ക്രിസ്ത്യാനികൾ മറച്ചുവെക്കാൻ ധൈര്യപ്പെടാത്ത ഒരു രഹസ്യം!
“ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു . . . രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.”—യോഹന്നാൻ 18:20.
1, 2. തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നപ്രകാരം മിസ്തേരിയോൺ എന്ന ഗ്രീക്കു പദത്തിന്റെ അർഥമെന്ത്?
മിസ്തേരിയോൺ എന്ന ഗ്രീക്കുപദം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ 25 പ്രാവശ്യം “പാവന രഹസ്യം” എന്നും 3 പ്രാവശ്യം “മർമം” എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു. പാവനമെന്നു വിളിക്കപ്പെടുന്ന ഒരു രഹസ്യം തീർച്ചയായും പ്രധാനപ്പെട്ടതായിരിക്കണം! അത്തരം രഹസ്യത്തെക്കുറിച്ച് ആർക്കെങ്കിലും അറിവു ലഭിക്കുന്നത് ഒരു പദവിയാണ്; അതിൽ അത്യന്തം ബഹുമാനിതനായി അയാൾക്കു തോന്നണം, കാരണം പ്രപഞ്ചത്തിന്റെ പരമോന്നത ദൈവവുമായി രഹസ്യം പങ്കുവെക്കാൻ യോഗ്യനായി അയാൾ ഗണിക്കപ്പെട്ടിരിക്കുന്നു.
2 മിക്ക സന്ദർഭങ്ങളിലും “മർമം” എന്നതിനെക്കാൾ “പാവന രഹസ്യം” എന്നു പരിഭാഷപ്പെടുത്തുന്നതാണ് ഉചിതമെന്നു വൈനിന്റെ എക്സ്പോസിറ്ററി ഡിക്ഷ്നറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെൻറ് വേർഡ്സ് സ്ഥിരീകരിക്കുന്നു. മിസ്തേരിയോൺ എന്നതിനെക്കുറിച്ച് അതു പറയുന്നു: “[ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തു]കളിൽ അതിന്റെ വിവക്ഷ, മർമം (ഇംഗ്ലീഷ് പദത്തിന്റേതുപോലെ) എന്നല്ല മറിച്ച്, കാര്യങ്ങൾ ഗ്രഹിക്കുന്നതിനുള്ള സഹജമായ പ്രാപ്തിക്കതീതമായത്, ദിവ്യ വെളിപ്പെടുത്തലിനാൽ മാത്രം അറിയാൻ കഴിയുന്നത്, ദൈവത്തിന്റേതായ വിധത്തിലും നിയമിത സമയത്തും അറിയിക്കപ്പെടുന്നത്, അവന്റെ ആത്മാവിനാൽ പ്രബുദ്ധരാക്കപ്പെടുന്നവർക്കു മാത്രം ലഭിക്കുന്നത് എന്നെല്ലാമാണ്. സാധാരണഗതിയിൽ, മർമത്തിനു രഹസ്യമാക്കിവെച്ചിരിക്കുന്ന അറിവെന്നേ അർഥമുള്ളൂ; അതിന്റെ തിരുവെഴുത്തുപരമായ അർഥം വെളിപ്പെടുത്തപ്പെട്ട സത്യം എന്നാണ്. അതുകൊണ്ട് ‘അറിയിക്കപ്പെട്ടിരിക്കുന്ന,’ ‘പ്രകടമാക്കപ്പെട്ടിരിക്കുന്ന,’ ‘വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന,’ ‘പ്രസംഗിക്കപ്പെട്ടിരിക്കുന്ന,’ ‘ഗ്രഹിക്കുക,’ ‘വിതരണം ചെയ്യപ്പെടുക’ എന്നിവയെല്ലാം പ്രസ്തുത വിഷയവുമായി വിശേഷാൽ ബന്ധപ്പെട്ടിരിക്കുന്ന പദങ്ങളാണ്.”
3. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭ ചില രഹസ്യ മതസമൂഹങ്ങളിൽനിന്നു വ്യത്യാസപ്പെട്ടിരുന്നതെങ്ങനെ?
3 ഒന്നാം നൂറ്റാണ്ടിൽ വളർന്നു വികാസംപ്രാപിച്ച രഹസ്യ മതസമൂഹങ്ങളും പുതുതായി രൂപംകൊണ്ട ക്രിസ്തീയ സഭയും തമ്മിലുള്ള വലിയ വ്യത്യാസത്തെ ഈ വിശദീകരണം എടുത്തുകാട്ടുന്നുണ്ട്. രഹസ്യ വ്യക്തിപൂജാപ്രസ്ഥാനങ്ങളിൽ ചേർന്നവർക്ക് പലപ്പോഴും അവയുടെ മതപരമായ പഠിപ്പിക്കലുകളെ സംരക്ഷിക്കാൻ മൗനവ്രതം എടുക്കണമായിരുന്നു. എന്നാൽ ക്രിസ്ത്യാനികൾക്ക് ഒരിക്കലും അത്തരം നിബന്ധനകൾ ഉണ്ടായിരുന്നില്ല. പൗലൊസ് അപ്പോസ്തലൻ “പാവന രഹസ്യത്തിലുള്ള ദൈവജ്ഞാന”ത്തെക്കുറിച്ചു സംസാരിച്ചുവെന്നതും അതിനെ “മറഞ്ഞിരുന്ന ജ്ഞാന”മെന്നു വിളിച്ചുവെന്നതും സത്യമാണ്. അതായത് “ഈ വ്യവസ്ഥിതിയുടെ ഭരണാധിപന്മാ”ർക്കാണ് അതു മറഞ്ഞിരിക്കുന്നത്. പരസ്യമാക്കേണ്ടതിന് ദൈവാത്മാവിലൂടെ അതു വെളിപ്പെടുത്തിക്കൊടുക്കപ്പെട്ട ക്രിസ്ത്യാനികൾക്ക് അതു മറഞ്ഞിരിക്കുന്നില്ല.—1 കൊരിന്ത്യർ 2:7-12, NW; സദൃശവാക്യങ്ങൾ 1:20 താരതമ്യം ചെയ്യുക.
“പാവന രഹസ്യം” തിരിച്ചറിയിക്കപ്പെടുന്നു
4. ആരെ കേന്ദ്രീകരിച്ചുള്ളതാണ് “പാവന രഹസ്യം,” എങ്ങനെ?
4 യഹോവയുടെ “പാവന രഹസ്യം” യേശുക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. പൗലൊസ് എഴുതി: “അവനിൽ താൻ മുന്നിർണ്ണയിച്ച തന്റെ പ്രസാദത്തിന്നു തക്കവണ്ണം തന്റെ ഹിതത്തിന്റെ മർമ്മം [യഹോവ] നമ്മോടു അറിയിച്ചു. അതു സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതു എല്ലാം പിന്നെയും ക്രിസ്തുവിൽ ഒന്നായിച്ചേർക്ക എന്നിങ്ങനെ കാലസമ്പൂർണ്ണതയിലെ വ്യവസ്ഥെക്കായിക്കൊണ്ടു തന്നേ.” (എഫെസ്യർ 1:9, 10) “ക്രിസ്തുവെന്ന ദൈവമർമ്മത്തിന്റെ പരിജ്ഞാന”ത്തിന്റെ ആവശ്യത്തെക്കുറിച്ചു സൂചിപ്പിച്ചപ്പോൾ പൗലൊസ് പാവന രഹസ്യത്തിന്റെ സ്വഭാവത്തെ കൂടുതൽ കൃത്യതയുള്ളതാക്കി.—കൊലൊസ്സ്യർ 2:2.
5. “പാവന രഹസ്യ”ത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
5 എന്നിരുന്നാലും, അതിലുമധികം ഉൾപ്പെട്ടിട്ടുണ്ട്, കാരണം അനേക വശങ്ങളുള്ള ഒരു രഹസ്യമാണ് “പാവന രഹസ്യം.” യേശുവിനെ വാഗ്ദത്ത സന്തതിയായി അഥവാ മിശിഹായായി തിരിച്ചറിയിക്കുക മാത്രമല്ല, ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ അവനു നിർവഹിക്കാനുണ്ടായിരുന്ന പങ്കും അതിലുൾപ്പെടുന്നുണ്ട്. പിൻവരുന്നപ്രകാരം യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞപ്പോൾ അവൻ വ്യക്തമായി പ്രസ്താവിച്ചതുപോലുള്ള ഒരു സ്വർഗീയ ഗവൺമെൻറ്, അതായത് ദൈവത്തിന്റെ മിശിഹൈക രാജ്യം, അതിലുൾപ്പെടുന്നുണ്ട്: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ [“പാവന രഹസ്യങ്ങൾ,” NW] അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്തായി 13:11.
6. (എ) “പാവന രഹസ്യം” “ദീർഘനാളായി നിഗൂഢമാക്കി വെച്ചിരുന്നു”വെന്നു പറയുന്നതു ശരിയായിരിക്കുന്നതെന്തുകൊണ്ട്? (ബി) അതു ക്രമാനുഗതമായി വെളിപ്പെടുത്തപ്പെട്ടതെങ്ങനെ?
6 മിശിഹൈക രാജ്യത്തിന് അടിസ്ഥാനം പ്രദാനം ചെയ്യാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ആദ്യ പരാമർശത്തിനും ആ “പാവന രഹസ്യ”ത്തെ “പരിസമാപ്തി”യിലെത്തിക്കുന്നതിനുമിടയിൽ ദീർഘമായൊരു കാലഘട്ടം പൂർത്തിയാകേണ്ടിയിരുന്നു. (വെളിപ്പാടു 10:7; ഉല്പത്തി 3:15) വെളിപ്പാടു 10:7-ഉം 11:15-ഉം തമ്മിലുള്ള ഒരു താരതമ്യം തെളിയിക്കുന്നതുപോലെ, രാജ്യസ്ഥാപനത്തോടെയായിരിക്കും അതിന്റെ പരിസമാപ്തി സംഭവിക്കുക. വാസ്തവത്തിൽ, ഏദെനിൽ നൽകപ്പെട്ട രാജ്യവാഗ്ദത്തത്തിനുശേഷം ഏതാണ്ടു 4,000 വർഷം കഴിഞ്ഞ് പൊ.യു. 29-ലാണ് നിയുക്ത രാജാവ് എത്തുന്നത്. അതിനുശേഷം 1,885 വർഷം കഴിഞ്ഞാണ് 1914-ൽ രാജ്യം സ്വർഗത്തിൽ സ്ഥാപിതമാകുന്നത്. അങ്ങനെ “പാവന രഹസ്യം” ഏതാണ്ട് 6,000 വർഷത്തെ കാലഘട്ടംകൊണ്ട് ക്രമാനുഗതമായി വെളിപ്പെട്ടു. (16-ാം പേജ് കാണുക.) “ദീർഘനാളായി നിഗൂഢമാക്കിവെക്കുകയും എന്നാൽ ഇപ്പോൾ പ്രകടമാക്കുകയും അറിയിക്കുകയും ചെയ്തിരിക്കുന്ന പാവന രഹസ്യത്തിന്റെ വെളിപ്പെടലി”നെക്കുറിച്ചു പൗലൊസ് പറഞ്ഞതു തീർച്ചയായും ശരിയായിരുന്നു.—റോമർ 16:25-27, NW; എഫെസ്യർ 3:4-11.
7. വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിൽ നമുക്ക് അങ്ങേയറ്റം വിശ്വാസമുണ്ടായിരിക്കാവുന്നതെന്തുകൊണ്ട്?
7 പരിമിതമായ ആയുർദൈർഘ്യമുള്ള മനുഷ്യരിൽനിന്നു വ്യത്യസ്തമായി, യഹോവയ്ക്ക് സമയത്തിനുമുമ്പേ രഹസ്യം വെളിപ്പെടുത്തേണ്ടിവരുംവിധം ഒരിക്കലും സമയത്തിന്റെ സമ്മർദം അനുഭവപ്പെടുന്നില്ല. ചില ബൈബിൾ ചോദ്യങ്ങൾക്കു തൃപ്തികരമായ ഉത്തരം ഇപ്പോൾ ലഭ്യമല്ലെങ്കിൽ അക്ഷമരായിത്തീരാതിരിക്കാൻ ഈ വസ്തുത നമ്മെ സഹായിക്കണം. ക്രിസ്തീയ ഭവനത്തിനു തക്കസമയത്തെ ആഹാരം പ്രദാനം ചെയ്യാൻ നിയുക്തമായിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിന്റെ ഭാഗത്തെ വിനയം, ഇപ്പോഴും വ്യക്തമല്ലാത്ത സംഗതികളെക്കുറിച്ച് സാഹസികവും വിവേകശൂന്യവുമായി തിരക്കിട്ട് ഊഹാപോഹം നടത്താതിരിക്കാൻ അതിനെ സഹായിക്കുന്നു. അടിമവർഗം കടുംപിടുത്ത രീതിയിൽ സംഗതികൾ പഠിപ്പിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നു. സദൃശവാക്യങ്ങൾ 4:18 വ്യക്തമായി മനസ്സിൽപ്പിടിച്ചുകൊണ്ട്, എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തങ്ങൾക്ക് ഇപ്പോൾ പറയാനാവില്ലെന്ന് താഴ്മയോടെ സമ്മതിച്ചുപറയുന്നു. തന്റെ ഉദ്ദേശ്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ തന്റേതായ സമയത്ത്, തന്റേതായ വിധത്തിൽ യഹോവ തുടർന്നും വെളിപ്പെടുത്തുമെന്നറിയുന്നത് എത്ര പുളകപ്രദമാണ്! യഹോവയുടെ ക്രമീകരണത്തിൽ അക്ഷമരായി, രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനായ യഹോവയ്ക്കു മുമ്പേ പോകാൻ ധൃതികൂട്ടിക്കൊണ്ട് നാം വിവേകശൂന്യമായി പ്രവർത്തിക്കരുത്. യഹോവ ഇന്ന് ഉപയോഗിക്കുന്ന സരണി അങ്ങനെ ചെയ്യുന്നില്ലെന്ന് അറിയുന്നത് എന്തൊരാശ്വാസമാണ്! അതു വിശ്വസ്തവും വിവേകപൂർണവുമാണ്.—മത്തായി 24:45; 1 കൊരിന്ത്യർ 4:6.
വെളിപ്പെടുത്തിയിരിക്കുന്ന രഹസ്യം പറഞ്ഞേതീരൂ!
8. “പാവന രഹസ്യം” അറിയിക്കപ്പെടേണ്ടതാണെന്നു നമുക്കെങ്ങനെ അറിയാം?
8 യഹോവ തന്റെ “പാവന രഹസ്യം” ക്രിസ്ത്യാനികൾക്കു വെളിപ്പെടുത്തിയിരിക്കുന്നത് മറച്ചുവെക്കുന്നതിനല്ല. ഏതാനും പുരോഹിതന്മാർക്കുവേണ്ടി മാത്രമായിട്ടല്ല, തന്റെ എല്ലാ അനുഗാമികൾക്കുംവേണ്ടി യേശു വെച്ചിരിക്കുന്ന തത്ത്വത്തിനു ചേർച്ചയിൽ അതിനെക്കുറിച്ച് അറിയിക്കേണ്ടതാണ്: “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു; മലമേൽ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല തണ്ടിൻമേലത്രെ വെക്കുന്നതു; അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു. അങ്ങനെ തന്നേ മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.”—മത്തായി 5:14-16; 28:19, 20.
9. ചിലർ അവകാശപ്പെടുന്നതുപോലെ, യേശു ഒരു വിപ്ലവകാരിയല്ലായിരുന്നെന്ന് എന്തു തെളിയിക്കുന്നു?
9 രഹസ്യ ഉദ്ദേശ്യങ്ങളുടെ നടത്തിപ്പിനായി അനുഗാമികളുടെ ഒരു രഹസ്യ സംഘടനയ്ക്കു രൂപം കൊടുക്കുകയെന്ന വിപ്ലവകരമായ ഉദ്ദേശ്യം യേശുവിനില്ലായിരുന്നു. ആദിമ ക്രിസ്ത്യാനിത്വവും സമൂഹവും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ, ആദിമ ക്രിസ്ത്യാനികളെക്കുറിച്ചു രണ്ടാം നൂറ്റാണ്ടിലെ വിശ്വാസപ്രതിവാദിയായ ജസ്റ്റിൻ മാർട്ട്യർ നടത്തിയ ന്യായവാദത്തെക്കുറിച്ച് റോബർട്ട് എം. ഗ്രാൻറ് എഴുതുകയുണ്ടായി: “ക്രിസ്ത്യാനികൾ വിപ്ലവകാരികളായിരുന്നെങ്കിൽ, അവർ തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി ഒളിവിൽ കഴിഞ്ഞേനേ.” എന്നാൽ ക്രിസ്ത്യാനികൾക്ക് എങ്ങനെയാണ് ഒരേസമയം ‘ഒളിവിൽ കഴിയാനും’ “മലമേൽ ഇരിക്കുന്ന പട്ടണ”ത്തെപ്പോലെ ആയിരിക്കാനും കഴിയുക? തങ്ങളുടെ പ്രകാശം ഒരു പറയിൻകീഴിൽ ഒളിപ്പിക്കാൻ അവർ ധൈര്യപ്പെട്ടില്ല! അതുകൊണ്ട് ഗവൺമെൻറിന് അവരുടെ പ്രവർത്തനത്തെക്കുറിച്ചു യാതൊന്നും ഭയപ്പെടാനില്ലായിരുന്നു. ഈ എഴുത്തുകാരൻ അവരെക്കുറിച്ച് തുടർന്നു വർണിച്ചത് “ക്രമസമാധാനത്തിന്റെ കാര്യത്തിൽ അവർ ചക്രവർത്തിയുടെ ഏറ്റവും നല്ല സ്നേഹിതർ” എന്നായിരുന്നു.
10. ക്രിസ്ത്യാനികൾ തങ്ങൾ ആരാണെന്നതു രഹസ്യമാക്കി വെക്കരുതാത്തതെന്തുകൊണ്ട്?
10 ഏതോ ഒരു മതവിഭാഗത്തിലെ അംഗങ്ങളെന്ന നിലയിൽ ശിഷ്യന്മാർ തങ്ങൾ ആരാണെന്ന സംഗതി രഹസ്യമായി സൂക്ഷിക്കണമെന്ന് യേശു ആഗ്രഹിച്ചില്ല. (പ്രവൃത്തികൾ 24:14; 28:22) ഇന്നു നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കാൻ പരാജയപ്പെടുന്നത് ക്രിസ്തുവിനും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനായ അവന്റെ പിതാവിനും അപ്രീതിയുണ്ടാക്കും, അതു നമ്മെയും അസന്തുഷ്ടരാക്കും.
11, 12. (എ) ക്രിസ്ത്യാനിത്വം പരസ്യമാക്കപ്പെടണമെന്ന് യഹോവ ആഗ്രഹിക്കുന്നതെന്തുകൊണ്ട്? (ബി) യേശു ഉചിതമായ മാതൃക വെച്ചതെങ്ങനെ?
11 “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ [യഹോവ] ഇച്ഛി”ക്കുന്നു. (2 പത്രൊസ് 3:9; യെഹെസ്കേൽ 18:23; 33:11; പ്രവൃത്തികൾ 17:30) അനുതാപമുള്ള മനുഷ്യരുടെ പാപമോചനത്തിന് അടിസ്ഥാനം യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസമാണ്. ‘തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കാൻ’ കഴിയേണ്ടതിന് ഏതാനും ചിലർക്കുവേണ്ടിയല്ല, എല്ലാവർക്കുംവേണ്ടിയാണ് യേശു തന്നെത്തന്നെ മറുവിലയായി അർപ്പിച്ചത്. (യോഹന്നാൻ 3:16) വരാനിരിക്കുന്ന ന്യായവിധി സമയത്ത്, കോലാടുകളായിട്ടല്ല, ചെമ്മരിയാടുകളായി ന്യായംവിധിക്കപ്പെടാൻ തങ്ങളെ യോഗ്യരാക്കുന്ന അത്യാവശ്യ പടികൾ സ്വീകരിക്കുന്നതിന് ആളുകൾക്കു സഹായം ലഭിക്കണമെന്നത് ജീവത്പ്രധാനമാണ്.—മത്തായി 25:31-46.
12 സത്യക്രിസ്ത്യാനിത്വം മറെച്ചുവെക്കാനുള്ളതല്ല; ഉചിതമായ എല്ലാ വിധത്തിലും അതിനെക്കുറിച്ച് അറിയിക്കേണ്ടതാണ്. യേശുതന്നെ ഉചിതമായ മാതൃക വെച്ചിട്ടുണ്ട്. അവന്റെ ശിഷ്യന്മാരെയും പഠിപ്പിക്കലിനെയും കുറിച്ചു മഹാപുരോഹിതൻ ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞു: “ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദൻമാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.” (യോഹന്നാൻ 18:19, 20) ഈ കീഴ്വഴക്കത്തിന്റെ വീക്ഷണത്തിൽ, ദൈവം പരസ്യമാക്കാൻ കൽപ്പിച്ചിരിക്കുന്ന രഹസ്യം മറച്ചുപിടിക്കണമെന്ന് ദൈവഭക്തിയുള്ള ആരെങ്കിലും വിചാരിക്കുമോ? നിത്യജീവനിലേക്കു നയിക്കുന്ന “പരിജ്ഞാനത്തിന്റെ താക്കോൽ” മറച്ചുവെക്കാൻ ആരാണു ധൈര്യപ്പെടുക? അങ്ങനെ ചെയ്യുന്നത്, ഒരുവനെ ഒന്നാം നൂറ്റാണ്ടിലെ കപടഭക്തരെപ്പോലെയാക്കും.—ലൂക്കൊസ് 11:52; യോഹന്നാൻ 17:3.
13. ഏതവസരത്തിലും നാം പ്രസംഗിക്കേണ്ടതെന്തുകൊണ്ട്?
13 യഹോവയുടെ സാക്ഷികൾ എന്നനിലയിൽ നാം ദൈവരാജ്യ സന്ദേശം മറച്ചുവെച്ചിരിക്കുകയാണെന്ന് ആരും ഒരിക്കലും പറയാനിടവരാതിരിക്കട്ടെ! ആ സന്ദേശം സ്വീകരിച്ചാലും നിരസിച്ചാലും, അതു പ്രസംഗിക്കപ്പെട്ടുവെന്ന് ആളുകൾ അറിയണം. (യെഹെസ്കേൽ 2:5; 33:33 എന്നിവ താരതമ്യം ചെയ്യുക.) അതുകൊണ്ട്, നമുക്ക് ഓരോ സന്ദർഭവും ഉപയോഗപ്പെടുത്തി കണ്ടുമുട്ടുന്ന എല്ലാവരോടും സത്യത്തിന്റെ സന്ദേശം സംസാരിക്കാം.
സാത്താന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തൽ
14. നാം പരസ്യമായി ആരാധനയിൽ ഏർപ്പെടുന്നതിനെക്കുറിച്ചു മടിവിചാരിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്?
14 അനേകം സ്ഥലങ്ങളിലും യഹോവയുടെ സാക്ഷികൾ വാർത്താമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്ന സ്ഥിതിവിശേഷത്തിന് ആക്കംകൂടുകയാണ്. ആദിമ ക്രിസ്ത്യാനികൾക്കു സംഭവിച്ചതിനു സമാനമായി, അവരെ തെറ്റായി ചിത്രീകരിക്കുകയും സംശയാസ്പദമായ മതവ്യക്തിപൂജാ പ്രസ്ഥാനങ്ങൾക്കും രഹസ്യസംഘടനകൾക്കുമൊപ്പം തരംതിരിക്കുകയും ചെയ്യുന്നു. (പ്രവൃത്തികൾ 28:22) നമ്മുടെ പ്രസംഗവേല പരസ്യമായി നിർവഹിക്കുന്നുവെന്നതു നാം ആക്രമിക്കപ്പെടാനുള്ള സാധ്യത വർധിപ്പിച്ചേക്കുമോ? യേശുവിന്റെ ബുദ്ധ്യുപദേശം ചെവിക്കൊള്ളാതെ നാം നമ്മെത്തന്നെ ഒരു വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുന്നതു ബുദ്ധിശൂന്യമായിരിക്കും. (സദൃശവാക്യങ്ങൾ 26:17; മത്തായി 10:16) എന്നിരുന്നാലും, ആളുകളോടു രാജ്യത്തെക്കുറിച്ചു പ്രസംഗിച്ച് അവരുടെ ജീവിതത്തിനു പുരോഗതി വരുത്താൻ സഹായിക്കുന്ന പ്രയോജനപ്രദമായ ഈ വേല രഹസ്യമാക്കിവെക്കാനുള്ളതല്ല. അത് യഹോവയെ മഹത്ത്വപ്പെടുത്തുകയും അവനു സ്തുതി കരേറ്റുകയും ചെയ്യുന്നുവെന്നു മാത്രമല്ല, അവനിലേക്കും അവന്റെ സ്ഥാപിത രാജ്യത്തിലേക്കും ശ്രദ്ധ തിരിച്ചുവിടുകയും ചെയ്യുന്നു. ഈയിടെയായി പൂർവയൂറോപ്പിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ബൈബിൾ സത്യത്തോടുള്ള ആളുകളുടെ പ്രതികരണം വളരെ സംതൃപ്തിദായകമാണ്. അതിന്റെ ഭാഗികമായ കാരണം അവിടെയിപ്പോൾ കൂടുതൽ പരസ്യമായി സത്യം പ്രസംഗിക്കാൻ കഴിയുന്നുവെന്നതാണ്.
15, 16. (എ) നമ്മുടെ പരസ്യമായ പ്രവർത്തനരീതിയും ആത്മീയാഭിവൃദ്ധിയും ഹേതുവായി ഏത് ഉദ്ദേശ്യം നിവർത്തിക്കപ്പെടുന്നു, എന്നാൽ ഇത് ഉത്കണ്ഠയ്ക്കു കാരണമാണോ? (ബി) യഹോവ സാത്താന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തുന്നതെന്തുകൊണ്ട്?
15 യഹോവയുടെ സാക്ഷികളുടെ പരസ്യമായ പ്രസംഗവേലയും അവർ ആസ്വദിക്കുന്ന ആത്മീയ പറുദീസയും അവരുടെ അഭിവൃദ്ധിയും—മാനുഷിക വിഭവങ്ങളും ഭൗതിക സ്വത്തുക്കളും—ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ലെന്നതു സത്യംതന്നെ. പരമാർഥഹൃദയരെ ആകർഷിക്കുമ്പോൾത്തന്നെ, ഈ ഘടകങ്ങൾ എതിരാളികളെ പ്രകോപിപ്പിച്ചേക്കാം. (2 കൊരിന്ത്യർ 2:14-17) വാസ്തവത്തിൽ, ഇത് അവസാനം ദൈവജനത്തെ ആക്രമിക്കുന്നതിനു സാത്താന്റെ സേനകൾക്കു പ്രേരണയായി ഉതകിയേക്കാം.
16 ഇത് ഉത്കണ്ഠയ്ക്കു കാരണമാകണമോ? യെഹെസ്കേൽ 38-ാം അധ്യായത്തിൽ കാണുന്ന യഹോവയുടെ പ്രവചനം പറയുന്നതനുസരിച്ച് ഉത്കണ്ഠപ്പെടേണ്ടതില്ല. 1914-ൽ രാജ്യസ്ഥാപനം നടന്നതിനുശേഷം ഭൂമിയിലേക്കു തള്ളിയിടപ്പെട്ട പിശാചായ സാത്താനെ അർഥമാക്കുന്ന മഗോഗിലെ ഗോഗ് ദൈവജനത്തിനുനേരേ ഒരു ആക്രമണത്തിനു നേതൃത്വമെടുക്കുമെന്ന് അതു മുൻകൂട്ടിപ്പറയുന്നു. (വെളിപ്പാടു 12:7-9) യഹോവ ഗോഗിനോടു പറയുന്നു: “നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തു ഞാൻ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവർച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങൾക്കു നേരെയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകുംകൂടാതെ നിർഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാൻ ചെല്ലും എന്നും നീ പറയും.” (യെഹെസ്കേൽ 38:11, 12) എന്നാൽ അതു യഹോവയുടെ കരവേലയായതുകൊണ്ട് ദൈവജനത്തിന് ഈ ആക്രമണത്തെ ഭയപ്പെടേണ്ടതില്ലെന്നു 4-ാം വാക്യം പ്രകടമാക്കുന്നു. പക്ഷേ തന്റെ ജനത്തിനുനേരേ ഒരു കടുത്ത ആക്രമണം ദൈവം അനുവദിക്കുന്നതെന്തിന്, അതേ അതിനായി പ്രേരിപ്പിക്കുന്നതെന്തിന്? 23-ാം വാക്യത്തിൽ നാം യഹോവയുടെ ഉത്തരം വായിക്കുന്നു: “ഇങ്ങനെ ഞാൻ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാൺകെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാൻ യഹോവ എന്നു അവർ അറികയും ചെയ്യും.”
17. ഗോഗിന്റെ ആസന്നമായ ആക്രമണത്തെ നാമെങ്ങനെ വീക്ഷിക്കണം?
17 അങ്ങനെ, ഗോഗിന്റെ ആക്രമണത്തെക്കുറിച്ചോർത്ത് ഭീതിപൂണ്ടു ജീവിക്കുന്നതിനുപകരം, യഹോവയുടെ ജനം ബൈബിൾ പ്രവചനത്തിന്റെ ഈ കൂടുതലായ നിവൃത്തിക്കായി പ്രതീക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു. തന്റെ ദൃശ്യസ്ഥാപനത്തിന് അഭിവൃദ്ധിവരുത്തിയും അതിനെ അനുഗ്രഹിച്ചും യഹോവ സാത്താന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി അവനെയും അവന്റെ സേനയെയും പരാജയത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നറിയുന്നത് എത്ര പുളകപ്രദമാണ്!—യെഹെസ്കേൽ 38:4.
മുമ്പെന്നത്തെക്കാളുമധികം!
18. (എ) ആളുകൾ ഇപ്പോൾ എന്തു തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു, എന്തുകൊണ്ട്? (ബി) രാജ്യപ്രസംഗത്തോടുള്ള പ്രതികരണം ശക്തമായ ഒരു പ്രചോദനമായി ഉതകുന്നതെങ്ങനെ?
18 ആധുനിക നാളിൽ യഹോവയുടെ സാക്ഷികൾ തങ്ങളുടെ ബൈബിളധിഷ്ഠിത കാഴ്ചപ്പാട്, അതിനു ജനപ്രീതിയില്ലാതിരുന്നിട്ടും, അശേഷം മറച്ചുവെക്കാതെ പരസ്യമാക്കിയിട്ടുണ്ട്. പുകവലി, മയക്കുമരുന്നു ദുരുപയോഗം, ദീർഘദൃഷ്ടിയില്ലാതെ ശിക്ഷണരഹിതമായി കുട്ടികളെ വളർത്തൽ എന്നിവയുടെ അപകടങ്ങളെയും അവിഹിത ലൈംഗികതയും അക്രമവും നിറഞ്ഞ വിനോദങ്ങളുടെ ദുഷ്ഫലങ്ങളെയും രക്തപ്പകർച്ചയുടെ അപകടങ്ങളെയും കുറിച്ച് അവർ പതിറ്റാണ്ടുകളോളം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പരിണാമവാദത്തിലെ പൊരുത്തക്കേടുകളെയും അവർ ചൂണ്ടിക്കാട്ടി. “യഹോവയുടെ സാക്ഷികൾ പറയുന്നതു തെറ്റാകാൻ വഴിയില്ല” എന്ന് അഭിപ്രായപ്പെടുന്ന ആളുകളുടെ എണ്ണം ഇപ്പോൾ കൂടിക്കൂടി വരുകയാണ്. നമ്മുടെ വീക്ഷണങ്ങൾ ഇത്ര പരസ്യമായി അവതരിപ്പിച്ചില്ലായിരുന്നെങ്കിൽ, അവർക്ക് ഇങ്ങനെ പ്രതികരിക്കാനാകുമായിരുന്നില്ല. അത്തരം പ്രസ്താവനയിലൂടെ “സാത്താനേ, നീ ഒരു നുണയനാണ്; എങ്ങനെയായാലും യഹോവ പറയുന്നതുതന്നെ ശരി” എന്നു പറയുന്ന ദിശയിലേക്ക് അവർ ചുവടു വെക്കുകയാണെന്ന വസ്തുത വിസ്മരിക്കരുത്. സത്യത്തിന്റെ വചനം പരസ്യമായി പ്രസംഗിച്ചുകൊണ്ട് യേശുവിന്റെ മാതൃക പിൻപറ്റുന്നതിൽ തുടരുന്നതിനു നമുക്ക് എത്ര ശക്തമായ പ്രചോദനം!—സദൃശവാക്യങ്ങൾ 27:11.
19, 20. (എ) യഹോവയുടെ ജനം 1922-ൽ എന്തു ദൃഢനിശ്ചയം പ്രകടമാക്കി, ഈ വാക്കുകൾ ഇപ്പോഴും ബാധകമാകുന്നുണ്ടോ? (ബി) യഹോവയുടെ “പാവന രഹസ്യ”ത്തെ നാമെങ്ങനെ വീക്ഷിക്കണം?
19 യഹോവയുടെ ജനം ഇക്കാര്യത്തിൽ തങ്ങൾക്കുള്ള കടമ ദീർഘനാളായി മനസ്സിലാക്കിയിരിക്കുന്നു. 1922-ലെ ഒരു ശ്രദ്ധേയമായ കൺവെൻഷനിൽ, വാച്ച് ടവർ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജെ. എഫ്. റഥർഫോർഡ് ഇങ്ങനെ പറഞ്ഞുകൊണ്ടു സദസ്യരെ പുളകിതരാക്കി: “ഗൗരവമാനസരായിരിക്കുവിൻ, ജാഗ്രതയുള്ളവരായിരിക്കുവിൻ, കർമനിരതരായിരിക്കുവിൻ, ധൈര്യശാലികളായിരിക്കുവിൻ. കർത്താവിനു വിശ്വസ്തരും സത്യവാന്മാരുമായ സാക്ഷികളായിരിക്കുവിൻ. ബാബിലോൻ തരിമ്പുപോലും ശേഷിക്കാതെ ശൂന്യമാക്കപ്പെടുന്നതുവരെ മുന്നേറുവിൻ. സന്ദേശം ഉടനീളം ഉദ്ഘോഷിക്കുവിൻ. യഹോവ ദൈവമാണെന്നും യേശുക്രിസ്തു രാജാധിരാജാവും കർത്താധികർത്താവുമാണെന്നും ലോകം അറിയുകതന്നെ വേണം. ഇതു സർവദിവസങ്ങളിലേക്കും മഹാദിവസമാണ്. ഇതാ, രാജാവു വാഴുന്നു! നിങ്ങൾ അവന്റെ പരസ്യപ്രചാരകന്മാരാണ്. അതുകൊണ്ട്, രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ.”
20 1922-ൽ ഈ വാക്കുകൾ പ്രധാനപ്പെട്ടതായിരുന്നെങ്കിൽ, ന്യായാധിപനും പ്രതികാരനിർവാഹകനുമെന്ന നിലയിലുള്ള ക്രിസ്തുവിന്റെ വെളിപ്പെടൽ ഏറെ അടുത്തായിരിക്കുന്ന ഈ സമയത്ത്, 75 വർഷം പിന്നിട്ട ഈ സമയത്ത്, അത് എത്രയധികം പ്രധാനപ്പെട്ടതായിരിക്കും! യഹോവയുടെ സ്ഥാപിത രാജ്യത്തെയും ദൈവജനം ആസ്വദിക്കുന്ന ആത്മീയ പറുദീസയെയും കുറിച്ചുള്ള സന്ദേശം മറച്ചുവെക്കാനാകാത്തവിധം അത്ര മഹത്തായ ഒരു “പാവന രഹസ്യ”മാണ്. യേശുതന്നെ വളരെ വ്യക്തമായി പ്രസ്താവിച്ചതുപോലെ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവന്റെ അനുഗാമികൾ യഹോവയുടെ നിത്യോദ്ദേശ്യത്തിൽ അവനുള്ള മുഖ്യസ്ഥാനത്തെക്കുറിച്ച് ‘ഭൂമിയുടെ അററത്തോളം’ പ്രഘോഷിക്കുന്ന സാക്ഷികളായിരിക്കണം. (പ്രവൃത്തികൾ 1:8; എഫെസ്യർ 3:8-12) വാസ്തവത്തിൽ, രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവമായ യഹോവയുടെ ദാസന്മാരെന്ന നിലയിൽ, ഈ രഹസ്യം മറച്ചുവെക്കാൻ നാം ധൈര്യപ്പെടുന്നില്ല!
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ “പാവന രഹസ്യം” എന്താണ്?
□ അതു പ്രസിദ്ധമാക്കപ്പെടേണ്ടതാണെന്നു നമുക്കെങ്ങനെ അറിയാം?
□ യഹോവയുടെ ജനത്തിന്മേൽ ഗോഗിന്റെ ആക്രമണം വരുത്തുന്നതെന്ത്, ഇതിനെ നാമെങ്ങനെ വീക്ഷിക്കണം?
□ നാമോരോരുത്തരും എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്യണം?
[16-ാം പേജിലെ ചതുരം]
ഒരു “പാവന രഹസ്യം” ക്രമാനുഗതമായി വെളിപ്പെടുന്നു
□ പൊ.യു.മു. 4026-നുശേഷം: സാത്താനെ നശിപ്പിക്കുന്നതിന് ദൈവം ഒരു സന്തതിയെ ഉയർത്തുമെന്നു വാഗ്ദാനം ചെയ്യുന്നു.—ഉല്പത്തി 3:15
□ പൊ.യു.മു. 1943: അബ്രാഹാമ്യ ഉടമ്പടി സ്ഥാപിതമായി, സന്തതി അബ്രാഹാമിലൂടെ വരുമെന്നു വാഗ്ദാനം ചെയ്യുന്നു.—ഉല്പത്തി 12:1-7
□ പൊ.യു.മു. 1918: ഉടമ്പടിക്കുള്ള അവകാശിയായി യിസ്ഹാക്കിന്റെ ജനനം—ഉല്പത്തി 17:19; 21:1-5
□ പൊ.യു.മു. ഏകദേശം 1761: സന്തതി യിസ്ഹാക്കിന്റെ പുത്രനായ യാക്കോബിലൂടെ വരുമെന്നു യഹോവ സ്ഥിരീകരിക്കുന്നു.—ഉല്പത്തി 28:10-15
□ പൊ.യു.മു. 1711: സന്തതി വരുന്നത് തന്റെ പുത്രനായ യഹൂദായിലൂടെയായിരിക്കുമെന്നു യാക്കോബ് സൂചിപ്പിക്കുന്നു.—ഉലപ്ത്തി 49:10
□ പൊ.യു.മു. 1070-1038: സന്തതി തന്റെ പിൻഗാമിയായിരിക്കുമെന്നും അവൻ എന്നേക്കും രാജാവായി ഭരിക്കുമെന്നും ദാവീദ് രാജാവു മനസ്സിലാക്കുന്നു.—2 ശമൂവേൽ 7:13-16; സങ്കീർത്തനം 89:35, 36
□ പൊ.യു. 29-33: സന്തതിയും മിശിഹായും ഭാവിന്യായാധിപനും നിയുക്ത രാജാവുമായി യേശു തിരിച്ചറിയിക്കപ്പെടുന്നു.—യോഹന്നാൻ 1:17; 4:25, 26; പ്രവൃത്തികൾ 10:42, 43; 2 കൊരിന്ത്യർ 1:20; 1 തിമൊഥെയൊസ് 3:16
□ തന്നോടൊപ്പം സഹഭരണാധിപന്മാരും ന്യായാധിപന്മാരുമുണ്ടായിരിക്കുമെന്നും സ്വർഗീയ രാജ്യത്തിനു ഭൗമിക പ്രജകളുണ്ടായിരിക്കുമെന്നും തന്റെ അനുഗാമികളെല്ലാം രാജ്യപ്രസംഗകരായിരിക്കണമെന്നും യേശു വെളിപ്പെടുത്തുന്നു.—മത്തായി 5:3-5; 6:10; 28:19, 20; ലൂക്കൊസ് 10:1-9; 12:32; 22:29, 30; യോഹന്നാൻ 10:16; 14:2, 3
□ ഒരു നിശ്ചിത സമയത്ത് രാജ്യം സ്ഥാപിക്കപ്പെടുമെന്നും അതു ലോകസംഭവങ്ങളാൽ സ്ഥിരീകരിക്കപ്പെടുമെന്നും യേശു വെളിപ്പെടുത്തുന്നു.—മത്തായി 24:3-22; ലൂക്കൊസ് 21:24
□ പൊ.യു. 36: യഹൂദരല്ലാത്തവരും രാജ്യാവകാശികളായിരിക്കുമെന്നു പത്രൊസ് മനസ്സിലാക്കുന്നു.—പ്രവൃത്തികൾ 10:30-48
□ പൊ.യു. 55: യേശുവിന്റെ സാന്നിധ്യ കാലത്ത് രാജ്യാവകാശികൾ അമർത്ത്യതയിലേക്കും അദ്രവത്വത്തിലേക്കും പുനരുത്ഥാനം പ്രാപിക്കുമെന്നു പൗലൊസ് വിശദമാക്കുന്നു.—1 കൊരിന്ത്യർ 15:51-54
□ പൊ.യു. 96: തന്റെ അഭിഷിക്താനുഗാമികളുടെമേൽ അതിനോടകംതന്നെ ഭരണം നടത്തുകയായിരുന്ന യേശു അവർ മൊത്തത്തിൽ 1,44,000 പേർ ആയിരിക്കുമെന്നു വെളിപ്പെടുത്തുന്നു.—എഫെസ്യർ 5:32; കൊലൊസ്സ്യർ 1:13-20; വെളിപ്പാടു 1:1; 14:1-3
□ പൊ.യു. 1879: ദൈവത്തിന്റെ “പാവന രഹസ്യ”ത്തിന്റെ പൂർത്തീകരണത്തിൽ 1914 എന്ന വർഷം അതിപ്രധാനമായിരിക്കുമെന്ന് സീയോന്റെ വീക്ഷാഗോപുരം (ഇംഗ്ലീഷ്) സൂചിപ്പിക്കുന്നു
□ പൊ.യു. 1925: 1914-ൽ രാജ്യം പിറന്നുവെന്നു വീക്ഷാഗോപുരം (ഇംഗ്ലീഷ്) വിശദമാക്കുന്നു; രാജ്യത്തെക്കുറിച്ചുള്ള “പാവന രഹസ്യം” പ്രസിദ്ധമാക്കപ്പെടണം.—വെളിപ്പാടു 12:1-5, 10, 17
[15-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ, തങ്ങളുടെ നായകനായ യേശുവിനെപ്പോലെ, യഹോവയുടെ രാജ്യത്തെക്കുറിച്ചു പരസ്യമായി പ്രഖ്യാപിക്കുന്നു