരുന്നു. ബൈബിൾ പഠിക്കാൻ എല്ലാ വാരാന്തങ്ങളിലും അവർ അത് ഉപയോഗിച്ചിരുന്നു. മണിക്കൂറുകളോളം ഞങ്ങൾ അവരുടെ പലപല ചോദ്യങ്ങൾക്ക് ഉത്തരം കൊടുത്തു. അതുപോലെ അവരോടൊപ്പം രാജ്യഗീതങ്ങൾ പാടി, ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. മറക്കാനാകാത്ത നല്ലൊരു അനുഭവമായിരുന്നു അത്.” രാജ്യപ്രചാരകരുടെ ആവശ്യം അധികമുള്ളിടത്ത് സേവിക്കുന്നതുകൊണ്ട്, തങ്ങൾക്ക് യഹോവയോട് കൂടുതൽ അടുക്കാനായെന്നും ആളുകളോടുള്ള സ്നേഹം ആഴമുള്ളതാക്കാനായെന്നും വളരെ സംതൃപ്തികരമായ ഒരു ജീവിതം നേടാനായെന്നും മിഖായിലും ഇങ്ഗയും സമ്മതിച്ച് പറയുന്നു. ഇപ്പോൾ അവർ സർക്കിട്ട് വേല ചെയ്യുന്നു.
ഒക്സാന, അലെക്സെ, യൂറി
ഇപ്പോൾ 35-നോട് അടുത്ത് പ്രായമുള്ള യുക്രെയിൻകാരായ യൂറി-ഒക്സാന ദമ്പതികളും 13 വയസ്സുള്ള അവരുടെ മകൻ അലെക്സെയും 2007-ൽ റഷ്യൻ ബ്രാഞ്ചോഫീസ് സന്ദർശിച്ചു. അവിടെവെച്ച് റഷ്യയുടെ ഒരു ഭൂപടത്തിൽ പ്രസംഗപ്രവർത്തനത്തിനായി അതുവരെ നിയമിച്ചിട്ടില്ലാത്ത വലിയ പ്രദേശങ്ങൾ അവർ കണ്ടു. ഒക്സാന പറയുന്നു: “ആ ഭൂപടം കണ്ടപ്പോൾ, രാജ്യപ്രചാരകരെ ആവശ്യമുണ്ടെന്ന് മുമ്പെന്നത്തെക്കാളധികം ഞങ്ങൾ തിരിച്ചറിഞ്ഞു. അത് റഷ്യയിലേക്ക് മാറിത്താമസിക്കാൻ ഞങ്ങളുടെ മനസ്സിനെ ഒരുക്കാൻ സഹായിച്ചു.” അവർക്ക് മറ്റെന്ത് സഹായമാണ് ലഭിച്ചത്? യൂറി പറയുന്നു: “നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ വന്ന, ‘നിങ്ങൾക്ക് ഒരു വിദേശ വയലിൽ സേവിക്കാനാകുമോ?’ എന്നതുപോലുള്ള ലേഖനങ്ങൾ വായിച്ചത് ഞങ്ങൾക്ക് വളരെ ഗുണംചെയ്തു.a പോകാനായി ബ്രാഞ്ചോഫീസ് നിർദേശിച്ച, റഷ്യയിലെ പ്രദേശത്ത് താമസസൗകര്യവും ഒരു ജോലിയും കണ്ടുപിടിക്കുന്നതിന് ഞങ്ങൾ ഒന്നു പോയിനോക്കി.” 2008-ൽ അവർ റഷ്യയിൽ താമസം തുടങ്ങി.
ഒരു ജോലി കണ്ടുപിടിക്കുന്നതായിരുന്നു അവർക്ക് ഏറ്റവും പാടുള്ള കാര്യം. പല പ്രാവശ്യം അവർക്ക് വീടുകൾ മാറിമാറിത്താമസിക്കേണ്ടിവന്നു. യൂറി പറയുന്നു: “ഉത്സാഹം കെട്ടുപോകാതിരിക്കാൻ ഞങ്ങൾ കൂടെക്കൂടെ പ്രാർഥിക്കുമായിരുന്നു. സഹായത്തിനായി യഹോവയിൽ ആശ്രയിച്ചുകൊണ്ട് ഞങ്ങൾ സുവാർത്ത അറിയിക്കുന്നതിൽ തുടർന്നു. ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുത്തു പ്രവർത്തിക്കുമ്പോൾ യഹോവ ഞങ്ങൾക്കുവേണ്ടി കരുതുന്നത് എങ്ങനെയാണെന്ന് ഞങ്ങൾ അനുഭവിച്ചറിഞ്ഞു. ഈ സേവനം ഞങ്ങളുടെ കുടുംബത്തെ ശക്തിപ്പെടുത്തി.” (മത്താ. 6:22, 33) അവിടെ പോയതുകൊണ്ട് അലെക്സെയ്ക്ക് എന്തു ഗുണമുണ്ടായി? “അത് അവനെ നന്നായി സ്വാധീനിച്ചു. അവൻ യഹോവയ്ക്ക് തന്നെത്തന്നെ സമർപ്പിച്ച് ഒൻപതാം വയസ്സിൽ സ്നാനമേറ്റു. രാജ്യപ്രചാരകരുടെ ആവശ്യം കൂടുതലുണ്ടെന്ന് കണ്ട അവൻ എല്ലാ അവധിക്കാലങ്ങളിലും സഹായ മുൻനിരസേവനം ചെയ്തു. ശുശ്രൂഷയോടുള്ള അവന്റെ സ്നേഹവും തീക്ഷ്ണതയും കാണുന്നത് ഞങ്ങൾക്കും വളരെ സന്തോഷമാണ്” എന്ന് ഒക്സാന പറയുന്നു. ഇന്ന് യൂറിയും ഒക്സാനയും പ്രത്യേക മുൻനിരസേവകരായി സേവിക്കുന്നു.
“എന്റെ ഒരേ ഒരു വിഷമം”
ഈ ആത്മീയ കൊയ്ത്തുവേലക്കാരുടെ അഭിപ്രായങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ദൈവസേവനത്തിലുള്ള നിങ്ങളുടെ പങ്ക് വർധിപ്പിക്കുന്നതിനായി മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കുന്നതിന് യഹോവയിലുള്ള പൂർണമായ ആശ്രയം ആവശ്യമാണ്. ആവശ്യം അധികമുള്ളിടത്ത് പോയി സേവിക്കുന്നവർക്ക് പല പ്രശ്നങ്ങളുണ്ടാകുമെന്ന കാര്യം സത്യമാണെങ്കിലും, രാജ്യസന്ദേശം കേൾക്കാൻ യഥാർഥതാത്പര്യമുള്ളവരുമായി സുവാർത്ത പങ്കുവെക്കുമ്പോഴുണ്ടാകുന്ന അതിരറ്റ സന്തോഷവും അവർ ആസ്വദിക്കുന്നു. രാജ്യപ്രചാരകരുടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിൽ പോയി സേവിക്കാൻ നിങ്ങൾക്ക് കഴിയുമോ? അങ്ങനെ ചെയ്യാൻ നിങ്ങൾ ഇപ്പോൾ തീരുമാനിക്കുന്നെങ്കിൽ, ആവശ്യം അധികമുള്ളിടത്ത് സേവിക്കാൻ തീരുമാനിച്ച യൂറിയുടെ അതേ വാക്കുകളായിരിക്കും നിങ്ങളും പറയുക: “ഇത് എനിക്ക് നേരത്തേ ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നതാണ് എന്റെ ഒരേ ഒരു വിഷമം.”