രാജ്യം പ്രസംഗിച്ചു കൊണ്ടേയിരിക്കുക
“രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”—മത്തായി 24:14.
1, 2. (എ) ഈ നൂററാണ്ടിലെ അതിപ്രധാനമായ വേല എന്ത്, അത് എത്രത്തോളം ചെയ്യപ്പെടുന്നു? (ബി) ഈ വേലമേലുള്ള യഹോവയുടെ അനുഗ്രഹത്തിന് എന്തു തെളിവുണ്ട്?
ദൈവരാജ്യ സുവാർത്തയുടെ പ്രസംഗമാണ് ഈ നൂററാണ്ടിലെ അതിപ്രധാനമായ വേല. ഇപ്പോൾ ചെയ്യപ്പെടണമെന്ന് സർവ്വശക്തനായ ദൈവം ആഗ്രഹിക്കുന്നതാണത്. അവന്റെ പ്രവാചകവചനത്തിന്റെ നിവൃത്തിയായി അത് ഇപ്പോൾ നിർവ്വഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനോടുള്ള നിങ്ങളുടെ പ്രതികരണം നിങ്ങളുടെ നിത്യഭാവിയെ ബാധിക്കും.—1 കൊരിന്ത്യർ 9:16, 23.
2 ഈ പ്രസംഗവേലയിൽ പങ്കുള്ളവരുടെ എണ്ണം തുടർന്നു വർദ്ധിക്കുന്നതു കാണുന്നത് പുളകപ്രദമാണ്. ഇപ്പോൾ മുപ്പതു ലക്ഷത്തിലധികം പേർ അതിൽ പങ്കെടുക്കുന്നുണ്ട്. മുമ്പെന്നത്തേതിലുമധികം പേർ മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കുന്നുണ്ട്. നിരവധി താൽപ്പര്യക്കാർ ബൈബിളദ്ധ്യയനം സ്വീകരിക്കുകയും ദൈവേഷ്ടം ചെയ്യാൻ പഠിക്കുന്നതിന് ശ്രമം ചെലുത്തുകയും ചെയ്യുന്നു.
3. സുവാർത്താപ്രസംഗം തുടരേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് ചിലർ എന്തു പറഞ്ഞേക്കാം?
3 എന്നിരുന്നാലും, ചില സമയങ്ങളിൽ ചിലർ “നൻമ ചെയ്യുന്നതിൽ മടുത്തുപോകുകയും” പ്രസംഗവേലയെ സംബന്ധിച്ചടത്തോളം “ക്തീണിച്ചുപോകുകയും” ചെയ്തേക്കാം. (ഗലാത്യർ 6:9; എബ്രായർ 12:3) തങ്ങളുടെ പ്രദേശത്ത് ഇപ്പോൾത്തന്നെ സുവാർത്ത വിപുലമായി പ്രസംഗിക്കപ്പെട്ടു കഴിഞ്ഞുവെന്നും ആളുകൾ തങ്ങളുടെ നിലപാടു സ്വീകരിച്ചു കഴിഞ്ഞുവെന്നും ഇപ്പോൾ നമ്മൾ അവരുടെ വീടു സന്ദർശിക്കുമ്പോൾ അവർക്ക് മുഷിവു തോന്നുന്നുവെന്നും അവർ പറഞ്ഞേക്കാം. അവിടെ പ്രസംഗവേല ചെയ്യുന്നവർക്ക് വളരെ കുറച്ചു ഫലമേ ലഭിക്കുന്നുള്ളു, അല്ലെങ്കിൽ ഒന്നും ലഭിക്കുന്നില്ല. തന്നിമിത്തം, വേല അടിസ്ഥാനപരമായി ചെയ്തു കഴിഞ്ഞുവെന്നും തുടരേണ്ട ആവശ്യമില്ലെന്നും അവർ വിചാരിക്കുന്നു. ഈ വിധത്തിലുള്ള ചിന്തയുടെ തെറെറന്താണ്?
എന്തിന് സ്ഥിരനിഷ്ഠ?
4. പ്രതികരണം മോശമായ പ്രദേശത്തുപോലും പ്രസംഗം തുടരുന്നതിന് നമ്മെ എന്തു പ്രേരിപ്പിക്കേണ്ടതാണ്?
4 ഒന്നാമതായി, പ്രസംഗവേലയിലുള്ള നമ്മുടെ വിശ്വസ്ത സഹനം ആളുകൾ ശ്രദ്ധിക്കുന്നുവോ ഇല്ലയോ എന്നതിൽ ആശ്രയിച്ചിരിക്കരുത്. വളരെ കുറച്ചുപേരേ ശ്രദ്ധിച്ചുള്ളുവെന്നു മാത്രമല്ല, അനേകരും ഉഗ്രമായി എതിർക്കുകയും ചെയ്തുവെങ്കിലും യിരെമ്യാവ് യരൂശലേമിൽ 40 വർഷം പ്രസംഗിച്ചു. അവൻ പിടിച്ചുനിന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവ കല്പിച്ചിരുന്ന ഒരു വേലയാണ് അവൻ ചെയ്തുകൊണ്ടിരുന്നത്. കൂടാതെ യരൂശലേമിനു സംഭവിക്കാൻ പോകുന്നതിനെ സംബന്ധിച്ച അവന്റെ പ്രാവചനികമായ അറിവ് പ്രസംഗിച്ചുകൊണ്ടിരിക്കാൻ അവനെ നിർബ്ബന്ധിച്ചു. (യിരെമ്യാവ് 1:17-19) അവൻ പറഞ്ഞു: “എന്റെ ഹൃദയത്തിൽ അത് അസ്ഥികളിൽ അടയ്ക്കപ്പെട്ട എരിയുന്ന ഒരു തീപോലെയെന്നു തെളിഞ്ഞു; തടഞ്ഞുനിർത്തി ഞാൻ ക്ഷീണിച്ചു, എനിക്ക് അത് സഹിക്കാൻ പ്രാപ്തിയില്ലായിരുന്നു.” (യിരെമ്യാവ് 20:7-10) നമ്മുടെ അവസ്ഥ സമാനമാണ്. “സുവാർത്ത” സകല നിവസിതഭൂമിയിലും പ്രസംഗിക്കപ്പെടണമെന്ന് യേശുക്രിസ്തു മുഖേന കല്പിച്ചത് യഹോവയാണ്. (മത്തായി 24:14) ആളുകൾ ശ്രദ്ധിക്കാൻ വിസമ്മതിക്കുമ്പോൾ ശരിയായതു ചെയ്യുന്നതിൽ സ്ഥിരനിഷ്ഠ പ്രകടമാക്കിക്കൊണ്ട് യഹോവയോടുള്ള നമ്മുടെ സ്നേഹത്തിന്റെയും ഭക്തിയുടെയും ആഴം പ്രകടമാക്കുന്നതിനുള്ള ഒരു അവസരം അതു നമുക്കു നൽകുന്നു. (1 യോഹന്നാൻ 5:3) മാത്രവുമല്ല, നമ്മുടെ സമീപഭാവി മനുഷ്യവർഗ്ഗത്തിന് എന്ത് കൈവരുത്താനിരിക്കുന്നുവെന്ന് നാം വിചിന്തനം ചെയ്യുമ്പോൾ നമ്മുടെ അയൽക്കാർക്കു മുന്നറിയിപ്പുകൊടുക്കുന്നതിന് ശ്രമിക്കുന്നതിൽനിന്ന് നമുക്ക് എങ്ങനെ പിൻമാറിനിൽക്കാൻ കഴിയും?—2 തിമൊഥെയോസ് 4:2.
5. (എ) വേറെ ഏതു കാരണത്താൽ നാം പ്രസംഗവേലയിൽ നിലനിൽക്കേണ്ടതുണ്ട്? (ബി) പ്രസംഗവേല ന്യായവിധിക്കുള്ള ഒരു അടിസ്ഥാനമായിരിക്കുന്നതെങ്ങനെ?
5 മാത്രവുമല്ല, യിരെമ്യാവിന്റെ പ്രസംഗം യഥാർത്ഥത്തിൽ ഒരു ന്യായവിധിവേലയായിരുന്നു. ക്രി. മു. 607-ൽ യരൂശലേം നിപതിച്ചപ്പോൾ മരണമോ അടിമത്തമോ അനുഭവിച്ച ആർക്കും തങ്ങൾക്കിതു സംഭവിക്കുന്നതെന്തുകൊണ്ടെന്ന് അറിയാൻ പാടില്ലായിരുന്നുവെന്ന് അവകാശപ്പെടാൻ കഴിയുമായിരുന്നില്ല. യഹോവയ്ക്കെതിരെ അവർ മത്സരികളായി തുടർന്നാൽ കൃത്യമായി അത്തരമൊരു ഭവിഷ്യത്ത് ഉണ്ടാകുമെന്ന് നേരത്തെ 40 വർഷം യിരെമ്യാവ് മുന്നറിയിപ്പുകൊടുത്തുകൊണ്ടിരുന്നു. (യെഹെസ്ക്കേൽ 2:5 താരതമ്യപ്പെടുത്തുക.) സമാനമായി ഇന്ന് “സകല ജനതകൾക്കും സാക്ഷ്യ”മായുള്ള സുവാർത്താപ്രസംഗം ന്യായവിധിക്കുള്ള ഒരു അടിസ്ഥാനമാണ്. “ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവാർത്ത അനുസരിക്കാത്തവർക്കും “ക്രിസ്തുയേശു പ്രതികാരം ചെയ്യുമെന്ന് പ്രസ്താവിക്കുമ്പോൾ അപ്പോസ്തലനായ പൗലോസ് ഇത് വ്യക്തമാക്കുന്നുണ്ട്. (2 തെസ്സലോനീക്യർ 1:8, 9) ആളുകൾ സുവാർത്തയോടുള്ള അവരുടെ പ്രതികരണത്തെ അടിസ്ഥാനപ്പെടുത്തി ന്യായം വിധിക്കപ്പെടും. അതുകൊണ്ട് പ്രസംഗവേല അവസാനത്തോളം ഉച്ചത്തിലും വ്യക്തമായും തുടരണം. (വെളിപ്പാട് 14:6, 7) സാദ്ധ്യമാകുന്നടത്തോളം കൂടെക്കൂടെ ഈ മർമ്മപ്രധാനമായ സന്ദേശം ആളുകളിലേക്ക് എത്തിക്കുന്നതിനെ യാതൊന്നും തടയരുത്. ഇത് യഹോവയുടെ സമർപ്പിതദാസൻമാരുടെമേലെല്ലാം ഒരു വലിയ ഉത്തരവാദിത്തം വെക്കുന്നു.
6. നമ്മുടെ സന്ദേശം പരക്കെ അറിയപ്പെട്ടേക്കാമെങ്കിലും നാം പ്രസംഗിച്ചുകൊണ്ടേയിരിക്കേണ്ടയാവശ്യമുള്ളതെന്തുകൊണ്ട്?
6 നമ്മുടെ പ്രദേശത്ത് നാം ഇപ്പോൾത്തന്നെ വളരെ വിപുലമായി സുവാർത്ത പ്രസംഗിച്ചിരിക്കാമെന്നുള്ളതു സത്യംതന്നെ. എന്നാൽ ലോകത്തിൽ വളരെയധികം കാര്യങ്ങൾ സംഭവിക്കുന്നുണ്ട്, അനേകർ നമ്മുടെ സന്ദേശം കേട്ടിട്ടുണ്ടെങ്കിലും നാം പ്രസംഗം നിർത്തിയാൽ അവർ അതു പെട്ടെന്നു മറക്കും. വിപുലമായ പരസ്യം കൊടുക്കപ്പെടുന്ന വിപ്ലവങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും പണിമുടക്കുകളെയും അപവാദങ്ങളെയും മററു സംഭവങ്ങളെയും കുറിച്ചു ചിന്തിക്കുക. ഇനി ജനപ്രീതിയുള്ള അനേകതരം വിനോദങ്ങളും മററ് ശ്രദ്ധാശൈഥില്യങ്ങളുമുണ്ട്. അവരുടെ ശ്രദ്ധയെ ആകർഷിക്കുന്ന ഇവയെല്ലാമുണ്ടെങ്കിലും അവരുടെ മുമ്പാകെ നമ്മുടെ സന്ദേശം നിലനിർത്തുന്നതിന് നാം പ്രസംഗിക്കുന്നതിൽ തുടരണം.
7. ഇന്നത്തെ അനേകരുടെ പ്രതികരണം യെശയ്യാവിന്റെ പ്രവചിക്കലിനോടുള്ള യിസ്രായേല്യരുടെ പ്രതികരണത്തോടു സമാനമായിരിക്കുന്നതെങ്ങനെ, എന്നാൽ ഇത് നമ്മെ പ്രസംഗിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കരുതാത്തതെന്തുകൊണ്ട്?
7 അനേകർ നമ്മെ അവഗണിക്കാൻ ശ്രമിക്കുമ്പോൾ, ഏതുതരം ആളുകളോട് യെശയ്യാവ് പ്രസംഗിക്കേണ്ടിയിരുന്നുവെന്ന് നാം ഓർക്കണം. യഹോവ അവനോടു പറഞ്ഞു: “എന്തെന്നാൽ ഇത് ഒരു മത്സരജനം, അസത്യമുള്ള പുത്രൻമാർ, യഹോവയുടെ ന്യായപ്രമാണം കേൾക്കാൻ മനസ്സില്ലാത്ത പുത്രൻമാർ ആകുന്നു; കാണുന്നവരോട് ‘നിങ്ങൾ കാണരുത്’ എന്നും ദർശനങ്ങളുള്ളവരോട് ‘നിങ്ങൾ ഞങ്ങൾക്കുവേണ്ടി നേരായ കാര്യങ്ങളൊന്നും ദർശിക്കരുത്. ഞങ്ങളോട് ഇമ്പമുള്ള കാര്യങ്ങൾ സംസാരിക്കുക; വഞ്ചനാത്മകമായ കാര്യങ്ങൾ ദർശിക്കുക. വഴിവിട്ടുമാറുക; പാതയിൽനിന്ന് വ്യതിചലിക്കുക. ഞങ്ങൾ നിമിത്തം യിസ്രായേലിന്റെ പരിശുദ്ധനെ വിരമിക്കാറാക്കുക എന്നും പറഞ്ഞിരിക്കുന്നവർ തന്നെ.” എന്നിരുന്നാലും, “യഹോവ ന്യായവിധിയുടെ ഒരു ദൈവമാകുന്നു. അവനെ പ്രതീക്ഷിച്ചിരിക്കുന്ന എല്ലാവരും സന്തുഷ്ടരാകുന്നു” എന്ന് യെശയ്യാവ് വിശ്വസ്തതയോടെ ജനത്തോടു പറഞ്ഞു. (യെശയ്യാവ് 30:9-11, 18) നാം അതുതന്നെ ചെയ്യണം. നാം നിർത്താതെ തുടരുന്നടത്തോളം കാലം നമ്മുടെ സന്ദേശം ഒരളവിൽ തുളച്ചുകയറും. ചിലർ ശ്രദ്ധിക്കും, മററു ചിലർ ശ്രദ്ധിക്കുകയില്ല. എന്നാൽ കേൾക്കുന്നതിനുള്ള അവസരം എല്ലാവർക്കും ഉണ്ടായിരിക്കും.
‘അവർ എങ്ങനെ കേൾക്കും?’
8. ആളുകൾ സത്യത്തിനെതിരായ നില സ്വീകരിച്ചിരിക്കുന്നതായി തോന്നിയേക്കാമെങ്കിലും, ഏതു ഘടകങ്ങൾ അവരുടെ മനസ്സുകൾക്കു മാററം വരുത്തിയേക്കാം?
8 ഒരുപക്ഷേ, ഒരു പ്രത്യേക പ്രദേശത്തെ ആളുകൾ ഒരു സുനിശ്ചിത നില സ്വീകരിച്ചിരിക്കുന്നുവെന്നും നമ്മുടെ സന്ദേശത്തെ നിരസിക്കാനോ എതിർക്കാൻപോലുമോ അവർ തീരുമാനിച്ചിരിക്കുന്നുവെന്നും നമുക്കു തോന്നുന്നു. എന്നാൽ ആളുകളുടെ ജീവിതത്തിലെ സാഹചര്യം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണെന്ന് ഓർക്കുക. അവർ നാളെയോ അടുത്ത ആഴ്ചയിലോ അടുത്ത മാസത്തിലോ പുതിയ പ്രശ്നങ്ങളെയോ സാഹചര്യങ്ങളെയോ അഭിമുഖീകരിച്ചേക്കാം, അവ അവരെ സത്യത്തോടു സ്വീകാര്യക്ഷമതയുള്ളവരാക്കിയേക്കാം. ലോകത്തിലെ അസ്വസ്ഥതാജനകമായ സംഭവങ്ങളെക്കുറിച്ചു അവർ കേട്ടേക്കാം, അല്ലെങ്കിൽ ഒരുപക്ഷേ സാമ്പത്തിക തിരിച്ചടികളോ രോഗമോ കുടുംബത്തിൽ മരണമോ അനുഭവപ്പെട്ടേക്കാം. അങ്ങനെയുള്ള കാര്യങ്ങൾ അവർ ഉണരാനും അവരുടെ അരിഷ്ടതയുടെ കാരണമറിയാനാഗ്രഹിക്കാനുമിടയാക്കിയേക്കാം. നാം പ്രസംഗിക്കുന്നതിൽ തുടരുന്നുവെങ്കിൽ എങ്ങോട്ടു തിരിയണമെന്ന് അവർ അറിയും.
9. നമ്മുടെ പ്രസംഗവേലയെ ഒരു അപകടമേഖലയിലെ രക്ഷാപ്രവർത്തകരോട് എങ്ങനെ താരതമ്യപ്പെടുത്താം?
9 നമ്മുടെ സാഹചര്യത്തെ ഒരു ഭൂകമ്പത്തിനുശേഷം അപകടമേഖലയിലുള്ള രക്ഷാപ്രവർത്തകരോടു താരതമ്യപ്പെടുത്താവുന്നതാണ്. ചിലർ ചുരുക്കം ചില അതിജീവകരെ കണ്ടെത്തിയ ഒരു പ്രദേശത്തായിരിക്കാം പ്രവർത്തിക്കുന്നത്, എന്നാൽ അവരുടെ സഹപ്രവർത്തകർ മറെറാരു പ്രദേശത്ത് കൂടുതൽ അതിജീവകരെ കണ്ടെത്തുന്നുവെന്ന വസ്തുത അവർ മന്ദീഭവിക്കുന്നതിനും നിർത്തിപ്പിരിയുന്നതിനും ഇടയാക്കുകയില്ല. പകരം, തങ്ങളുടെ നിയമിത പ്രദേശത്ത് ഇനി അതിജീവകരില്ലായിരിക്കാമെന്ന് രക്ഷാപ്രവർത്തകർ വിചാരിക്കുമ്പോൾപോലും അവർ അക്ഷീണം സ്ഥിരപരിശ്രമം നടത്തുന്നു. അങ്ങനെയിരിക്കെ, ചിലപ്പോൾ അവർ മറെറാരു അതിജീവകനെ കണ്ടെത്തിയേക്കാം. കടന്നുപോയ സമയം മേലാൽ ആശയില്ലെന്നു വെളിപ്പെടുത്തുമ്പോൾ മാത്രമേ അന്വേഷണം നിർത്തുന്നുള്ളു. ശരി, നമ്മുടെ അന്വേഷണം ഇതുവരെ നിർത്തിയിട്ടില്ല, ഈ പഴയലോകത്തിൽനിന്ന് വിടുവിക്കപ്പെട്ട് “മഹോപദ്രവ”ത്തെ അതിജീവിക്കാനാഗ്രഹിക്കുന്ന ആയിരക്കണക്കിനാളുകളെ നാം ഇപ്പോഴും കണ്ടെത്തുന്നുണ്ട്. (വെളിപ്പാട് 7:9, 14) പൂർണ്ണമായി പ്രവർത്തിച്ചിട്ടുള്ളതും മിക്കവരും ചെവികൊടുക്കാത്തതുമായ പ്രദേശങ്ങളിൽപോലും ഇപ്പോഴും കുറെ ഫലങ്ങളുണ്ട്. പ്രസംഗിക്കുന്നതിൽ തുടരുന്നതിന് കൂടുതലായ കാരണങ്ങളുണ്ട്.
10. റോമർ 10:13, 14 അനുസരിച്ച്, ആളുകൾ സത്യമന്വേഷിക്കാനാഗ്രഹിക്കുന്നുവെങ്കിൽ എങ്ങനെ മാത്രമേ എങ്ങോട്ടു തിരിയണമെന്ന് അവർ അറിയുകയുള്ളു?
10 “യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്ന് ആളുകളെ തുടർച്ചയായി ഓർമ്മിപ്പിക്കേണ്ടതുണ്ട്. എന്നിരുന്നാലും, പൗലോസ് റോമർക്കുള്ള തന്റെ ലേഖനത്തിൽ തുടർന്നു പറയുന്നതുപോലെ, “തങ്ങൾ വിശ്വാസമർപ്പിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? ക്രമത്തിൽ, അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വാസമർപ്പിക്കും? ക്രമത്തിൽ, ആരെങ്കിലും പ്രസംഗിക്കാനില്ലാതെ അവർ എങ്ങനെ കേൾക്കും” (റോമർ 10:13, 14) ഈ വാക്കുകൾ ദൈവരാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ തുടരേണ്ടതിന്റെ ആവശ്യകത നമ്മിൽ ഓരോരുത്തരെയും ബോദ്ധ്യപ്പെടുത്തേണ്ടതാണ്.
11. പ്രായപൂർത്തിയിലേക്കു വളരുന്ന ചെറുപ്പക്കാരോടു നമുക്ക് എന്ത് ഉത്തരവാദിത്തമുണ്ട്?
11 അന്ത്യകാലം തുടർന്നിരിക്കുന്നതുകൊണ്ട് കുട്ടികൾ ജനിക്കുകയും പ്രായപൂർത്തിയിലേക്കോ ഉത്തരവാദിത്തത്തിന്റെ പ്രായത്തിലേക്കോ വളരുകയും ചെയ്തിട്ടുണ്ട്. മിക്കപ്പോഴും ഈ യുവജനങ്ങൾ സത്യത്തിന് യാതൊരു ശ്രദ്ധയും കൊടുത്തിട്ടില്ല. അവരുടെ മാതാപിതാക്കൾ സന്ദേശത്തെ ത്യജിക്കുകയും അതിനെതിരായി സംസാരിക്കുകയുംപോലും ചെയ്തിരിക്കാം. എന്നാൽ ഇപ്പോൾ ഈ യുവാക്കൾ ലോകാവസ്ഥകളെക്കുറിച്ചും ഭാവിയെക്കുറിച്ചും തങ്ങളുടെ ജീവിതോദ്ദേശ്യത്തെക്കുറിച്ചും സ്വയം സഗൗരവം ചിന്തിക്കാൻ തക്ക പ്രായമുള്ളവരാണ്. അവരും രക്ഷിക്കപ്പെടണമെങ്കിൽ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ “അവർ കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വാസമർപ്പിക്കും?” (റോമർ 10:14) മിക്കവരുടെയും സംഗതിയിൽ ഈ കൗമാര പ്രായക്കാരും യുവാക്കളും സത്യത്തിന് ചെവികൊടുക്കുന്നവരാണ്, അതുകൊണ്ട് നാം അവരെ തെരയുകയും അവരോടു പ്രസംഗിക്കുകയും വേണം.
12. നാം പ്രസംഗം തുടരുന്നത് യഹോവയുടെ കരുണയുടെ ഒരു പ്രകടനമായിരിക്കുന്നതെങ്ങനെ?
12 പ്രസംഗത്തിനുള്ള വഴി ഇപ്പോഴും തുറന്നുകിടക്കുന്നുവെന്ന വസ്തുത യഹോവയുടെ കരുണയുടെ ഒരു പ്രകടനമാണ്. അപ്പോസ്തലനായ പത്രോസ് എഴുതുന്നു: “ചിലയാളുകൾ താമസമെന്നു പരിഗണിക്കുന്നതുപോലെ യഹോവ തന്റെ വാഗ്ദത്തം സംബന്ധിച്ചു താമസമുള്ളവനല്ല. എന്നാൽ അവൻ ആരും നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കാതെ എല്ലാവരും അനുതാപത്തിലെത്താൻ ആഗ്രഹിക്കുന്നതുകൊണ്ട് അവൻ നിങ്ങളോടു ക്ഷമയുള്ളവനാണ്. മാത്രവുമല്ല, നമ്മുടെ കർത്താവിന്റെ ക്ഷമയെ രക്ഷയെന്നു പരിഗണിക്കുക.” (2 പത്രോസ് 3:9, 15) സകലതരം മനുഷ്യരും രക്ഷിക്കപ്പെടണമെന്നുള്ള യഹോവയുടെ ആഗ്രഹം അവൻ ന്യായവിധി നടത്തുന്നതിനു മുമ്പ് ക്ഷമാപൂർവ്വം സമയം അനുവദിക്കുന്നതിനാൽ മാത്രമല്ല, തന്നിലേക്കു തിരിഞ്ഞ് രക്ഷിക്കപ്പെടാൻ മനുഷ്യരോടു താൻ തുടർച്ചയായി അഭ്യർത്ഥിക്കുന്നതിനാലും പ്രകടമാക്കപ്പെടുന്നു. (1 തിമൊഥെയോസ് 2:4) നാം സുവാർത്ത പ്രസംഗിക്കുന്നതിൽ തുടരുമ്പോൾ നാം ദൈവത്തിന്റെ കരുണയെ ദീപ്തമാക്കുകയും ആ വിധത്തിൽ അവനെ സ്തുതിക്കുകയും ചെയ്യുന്നു.
രക്തപാതകം ഒഴിവാക്കൽ
13, 14. (എ) നമ്മുടെ പ്രസംഗവേലയെ, യെഹെസ്ക്കേൽ പ്രവചനത്തിൽ പറഞ്ഞിരിക്കുന്നതുപോലെ, ഒരു കാവൽക്കാരന്റെ വേലയോടു താരതമ്യപ്പെടുത്താൻ കഴിയുന്നതെങ്ങനെ? (ബി) താൻ “സകല മനുഷ്യരുടെയും രക്തം സംബന്ധിച്ചു നിർമ്മലൻ” ആണെന്ന് പൗലോസിന് പറയാൻ കഴിഞ്ഞതെങ്ങനെ, ഇന്ന് എങ്ങനെ മാത്രമേ യഹോവയുടെ സാക്ഷികൾക്ക് ഇതു പറയാൻ കഴികയുള്ളു?
13 ദൈവത്തിന്റെ വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് ആളുകൾക്കു മുന്നറിയിപ്പു കൊടുക്കാനുള്ള യഹോവയുടെ സമർപ്പിത സാക്ഷികളുടെ ഉത്തരവാദിത്തത്തെ യെഹസ്ക്കേലിന്റെ കാലത്തെ അവന്റെ ഉത്തരവാദിത്തത്തോട് താരതമ്യപ്പെടുത്താൻ കഴിയും. അവൻ യിസ്രായേൽ ഗൃഹത്തിന് ഒരു കാവൽക്കാരനായി നിയോഗിക്കപ്പെട്ടു. അവരുടെ വഷളായ വഴികളിൽനിന്ന് അകന്നു മാറുന്നില്ലെങ്കിൽ അവർക്ക് സംഹാരം വരാൻ പോകുന്നുവെന്ന് യിസ്രായേല്യർക്ക് മുന്നറിയിപ്പുകൊടുക്കാനായിരുന്നു അവന്റെ നിയോഗം. ഒരു കാവൽക്കാരനെന്നനിലയിൽ മുന്നറിയിപ്പു മുഴക്കുന്നതിൽ അവൻ പരാജയപ്പെട്ടാൽ, ദുഷ്ടജനത്തിൻമേൽ സംഹാരം അപ്പോഴും ഉണ്ടാകും, എന്നാൽ അവരുടെ രക്തം ഉദാസീനനായ കാവൽക്കാരന്റെ തലമേൽ വരും. ഇതിൽ ന്യായവിധി നടത്തുന്നതു സംബന്ധിച്ച യഹോവയുടെ മനോഭാവമാണ് അവൻ പ്രകടമാക്കുന്നത്: “ദുഷ്ടനായവന്റെ മരണത്തിലല്ല, ദുഷ്ടനായ ആരെങ്കിലും തന്റെ വഴിയിൽനിന്ന് പിൻമാറി യഥാർത്ഥത്തിൽ തുടർന്ന് ജീവിക്കുന്നതിലാണ് ഞാൻ സന്തോഷിക്കുന്നത്. യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ വഴികളിൽനിന്ന് പിന്തിരിയുക, പിന്തിരിയുക, എന്തെന്നാൽ നിങ്ങൾ എന്തിനു മരിക്കണം”—യെഹെസ്ക്കേൽ 33:1-11.
14 അപ്പോസ്തലനായ പൗലോസ് ഒരു കാവൽക്കാരനെന്നനിലയിൽ തന്റെ ഉത്തരവാദിത്തം ഏററു പറഞ്ഞുകൊണ്ട് എഫേസൂസിലെ മൂപ്പൻമാരോട് ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ സകല മനുഷ്യരുടെയും രക്തം സംബന്ധിച്ച് നിർമ്മലനാണെന്ന് ഇന്നേ ദിവസം ഞാൻ നിങ്ങളെ സാക്ഷിനിർത്തുന്നു.” അവൻ അതു പറഞ്ഞത് എന്തുകൊണ്ടായിരുന്നു? അവൻ തുടരുന്നു: “എന്തെന്നാൽ ദൈവത്തിന്റെ മുഴു ആലോചനയും നിങ്ങളോടു പറയുന്നതിൽ നിന്ന് ഞാൻ പിൻമാറി നിന്നിട്ടില്ല.” (പ്രവൃത്തികൾ 20:26, 27) യേശുക്രിസ്തുവിന്റെ അഭിഷിക്താനുഗാമികളുടെ ശേഷിപ്പായ ഇന്നത്തെ കാവൽക്കാരൻ വർഗ്ഗത്തെ സംബന്ധിച്ചും അങ്ങനെ തന്നെയാണ്. ഇവയെല്ലാം മാത്രമല്ല ഈ വ്യവസ്ഥിതിയുടെ അവസാനത്തെ അതിജീവിച്ച് ഭൂമിയിൽ നിത്യജീവൻ പ്രാപിക്കാൻ പ്രത്യാശയുള്ള മുപ്പതുലക്ഷത്തിലധികം വരുന്ന അവരുടെ സഹപ്രവർത്തകരും ദൈവരാജ്യസുവാർത്ത പ്രസംഗിക്കുന്നതിലും അവന്റെ വരാനിരിക്കുന്ന ന്യായവിധി നിർവ്വഹണത്തെ സംബന്ധിച്ച് മുന്നറിയിപ്പു കൊടുക്കുന്നതിലും ഒരിക്കലും മന്ദീഭവിക്കരുത്. ഈ വിധത്തിൽ അവർ രക്തപാതകം ഒഴിവാക്കുന്നു.
15. യെഹെസ്ക്കേൽ 9-ാം അദ്ധ്യായമനുസരിച്ച്, ആർക്ക് അടയാളമിട്ടു, ആർ അടയാളമിട്ടു?
15 ഇന്നത്തെ പ്രസംഗവേല യെഹെസ്ക്കേൽ 9-ാം അദ്ധ്യായത്തിൽ പ്രാവചനികമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു. ഇവിടെ യരൂശലേം നഗരത്തിൻമേലുള്ള യഹോവയുടെ ശിക്ഷ നിർണ്ണയിക്കപ്പെട്ടു. ന്യായവിധിനിർവ്വഹണത്തിനു മുമ്പ് നഗരത്തിലൂടെ പോയി അവിടെ ചെയ്യപ്പെടുന്ന മ്ലേച്ഛകാര്യങ്ങൾ നിമിത്തം നെടുവീർപ്പിടുന്നവരുടെ നെററികളിൽ ഒരു അടയാളമിടുന്നതിന് ചണവസ്ത്രം ധരിച്ച് അരയിൽ സെക്രട്ടറിയുടെ മഷിക്കുപ്പിയുള്ള ഒരു പുരുഷനോടു പറയപ്പെടുന്നു. ഈ അടയാളമിടൽ വേല പൂർത്തിയാകുമ്പോൾ അതിജീവനത്തിനുവേണ്ടി അടയാളമിടപ്പെട്ടവരൊഴികെ സകലരും സംഹരിക്കപ്പെടും. തന്റെ അടയാളമിടൽവേല വിജയകരമായി പൂർത്തീകരിച്ചശേഷം “നീ എന്നോടു കല്പിച്ചിരിക്കുന്നതുപോലെതന്നെ ഞാൻ ചെയ്തിരിക്കുന്നു”വെന്ന് ആ മനുഷ്യൻ റിപ്പോർട്ടു ചെയ്തു. (യെഹെസ്ക്കേൽ 9:11) അവൻ തന്റെ നിയമനം വിശ്വസ്തമായി പൂർത്തിയാക്കി.
16. (എ) ചണവസ്ത്രം ധരിച്ച മനുഷ്യൻ ഇന്ന് ആരെ ചിത്രീകരിക്കുന്നു? (ബി) യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനമെന്ന വിവാദവിഷയം പ്രസംഗം തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്നതെങ്ങനെ?
16 ചണവസ്ത്രം ധരിച്ച പുരുഷൻ ക്രിസ്തുവിന്റെ അനുഗാമികളുടെ അഭിഷിക്തശേഷിപ്പിനെ ചിത്രീകരിക്കുന്നു, “വേറെ ആടുകളാകുന്ന” “മഹാപുരുഷാരം” അവരോടു ചേരുന്നു. യെഹെസ്ക്കേലിന്റെ കാലത്തെപ്പോലെ ഇന്നത്തെ വലിയ വിവാദവിഷയം യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനമാണ്. സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിലെ ഇപ്പോഴത്തെ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തെ സംബന്ധിച്ച് യഹോവ പറയുന്നു: “ഞാൻ യഹോവയാണെന്ന് ജനതകൾ അറിയേണ്ടിവരും.” (വെളിപ്പാട് 7:9; യോഹന്നാൻ 10:16; യെഹെസ്ക്കേൽ 39:7) ജനതകൾ ഇതറിയണമെങ്കിൽ ഭൂമിയിലെ യഹോവയുടെ ദാസൻമാർ സകല ജനതകൾക്കും സാക്ഷ്യമായി അവന്റെ നാമവും ഉദ്ദേശ്യവും പ്രസംഗിക്കുന്നതിൽ തുടരേണ്ടത് അത്യാവശ്യമാണ്.
17, 18. (എ) നാം പ്രസംഗം തുടരുന്നത് ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ? (ബി) യഹോവ പ്രസംഗവേലയെ സമാപിപ്പിക്കുമ്പോൾ അവന് എന്തു റിപ്പോർട്ടു കൊടുക്കാൻ നമ്മളെല്ലാം ആഗ്രഹിക്കുന്നു, നമുക്ക് ഇത് എങ്ങനെ മാത്രമേ ചെയ്യാൻ കഴികയുള്ളു?
17 രാജ്യത്തിന്റെ സുവാർത്ത തുടർന്നു പ്രസംഗിക്കുന്നതിനാൽ നാം നമ്മുടെ സ്വന്തം ജാഗ്രത നിലനിർത്തുന്നു. നാം യഹോവയുടെ നാമത്തിന്റെയും ഉദ്ദേശ്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധമുള്ളവരായി തുടരുന്നു. നാം മന്ദീഭവിക്കുന്നുവെങ്കിൽ നമ്മുടെ രാജ്യ പ്രത്യാശ ദുർബ്ബലമായേക്കാം. “ഉൽക്കണ്ഠകളും സ്വത്തും ഈ ജീവിതത്തിലെ ഉല്ലാസങ്ങളും” നമ്മെ വലിച്ചുകൊണ്ടുപോകുകയും നാം “യാതൊന്നും പൂർത്തിയാക്കാതിരിക്കുകയും” ചെയ്തേക്കാം. (ലൂക്കോസ് 8:14) സുവാർത്ത ഘോഷിക്കുന്നതിൽ തീക്ഷ്ണതയോടെ പിടിച്ചുനിൽക്കുന്നതിനാൽ നാം നമ്മുടെ യജമാനനായ യേശുക്രിസ്തുവിന്റെ കല്പനകൾ വിശ്വസ്തമായി അനുസരിക്കുന്നു: “നിയമിത സമയം എപ്പോഴെന്ന് നിങ്ങൾ അറിയാത്തതിനാൽ നോക്കിക്കൊണ്ടിരിക്കുക, ഉണർന്നിരിക്കുക. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് ഞാൻ എല്ലാവരോടും പറയുന്നു, ഉണർന്നിരിക്കുക.”—മർക്കോസ് 13:10, 33, 37.
18 അപ്പോൾ നമുക്കെല്ലാം, യഹോവ സമയമനുവദിക്കുന്നടത്തോളം കാലം ‘നെടുവീർപ്പിടുന്നവരെ’ തിരഞ്ഞു കണ്ടുപിടിക്കുന്നതിൽ തുടരാം. അഭിഷിക്തശേഷിപ്പിൽ പെട്ടവരായാലും “വേറെ ആടുകളിൽ”പെട്ടവരായാലും, നമുക്കെല്ലാം സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള നമ്മുടെ നിയോഗം നിറവേററുന്നതിൽ വിശ്വസ്തരായിരിക്കാം. (മത്തായി 24:14) “മഹോപദ്രവ”ത്തിന് തുടക്കമിട്ടുകൊണ്ട് യഹോവതന്നെ ഈ വേലയെ അവസാനിപ്പിക്കുമ്പോൾ നമ്മിലോരോരുത്തരും യഹോവയോട് ‘നീ കല്പിച്ചിരിക്കുന്നതുപോലെ തന്നെ ഞങ്ങൾ ചെയ്തിരിക്കുന്നു’വെന്ന് പറയാൻ പ്രാപ്തനായിരിക്കട്ടെ. (w88 1/1)
നിങ്ങൾ ഓർക്കുന്നുവോ?
◻ നമ്മുടെ പ്രസംഗം സംബന്ധിച്ച് ഫലങ്ങൾ എന്തു സൂചിപ്പിക്കുന്നു?
◻ നാം തുടർന്നു പ്രസംഗിക്കേണ്ടതിന്റെ മററു കാരണങ്ങളേവ?
◻ നമ്മുടെ പ്രസംഗം യഹോവയുടെ കരുണയുടെ ഒരു പ്രകടനമായിരിക്കുന്നതെങ്ങനെ?
◻ നമുക്ക് സകല മനുഷ്യരുടെയും രക്തം സംബന്ധിച്ച് നിർമ്മലരായിരിക്കാൻ എങ്ങനെ കഴിയും?
◻ നമ്മുടെ പ്രസംഗം ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
[29-ാം പേജിലെ ചാർട്ട്]
ഏഴുവർഷത്തെ പ്രസംഗഫലങ്ങൾ
സ്നാനമേററവരുടെ സ്മാരകഹാജർ ബൈബിളദ്ധ്യയന എണ്ണം എണ്ണം
1981 1,19,836 59,87,893 14,75,177
1982 1,38,540 62,52,787 15,86,293
1983 1,61,896 67,67,707 17,97,112
1984 1,79,421 74,16,974 20,47,113
1985 1,89,800 77,92,109 23,79,146
1986 2,25,868 81,60,597 27,26,252
1987 2,30,843 89,65,221 30,05,048