സൗമ്യപ്രകൃതമുള്ളവർ എത്ര സന്തുഷ്ടർ!
സൗമ്യപ്രകൃതമുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും.”—മത്തായി 5:5, NW.
1. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞ സൗമ്യപ്രകൃതം എന്താണ്?
യേശുക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തിൽ “സൗമ്യപ്രകൃതമുള്ളവർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും” എന്നു പറഞ്ഞു. (മത്തായി 5:5, NW) പ്രകൃതത്തിന്റെ ശാന്തത അഥവാ സൗമ്യത കപടഭാവപരമായ ഒരു ശാന്തശീലത്തിന്റെ പുറമ്മോടിയല്ല, അത് കേവലം ഒരു സ്വാഭാവിക വ്യക്തിത്വലക്ഷണവുമല്ല. എന്നാൽ അത് യഹോവയാം ദൈവത്തിന്റെ ഇഷ്ടത്തോടും മാർഗ്ഗനിർദ്ദേശത്തോടുമുള്ള പ്രതികരണമായി പ്രയോഗിക്കപ്പെടുന്ന ആന്തരികമായ യഥാർത്ഥ ശാന്തസ്വഭാവവും സമാധാനപൂർണ്ണതയുമാകുന്നു. സത്യത്തിൽ സൗമ്യപ്രകൃതമുള്ള ആളുകൾക്ക് സഹമനുഷ്യരോടുള്ള സൗമ്യമായ നടത്തയിൽ പ്രതിഫലിക്കുന്ന ദൈവാശ്രയത്തിന്റെ ഒരു സൂക്ഷ്മബോധമുണ്ട്.—റോമർ 12:17-19; തീത്തോസ് 3:1, 2.
2. യേശു സൗമ്യപ്രകൃതമുള്ളവരെ സന്തുഷ്ടരെന്ന് പ്രഖ്യാപിച്ചതെന്തുകൊണ്ട്?
2 സൗമ്യപ്രകൃതമുള്ളവർ സന്തുഷ്ടരാണെന്ന് യേശു പ്രഖ്യാപിച്ചു, എന്തുകൊണ്ടെന്നാൽ അവർ ഭൂമിയെ അവകാശമാക്കും. പൂർണ്ണമായും സൗമ്യപ്രകൃതമുണ്ടായിരുന്ന ദൈവപുത്രനെന്ന നിലയിൽ യേശുവാണ് ഭൂമിയെ അവകാശപ്പെടുത്തുന്ന മുഖ്യൻ. (സങ്കീർത്തനം 2:8; മത്തായി 11:29; എബ്രായർ 1:1, 2; 2:5-9) എന്നാൽ മശിഹൈക “മനുഷ്യപുത്രൻ” എന്ന നിലയിൽ അവന് തന്റെ സ്വർഗ്ഗീയ രാജ്യത്തിൽ സഹഭരണാധികാരികൾ ഉണ്ടായിരിക്കണമായിരുന്നു. (ദാനിയേൽ 7:13, 14, 22, 27) ക്രിസ്തുവിന്റെ “കൂട്ടവകാശിക”ളെന്ന നിലയിൽ ഈ അഭിഷിക്ത സൗമ്യർ അവന്റെ ഭൂമിയുടെ അവകാശത്തിൽ പങ്കുപററും. (റോമർ 8:17) സൗമ്യപ്രകൃതമുള്ള, ചെമ്മരിയാടുതുല്യരായ മററുള്ളവർ, രാജ്യത്തിന്റെ ഭൗമികമണ്ഡലത്തിൽ പറുദീസയിൽ നിത്യജീവൻ ആസ്വദിക്കും. (മത്തായി 25:33, 34, 46; ലൂക്കോസ് 23:43) ആ പ്രത്യാശ അവരെ തീർച്ചയായും സന്തുഷ്ടരാക്കുന്നു.
3. ദൈവവും ക്രിസ്തുവും സൗമ്യതസംബന്ധിച്ച് എന്തു ദൃഷ്ടാന്തം വെച്ചു?
3 സൗമ്യപ്രകൃതമുള്ള മുഖ്യ അവകാശിക്ക് സൗമ്യപ്രകൃതത്തിന്റെ പ്രമുഖ ദൃഷ്ടാന്തമായ അവന്റെ പിതാവായ യഹോവയിൽനിന്നാണ് ഭൂമി കിട്ടുന്നത്. ദൈവം “കോപത്തിന് താമസമുള്ളവനും സ്നേഹദയയിൽ സമൃദ്ധനും” ആകുന്നുവെന്ന് എത്ര കൂടെക്കൂടെ തിരുവെഴുത്തുകൾ പറയുന്നു! (പുറപ്പാട് 34:6, NW; നെഹെമ്യാവ് 9:17; സങ്കീർത്തനം 86:15) അവന് വലിയ ശക്തിയുണ്ടെങ്കിലും തന്റെ ആരാധകർക്ക് ഭീതികൂടാതെ അവനെ സമീപിക്കാൻ കഴിയത്തക്കവണ്ണം അങ്ങനെയുള്ള സൗമ്യത പ്രദർശിപ്പിക്കുന്നു. (എബ്രായർ 4:16; 10:19-22) “സൗമ്യപ്രകൃതമുള്ളവനും ഹൃദയത്തിൽ എളിയവനു”മായിരുന്ന ദൈവപുത്രൻ സൗമ്യതയുള്ളവരായിരിക്കാൻ തന്റെ ശിഷ്യൻമാരെ പഠിപ്പിച്ചു. (മത്തായി 11:29; ലൂക്കോസ് 6:27-29) തുടർന്ന് ദൈവത്തിന്റെയും അവന്റെ പുത്രന്റെയും ഈ സൗമ്യപ്രകൃതമുള്ള അടിമകൾ “ക്രിസ്തുവിന്റെ സൗമ്യതയെയും ദയയേയും” പകർത്തുകയും അവയെക്കുറിച്ചെഴുതുകയും ചെയ്തു.—2 കൊരിന്ത്യർ 10:1; റോമർ 1:1; യാക്കോബ് 1:1, 2; 2 പത്രോസ് 1:1.
4. (എ) കൊലോസ്യർ 3:12 അനുസരിച്ച് യഥാർത്ഥത്തിൽ സൗമ്യപ്രകൃതമുള്ളവർ എന്തു ചെയ്തിരിക്കുന്നു? (ബി) ഏതു ചോദ്യങ്ങൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
4 ഇന്ന് അഭിഷിക്ത ക്രിസ്ത്യാനികളും അവരുടെ ഭൗമിക കൂട്ടാളികളും സൗമ്യപ്രകൃതമുള്ളവരായിരിക്കേണ്ടതുണ്ട്. ഏതു ചീത്തത്വവും വഞ്ചനയും കപടഭാവവും അസൂയയും അപവാദപ്രചാരണവും നീക്കിക്കളഞ്ഞതുകൊണ്ട് ‘അവർ തങ്ങളുടെ മനസ്സിനെ പ്രവർത്തിപ്പിക്കുന്ന ശക്തിയിൽ’ പുതുതായിത്തീരുന്നതിന് ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ സഹായിക്കപ്പെട്ടിരിക്കുന്നു. (എഫേസ്യർ 4:22-24; 1 പത്രോസ് 2:1, 2) അവർ “മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ, എന്നിവ ധരി”ക്കാൻ പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (കൊലൊസ്സ്യർ 3:12) എന്നാൽ സൗമ്യതയിൽ കൃത്യമായി എന്താണുൾപ്പെട്ടിരിക്കുന്നത്? സൗമ്യപ്രകൃതമുള്ളവരായിരിക്കുന്നത് പ്രയോജനകരമായിരിക്കുന്നതെന്തുകൊണ്ട്? ഈ ഗുണത്തിന് നമ്മുടെ സന്തുഷ്ടിക്ക് എങ്ങനെ സംഭാവനചെയ്യാൻ കഴിയും?
സൗമ്യതയുടെമേൽ ഒരു അടുത്ത വീക്ഷണം
5. സൗമ്യതയെ എങ്ങനെ നിർവചിക്കാവുന്നതാണ്?
5 സൗമ്യപ്രകൃതമുള്ള ഒരു വ്യക്തി സ്വഭാവത്തിലും പെരുമാററത്തിലും ശാന്തനായിരിക്കും. ബൈബിളിന്റെ ചില വിവർത്തനങ്ങളിൽ പ്രേയ്സ് എന്ന നാമവിശേഷണമാണ് “സൗമ്യതയുള്ള” “ശാന്തസ്വഭാവിയായ” “സൗമ്യപ്രകൃതമുള്ള” “ശാന്തനായ” എന്നിങ്ങനെ വിവർത്തനം ചെയ്തിരിക്കുന്നത്. ക്ലാസ്സിക്കൽ ഗ്രീക്കിൽ, പ്രേയ്സ് എന്ന നാമവിശേഷണത്തെ ഒരു ശാന്തമായ കാററിന് അല്ലെങ്കിൽ ശബ്ദത്തിന് ബാധകമാക്കാൻ കഴിയും. അതിന് സ്നേഹം നിറഞ്ഞ ഒരാളെയും അർത്ഥമാക്കാൻ കഴിയും. പണ്ഡിതനായ ഡബ്ലിയു. ഈ. വൈൻ പറയുന്നു: “[പ്രേയ്ററസ് എന്ന നാമത്തിന്റെ] പ്രയോഗം പ്രഥമമായും മുഖ്യമായും ദൈവത്തിന്റെ നേർക്കാണ്. നമ്മോടുള്ള അവന്റെ ഇടപെടലുകളെ നാം നല്ലതായി, തന്നിമിത്തം തർക്കമോ എതിർപ്പോ കൂടാതെ, സ്വീകരിക്കുന്ന ആ മനോഭാവത്തിന്റെ സ്വഭാവമാണത്; അത് ററാപെയ്നോഫ്രൗസൂൺ [താഴ്മ] എന്ന പദത്തോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.”
6. സൗമ്യത ദൗർബല്യമല്ലെന്ന് പറയാൻകഴിയുന്നതെന്തുകൊണ്ട്?
6 സൗമ്യത ദൗർബല്യമല്ല. “പ്രോസിൽ ശാന്തതയുണ്ട്,” എന്ന് പണ്ഡിതനായ വില്യം ബർക്ലേ എഴുതി. “എന്നാൽ ശാന്തതക്കു പിന്നിൽ ഉരുക്കിന്റെ ബലമുണ്ട്.” സൗമ്യപ്രകൃതമുള്ളവരായിരിക്കാൻ ബലം വേണം. ഉദാഹരണത്തിന്, പ്രകോപനസമയത്ത് അല്ലെങ്കിൽ നാം പീഡിപ്പിക്കപ്പെടുമ്പോൾ സൗമ്യരായിരിക്കാൻ ബലം ആവശ്യമാണ്. സൗമ്യപ്രകൃതമുണ്ടായിരുന്ന ദൈവപുത്രനായിരുന്ന യേശുക്രിസ്തു ഈ കാര്യത്തിൽ നല്ല ദൃഷ്ടാന്തം വെച്ചു. “അവൻ തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടത അനുഭവിച്ചിട്ട് ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ [യഹോവയാം ദൈവം] കാര്യം ഭരമേൽപ്പിക്കുകയത്രെ ചെയ്തത്.” (1 പത്രോസ് 2:23) സൗമ്യപ്രകൃതമുണ്ടായിരുന്ന യേശുവിനെപ്പോലെ നമ്മുടെ അധിക്ഷേപകരെയും പീഡകരെയും ദൈവം കൈകാര്യംചെയ്യുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (1 കൊരിന്ത്യർ 4:12, 13) പീഡിപ്പിക്കപ്പെട്ട സ്തേഫാനസിനെപ്പോലെ നമുക്ക് പ്രശാന്തരായിരിക്കാൻ കഴിയും, നാം വിശ്വസ്തരാണെങ്കിൽ ദൈവം നമ്മെ പുലർത്തുമെന്നും നമുക്ക് സ്ഥിരമായ ദ്രോഹംചെയ്യാൻ യാതൊന്നിനെയും അനുവദിക്കുകയില്ലെന്നും ബോദ്ധ്യപ്പെട്ടുകൊണ്ടുതന്നെ.—സങ്കീർത്തനം 145:14; പ്രവൃത്തികൾ 6:15; ഫിലിപ്പിയർ 4:6, 7, 13.
7. സൗമ്യതയില്ലാത്ത ഒരു വ്യക്തിയെസംബന്ധിച്ച് സദൃശവാക്യങ്ങൾ 25:28 എന്തു സൂചിപ്പിക്കുന്നു?
7 യേശു സൗമ്യപ്രകൃതമുള്ളവനായിരുന്നു, എന്നിരുന്നാലും അവൻ നീതിക്കുവേണ്ടി ഉറച്ചുനിൽക്കുന്നതിൽ ശക്തി പ്രകടമാക്കി. (മത്തായി 21:5; 23:13-39) “ക്രിസ്തുവിന്റെ മനസ്സുള്ള” ഏവനും ഈ കാര്യത്തിൽ അവനെപ്പോലെയായിരിക്കും. (1 കൊരിന്ത്യർ 2:16) ഒരു വ്യക്തി സൗമ്യനല്ലെങ്കിൽ അയാൾ ക്രിസ്തുവിനെപ്പോലെയല്ല. പകരം അയാൾക്ക് ഈ വാക്കുകൾ യോജിക്കുന്നു: “ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.” (സദൃശവാക്യങ്ങൾ 25:28) സൗമ്യതയില്ലാത്ത അങ്ങനെയുള്ള ഒരു വ്യക്തി അനുചിതമായ വിധങ്ങളിൽ പ്രവർത്തിക്കാനിടയാക്കുന്ന തെററായ ചിന്തകളുടെ ആക്രമണത്തിന് വിധേയനാണ്. സൗമ്യപ്രകൃതമുള്ള ഒരു ക്രിസ്ത്യാനി ഒരു ദുർബലനല്ലാതിരിക്കെ, “ഒരു ഉത്തരം സൗമ്യമായിരിക്കുമ്പോൾ ക്രോധം അകററിക്കളയുന്നു, എന്നാൽ വേദന വരുത്തുന്ന ഒരു വാക്ക് കോപം പൊങ്ങിവരാൻ ഇടയാക്കുന്നു”വെന്ന് അയാൾക്ക് അപ്പോഴും അറിയാം.—സദൃശവാക്യങ്ങൾ 15:1, NW.
8. സൗമ്യതയുള്ളവരായിരിക്കുക എളുപ്പമല്ലാത്തതെന്തുകൊണ്ട്?
8 സൗമ്യപ്രകൃതമുള്ളവരായിരിക്കുക എളുപ്പമല്ല, കാരണം നാം അപൂർണ്ണതയും പാപവും അവകാശപ്പെടുത്തിയിട്ടുണ്ട്. (റോമർ 5:12) നാം യഹോവയുടെ ദാസരാണെങ്കിൽ പീഡനത്താൽ നമ്മുടെ സൗമ്യതയെ പരിശോധിച്ചേക്കാവുന്ന ദുഷ്ടാത്മസേനകൾക്കെതിരായി നമുക്ക് ഒരു പോരാട്ടവുമുണ്ട്. (എഫേസ്യർ 6:12) നമ്മിൽ മിക്കവരും പിശാചിന്റെ അധികാരത്തിൽ കിടക്കുന്ന ലോകത്തിന്റെ പരുഷമായ ആത്മാവുള്ളവരുടെ ഇടയിലാണ് ജോലിചെയ്യുന്നത്. (1 യോഹന്നാൻ 5:19) അതുകൊണ്ട് നമുക്ക് എങ്ങനെ സൗമ്യത വളർത്തിയെടുക്കാൻ കഴിയും?
സൗമ്യത വളർത്തിയെടുക്കുന്ന വിധം
9. സൗമ്യത വളർത്തിയെടുക്കാൻ ഏതു വീക്ഷണഗതി നമ്മെ സഹായിക്കും?
9 സൗമ്യത പ്രകടമാക്കാൻ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നുവെന്ന ബൈബിളധിഷ്ഠിത ബോദ്ധ്യം ഈ ഗുണം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കും. നാം ദിവസവും സൗമ്യത നട്ടുവളർത്താൻ ശ്രമിക്കണം. അതല്ലെങ്കിൽ നാം സൗമ്യതയെ ദൗർബല്യമായി വീക്ഷിക്കുകയും വിജയം അഹങ്കാരിയോ പരുഷനോ ക്രൂരനോ പോലുമായിരിക്കുന്നതിൽനിന്നാണ് കൈവരുന്നതെന്ന് വിചാരിക്കുകയും ചെയ്യുന്ന ആളുകളെപ്പോലയായിരിക്കും. എന്നുവരികിലും, ദൈവവചനം അഹങ്കാരത്തെ കുററംവിധിക്കുന്നു, ഒരു ജ്ഞാനസദൃശവാക്യം ഇങ്ങനെ പറയുന്നു: “സ്നേഹദയയുള്ള ഒരു മനുഷ്യൻ തന്റെ സ്വന്തം ദേഹിയോട് പ്രതിഫലദായകമായി ഇടപെടുന്നു, എന്നാൽ ക്രൂരനായ ആൾ തന്റെ ശരീരത്തിൻമേൽ ഭ്രഷ്ടുവരുത്തുന്നു.” (സദൃശവാക്യങ്ങൾ 11:17, NW; 16:18) ആളുകൾ പരുഷനും ദയയില്ലാത്തവനുമായ ആളിൽനിന്ന് അകന്നുനിൽക്കുന്നു, മുഖ്യമായി അയാളുടെ ക്രൂരതയാലും സൗമ്യതക്കുറവിനാലും ഉപദ്രവിക്കപ്പെടാതിരിക്കാനാണ് അവർ അങ്ങനെ ചെയ്യുന്നതെങ്കിൽത്തന്നെ.
10. നാം സൗമ്യതയുള്ളവരായിരിക്കണമെങ്കിൽ നാം എന്തിനു കീഴ്പെട്ടിരിക്കണം?
10 സൗമ്യപ്രകൃതമുള്ളവരായിരിക്കുന്നതിന്, നാം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ സ്വാധീനത്തിന് കീഴ്പെടണം. യഹോവ ഭൂമി കാർഷിക വിളകളുൽപ്പാദിപ്പിക്കുക സാദ്ധ്യമാക്കിയതുപോലെ, അവന്റെ സൗമ്യത ഉൾപ്പെടെയുള്ള ആത്മാവിന്റെ ഫലങ്ങൾ ഉളവാക്കാൻ തന്റെ ദാസൻമാരെ അവൻ പ്രാപ്തരാക്കുന്നു. പൗലോസ് എഴുതി: “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” (ഗലാത്യർ 5:22, 23) അതെ, സൗമ്യത ദൈവത്തെ പ്രസാദിപ്പിക്കുന്നവർ പ്രകടിപ്പിക്കുന്ന ദൈവത്തിന്റെ ആത്മാവിന്റെ ഫലങ്ങളിലൊന്നാണ്. (സങ്കീർത്തനം 51:9, 10) എന്തു മാററങ്ങളാണ് സൗമ്യത ഉളവാക്കുന്നത്! ദൃഷ്ടാന്തീകരിക്കുന്നതിന്: വഴക്കടിക്കുകയും ആളുകളെ കവർച്ചചെയ്യുകയും ലഹരിമരുന്നുകൾ കള്ളക്കടത്തുനടത്തുകയും ഒരു മോട്ടോർസൈക്കിൾ സംഘത്തെ നയിക്കുകയും തടവിൽ കിടക്കുകയും ചെയ്ത റേറാണി എന്നു പേരായ ഒരു കൊടിയ ദുഷ്ടൻ ഉണ്ടായിരുന്നു. എന്നിരുന്നാലും, ദൈവാത്മാവിന്റെ സഹായത്താൽ ബൈബിൾപരിജ്ഞാനം സമ്പാദിച്ചതുകൊണ്ട് അയാൾ യഹോവയുടെ സൗമ്യപ്രകൃതമുള്ള ഒരു ദാസനായി മാറി. റേറാണിയുടെ കഥ അസാധാരണമല്ല. അതുകൊണ്ട്, തന്റെ വ്യക്തിത്വത്തിലെ ഒരു പ്രമുഖ സവിശേഷത സൗമ്യതയുടെ അഭാവമായിരുന്നിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് എന്തു ചെയ്യാൻ കഴിയും?
11. സൗമ്യത വളർത്തിയെടുക്കുന്നതിൽ പ്രാർത്ഥന എന്തു പങ്കുവഹിക്കുന്നു?
11 ദൈവാത്മാവിനും സൗമ്യത എന്ന അതിന്റെ ഫലത്തിനുംവേണ്ടിയുള്ള ഹൃദയംഗമമായ പ്രാർത്ഥനക്ക് ഈ ഗുണം നട്ടുവളർത്താൻ നമ്മെ സഹായിക്കാൻ കഴിയും. യേശു പറഞ്ഞതുപോലെ, നാം “ചോദിച്ചുകൊണ്ടേയിരി”ക്കേണ്ട ആവശ്യമുണ്ടായിരിക്കാം. യഹോവയാം ദൈവം നമ്മുടെ അപേക്ഷ സാധിച്ചുതരും. മനുഷ്യപിതാക്കൻമാർ തങ്ങളുടെ മക്കൾക്ക് നല്ല വസ്തുക്കൾ കൊടുക്കുന്നുവെന്ന് വിശദീകരിച്ച ശേഷം യേശു പറഞ്ഞു: “അങ്ങനെ [പാപപൂർണ്ണരായി താരതമ്യേന] ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും!” (ലൂക്കോസ് 11:9-13) സൗമ്യതയെ നമ്മുടെ സ്വഭാവത്തിന്റെ ഒരു സ്ഥിരമായ സവിശേഷതയാക്കിത്തീർക്കാൻ പ്രാർത്ഥനക്ക് സഹായിക്കാൻ കഴിയും—നമ്മുടെയും നമ്മുടെ കൂട്ടാളികളുടെയും സന്തുഷ്ടിക്ക് സംഭാവനചെയ്യുന്ന ഒരു ഗുണംതന്നെ.
12. മനുഷ്യർ അപൂർണ്ണരാണെന്ന് ഓർത്തിരിക്കുന്നത് സൗമ്യപ്രകൃതിയുള്ളവരായിരിക്കാൻ നമ്മെ സഹായിച്ചേക്കാവുന്നതെന്തുകൊണ്ട്?
12 മനുഷ്യർ അപൂർണ്ണരാണെന്ന് ഓർക്കുന്നത് സൗമ്യപ്രകൃതിയുള്ളവരായിരിക്കുന്നതിന് നമ്മെ സഹായിച്ചേക്കാം. (സങ്കീർത്തനം 51:5) നമുക്ക് മററുള്ളവരെക്കാളധികമായി പൂർണ്ണതയോടെ ചിന്തിക്കാനും പ്രവർത്തിക്കാനും കഴികയില്ല, അതുകൊണ്ട് നമുക്ക് തീർച്ചയായും സഹാനുഭാവമുണ്ടായിരിക്കുകയും നമ്മോട് മററുള്ളവർ പെരുമാറാൻ നാം ആഗ്രഹിക്കുന്നതുപോലെ അവരോടു പെരുമാറുകയും വേണം. (മത്തായി 7:12) നമ്മളെല്ലാം തെററുചെയ്യുന്നുവെന്ന അറിവ് നാം ക്ഷമിക്കുന്നവരും മററുള്ളവരോടിടപെടുന്നതിൽ സൗമ്യപ്രകൃതമുള്ളവരുമായിരിക്കാൻ ഇടയാക്കണം. (മത്തായി 6:12-15; 18:21, 22) ഏതായാലും, ദൈവം നമ്മോട് സ്നേഹവും സൗമ്യതയും പ്രകടിപ്പിക്കുന്നതിൽ നാം നന്ദിയുള്ളവരല്ലേ?—സങ്കീർത്തനം 103:10-14.
13. ദൈവം മനുഷ്യർക്ക് സ്വതന്ത്ര ധാർമ്മികകാര്യസ്ഥത കൊടുത്തിരിക്കുന്നുവെന്ന് അംഗീകരിക്കുന്നുവെങ്കിൽ സൗമ്യത നട്ടുവളർത്തുന്നതിന് നമുക്ക് സഹായിക്കപ്പെടാൻ കഴിയുന്നതെങ്ങനെ?
13 ദൈവം മനുഷ്യരെ സ്വതന്ത്രധാർമ്മിക കാര്യസ്ഥരാക്കിയിരിക്കുന്നുവെന്നതിന്റെ അംഗീകരണത്തിനും സൗമ്യത നട്ടുവളർത്താൻ നമ്മെ സഹായിക്കാൻ കഴിയും. ഇത് ഭവിഷ്യദ്ഭീതിയില്ലാതെ യഹോവയുടെ നിയമങ്ങളെ അവഗണിക്കാൻ ആരെയും അനുവദിക്കുന്നില്ല, എന്നാൽ അത് അവന്റെ ജനത്തിന്റെ ഇടയിൽ അഭിരുചികളിലും ഇഷ്ടാനിഷ്ടങ്ങളിലും വൈവിധ്യത്തിന് അനുവദിക്കുകതന്നെ ചെയ്യുന്നു. അതുകൊണ്ട് ഏററവും നല്ലതെന്ന് നാം പരിഗണിക്കുന്ന മൂശയിൽ ഒതുങ്ങാൻ ആർക്കും കടപ്പാടില്ലെന്ന് നമുക്ക് സമ്മതിക്കാം. ഈ മനോഭാവം സൗമ്യപ്രകൃതമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും.
14. സൗമ്യത സംബന്ധിച്ച് നമ്മുടെ തീരുമാനമെന്തായിരിക്കണം?
14 സൗമ്യത ഉപേക്ഷിക്കാതിരിക്കാനുള്ള ദൃഢനിശ്ചയം ഈ ഗുണം നട്ടുവളർത്തിക്കൊണ്ടിരിക്കാൻ നമ്മെ സഹായിക്കും. യഹോവയുടെ ആത്മാവിന്റെ സ്വാധീനത്തിനുള്ള കീഴ്പ്പെടൽ നമ്മുടെ ചിന്തയിൽ ഒരു രൂപാന്തരം വരുത്തി. (റോമർ 12:2) സൗമ്യവും ക്രിസ്തുതുല്യവുമായ ഒരു ആത്മാവ് “കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും” ഏർപ്പെടുന്നതിൽനിന്ന് നമ്മെ തടയാൻ ഇപ്പോൾ സഹായിക്കുന്നു. സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളാലോ മററു കാരണങ്ങളാലോ നമ്മുടെ ദൈവഭക്തിയെക്കുറിച്ച് ആളുകൾ ദുഷിച്ച പ്രസ്താവനകൾ ചെയ്യുന്നതുകൊണ്ടോ നാം ഒരിക്കലും സൗമ്യത ഉപേക്ഷിക്കരുത്. (1 പത്രോസ് 4:3-5) നമ്മുടെ സൗമ്യത നഷ്ടപ്പെട്ടിട്ട് ദൈവരാജ്യം അവകാശപ്പെടുത്തുന്നതിലോ അതിന്റെ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിലോ പരാജയപ്പെടത്തക്കവണ്ണം “ജഡത്തിന്റെ പ്രവൃത്തികളിൽ” ഏർപ്പെടാനിടയാക്കുന്നതിന് നാം യാതൊന്നിനെയും അനുവദിക്കരുത്. (ഗലാത്യർ 5:19-21) സ്വർഗ്ഗീയ ജീവനിലേക്ക് അഭിഷേകംചെയ്യപ്പെട്ടവരായിരുന്നാലും ഒരു ഭൗമിക പ്രത്യാശയുള്ളവരായിരുന്നാലും ദൈവത്തിന്റെ സൗമ്യപ്രകൃതമുള്ളവരായിരിക്കുന്നതിന്റെ പദവിയെ നമുക്ക് എല്ലായ്പ്പോഴും വിലമതിക്കാം. ആ ഉദ്ദേശ്യത്തിൽ, സൗമ്യതയുടെ ചില പ്രയോജനങ്ങൾ നമുക്ക് പരിചിന്തിക്കാം.
സൗമ്യതയുടെ പ്രയോജനങ്ങൾ
15. സദൃശവാക്യങ്ങൾ 14:30 അനുസരിച്ച് സൗമ്യതയുള്ളവരായിരിക്കുന്നത് ജ്ഞാനമായിരിക്കുന്നതെന്തുകൊണ്ട്?
15 സൗമ്യതയുള്ള ഒരാൾക്ക് ഹൃദയത്തിന്റെയും മനസ്സിന്റെയും ശരീരത്തിന്റെയും ശാന്തതയുണ്ട്. ഇതിനു കാരണം അയാൾ വഴക്കിൽ ഇടപെടുകയോ മററുള്ളവരുടെ പ്രവർത്തനങ്ങളിൽ അസ്വസ്ഥരാകുകയോ അറുതിയില്ലാത്ത ആകുലതയാൽ തന്നേത്തന്നെ ദണ്ഡിപ്പിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. സൗമ്യത അയാളുടെ വികാരങ്ങളെ നിയന്ത്രിക്കുന്നതിന് അയാളെ സഹായിക്കുന്നു, ഇത് മാനസികമായും ശാരീരികമായും പ്രയോജനകരമാണ്. ഒരു സദൃശവാക്യം ഇങ്ങനെ പറയുന്നു: “ശാന്തമനസ്സ് ദേഹത്തിന് ജീവൻ.” (സദൃശവാക്യങ്ങൾ 14:30) സൗമ്യതയുടെ അഭാവം രക്തസമ്മർദ്ദത്തെ ഉയർത്താൻ കഴിയുന്നതോ ദഹനസംബന്ധമായ കുഴപ്പങ്ങൾക്കോ ആസ്ത്മായിക്കോ നേത്രരോഗങ്ങൾക്കോ മററു പ്രശ്നങ്ങൾക്കോ ഇടയാക്കാൻ കഴിയുന്നതുമായ കോപത്തിലേക്ക് നയിച്ചേക്കാം. സൗമ്യപ്രകൃതമുള്ള ക്രിസ്ത്യാനി തന്റെ ഹൃദയത്തെയും മാനസികശക്തികളെയും കാക്കുന്ന “ദൈവസമാധാനം” ഉൾപ്പെടെ വിവിധ പ്രയോജനങ്ങൾ അനുഭവിക്കുന്നു. (ഫിലിപ്പിയർ 4:6, 7) സൗമ്യപ്രകൃതമുള്ളവരായിരിക്കുന്നത് എത്ര ജ്ഞാനപൂർവകമാണ്!
16-18. സൗമ്യതക്ക് മററുള്ളവരോടുള്ള നമ്മുടെ ബന്ധത്തിൻമേൽ എന്തു ഫലമുണ്ട്?
16 സൗമ്യതയാകുന്ന ഗുണം മററുള്ളവരുമായുള്ള നമ്മുടെ ബന്ധത്തെ മെച്ചപ്പെടുത്തുന്നു. ഒരുപക്ഷേ ഒരു കാലത്ത് നമ്മുടെ ആഗ്രഹം സാധിച്ചുകിട്ടുന്നതുവരെ നമ്മുടെ കാര്യങ്ങളിൽ സമ്മർദ്ദം ചെലുത്തുന്ന ശീലം നമുക്കുണ്ടായിരുന്നു. നമുക്ക് താഴ്മയും സൗമ്യതയും ഇല്ലാഞ്ഞതുകൊണ്ട് ആളുകൾ നമ്മോട് കുപിതരായിത്തീർന്നിരിക്കാം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു വിവാദത്തിനു പിറകേ മറെറാന്നിൽ നാം കുരുങ്ങിപ്പോയെങ്കിൽ അത് നമ്മെ അതിശയിപ്പിക്കരുതായിരുന്നു. എന്നിരുന്നാലും, ഒരു സദൃശവാക്യം ഇങ്ങനെ പറയുന്നു: “വിറകില്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. കരി കനലിനും വിറകു തീക്കും എന്നപോലെ, വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം.” (സദൃശവാക്യങ്ങൾ 26:20, 21) നാം സൗമ്യതയുള്ളവരാണെങ്കിൽ, ‘എരിതീയിൽ എണ്ണ ഒഴിച്ച്’ മററുള്ളവരെ പ്രകോപിപ്പിക്കുന്നതിനു പകരം നമുക്ക് അവരോട് ഒരു നല്ല ബന്ധമുണ്ടായിരിക്കും.
17 സൗമ്യപ്രകൃതമുള്ള ഒരാൾക്ക് നല്ല സുഹൃത്തുക്കൾ ഉണ്ടായിരിക്കാനിടയുണ്ട്. അയാൾക്ക് ക്രിയാത്മകമായ ഒരു മനോഭാവമുള്ളതുകൊണ്ട് ആളുകൾ അയാളോട് സഹവസിക്കുന്നത് ആസ്വദിക്കുന്നു, അയാളുടെ വാക്കുകൾ നവോൻമേഷപ്രദവും തേൻ പോലെ മധുരവുമാകുന്നു. (സദൃശവാക്യങ്ങൾ 16:24) അത് യേശുവിനെക്കുറിച്ച് സത്യമായിരുന്നു, “നിങ്ങൾ എന്റെ നുകം ഏൽക്കുകയും എന്നിൽനിന്ന് പഠിക്കുകയും ചെയ്യുക, എന്തുകൊണ്ടെന്നാൽ ഞാൻ സൗമ്യപ്രകൃതമുള്ളവനും ഹൃദയത്തിൽ എളിമയുള്ളവനുമാകുന്നു, എന്നാൽ നിങ്ങൾ നിങ്ങളുടെ ദേഹികൾക്ക് നവോൻമേഷം കണ്ടെത്തും. എന്തുകൊണ്ടെന്നാൽ എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവുമാകുന്നു.” (മത്തായി 11:29, 30, NW) യേശു പരുഷനായിരുന്നില്ല, അവന്റെ നുകം ഞെരുക്കുന്നതായിരുന്നില്ല. അവന്റെ അടുക്കൽ വരുന്നവരോട് അവൻ നന്നായി പെരുമാറുകയും ആത്മീയമായി നവോൻമേഷം പകരുകയും ചെയ്തിരുന്നു. സൗമ്യപ്രകൃതമുള്ള ഒരു ക്രിസ്തീയസുഹൃത്തിനോട് നാം സഹവസിക്കുമ്പോൾ സാഹചര്യം സമാനമാണ്.
18 സൗമ്യത നമ്മെ സഹവിശ്വാസികൾക്ക് പ്രിയങ്കരരാക്കുന്നു. നിസ്സംശയമായി, പൗലോസ് “ക്രിസ്തുവിന്റെ സൗമ്യതയാലും ദയയാലും” ഇടപെട്ടതുകൊണ്ട് കൊരിന്തിലെ മിക്ക ക്രിസ്ത്യാനികളും അവനിലേക്ക് ആകർഷിക്കപ്പെട്ടു. (2 കൊരിന്ത്യർ 10:1) തെസ്സലോനിക്യക്കാർ തീർച്ചയായും അപ്പോസ്തലന് ചെവികൊടുത്തു, കാരണം അവൻ സൗമ്യനും ശാന്തനുമായ ഒരു ഉപദേഷ്ടാവായിരുന്നു. (1 തെസ്സലോനീക്യർ 2:5-8) എഫേസ്യമൂപ്പൻമാർ പൗലോസിൽനിന്ന് വളരെയധികം പഠിക്കുകയും അവനെ അതിയായി സ്നേഹിക്കുകയും ചെയ്തിരുന്നുവെന്നതിന് സംശയമില്ല. (പ്രവൃത്തികൾ 20:20, 21, 37, 38) നിങ്ങൾ നിങ്ങളെ മററുള്ളവർക്ക് പ്രിയങ്കരരാക്കുന്ന സൗമ്യത പ്രദർശിപ്പിക്കുന്നുണ്ടോ?
19. യഹോവയുടെ സ്ഥാപനത്തിലെ തങ്ങളുടെ സ്ഥാനം നിലനിർത്താൻ അവന്റെ ജനത്തെ സൗമ്യത സഹായിക്കുന്നതെങ്ങനെ?
19 ഒരു സൗമ്യപ്രകൃതം കീഴ്വഴക്കമുള്ളവരായിരിക്കാനും സ്ഥാപനത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്താനും യഹോവയുടെ ജനത്തെ സഹായിക്കുന്നു. (ഫിലിപ്പിയർ 2:5-8, 12-14; എബ്രായർ 13:17) സൗമ്യത മഹത്വംതേടുന്നതിൽനിന്ന് നമ്മെ തടയുന്നു, മഹത്വം അഹങ്കാരത്തിൽ അധിഷ്ഠിതവും ദൈവത്തിന് അഹിതകരവുമാണ്. (സദൃശവാക്യങ്ങൾ 16:5) സൗമ്യതയുള്ള ഒരു ആൾ താൻ സഹവിശ്വാസികളെക്കാൾ ശ്രേഷ്ഠനാണെന്ന് പരിഗണിക്കുന്നില്ല, അയാൾ മററുള്ളവർക്ക് അസൗകര്യം വരുത്തിക്കൊണ്ട് മികച്ചുനിൽക്കാൻ ശ്രമിക്കുന്നില്ല. (മത്തായി 23:11, 12) പകരം, അയാൾ തന്റെ പാപാവസ്ഥയെയും ദൈവത്തിന്റെ മറുവിലവ്യവസ്ഥയെയും അംഗീകരിക്കുന്നു.
സൗമ്യത സന്തുഷ്ടി വർദ്ധിപ്പിക്കുന്നു
20. സൗമ്യതക്ക് കുടുംബജീവിതത്തിൻമേൽ എന്തു ഫലമുണ്ട്?
20 സൗമ്യത സന്തോഷം വർദ്ധിപ്പിക്കുന്ന ദൈവാത്മാവിന്റെ ഒരു ഫലമാണെന്ന് അവന്റെ ദാസൻമാരെല്ലാം ഓർക്കണം. ഉദാഹരണത്തിന്, യഹോവയുടെ ജനം സ്നേഹവും സൗമ്യതയും പോലെയുള്ള ഗുണങ്ങൾ പ്രദർശിപ്പിക്കുന്നതുകൊണ്ട് അവരുടെ ഇടയിൽ സന്തുഷ്ടകുടുംബങ്ങൾ ധാരാളമുണ്ട്. ഭർത്താവും ഭാര്യയും സൗമ്യമായ ഒരു വിധത്തിൽ അന്യോന്യം ഇടപെടുമ്പോൾ അവരുടെ കുട്ടികൾ ഒരു ശാന്തമായ ചുററുപാടിൽ വളർത്തപ്പെടുന്നു, പരുഷവാക്കുകളിലും പ്രവർത്തനങ്ങളിലും മുഴുകുന്ന ഒരു കുടുംബത്തിലായിരിക്കുകയില്ല. ഒരു പിതാവ് തന്റെ മക്കൾക്ക് സൗമ്യതസംബന്ധിച്ച ബുദ്ധിയുപദേശം കൊടുക്കുമ്പോൾ, അതിന് അവരുടെ ഇളംമനസ്സുകളിൽ ഒരു നല്ല ഫലമുണ്ട്, ഒരു സൗമ്യമായ ആത്മാവ് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായിത്തീരാൻ ഇടയുമുണ്ട്. (എഫേസ്യർ 6:1-4) സൗമ്യതയുള്ള ഒരു പ്രകൃതം തങ്ങളുടെ ഭാര്യമാരെ സ്നേഹിച്ചുകൊണ്ടിരിക്കാൻ ഭർത്താക്കൻമാരെ സഹായിക്കുന്നു. അത് തങ്ങളുടെ ഭർത്താക്കൻമാർക്ക് കീഴ്പ്പെട്ടിരിക്കാൻ ഭാര്യമാരെ സഹായിക്കുകയും തങ്ങളുടെ മാതാപിതാക്കൻമാരെ അനുസരിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സൗമ്യത കുടുംബാംഗങ്ങളുടെ സന്തുഷ്ടിക്കു സംഭാവനചെയ്യുന്ന ഒരു ക്ഷമാശീലത്തിന്റെ ആത്മാവുണ്ടായിരിക്കാനും ഇടയാക്കുന്നു.—കൊലൊസ്സ്യർ 3:13, 18-21.
21. ചുരുക്കത്തിൽ, എഫേസ്യർ 4:1-3-ൽ അപ്പോസ്തലനായ പൗലോസ് എന്തു ബുദ്ധിയുപദേശം കൊടുത്തു?
21 സൗമ്യപ്രകൃതമുള്ള കുടുംബങ്ങളും വ്യക്തികളും തങ്ങൾ സഹവസിക്കുന്ന സഭകളിലെ സന്തുഷ്ടിയും വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് യഹോവയുടെ ജനം സൗമ്യപ്രകൃതമുള്ളവരായിരിക്കാൻ ആത്മാർത്ഥശ്രമം ചെയ്യേണ്ട ആവശ്യമുണ്ട്. നിങ്ങൾ അങ്ങനെ ചെയ്യുന്നുണ്ടോ? അപ്പോസ്തലനായ പൗലോസ് തങ്ങളുടെ സ്വർഗ്ഗീയവിളിക്കു യോഗ്യരായി നടക്കാൻ സഹ അഭിഷിക്തക്രിസ്ത്യാനികളോട് അഭ്യർത്ഥിച്ചു, “പൂർണ്ണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കു”കയും ചെയ്തുകൊണ്ടുതന്നെ. (എഫേസ്യർ 4:1-3) ഭൗമികപ്രത്യാശയുള്ള ക്രിസ്ത്യാനികളും സൗമ്യതയും മററു ദൈവികഗുണങ്ങളും പ്രദർശിപ്പിക്കണം. ഇതാണ് യഥാർത്ഥ സന്തുഷ്ടി കൈവരുത്തുന്ന ഗതി. സൗമ്യതയുള്ളവർ തീർച്ചയായും സന്തുഷ്ടരാകുന്നു! (w91 10/15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ സൗമ്യപ്രകൃതമുള്ള ആളുകൾ സന്തുഷ്ടരായിരിക്കുന്നതെന്തുകൊണ്ട്?
◻ സൗമ്യപ്രകൃതമുള്ളവരായിരിക്കുകയെന്നാൽ അർത്ഥമെന്ത്?
◻ സൗമ്യത എങ്ങനെ വളർത്തിയെടുക്കാൻ കഴിയും?
◻ സൗമ്യതയുടെ ചില പ്രയോജനങ്ങൾ എന്താണ്?