പഠന ലേഖനം 29
“പോയി . . . ശിഷ്യരാക്കുക”
“ നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുക.”—മത്താ. 28:19.
ഗീതം 60 അവരുടെ ജീവൻ രക്ഷിക്കാൻ
പൂർവാവലോകനംa
1-2. (എ) മത്തായി 28:18-20-ൽ കാണുന്ന യേശുവിന്റെ കല്പന അനുസരിച്ച് ക്രിസ്തീയസഭയുടെ മുഖ്യ ഉത്തരവാദിത്വം എന്താണ്? (ബി) ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങൾ ചർച്ച ചെയ്യും?
അപ്പോസ്തലന്മാർ ഒരു മലഞ്ചെരിവിൽ കൂടിവന്നിരിക്കുകയാണ്. പുനരുത്ഥാനപ്പെട്ട യേശു എന്തിനാണു തങ്ങളോട് അവിടെ വരാൻ പറഞ്ഞതെന്ന് അറിയാൻ അവർക്ക് ആകാംക്ഷ കാണും. (മത്താ. 28:16) യേശു ‘500-ലധികം സഹോദരങ്ങളുടെ മുന്നിൽ പ്രത്യക്ഷനായത്’ ഈ അവസരത്തിലായിരിക്കാം. (1 കൊരി. 15:6) യേശു എന്തിനാണു ശിഷ്യന്മാരോട് അവിടെ കൂടിവരാൻ പറഞ്ഞത്? “പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുക” എന്ന ആവേശകരമായ നിയമനം അവരെ ഏൽപ്പിക്കാൻ.—മത്തായി 28:18-20 വായിക്കുക.
2 യേശുവിന്റെ ഈ വാക്കുകൾ കേട്ട ശിഷ്യന്മാർ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയുടെ ഭാഗമായി. ആ സഭയുടെ മുഖ്യ ഉത്തരവാദിത്വം കൂടുതൽ ക്രിസ്തുശിഷ്യരെ ഉളവാക്കുക എന്നതായിരുന്നു.b ഇന്ന്, ലോകമെമ്പാടും സത്യക്രിസ്ത്യാനികൾ പതിനായിരക്കണക്കിനു സഭകളിലായി കൂടിവരുന്നു. ഈ സഭകളുടെ മുഖ്യ ഉത്തരവാദിത്വവും ശിഷ്യരെ ഉളവാക്കുക എന്നതുതന്നെയാണ്. ഈ ലേഖനത്തിൽ പിൻവരുന്ന നാലു ചോദ്യങ്ങൾ ചർച്ച ചെയ്യും: ആളുകളെ ശിഷ്യരാക്കുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്? ശിഷ്യരാക്കുന്നതിൽ എല്ലാ ക്രിസ്ത്യാനികൾക്കും പങ്കുണ്ടോ? ഈ പ്രവർത്തനത്തിനു ക്ഷമ എന്ന ഗുണം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
ശിഷ്യരാക്കുന്നതു പ്രധാനമായിരിക്കുന്നതിന്റെ കാരണം
3. യോഹന്നാൻ 14:6-ഉം 17:3-ഉം പറയുന്നതനുസരിച്ച്, ആളുകളെ ശിഷ്യരാക്കുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്?
3 ആളുകളെ ശിഷ്യരാക്കുന്നത് ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം ക്രിസ്തുവിന്റെ ശിഷ്യന്മാർക്കു മാത്രമേ, ദൈവത്തിന്റെ സുഹൃത്തുക്കളാകാൻ കഴിയുകയുള്ളൂ. കൂടാതെ, ക്രിസ്തുവിനെ അനുസരിക്കുന്നവർക്ക് ഇപ്പോൾത്തന്നെ മെച്ചപ്പെട്ട ജീവിതം നയിക്കാൻ കഴിയും, അതുപോലെ ഭാവിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുമുണ്ട്. (യോഹന്നാൻ 14:6; 17:3 വായിക്കുക.) ശരിക്കും, ക്രിസ്തു നമുക്കു പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വമാണു തന്നിരിക്കുന്നത്. എന്നാൽ ഈ പ്രവർത്തനത്തിൽ നമ്മൾ തനിച്ചല്ല. അപ്പോസ്തലനായ പൗലോസ് തന്നെക്കുറിച്ചും കൂടെ പ്രവർത്തിക്കുന്നവരെക്കുറിച്ചും ഇങ്ങനെ എഴുതി: “ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാണ്.” (1 കൊരി. 3:9) അപൂർണമനുഷ്യർക്ക് യഹോവയും ക്രിസ്തുവും എത്ര വലിയ പദവിയാണു തന്നിരിക്കുന്നത്!
4. ഇവാന്റെയും മെറ്റിൽഡയുടെയും അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
4 ശിഷ്യരാക്കൽവേല നമുക്കു വലിയ സന്തോഷം തരും. കൊളംബിയയിലുള്ള സാക്ഷികളായ ഇവാന്റെയും ഭാര്യ മെറ്റിൽഡയുടെയും അനുഭവം നോക്കാം. അവർ ഡേവിയർ എന്ന ഒരു ചെറുപ്പക്കാരനോടു സാക്ഷീകരിച്ചു. “എനിക്കു ജീവിതത്തിൽ മാറ്റങ്ങൾ വരുത്തണമെന്നുണ്ട്, പക്ഷേ പറ്റുന്നില്ല” എന്നു ഡേവിയർ പറഞ്ഞു. ഡേവിയർ ബോക്സിങിൽ ഏർപ്പെട്ടിരുന്നു, മയക്കുമരുന്ന് ഉപയോഗിക്കുകയും അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു. കൂടാതെ എറിക്ക എന്ന കാമുകിയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവാൻ പറയുന്നു: “ഒറ്റപ്പെട്ട ഒരു ഗ്രാമത്തിലായിരുന്നു ഡേവിയർ താമസിച്ചിരുന്നത്. ചെളി നിറഞ്ഞ വഴികളിലൂടെ മണിക്കൂറുകളോളം സൈക്കിൾ ചവിട്ടി വേണമായിരുന്നു ഞങ്ങൾക്ക് അവിടെ എത്താൻ. ഡേവിയറിന്റെ സ്വഭാവത്തിലും മനോഭാവത്തിലും മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ എറിക്കയും ഞങ്ങളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി.” ക്രമേണ ഡേവിയർ മയക്കുമരുന്നും മദ്യപാനവും ബോക്സിങും ഉപേക്ഷിച്ചു. എറിക്കയെ വിവാഹം കഴിക്കുകയും ചെയ്തു. മെറ്റിൽഡ പറയുന്നു: “2016-ൽ ഡേവിയറും എറിക്കയും സ്നാനപ്പെട്ടപ്പോൾ ഡേവിയർ പലപ്പോഴും പറഞ്ഞിട്ടുള്ള വാക്കുകളാണു ഞങ്ങളുടെ ഓർമയിലേക്കു വന്നത്, ‘എനിക്കു മാറണമെന്നുണ്ട്, പക്ഷേ പറ്റുന്നില്ല.’ ഞങ്ങൾക്കു കണ്ണീരടക്കാൻ കഴിഞ്ഞില്ല.” ക്രിസ്തുവിന്റെ ശിഷ്യരാകാൻ ആളുകളെ സഹായിക്കുമ്പോൾ നമുക്ക് അതിയായ സന്തോഷം തോന്നും എന്നതിൽ സംശയമില്ല.
ശിഷ്യരാക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
5. ശിഷ്യരാക്കൽവേലയിലെ ആദ്യപടി എന്താണ്?
5 ശരിയായ ഹൃദയനിലയുള്ളവരെ ‘അന്വേഷിച്ച് കണ്ടുപിടിക്കുക’ എന്നതാണു ശിഷ്യരാക്കൽവേലയിലെ ആദ്യപടി. (മത്താ. 10:11) നമ്മുടെ പ്രദേശത്തുള്ള എല്ലാവരോടും സാക്ഷീകരിക്കുമ്പോൾ നമ്മൾ യഥാർഥത്തിൽ യഹോവയുടെ സാക്ഷികളാണെന്നു തെളിയിക്കുകയാണ്. അതുപോലെ പ്രസംഗിക്കാനുള്ള ക്രിസ്തുവിന്റെ കല്പന അനുസരിക്കുമ്പോൾ നമ്മൾ യഥാർഥക്രിസ്ത്യാനികളാണെന്നും തെളിയിക്കുകയാണ്.
6. ശുശ്രൂഷയിൽ വിജയിക്കാൻ നമ്മളെ എന്തു സഹായിക്കും?
6 നമ്മൾ കാണുന്ന ചില ആളുകൾ ബൈബിൾസത്യം അറിയാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പലർക്കും ആദ്യം അതിൽ വലിയ താത്പര്യമൊന്നും കണ്ടെന്നുവരില്ല. അങ്ങനെയുള്ളവരുടെ താത്പര്യം നമ്മൾ ഉണർത്തണം. ശുശ്രൂഷയിൽ വിജയിക്കുന്നതിനു നമ്മൾ നന്നായി ചിന്തിച്ച് തയ്യാറാകണം. ആളുകൾക്കു താത്പര്യം തോന്നാൻ സാധ്യതയുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുക. ആ വിഷയങ്ങൾ എങ്ങനെ അവതരിപ്പിക്കാമെന്നു ചിന്തിക്കുക.
7. ഒരു സംഭാഷണം നമുക്ക് എങ്ങനെ തുടങ്ങാൻ കഴിയും, വീട്ടുകാർ പറയുന്നതു കേൾക്കുന്നതും അവരെ മാനിക്കുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 ഉദാഹരണത്തിന്, വീട്ടുകാരനോടു നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: ‘ഞാൻ ഒരു കാര്യത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം ചോദിച്ചോട്ടേ? നമ്മൾ ഇന്നു പല പ്രശ്നങ്ങൾ നേരിടുന്നുണ്ടല്ലോ. ഇതുപോലുള്ള പ്രശ്നങ്ങൾ ലോകത്ത് എല്ലായിടത്തുമുണ്ട്. ലോകം മുഴുവൻ ഒറ്റ ഗവൺമെന്റ് വന്നാൽ ഇതുപോലുള്ള പല പ്രശ്നങ്ങളും പരിഹരിക്കാമെന്നു താങ്കൾക്കു തോന്നുന്നില്ലേ?’ എന്നിട്ട് ദാനിയേൽ 2:44 നിങ്ങൾക്കു ചർച്ച ചെയ്യാൻ കഴിയും. അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം: ‘കുട്ടികളെ നല്ല സ്വഭാവമുള്ളവരായി വളർത്തിക്കൊണ്ടുവരാൻ എന്തു ചെയ്യാൻ കഴിയും? എനിക്കു താങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്.’ എന്നിട്ട് ആവർത്തനം 6:6, 7 ചർച്ച ചെയ്യുക. നിങ്ങൾ ഏതു വിഷയം തിരഞ്ഞെടുത്താലും നിങ്ങൾ സംസാരിക്കുന്ന വ്യക്തിയെക്കുറിച്ച് ചിന്തിക്കുക. ബൈബിൾ പഠിക്കുന്നതുകൊണ്ട് ആ വ്യക്തിക്ക് എന്തു പ്രയോജനം കിട്ടുമെന്നു ഭാവനയിൽ കാണുക. വീട്ടുകാരുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ അവർ പറയുന്നതു കേൾക്കുന്നതും അവരുടെ വീക്ഷണം മാനിക്കുന്നതും പ്രധാനമാണ്. അങ്ങനെ നിങ്ങൾക്ക് അവരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനാകും. അപ്പോൾ അവർ നിങ്ങളെ കേൾക്കാനുള്ള സാധ്യതയും കൂടുതലാണ്.
8. വീണ്ടുംവീണ്ടും മടക്കസന്ദർശനങ്ങൾ നടത്തുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
8 ഒരാൾ ബൈബിൾ പഠിക്കണമെങ്കിൽ നമ്മൾ മടക്കസന്ദർശനങ്ങൾ നടത്തണം. അതിനുവേണ്ടി നമ്മൾ ധാരാളം സമയവും ശ്രമവും ചെലവഴിക്കേണ്ടിവന്നേക്കാം. കാരണം ആദ്യമൊക്കെ മടങ്ങിച്ചെല്ലുമ്പോൾ ആ വ്യക്തിയെ വീട്ടിൽ കണ്ടില്ലെന്നുവരാം. ഇനി, കണ്ടാൽത്തന്നെ പല പ്രാവശ്യം മടങ്ങിച്ചെന്നാൽ മാത്രമേ ഒരു ബൈബിൾപഠനത്തിനു സമ്മതിച്ചെന്നുവരൂ. ഓർക്കുക, ദിവസവും വെള്ളം ഒഴിച്ചുകൊടുക്കുമ്പോൾ ഒരു ചെടി വളരാൻ സാധ്യത കൂടുതലാണ്. അതുപോലെ, ഒരു വ്യക്തിയുമായി ക്രമമായി ദൈവവചനം ചർച്ച ചെയ്യുമ്പോൾ യഹോവയോടും ക്രിസ്തുവിനോടും ഉള്ള ആ വ്യക്തിയുടെ സ്നേഹം വളരാൻ സാധ്യതയുണ്ട്.
ശിഷ്യരാക്കുന്നതിൽ എല്ലാ ക്രിസ്ത്യാനികൾക്കും പങ്കുണ്ടോ?
അർഹരായവർക്കുവേണ്ടിയുള്ള അന്വേഷണത്തിൽ ലോകമെമ്പാടുമുള്ള സാക്ഷികൾ പങ്കെടുക്കുന്നു (9, 10 ഖണ്ഡികകൾ കാണുക)c
9-10. ആത്മാർഥഹൃദയരെ കണ്ടെത്തുന്നതിൽ ഓരോ ക്രിസ്ത്യാനിക്കും പങ്കുണ്ടെന്നു പറയുന്നത് എന്തുകൊണ്ട്?
9 ആത്മാർഥഹൃദയരെ കണ്ടെത്തുന്നതിൽ ഓരോ ക്രിസ്ത്യാനിക്കും പങ്കുണ്ട്. കാണാതായ ഒരു കുട്ടിയെ കണ്ടെത്തുന്നതിനോടു നമുക്ക് ഈ വേലയെ താരതമ്യം ചെയ്യാം. ഒരു രാജ്യത്ത് നടന്ന ഒരു സംഭവം നോക്കാം. മൂന്നു വയസ്സുള്ള ഒരു കുട്ടിയെ കാണാതായി. ഏതാണ്ട് 500 പേർ അവനുവേണ്ടി തിരച്ചിൽ നടത്തി. അവസാനം, 20 മണിക്കൂറുകൾക്കു ശേഷം ഒരാൾ കുട്ടിയെ പാടത്തുനിന്ന് കണ്ടെത്തി. എന്നാൽ ആ കുട്ടിയെ കണ്ടെത്തിയതിന്റെ ബഹുമതി അദ്ദേഹം സ്വീകരിച്ചില്ല. അദ്ദേഹം ഇങ്ങനെയാണു പറഞ്ഞത്: “നൂറുകണക്കിന് ആളുകളുടെ കൂട്ടായ ശ്രമംകൊണ്ടാണു കുട്ടിയെ കണ്ടെത്തിയത്.”
10 ഇന്നു പലയാളുകളും കാണാതായ ആ കുട്ടിയെപ്പോലെയാണ്. അവർക്ക് ഒരു പ്രത്യാശയുമില്ല. ആരെങ്കിലും തങ്ങളെ സഹായിക്കണമെന്ന് അവർക്ക് ആഗ്രഹമുണ്ട്. (എഫെ. 2:12) നമ്മൾ 80 ലക്ഷത്തിലധികം പേർ അർഹതയുള്ളവരെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ബൈബിൾ പഠിക്കാൻ താത്പര്യമുള്ള ഒരാളെ നിങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ടാകില്ല. എന്നാൽ അതേ പ്രദേശത്ത് പ്രവർത്തിക്കുന്ന മറ്റു പ്രചാരകർക്കു ബൈബിൾപഠനങ്ങൾ തുടങ്ങാൻ കഴിഞ്ഞിട്ടുണ്ടാകും. ഒരു സഹോദരനോ സഹോദരിയോ ഒരാളെ ക്രിസ്തുവിന്റെ ശിഷ്യനാകാൻ സഹായിക്കുമ്പോൾ ‘അന്വേഷണം’ നടത്തിയ എല്ലാവർക്കും സന്തോഷിക്കാൻ കാരണമുണ്ട്.
11. നിങ്ങൾ ഒരു ബൈബിൾപഠനം നടത്തുന്നില്ലെങ്കിലും, ശിഷ്യരാക്കുന്നതിൽ മറ്റ് ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്കു സഹായിക്കാം?
11 നിങ്ങൾ ഇപ്പോൾ ഒരു ബൈബിൾപഠനം നടത്തുന്നില്ലെങ്കിലും ശിഷ്യരാക്കുന്നതിൽ നിങ്ങൾക്കു മറ്റു വിധങ്ങളിൽ സഹായിക്കാൻ കഴിയും. ഉദാഹരണത്തിന്, പുതിയ ആളുകൾ മീറ്റിങ്ങിനു വരുമ്പോൾ നിങ്ങൾക്ക് അവരോടു സംസാരിക്കാം, അവരെ സുഹൃത്തുക്കളാക്കാം. നമ്മൾ ഈ വിധത്തിൽ അവരോടു സ്നേഹം കാണിക്കുമ്പോൾ നമ്മൾ സത്യക്രിസ്ത്യാനികളാണെന്ന് അവർ തിരിച്ചറിയാൻ അവരെ സഹായിക്കുകയാണ്. (യോഹ. 13:34, 35) ചെറുതാണെങ്കിലും മീറ്റിങ്ങുകളിൽ നമ്മൾ പറയുന്ന ഉത്തരങ്ങൾ, ആത്മാർഥതയോടെയും ആദരവോടെയും അഭിപ്രായം പറയാൻ പുതിയവർക്ക് ഒരു പരിശീലനമായിരിക്കും. പുതിയ ഒരു പ്രചാരകന്റെകൂടെ ശുശ്രൂഷയ്ക്കു പോകാനും നിങ്ങൾക്കു കഴിഞ്ഞേക്കും. അത്തരം അവസരങ്ങളിൽ, തിരുവെഴുത്തുകൾ ഉപയോഗിച്ച് ആളുകളെ പഠിപ്പിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിക്കാം. അങ്ങനെ ചെയ്യുമ്പോൾ, ക്രിസ്തുവിനെ അനുകരിക്കാൻ നിങ്ങൾ ആ വ്യക്തിയെ പഠിപ്പിക്കുകയാണ്.—ലൂക്കോ. 10:25-28.
12. ശിഷ്യരാക്കുന്നതിനു നമുക്ക് വലിയ കഴിവും പ്രാപ്തിയും ആവശ്യമുണ്ടോ? വിശദീകരിക്കുക.
12 യേശുവിന്റെ ശിഷ്യരാകാൻവേണ്ടി മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു നമുക്കു വലിയ കഴിവും പ്രാപ്തിയും വേണമെന്നു ചിന്തിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? ബൊളീവിയയിലുള്ള ഫോസ്റ്റീനയുടെ അനുഭവം നോക്കാം. യഹോവയുടെ സാക്ഷികളുമായി സഹവസിക്കാൻ തുടങ്ങിയ സമയത്ത് ഫോസ്റ്റീനയ്ക്കു വായിക്കാൻ അറിയില്ലായിരുന്നു. അപ്പോൾമുതൽ ചെറിയ രീതിയിൽ വായിക്കാൻ അവർ പഠിച്ചു. ഫോസ്റ്റീന ഇപ്പോൾ സ്നാനമേറ്റ സഹോദരിയാണ്. മറ്റുള്ളവരെ പഠിപ്പിക്കാനും അവർക്ക് ഇഷ്ടമാണ്. ഓരോ ആഴ്ചയിലും ആ സഹോദരി അഞ്ചു ബൈബിൾപഠനങ്ങൾ നടത്താറുണ്ട്. തന്റെ ബൈബിൾവിദ്യാർഥികളുടെ അത്രയുമൊന്നും വായിക്കാൻ ഫോസ്റ്റീനയ്ക്ക് അറിയില്ലെങ്കിലും ആറു പേരെ സ്നാനത്തിന്റെ പടിയിലേക്കു നയിക്കാൻ അവർക്കു കഴിഞ്ഞു.—ലൂക്കോ. 10:21.
13. തിരക്കുള്ളവരാണെങ്കിലും ശിഷ്യരാക്കൽവേലയിൽ ഏർപ്പെടുന്നതുകൊണ്ട് നമുക്കു ലഭിക്കുന്ന ചില അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?
13 ഇന്നു മിക്ക ക്രിസ്ത്യാനികൾക്കും പ്രധാനപ്പെട്ട പല ഉത്തരവാദിത്വങ്ങളും ചെയ്യാനുണ്ട്. തിരക്കുള്ളവരാണെങ്കിലും അവർ ബൈബിൾപഠനങ്ങൾ നടത്താൻ സമയം കണ്ടെത്തുന്നു. അവർക്ക് അതിൽനിന്ന് വലിയ സന്തോഷവും കിട്ടുന്നുണ്ട്. നമുക്ക് അലാസ്കയിലെ മെലാനിയുടെ അനുഭവം നോക്കാം. എട്ടു വയസ്സുണ്ടായിരുന്ന മകളെ വളർത്തിക്കൊണ്ടുവരാൻ ഭർത്താവിന്റെ സഹായമില്ലായിരുന്നു. മെലാനിക്ക് ഒരു മുഴുസമയ ജോലിയും ഉണ്ടായിരുന്നു. അതോടൊപ്പം ക്യാൻസർ രോഗിയായ പിതാവിനെ നോക്കുകയും വേണം. ആ ഒറ്റപ്പെട്ട പട്ടണത്തിൽ മെലാനി മാത്രമാണു സാക്ഷിയായിട്ടുണ്ടായിരുന്നത്. കടുത്ത തണുപ്പായിരുന്നതുകൊണ്ട് പ്രസംഗപ്രവർത്തനം നടത്താനുള്ള ശക്തിക്കായി സഹോദരി യഹോവയോടു പ്രാർഥിക്കുമായിരുന്നു. കാരണം ഒരു ബൈബിൾപഠനം കിട്ടുന്നതിന് അവർ അതിയായി ആഗ്രഹിച്ചു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ അവർ സാറയെ കണ്ടുമുട്ടി. ദൈവത്തിന് ഒരു പേരുണ്ടെന്ന് അറിഞ്ഞതു സാറയെ ആവേശംകൊള്ളിച്ചു. കുറച്ച് നാൾ കഴിഞ്ഞ് സാറ ബൈബിൾപഠനത്തിനു സമ്മതിച്ചു. മെലാനി പറയുന്നു: “വെള്ളിയാഴ്ച വൈകുന്നേരം ആകുമ്പോഴേക്കും എനിക്കു ഭയങ്കര ക്ഷീണമായിരിക്കും. എന്നാലും ഞാനും മകളുംകൂടി ആ ബൈബിൾപഠനം നടത്താൻ പോയതു പ്രയോജനം ചെയ്തു. സാറയുടെ ചോദ്യങ്ങൾക്കു ഗവേഷണം ചെയ്ത് ഉത്തരം കണ്ടുപിടിക്കുന്നതു ഞങ്ങൾക്ക് ഇഷ്ടമായിരുന്നു. സാറ യഹോവയുടെ സുഹൃത്തായി മാറുന്നതു കാണാൻ കഴിഞ്ഞതു ഞങ്ങൾക്ക് എത്ര സന്തോഷമായെന്നോ!” സാറ എതിർപ്പിനെ ധൈര്യത്തോടെ നേരിട്ടു, പള്ളിയുമായുള്ള ബന്ധം ഉപേക്ഷിച്ചു, സ്നാനമേൽക്കുകയും ചെയ്തു.
ശിഷ്യരാക്കൽവേലയിൽ ക്ഷമ പ്രധാനം
14. (എ) ശിഷ്യരാക്കൽവേല മീൻപിടുത്തംപോലെ ആണെന്നു പറയുന്നത് എന്തുകൊണ്ട്? (ബി) 2 തിമൊഥെയൊസ് 4:1, 2-ലെ പൗലോസിന്റെ വാക്കുകൾ നമുക്കു പ്രചോദനം തരുന്നത് എങ്ങനെ?
14 ശുശ്രൂഷയിൽ ഫലമൊന്നും ലഭിക്കുന്നില്ലെന്നു തോന്നിയാലും അർഹരായവരെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കരുത്. യേശു ശിഷ്യരാക്കൽവേലയെ മീൻപിടുത്തത്തോടാണ് ഉപമിച്ചതെന്ന് ഓർക്കുക. ഒരു മീൻപിടുത്തക്കാരനു മീൻ കിട്ടാൻ ചിലപ്പോൾ വളരെയധികം സമയം ചെലവഴിക്കേണ്ടിവന്നേക്കാം. അതിരാവിലെയോ രാത്രി വളരെ വൈകിയോ ഒക്കെ അവർക്കു ജോലി ചെയ്യേണ്ടിവരും. മാത്രമല്ല അവർക്ക് ഒരുപാടു ദൂരം വള്ളത്തിൽ പോകേണ്ടതായും വന്നേക്കാം. (ലൂക്കോ. 5:5) അതുപോലെ, ചില ക്രിസ്ത്യാനികൾ അർഹരായവരെ കണ്ടെത്താൻ അനേകം മണിക്കൂറുകൾ ചെലവഴിക്കുന്നു, സമയവും സ്ഥലവും മാറ്റിമാറ്റി അവർ ‘വല ഇറക്കി നോക്കുന്നു.’ എന്തിനുവേണ്ടി? കൂടുതൽ ആളുകളെ കണ്ടെത്തുന്നതിന്. ആളുകളെ കണ്ടെത്താൻ കൂടുതൽ ശ്രമം ചെയ്യുന്നവർക്കു താത്പര്യക്കാരെ കിട്ടാനുള്ള സാധ്യത കൂടുതലാണ്. ആളുകളെ കണ്ടെത്താൻ സാധ്യത കൂടുതലുള്ള സ്ഥലത്തും സമയത്തും നിങ്ങൾക്കു പ്രവർത്തിക്കാനാകുമോ?—2 തിമൊഥെയൊസ് 4:1, 2 വായിക്കുക.
ആത്മീയപുരോഗതി വരുത്താൻ നിങ്ങളുടെ വിദ്യാർഥികളെ ക്ഷമയോടെ സഹായിക്കുക (15, 16 ഖണ്ഡികകൾ കാണുക)d
15. ബൈബിൾപഠനങ്ങൾ നടത്തുന്നതിനു ക്ഷമ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
15 ബൈബിൾപഠനങ്ങൾ നടത്തുന്നതിനു ക്ഷമ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? ഒരു കാരണം നോക്കാം. വിദ്യാർഥിയെ ബൈബിളിലെ സത്യങ്ങൾ മനസ്സിലാക്കാനും അവയെ സ്നേഹിക്കാനും മാത്രം സഹായിച്ചാൽ പോരാ. പകരം ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയെ അറിയാനും സ്നേഹിക്കാനും നമ്മൾ സഹായിക്കണം. അതുപോലെ, യേശു ചെയ്യാൻ പറഞ്ഞത് എന്താണ് എന്നു പഠിപ്പിച്ചാൽ മാത്രം പോരാ. പകരം യഥാർഥക്രിസ്ത്യാനികളായി ജീവിക്കാൻ എങ്ങനെ കഴിയുമെന്നും പഠിപ്പിക്കണം. വിദ്യാർഥി ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ ക്ഷമയോടെ സഹായിക്കണം. ചിലർ ചിന്തകൾക്കും ശീലങ്ങൾക്കും ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ മാറ്റങ്ങൾ വരുത്തിയേക്കാം. എന്നാൽ മറ്റു ചിലർ അതിനു കൂടുതൽ സമയമെടുത്തേക്കും.
16. റൗളിന്റെ അനുഭവത്തിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
16 പെറു എന്ന രാജ്യത്ത് സേവിച്ച ഒരു മിഷനറിയുടെ അനുഭവം ക്ഷമ കാണിക്കുന്നതിന്റെ പ്രയോജനങ്ങൾ എടുത്തുകാട്ടുന്നു. അദ്ദേഹം പറയുന്നു: “എനിക്കു റൗൾ എന്ന ഒരു ബൈബിൾവിദ്യാർഥിയുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പുസ്തകങ്ങളും പഠിച്ചുതീർന്നെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിൽ ആകെ പ്രശ്നങ്ങളായിരുന്നു. ഭാര്യയുമായി എപ്പോഴും വഴക്കായിരുന്നു. ചീത്ത വാക്കുകൾ പറഞ്ഞിരുന്നതുകൊണ്ട് മക്കൾക്കു റൗളിനോടു യാതൊരു ബഹുമാനവും ഇല്ലായിരുന്നു. എന്നാൽ അദ്ദേഹം പതിവായി യോഗങ്ങൾക്കു വന്നിരുന്നതുകൊണ്ട്, ഞാൻ അദ്ദേഹത്തെയും കുടുംബത്തെയും സന്ദർശിക്കുന്നതു നിറുത്തിയില്ല. ഒടുവിൽ, ഞങ്ങൾ ആദ്യം കണ്ടിട്ട് മൂന്നു വർഷത്തിനു ശേഷം അദ്ദേഹം സ്നാനത്തിനു യോഗ്യത നേടി.”
17. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
17 “പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുക” എന്നു യേശു നമ്മളോടു പറഞ്ഞു. ആ നിയമനം നിറവേറ്റുന്നതിന്, നമ്മുടേതിൽനിന്ന് തികച്ചും വ്യത്യസ്തമായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ആളുകളോടു സംസാരിക്കേണ്ടിവരും. അവരിൽ മതവിശ്വാസം ഇല്ലാത്തവരോ ദൈവമുണ്ടെന്നുപോലും വിശ്വസിക്കാത്തവരോ ഒക്കെ കണ്ടേക്കാം. ഇങ്ങനെയുള്ളവരോട് എങ്ങനെ സന്തോഷവാർത്ത അറിയിക്കാമെന്ന് അടുത്ത ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും.
ഗീതം 68 രാജ്യവിത്ത് വിതയ്ക്കാം
a ആളുകളെ ക്രിസ്തുവിന്റെ ശിഷ്യരാകാൻ സഹായിക്കുക എന്നതാണു ക്രിസ്തീയസഭയുടെ മുഖ്യ ഉത്തരവാദിത്വം. ഈ ലക്ഷ്യം നേടുന്നതിനു നമ്മളെ സഹായിക്കുന്ന ചില നിർദേശങ്ങൾ ഈ ലേഖനത്തിൽ കാണാം.
b പദപ്രയോഗത്തിന്റെ വിശദീകരണം: ക്രിസ്തുവിന്റെ ശിഷ്യന്മാർ യേശുവിന്റെ കല്പനകൾ പഠിക്കുക മാത്രമല്ല, പഠിക്കുന്ന കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. അവർ ക്രിസ്തുവിന്റെ കാലടികൾക്കു തൊട്ടുപിന്നാലെ ചെല്ലാൻ ശ്രമിക്കുന്നു.—1 പത്രോ. 2:21.
c ചിത്രക്കുറിപ്പ്: അവധിക്കാലം ചെലവഴിക്കാൻ പോകുന്ന ഒരാൾ വിമാനത്താവളത്തിൽവെച്ച് സാക്ഷികളിൽനിന്ന് ഒരു ലഘുലേഖ വാങ്ങി നടന്നുനീങ്ങുന്നു. പിന്നീട് അദ്ദേഹം കാഴ്ചകൾ കണ്ടുനടക്കുമ്പോൾ മറ്റു ചില സാക്ഷികൾ പരസ്യസാക്ഷീകരണം നടത്തുന്നതു കാണുന്നു. വീട്ടിൽ തിരിച്ചെത്തിയ അദ്ദേഹത്തെ പ്രചാരകർ സന്ദർശിക്കുന്നു.
d ചിത്രക്കുറിപ്പ്: ആ വ്യക്തി സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നു. ക്രമേണ അദ്ദേഹം സ്നാനത്തിനു യോഗ്യത നേടുന്നു.