ഇവ വാസ്തവമായും അന്ത്യനാളുകളോ?
നിങ്ങൾ ഒരു വഞ്ചിയുടെ അണിയത്തു നിൽക്കുകയാണ്. നദിയുടെ ദുഷ്കരമായ ഭാഗത്തേക്കു പ്രവേശിക്കുന്നു. ചീറിപ്പതഞ്ഞുള്ള ഒഴുക്ക്. കൂറ്റൻ പാറകൾ ദൃശ്യമായിവരുന്നു. അതിൽ ചെന്നുകയറാതിരിക്കാൻ നിങ്ങൾ ആഞ്ഞു തുഴയുകയാണ്. നിങ്ങൾക്കു പിന്നിൽ അമരത്ത് ഒരാളുണ്ട്, പക്ഷേ അയാൾക്ക് അനുഭവപരിചയമില്ല. ഗതികേടിനു നിങ്ങളുടെ പക്കൽ മാപ്പും ഇല്ല. അതുകൊണ്ട് ഈ ഒഴുക്കു ചെന്നവസാനിക്കുന്നതു ശാന്തമായ ഒരു ജലാശയത്തിലോ വെള്ളച്ചാട്ടത്തിലോ എന്നറിയാൻ നിങ്ങൾക്കു യാതൊരു മാർഗവുമില്ല.
രംഗം അത്ര പന്തിയല്ല, അല്ലേ? അതുകൊണ്ടു നമുക്കതിനു മാറ്റം വരുത്താം. നിങ്ങളോടൊപ്പം അനുഭവസമ്പന്നനായ ഒരു വഴികാട്ടിയുണ്ടെന്നു സങ്കൽപ്പിക്കുക. അയാൾക്കു നദിയിലുള്ള ഓരോ പാറയും നദിയുടെ ഓരോ തിരിവും നിശ്ചയമുണ്ട്. പതഞ്ഞൊഴുക്ക് അടുത്തുവരുന്നുണ്ടെന്നും എവിടെ അവസാനിക്കും എന്നുമെല്ലാം അയാൾക്കു മുന്നമേ അറിയാം. മാത്രവുമല്ല, വഞ്ചി എങ്ങനെ തുഴഞ്ഞു മുന്നോട്ടുകൊണ്ടുപോകാമെന്നും അയാൾക്കറിയാം. നിങ്ങൾക്കു കൂടുതൽ സുരക്ഷിതത്വം തോന്നുകയില്ലേ?
വാസ്തവത്തിൽ, നാമെല്ലാവരും സമാനമായൊരു വിഷമസന്ധിയിലാണ്. നമ്മുടെ കുറ്റംകൊണ്ടല്ലെങ്കിലും, മനുഷ്യ ചരിത്രത്തിലെ പരുക്കൻ കാലഘട്ടത്തിലാണ് നാം എത്തിയിരിക്കുന്നത്. സംഗതികൾ എത്രനാൾ ഇതുപോലെ തുടരും, സ്ഥിതിഗതികൾ മെച്ചപ്പെടുമോ, അതിനിടയിൽ ഏറ്റം നന്നായി എങ്ങനെ അതിജീവിക്കാം എന്നിവയെക്കുറിച്ചൊന്നും മിക്കവർക്കും ഒരു പിടിയുമില്ല. എന്നാൽ ഗതിമുട്ടിയെന്നോ നിസ്സഹായരായെന്നോ നാം വിചാരിക്കേണ്ടതില്ല. നമ്മുടെ സ്രഷ്ടാവ് ഒരു വഴികാട്ടിയെ പ്രദാനം ചെയ്തിട്ടുണ്ട്. അതു ചരിത്രത്തിന്റെ ഈ ഇരുണ്ട ഘട്ടത്തെക്കുറിച്ചു മുൻകൂട്ടിപ്പറഞ്ഞിരുന്നു, അതെങ്ങനെ അവസാനിക്കുമെന്നു മുൻകൂട്ടിപ്പറയുന്നുവെന്നു മാത്രമല്ല, നമ്മുടെ അതിജീവനത്തിനാവശ്യമായ മാർഗദർശനം നൽകുകയും ചെയ്യുന്നു. ആ വഴികാട്ടി ഒരു ഗ്രന്ഥമാണ്. ബൈബിൾ. അതിന്റെ രചയിതാവായ യഹോവയാം ദൈവം സ്വയം വിശേഷിപ്പിക്കുന്നതു മഹാപ്രബോധകൻ എന്നാണ്. യെശയ്യാവിലൂടെ അവൻ ഉറപ്പേകിക്കൊണ്ടു പറയുന്നു: “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശയ്യാവു 30:20, 21) നിങ്ങൾ അത്തരം മാർഗദർശനം സ്വാഗതം ചെയ്യുമോ? എങ്കിൽ നമ്മുടെ നാളുകൾ എങ്ങനെയായിരിക്കും എന്നു ബൈബിൾ യഥാർഥത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നോ എന്നു നമുക്കു പരിശോധിക്കാം.
യേശുവിന്റെ അനുഗാമികൾ അർഥവത്തായ ഒരു ചോദ്യം ചോദിക്കുന്നു
യേശുവിന്റെ അനുഗാമികൾ ആശ്ചര്യപ്പെട്ടിരിക്കണം. യെരൂശലേമിലെ പ്രൗഢഗംഭീരമായ ആലയസമുച്ചയം പൂർണമായും നശിപ്പിക്കപ്പെടുമെന്നു വ്യക്തമായ ഭാഷയിൽ യേശു അവരോടു പറഞ്ഞതേ ഉണ്ടായിരുന്നുള്ളൂ! അത്തരമൊരു പ്രവചനം വിസ്മയാവഹംതന്നെ. അൽപ്പം കഴിഞ്ഞ് അവർ ഒലീവു മലയിൽ ഇരിക്കുമ്പോൾ, ശിഷ്യന്മാരിൽ നാലു പേർ യേശുവിനോടു ചോദിച്ചു: “ഇവ എപ്പോഴായിരിക്കുമെന്നും നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കുമെന്നും ഞങ്ങളോടു പറഞ്ഞാലും.” (മത്തായി 24:3, NW; മർക്കൊസ് 13:1-4) അവർ അതു തിരിച്ചറിഞ്ഞോ ഇല്ലയോ എന്നറിയില്ലെങ്കിലും യേശുവിന്റെ ഉത്തരം ഒന്നിലധികം സംഗതികൾക്കു ബാധകമാകുന്നതായിരുന്നു.
യെരൂശലേം ആലയത്തിന്റെ നാശവും യഹൂദ വ്യവസ്ഥിതിയുടെ അന്ത്യവും, അതുപോലെതന്നെ ക്രിസ്തുവിന്റെ സാന്നിധ്യവും മുഴുലോക വ്യവസ്ഥിതിയുടെയും നാശവും സംഭവിക്കേണ്ടിയിരുന്നത് ഒരേ സമയത്തല്ലായിരുന്നു. എന്നിരുന്നാലും, തന്റെ ദീർഘമായ ഉത്തരത്തിൽ, യേശു ചോദ്യത്തിന്റെ എല്ലാ വശങ്ങൾക്കും വിദഗ്ധമായി ഉത്തരം നൽകി. യെരൂശലേമിന്റെ നാശത്തിനു മുമ്പുള്ള സ്ഥിതിവിശേഷം എന്തായിരിക്കുമെന്ന് അവൻ അവരോടു പറഞ്ഞു; താൻ സ്വർഗത്തിൽ രാജാവായി വാഴുകയും മുഴു ലോകവ്യവസ്ഥിതിയെയും അവസാനിപ്പിക്കാൻ പോകുകയും ചെയ്യുന്ന തന്റെ സാന്നിധ്യകാലത്ത് ലോകത്തിന്റെ സ്ഥിതിവിശേഷം എന്തായിരിക്കുമെന്നു പ്രതീക്ഷിക്കണമെന്നും അവൻ അവരോടു പറഞ്ഞു.
യെരൂശലേമിന്റെ അന്ത്യം
യേശു യെരൂശലേമിനെയും അതിലെ ആലയത്തെയും കുറിച്ചു പറഞ്ഞത് എന്തെന്ന് ആദ്യം പരിചിന്തിക്കുക. മൂന്നു പതിറ്റാണ്ടിലേറെ മുമ്പുതന്നെ, അവൻ ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിനു ഭയങ്കര പ്രയാസസമയം വരുമെന്നു മുൻകൂട്ടിപ്പറഞ്ഞു. ലൂക്കൊസ് 21:20, 21-ൽ രേഖപ്പെടുത്തിയിരിക്കുന്ന അവന്റെ വാക്കുകൾ വിശേഷാൽ ശ്രദ്ധിക്കുക: “സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. അന്നു യെഹൂദ്യയിലുള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവർ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവർ അതിൽ കടക്കരുതു.” പാളയമടിച്ചിരിക്കുന്ന സൈന്യം യെരൂശലേമിനെ വളഞ്ഞിരിക്കുമ്പോൾ “അതിന്റെ നടുവിലുള്ളവർ”ക്കു യേശുക്രിസ്തു കൽപ്പിച്ചതുപോലെ എങ്ങനെയാണു “പുറപ്പെട്ടുപോകാ”നാകുക? വ്യക്തമായും, അവസരത്തിന്റെ ഒരു വാതായനം തുറന്നുകിട്ടുമെന്നായിരുന്നു യേശു അർഥമാക്കിയത്. അതു സംഭവിച്ചുവോ?
പൊ.യു. (പൊതുയുഗം) 66-ൽ, സെസ്റ്റ്യസ് ഗാലസിനു കീഴിൽ റോമാ സൈന്യം യഹൂദ കലാപകാരികളെ യെരൂശലേമിലേക്കു തിരിച്ചോടിച്ച് നഗരത്തിനകത്ത് തളച്ചിട്ടിരുന്നു. നഗരത്തിലേക്കു പിന്നെയും മുന്നേറിയ റോമാ സൈന്യം ആലയമതിൽവരെ എത്തി. എന്നാൽ ശരിക്കും അന്ധാളിപ്പിക്കുന്ന ഒരു സംഗതി ചെയ്യാനായിരുന്നു തുടർന്നു ഗാലസ് സൈന്യത്തോടു പറഞ്ഞത്. പിൻവാങ്ങാനുള്ള കൽപ്പന! പിൻവാങ്ങിപ്പോകുന്ന റോമാ സൈന്യത്തെ യഹൂദ പടയാളികൾ ആഹ്ലാദത്തിമിർപ്പിൽ പിന്തുടർന്ന് അവർക്കു നാശനഷ്ടങ്ങൾ വരുത്തി. അങ്ങനെ, യേശു മുൻകൂട്ടിപ്പറഞ്ഞിരുന്ന അവസരത്തിന്റേതായ വാതായനം തുറന്നുകിട്ടി. അവന്റെ മുന്നറിയിപ്പ് അനുസരിച്ച സത്യക്രിസ്ത്യാനികൾ യെരൂശലേമിൽനിന്നു പുറത്തുകടന്നു. ഇതു ബുദ്ധിപൂർവകമായ തീരുമാനമായിരുന്നു, കാരണം കേവലം നാലുവർഷം കഴിഞ്ഞപ്പോൾ, സൈന്യാധിപനായ ടൈറ്റസിന്റെ കീഴിൽ റോമാ സൈന്യം തിരിച്ചെത്തി. ഇപ്രാവശ്യം രക്ഷപ്പെടൽ സാധ്യമായിരുന്നില്ല.
റോമാ സൈന്യം യെരൂശലേമിനെ പിന്നെയും വളഞ്ഞു; അവർ അതിനുചുറ്റും പത്തലുകൾ നാട്ടി ഉപരോധം ഏർപ്പെടുത്തി. യെരൂശലേമിനെക്കുറിച്ച് യേശു ഇങ്ങനെ പ്രവചിച്ചിരുന്നു: “ശത്രുക്കൾ നിനക്കുചുറ്റും പാളയമടിച്ചു നിന്നെ വളയുകയും, എല്ലാ ഭാഗത്തുംനിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരും.”a (ലൂക്കൊസ് 19:43, പി.ഒ.സി. ബൈബിൾ) അധികം താമസിയാതെതന്നെ യെരൂശലേം വീണു; അതിന്റെ മഹനീയ ആലയം ചാരക്കൂമ്പാരമായി മാറി. യേശുവിന്റെ വാക്കുകൾ അതിന്റെ സകല വിശദാംശത്തിലും നിറവേറി!
എന്നിരുന്നാലും, യെരൂശലേമിന്റെ നാശത്തെക്കാൾ വളരെയധികം കാര്യങ്ങൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നു. അവന്റെ സാന്നിധ്യത്തിന്റെ അടയാളത്തെക്കുറിച്ചും അവന്റെ ശിഷ്യന്മാർ ചോദിച്ചിരുന്നു. അവർക്ക് അതിന്റെ വ്യാപ്തിയെക്കുറിച്ച് അന്ന് അറിയാമായിരുന്നില്ലെങ്കിലും യേശു സ്വർഗത്തിൽ രാജാവായി വാഴിക്കപ്പെടുന്ന സമയത്തെ അതു പരാമർശിച്ചു. അവൻ എന്തു മുൻകൂട്ടിപ്പറഞ്ഞു?
അന്ത്യനാളുകളിൽ യുദ്ധം
നിങ്ങൾ മത്തായി 24, 25 അധ്യായങ്ങളും മർക്കൊസ് 13-ാം അധ്യായവും ലൂക്കൊസ് 21-ാം അധ്യായവും വായിക്കുന്നെങ്കിൽ, യേശുക്രിസ്തു നമ്മുടെ സ്വന്തം കാലഘട്ടത്തെക്കുറിച്ചു പറയുകയായിരുന്നുവെന്നതിനു നിങ്ങൾക്കു സുവ്യക്തമായ തെളിവു കിട്ടും. മനുഷ്യ ചരിത്രത്തെ എല്ലായ്പോഴും കളങ്കപ്പെടുത്തിയിട്ടുള്ള കേവലം “യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും” കുറിച്ചല്ല, യുദ്ധങ്ങളുടെ ഒരു കാലഘട്ടത്തെക്കുറിച്ച്, ‘ജാതി ജാതി’ക്കെതിരെയും ‘രാജ്യം രാജ്യത്തി’നെതിരെയും തിരിഞ്ഞിരിക്കുന്ന യുദ്ധങ്ങളെക്കുറിച്ച്—അതേ, സാർവദേശീയ യുദ്ധങ്ങളെക്കുറിച്ച്—അവൻ മുൻകൂട്ടിപ്പറഞ്ഞു.—മത്തായി 24:6-8.
നമ്മുടെ നൂറ്റാണ്ടിൽ യുദ്ധങ്ങൾക്ക് എങ്ങനെ മാറ്റംഭവിച്ചിരിക്കുന്നുവെന്ന് ഒരു നിമിഷം ചിന്തിക്കുക. യുദ്ധം എതിരിടുന്ന രണ്ടു രാഷ്ട്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്ന കാലത്ത്, യുദ്ധസ്ഥലത്ത് വാളുകൾകൊണ്ടു പരസ്പരം വെട്ടുന്നതോ വെടിവെക്കുന്നതോ പോലും ഭയാനകമായിരുന്നു. എന്നാൽ 1914-ൽ മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. ‘മുൻപേ ഗമിച്ചീടിന ഗോവുതന്റെ പിൻപേ ഗമിക്കും ബഹുഗോക്കളെല്ലാം’ എന്നു പറയുന്നമാതിരി, രാഷ്ട്രങ്ങൾ ഒന്നിനു പുറകേ ഒന്നായി അഗ്നിപ്രളയത്തിലാണ്ടു. അങ്ങനെ അത് ആദ്യത്തെ ആഗോള യുദ്ധമായി. അധികമധികം ആളുകളെ കൂടുതൽക്കൂടുതൽ അകലത്തിൽനിന്നുകൊണ്ടു കൊല്ലുന്നതിനു സ്വയം പ്രവർത്തക ആയുധങ്ങൾ രൂപകൽപ്പന ചെയ്തു. ഭയങ്കര കാര്യക്ഷമതയോടെ വെടിയുണ്ടകൾ വർഷിച്ച യന്ത്രത്തോക്കുകൾ; ആളുകളെ ചുട്ടെരിക്കുകയും കൊടുംവേദനയിലാഴ്ത്തുകയും അനേകർക്ക് അംഗവൈകല്യം വരുത്തുകയും ആയിരക്കണക്കിനു പടയാളികളെ കൊന്നൊടുക്കുകയും ചെയ്ത മസ്റ്റാർഡ് ഗ്യാസ്; തീതുപ്പിക്കൊണ്ട് ശത്രുനിരകളിലൂടെ നിർദാക്ഷിണ്യം നീങ്ങിയ ടാങ്കുകൾ; യുദ്ധരംഗത്തേക്കു കന്നിപ്രവേശം നടത്തിയ വിമാനങ്ങളും അന്തർവാഹിനികളും; ഇവയെല്ലാം സംഭവിക്കാനിരുന്നവയുമായുള്ള താരതമ്യത്തിൽ കേവലം മുന്നോടികൾ മാത്രമായിരുന്നു.
ഭാവനയ്ക്ക് അതീതമായ കാര്യങ്ങളായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിൽ അരങ്ങേറിയത്—കോടിക്കണക്കിനാളുകളെ കശാപ്പുചെയ്ത ഈ യുദ്ധം അതിന്റെ മുൻഗാമിയെ ശരിക്കും കടത്തിവെട്ടി. ഏതാണ്ട് ഒരു ഒഴുകുന്ന നഗരമെന്നു പറയാവുന്ന കൂറ്റൻ വിമാനവാഹിനി കപ്പലുകൾ സമുദ്രത്തിൽ സ്വൈരവിഹാരം നടത്തി. അവയിൽനിന്ന് ഉയർന്ന യുദ്ധവിമാനങ്ങൾ ശത്രുലക്ഷ്യങ്ങളിൽ മരണം വർഷിച്ചു. അന്തർവാഹിനികൾ ശത്രുവിന്റെ കപ്പലുകൾക്കു ടോർപിഡോ വെച്ചു. അണുബോംബുകൾ വർഷിക്കപ്പെട്ടു. ഓരോ പ്രാവശ്യവും അത് ആയിരക്കണക്കിന് ആളുകളെ കൊന്നു! യേശു പ്രവചിച്ചിരുന്നതുപോലെ, യുദ്ധകാലഘട്ടത്തിന്റെ അടയാളമായി “ഭയങ്കരകാഴ്ചകളും” തീർച്ചയായുമുണ്ടായിരുന്നു.—ലൂക്കൊസ് 21:11.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യുദ്ധം കുറഞ്ഞിട്ടുണ്ടോ? അശേഷമില്ല. ചിലപ്പോൾ ഒരൊറ്റ വർഷത്തിൽത്തന്നെ ഡസൻകണക്കിനു യുദ്ധങ്ങൾ നടക്കുന്നു—1990-കളുടെ ഈ പതിറ്റാണ്ടിൽത്തന്നെ ലക്ഷക്കണക്കിനാളുകളുടെ ജീവൻ ഒടുങ്ങി. യുദ്ധങ്ങളിൽ സാധാരണമായി ഇരയാകുന്നവരുടെ കാര്യത്തിലും മാറ്റം വന്നിട്ടുണ്ട്. മുഖ്യമായും പടയാളികളല്ല കൊല്ലപ്പെടുന്നത്. വാസ്തവത്തിൽ ഇന്ന് യുദ്ധഹതന്മാർ 90 ശതമാനത്തിലധികവും സാധാരണ പൗരന്മാരാണ്.
അടയാളത്തിന്റെ മറ്റു സവിശേഷതകൾ
യേശു പറഞ്ഞ അടയാളത്തിന്റെ ഒരു വശം മാത്രമാണ് യുദ്ധം. “ഭക്ഷ്യക്ഷാമങ്ങൾ” ഉണ്ടായിരിക്കുമെന്നും അവൻ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്തായി 24:7, NW) അതും സംഭവിച്ചു. വിരോധാഭാസംതന്നെ, കാരണം കാർഷിക ശാസ്ത്രം മനുഷ്യ ചരിത്രത്തിലെന്നത്തെക്കാളും കൂടുതൽ പുരോഗതി നേടിയിട്ടുള്ളതിനാൽ സകല മനുഷ്യവർഗത്തെയും തീറ്റിപ്പോറ്റാൻ ആവശ്യമായതിലധികം ഭക്ഷണം ഭൂമി ഉത്പാദിപ്പിക്കുന്നുണ്ട്. മാത്രമോ ലോകത്തിന്റെ ഏതു കോണിലും അവ കൊണ്ടെത്തിക്കാൻ തക്കവണ്ണം വേഗതയും കാര്യക്ഷമതയുമുള്ള ഗതാഗതമാർഗങ്ങളുമുണ്ട്. എന്നിട്ടും ലോകത്തിലെ ജനങ്ങളിൽ അഞ്ചിലൊന്നു ദിവസേന പട്ടിണിയിലാണ്.
“മഹാവ്യാധികളും അവിടവിടെ ഉണ്ടാകു”മെന്നും യേശു മുൻകൂട്ടിപ്പറഞ്ഞു. (ലൂക്കൊസ് 21:11) ഇവിടെയും, നമ്മുടെ യുഗം ഒരു അസാധാരണ വിരോധാഭാസത്തിനു സാക്ഷ്യം വഹിച്ചിരിക്കുന്നു. പൂർവാധികം മെച്ചപ്പെട്ട വൈദ്യസംരക്ഷണം, സാങ്കേതിക വിപ്ലവങ്ങൾ, സാധാരണമായ അനേകം രോഗങ്ങൾ തടയുന്നതിനുള്ള പ്രതിരോധ മരുന്നുകൾ. എന്നിട്ടും പകർച്ചവ്യാധികൾ പൂർവാധികം ശക്തിയിൽത്തന്നെ. ഒന്നാം ലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ടവരെക്കാൾ കൂടുതൽ ആളുകളെ അതിനു പിന്നാലെ എത്തിയ സ്പാനിഷ് ഇൻഫ്ളുവൻസ കൊന്നൊടുക്കി. ഈ പകർച്ചവ്യാധിയുടെ കാഠിന്യം ഭയാനകമായിരുന്നു, കാരണം ന്യൂയോർക്കു പോലുള്ള നഗരങ്ങളിൽ കേവലം ഒന്നു തുമ്മിയാൽ പിഴ ഒടുക്കേണ്ടിവരുകയോ ജയിലിൽ പോകുകയോ ചെയ്യണമായിരുന്നു! ഇന്ന്, അർബുദവും ഹൃദ്രോഗങ്ങളും വർഷംതോറും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്നുണ്ട്—ശരിക്കും മഹാവ്യാധികൾതന്നെ. കൂടാതെ ആളുകളെ കൊന്നൊടുക്കുന്നതിൽ തുടരുന്ന എയ്ഡ്സിനെ തടയാൻ അടിസ്ഥാനപരമായി വൈദ്യശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.
യേശു അന്ത്യനാളുകളെക്കുറിച്ചു ചർച്ചചെയ്തത് ഏറിയകൂറും വ്യാപകമായ ചരിത്ര, രാഷ്ട്രീയ അവസ്ഥകളുമായി ബന്ധപ്പെടുത്തിയാണെങ്കിൽ, പൗലൊസ് അപ്പോസ്തലൻ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് സാമൂഹിക പ്രശ്നങ്ങളിലും പ്രബലമായ മനോഭാവങ്ങളിലുമാണ്. അവൻ എഴുതിയതിന്റെ ഒരു ഭാഗം ഇങ്ങനെ പറയുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും . . . അശുദ്ധരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും . . . അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
ആ വാക്കുകൾ നിങ്ങൾക്കു സുപരിചിതമായി തോന്നുന്നുണ്ടോ? ഇന്നത്തെ ലോകത്തിലെ സാമൂഹിക അധഃപതനത്തിന്റെ ഒരു വശം മാത്രം പരിചിന്തിക്കുക—കുടുംബ ശിഥിലീകരണം. തകരുന്ന കുടുംബങ്ങളുടെയും, മർദിക്കപ്പെടുന്ന ഇണകളുടെയും ദുഷ്പെരുമാറ്റത്തിനു വിധേയരാകുന്ന കുട്ടികളുടെയും അവഗണിക്കപ്പെടുന്ന വൃദ്ധ മാതാപിതാക്കളുടെയും സംഖ്യ ഭയങ്കരംതന്നെ. ആളുകൾ “വാത്സല്യമില്ലാത്തവരും” “ഉഗ്രന്മാരും” “ദ്രോഹികളും” “സൽഗുണദ്വേഷികളും” ആണെന്ന് ഇത് എത്ര നന്നായി പ്രകടമാക്കുന്നു! അതേ, ഒരു പകർച്ചവ്യാധിപോലെയാണു നാമിന്ന് ഈ സ്വഭാവവിശേഷങ്ങൾ കാണുന്നത്.
മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നത് നമ്മുടെ തലമുറയെയാണോ?
എന്നിരുന്നാലും, നിങ്ങൾ ചിന്തിച്ചേക്കാം, ‘മനുഷ്യവർഗത്തിന് ഈ അവസ്ഥകൾ എന്നും ദുരിതങ്ങൾ സൃഷ്ടിച്ചിട്ടില്ലേ? ഈ പുരാതന പ്രവചനങ്ങളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നതു നമ്മുടെ ആധുനിക തലമുറയെത്തന്നെയാണെന്നു നമുക്ക് എങ്ങനെ അറിയാം?’ യേശു നമ്മുടെ നാളുകളെക്കുറിച്ചു സംസാരിക്കുകയാണെന്നു തെളിയിക്കുന്നതിനു നമുക്കു മൂന്നുനിര തെളിവുകൾ പരിചിന്തിക്കാം.
ഒന്ന്, യെരൂശലേമിന്റെയും അതിലെ ആലയത്തിന്റെയും നാശത്തിൽ ഭാഗികമായ, ആദ്യകാല നിവൃത്തിയുണ്ടായിരുന്നെങ്കിലും, യേശുവിന്റെ വാക്കുകൾ തീർച്ചയായും ആ നാളുകൾക്കുമപ്പുറമുള്ള ഭാവിയിലേക്കു വിരൽ ചൂണ്ടി. ആ കൊടിയ വിപത്തിൽ യെരൂശലേം നശിച്ച് ഏതാണ്ട് 30 വർഷം കഴിഞ്ഞപ്പോൾ, ലോകവ്യാപകമായി സംഭവിക്കേണ്ടിയിരുന്ന യുദ്ധം, ക്ഷാമം, മഹാവ്യാധികൾ, തത്ഫലമായുള്ള മരണം എന്നിങ്ങനെയുള്ള അവസ്ഥകൾ പ്രവചനരൂപത്തിൽ അവതരിപ്പിക്കുന്ന ഒരു ദർശനം യേശു വൃദ്ധനായ യോഹന്നാൻ അപ്പോസ്തലനു നൽകി. അതേ, ഈ അരിഷ്ടതകൾ ഏതെങ്കിലും ഒരു പ്രദേശത്തു മാത്രമല്ല, മുഴു“ഭൂമി”യിലും സംഭവിക്കുമായിരുന്നു.—വെളിപ്പാടു 6:2-8.
രണ്ട്, അങ്ങേയറ്റത്തെ വ്യാപ്തിയെന്നു പറയാവുന്ന അളവിലാണ് യേശുവിന്റെ അടയാളത്തിന്റെ ചില സവിശേഷതകൾ ഈ നൂറ്റാണ്ടിൽ നിറവേറിക്കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, 1914 മുതൽ സംഭവിച്ചിരിക്കുന്നതിനെക്കാൾ മോശമായ യുദ്ധങ്ങൾക്ക് ഇനിയും സാധ്യതയുണ്ടോ? ഒരു മൂന്നാം ലോക മഹായുദ്ധം സംഭവിക്കുന്നെങ്കിൽ, ഇന്നത്തെ എല്ലാ ന്യൂക്ലിയർ ശക്തികളും തങ്ങളുടെ ആയുധങ്ങൾ പ്രയോഗിക്കുന്നെങ്കിൽ, ഈ ഭൂമി കത്തിച്ചാമ്പലായ ഒരു പാഴ്നിലമായിത്തീർന്നേക്കാം—ഡോഡോ പക്ഷിയെപ്പോലെ മനുഷ്യരാശിക്കും വർഗനാശം സംഭവിക്കാം. അതുപോലെതന്നെ, രാഷ്ട്രങ്ങൾ “കോപി”ക്കുന്ന ഈ നാളുകളിൽ മനുഷ്യവർഗം “ഭൂമിയെ നശിപ്പി”ച്ചുകൊണ്ടിരിക്കുമെന്നു വെളിപ്പാടു 11:18 മുൻകൂട്ടിപ്പറഞ്ഞു. ചരിത്രത്തിലാദ്യമായി, പരിസ്ഥിതിയുടെ മലിനീകരണവും അവശോഷണവും ഇപ്പോൾ ഈ ഗ്രഹത്തിന്റെ നിവാസയോഗ്യതയെത്തന്നെ ഭീഷണിപ്പെടുത്തുകയാണ്! അതുകൊണ്ട്, ഈ സവിശേഷതയും അതിന്റെ അങ്ങേയറ്റത്തെ അളവിലോ അതിനടുത്തോ നിറവേറിക്കൊണ്ടിരിക്കുകയാണ്. മനുഷ്യൻ തന്നെത്തന്നെയും ഈ ഗ്രഹത്തെയും നശിപ്പിക്കുന്ന ഘട്ടത്തോളം യുദ്ധങ്ങളും മലിനീകരണവും വഷളാകുന്നതിൽ തുടരുമോ? ഇല്ല; എന്തെന്നാൽ ഭൂമി എന്നേക്കും നിലനിൽക്കുമെന്നും അതിൽ നീതിഹൃദയരായ മനുഷ്യർ ജീവിക്കുമെന്നും ബൈബിൾതന്നെ പറയുന്നുണ്ട്.—സങ്കീർത്തനം 37:29; മത്തായി 5:5.
മൂന്ന്, മൊത്തത്തിലെടുക്കുമ്പോൾ അന്ത്യനാളുകളെക്കുറിച്ചുള്ള അടയാളം വിശേഷാൽ ബോധ്യം വരുത്തുന്നതാണ്. ആകമാനവീക്ഷണത്തിൽ, മൂന്നു സുവിശേഷങ്ങളിലായി യേശു പരാമർശിച്ച സവിശേഷതകളും പൗലൊസിന്റെ ലേഖനങ്ങളിലും വെളിപ്പാടിലുമുള്ളവയുമെല്ലാം നാം പരിഗണിക്കുമ്പോൾ, ഈ അടയാളത്തിനു ഡസൻകണക്കിനു സവിശേഷതകളുണ്ട്. അവയിൽ ഓരോ സവിശേഷതയെയും കുറിച്ചു സമാനമായ പ്രശ്നങ്ങൾ മറ്റു യുഗങ്ങളിലുമുണ്ടായിട്ടുണ്ട് എന്നു വാദിച്ചുകൊണ്ട് ആരെങ്കിലും ഒഴികഴിവു പറഞ്ഞേക്കാം. എന്നാൽ അവയെല്ലാം ഒരുമിച്ചെടുക്കുന്നെങ്കിൽ, അവ കൃത്യമായും വിരൽചൂണ്ടുന്നത് ഒരേയൊരു കാലഘട്ടത്തിലേക്കാണ്—നമ്മുടെ കാലഘട്ടം.
അപ്പോൾ, എന്താണ് ഇതെല്ലാം അർഥമാക്കുന്നത്? ബൈബിൾ നമ്മുടെ കാലഘട്ടത്തെ ചിത്രീകരിക്കുന്നത് കേവലം ഗതികെട്ടതും പ്രത്യാശയില്ലാത്തതുമായ ഒരു സമയമായിട്ടോ? തീർച്ചയായുമല്ല!
സുവാർത്ത
അന്ത്യനാളുകളെക്കുറിച്ചുള്ള അടയാളത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് മത്തായി 24:14-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” ഈ നൂറ്റാണ്ടിൽ, യഹോവയുടെ സാക്ഷികൾ മനുഷ്യ ചരിത്രത്തിൽ അനുപമമായ ഒരു വേല നിവർത്തിച്ചിരിക്കുന്നു. യഹോവയാം ദൈവത്തിന്റെ രാജ്യം എന്താണ്, അതിന്റെ ഭരണവിധം, അതെന്തു നിവർത്തിക്കും എന്നിവയെക്കുറിച്ചെല്ലാമുള്ള ബൈബിൾ സന്ദേശം അവർ സ്വീകരിക്കുകയും ഭൂമിയിലെങ്ങും ആ സന്ദേശം പരത്തുകയും ചെയ്തിരിക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് 300-ലധികം ഭാഷകളിൽ അവർ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കുകയും ഭൂമിയിൽ മിക്കവാറുമെല്ലാ നാടുകളിലും വീടുകളിലും തെരുവുകളിലും ബിസിനസ് സ്ഥലങ്ങളിലും ആളുകൾക്ക് അത് എത്തിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു.
അങ്ങനെ ചെയ്യുകവഴി, അവർ ഈ പ്രവചനം നിവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ അവർ പ്രത്യാശയും പ്രചരിപ്പിക്കുന്നുണ്ട്. യേശു ഇതിനെ മോശമായ വാർത്ത എന്നല്ല, “സുവിശേഷം” എന്നു വിളിച്ചുവെന്നതു ശ്രദ്ധിക്കുക. ഈ ഇരുണ്ട കാലഘട്ടത്ത് അതെങ്ങനെ ശരിയാകും? എന്തെന്നാൽ, ബൈബിളിന്റെ മുഖ്യ സന്ദേശം ഈ പഴയ ലോകത്തിന്റെ അവസാന ഘട്ടത്തിൽ സംഗതികൾ എത്ര വഷളായിരിക്കും എന്നതല്ല. ദൈവരാജ്യത്തെ കേന്ദ്രീകരിച്ചുള്ളതാണ് അതിന്റെ മുഖ്യ സന്ദേശം. ആ രാജ്യം വാഗ്ദാനം ചെയ്യുന്നതോ, സമാധാന പ്രേമികളായ സകലരുടെയും ഹൃദയങ്ങൾക്ക് അമൂല്യമായിട്ടുള്ള ഒരു സംഗതിയാണ്—വിമോചനം.
ആ വിമോചനം എന്താണ്, അതെങ്ങനെ നിങ്ങൾക്കു ലഭിക്കും? ഈ വിഷയത്തെക്കുറിച്ചുള്ള പിൻവരുന്ന ലേഖനങ്ങൾ ദയവായി പരിചിന്തിക്കുക.
[അടിക്കുറിപ്പുകൾ]
a വ്യക്തമായും ഇവിടെ തുറുപ്പുചീട്ട് ടൈറ്റസിന്റെ കയ്യിലായിരുന്നു. എന്നാൽ രണ്ടു പ്രധാന സംഗതികളിൽ, ആഗ്രഹിച്ചത് അയാൾക്കു ചെയ്യാനായില്ല. സമാധാനപൂർവകമായ കീഴ്പെടലാകാമെന്ന് അയാൾ വാഗ്ദാനം ചെയ്തെങ്കിലും നഗരാധിപന്മാർ അതു ശാഠ്യപൂർവം നിരസിച്ചു—വിശദീകരണം കണ്ടെത്താനാകാത്ത ഒരു സംഗതിതന്നെ. അവസാനം നഗരമതിലുകൾ തകർത്തപ്പോൾ, ആലയം നശിപ്പിക്കേണ്ട എന്ന് അദ്ദേഹം കൽപ്പിച്ചു. എന്നിട്ടും അതു പൂർണമായും ചുട്ടെരിക്കപ്പെട്ടു! യെരൂശലേം ശൂന്യമാക്കപ്പെടുമെന്നും ആലയം പൂർണമായും തകർക്കപ്പെടുമെന്നും യേശുവിന്റെ പ്രവചനം വ്യക്തമാക്കിയിരുന്നു.—മർക്കൊസ് 13:1, 2.
[5-ാം പേജിലെ ആകർഷകവാക്യം]
സംഗതികൾ ഇത്ര വഷളായിരിക്കുന്നതെന്തുകൊണ്ട്, മനുഷ്യവർഗത്തിന് എന്താണു സംഭവിക്കാൻ പോകുന്നത് എന്നിങ്ങനെയുള്ള കുഴപ്പിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ആളുകൾ
[6-ാം പേജിലെ ആകർഷകവാക്യം]
ഇന്ന്, യുദ്ധഹതന്മാരിൽ 90 ശതമാനത്തിലധികവും സാധാരണ പൗരന്മാരാണ
[7-ാം പേജിലെ ചിത്രം]
യെരൂശലേമിന്റെ നാശത്തെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനം അതിന്റെ സകല വിശദാംശത്തിലും നിറവേറി