യഹോവയുടെ ദിവസത്തിനായി നിങ്ങൾ ഒരുങ്ങിയിരിക്കുന്നുവോ?
“യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.”—സെഫന്യാവു 1:14.
1. തിരുവെഴുത്തുകൾ യഹോവയുടെ ദിവസത്തെ വർണിക്കുന്നതെങ്ങനെ?
ഈ ദുഷ്ട വ്യവസ്ഥിതിയുടെമേൽ “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം” ഉടനെതന്നെ വന്നെത്തും. യുദ്ധം, അന്ധകാരം, കോപം, അരിഷ്ടത, കൊടുംവേദന, ഭയാക്രോശം, ശൂന്യമാക്കൽ എന്നിവയെയെല്ലാം യഹോവയുടെ ദിവസത്തിന്റെ പ്രത്യേകതകളായി തിരുവെഴുത്തുകൾ വർണിക്കുന്നു. എങ്കിലും, അതിജീവകരുണ്ടായിരിക്കും. എന്തെന്നാൽ “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേൽ 2:30-32; ആമോസ് 5:18-20) അതേ, അപ്പോൾ ദൈവം തന്റെ ശത്രുക്കളെ നശിപ്പിക്കുകയും തന്റെ ജനത്തെ രക്ഷിക്കുകയും ചെയ്യും.
2. യഹോവയുടെ ദിവസത്തെക്കുറിച്ചു നമുക്ക് ഒരു അടിയന്തിരതാബോധം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
2 ദൈവത്തിന്റെ പ്രവാചകന്മാർ യഹോവയുടെ ദിവസത്തിന് ഒരു അടിയന്തിരതാബോധം കൽപ്പിച്ചിരുന്നു. ഉദാഹരണത്തിന്, സെഫന്യാവ് എഴുതി: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.” (സെഫന്യാവു 1:14) സ്ഥിതിവിശേഷത്തിന് ഇന്ന് അന്നത്തെതിനെക്കാൾ അടിയന്തിരതയുണ്ട്, കാരണം ദൈവത്തിന്റെ മുഖ്യ വധാധികൃത രാജാവാം യേശുക്രിസ്തു ‘സത്യവും സൗമ്യതയും നീതിയും പാലിക്കാൻ തന്റെ വാൾ അരെക്കു കെട്ടാൻ’ പോകുകയാണ്. (സങ്കീർത്തനം 45:3, 4) ആ ദിവസത്തിനായി നിങ്ങൾ ഒരുങ്ങിയിരിക്കുന്നുവോ?
അവർക്കു വലിയ പ്രതീക്ഷകളുണ്ടായിരുന്നു
3. തെസ്സലൊനീക്യയിലെ ചില ക്രിസ്ത്യാനികൾക്ക് എന്തു പ്രതീക്ഷകൾ ഉണ്ടായിരുന്നു, അവർക്കു തെറ്റുപറ്റിയതിനുള്ള രണ്ടു കാരണങ്ങൾ ഏവ?
3 യഹോവയുടെ ദിവസത്തെക്കുറിച്ചുള്ള അനേകരുടെയും പ്രതീക്ഷകൾ നിവൃത്തിയേറാതെ പോയി. തെസ്സലൊനീക്യയിലെ ചില ആദിമ ക്രിസ്ത്യാനികൾ പറഞ്ഞു, ‘ഇതാ, യഹോവയുടെ നാൾ വന്നെത്തിയിരിക്കുന്നു!’ (2 തെസ്സലൊനീക്യർ 2:2, NW) എന്നാൽ അതു സമീപിച്ചിട്ടില്ലായിരുന്നുവെന്നതിന് അടിസ്ഥാനപരമായ രണ്ടു കാരണങ്ങളുണ്ടായിരുന്നു. അവയിലൊന്നു പരാമർശിച്ചുകൊണ്ട്, പൗലൊസ് അപ്പോസ്തലൻ പ്രസ്താവിച്ചു: “അവർ സമാധാനമെന്നും നിർഭയമെന്നും പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും.” (1 തെസ്സലൊനീക്യർ 5:1-6) ഈ “അന്ത്യകാല”ത്ത്, ആ വാക്കുകളുടെ നിവൃത്തിക്കായി നാമും കാത്തിരിക്കുകയാണ്. (ദാനീയേൽ 12:4) യഹോവയുടെ മഹാദിവസം എത്തിയെന്നതിനുള്ള മറ്റേ തെളിവും തെസ്സലൊനീക്യർക്ക് ഇല്ലാതെപോയി. കാരണം പൗലൊസ് അവരോടു പറഞ്ഞു: “ആദ്യം വിശ്വാസത്യാഗം സംഭവിക്കാതെ അതു വരുകയില്ല.” (2 തെസ്സലൊനീക്യർ 2:3, NW) പൗലൊസ് ആ വാക്കുകൾ എഴുതിയപ്പോൾ (ഏതാണ്ട് പൊ.യു. [പൊതുയുഗം] 51-ൽ), സത്യക്രിസ്ത്യാനിത്വത്തിൽനിന്നുള്ള “വിശ്വാസത്യാഗം” പൂർണമായും വികാസം പ്രാപിച്ചിട്ടില്ലായിരുന്നു. ഇന്ന്, അതു ക്രൈസ്തവലോകത്തിൽ പൂർണവികാസം പ്രാപിച്ചിരിക്കുന്നതായി നമുക്കു കാണാം. തെസ്സലൊനീക്യയിലെ വിശ്വസ്ത അഭിഷിക്തരുടെ പ്രതീക്ഷകൾ നിവൃത്തിയേറിയില്ലെങ്കിലും, മരണംവരെ ദൈവത്തെ വിശ്വസ്തയോടെ സേവിച്ച അവർക്ക് അവസാനം സ്വർഗീയ പ്രതിഫലം ലഭിച്ചു. (വെളിപ്പാടു 2:10) യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവെ, വിശ്വസ്തരായി നിലകൊള്ളുന്നെങ്കിൽ നമുക്കും പ്രതിഫലം ലഭിക്കും.
4. (എ) 2 തെസ്സലൊനീക്യർ 2:1, 2-ൽ യഹോവയുടെ ദിവസത്തെ എന്തുമായി ബന്ധപ്പെടുത്തിയിരിക്കുന്നു? (ബി) ക്രിസ്തുവിന്റെ തിരിച്ചുവരവും ബന്ധപ്പെട്ട സംഗതികളും സംബന്ധിച്ചു സഭാപിതാക്കന്മാർ എന്നു വിളിക്കപ്പെടുന്നവർക്ക് എന്തെല്ലാം വീക്ഷണങ്ങൾ ഉണ്ടായിരുന്നു?
4 ബൈബിൾ “യഹോവയുടെ മഹാദിവസ”ത്തെ “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ സാന്നിധ്യ”വുമായി ബന്ധപ്പെടുത്തുന്നു. (2 തെസ്സലൊനീക്യർ 2:1, 2, NW) സഭാപിതാക്കന്മാർ എന്നു വിളിക്കപ്പെടുന്നവർക്ക് യേശുവിന്റെ തിരിച്ചുവരവിനെയും സാന്നിധ്യത്തെയും സഹസ്രാബ്ദവാഴ്ചയെയും കുറിച്ചു പലവിധ ധാരണകളുമുണ്ടായിരുന്നു. (വെളിപ്പാടു 20:4) പൊ.യു. രണ്ടാം നൂറ്റാണ്ടിൽ, ഹിയരപൊലിയിലെ പേപ്പിയസ് ക്രിസ്തുവിന്റെ സഹസ്രാബ്ദവാഴ്ചക്കാലത്തു ഭൂമിയിൽ വൻവിളവ് ഉണ്ടായിരിക്കുമെന്ന പ്രതീക്ഷ വെച്ചുപുലർത്തിയിരുന്നു. യേശുവിന്റെ സാന്നിധ്യത്തെക്കുറിച്ച് ആവർത്തിച്ചു സംസാരിച്ച ജസ്റ്റിൻ മാർട്ടർ പുനഃസ്ഥാപിത യെരൂശലേം ആയിരിക്കും അവന്റെ ഭരണത്തിന്റെ കേന്ദ്രസ്ഥാനം എന്നു ധരിച്ചു. റോമാ സാമ്രാജ്യം നശിപ്പിക്കപ്പെട്ടതിനുശേഷം, യേശു ദൃശ്യമായി പ്രത്യക്ഷപ്പെടുമെന്നും സാത്താനെ ബന്ധിക്കുമെന്നും, തുടർന്നു ഭൗമിക യെരൂശലേമിൽ വാഴുമെന്നും ലിയോൺസിലെ ഐറേനിയസ് പഠിപ്പിച്ചു.
5. ക്രിസ്തുവിന്റെ “രണ്ടാം വരവി”നെയും അവന്റെ സഹസ്രാബ്ദവാഴ്ചയെയും കുറിച്ചു ചില പണ്ഡിതന്മാർ എന്താണു പറഞ്ഞിരിക്കുന്നത്?
5 പൊ.യു. 325-ലെ നിഖ്യാ സുനഹദോസിനുമുമ്പുള്ള കാലഘട്ടത്തിലെ “ഏറ്റവും ശ്രദ്ധേയമായ വിശ്വാസം പൊതുവായ പുനുരുത്ഥാനത്തിനും ന്യായവിധിക്കും മുമ്പായി ക്രിസ്തു, പുനരുത്ഥാനം പ്രാപിച്ച വിശുദ്ധന്മാരോടൊപ്പം, ഭൂമിയിൽ ആയിരം വർഷം ദൃശ്യമായി വാഴ്ച നടത്തും എന്ന വിശ്വാസ”മായിരുന്നുവെന്നു ഫിലിപ്പ് ഷാഫ് എന്ന ചരിത്രകാരൻ പ്രസ്താവിക്കുന്നുണ്ട്. ജയിംസ് ഹേസ്റ്റിങ്സ് എഡിറ്റുചെയ്ത ഒരു ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നു: “തെർത്തുല്യൻ, ഐറേനിയസ്, ഹിപ്പോലറ്റസ് എന്നിവർ [യേശുക്രിസ്തുവിന്റെ] പെട്ടെന്നുള്ള വരവിനായി കാത്തിരിക്കുന്നു; എന്നാൽ അലക്സാണ്ട്രിയൻ പിതാക്കന്മാരുടെ കാലഘട്ടമായപ്പോഴേക്കും നാം ഒരു പുതിയ ചിന്താധാരയിലേക്കു കടക്കുകയാണ്. . . . അഗസ്റ്റിൻ സഹസ്രാബ്ദത്തെ സഭാംഗങ്ങളുടെ ഭൗമികജീവിതകാലഘട്ടമായി തിരിച്ചറിയിച്ചതോടെ, രണ്ടാം വരവ് വിദൂരഭാവിയിലേക്കു മാറ്റപ്പെട്ടു.”
യഹോവയുടെ ദിവസവും യേശുവിന്റെ സാന്നിധ്യവും
6. യഹോവയുടെ ദിവസം ഇനിയും വളരെ അകലെയാണെന്നു നാം നിഗമനം ചെയ്യാൻ പാടില്ലാത്തത് എന്തുകൊണ്ട്?
6 തെറ്റിദ്ധാരണകൾ നിരാശയുളവാക്കി, എന്നാൽ യഹോവയുടെ ദിവസം ഇനിയും വളരെ അകലെയാണെന്നു നാം വിചാരിക്കേണ്ടതില്ല. യഹോവയുടെ ദിവസവുമായി തിരുവെഴുത്തുപരമായി ബന്ധപ്പെട്ടിരിക്കുന്ന യേശുവിന്റെ അദൃശ്യ സാന്നിധ്യം ഇതിനോടകംതന്നെ ആരംഭിച്ചിരിക്കുകയാണ്. വീക്ഷാഗോപുരവും യഹോവയുടെ സാക്ഷികളുടെ മറ്റു പ്രസിദ്ധീകരണങ്ങളും ക്രിസ്തുവിന്റെ സാന്നിധ്യം 1914 എന്ന വർഷത്തിൽ ആരംഭിച്ചു എന്നതിനുള്ള തിരുവെഴുത്തു തെളിവുകൾ പലപ്പോഴും പ്രദാനം ചെയ്തിട്ടുണ്ട്.a അതുകൊണ്ട്, തന്റെ സാന്നിധ്യത്തെക്കുറിച്ച് യേശു എന്താണു പറഞ്ഞത്?
7. (എ) യേശുവിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളത്തിന്റെ ചില സവിശേഷതകൾ ഏതെല്ലാം? (ബി) നാം എങ്ങനെ രക്ഷിക്കപ്പെട്ടേക്കാം?
7 യേശുവിന്റെ മരണത്തിനു തൊട്ടുമുമ്പ്, അവന്റെ സാന്നിധ്യം ചർച്ചാവിഷയമായി. യെരൂശലേം ദേവാലയത്തിന്റെ നാശം മുൻകൂട്ടിപ്പറഞ്ഞതു കേട്ട അവന്റെ അപ്പോസ്തലന്മാരായ പത്രൊസ്, യാക്കോബ്, യോഹന്നാൻ, അന്ത്രെയാസ് എന്നിവർ ചോദിച്ചു: “ഇവ എപ്പോഴായിരിക്കും, നിന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളം എന്തായിരിക്കും?” (മത്തായി 24:1-3, NW; മർക്കൊസ് 13:3, 4) മറുപടിയായി, യേശു യുദ്ധങ്ങളെയും ക്ഷാമങ്ങളെയും ഭൂകമ്പങ്ങളെയും തന്റെ സാന്നിധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും “അടയാള”ത്തിന്റെ മറ്റു സവിശേഷതകളെയും കുറിച്ചു മുൻകൂട്ടിപ്പറഞ്ഞു. എന്നിട്ട്, “അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടു”മെന്നും അവൻ പറഞ്ഞു. (മത്തായി 24:13) നമ്മുടെ ഈ ജീവിതത്തിന്റെ അവസാനത്തോളം, അല്ലെങ്കിൽ ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവസാനത്തോളം വിശ്വസ്തതയോടെ സഹിച്ചുനിൽക്കുന്നെങ്കിൽ, നാം രക്ഷിക്കപ്പെടും.
8. യഹൂദ വ്യവസ്ഥിതിയുടെ അന്ത്യത്തിനുമുമ്പ് എന്തു നിർവഹിക്കേണ്ടിയിരുന്നു, അക്കാര്യത്തിൽ ഇന്ന് എന്തു നിർവഹിക്കപ്പെടുന്നു?
8 അന്ത്യത്തിനുമുമ്പ്, യേശുവിന്റെ സാന്നിധ്യത്തിന്റെ ഒരു സവിശേഷഭാഗം നിറവേറണം. അതിനെക്കുറിച്ച് അവൻ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 24:14) പൊ.യു. 70-ൽ റോമാക്കാർ യെരൂശലേമിനെ നശിപ്പിച്ച് യഹൂദ വ്യവസ്ഥിതി അവസാനിപ്പിക്കുന്നതിനുമുമ്പ്, സുവിശേഷം “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷി”ക്കപ്പെട്ടിരിക്കുന്നുവെന്നു പൗലൊസിനു പറയാൻ കഴിഞ്ഞു. (കൊലൊസ്സ്യർ 1:23) എന്നാൽ, ഇന്ന് അതിനെക്കാൾ വളരെ വിപുലമായ പ്രസംഗവേല യഹോവയുടെ സാക്ഷികൾ “ഭൂലോകത്തിൽ ഒക്കെയും” നിർവഹിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ, പൂർവ യൂറോപ്പിൽ വമ്പിച്ച സാക്ഷ്യം കൊടുക്കുന്നതിനു ദൈവം വഴിയൊരുക്കിയിരിക്കുകയാണ്. ലോകവ്യാപകമായുള്ള അച്ചടിസൗകര്യങ്ങളും മറ്റു സൗകര്യങ്ങളും ഉപയോഗിച്ചുകൊണ്ട്, യഹോവയുടെ സ്ഥാപനം വർധിച്ച പ്രവർത്തനത്തിന്, “സ്പർശിച്ചിട്ടില്ലാത്ത പ്രദേശത്തു”പോലും പ്രവർത്തിക്കുന്നതിന്, തയ്യാറെടുത്തിരിക്കുകയാണ്. (റോമർ 15:22, 23, NW) അന്ത്യം വരുന്നതിനുമുമ്പു സാക്ഷ്യം കൊടുക്കുന്നതിൽ നിങ്ങൾക്കാവുന്നത്രയും ചെയ്യാൻ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, ഇനിയുള്ള വേലയിൽ പ്രതിഫലദായകമായ പങ്കുണ്ടായിരിക്കാൻ ദൈവത്തിനു നിങ്ങളെ ശക്തീകരിക്കാനാകും.—ഫിലിപ്പിയർ 4:13; 2 തിമൊഥെയൊസ് 4:17.
9. മത്തായി 24:36-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം, യേശു ഏതു സംഗതി വ്യക്തമാക്കി?
9 മുൻകൂട്ടിപ്പറഞ്ഞ രാജ്യപ്രസംഗവേലയും യേശുവിന്റെ സാന്നിധ്യത്തിന്റെ അടയാളത്തിന്റെ മറ്റു സവിശേഷഭാഗങ്ങളും ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം അടുത്തിരിക്കുകയാണ്. “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതൻമാരും പുത്രനും കൂടെ അറിയുന്നില്ല” എന്ന് യേശു പറഞ്ഞതു സത്യംതന്നെയെങ്കിലും, യേശുവിന്റെ പ്രവചനത്തിന് ‘ആ നാളിനും നാഴികയ്ക്കും’വേണ്ടി ഒരുങ്ങിയിരിക്കാൻ നമ്മെ സഹായിക്കാനാകും.—മത്തായി 24:4-14, 36.
അവർ ഒരുങ്ങിയിരുന്നു
10. ആത്മീയമായി ഉണർവുള്ളവരായി നിലകൊള്ളുക സാധ്യമാണെന്നു നമുക്കെങ്ങനെ അറിയാം?
10 യഹോവയുടെ മഹാദിവസത്തെ അതിജീവിക്കുന്നതിന്, നാം ആത്മീയമായി ഉണർവുള്ളവരായും സത്യാരാധനയുടെ കാര്യത്തിൽ അചഞ്ചലരായും നിലകൊള്ളണം. (1 കൊരിന്ത്യർ 16:13) അത്തരം സഹിഷ്ണുത സാധ്യമാണെന്നു നമുക്കറിയാം, എന്തെന്നാൽ സഹിഷ്ണുത കാട്ടിയ ദൈവഭക്തിയുള്ള ഒരു കുടുംബം പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 2370-ൽ ദുഷ്ടമനുഷ്യരെ നശിപ്പിച്ച പ്രളയത്തെ അതിജീവിക്കുകയുണ്ടായി. ആ കാലഘട്ടത്തെ തന്റെ സാന്നിധ്യവുമായി താരതമ്യം ചെയ്തുകൊണ്ട്, യേശു പറഞ്ഞു: “നോഹയുടെ കാലംപോലെ തന്നേ മനുഷ്യപുത്രന്റെ വരവും ആകും. ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ നിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല [“ഗൗനിച്ചില്ല,” NW]; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.”—മത്താ. 24:37-39.
11. തന്റെ നാളിൽ അക്രമം നിലനിന്നിരുന്നിട്ടും നോഹ ഏതു ഗതി പിൻപറ്റി?
11 നമ്മെപ്പോലെ, നോഹയും കുടുംബവും അക്രമാസക്തമായ ഒരു ലോകത്തിലാണു ജീവിച്ചിരുന്നത്. അനുസരണംകെട്ട ദൂത “ദൈവപുത്രന്മാർ” ശരീരം ധരിച്ചുവന്നു ഭാര്യമാരെ എടുത്തു കുപ്രസിദ്ധ നെഫിലിമുകൾക്കു ജന്മമേകി. സ്ഥിതിവിശേഷം കൂടുതൽ അക്രമാസക്തമാക്കിയതു നിസ്സംശയമായും ഈ മുട്ടാളന്മാർ ആയിരുന്നു. (ഉല്പത്തി 6:1, 2, 4; 1 പത്രൊസ് 3:19, 20) എന്നിരുന്നാലും, വിശ്വാസത്തിൽ “നോഹ ദൈവത്തോടുകൂടെ നടന്നു.” അവൻ “നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു.” (ഉല്പത്തി 6:9-11) ദൈവത്തിൽ പ്രാർഥനാനിർഭരമായ ആശ്രയം പ്രകടമാക്കിക്കൊണ്ട്, യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവെ അക്രമാസക്തവും ദുഷ്ടവുമായ ഈ ലോകത്തിൽ നമുക്കും നോഹയെപ്പോലെ ആയിരിക്കാവുന്നതാണ്.
12. (എ) പെട്ടകം പണിയുന്നതു കൂടാതെ നോഹയ്ക്കു വേറെ ഏതു വേലയുമുണ്ടായിരുന്നു? (ബി) നോഹയുടെ പ്രസംഗവേലയോട് ആളുകൾ പ്രതികരിച്ചതെങ്ങനെ, അവർക്കു നേരിട്ട പരിണതഫലങ്ങൾ എന്തൊക്കെയായിരുന്നു?
12 ജലപ്രളയത്തിൽ ജീവൻ സംരക്ഷിക്കുന്നതിനുള്ള പെട്ടകം പണിതവൻ എന്നനിലയിൽ നോഹ പ്രശസ്തനാണ്. അവൻ “ഒരു നീതിപ്രസംഗി”യുമായിരുന്നു. എന്നാൽ അവന്റെ ദൈവദത്ത സന്ദേശത്തെ സമകാലീനർ “ഗൗനിച്ചില്ല.” പ്രളയം അവരെയെല്ലാം തുടച്ചുനീക്കുന്നതുവരെ, അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും കുട്ടികളെ ജനിപ്പിച്ചും അനുദിന ജീവിത കാര്യങ്ങളിൽ മുഴുകിയും കഴിഞ്ഞുപോന്നു. (2 പത്രൊസ് 2:5; ഉല്പത്തി 6:14) “ദൈവത്തിങ്കലേക്കുള്ള മാനസാന്തര”ത്തെയും ക്രിസ്തുവിലുള്ള വിശ്വാസത്തെയും നീതിയെയും “വരുവാനുള്ള ന്യായവിധി”യെയും കുറിച്ചു യഹോവയുടെ സാക്ഷികൾ പറയുമ്പോൾ ഇന്നത്തെ ദുഷ്ടതലമുറ മുഖംതിരിച്ചുകളയുന്നതുപോലെ, ശരിയായ നടത്തയെയും സംസാരത്തെയും കുറിച്ചു കേൾക്കാൻ അവർ ആഗ്രഹിച്ചില്ല. (പ്രവൃത്തികൾ 20:20, 21; 24:24, 25) നോഹ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപിക്കുന്ന സമയത്തു ഭൂമിയിൽ എത്ര ആളുകൾ ജീവിച്ചിരുന്നുവെന്നതിനു രേഖകൾ ലഭ്യമല്ല. പക്ഷേ ഒരു സംഗതി ഉറപ്പാണ്, പൊ.യു.മു. 2370-ൽ ഭൂമിയിലെ ജനസംഖ്യ പെട്ടെന്നു ചുരുങ്ങി! ജലപ്രളയം ആ ദുഷ്ടതലമുറയെ തുടച്ചുനീക്കി. അതിജീവിച്ചതു ദൈവത്തിന്റെ ആ പ്രവൃത്തിക്കായി ഒരുങ്ങിയിരുന്നവർ മാത്രം—നോഹയും അവന്റെ കുടുംബത്തിലെ മറ്റ് ഏഴ് അംഗങ്ങളും.—ഉല്പത്തി 7:19-23; 2 പത്രൊസ് 3:5, 6.
13. നോഹ ഏതു നീതിന്യായ തീർപ്പിൽ തികഞ്ഞ ഉറപ്പു പ്രകടമാക്കി, ഇതിനോടുള്ള യോജിപ്പിൽ അവൻ എങ്ങനെ പ്രവർത്തിച്ചു?
13 ദൈവം പ്രളയത്തിന്റെ കൃത്യ ദിവസവും മണിക്കൂറും സംബന്ധിച്ചു വർഷങ്ങൾക്കുമുമ്പുതന്നെ നോഹയ്ക്കു വിവരം നൽകിയില്ല. എന്നിരുന്നാലും, നോഹയ്ക്കു 480 വയസ്സായപ്പോൾ, യഹോവ കൽപ്പിച്ചു: “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂററിരുപതു സംവത്സരമാകും.” (ഉല്പത്തി 6:3) നീതിന്യായപരമായ ഈ ദിവ്യ തീർപ്പിൽ നോഹ തികഞ്ഞ ഉറപ്പു പ്രകടമാക്കി. നോഹയ്ക്കു 500 വയസ്സായ ശേഷം അവൻ “ശേമിനെയും ഹാമിനെയും യാഫെത്തിനെയും” ജനിപ്പിച്ചു. അന്നത്തെ ആചാരമനുസരിച്ചു പുത്രന്മാരുടെ വിവാഹം 50-60 വയസ്സു കഴിഞ്ഞാണു നടന്നിരുന്നത്. ജലപ്രളയത്തെ അതിജീവിക്കുന്നതിനു പെട്ടകം പണിയാൻ നോഹയോടു കൽപ്പിച്ചപ്പോൾ, ഈ പുത്രന്മാരും അവരുടെ ഭാര്യമാരും വ്യക്തമായും ആ ഉദ്യമത്തിൽ അവനെ സഹായിച്ചു. പെട്ടകനിർമാണവും “നീതിപ്രസംഗി”യായുള്ള അവന്റെ സേവനവും ഒരുമിച്ചു നടത്തിയിരിക്കാനാണു സാധ്യത. അങ്ങനെ ജലപ്രളയത്തിനുമുമ്പുള്ള 40-ഓ 50-ഓ വർഷം അവനു തിരക്കുപിടിച്ച വേലയായിരുന്നു. (ഉല്പത്തി 5:32; 6:13-22) ആ വർഷങ്ങളിലെല്ലാം, അവനും കുടുംബവും വിശ്വാസത്തോടെ പ്രവർത്തിച്ചു. നാം സുവാർത്ത പ്രസംഗിക്കുകയും യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുകയും ചെയ്യവെ, നമുക്കും വിശ്വാസം പ്രകടമാക്കാം.—എബ്രായർ 11:7.
14. യഹോവ അവസാനം നോഹയോട് എന്തു പറഞ്ഞു, എന്തുകൊണ്ട്?
14 പെട്ടകത്തിന്റെ പണി പൂർത്തിയാകാറായപ്പോൾ, ജലപ്രളയം എപ്പോൾ സംഭവിക്കുമെന്നു കൃത്യമായി അറിയില്ലെങ്കിലും അത് ആസന്നമായിരിക്കുന്നുവെന്നു നോഹ വിചാരിച്ചിട്ടുണ്ടാകാം. എന്നാൽ അവസാനം യഹോവ അവനോടു പറയുകതന്നെ ചെയ്തു: “ഇനി ഏഴു ദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും.” (ഉല്പത്തി 7:4) അതു മുഖാന്തരം പ്രളയം ആരംഭിക്കുന്നതിനുമുമ്പായി എല്ലാവിധ മൃഗങ്ങളെയുംകൊണ്ടു പെട്ടകത്തിൽ പ്രവേശിക്കുന്നതിനു നോഹയ്ക്കും കുടുംബത്തിനും മതിയായ സമയം കിട്ടി. എന്നാൽ ഈ വ്യവസ്ഥിതിയുടെ നാശം തുടങ്ങുന്നതിനുള്ള ദിവസമോ മണിക്കൂറോ നാം അറിയേണ്ടതില്ല; കാരണം മൃഗങ്ങളുടെ അതിജീവനം നമ്മെ ഏൽപ്പിച്ചിട്ടില്ല. തന്നെയുമല്ല അതിജീവിക്കാൻ സാധ്യതയുള്ള മനുഷ്യർ ഇതിനോടകംതന്നെ പ്രതീകാത്മക പെട്ടകത്തിൽ, ദൈവജനത്തിന്റെ ആത്മീയ പറുദീസയിൽ, പ്രവേശിച്ചുകൊണ്ടിരിക്കുന്നു.
‘ഉണർന്നിരിപ്പിൻ’
15. (എ) മത്തായി 24:40-44-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ നിങ്ങൾ സ്വന്തം വാക്കുകളിൽ എങ്ങനെ വിശദീകരിക്കും? (ബി) ദൈവത്തിന്റെ പ്രതികാരം നിർവഹിക്കാൻ യേശു വരുന്നത് എപ്പോഴെന്നു കൃത്യമായി അറിയാനാവാത്തതുകൊണ്ട് എന്തു ഫലമാണുള്ളത്?
15 തന്റെ സാന്നിധ്യത്തെക്കുറിച്ച് യേശു വിശദമാക്കി: “അന്നു രണ്ടുപേർ വയലിൽ ഇരിക്കും [ജോലിചെയ്യുകയായിരിക്കും]; ഒരുത്തനെ കൈക്കൊള്ളും, മററവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒരു തിരിക്കല്ലിൽ [ധാന്യം] പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മററവളെ ഉപേക്ഷിക്കും. നിങ്ങളുടെ കർത്താവു ഏതു ദിവസത്തിൽ വരുന്നു എന്നു നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ. കള്ളൻ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്റെ വീടു തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്നു അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ നിനെക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിൻ.” (മത്തായി 24:40-44; ലൂക്കൊസ് 17:34, 35) ദൈവത്തിന്റെ പ്രതികാരം നിർവഹിക്കാൻ യേശു വരുന്നത് എപ്പോഴെന്നു കൃത്യമായി അറിയാത്തതു നമ്മെ ജാഗരൂകരായി നിലകൊള്ളാൻ പ്രേരിപ്പിക്കുകയും നാം യഹോവയെ സേവിക്കുന്നതിൽ സ്വാർഥമായ ആന്തരങ്ങളില്ലെന്നു തെളിയിക്കാൻ നമുക്ക് അനുദിനം അവസരം നൽകുകയും ചെയ്യുന്നു.
16. “ഉപേക്ഷിക്ക”പ്പെടുന്ന വ്യക്തികൾക്കും “കൈക്കൊള്ള”പ്പെടുന്നവർക്കും എന്തു സംഭവിക്കും?
16 ദുഷ്ടന്മാരോടൊപ്പം നാശത്തിനായി “ഉപേക്ഷിക്ക”പ്പെടുന്നവരിൽ ഒരിക്കൽ സത്യത്തിലായിരുന്നിട്ടു സ്വാർഥജീവിതരീതിയിൽ മുങ്ങിപ്പോയവരും ഉൾപ്പെടും. “കൈക്കൊള്ള”പ്പെടുന്നവരുടെ കൂട്ടത്തിൽ, യഹോവയ്ക്കു പൂർണമായി അർപ്പിച്ചിരിക്കുന്നവരും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെയുള്ള അവന്റെ ആത്മീയ കരുതലുകളോടു യഥാർഥത്തിൽ നന്ദിയുള്ളവരുമായവരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടായിരിക്കട്ടെ. (മത്തായി 24:45-47, NW) “ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിർവ്യാജ വിശ്വാസം എന്നിവയാൽ ഉളവാകുന്ന സ്നേഹ”ത്തോടെ അവസാനത്തോളം നമുക്കു ദൈവത്തെ സേവിക്കാം.—1 തിമൊഥെയൊസ് 1:5.
വിശുദ്ധ പ്രവൃത്തികൾ അത്യന്താപേക്ഷിതം
17. (എ) 2 പത്രൊസ് 3:10-ൽ എന്തു മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു? (ബി) 2 പത്രൊസ് 3:11, 12-ൽ പ്രോത്സാഹിപ്പിച്ചിരിക്കുന്ന ചില പ്രവൃത്തികൾ എന്തെല്ലാം?
17 പത്രൊസ് അപ്പോസ്തലൻ എഴുതി: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” (2 പത്രൊസ് 3:10) പ്രതീകാത്മക ആകാശവും ഭൂമിയും ദൈവത്തിന്റെ ജ്വലിക്കുന്ന കോപാഗ്നിയെ അതിജീവിക്കുകയില്ല. അതുകൊണ്ട് പത്രൊസ് തുടരുന്നു: “ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ . . . നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം!” (2 പത്രൊസ് 3:11, 12) ക്രിസ്തീയ യോഗങ്ങളിൽ മുടങ്ങാതെ സംബന്ധിക്കുന്നതും മറ്റുള്ളവർക്കു നന്മ ചെയ്യുന്നതും സുവാർത്ത പ്രസംഗിക്കുന്നതിൽ സാരമായ പങ്കുണ്ടായിരിക്കുന്നതും ഈ പ്രവൃത്തികളിൽപ്പെടുന്നു.—മത്തായി 24:14; എബ്രായർ 10:24, 25; 13:16.
18. നമുക്കു ലോകത്തോടു സ്നേഹം വളർന്നുവരുന്നുണ്ടെങ്കിൽ നാം എന്തു ചെയ്യണം?
18 “വിശുദ്ധജീവന”വും “ഭക്തി”യും സാധ്യമാകണമെങ്കിൽ നാം ‘ലോകത്താലുള്ള കളങ്കം പററാതവണ്ണം നമ്മെത്തന്നെ കാത്തുകൊള്ള’ണം. (യാക്കോബ് 1:27) നമുക്ക് ഈ ലോകത്തോടു സ്നേഹം വളർന്നുവരുന്നെങ്കിലോ? ഒരുപക്ഷേ അശുദ്ധമായ വിനോദങ്ങൾ തേടിക്കൊണ്ടോ ഈ ലോകത്തിന്റെ അഭക്ത ആത്മാവിനെ ഉന്നമിപ്പിക്കുന്ന സംഗീതമോ പാട്ടുകളോ ശ്രവിച്ചുകൊണ്ടോ നാം ദൈവമുമ്പാകെ അപകടകരമായ ഒരു സ്ഥാനത്തേക്കു വശീകരിക്കപ്പെടുന്നുണ്ടാകാം. (2 കൊരിന്ത്യർ 6:14-18) സംഗതി അതാണെങ്കിൽ, ലോകത്തോടൊപ്പം ഒഴിഞ്ഞുപോകാതെ മനുഷ്യപുത്രന്റെ മുമ്പാകെ അംഗീകൃത നിലയുണ്ടായിരിക്കുന്നതിനു നമുക്കു പ്രാർഥനയിലൂടെ ദൈവത്തിന്റെ സഹായം തേടാം. (ലൂക്കൊസ് 21:34-36; 1 യോഹന്നാൻ 2:15-17) നാം ദൈവത്തിനു സമർപ്പണം നടത്തിയിട്ടുണ്ടെങ്കിൽ, അവനുമായി ഒരു ഊഷ്മള ബന്ധം സ്ഥാപിച്ച് അതു നിലനിർത്തുന്നതിന് ആവതു ചെയ്യാനും അങ്ങനെ യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തിനായി ഒരുങ്ങിയിരിക്കാനും നാം തീർച്ചയായും ആഗ്രഹിക്കും.
19. രാജ്യപ്രഘോഷക വൃന്ദത്തിന് ഈ ദുഷ്ട വ്യവസ്ഥിതിയുടെ സമാപനത്തെ അതിജീവിക്കാൻ പ്രതീക്ഷിക്കാവുന്നതെന്തുകൊണ്ട്?
19 പുരാതന ലോകത്തെ നശിപ്പിച്ച പ്രളയത്തെ ദൈവഭക്തിയുണ്ടായിരുന്ന നോഹയും കുടുംബവും അതിജീവിച്ചു. നീതിനിഷ്ഠർ പൊ.യു. 70-ലെ യഹൂദ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിച്ചു. ഉദാഹരണത്തിന്, യോഹന്നാൻ അപ്പോസ്തലൻ. വെളിപ്പാടു പുസ്തകവും തന്റെ സുവിശേഷവിവരണവും മൂന്നു നിശ്വസ്ത ലേഖനങ്ങളും എഴുതിയ പൊ.യു. ഏതാണ്ട് 96-98 കാലയളവിലും അവൻ ദൈവസേവനത്തിൽ ഊർജസ്വലനായിരുന്നു. പൊ.യു. 33-ലെ പെന്തക്കൊസ്തിൽ സത്യവിശ്വാസം സ്വീകരിച്ച ആയിരങ്ങളിൽ, അനേകരും യഹൂദ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിച്ചിരിക്കാൻ സാധ്യതയുണ്ട്. (പ്രവൃത്തികൾ 1:15; 2:41, 47; 4:4) ഇന്നത്തെ രാജ്യപ്രഘോഷക വൃന്ദത്തിന് ഈ ദുഷ്ട വ്യവസ്ഥിതിയുടെ സമാപനത്തെ അതിജീവിക്കാൻ പ്രതീക്ഷിക്കാവുന്നതാണ്.
20. നാം തീക്ഷ്ണതയുള്ള ‘നീതിപ്രസംഗകരാ’യിരിക്കേണ്ടത് എന്തുകൊണ്ട്?
20 നമുക്കു മുന്നിലുള്ള പുതിയ ലോകത്തിലേക്കു നാം അതിജീവിക്കാനിരിക്കുന്നതിനാൽ, നമുക്കു തീക്ഷ്ണതയുള്ള ‘നീതിപ്രസംഗകരാ’കാം. ഈ അവസാന നാളുകളിൽ ദൈവത്തെ സേവിക്കുന്നത് എന്തൊരു പദവിയാണ്! ദൈവജനം ആസ്വദിക്കുന്ന ആത്മീയ പറുദീസയായ ഇന്നത്തെ “പെട്ടക”ത്തിലേക്ക് ആളുകളെ നയിക്കുന്നത് എന്തൊരു സന്തോഷമാണ്! ഇപ്പോൾ അതിലുള്ള ലക്ഷക്കണക്കിനാളുകൾ വിശ്വസ്തരും ആത്മീയമായി ഉണർവുള്ളവരും യഹോവയുടെ മഹാദിവസത്തിനായി ഒരുങ്ങിയിരിക്കുന്നവരുമായി നിലകൊള്ളുമാറാകട്ടെ. എന്നാൽ ഉണർവുള്ളവരായിരിക്കാൻ നമ്മെയെല്ലാം എന്തു സഹായിക്കും?
[അടിക്കുറിപ്പുകൾ]
a വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 10, 11 എന്നീ അധ്യായങ്ങൾ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യഹോവയുടെ ദിവസവും ക്രിസ്തുവിന്റെ സാന്നിധ്യവും സംബന്ധിച്ചു ചിലർക്ക് എന്തു പ്രതീക്ഷകൾ ഉണ്ടായിരുന്നു?
◻ നോഹയും കുടുംബവും പ്രളയത്തിനായി ഒരുങ്ങിയിരുന്നുവെന്നു നമുക്കു പറയാനാവുന്നത് എന്തുകൊണ്ട്?
◻ “ഉണർന്നിരിക്കു”ന്നവർക്കും അല്ലാത്തവർക്കും എന്തു സംഭവിക്കും?
◻ വിശുദ്ധ പ്രവൃത്തികൾ, വിശേഷിച്ചും യഹോവയുടെ മഹാദിവസത്തോടു നാം അടുത്തുവരുന്തോറും, അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?