ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഭാവി എന്ത്?
‘അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും.’—മത്തായി 25:32.
1, 2. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്?
യേശുക്രിസ്തു തീർച്ചയായും ഭൂമിയിലെ ഏറ്റവും മഹാനായ പ്രബോധകൻ ആയിരുന്നു. (യോഹന്നാൻ 7:46) ഉപമകളുടെ അഥവാ ദൃഷ്ടാന്തങ്ങളുടെ ഉപയോഗം അവന്റെ പഠിപ്പിക്കൽ വിധങ്ങളിലൊന്നായിരുന്നു. (മത്തായി 13:34, 35) അവ ലളിതമെങ്കിലും ഗഹനമേറിയ ആത്മീയ കാര്യങ്ങളും പ്രാവചനിക സത്യങ്ങളും പകരുന്നതിൽ ശക്തമായിരുന്നു.
2 ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയിൽ താൻ ഒരു പ്രത്യേക പദവിയിൽ പ്രവർത്തിക്കാൻ പോകുന്ന സമയത്തെ യേശു ചൂണ്ടിക്കാട്ടി: “മനുഷ്യപുത്രൻ തന്റെ തേജസ്സോടെ വരുമ്പോൾ . . .” (മത്തായി 25:31) ഇതു നമ്മെ തത്പരരാക്കണം, എന്തുകൊണ്ടെന്നാൽ “ഇതെല്ലാം എപ്പോൾ സംഭവിക്കും, നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?” എന്ന ചോദ്യത്തിനുള്ള തന്റെ ഉത്തരം യേശു ഉപസംഹരിക്കുന്നത് ഈ ദൃഷ്ടാന്തത്തോടെയാണ്. (മത്തായി 24:3, NW) എന്നാൽ അതു നമുക്ക് എന്തർഥമാക്കുന്നു?
3. മഹോപദ്രവം തുടങ്ങി ഉടൻതന്നെ എന്തു വികാസം പ്രാപിക്കുമെന്നാണ് യേശു മുമ്പു തന്റെ വിവരണത്തിൽ പറഞ്ഞത്?
3 മഹോപദ്രവം പൊട്ടിപ്പുറപ്പെട്ടു “കഴിഞ്ഞ ഉടനെ” വിസ്മയാവഹമായ സംഭവവികാസങ്ങൾ, നാം കാത്തിരിക്കുന്ന സംഭവവികാസങ്ങൾ, നടക്കാൻപോകുന്നതായി യേശു മുൻകൂട്ടിപ്പറഞ്ഞു. “അപ്പോൾ മനുഷ്യപുത്രന്റെ അടയാളം” പ്രത്യക്ഷപ്പെടുമെന്ന് അവൻ പറഞ്ഞു. “മനുഷ്യപുത്രൻ ആകാശത്തിലെ മേഘങ്ങളിന്മേൽ മഹാശക്തിയോടും തേജസ്സോടും കൂടെ വരുന്നതു കാണു”ന്ന “ഭൂമിയിലെ സകലഗോത്രങ്ങ”ളെയും ഇതു ശക്തമായി ബാധിക്കും. മനുഷ്യപുത്രൻ “തന്റെ ദൂതന്മാ”ർ സമേതമാണു വരാൻ പോകുന്നത്. (മത്തായി 24:21, 29-31)a ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയെക്കുറിച്ചെന്ത്? ആധുനിക ബൈബിളുകൾ അത് 25-ാം അധ്യായത്തിലാണു കൊടുത്തിരിക്കുന്നത്. എന്നാൽ താൻ തേജസ്സോടെ വരുന്നതും “സകല ജാതികളെയും” ന്യായംവിധിക്കുന്നതും സംബന്ധിച്ചു കൂടുതലായ വിശദാംശങ്ങൾ നൽകിക്കൊണ്ടുള്ള യേശുവിന്റെ മറുപടിയുടെ ഭാഗമാണത്.—മത്തായി 25:32.
ഉപമയിലെ ആളുകൾ
4. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയുടെ തുടക്കത്തിൽ യേശുവിനെക്കുറിച്ച് എന്തു സൂചനയാണു കൊടുത്തിരിക്കുന്നത്, വേറെയാരെക്കുറിച്ചും സൂചിപ്പിച്ചിരിക്കുന്നു?
4 “മനുഷ്യപുത്രൻ . . . വരുമ്പോൾ” എന്നു പറഞ്ഞുകൊണ്ട് യേശു ഉപമ തുടങ്ങുന്നു. “മനുഷ്യപുത്രൻ” ആരാണെന്നു നിങ്ങൾക്കറിയാമായിരിക്കും. സുവിശേഷ എഴുത്തുകാർ മിക്കപ്പോഴും ആ പദപ്രയോഗം യേശുവിനു ബാധകമാക്കി. യേശുതന്നെയും അപ്രകാരം ചെയ്തിട്ടുണ്ട്. നിസ്സംശയമായും, “ആധിപത്യവും മഹത്വവും രാജത്വവും” കൈപ്പറ്റാൻ വയോധികനെ സമീപിക്കുന്ന “മനുഷ്യപുത്രനോടു സദൃശനായ ഒരുത്ത”നെപ്പറ്റി ദാനിയേലിനു ലഭിച്ച ദർശനം അവന്റെ മനസ്സിലുണ്ടായിരുന്നു. (ദാനീയേൽ 7:13, 14; മത്തായി 26:63, 64; മർക്കൊസ് 14:61, 62) ഈ ഉപമയിലെ മുഖ്യ വ്യക്തി യേശുവാണെന്നുവരികിലും അവൻ തനിച്ചല്ല. മത്തായി 24:30, 31-ൽ ഉദ്ധരിച്ചിരിക്കുന്നതുപോലെ, മനുഷ്യപുത്രൻ ‘മഹാശക്തിയോടും തേജസ്സോടും കൂടെ’ വരുമ്പോൾ തന്റെ ദൂതന്മാർ ജീവത്പ്രധാനമായ ഒരു പങ്കു വഹിക്കുമെന്നു നേരത്തെ ഈ വിവരണത്തിൽ അവൻ പറഞ്ഞിരുന്നു. സമാനമായി, യേശു ന്യായംവിധിക്കുന്നതിനുവേണ്ടി ‘തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കു’മ്പോൾ അവനോടൊപ്പം ദൂതന്മാരുണ്ടായിരിക്കുമെന്നു ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമ കാണിക്കുന്നു. (മത്തായി 16:27 താരതമ്യം ചെയ്യുക.) എന്നാൽ ന്യായാധിപതിയും അവന്റെ ദൂതന്മാരും സ്വർഗത്തിലാണ്. അതുകൊണ്ട് ഈ ഉപമയിൽ മനുഷ്യരെപ്പറ്റി ചർച്ചചെയ്യുന്നുണ്ടോ?
5. യേശുവിന്റെ “സഹോദരന്മാ”രെ നമുക്ക് എങ്ങനെ തിരിച്ചറിയാം?
5 ആ ഉപമയുടെ ഒരു ക്ഷണികദൃശ്യം, നാം തിരിച്ചറിയേണ്ട മൂന്നു വിഭാഗങ്ങളെ വെളിപ്പെടുത്തുന്നു. ചെമ്മരിയാടുകൾക്കും കോലാടുകൾക്കും പുറമേ, മനുഷ്യപുത്രൻ മൂന്നാമതൊരു വിഭാഗത്തെ കൂട്ടിച്ചേർക്കുന്നു. ചെമ്മരിയാടുകളെയും കോലാടുകളെയും തിരിച്ചറിയുന്നതിന് ആ വിഭാഗത്തിന്റെ താദാത്മ്യം മുഖ്യമാണ്. യേശു ഈ മൂന്നാം വിഭാഗത്തെ സഹോദരന്മാർ എന്നു വിളിക്കുന്നു. (മത്തായി 25:40, 4550) “എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്ന് യേശു പറഞ്ഞതുകൊണ്ട് അവർ സത്യാരാധകരായിരിക്കണം. (മത്തായി 12:50; യോഹന്നാൻ 20:17) “അബ്രാഹാമിന്റെ സന്തതി”യുടെ ഭാഗവും ദൈവപുത്രന്മാരുമായ ക്രിസ്ത്യാനികളെപ്പറ്റി പൗലോസ് കൂടുതൽ സൂക്ഷ്മമായി എഴുതി. അവൻ അവരെ യേശുവിന്റെ ‘സഹോദരന്മാർ’ എന്നും ‘സ്വർഗ്ഗീയവിളിക്കു ഓഹരിക്കാർ’ എന്നും വിളിച്ചു.—എബ്രായർ 2:9–3:1; ഗലാത്യർ 3:26, 29.
6. യേശുവിന്റെ സഹോദരന്മാരിൽ “ഏറ്റവും ചെറിയ”വർ ആരാണ്?
6 യേശു തന്റെ സഹോദരന്മാരിൽ ‘ഏറ്റവും ചെറിയ’വരെക്കുറിച്ചു സൂചിപ്പിച്ചത് എന്തുകൊണ്ടാണ്? അപ്പോസ്തലന്മാർ യേശു പറയുന്നതായി നേരത്തെ കേട്ടതിന്റെ പ്രതിധ്വനിയാണ് ഈ വാക്കുകൾ. സ്വർഗീയ ജീവിതം ആസ്വദിക്കാനിരിക്കുന്നവരെ യേശുവിനു മുമ്പു മരിക്കുക നിമിത്തം ഭൗമിക പ്രത്യാശയുള്ള യോഹന്നാൻ സ്നാപകനുമായി വിപരീതതാരതമ്യം ചെയ്തപ്പോൾ യേശു ഇങ്ങനെ പറഞ്ഞു: “സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ.” (മത്തായി 11:11) സ്വർഗത്തിലേക്കു പോകുന്ന ചിലർ അപ്പോസ്തലന്മാരെപ്പോലെ സഭയിൽ പ്രമുഖരായിരുന്നേക്കാം. എന്നാൽ മറ്റുള്ളവർ ചെറിയവരായിരുന്നേക്കാം. എങ്കിലും അവരെല്ലാം യേശുവിന്റെ ആത്മീയ സഹോദരന്മാരാണ്. (ലൂക്കൊസ് 16:10; 1 കൊരിന്ത്യർ 15:9; എഫെസ്യർ 3:8; എബ്രായർ 8:11) തന്മൂലം, ചിലർ ഭൂമിയിൽ നിസ്സാരരായി തോന്നിച്ചിരുന്നെങ്കിൽപ്പോലും അവർ യേശുവിന്റെ സഹോദരങ്ങളായിരുന്നു, തദനുസരണം അവരോടു പെരുമാറേണ്ടതുമുണ്ടായിരുന്നു.
ചെമ്മരിയാടുകളും കോലാടുകളും ആരാണ്?
7, 8. ചെമ്മരിയാടുകളെക്കുറിച്ച് യേശു എന്താണു പറഞ്ഞത്, തന്മൂലം അവരെപ്പറ്റി നമുക്ക് എന്തു നിഗമനം ചെയ്യാം?
7 ചെമ്മരിയാടുകളെ ന്യായംവിധിക്കുന്നതു സംബന്ധിച്ചു നാം ഇങ്ങനെ വായിക്കുന്നു: “[യേശു] തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, [“അപരിചിതനായിരുന്നു,” NW] നിങ്ങൾ എന്നെ ചേർത്തുകൊണ്ടു; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു. അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നുകണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചുകണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു? ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി [“അപരിചിതനായി,” NW] കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടുപ്പിക്കുകയോ ചെയ്തു? നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും. രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്തായി 25:34-40.
8 പ്രസ്പഷ്ടമായും, ആദരവും അംഗീകാരവും ഉള്ളവരെന്ന നിലയിൽ യേശുവിന്റെ വലതുഭാഗത്തു നിൽക്കാൻ അർഹതയുള്ളവരായി വിധിക്കപ്പെട്ടവർ മനുഷ്യരുടെ ഒരു വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു. (എഫെസ്യർ 1:20; എബ്രായർ 1:3) അവർ എന്ത്, എപ്പോൾ ചെയ്തു? അവർ ദയാപൂർവം, ആദരപൂർവം, ഔദാര്യപൂർവം അവനു ഭക്ഷണവും വെള്ളവും വസ്ത്രവും നൽകി, രോഗബാധിതനായിരുന്നപ്പോൾ അല്ലെങ്കിൽ ജയിലിലായിരുന്നപ്പോൾ അവനെ സഹായിക്കുകയും ചെയ്തു എന്ന് യേശു പറയുന്നു. തങ്ങൾ അപ്രകാരം യേശുവിനു നേരിട്ടു ചെയ്തില്ലെന്നു ചെമ്മരിയാടുകൾ പറയുമ്പോൾ തന്റെ ആത്മീയ സഹോദരങ്ങളെ, അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പിനെ, പിന്തുണച്ചുവെന്ന അർഥത്തിൽ അവർ അതു തനിക്കുവേണ്ടി ചെയ്തതാണെന്ന് യേശു ചൂണ്ടിക്കാട്ടി.
9. ഈ ഉപമ സഹസ്രാബ്ദകാലവുമായി ബന്ധപ്പെട്ടിരിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
9 ഈ ഉപമ സഹസ്രാബ്ദകാലത്തോടു ബന്ധപ്പെട്ടിരിക്കുന്നില്ല. കാരണം അഭിഷിക്തർ അന്നു വിശപ്പോ ദാഹമോ രോഗമോ തടവോ സഹിക്കുന്ന മനുഷ്യരായിരിക്കുകയില്ല. എങ്കിലും അവരിലനേകർ ഈ വ്യവസ്ഥിതിയുടെ സമാപനത്തിൽ അത്തരം കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുണ്ട്. സാത്താൻ ഭൂമിയിലേക്ക് എറിയപ്പെട്ടതുമുതൽ അവൻ അഭിഷിക്തരുടെമേൽ പരിഹാസവും പീഡനവും മരണവും വരുത്തിക്കൊണ്ട് തന്റെ കോപത്തിനു പാത്രമായി അവരെ പ്രത്യേകം നോട്ടമിട്ടിട്ടുണ്ട്.—വെളിപ്പാടു 12:17.
10, 11. (എ) യേശുവിന്റെ സഹോദരന്മാർക്കു കാരുണ്യപ്രവൃത്തി ചെയ്യുന്നവരെല്ലാം ചെമ്മരിയാടുകൾ ആണെന്നു നിഗമനം ചെയ്യുന്നതു ന്യായയുക്തമല്ലാത്തത് എന്തുകൊണ്ട്? (ബി) ചെമ്മരിയാടുകളെ പ്രതിനിധാനം ചെയ്യുന്നത് ആരാണ്?
10 തന്റെ സഹോദരന്മാരിലൊരുവന് ഒരു കഷണം റൊട്ടിയോ ഒരു ഗ്ലാസു വെള്ളമോ നൽകുന്നതുപോലുള്ള ഒരു ചെറിയ ദയാപ്രവൃത്തി ചെയ്യുന്നവരെല്ലാം ചെമ്മരിയാടുകളിലൊന്നാവാൻ യോഗ്യരാകുന്നുവെന്നാണോ യേശു പറഞ്ഞത്? അത്തരം ദയാപ്രവൃത്തികൾ മാനുഷിക ദയ പ്രതിഫലിപ്പിച്ചേക്കാമെന്നുവരികിലും വാസ്തവത്തിൽ അതിലധികം സംഗതികൾ ഈ ഉപമയിലെ ചെമ്മരിയാടുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി തോന്നുന്നു. ഉദാഹരണത്തിന്, തന്റെ സഹോദരന്മാരിലൊരാൾക്കു കാരുണ്യപ്രവൃത്തി ചെയ്യാനിടയായ നിരീശ്വരവാദികളെയോ വൈദികരെയോ പരാമർശിക്കുകയായിരുന്നില്ല യേശു. നേരേമറിച്ച്, യേശു ചെമ്മരിയാടുകളെ “നീതിമാന്മാർ” എന്നു രണ്ടുപ്രാവശ്യം വിളിച്ചു. (മത്തായി 25:37, 46) തന്മൂലം, ചെമ്മരിയാടുകൾ എന്നു പറയുന്നത് ഒരു കാലയളവിൽ ക്രിസ്തുവിന്റെ സഹോദരന്മാരെ സഹായിച്ചിട്ടുള്ളവരും—സജീവമായി പിന്തുണച്ചിട്ടുള്ളവരും—ദൈവമുമ്പാകെ നീതിയുള്ള നില സ്വീകരിക്കാൻ പോന്നവണ്ണം വിശ്വാസം പ്രകടമാക്കിയിട്ടുള്ളവരുമായിരിക്കണം.
11 നൂറ്റാണ്ടുകളായി അബ്രഹാമിനെപ്പോലുള്ള അനേകർ ഒരു നീതിയുള്ള നില ആസ്വദിച്ചിരിക്കുന്നു. (യാക്കോബ് 2:21-23) നോഹയും അബ്രഹാമും വിശ്വസ്തരായ മറ്റുള്ളവരും ദൈവരാജ്യത്തിൻകീഴിൽ പറുദീസാഭൂമി അവകാശമാക്കുന്ന ‘വേറെ ആടുകളിൽ’ ഉൾപ്പെടുന്നു. സമീപകാലങ്ങളിൽ ലക്ഷക്കണക്കിനാളുകൾ വേറെ ആടുകൾ എന്നനിലയിൽ സത്യാരാധന സ്വീകരിക്കുകയും അഭിഷിക്തരോടൊപ്പം “ഒരാട്ടിൻകൂട്ട”മായിത്തീരുകയും ചെയ്തിരിക്കുന്നു. (യോഹന്നാൻ 10:16; വെളിപ്പാടു 7:9) ഭൗമിക പ്രത്യാശയുള്ള ഇവർ യേശുവിന്റെ സഹോദരന്മാരെ രാജ്യത്തിന്റെ സ്ഥാനപതികളായി അംഗീകരിക്കുകയും തന്മൂലം അവരെ അക്ഷരീയവും ആത്മീയവുമായി സഹായിക്കുകയും ചെയ്തിരിക്കുന്നു. വേറെ ആടുകൾ തന്റെ ഭൂമിയിലുള്ള സഹോദരന്മാർക്കു ചെയ്യുന്നതു തനിക്കു ചെയ്യുന്നതുപോലെ യേശു കണക്കാക്കുന്നു. അവൻ ജാതികളെ ന്യായംവിധിക്കാൻ വരുമ്പോൾ ജീവിച്ചിരിക്കുന്ന അത്തരക്കാർ ചെമ്മരിയാടുകളായി ന്യായംവിധിക്കപ്പെടും.
12. തങ്ങൾ യേശുവിനോടു ദയവു കാട്ടിയതെങ്ങനെയെന്നു ചെമ്മരിയാടുകൾ ചോദിക്കാനിടയുള്ളത് എന്തുകൊണ്ട്?
12 ഇപ്പോൾ വേറെ ആടുകൾ അഭിഷിക്തരോടൊപ്പം സുവാർത്ത പ്രസംഗിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നതുകൊണ്ട്, “കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നുകണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചുകണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?” എന്ന് അവർ എന്തിനു ചോദിക്കണം? (മത്തായി 25:37) അതിനു പല കാരണങ്ങൾ കാണും. ഇതൊരു ഉപമയാണ്. ഇതിലൂടെ യേശു ആത്മീയ സഹോദരങ്ങളോടു തനിക്കുള്ള ആഴമായ താത്പര്യം പ്രകടമാക്കുന്നു; അവൻ അവരോടൊപ്പം കഷ്ടപ്പെടുന്നു, അവരോടൊപ്പം സഹിക്കുന്നു. “നിങ്ങളെ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവൻ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു” എന്ന് അവൻ നേരത്തെ പറഞ്ഞിരുന്നു. (മത്തായി 10:40) തന്റെ സഹോദരന്മാരോടു ചെയ്യുന്നത് (നല്ലതായാലും തീയതായാലും) സ്വർഗത്തിൽപോലും എത്തുന്നുവെന്നു കാണിച്ചുകൊണ്ട് ഈ ഉപമയിൽ യേശു ഒരു തത്ത്വം വ്യക്തമാക്കി; അത് അവനോടു സ്വർഗത്തിൽ ചെയ്തതുപോലെയാണ്. കൂടാതെ, ദൈവത്തിന്റെ ന്യായവിധി അനുകൂലമായാലും പ്രതികൂലമായാലും വിലയുള്ളതും നീതിയുള്ളതുമാണെന്നു കാണിച്ചുകൊണ്ട് ന്യായംവിധിക്കുന്നതിനുള്ള യഹോവയുടെ മാനദണ്ഡത്തെക്കുറിച്ച് യേശു ഇവിടെ ഊന്നിപ്പറയുന്നു. കോലാടുകൾക്ക്, ‘കൊള്ളാം, നിന്നെ ഞങ്ങൾ നേരിട്ടു കണ്ടിരുന്നെങ്കിൽ’ എന്ന തൊടുന്യായം പറയാനാവില്ല.
13. കോലാടുതുല്യരായവർ യേശുവിനെ “കർത്താവേ” എന്ന് അഭിസംബോധന ചെയ്യാനിടയുള്ളത് എന്തുകൊണ്ട്?
13 ഈ ഉപമയിൽ കാണിച്ചിരിക്കുന്ന ന്യായവിധി എന്നാണു നടക്കുന്നത് എന്നു നാം മനസ്സിലാക്കുമ്പോൾ ഈ കോലാടുകൾ ആരാണെന്നുള്ള വ്യക്തമായ വീക്ഷണം നമുക്കു ലഭിക്കുന്നു. “മനുഷ്യപുത്രന്റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകലഗോത്രങ്ങളും പ്രലാപിച്ചുംകൊണ്ടു, മനുഷ്യപുത്രൻ . . . മഹാശക്തിയോടും തേജസ്സോടും കൂടെ വരു”ന്ന സമയത്താണ് അതു നിവർത്തിക്കുന്നത്. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 24:29, 30) രാജാവിന്റെ സഹോദരങ്ങളോടു വിദ്വേഷപൂർവം പെരുമാറിയ, മഹാബാബിലോന്റെമേൽ ഉണ്ടാകുന്ന മഹോപദ്രവത്തെ അതിജീവിക്കുന്നവർ ഇപ്പോൾ തങ്ങളുടെ ജീവൻ രക്ഷിക്കപ്പെടുമെന്ന പ്രത്യാശയിൽ ന്യായാധിപതിയെ “കർത്താവേ” എന്നു ഗതിമുട്ടി അഭിസംബോധനചെയ്തെന്നുവരാം.—മത്തായി 7:22, 23; വെളിപ്പാടു 6:15-17 താരതമ്യം ചെയ്യുക.
14. എന്തടിസ്ഥാനത്തിലായിരിക്കും യേശു ചെമ്മരിയാടുകളെയും കോലാടുകളെയും ന്യായംവിധിക്കുന്നത്?
14 മുൻ പള്ളിക്കാരുടെയും നിരീശ്വരവാദികളുടെയും മറ്റുള്ളവരുടെയും ഗതിമുട്ടിയ അവകാശവാദങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുകയില്ല യേശുവിന്റെ ന്യായവിധി. (2 തെസ്സലൊനീക്യർ 1:8) മറിച്ച്, ആളുകളുടെ ഹൃദയനിലയെയും “[തന്റെ] ഏറ്റവും ചെറിയ [സഹോദരന്മാരിൽ] ഒരുത്തന്നു” ചെയ്ത അവരുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളെയും ആ ന്യായാധിപതി പുനരവലോകനം ചെയ്യും. ഭൂമിയിൽ ശേഷിച്ചിരിക്കുന്ന അഭിഷിക്തരുടെ സംഖ്യ കുറഞ്ഞുവരുകയാണെന്നു സമ്മതിക്കുന്നു. എന്നിരുന്നാലും, “വിശ്വസ്തനും വിവേകിയുമായ അടിമ”യാകുന്ന അഭിഷിക്തർ ആത്മീയ ആഹാരവും മാർഗനിർദേശവും പ്രദാനംചെയ്യുന്നിടത്തോളം കാലം ഭാവി ചെമ്മരിയാടുകൾക്ക് അടിമവർഗത്തിനു നന്മ ചെയ്യുന്നതിനുള്ള അവസരമുണ്ട്, ‘സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലുംനിന്നുള്ള മഹാപുരുഷാരം’ ചെയ്തിരിക്കുന്നതുപോലെതന്നെ.—വെളിപ്പാടു 7:9, 14.
15. (എ) അനേകരും കോലാടുതുല്യരായിരിക്കുന്നുവെന്നു സ്വയം തെളിയിച്ചതെങ്ങനെ? (ബി) ഒരുവൻ ചെമ്മരിയാടാണോ കോലാടാണോ എന്നു പ്രസ്താവിക്കുന്നതു നാം ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
15 ക്രിസ്തുവിന്റെ സഹോദരങ്ങൾക്കും ഒരു തൊഴുത്തിലെ ആടുകളെന്നപോലെ അവരോടൊപ്പം ഏകീഭവിച്ചിരിക്കുന്ന ലക്ഷക്കണക്കിനു വേറെ ആടുകൾക്കും എങ്ങനെയുള്ള പെരുമാറ്റമാണു ലഭിച്ചിരിക്കുന്നത്? അനേകരും ക്രിസ്തുവിന്റെ പ്രതിനിധികളെ വ്യക്തിപരമായി ആക്രമിച്ചിട്ടില്ലായിരിക്കാം. എന്നാൽ അവർ അവന്റെ ആളുകളോടു സ്നേഹപൂർവം പെരുമാറിയിട്ടുമില്ല. കോലാടുതുല്യരായ ആളുകൾ രാജ്യസന്ദേശത്തെ, നേരിട്ടോ പരോക്ഷമായോ കേട്ടാലും തള്ളിക്കളയുന്നു. (1 യോഹന്നാൻ 2:15-17) തീർച്ചയായും, ഒടുവിലത്തെ അപഗ്രഥനത്തിൽ ന്യായവിധി നടപ്പാക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത് യേശുവാണ്. ചെമ്മരിയാടുകൾ ആരാണെന്നും കോലാടുകൾ ആരാണെന്നും നിർണയിക്കുന്നതു നമ്മളല്ല.—മർക്കൊസ് 2:8; ലൂക്കൊസ് 5:22; യോഹന്നാൻ 2:24, 25; റോമർ 14:10-12; 1 കൊരിന്ത്യർ 4:5.
ഓരോ വിഭാഗത്തിന്റെയും ഭാവിയെന്ത്?
16, 17. ചെമ്മരിയാടുകളുടെ ഭാവി എന്തായിരിക്കും?
16 “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ” എന്ന് യേശു ചെമ്മരിയാടുകളെ ന്യായംവിധിച്ചു. “വരുവിൻ”—എന്തൊരു ഊഷ്മളമായ ക്ഷണം! എന്തിലേക്ക്? നിത്യജീവനിലേക്ക്. അവൻ ഒടുവിൽ ക്രോഡീകരിച്ചതുപോലെ, ‘നീതിമാന്മാർ നിത്യജീവനിലേക്കു [പോകും].’—മത്തായി 25:34, 46.
17 തന്നോടൊപ്പം സ്വർഗത്തിൽ ഭരിക്കാനിരിക്കുന്നവരിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നു താലന്തുകളെക്കുറിച്ചുള്ള ഉപമയിൽ യേശു പ്രകടമാക്കി. എന്നാൽ ഈ ഉപമയിൽ രാജ്യത്തിന്റെ പ്രജകളായിരിക്കുന്നവരിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്ന് അവൻ പ്രകടമാക്കുന്നു. (മത്തായി 25:14-23) സ്പഷ്ടമായും യേശുവിന്റെ സഹോദരങ്ങൾക്ക് അവർ നൽകിയ അവിഭാജ്യമായ പിന്തുണ നിമിത്തം ചെമ്മരിയാടുകൾ അവന്റെ രാജ്യത്തിന്റെ ഭൗമിക മണ്ഡലത്തിൽ ഒരു സ്ഥാനം അവകാശമാക്കുന്നു. അവർ ഒരു പറുദീസാ ഭൂമിയിൽ ജീവിതമാസ്വദിക്കും—വീണ്ടെടുക്കപ്പെടാവുന്നവർക്കായി ദൈവം “ലോകസ്ഥാപനംമുതൽ” ഒരുക്കിയിരിക്കുന്ന പ്രത്യാശതന്നെ.—ലൂക്കൊസ് 11:50, 51.
18, 19. (എ) യേശു കോലാടുകൾക്ക് എന്തു ന്യായവിധി കൽപ്പിക്കും? (ബി) കോലാടുകൾ നിത്യയാതന അനുഭവിക്കുകയില്ലെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതെങ്ങനെ?
18 എത്ര വ്യത്യസ്തമായ ന്യായവിധിയാണു കോലാടുകളുടെമേൽ നടത്തപ്പെടുന്നത്! “പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല. അതിഥിയായിരുന്നു, [“അപരിചിതനായിരുന്നു,” NW] നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും. അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അഥിതിയോ [“അപരിചിതനോ,” NW] നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു: ഈ ഏറ്റവും ചെറിയവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാത്തിടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.”—മത്തായി 25:41-45.
19 കോലാടുതുല്യരായവരുടെ അമർത്ത്യ ദേഹികൾ ഒരു നിത്യാഗ്നിയിൽ യാതനയനുഭവിക്കുമെന്ന് ഇത് അർഥമാക്കുന്നില്ലെന്നു ബൈബിൾ വിദ്യാർഥികൾക്ക് അറിയാം. മറിച്ച്, മനുഷ്യർ ദേഹികളാണ്; അവർക്ക് അമർത്ത്യദേഹികൾ ഇല്ല. (ഉല്പത്തി 2:7; സഭാപ്രസംഗി 9:5, 10; യെഹെസ്കേൽ 18:4) കോലാടുകളെ “നിത്യാഗ്നി”ക്കു വിധിച്ചതിലൂടെ ഭാവിപ്രത്യാശയില്ലാത്ത നാശത്തെയാണു ന്യായാധിപതി അർഥമാക്കിയത്, അത് പിശാചിന്റെയും ഭൂതങ്ങളുടെയും ശാശ്വതനാശവും കൂടെയായിരിക്കും. (വെളിപ്പാടു 20:10, 14) അങ്ങനെ യഹോവയുടെ ന്യായാധിപതി വിപരീത ന്യായവിധി നടത്തുന്നു. അവൻ ചെമ്മരിയാടുകളോട് “വരുവിൻ” എന്നും കോലാടുകളോട് “എന്നെ വിട്ടു . . . പോകുവിൻ” എന്നും പറയുന്നു. ചെമ്മരിയാടുകൾ ‘നിത്യജീവൻ’ അവകാശപ്പെടുത്തും. കോലാടുകൾ ‘നിത്യഛേദനം’ അനുഭവിക്കും.—മത്തായി 25:46, NW.b
ഇതു നമുക്ക് എന്തർഥമാക്കുന്നു?
20, 21. (എ) ക്രിസ്ത്യാനികൾക്ക് എന്തു പ്രധാന വേല ചെയ്യാനുണ്ട്? (ബി) എന്തു വിഭജനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്? (സി) ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമ നിവർത്തിക്കാൻ തുടങ്ങുമ്പോൾ ആളുകളുടെ അവസ്ഥ എന്തായിരിക്കും?
20 തന്റെ സാന്നിധ്യവും വ്യവസ്ഥിതിയുടെ സമാപനവും സംബന്ധിച്ചുള്ള യേശുവിന്റെ മറുപടി കേട്ട അപ്പോസ്തലന്മാരെ സംബന്ധിച്ചിടത്തോളം അവർ ഒട്ടേറെ കാര്യങ്ങൾ പരിചിന്തിക്കേണ്ടിയിരുന്നു. അവർ ഉണർന്നിരിക്കുന്നതിന്റെയും ജാഗരൂകരായിരിക്കുന്നതിന്റെയും ആവശ്യമുണ്ടായിരുന്നു. (മത്തായി 24:42) മർക്കൊസ് 13:10-ൽ സൂചിപ്പിച്ചിരിക്കുന്ന സാക്ഷ്യവേലയും അവർ ചെയ്യണമായിരുന്നു. യഹോവയുടെ സാക്ഷികൾ ഊർജസ്വലതയോടെ ഇന്ന് ആ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്.
21 എങ്കിലും, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയെക്കുറിച്ചുള്ള ഈ പുതിയ ഗ്രാഹ്യം നമുക്ക് എന്തർഥമാക്കുന്നു? കൊള്ളാം, ആളുകൾ ഇപ്പോൾതന്നെ പക്ഷംചേരാൻ തുടങ്ങിയിരുന്നു. ചിലർ ‘നാശത്തിലേക്കു പോകുന്ന വിശാലമായ വഴിയി’ലായിരിക്കെ മറ്റുള്ളവർ ‘ജീവങ്കലേക്കു പോകുന്ന ഞെരുക്കമുള്ള വഴി’യിലാണ്. (മത്തായി 7:13, 14) എന്നാൽ ഉപമയിൽ പരാമർശിച്ചിരിക്കുന്ന ചെമ്മരിയാടുകളുടെയും കോലാടുകളുടെയുംമേൽ യേശു അന്തിമ ന്യായവിധി കൽപ്പിക്കുന്ന സമയം വരാൻ പോകുന്നതേയുള്ളൂ. മനുഷ്യപുത്രൻ ന്യായാധിപതിയുടെ റോളിൽ വരുമ്പോൾ അനേകം സത്യക്രിസ്ത്യാനികൾ—വാസ്തവത്തിൽ സമർപ്പിത ചെമ്മരിയാടുകളുടെ “ഒരു മഹാപുരുഷാരം”—“മഹോപദ്രവ”ത്തിന്റെ അന്ത്യനാളുകളെ അതിജീവിച്ചു പുതിയ ലോകത്തിലേക്കു കടക്കുന്നതിനു യോഗ്യത നേടുന്നതായി അവൻ നിർണയിക്കും. ആ പ്രത്യാശ ഇപ്പോൾ സന്തോഷത്തിന്റെ ഒരു ഉറവിടമായിരിക്കണം. (വെളിപാട് 7:9, 14, NW) നേരേമറിച്ച്, “സകല ദേശങ്ങളിലും”നിന്നുള്ള വലിയ സംഖ്യ ഇണങ്ങാത്ത കോലാടു തുല്യരാണെന്നു സ്വയം തെളിയിക്കും. അവർ “നിത്യഛേദനത്തിലേക്കു” പോകും. അതു ഭൂമിക്ക് എന്തൊരാശ്വാസമായിരിക്കും!
22, 23. ഉപമയുടെ നിവൃത്തി ഭാവിയിലാണെന്നുവരികിലും നമ്മുടെ പ്രസംഗവേല ഇന്നു ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
22 ഉപമയിലെ ന്യായവിധി സമീപ ഭാവിയിലായിരിക്കെ ഇപ്പോൾ പോലും ജീവത്പ്രധാനമായ ചിലതു സംഭവിക്കുന്നുണ്ട്. ക്രിസ്ത്യാനികളായ നമ്മൾ ജീവരക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു സന്ദേശം പ്രഖ്യാപിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ്. ആ സന്ദേശം ആളുകളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുന്നു. (മത്തായി 10:32-39) ‘“കർത്താവിന്റെ [“യഹോവയുടെ,” NW] നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?’ എന്നു പൗലോസ് എഴുതി. (റോമർ 10:13, 14) ദൈവനാമവും അവന്റെ രക്ഷാസന്ദേശവും വഹിച്ചുകൊണ്ടു നമ്മുടെ പരസ്യശുശ്രൂഷ 230-ലധികം രാജ്യങ്ങളിലെ ആളുകളുടെ പക്കൽ എത്തുന്നുണ്ട്. ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരങ്ങളാണ് ഇന്നും വേലയ്ക്കു നേതൃത്വം നൽകുന്നത്. ഇപ്പോൾ ഏതാണ്ട് 50 ലക്ഷത്തോളം വേറെ ആടുകൾ അവരോടു ചേർന്നിരിക്കുന്നു. യേശുവിന്റെ സഹോദരങ്ങൾ പ്രഘോഷിക്കുന്ന സന്ദേശത്തോടു ലോകവ്യാപകമായി ആളുകൾ പ്രതികരിക്കുകയാണ്.
23 നാം വീടുതോറുമോ അനൗപചാരികമോ ആയി പ്രസംഗിക്കുമ്പോൾ ആളുകൾ നമ്മുടെ സന്ദേശവുമായി പരിചിതരാകുന്നു. മറ്റുചിലർ യഹോവയുടെ സാക്ഷികളെക്കുറിച്ചും നാം എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിനെക്കുറിച്ചും നമുക്കറിഞ്ഞുകൂടാത്ത വഴിയിലൂടെ അറിയുന്നു. ന്യായവിധി സമയം വന്നെത്തുമ്പോൾ സാമൂഹിക ഉത്തരവാദിത്വവും കുടുംബ മഹിമയും യേശു എത്രത്തോളം കണക്കിടും? നമുക്കു പറയാനാവില്ല, ഊഹിച്ചെടുക്കുന്നതുകൊണ്ടു പ്രയോജനവുമില്ല. (1 കൊരിന്ത്യർ 7:14 താരതമ്യം ചെയ്യുക.) അനേകരും ഇന്നു ദൈവജനത്തിന്റെനേരെ മനഃപൂർവം ചെവികൊട്ടിയടയ്ക്കുകയോ അവരെ പരിഹസിക്കുകയോ ഇടംവലം നോക്കാതെ പീഡിപ്പിക്കുകയോ ചെയ്യുന്നു. തന്മൂലം ഇതൊരു നിർണായക ഘട്ടമാണ്; അത്തരക്കാർ കോലാടുകൾ എന്ന രീതിയിൽ യേശു വിധിക്കുന്നവരായി തീർന്നേക്കാം.—മത്തായി 10:22; യോഹന്നാൻ 15:20; 16:2, 3; റോമർ 2:5, 6.
24. (എ) വ്യക്തികൾ നമ്മുടെ പ്രസംഗവേലയോട് അനുകൂലമായി പ്രതികരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ശുശ്രൂഷയിൽ വ്യക്തിപരമായി എന്തു മനോഭാവമുണ്ടായിരിക്കാനാണ് ഈ അധ്യയനം നിങ്ങളെ സഹായിച്ചത്?
24 സന്തോഷകരമെന്നു പറയട്ടെ, അനേകരും അനുകൂലമായി പ്രതികരിക്കുകയും ദൈവവചനം പഠിക്കുകയും യഹോവയുടെ സാക്ഷികളായിത്തീരുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ കോലാടുതുല്യരായി തോന്നിക്കുന്ന ചിലർ മാറ്റം വരുത്തി ചെമ്മരിയാടുതുല്യരായിത്തീർന്നേക്കാം. ക്രിസ്തുവിന്റെ സഹോദരങ്ങളുടെ ശേഷിപ്പിനോടു പ്രതികരിക്കുകയും അവരെ സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്നവർ അതിലൂടെ, സമീപ ഭാവിയിൽ യേശു ന്യായംവിധിക്കാനിരിക്കുമ്പോൾ അവരെ അവന്റെ വലത്തുഭാഗത്തു നിർത്തേണ്ടതിന് അടിസ്ഥാനം പ്രദാനംചെയ്യുന്ന തെളിവു നൽകുകയാണിപ്പോൾ. അവർ ഇപ്പോഴും തുടർന്നും അനുഗൃഹീതരായിരിക്കും. തന്മൂലം, ക്രിസ്തീയ ശുശ്രൂഷാ പ്രവർത്തനങ്ങളിൽ കൂടുതൽ തീക്ഷ്ണതയുള്ളവരായിരിക്കാൻ ഈ ഉപമ നമുക്കു പ്രചോദനം നൽകണം. രാജ്യത്തിന്റെ സുവാർത്ത പ്രഘോഷിക്കുന്നതിനും അങ്ങനെ മറ്റുള്ളവർക്കു പ്രതികരിക്കാൻ അവസരം നൽകുന്നതിനും ഏറെ വൈകുംമുമ്പു നമ്മളാൽ ആകുന്നതെല്ലാം ചെയ്യാൻ നാം ആഗ്രഹിക്കും. അതിനു ശേഷം പ്രതികൂലമായോ അനുകൂലമായോ ന്യായംവിധിക്കുകയെന്നത് യേശുവിന്റെ ധർമമാണ്.—മത്തായി 25:46.
[അടിക്കുറിപ്പുകൾ]
b എൽ ഇവാൻഹെല്യോ ദേ മാറ്റിയോ ഇങ്ങനെ കുറിക്കൊള്ളുന്നു: “നിത്യജീവൻ സ്ഥിരമായ ജീവിതമാണ്; അതിന്റെ വിപരീതം സ്ഥിരമായ ശിക്ഷയാണ്. അയോനിയോസ് എന്ന ഗ്രീക്കു വിശേഷണം മുഖ്യമായും കാലപരിധിയെ അല്ല അതിന്റെ ഗുണവിശേഷത്തെയാണു സൂചിപ്പിക്കുന്നത്. സ്ഥിരമായ ശിക്ഷ ശാശ്വതമരണമാണ്.”—ജോലിയിൽനിന്നു വിരമിച്ച പ്രൊഫസർ ക്വാൻ മാറ്റിയോസും (പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, റോം) സ്പെയിനിലെ മാഡ്രിഡിലുള്ള പ്രൊഫസർ ഫെർനാൻഡോ കാമാച്ചോയും (തിയോളജിക്കൽ സെന്റർ സവിൽ) 1981-ൽ എഴുതിയത്.
നിങ്ങൾ ഓർക്കുന്നുവോ?
◻ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയ്ക്കു ഭാവിനിവൃത്തിയുണ്ടെന്നു കാണിക്കുന്ന എന്തു സമാന്തരങ്ങളാണു മത്തായി 24:29-31-നും മത്തായി 25:31-33-നും തമ്മിലുള്ളത്, അതെന്നാണ്?
◻ യേശുവിന്റെ സഹോദരന്മാരിൽ ‘ഏറ്റവും ചെറിയ’വർ ആരാണ്?
◻ “നീതിമാന്മാർ” എന്ന യേശുവിന്റെ പ്രയോഗം, അത് ആരെ പ്രതിനിധാനം ചെയ്യുന്നുവെന്നും ആരെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
◻ ഈ ഉപമ ഭാവിയിലേ നിവൃത്തിയാകുകയുള്ളൂ എന്നുവരികിലും നമ്മുടെ പ്രസംഗവേല ഇപ്പോൾ പ്രധാനവും അടിയന്തിരവും ആയിരിക്കുന്നതെന്തുകൊണ്ട്?
[24-ാം പേജിലെ ചതുരവും ചിത്രവും]
സമാന്തരങ്ങൾ ശ്രദ്ധിക്കുക
മത്തായി 24:29-31 മത്തായി 25:31-33
മഹോപദ്രവം തുടങ്ങിയ ശേഷം മനുഷ്യപുത്രൻ വരുന്നു
മനുഷ്യപുത്രൻ വന്നെത്തുന്നു
വലിയ തേജസ്സോടെ വരുന്നു തേജസ്സോടെ വന്നെത്തുന്നു
തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു
അവനോടൊപ്പം ദൂതന്മാർ സന്നിഹിതർ ദൂതന്മാർ അവനോടൊപ്പം വരുന്നു
ഭൂമിയിലെ സകല ഗോത്രങ്ങളും സകല ജനതകളും കൂട്ടിച്ചേർക്കപ്പെടുന്നു;
അവനെ കാണുന്നു കോലാടുകൾ ന്യായംവിധിക്കപ്പെടുന്നു
ഒടുവിൽ (മഹോപദ്രവം അവസാനിക്കുന്നു)
[കടപ്പാട്]
Garo Nalbandian