വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“ഉപദ്രവത്തിന്റെ അന്തിമഭാഗത്ത്, യഹോവയുടെ പക്ഷത്തേക്കു പലായനം ചെയ്തിരിക്കുന്ന ‘ജഡം’ രക്ഷിക്കപ്പെടും” എന്ന് 1996 ആഗസ്റ്റ് 15-ലെ “വീക്ഷാഗോപുരം” പ്രസ്താവിക്കുകയുണ്ടായി. മഹോപദ്രവത്തിന്റെ ആദ്യ ഘട്ടത്തിനുശേഷം പുതിയ പലരും ദൈവത്തിന്റെ പക്ഷത്തേക്കു വരുമെന്നാണോ അതു സൂചിപ്പിക്കുന്നത്?
അതായിരുന്നില്ല ഉദ്ദേശിച്ച സംഗതി.
മത്തായി 24:22-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ ഭാവിയിൽ പ്രാഥമികമായി നിവർത്തിക്കപ്പെടുന്നത്, വരാനിരിക്കുന്ന മഹോപദ്രവത്തിന്റെ ആദ്യ ഘട്ടത്തിലൂടെയുള്ള, അതായത് മതത്തിന്മേലുള്ള ആക്രമണസമയത്തെ രക്ഷ മുഖാന്തരമായിരിക്കും. ആ ലേഖനം ഇങ്ങനെ പറയുകയുണ്ടായി: ‘ഉപദ്രവത്തിന്റെ ആദ്യഘട്ടത്തിൽ മഹാബാബിലോൻ വേഗത്തിലും പൂർണമായും നിലംപതിക്കുമ്പോൾതന്നെ അഭിഷിക്ത ശേഷിപ്പും “മഹാപുരുഷാര”വുമാകുന്ന “ജഡം” രക്ഷിക്കപ്പെട്ടിരിക്കുമെന്ന് ഓർമിക്കുക.’
ഉപദ്രവത്തിന്റെ അന്തിമ ഭാഗത്തു യേശുവും അവന്റെ സ്വർഗീയ സൈന്യവും നടപടിയെടുക്കുമ്പോൾ അത്തരം വിശ്വസ്തർ യാതൊരു തരത്തിലുമുള്ള അപകടാവസ്ഥയിലായിരിക്കുകയില്ല. എന്നാൽ ഉപദ്രവത്തിന്റെ ആ ഘട്ടത്തെ അതിജീവിക്കുന്നവർ ആരായിരിക്കും? ഭൗമിക പ്രത്യാശയുള്ള ഒരു മഹാപുരുഷാരമായിരിക്കും അതിജീവിക്കുന്നതെന്നു വെളിപ്പാടു 7:9, 14 പ്രകടമാക്കുന്നു. ആത്മാഭിഷിക്ത ക്രിസ്ത്യാനികളുടെ കാര്യമോ? അഭിഷിക്തരുടെ ശേഷിപ്പ് സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നത് എപ്പോഴായിരിക്കുമെന്നതു സംബന്ധിച്ച് നമുക്കു തീർത്തു പറയാനാവാത്തതിന്റെ കാരണം 1990 ആഗസ്റ്റ് 15-ലെ വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” ചർച്ച ചെയ്യുകയുണ്ടായി. അതുകൊണ്ട് അടുത്ത കാലത്തെ ലേഖനം (ആഗസ്റ്റ് 15, 1996), “സമാനമായി, ഉപദ്രവത്തിന്റെ അന്തിമഭാഗത്ത്, യഹോവയുടെ പക്ഷത്തേക്കു പലായനം ചെയ്തിരിക്കുന്ന ‘ജഡം’ രക്ഷിക്കപ്പെടും” എന്ന പൊതുവായ പ്രസ്താവന നടത്തിക്കൊണ്ട് പ്രസ്തുത കാര്യത്തെ അനിശ്ചിതമായി വിടുകയാണു ചെയ്തത്.
മഹോപദ്രവം തുടങ്ങിയതിനുശേഷം പുതിയ ആർക്കെങ്കിലും സത്യം പഠിക്കാനും ദൈവത്തിന്റെ പക്ഷത്തേക്കു വരാനും സാധിക്കുമോ എന്നതു സംബന്ധിച്ച്, മത്തായി 24:29-31-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക. ആ ഉപദ്രവം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, മനുഷ്യപുത്രന്റെ അടയാളം ദൃശ്യമാകും. ഭൂമിയിലെ സകല ഗോത്രങ്ങളും തങ്ങളെത്തന്നെ പ്രഹരിക്കുമെന്നും പ്രലാപിക്കുമെന്നും യേശു പറഞ്ഞു. ആ സ്ഥിതിവിശേഷം സംബന്ധിച്ച് ആളുകൾ ഉണർവുള്ളവരായി അനുതപിക്കുകയും ദൈവത്തിന്റെ പക്ഷത്തേക്കു വരുകയും ചെയ്തുകൊണ്ടു യഥാർഥ ശിഷ്യന്മാരായിത്തീരുന്നതിനെക്കുറിച്ച് അവൻ ഒന്നും പറഞ്ഞില്ല.
സമാനമായി, ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച ഉപമയിൽ, മനുഷ്യപുത്രൻ പ്രത്യക്ഷപ്പെട്ട് ആളുകൾ കഴിഞ്ഞ കാലത്തു ചെയ്തതും ചെയ്യാതിരുന്നതുമായ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അവരെ നീതിന്യായപരമായി വേർതിരിക്കുന്നു. ദീർഘകാലം കോലാടുതുല്യ സ്വഭാവങ്ങൾ കാട്ടിയ ആളുകൾ പെട്ടെന്ന് മനംതിരിഞ്ഞ് ചെമ്മരിയാടുതുല്യരായിത്തീരുന്നതിനെക്കുറിച്ചു യേശു ഒന്നും പറഞ്ഞില്ല. അതിനോടകം ആളുകൾ എന്താണെന്നു തെളിഞ്ഞിരിക്കുന്നുവോ അതിന്റെ അടിസ്ഥാനത്തിലായിരിക്കും അവൻ ന്യായം വിധിക്കാൻ എത്തുക.—മത്തായി 25:31-46.
എന്നാൽ, പിന്നെയും ഇക്കാര്യം സംബന്ധിച്ച് ഒരഭിപ്രായം തീർത്തു പറയുന്നതിനു യാതൊരു കാരണവുമില്ല. ഇപ്പോൾ ചെയ്യേണ്ടത് എന്താണെന്ന് അഭിഷിക്തരിലും മഹാപുരുഷാരത്തിലും പെട്ട ദൈവജനത്തിന് അറിയാം, പ്രസംഗിക്കുകയും ശിഷ്യരെ ഉളവാക്കുകയും ചെയ്യുക എന്നുള്ളതാണ് അത്. (മത്തായി 28:19, 20; മർക്കൊസ് 13:10) നമ്മെ സംബന്ധിച്ചിടത്തോളം പിൻവരുന്ന ഉദ്ബോധനം ഗൗരവപൂർവം എടുക്കുന്നതിനുള്ള സമയമാണിപ്പോൾ: ‘നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം.’—2 കൊരിന്ത്യർ 6:1, 2.