വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w00 11/15 പേ. 21-23
  • ദൈവത്തെ മനസ്സോടെ സേവിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദൈവത്തെ മനസ്സോടെ സേവിക്കുക
  • 2000 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അവർ സേവിക്കാനേ തയ്യാറല്ല
  • മനസ്സോടെയുള്ള സേവനം അനിവാര്യം
  • മനസ്സില്ലാമനസ്സോടെയുള്ള സേവനത്തിന്റെ കാര്യമോ?
  • ദൈവേഷ്ടം ചെയ്യാൻ സന്തോഷമുള്ളവർ
  • ‘ആത്മാവു ഒരുക്കമുള്ളത്‌, ജഡമോ ബലഹീനം’
  • നിങ്ങൾ യേശുവിന്റെ സ്‌നേഹത്തോടു പ്രതികരിക്കുമോ?
    വീക്ഷാഗോപുരം—1992
  • നിത്യജീവനുവേണ്ടി നിങ്ങൾ എത്രത്തോളം ത്യാഗം ചെയ്യും?
    2008 വീക്ഷാഗോപുരം
  • ‘സൗജന്യമായി നിങ്ങൾക്കു ലഭിച്ചു, സൗജന്യമായി കൊടുപ്പിൻ’
    2003 വീക്ഷാഗോപുരം
  • യേശുക്രിസ്‌തു—ദൈവത്താൽ അയയ്‌ക്കപ്പെട്ടവനോ?
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
കൂടുതൽ കാണുക
2000 വീക്ഷാഗോപുരം
w00 11/15 പേ. 21-23

ദൈവത്തെ മനസ്സോടെ സേവിക്കുക

“ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവന്നു വേണ്ടി ചെലവിടുകയും ചെലവായ്‌പോകയും ചെയ്യും,” പൗലൊസ്‌ അപ്പൊസ്‌തലൻ എഴുതി. (2 കൊരിന്ത്യർ 12:15) യഹോവയുടെ ദാസന്മാർ വളർത്തിയെടുക്കാൻ ശ്രമിക്കേണ്ട വീക്ഷണത്തെയും മനോഭാവത്തെയും കുറിച്ച്‌ ഈ വാക്കുകൾ നമ്മോട്‌ എന്താണു പറയുന്നത്‌? ഒരു ബൈബിൾ പണ്ഡിതന്റെ അഭിപ്രായത്തിൽ, പൗലൊസ്‌ കൊരിന്തിലെ ക്രിസ്‌ത്യാനികൾക്ക്‌ ആ വാക്കുകൾ എഴുതിയപ്പോൾ, അവൻ ഇങ്ങനെ പറയുകയായിരുന്നു: “ഒരു പിതാവ്‌ തന്റെ മക്കൾക്കുവേണ്ടി സന്തോഷത്തോടെ ചെയ്യുന്നതുപോലെ, എന്റെ ശക്തിയും സമയവും ജീവനും എനിക്കുള്ള സകലതും നിങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കാൻ ഞാൻ മനസ്സൊരുക്കമുള്ളവനാണ്‌.” തന്റെ ക്രിസ്‌തീയ ശുശ്രൂഷ നിവർത്തിക്കുന്നതിന്‌, ആവശ്യമായി വരുന്ന പക്ഷം ‘പൂർണമായി (NW) ചെലവായ്‌പോകാൻ’ അഥവാ, “പൂർണമായി ഉപയോഗിക്കപ്പെടാനും എരിഞ്ഞുതീരാനും” പൗലൊസ്‌ ഒരുക്കമായിരുന്നു.

തന്നെയുമല്ല, “അതിസന്തോഷത്തോടെ”യാണ്‌ പൗലൊസ്‌ ഇതെല്ലാം ചെയ്‌തത്‌. അപ്രകാരം ചെയ്യാൻ അവൻ “പൂർണ മനസ്സുള്ളവൻ” ആയിരുന്നു എന്ന്‌ യെരുശലേം ബൈബിൾ പറയുന്നു. നിങ്ങളെ സംബന്ധിച്ചോ? യഹോവയാം ദൈവത്തെയും മറ്റുള്ളവരെയും സേവിക്കാനായി നിങ്ങളുടെ സമയവും ഊർജവും പ്രാപ്‌തികളും സമ്പത്തും ചെലവിടാൻ നിങ്ങൾ സന്നദ്ധനാണോ, അപ്രകാരം ചെയ്യുന്നത്‌ ചിലപ്പൊഴൊക്കെ “പൂർണമായി ഉപയോഗിക്കപ്പെടാനും എരിഞ്ഞുതീരാനും” ഇടയാക്കുന്നുവെങ്കിൽ പോലും? മാത്രവുമല്ല, നിങ്ങൾ അത്‌ “അതിസന്തോഷത്തോടെ” ചെയ്യുമോ?

അവർ സേവിക്കാനേ തയ്യാറല്ല

ഇന്നു മിക്കവരും ദൈവത്തെ സേവിക്കാൻ കേവലം വൈമുഖ്യം കാട്ടുന്നവരല്ല, മറിച്ച്‌ അവർ അവനെ സേവിക്കാനേ തയ്യാറല്ല. കൃതഘ്‌നതയുടേതും സ്വാർഥപരമായ സ്വാതന്ത്ര്യത്തിന്റേതും മത്സരത്തിന്റേതുമായ ഒരു മനോഭാവമാണ്‌ അവർക്കുള്ളത്‌. സാത്താൻ ആദാമിനെയും ഹവ്വായെയും പ്രലോഭിപ്പിച്ചത്‌ അത്തരം ഒരു ചിന്താഗതിയിലേക്കാണ്‌. അവർ “നന്മതിന്മകളെ അറിയുന്നവരായി,” അതായത്‌ ശരി എന്തെന്നും തെറ്റ്‌ എന്തെന്നും സ്വയം തീരുമാനിക്കാൻ കഴിയുന്നവരായി, ‘ദൈവത്തെപ്പോലെ ആയിത്തീരുമെന്ന്‌’ സാത്താൻ അവരെ തെറ്റിധരിപ്പിച്ചു. (ഉല്‌പത്തി 3:1-5) ഇന്ന്‌ അതേ മനോഭാവമുള്ളവർ, ദൈവത്തോട്‌ കണക്കു ബോധിപ്പിക്കേണ്ടതില്ലാതെ, അല്ലെങ്കിൽ അവന്റെ ഭാഗത്തുനിന്നു യാതൊരു ഇടപെടലും കൂടാതെ, തങ്ങൾക്കു ബോധിച്ച എന്തും ചെയ്യാനുള്ള സമ്പൂർണ സ്വാതന്ത്ര്യം വേണമെന്ന്‌ ഇച്ഛിക്കുന്നു. (സങ്കീർത്തനം 81:11, 12) തങ്ങൾക്കുള്ള സകലതും സ്വന്തം താത്‌പര്യങ്ങൾക്കായി ഉപയോഗിക്കാനാണ്‌ അവർ ആഗ്രഹിക്കുന്നത്‌.​—⁠സദൃശവാക്യങ്ങൾ 18:⁠1.

നിങ്ങൾക്ക്‌ ഒരുപക്ഷേ ഈ അതിരുകവിഞ്ഞ വീക്ഷണം ഇല്ലായിരിക്കാം. ഇപ്പോഴുള്ള ജീവൻ എന്ന ദാനത്തെയും പറുദീസ ഭൂമിയിൽ എന്നേക്കും ജീവിക്കുകയെന്ന വിസ്‌മയാവഹമായ പ്രതീക്ഷയെയും നിങ്ങൾ യഥാർഥമായി വിലമതിക്കുന്നുണ്ടാകാം. (സങ്കീർത്തനം 37:10, 11; വെളിപ്പാടു 21:1-5എ) യഹോവ നിങ്ങളോടു ദയ കാണിച്ചിരിക്കുന്നതിൽ നിങ്ങൾ അത്യന്തം കൃതജ്ഞയുള്ളവർ ആയിരിക്കാം. എന്നിരുന്നാലും നാം എല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ട്‌. കാരണം, നമ്മുടെ സേവനം ദൈവത്തിന്‌ അസ്വീകാര്യമായിത്തീരത്തക്കവിധം നമ്മുടെ ചിന്തയെ വഴിതെറ്റിക്കാൻ സാത്താനു കഴിയും. (2 കൊരിന്ത്യർ 11:⁠3) അത്‌ എങ്ങനെ സംഭവിച്ചേക്കാം?

മനസ്സോടെയുള്ള സേവനം അനിവാര്യം

മനസ്സോടെ, മുഴുഹൃദയത്തോടെ ഉള്ള സേവനമാണ്‌ യഹോവ ആവശ്യപ്പെടുന്നത്‌. അവൻ ഒരിക്കലും തന്റെ ഇഷ്ടം ചെയ്യാൻ ആരെയും നിർബന്ധിക്കുന്നില്ല. സാത്താനാണ്‌ തന്റെ ഇഷ്ടം ചെയ്യിക്കാനായി ഏതു മാർഗവും ഉപയോഗിച്ച്‌ ആളുകളുടെമേൽ സമ്മർദം ചെലുത്തുകയോ അവരെ വശീകരിക്കുകയോ ചെയ്യുന്നത്‌. ദൈവത്തെ സേവിക്കുന്ന കാര്യത്തിൽ ബൈബിൾ, കടമകളെയും കൽപ്പനകളെയും നിബന്ധനകളെയും കുറിച്ചൊക്കെ സംസാരിക്കുകതന്നെ ചെയ്യുന്നു. (സഭാപ്രസംഗി 12:13; ലൂക്കൊസ്‌ 1:⁠6) എന്നിരുന്നാലും, ദൈവത്തെ സേവിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന മുഖ്യഘടകം അവനോടുള്ള നമ്മുടെ സ്‌നേഹമാണ്‌.​—⁠പുറപ്പാടു 35:21; ആവർത്തനപുസ്‌തകം 11:⁠1.

ദൈവസേവനത്തിൽ താൻ എന്തുതന്നെ ചെയ്‌താലും, “സ്‌നേഹം ഇല്ല എങ്കിൽ” അതുകൊണ്ട്‌ യാതൊരു പ്രയോജനവുമില്ലെന്ന്‌ പൗലൊസിന്‌ അറിയാമായിരുന്നു. (1 കൊരിന്ത്യർ 13:1-3) ബൈബിൾ എഴുത്തുകാർ ക്രിസ്‌ത്യാനികളെ ദൈവത്തിന്റെ അടിമകൾ എന്നു പരാമർശിക്കുമ്പോൾ, ബലപ്രയോഗത്തിലൂടെയുള്ള നീചമായ ദാസ്യവൃത്തിയെയല്ല അർഥമാക്കുന്നത്‌. (റോമർ 12:11; കൊലൊസ്സ്യർ 3:​24; NW) മറിച്ച്‌ ദൈവത്തോടും അവന്റെ പുത്രനായ യേശുക്രിസ്‌തുവിനോടുമുള്ള അഗാധവും ഹൃദയംഗമവുമായ സ്‌നേഹത്തിൽ അധിഷ്‌ഠിതമായ മനസ്സോടെയുള്ള കീഴ്‌പ്പെടലാണ്‌ അതിൽ ഉൾപ്പെട്ടിരിക്കുന്നത്‌.​—⁠മത്തായി 22:37; 2 കൊരിന്ത്യർ 5:14; 1 യോഹന്നാൻ 4:10, 11.

നമ്മുടെ ദൈവസേവനം മറ്റു മനുഷ്യരോടുള്ള ആഴമായ സ്‌നേഹത്തിന്റെ ഒരു പ്രകടനം കൂടെ ആയിരിക്കണം. “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു” എന്ന്‌ പൗലൊസ്‌ തെസ്സലൊനീക്യയിലെ സഭയ്‌ക്ക്‌ എഴുതി. (1 തെസ്സലൊനീക്യർ 2:⁠7) ഇന്ന്‌ അനേകം രാജ്യങ്ങളിൽ അമ്മമാർക്ക്‌ തങ്ങളുടെ മക്കളെ പരിപാലിക്കാനുള്ള നിയമപരമായ ഒരു കടപ്പാട്‌ ഉണ്ട്‌. എന്നാൽ കേവലം നിയമം അനുസരിക്കാൻ വേണ്ടിയല്ല മിക്ക അമ്മമാരും അതു ചെയ്യുന്നത്‌, ആണോ? അല്ല. അവർ തങ്ങളുടെ കുട്ടികളെ അതിയായി സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ അതു ചെയ്യുന്നത്‌. മുലയൂട്ടുന്ന ഒരു അമ്മ തന്റെ കുഞ്ഞുങ്ങൾക്കായി സസന്തോഷം എത്ര വലിയ ത്യാഗങ്ങൾ ചെയ്യുന്നു! താൻ ശുശ്രൂഷിച്ചവരോട്‌ പൗലൊസിന്‌ സമാനമായ ഒരു ‘ആർദ്രപ്രിയം’ ഉണ്ടായിരുന്നതിനാൽ, അവരെ സഹായിക്കാനായി സ്വജീവൻ പോലും അർപ്പിക്കാൻ അവൻ “ഒരുക്കമായിരുന്നു” (“വളരെ സന്തോഷമുള്ളവനായിരുന്നു,” NW; അവന്‌ “ഇഷ്ടം തോന്നി,” ന്യൂ ഇന്ത്യാ ബൈബിൾ). (1 തെസ്സലൊനീക്യർ 2:⁠8) പൗലൊസിന്റെ മാതൃക അനുകരിക്കാൻ സ്‌നേഹം നമ്മെ പ്രേരിപ്പിക്കുന്നു.

മനസ്സില്ലാമനസ്സോടെയുള്ള സേവനത്തിന്റെ കാര്യമോ?

തീർച്ചയായും, സ്വസ്‌നേഹം ദൈവത്തോടും മനുഷ്യരോടുമുള്ള നമ്മുടെ സ്‌നേഹത്തെ കവിഞ്ഞുപോകാൻ നാം അനുവദിക്കരുത്‌. അല്ലാത്തപക്ഷം നമ്മുടെ സേവനം അർധഹൃദയത്തോടെയോ മനസ്സില്ലാമനസ്സോടെയോ ഉള്ളത്‌ ആയിത്തീരാൻ വളരെ സാധ്യതയുണ്ട്‌. പൂർണമായും സ്വന്ത ഇഷ്ടപ്രകാരം പൂർണമായി ജീവിക്കാൻ കഴിയാത്തതിൽ നമുക്കു നീരസമോ നിരാശയോ തോന്നിത്തുടങ്ങുക പോലും ചെയ്‌തേക്കാം. ദൈവത്തോടുള്ള സ്‌നേഹം നഷ്ടപ്പെട്ടിട്ടും കർത്തവ്യബോധം നിമിത്തം അവനെ കുറെയൊക്കെ സേവിച്ചുകൊണ്ടിരുന്ന ചില ഇസ്രായേല്യർക്ക്‌ അതു സംഭവിച്ചു. അതിന്റെ ഫലം എന്തായിരുന്നു? ദൈവത്തെ സേവിക്കുന്നത്‌ അവർക്ക്‌ “മടുപ്പ്‌” ആയി തോന്നി.​—⁠മലാഖി 1:⁠13, ഓശാന ബൈ.

ദൈവത്തിനുള്ള ഏതൊരു വഴിപാടും എല്ലായ്‌പോഴും “പ്രഥമഫല”വും​—⁠അതായത്‌ ഉള്ളതിൽ ഏറ്റവും മെച്ചമായത്‌​—⁠‘ഊനമില്ലാത്ത’തും ആയിരിക്കണമായിരുന്നു. (ലേവ്യപുസ്‌തകം 22:17-20; പുറപ്പാടു 23:19) എന്നാൽ മലാഖിയുടെ നാളിലെ ആളുകൾ തങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട ആടുമാടുകളെ യഹോവയ്‌ക്കു നൽകുന്നതിനു പകരം അവർക്കു പോലും വേണ്ടാത്തതിനെ വഴിപാട്‌ അർപ്പിക്കാൻ തുടങ്ങി. യഹോവയുടെ പ്രതികരണം എന്തായിരുന്നു? പുരോഹിതന്മാരോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാൻ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങൾ മുടന്തും ദീനവുമുള്ളതിനെ അർപ്പിച്ചാൽ അതും ദോഷമല്ല [എന്നു പറയുന്നു]; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്‌ച വെക്കുക; അവൻ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? . . . എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്‌ചവെക്കുന്നു . . . അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ”?​—⁠മലാഖി 1:8, 13.

ഇത്‌ ഒരുപക്ഷേ നമുക്കു സംഭവിച്ചേക്കാവുന്നത്‌ എങ്ങനെ? നല്ല മനസ്സൊരുക്കമുള്ള ഒരു ഹൃദയം ഇല്ലെങ്കിൽ നമ്മുടെ ത്യാഗങ്ങളും “മടുപ്പ്‌” ആയിത്തീർന്നേക്കാം. (പുറപ്പാടു 35:5, 21, 22; ലേവ്യപുസ്‌തകം 1:3; സങ്കീർത്തനം 54:6; എബ്രായർ 13:15, 16) ദൃഷ്ടാന്തത്തിന്‌, നമുക്കു മിച്ചംവരുന്ന സമയമാണോ നാം യഹോവയ്‌ക്കു കൊടുക്കുന്നത്‌?

ഒരു കുടുംബാംഗത്തിന്റെയോ തീക്ഷ്‌ണതയുള്ള ഒരു ലേവ്യന്റെയോ നിർബന്ധഫലമായി ഒരു ഇസ്രായേല്യൻ മനസ്സില്ലാമനസ്സോടെ തന്റെ ഏറ്റവും നല്ല മൃഗത്തെ യാഗം അർപ്പിക്കുന്നപക്ഷം ദൈവം അതു സ്വീകരിക്കുമായിരുന്നെന്ന്‌ ആത്മാർഥമായി വിശ്വസിക്കാൻ ആർക്കെങ്കിലും സാധിക്കുമോ? (യെശയ്യാവു 29:13; മത്തായി 15:7, 8) ദൈവം അത്തരം യാഗങ്ങളെയും കാലാന്തരത്തിൽ, അവ അർപ്പിച്ചവരെയും തള്ളിക്കളഞ്ഞു.​—⁠ഹോശേയ 4:6; മത്തായി 21:⁠43.

ദൈവേഷ്ടം ചെയ്യാൻ സന്തോഷമുള്ളവർ

നമ്മുടെ സേവനം ദൈവത്തിനു സ്വീകാര്യം ആയിരിക്കണമെങ്കിൽ നാം യേശുക്രിസ്‌തുവിന്റെ മാതൃക പിൻപറ്റണം. “ഞാൻ എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ ഇച്ഛിക്കുന്നതു,” അവൻ പറഞ്ഞു. (യോഹന്നാൻ 5:30) ദൈവത്തെ മനസ്സോടെ സേവിക്കുന്നതിൽ യേശു വലിയ സന്തോഷം കണ്ടെത്തി. യേശു ദാവീദിന്റെ പിൻവരുന്ന പ്രാവചനിക വാക്കുകൾ നിവർത്തിച്ചു: “എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു.”​—⁠സങ്കീർത്തനം 40:⁠8.

യേശു യഹോവയുടെ ഇഷ്ടം ചെയ്യാൻ പ്രിയപ്പെട്ടിരുന്നുവെങ്കിലും അത്‌ എല്ലായ്‌പോഴും എളുപ്പമായിരുന്നില്ല. അവന്റെ അറസ്റ്റിനും വിചാരണയ്‌ക്കും വധനിർവഹണത്തിനും തൊട്ടു മുമ്പ്‌ എന്തു സംഭവിച്ചുവെന്നു ചിന്തിക്കുക. ഗെത്ത്‌ശെമന തോട്ടത്തിൽ ആയിരിക്കെ യേശുവിന്റെ “ഉള്ളം മരണവേദനപോലെ അതിദുഃഖിതമായി”ത്തീർന്നു. പ്രാർഥിക്കവെ “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി”ത്തീരത്തക്കവിധം അത്ര തീവ്രമായിരുന്നു അവൻ അനുഭവിച്ച വൈകാരിക സമ്മർദം.​—⁠മത്തായി 26:38; ലൂക്കൊസ്‌ 22:⁠44.

യേശുവിന്‌ അത്ര ശക്തമായ മനോവേദന അനുഭവപ്പെട്ടത്‌ എന്തുകൊണ്ടാണ്‌? തീർച്ചയായും, സ്വാർഥ താത്‌പര്യങ്ങളാലോ ദൈവേഷ്ടം ചെയ്യാനുള്ള മടി നിമിത്തമോ ആയിരുന്നില്ല അത്‌. അവൻ മരിക്കാൻ ഒരുക്കമായിരുന്നു. “കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ” എന്നു പറഞ്ഞ പത്രൊസിനെ അവൻ ശാസിക്കുകയാണുണ്ടായത്‌. (മത്തായി 16:21-23) ശപിക്കപ്പെട്ട ഒരു കുറ്റവാളിയെ പോലെയുള്ള തന്റെ മരണം യഹോവയെയും അവന്റെ വിശുദ്ധ നാമത്തെയും എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചായിരുന്നു യേശു ആകുലപ്പെട്ടത്‌. തന്റെ പ്രിയ പുത്രനോട്‌ ആളുകൾ കിരാതമായി പെരുമാറുന്നത്‌ തന്റെ പിതാവിനെ അങ്ങേയറ്റം വേദനിപ്പിക്കുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു.

യഹോവയുടെ ഉദ്ദേശ്യനിവൃത്തിയിലെ ഒരു നിർണായക ഘട്ടത്തെ താൻ ഉടൻതന്നെ അഭിമുഖീകരിക്കാൻ പോകുകയാണെന്നും യേശു മനസ്സിലാക്കിയിരുന്നു. ദൈവനിയമങ്ങളോടുള്ള വിശ്വസ്‌തമായ അനുസരണം, ആദാമിനും അതേ സംഗതിതന്നെ ചെയ്യാൻ കഴിയുമായിരുന്നെന്ന്‌ സംശയാതീതമായി തെളിയിക്കുമായിരുന്നു. പരിശോധനയിൻ കീഴിൽ മനുഷ്യർ ദൈവത്തെ മനസ്സോടെയും വിശ്വസ്‌തമായും സേവിക്കില്ലെന്നുള്ള സാത്താന്റെ അവകാശവാദം പൂർണമായും തെറ്റാണെന്ന്‌ യേശുവിന്റെ വിശ്വസ്‌തത വെളിപ്പെടുത്തുമായിരുന്നു. യേശു മുഖാന്തരം യഹോവ ഒടുവിൽ സാത്താനെ നശിപ്പിക്കുകയും അവന്റെ മത്സരത്തിന്റെ ഫലങ്ങൾ ഇല്ലാതാക്കുകയും ചെയ്യുമായിരുന്നു.​—⁠ഉല്‌പത്തി 3:⁠15.

എത്ര ഭാരിച്ച ഒരു ഉത്തരവാദിത്വമാണ്‌ യേശുവിന്റെ ചുമലിൽ ഉണ്ടായിരുന്നത്‌! അവന്റെ പിതാവിന്റെ നാമം, അഖിലാണ്ഡ സമാധാനം, മനുഷ്യ കുടുംബത്തിന്റെ രക്ഷ എന്നിവയെല്ലാം യേശുവിന്റെ വിശ്വസ്‌തതയെ ആശ്രയിച്ചിരുന്നു. ഇതു മനസ്സിലാക്കിക്കൊണ്ട്‌ യേശു പ്രാർഥിച്ചു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ.” (മത്തായി 26:39) ഏറ്റവും കടുത്ത സമ്മർദത്തിൻ കീഴിലും, തന്റെ പിതാവിന്റെ ഇഷ്ടത്തിനു കീഴ്‌പ്പെടാനുള്ള മനസ്സൊരുക്കത്തിന്റെ കാര്യത്തിൽ യേശു ഒരിക്കലും ഇടറിയില്ല.

‘ആത്മാവു ഒരുക്കമുള്ളത്‌, ജഡമോ ബലഹീനം’

യഹോവയെ സേവിക്കവെ യേശുവിനു കടുത്ത വൈകാരിക സമ്മർദം ഉണ്ടായ സ്ഥിതിക്ക്‌, ദൈവദാസരായ നമ്മുടെമേലും സാത്താൻ സമ്മർദം ചെലുത്തുമെന്ന്‌ നമുക്കു ന്യായമായും പ്രതീക്ഷിക്കാനാകും. (യോഹന്നാൻ 15:20; 1 പത്രൊസ്‌ 5:⁠8) തന്നെയുമല്ല, നാം അപൂർണരുമാണ്‌. അതുകൊണ്ട്‌ നാം ദൈവത്തെ സേവിക്കുന്നത്‌ മനസ്സോടെ ആണെങ്കിലും, അത്‌ അത്ര എളുപ്പമായിരിക്കില്ല. താൻ ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്യാൻ അപ്പൊസ്‌തലന്മാർ എത്രമാത്രം പാടുപെട്ടെന്ന്‌ യേശു മനസ്സിലാക്കി. അതുകൊണ്ടാണ്‌ “ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” എന്ന്‌ അവൻ പറഞ്ഞത്‌. (മത്തായി 26:41) യേശുവിന്റെ പൂർണതയുള്ള മാനുഷ ശരീരത്തിൽ സ്വതഃസിദ്ധമായി ബലഹീനമായ യാതൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, തന്റെ ശിഷ്യന്മാരുടെ ജഡിക ബലഹീനതകൾ, അതായത്‌ അപൂർണനായ ആദാമിൽനിന്ന്‌ അവർക്കു പാരമ്പര്യമായി കിട്ടിയ അപൂർണത, ആണ്‌ അവന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌. പാരമ്പര്യമായി ലഭിച്ച അപൂർണതയും അതുമൂലമുള്ള മാനുഷ പരിമിതികളും നിമിത്തം, യഹോവയുടെ സേവനത്തിൽ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുന്നതിന്‌ അവർ കഠിനപോരാട്ടം നടത്തേണ്ടത്‌ ആവശ്യമാണെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു.

ദൈവത്തെ പൂർണമായി സേവിക്കാനുള്ള തന്റെ ആഗ്രഹത്തിന്‌ അപൂർണത ഒരു തടസ്സമായപ്പോൾ പൗലൊസ്‌ വളരെയധികം ദുഃഖിച്ചു. നമുക്കും അതേ വികാരം അനുഭവപ്പെട്ടേക്കാം. പൗലൊസ്‌ ഇങ്ങനെ എഴുതി: “നന്മ ചെയ്‌വാനുള്ള താല്‌പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ [“പ്രവർത്തിക്കാനുള്ള കഴിവോ,” NW] ഇല്ല.” (റോമർ 7:18) ആഗ്രഹിക്കുന്ന എല്ലാ നല്ല കാര്യങ്ങളും പൂർണമായി ചെയ്യാൻ സാധിക്കുന്നില്ലെന്നു നാമും കണ്ടെത്തിയേക്കാം. (റോമർ 7:19) അതിന്റെ കാരണം നമ്മുടെ ഭാഗത്തെ ഏതെങ്കിലും വൈമുഖ്യമല്ല, മറിച്ച്‌ എത്ര മെച്ചമായി ശ്രമിച്ചാലും ജഡിക ബലഹീനതകൾ ഒരു തടസ്സമായി വർത്തിക്കുന്നു എന്നതാണ്‌.

എങ്കിലും, നമുക്കു നിരാശപ്പെടാതിരിക്കാം. സാധ്യമായതെല്ലാം ചെയ്യാനുള്ള ഹൃദയംഗമമായ സന്നദ്ധത ഉണ്ടെങ്കിൽ, ദൈവം തീർച്ചയായും നമ്മുടെ സേവനം സ്വീകരിക്കും. (2 കൊരിന്ത്യർ 8:12) ക്രിസ്‌തു ദൈവേഷ്ടത്തിനു പൂർണമായി കീഴ്‌പ്പെട്ടു. അവന്റെ അതേ മനോഭാവത്തെ അനുകരിക്കാൻ നമുക്കു ‘നമ്മുടെ പരമാവധി ശ്രമിക്കാം.’ (2 തിമൊഥെയൊസ്‌ 2:​15, NW; ഫിലിപ്പിയർ 2:5-7; 1 പത്രൊസ്‌ 4:1, 2) അത്തരം സന്നദ്ധതയെ യഹോവ പിന്താങ്ങുമെന്നു മാത്രമല്ല അതിനു പ്രതിഫലമേകുകയും ചെയ്യും. നമ്മുടെ ബലഹീനത നികത്താനായി അവൻ നമുക്ക്‌ “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകും. (2 കൊരിന്ത്യർ 4:7-10, NW) പൗലൊസിനെപ്പോലെ നാമും യഹോവയുടെ സഹായത്താൽ അവന്റെ സേവനത്തിൽ ‘അതിസന്തോഷത്തോടെ സ്വയം ചെലവിടുകയും ചെലവായ്‌പോകയും ചെയ്യും.’

[21-ാം പേജിലെ ചിത്രം]

ദൈവത്തെ മനസ്സോടെ സേവിക്കാൻ പൗലൊസ്‌ കഴിവിന്റെ പരമാവധി ശ്രമിച്ചു

[23-ാം പേജിലെ ചിത്രം]

ഏറ്റവും കടുത്ത സമ്മർദത്തിൻ കീഴിലും യേശു തന്റെ പിതാവിന്റെ ഇഷ്ടം ചെയ്‌തു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക