ബൈ ബിളിന്റെ വീക്ഷണം
മൂന്നു രാജാക്കന്മാർ ബേത്ത്ലേഹെമിൽ യേശുവിനെ സന്ദർശിച്ചുവോ?
യേശു പിറന്ന ശേഷം യഹൂദന്മാരുടെ രാജാവെന്ന നിലയിൽ അവനെ അഭിവന്ദിക്കാൻ പൗരസ്ത്യ ദേശത്തു നിന്നുള്ള ശ്രേഷ്ഠ വ്യക്തികൾ ബേത്ത്ലേഹെമിൽ എത്തി. ക്രിസ്തുമസ്സ് ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള അനേകർ ഇന്നും ആ സന്ദർശനത്തെ അനുസ്മരിക്കുന്നു.
ചിലയിടങ്ങളിൽ ആളുകൾ പൗരസ്ത്യ ദേശത്തു നിന്നുള്ള സന്ദർശകരെ, സമ്മാനങ്ങളുമായി നവജാത യേശുവിനെ സമീപിക്കുന്ന മൂന്നു രാജാക്കന്മാരായി ചിത്രീകരിക്കുന്ന പുൽക്കൂടുകൾ ഉണ്ടാക്കുന്നു. മറ്റു ചില ദേശങ്ങളിൽ, “വിശുദ്ധ രാജാക്കന്മാരെ” പോലെ വസ്ത്രം ധരിച്ച കുട്ടികൾ അയലത്തെല്ലാം ചുറ്റിനടക്കുന്നു. 20 നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും, എല്ലായിടത്തുമുള്ള ആളുകൾ ഇപ്പോഴും ആ അസാധാരണ സന്ദർശകരെ ഓർക്കുന്നു. എന്നാൽ, വാസ്തവത്തിൽ അവർ ആരായിരുന്നു?
അവർ രാജാക്കന്മാർ ആയിരുന്നോ?
ആ സംഭവത്തെ കുറിച്ചുള്ള ചരിത്ര വിവരണം മത്തായി എന്ന ബൈബിൾ പുസ്തകത്തിൽ കാണാവുന്നതാണ്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “യേശു ജനിച്ച ശേഷം . . . ഒരു ദിവസം കിഴക്കു നിന്നു ജ്യോതിഷക്കാർ യെരൂശലേമിൽ എത്തി അന്വേഷിച്ചു: ‘യെഹൂദന്മാരുടെ നവജാത രാജാവ് എവിടെ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം ഉദിക്കുന്നതു കണ്ട് അവനെ അഭിവന്ദിക്കാൻ വന്നിരിക്കുന്നവരാണ്.’” (മത്തായി 2:1, 2, ന്യൂ അമേരിക്കൻ ബൈബിൾ) ഈ ബൈബിൾ ഭാഷാന്തരം ആ സന്ദർശകരെ രാജാക്കന്മാർ എന്നു വിളിക്കുന്നതിനു പകരം, കിഴക്കു നിന്നുള്ള ജ്യോതിഷക്കാർ എന്നു വിളിക്കുന്നത് എന്തുകൊണ്ട്?
പ്രസ്തുത തിരുവെഴുത്ത് മാഗോസ് എന്ന ഗ്രീക്കു പദത്തിന്റെ ബഹുവചനരൂപമാണ് ഉപയോഗിക്കുന്നത്. പല ബൈബിൾ ഭാഷാന്തരങ്ങളും ആ പദത്തെ “ജ്ഞാനികൾ,” “ജ്യോതിഷക്കാർ,” “നക്ഷത്രദർശകർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു, അല്ലെങ്കിൽ “മേജൈ” എന്നു കേവലം ലിപ്യന്തരീകരണം ചെയ്തിരിക്കുന്നു. നക്ഷത്ര-ഗ്രഹാദികളുടെ സ്ഥാനം നോക്കി ഉപദേശിക്കുകയും ഭാവികഥനം നടത്തുകയും ചെയ്യുന്നവരെയാണ് ഈ പദം പരാമർശിക്കുന്നത്. അങ്ങനെ, ബേത്ത്ലേഹെമിൽ എത്തിയ സന്ദർശകരെ, ദൈവാംഗീകാരമില്ലാത്ത ഗൂഢവിദ്യാ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന ആഭിചാരകന്മാർ ആയി ബൈബിൾ തിരിച്ചറിയിക്കുന്നു.—ആവർത്തനപുസ്തകം 18:10-12.
അവർ രാജാക്കന്മാരും ആയിരുന്നോ? ആയിരുന്നെങ്കിൽ ബൈബിൾ അവരെ അങ്ങനെ തിരിച്ചറിയിക്കുമായിരുന്നു എന്നു പ്രതീക്ഷിക്കുന്നതു ന്യായയുക്തമാണ്. മത്തായി 2:1-12-ൽ ‘രാജാവ്’ എന്ന പദം നാലു തവണ ഉപയോഗിക്കുന്നുണ്ട്, ഒരു തവണ യേശുവിനെയും മൂന്നു തവണ ഹെരോദാവിനെയും പരാമർശിക്കാൻ. എന്നാൽ, മേജൈകളെ രാജാക്കന്മാർ എന്ന് ഒരു തവണ പോലും അവിടെ പരാമർശിക്കുന്നില്ല. ഇതേക്കുറിച്ച് ദ കാത്തലിക് എൻസൈക്ലോപീഡിയ ഇങ്ങനെ പ്രസ്താവിക്കുന്നു: “സഭാ പിതാക്കന്മാർ ആരും മേജൈകളെ രാജാക്കന്മാരായി കരുതുന്നില്ല.” ബൈബിളും അവരെ രാജാക്കന്മാർ എന്നു വിളിക്കുന്നില്ല.
വന്നതു മൂന്നു പേരോ?
ബൈബിൾ വൃത്താന്തത്തിൽ മേജൈകളുടെ സംഖ്യ സൂചിപ്പിച്ചിട്ടില്ല. എന്നുവരികിലും, അവർ മൂന്നു പേർ ഉണ്ടായിരുന്നു എന്ന പരമ്പരാഗത വീക്ഷണമാണു പുൽക്കൂടു ദൃശ്യങ്ങളിലും ക്രിസ്തുമസ്സ് ഗാനങ്ങളിലും പ്രതിഫലിക്കുന്നത്. മൂന്നു തരം സമ്മാനങ്ങൾ ഉണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു പ്രസ്തുത ആശയം പ്രചരിച്ചിരിക്കുന്നത്. അതേക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “[അവർ] നിക്ഷേപപാത്രങ്ങളെ തുറന്നു [യേശുവിനു] പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു.”—മത്തായി 2:11.
മൂന്നു സമ്മാനങ്ങൾ നൽകി എന്നതുകൊണ്ട് മൂന്നു മേജൈകൾ ഉണ്ടായിരുന്നു എന്നു നിഗമനം ചെയ്യുന്നതു വാസ്തവത്തിൽ ന്യായയുക്തമാണോ? ഇസ്രായേൽ സന്ദർശിച്ച മറ്റൊരു ശ്രേഷ്ഠ വ്യക്തിയെ കുറിച്ചുള്ള വിവരണം നമുക്കു പരിചിന്തിക്കാം. ശെബാരാജ്ഞി ഒരിക്കൽ ശലോമോൻ രാജാവിനെ സന്ദർശിച്ച് അവന് “സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും” സമ്മാനിച്ചു. (1 രാജാക്കന്മാർ 10:2) മൂന്നു തരം സമ്മാനങ്ങളെ കുറിച്ചു പരാമർശിക്കുന്നെങ്കിലും അവ നൽകിയത് ഒരേയൊരു വ്യക്തി—ശെബാരാജ്ഞി—ആയിരുന്നു. അവൾ നൽകിയ സമ്മാനങ്ങളുടെ എണ്ണം, ആ സന്ദർഭത്തിൽ മൂന്നു വ്യക്തികൾ ശലോമോനെ സന്ദർശിച്ചു എന്ന് അർഥമാക്കുന്നില്ല. സമാനമായി, യേശുവിനു നൽകിയ മൂന്നു സമ്മാനങ്ങളും അവ കൊണ്ടുവന്ന ആളുകളുടെ എണ്ണവും തമ്മിൽ യാതൊരു ബന്ധവുമില്ല.
ദ കാത്തലിക് എൻസൈക്ലോപീഡിയ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സുവിശേഷ വിവരണം മേജൈകളുടെ എണ്ണം രേഖപ്പെടുത്തുന്നില്ല. ഇക്കാര്യത്തിൽ കൃത്യതയുള്ള യാതൊരു പരമ്പരാഗത വിവരണങ്ങളും ഇല്ലതാനും. ചില സഭാപിതാക്കന്മാർ മൂന്നു മേജൈകളെ കുറിച്ചു പറയുന്നു; സമ്മാനങ്ങളുടെ എണ്ണമാകാം അത്തരമൊരു ധാരണയിലേക്ക് അവരെ നയിച്ചത്.” വിവിധ കലാസൃഷ്ടികൾ രണ്ടും മൂന്നും നാലും പേർ—എന്തിന്, ഏഴു പേർ പോലും—യേശുവിനെ സന്ദർശിക്കുന്നതായി ചിത്രീകരിക്കുന്നു. ചില പരമ്പരാഗത വിശ്വാസങ്ങൾ അനുസരിച്ച് അവരുടെ എണ്ണം 12 വരെയെത്തുന്നു. എത്ര മേജൈകൾ സന്ദർശിച്ചിരുന്നു എന്നു തിട്ടപ്പെടുത്താൻ യാതൊരു മാർഗവും ഇല്ല.
പ്രചാരമേറിയതെങ്കിലും വസ്തുനിഷ്ഠമല്ലാത്ത കഥ
പരക്കെ വിശ്വസിച്ചു പോരുന്നതിൽ നിന്നു വ്യത്യസ്തമായി മേജൈകൾ ആദ്യം വന്നെത്തിയത് ബേത്ത്ലേഹെമിൽ അല്ല യെരൂശലേമിലാണ്, അതും യേശു ജനിച്ച ശേഷം. യേശു ജനിച്ചപ്പോൾ അവർ സന്നിഹിതർ ആയിരുന്നില്ല. പിന്നീട്, അവർ ബേത്ത്ലേഹെമിൽ എത്തിയപ്പോൾ ‘വീട്ടിനുള്ളിൽ കടന്നുചെന്ന് ശിശുവിനെ കണ്ടു’ എന്ന് ബൈബിൾ പറയുന്നു. (മത്തായി 2:1, 11, ഓശാന ബൈബിൾ) ഇതിൽ നിന്ന് ഒരു വസ്തുത വ്യക്തമാണ്, മേജൈകൾ യേശുവിനെ സന്ദർശിക്കുന്നതിനു മുമ്പുതന്നെ അവന്റെ കുടുംബം ഒരു വീട്ടിലേക്കു മാറിയിരുന്നു. അവൻ പുൽത്തൊട്ടിയിൽ കിടക്കുന്നതല്ല അവർ കണ്ടത്.
യേശു ജനിച്ച സമയത്ത് മൂന്നു രാജാക്കന്മാർ അവനെ വണങ്ങാൻ എത്തിയെന്ന പ്രചാരമേറിയ കഥ തിരുവെഴുത്തുകളുടെ വീക്ഷണത്തിൽ വസ്തുനിഷ്ഠമല്ല. മുകളിൽ സൂചിപ്പിച്ച പ്രകാരം, യേശുവിനെ സന്ദർശിച്ച മേജൈകൾ രാജാക്കന്മാരല്ല, മറിച്ച് ഗൂഢവിദ്യാ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന ജ്യോതിഷക്കാരാണ് എന്നു ബൈബിൾ പഠിപ്പിക്കുന്നു. അവർ എത്ര പേർ ഉണ്ടായിരുന്നു എന്നു തിരുവെഴുത്തു വൃത്താന്തം പറയുന്നില്ല. കൂടാതെ, ജനിച്ചയുടനെ യേശുവിനെ പുൽത്തൊട്ടിയിൽ കിടത്തിയിരുന്നപ്പോഴല്ല, മറിച്ച് പിന്നീട് എപ്പോഴോ അവന്റെ കുടുംബം ഒരു വീട്ടിൽ താമസിക്കുമ്പോഴാണ് അവർ അവനെ സന്ദർശിച്ചത്.
മൂന്നു രാജാക്കന്മാരെ കുറിച്ചു പരക്കെയുള്ള വിശ്വാസങ്ങളും മറ്റു ക്രിസ്തുമസ്സ് കഥകളുമൊക്കെ തിരുവെഴുത്തുപരമായി തെറ്റാണെങ്കിലും, അവ വിശേഷദിവസത്തോടു ബന്ധപ്പെട്ട കേവലം നിർദോഷമായ കഥകളായി പൊതുവെ വീക്ഷിക്കപ്പെടുന്നു. എന്നാൽ, വ്യാജവിശ്വാസത്തിന്റെ ലാഞ്ഛന പോലും ഇല്ലാത്ത ആരാധനാ രീതിക്കാണു ക്രിസ്ത്യാനികൾ ഉയർന്ന വില കൽപ്പിക്കുന്നത്. യേശുവിന്റെ മനോഭാവവും അതുതന്നെ ആയിരുന്നു. പിതാവിനോടുള്ള പ്രാർഥനയിൽ അവൻ ഒരിക്കൽ പറഞ്ഞു: “നിന്റെ വചനം സത്യം ആകുന്നു.” (യോഹന്നാൻ 17:17) “സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; . . . തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു” എന്ന് അവൻ പറഞ്ഞു.—യോഹന്നാൻ 4:23.
[15-ാം പേജിലെ ചിത്രം]
“മേജൈ പൂജ”