ഭൂമി സൗമ്യതയുള്ളവർക്ക് ഒരു നിത്യാവകാശം
“സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു” എന്ന് യഹോവ പറയുന്നു. തന്റെ പാദപീഠത്തെക്കുറിച്ച് യഹോവ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “എന്റെ പാദസ്ഥാനത്തെ ഞാൻ മഹത്വപൂർണ്ണമാക്കും.” (യെശയ്യാവ് 66:1; 60:13 റോതർഹാം) അതിനെ അവകാശമാക്കാനിരിക്കുന്ന സൗമ്യതയുള്ളവർക്കുവേണ്ടി അവനിതു ചെയ്യും. അവരുടെ വിലമതിപ്പാർന്ന പരിലാളനയിൽ ഭൂമി പറുദീസാതുല്യ സൗന്ദര്യത്തിന്റെ ഒരു സ്ഥലവും തദ്വാരാ അതിന്റെ സ്രഷ്ടാവായ യഹോവക്ക് മഹത്വകാരണവും ആയിത്തീരും.
ചിലർ ഇങ്ങനെ വാദിച്ചേക്കാം: ‘സൗമ്യതയുള്ളവരാണോ ഭൂമിയെ കൈവശമാക്കുന്നത്? സൗമ്യരായ ആളുകൾ ദുർബ്ബലരാണ്! ഭൂമിമേൽ ആധിപത്യം പുലർത്താനുള്ള കരുത്ത് അവർക്കെങ്ങനെയുണ്ടാകും?’ തിരുവെഴുത്തുകളിൽ “സൗമ്യർ” എന്ന പദം മാന്യതയും ദയയും മൃദുലഭാവവും പുലർത്തവെ തന്നെ ഉരുക്കിന്റെ കരുത്ത് കാത്തുകൊള്ളുന്നവരെയാണ് പരാമർശിക്കുന്നത്. അത് നന്നായി മെരുക്കപ്പെട്ടതെങ്കിലും പിന്നെയും കരുത്താർന്ന ഒരു കാട്ടുമൃഗത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ട പദമാണ്.
ഗ്രീക്കു പദങ്ങൾക്കുള്ള വൈനിന്റെ നിഘണ്ടു സൗമ്യർ എന്നതിനെ ഇങ്ങനെ നിർവചിക്കുന്നു: “ഇത് ആത്മാവിൽ ഇഴുകിചേർന്നിരിക്കുന്ന ഒരു കാരുണ്യഭാവമാണ്; അത് മുഖ്യമായും ആദ്യമായും ദൈവത്തോടു പുലർത്തപ്പെടുന്നു. ആത്മാവിന്റെ ഈ വികാരത്തോടെയാണ് നമ്മോടുള്ള അവന്റെ ഇടപെടലുകളെ നാം നല്ലതായി അംഗീകരിക്കുന്നതും തന്നിമിത്തം എതിർപ്പോ ഭിന്നതയോ കൂടാതെ കഴിയുന്നതും.” സൗമ്യതയുള്ളവർ ദൈവവചനത്തോടു കൂട്ടുചേർക്കുകയോ അതിൽ നിന്നു കുറക്കുകയോ അതിൽ വെള്ളം ചേർക്കയോ അതിനെ കോട്ടിമാട്ടുകയോ ചെയ്കയില്ല—തങ്ങളുടെ അധാർമ്മിക വൃത്തിക്ക് ഇടം നൽകാൻ മററു ചിലർ ചെയ്യുന്നതുപോലെ.—ആവർത്തനം 4:2; 2 പത്രോസ് 3:16; വെളിപ്പാട് 22:18, 19.
“മോശെ ഭൂതലത്തിലുള്ള സകല മനുഷ്യരിലും വെച്ച് അതിസൗമ്യൻ ആയിരുന്നു.” (സംഖ്യാപുസ്തകം 12:3) എന്നാൽ അവൻ ദുർബലനായിരുന്നോ? അവൻ ഈജിപ്ററിലെ ശക്തനായ ഫറവോന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട് അടിമത്തത്തിലായിരുന്ന എബ്രായരെ പോകാൻ അവൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഫറവോൻ ഇല്ല എന്നുത്തരം നൽകിക്കൊണ്ട് വിട്ടുവീഴ്ചയില്ലാത്തവനായി നിലകൊണ്ടു! എന്നാൽ മോശെ ഈജിപ്ററുകാരുടെ മേൽ ബാധവരാനിരിക്കയാണെന്നു വിളംബരം ചെയ്തുകൊണ്ട് വീണ്ടും സമീപിക്കുന്നതിൽ അചഞ്ചലനായി തുടർന്നു. (പുറപ്പാട് 7-11 വരെയുള്ള അദ്ധ്യായങ്ങൾ) സൗമ്യനോ, അതെ; എന്നാൽ ദുർബലനോ? അസാദ്ധ്യം!
യേശുക്രിസ്തു സൗമ്യനായിരുന്നു. എന്നാൽ അവൻ തന്റെ നാളിലെ മത എതിരാളികൾക്കെതിരെ നിലകൊണ്ടു, അവർ അവനെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുമെന്ന് അവന് അറിയാമായിരുന്നിട്ടുപോലും! “നാമിപ്പോൾ യരുശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രൻ മുഖ്യപുരോഹിതൻമാരുടെയും ശാസ്ത്രിമാരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടുകയും അവർ അവനെ മരണശിക്ഷക്കു വിധിക്കുകയും ജനതകളിലെ ആളുകൾക്ക് ഏൽപ്പിക്കുകയും അവർ അവനെ കളിയാക്കുകയും അവന്റെമേൽ തുപ്പുകയും അവനെ അപമാനിക്കയും കൊല്ലുകയും ചെയ്യും.” (മർക്കോസ് 10:33, 34) ഇതെല്ലാം അവർ അവനോടു ചെയ്തു. എന്നാൽ അവൻ ദൈവത്തോടുള്ള തന്റെ നിർമ്മലതയിൽ നിന്ന് വ്യതിചലിച്ചില്ല. സൗമ്യനോ, അതെ; ദുർബലനോ? അസാദ്ധ്യം!
അതുകൊണ്ട് തിരുവെഴുത്തു പ്രകാരമുള്ള സൗമ്യർക്കാണ് യഹോവ ഭൂമി നൽകുന്നത്. ശാസ്ത്രജ്ഞൻമാരുടെ സൈദ്ധാന്തീകരണങ്ങൾക്കും വ്യാജമതത്തിന്റെ പഠിപ്പിക്കലുകൾക്കും വിപരീതമായി ഭൂമി “അനിശ്ചിത കാലത്തേക്ക് അഥവാ സദാകാലത്തേക്കും” നിലനിൽക്കും. (സങ്കീർത്തനം 104:5) യഹോവ “വെറും വ്യർത്ഥമായിട്ടല്ല അതിനെ സൃഷ്ടിച്ചത്.” അവൻ “നിവസിക്കപ്പെടാൻ തന്നെ അതിനു രൂപം നൽകി.” (യെശയ്യാവ് 45:18) ജീവിതം അന്ന് എത്ര ആഹ്ലാദകരമായിരിക്കും! ദൈവം “അവരുടെ കണ്ണിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചു നീക്കും, മരണം മേലാൽ ഉണ്ടായിരിക്കയില്ല. വിലാപമോ മുറവിളിയോ വേദനയോ മേലാൽ ഉണ്ടാകുകയില്ല. മുൻകാര്യങ്ങളെല്ലാം കഴിഞ്ഞുപോയിരിക്കുന്നു.”—വെളിപ്പാട് 21:4.
ഭൂമിയെ രോഗബാധിതയാക്കിയ പ്രദൂഷകരെല്ലാം അന്നു പൊയ്പ്പോയിരിക്കും! അപ്പോൾ “സൗമ്യതയുള്ളവർ തന്നെ ഭൂമിയെ അവകാശമാക്കുകയും സമാധാന സമൃദ്ധിയിൽ അവർ തങ്ങളുടെ പരമാനന്ദം കണ്ടെത്തുകയും ചെയ്യും.” (സദൃശവാക്യങ്ങൾ 2:21, 22; സങ്കീർത്തനം 37:11) നിങ്ങളും തിരുവെഴുത്തുകളനുസരിച്ച് സൗമ്യരിലൊരാളായിതീരുവാൻ മതിയായ യോഗ്യത പ്രാപിക്കാൻ തക്കവണ്ണം ശക്തനെങ്കിൽ നിങ്ങളും ആ പറുദീസാ ഭൂമിയിലെ നിത്യജീവൻ ആസ്വദിച്ചേക്കാം. (g89 1/22)