ദാമ്പത്യബന്ധങ്ങളെ ബലിഷ്ഠമാക്കുന്ന വിധം
“ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ” എന്നു മഹദ്ഗുരുവായ യേശുക്രിസ്തുവിനെ കുടുക്കിലാക്കാൻ ശ്രമിക്കുകയായിരുന്ന പരീശൻമാർ ചോദിച്ചു. ഒന്നാമത്തെ മനുഷ്യവിവാഹത്തെ പരാമർശിച്ചുകൊണ്ട് അവിടുന്ന് അവർക്കു മറുപടി നൽകുകയും ഇക്കാര്യത്തിൽ “ദൈവം യോജിപ്പിച്ചതിനെ മനുഷ്യർ വേർപിരിക്കരുത്” എന്ന ഒരു പ്രമാണം വെക്കുകയും ചെയ്തു.
“ഉപേക്ഷണപത്രം” കൊടുക്കാൻ നിർദേശിച്ചുകൊണ്ട് മോശ വിവാഹമോചനത്തിനു വ്യവസ്ഥ ചെയ്തുവെന്നു പരീശൻമാർ വാദിച്ചു. യേശു അവർക്കു മറുപടി നൽകി: “നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചതു; ആദിയിൽ അങ്ങനെയല്ലായിരുന്നു. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറെറാരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”—മത്തായി 19:3-9.
ആദിയിൽ, വിവാഹം ഒരു ശാശ്വത ബന്ധം ആയിരിക്കേണ്ടിയിരുന്നു. ആദ്യത്തെ വിവാഹദമ്പതികളെ മരണംപോലും വേർപെടുത്തുകയില്ലായിരുന്നു, എന്തെന്നാൽ അവർ നിത്യജീവന്റെ കാഴ്ചപ്പാടോടെ പൂർണ മനുഷ്യരായിട്ടാണു സൃഷ്ടിക്കപ്പെട്ടത്. എന്നിരുന്നാലും അവർ പാപം ചെയ്തു. അവരുടെ പാപം മാനുഷ വിവാഹത്തിനു കളങ്കം ചാർത്തി. ശത്രുവായ മരണം വിവാഹദമ്പതികളെ വേർപെടുത്താൻ തുടങ്ങി. ദൈവം മരണത്തെ വിവാഹത്തിന്റെ അവസാനമായി വീക്ഷിക്കുന്നു. നാം ബൈബിളിൽ വായിക്കുന്നതുപോലെ: “ഭർത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭർത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ര്യം ഉണ്ട്; എന്നാൽ കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 7:39) ഇത്, ഏതോ മരണാനന്തര ജീവിതത്തിലേക്കു വിവാഹബന്ധം തുടർന്നുപോകുന്നു എന്ന വിശ്വാസത്തോടെ, ഭർത്താവിന്റെ മരണത്തിങ്കൽ ഭാര്യ സ്വയം ദഹിപ്പിക്കാൻ പ്രേരിപ്പിക്കപ്പെടുകയോ നിർബന്ധിക്കപ്പെടുകയോ ചെയ്യുന്ന സതിപോലുള്ള വിശ്വാസത്തിൽനിന്നു വളരെ വ്യത്യസ്തമാണ്.
മോശൈക ന്യായപ്രമാണ വ്യവസ്ഥ
മോശൈക ന്യായപ്രമാണം നൽകപ്പെട്ട കാലമായപ്പോൾ യഹോവ ഇസ്രയേല്യരുടെ ഹൃദയകാഠിന്യം പരിഗണിച്ച് വിവാഹമോചനത്തിനുള്ള ഒരു വ്യവസ്ഥ ചെയ്യേണ്ട ഘട്ടത്തോളം വൈവാഹിക ബന്ധങ്ങൾ അധഃപതിച്ചിരുന്നു. (ആവർത്തനം 24:1) നിസ്സാര കുററങ്ങളുടെ പേരിൽ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുന്നതിന് ഇസ്രയേല്യർ ഈ നിയമം ദുരുപയോഗം ചെയ്യണം എന്നതു ദൈവത്തിന്റെ ഉദ്ദേശ്യമല്ലായിരുന്നു, തങ്ങളെപ്പോലെതന്നെ തങ്ങളുടെ കൂട്ടുകാരെയും സ്നേഹിക്കേണം എന്ന അവിടുത്തെ കൽപ്പനയിൽനിന്ന് ഇതു വെളിവാകുന്നു. (ലേവ്യപുസ്തകം 19:18) ഉപേക്ഷണപത്രം കൊടുക്കുന്നതുപോലും ഒരു തടസ്സമായി ഉതകി, കാരണം ഉപേക്ഷണപത്രം എഴുതുന്ന പ്രക്രിയയുടെ ഭാഗമായി വിവാഹമോചനം ആഗ്രഹിക്കുന്ന ഭർത്താവ് യഥോചിതം അധികാരപ്പെടുത്തപ്പെട്ട പുരുഷൻമാരുമായി ആലോചന കഴിക്കണമായിരുന്നു. അവർ ഒരു അനുരഞ്ജനം സാധ്യമാക്കുന്നതിനു ശ്രമിക്കുമായിരുന്നു. ഇല്ല, “ഏതു കാരണം ചൊല്ലിയും” ഒരുവന്റെ ഭാര്യയെ ഉപേക്ഷിക്കാനുള്ള ഏതെങ്കിലും അവകാശം സ്ഥാപിക്കുന്നതിനായിരുന്നില്ല ദൈവം ഈ നിയമം നൽകിയത്.—മത്തായി 19:3.
എന്നിരുന്നാലും, ഇസ്രയേല്യർ കാലക്രമത്തിൽ ഈ നിയമത്തിന്റെ അന്തഃസത്തയെ അവഗണിക്കുകയും തങ്ങളുടെ വ്യാമോഹങ്ങൾക്കു ചേരുന്ന ഏതടിസ്ഥാനത്തിലും വിവാഹമോചനം നേടുന്നതിന് ഈ വ്യവസ്ഥയെ ചൂഷണം ചെയ്യുകയും ചെയ്തു. പൊ.യു.മു. [പൊതുയുഗത്തിനു മുമ്പ്] അഞ്ചാം നൂററാണ്ടോടെ, അവർ തങ്ങളുടെ യൗവനത്തിലെ ഭാര്യമാരെ ഏതുതരം കാരണങ്ങൾ ചൊല്ലിയും ഉപേക്ഷിച്ചുകൊണ്ട് അവരോടു വഞ്ചനാത്മകമായി ഇടപെടുകയായിരുന്നു. താൻ വിവാഹമോചനത്തെ വെറുക്കുന്നു എന്നു യഹോവ തീർത്തു പറഞ്ഞിരുന്നു. (മലാഖി 2:14-16) ഈ പശ്ചാത്തലത്തിന്റെ വെളിച്ചത്തിലായിരുന്നു യേശു തന്റെ നാളിൽ ഇസ്രയേല്യർ നടത്തിക്കൊണ്ടിരുന്ന വിവാഹമോചനത്തെ കുററം വിധിച്ചത്.
വിവാഹമോചനത്തിനുള്ള ന്യായമായ ഏക അടിസ്ഥാനം
എങ്കിലും, വിവാഹമോചനത്തിനുള്ള ന്യായമായ ഒരടിസ്ഥാനം യേശു സൂചിപ്പിക്കുകതന്നെ ചെയ്തു: പരസംഗം. (മത്തായി 5:31, 32; 19:8, 9) “പരസംഗം” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന പദത്തിൽ ഒരേ ലിംഗവർഗത്തിൽപ്പെട്ട ഒരാളുമായിട്ടായാലും വിപരീത ലിംഗവർഗത്തിൽപ്പെട്ട ഒരാളുമായിട്ടായാലും ഒരു മൃഗവുമായിട്ടായാലും തിരുവെഴുത്തധിഷ്ഠിത വിവാഹത്തിനു പുറത്തുള്ള ഏതുതരം അവിഹിത ലൈംഗിക വേഴ്ചയും ഉൾപ്പെടുന്നു.
എന്നാൽപ്പോലും, യേശു അവിശ്വസ്തരായ ഇണകളിൽനിന്നുള്ള വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുകയല്ലായിരുന്നു. ഉൾപ്പെട്ടിരിക്കുന്ന പരിണതഫലങ്ങൾ തൂക്കിനോക്കിയിട്ട് വിവാഹമോചനം വേണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു നിർദോഷിയായ ഇണയാണ്. ഈ തിരുവെഴുത്തടിസ്ഥാനത്തിൽ വിവാഹമോചനത്തെക്കുറിച്ചു ഗൗരവമായി ചിന്തിക്കുന്ന ഭാര്യമാർക്ക് ആദ്യസ്ത്രീക്ക് അവളുടെ പാപത്തിനു ദൈവം ശിക്ഷാവിധി നൽകിയപ്പോഴത്തെ പ്രസ്താവനകൂടി പരിഗണിക്കാവുന്നതാണ്. മരണവിധിക്കു പുറമെ, ദൈവം ഹവ്വായോടു പ്രത്യേകം ഇങ്ങനെ പറഞ്ഞു: “നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും.” (ഉല്പത്തി 3:16) സി. എഫ്. കൈൽ, എഫ്. ഡെലിഷ് എന്നിവരാലുള്ള ദ കമെൻററി ഓൺ ദി ഓൾഡ് ടെസ്ററമെൻറ് ഈ “ആഗ്രഹം” ഏറെക്കുറെ “ഒരു വ്യാധി മാതിരിയുള്ള ഒരു മോഹ”മാണെന്നു വിശദീകരിക്കുന്നു. ഈ ആഗ്രഹം എല്ലാ ഭാര്യമാരിലും അത്രയും ശക്തമല്ലെന്നു സമ്മതിക്കുന്നു, എന്നാൽ നിർദോഷിയായ ഒരു ഭാര്യ വിവാഹമോചനത്തെക്കുറിച്ചു പരിചിന്തിക്കുമ്പോൾ സ്ത്രീകൾ ഹവ്വായിൽനിന്ന് അവകാശപ്പെടുത്തിയിരിക്കുന്ന വൈകാരിക ആവശ്യങ്ങൾ അവർ പരിഗണനയിൽ എടുക്കുന്നതു ബുദ്ധിയായിരിക്കും. എന്നിരുന്നാലും, കുററക്കാരനോ കുററക്കാരിയോ ആയ ഒരു ഇണയുടെ, വിവാഹത്തിനു പുറത്തുള്ള ലൈംഗികതക്കു നിർദോഷിയായ ഇണയ്ക്ക് എയ്ഡ്സ് ഉൾപ്പെടെ ലൈംഗികമായി പകരുന്ന രോഗങ്ങൾ പിടിപെടുന്നതിന് ഇടയാക്കാൻ കഴിയുമെന്നതിനാൽ ചിലർ യേശു വിശദീകരിച്ചപ്രകാരം വിവാഹമോചനത്തെ ആശ്രയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കുടുംബപ്രശ്നത്തിന്റെ ആരംഭം
ആളുകളുടെ ഹൃദയകാഠിന്യത്തിന്റെ ഉത്ഭവം ആദ്യ ദമ്പതികൾ ദൈവത്തിനെതിരെ ചെയ്ത പാപത്തിലാണ്. (റോമർ 5:12) ആദ്യമാനുഷ ജോടി തങ്ങളുടെ സ്വർഗീയ പിതാവിനെതിരെ പാപം ചെയ്തപ്പോൾ കുടുംബവഴക്കിന്റെ വിത്തുകൾ വിതക്കപ്പെട്ടു. അതെങ്ങനെ? ആദ്യസ്ത്രീ ആയ ഹവ്വാ വിലക്കപ്പെട്ട വൃക്ഷത്തിൽനിന്നു തിന്നാൻ ഒരു സർപ്പത്താൽ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ അവൾ നിസ്സങ്കോചം ആ ഫലം ഭക്ഷിച്ചു. ആ നിർണായകമായ തീരുമാനമെടുത്തശേഷം മാത്രമാണ് അവൾ സർപ്പം തന്നോടു പറഞ്ഞിരുന്നതിനെപ്പററി ഭർത്താവിനോടു പറഞ്ഞത്. (ഉൽപത്തി 3:6) അതേ, അവൾ ഭർത്താവിനോട് അഭിപ്രായം ചോദിക്കാതെ പ്രവർത്തിച്ചിരുന്നു. ഇവിടെ അനേകം കുടുംബങ്ങൾ ഇന്നു നേരിടുന്ന പ്രശ്നങ്ങളുടെ മുൻമാതൃകയാണുള്ളത്—ഹൃദയം തുറന്നുള്ള ആശയവിനിമയത്തിന്റെ അഭാവം.
പിന്നീട്, തങ്ങളുടെ പാപത്തിന്റെ പരിണതഫലങ്ങളെ അഭിമുഖീകരിച്ചപ്പോൾ ആദാമും ഹവ്വായും, കുഴപ്പത്തിൽ അകപ്പെടുമ്പോൾ ഇന്ന് അനേകം ദമ്പതികൾ പ്രയോഗിക്കാറുള്ള അതേ തന്ത്രത്തെ ആശ്രയിച്ചു, അതായത് മററുള്ളവരെ പഴിക്കൽ. ആദ്യത്തെ മനുഷ്യനായ ആദാം “എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്നു പറഞ്ഞുകൊണ്ടു താൻ ചെയ്ത കാര്യത്തിനു ഭാര്യയെയും യഹോവയെയും പഴിച്ചു. ക്രമത്തിൽ സ്ത്രീ ഇങ്ങനെ പറഞ്ഞു: “പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി.”—ഉല്പത്തി 3:12, 13.
ആദാമിന്റെയും ഹവ്വായുടെയും മേലുള്ള യഹോവയുടെ ന്യായവിധി പ്രഖ്യാപനം, സംജാതമാകുമായിരുന്ന കുഴപ്പങ്ങളിലെ മറെറാരു ഘടകത്തെക്കൂടി മുൻകൂട്ടിപ്പറഞ്ഞു. ഭർത്താവിനോടുള്ള അവളുടെ ബന്ധത്തെക്കുറിച്ച് യഹോവ ഹവ്വായോടു പറഞ്ഞു: “അവൻ നിന്നെ ഭരിക്കും.” ഞങ്ങളുടെ ആദ്യത്തെ ലേഖനത്തിൽ സൂചിപ്പിച്ചിരുന്ന ഈസാവോയെപ്പോലെ, ഇന്ന് അനേകം ഭർത്താക്കൻമാർ ഭാര്യമാരുടെ വികാരങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ നിർദയമായ വിധത്തിൽ തങ്ങളുടെ ഭാര്യമാരെ ഭരിക്കുന്നു. എന്നിട്ടും നിരവധി ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാരുടെ ശ്രദ്ധക്കുവേണ്ടി തുടർന്നും അഭിലഷിക്കുന്നു. ആ അഭിലാഷം തൃപ്തിയടയാത്തപ്പോൾ ഭാര്യമാർ ആ ശ്രദ്ധ ആവശ്യപ്പെടുകയും സ്വാർഥപരമായി പെരുമാറുകയും ചെയ്തേക്കാം. നിരവധി ഭർത്താക്കൻമാർ ഭരിക്കുകയും നിരവധി ഭാര്യമാർ അവരുടെ ശ്രദ്ധക്കായി അഭിലഷിക്കുകയും ചെയ്യുമ്പോൾ, സ്വാർഥത പ്രബലപ്പെടുകയും സമാധാനം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. “ഇന്നത്തെ വിവാഹമോചനങ്ങളെ എങ്ങനെ വിശകലനം ചെയ്യാം” എന്ന തലക്കെട്ടുള്ള ഒരു പത്രത്തിൽ ഷൂൺസ്ക്കേ സെരീസാവാ പറഞ്ഞു: “‘തങ്ങളുടെ സ്വന്തമായ രീതി ഉണ്ടായിരിക്കൽ’ എന്ന ഈ വിവാദപ്രശ്നത്തിൽ ഉൾപ്പെട്ടിരിക്കുന്ന അടിസ്ഥാന പ്രശ്നത്തെ, അതായത് ആളുകൾ തങ്ങളുടെ സ്വന്തം താത്പര്യങ്ങൾക്കു മുൻഗണന നൽകാൻ പ്രവണത കാട്ടുന്നുവെന്നതിനെ നാം അവഗണിച്ചാൽ ഇന്നത്തെ വിവാഹമോചനങ്ങളെ വിശകലനം ചെയ്യുക പെട്ടെന്ന് അസാധ്യമായിത്തീരും.”
എന്നിരുന്നാലും, തങ്ങളുടെ അപൂർണാവസ്ഥയിൽപ്പോലും വൈവാഹിക സന്തോഷം ഒരു പരിധിവരെ ആസ്വദിക്കാൻ അനുസരണമുള്ള ദമ്പതികൾക്കു കഴിയേണ്ടതിനു യഹോവ തന്റെ വചനത്തിൽ മാർഗനിർദേശം നൽകിയിരിക്കുന്നു. ഈസാവോ ദൈവത്തിന്റെ മാർഗനിർദേശം അനുസരിച്ചു, ഇപ്പോൾ ഒരു സന്തുഷ്ട കുടുംബജീവിതം നയിക്കുകയും ചെയ്യുന്നു. വൈവാഹിക ബന്ധത്തെ ബലിഷ്ഠമാക്കാൻ ബൈബിൾ തത്ത്വങ്ങൾ ആളുകളെ സഹായിക്കുന്നത് എങ്ങനെയെന്നു നമുക്കു നോക്കാം.
കാര്യങ്ങൾ പറഞ്ഞുതീർക്കുക
നിരവധി വിവാഹബന്ധങ്ങളിൽ, ആശയവിനിമയത്തിന്റെ അഭാവം, മററുള്ളവരെ പഴിക്കാനുള്ള പ്രവണത, സ്വാർഥപരമായ മനോഭാവങ്ങൾ എന്നിവ ഭാര്യക്കും ഭർത്താവിനും പരസ്പര വികാരങ്ങളെ മനസ്സിലാക്കുക ദുഷ്കരമാക്കുന്നു. “ഗാഢസൗഹൃദത്തിന് വികാരങ്ങൾ പങ്കിടുന്നത് ഒരു മുൻവ്യവസ്ഥയായതിനാൽ, അതിനു പരിപൂർണ വിശ്വാസം ആവശ്യമാണ്. എന്നാൽ ഇന്നു വിശ്വാസം വിരളമാണ്” എന്നു ഗവേഷകയായ കാരൾ എസ്. ആവേരി പറയുന്നു. പങ്കുവെക്കപ്പെടുന്ന ഉള്ളിന്റെ ഉള്ളിലെ വികാരങ്ങളുടെ ഒരു കൂമ്പാരം ഈ വിശ്വാസത്തെ പരിപുഷ്ടിപ്പെടുത്തുന്നു. ഇതിനു ഭാര്യക്കും ഭർത്താവിനുമിടയിൽ, ഹൃദയം തുറന്നുള്ള ആശയവിനിയമം ആവശ്യമാണ്.
“മമനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും” എന്നു പറഞ്ഞുകൊണ്ടു സ്വകാര്യ ചിന്തകൾ പങ്കുവെക്കുന്നതിനെ പ്രോത്സാഹിപ്പിക്കാൻ സദൃശവാക്യങ്ങൾ ഒരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു. (സദൃശവാക്യങ്ങൾ 20:5) വിവാഹ ഇണകൾ വിവേചനയുള്ളവർ ആയിരിക്കയും തങ്ങളുടെ ഇണയുടെ ഹൃദയത്തിൽ ആഴത്തിലുള്ള ചിന്തകളെ കോരിയെടുക്കുകയും വേണം. നിങ്ങളുടെ ഇണ അസ്വസ്ഥയായിരിക്കയാണെന്നു സങ്കൽപ്പിക്കുക. “ഇന്നത്തെ എന്റെ ദിവസം വിഷമമുള്ളതായിരുന്നു” എന്നു പറയുന്നതിനു പകരം “നിങ്ങൾക്കിന്നു വിഷമമുള്ള ഒരു ദിവസമായിരുന്നോ? എന്തു സംഭവിച്ചു?” എന്നു ദയാപുരസ്സരം എന്തുകൊണ്ടു ചോദിച്ചുകൂടാ? നിങ്ങളുടെ ഇണയെ ശ്രദ്ധിക്കുന്നതിനു സമയവും ശ്രമവും വേണ്ടിവന്നേക്കാം, എന്നാൽ അവരെ അവഗണിക്കുകയും, പിന്നീടു പൊട്ടിത്തെറിക്കുന്ന അവരുടെ ശക്തമായ വികാരങ്ങളെ നേരിടേണ്ടിവരുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ സുഖകരവും തൃപ്തികരവും സമയലാഭമുള്ളതും സാധാരണമായി ഇങ്ങനെ സമയം ചെലവഴിക്കുന്നതാണ്.
വിശ്വാസമാർജിക്കുന്നതിന് ഓരോരുത്തരും സത്യസന്ധരായിരിക്കയും മറേറ ഇണക്കു മനസ്സിലാകുന്ന രീതിയിൽ വികാരങ്ങൾ പ്രകടമാക്കാൻ ശ്രമിക്കുകയും വേണം. “സത്യം സംസാരിപ്പിൻ; നാം തമ്മിൽ അവയവങ്ങളല്ലോ” എന്നു ദൈവവചനം പ്രോത്സാഹിപ്പിക്കുന്നു. (എഫെസ്യർ 4:25) സത്യം സംസാരിക്കുന്നതിനു വിവേകം ആവശ്യമാണ്. തന്റെ അഭിപ്രായങ്ങളെ മാനിക്കുന്നില്ലെന്ന് ഒരു ഭാര്യക്കു തോന്നുന്നു എന്നു സങ്കൽപ്പിക്കുക. സംസാരിക്കുന്നതിനു മുമ്പ് അവൾ “വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ” എന്ന സദൃശവാക്യം പരിഗണിക്കണം. (സദൃശവാക്യങ്ങൾ 17:27) “നിങ്ങളൊരിക്കലും ഞാൻ പറയുന്നതു കേൾക്കില്ല!” എന്നു ഭർത്താവിനെ കുററപ്പെടുത്തുന്നതിനെക്കാൾ, മനസ്സിൽ ഇച്ഛാഭംഗവും നിരാശയും ഉരുണ്ടുകൂടുന്നതിനു മുമ്പുതന്നെ തന്റെ വികാരങ്ങൾ ശാന്തമായി പ്രകടമാക്കുന്നതായിരിക്കും ഏറെ മെച്ചം. ഒരുപക്ഷേ, ഏതാണ്ടിങ്ങനെ പറഞ്ഞുകൊണ്ട് അവൾ തന്റെ വികാരം വെളിപ്പെടുത്തണം: “നിങ്ങൾക്കു തിരക്കാണെന്ന് എനിക്കറിയാം, എന്നാൽ നിങ്ങളോടൊപ്പം ചെലവഴിക്കാൻ കുറച്ചുകൂടി സമയം ഉണ്ടായിരിക്കുന്നത് എന്നെ വളരെ സന്തുഷ്ടയാക്കും.”
വാസ്തവത്തിൽ “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യം സാധിക്കാതെ പോകുന്നു.” (സദൃശവാക്യങ്ങൾ 15:22) നിങ്ങളുടെ ഇണ നിങ്ങളെ സ്നേഹിക്കുന്നു, എന്നാൽ അവൾക്കു നിങ്ങളുടെ മനസ്സ് അറിയാൻ കഴിയുമെന്ന് അതിനർഥമില്ല. നിങ്ങളുടെ വിചാരം നയപരമായ ഒരു വിധത്തിൽ നിങ്ങളുടെ ഇണയെ അറിയിക്കണം. ഇതു ക്രിസ്തീയ വിവാഹ ദമ്പതികൾ എന്ന നിലയിൽ “ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാക്കു”ന്നതിനു സ്നേഹപൂർവകമായ ഭേദഗതികൾ വരുത്താൻ നിങ്ങളെ സഹായിക്കും.—എഫെസ്യർ 4:2, 3.
ഉദാഹരണത്തിന്, സ്ത്രീജിതനും ചൂതുകളിയിൽ അതിമോഹമുള്ളവനുമായ കാസുവോയുടെ കാര്യമെടുക്കുക. അയാൾ ലക്ഷക്കണക്കിനു ഡോളറിന്റെ കടത്തിൽ മുങ്ങി. കടം വീട്ടുന്നതിനു പിന്നെയും പണം വാങ്ങി അയാൾ ആഴത്തിൽ മുങ്ങിപ്പോയി. പിന്നെ അയാൾ ബൈബിൾ പഠിക്കാൻ തുടങ്ങുകയും തന്റെ പ്രശ്നങ്ങളെക്കുറിച്ചു ഭാര്യയോടു പറയാനുള്ള ധൈര്യം സംഭരിക്കുകയും ചെയ്തു. അയാൾ അവളുടെ ആരോപണങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറായിരുന്നു. എന്നാൽ തന്നെക്കാൾ ഏറെ നാൾ ബൈബിൾ പഠിച്ചുകൊണ്ടിരുന്ന അവൾ “കടങ്ങൾ എങ്ങനെ വീട്ടാമെന്നു നമുക്കു ചിന്തിച്ചുനോക്കാം” എന്നു സമാധാനപൂർവം മറുപടി നൽകിയപ്പോൾ അയാൾ അത്ഭുതംകൂറി നിന്നുപോയി.
പിറേറ ദിവസം മുതൽ അവർ തങ്ങളുടെ കടക്കാരെ സന്ദർശിക്കുകയും തങ്ങളുടെ വീടു വിററുപോലും കടങ്ങൾ വീട്ടാൻ തുടങ്ങുകയും ചെയ്തു. കടങ്ങൾ വീട്ടാൻ ഏതാണ്ട് ഒരു വർഷമെടുത്തു. തന്റെ ഭാര്യ കീമീക്കു മാററംവരുത്തിയത് എന്താണ്? അവൾ പറയുന്നു: “ഫിലിപ്പിയർ 4-ാമധ്യായത്തിന്റെ 6-ഉം 7-ഉം വാക്യങ്ങളിൽ കാണപ്പെടുന്നതു തീർച്ചയായും സത്യമാണ്. ‘ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.’” അവൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “കഷ്ടപ്പാടുകളുണ്ടായിട്ടും ഞാൻ എത്രയോ പ്രസന്നവതിയാണെന്നു കണ്ട് അത്ഭുതപ്പെട്ടിട്ട് എന്റെ ഒരു സ്നേഹിത എന്നോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി.” അതിനുശേഷം കസുവോയും ഭാര്യയും സ്നാപനമേററു, ഇപ്പോൾ ഒരു സന്തുഷ്ട കുടുംബജീവിതം ആസ്വദിക്കുകയും ചെയ്യുന്നു.
സത്യം പറഞ്ഞുകൊണ്ടു പരസ്പരം വിശ്വസിച്ചതിനുപുറമേ, മേൽപ്പറഞ്ഞ അനുഭവങ്ങൾ ഉണ്ടായിട്ടുള്ള ഭാര്യാഭർത്താക്കൻമാർ വൈവാഹിക പ്രശ്നങ്ങളെ തരണംചെയ്യാൻ ഇണകളെ സഹായിക്കുന്ന മറെറാന്നുകൂടി ചെയ്തു. അവർ വിവാഹക്രമീകരണത്തിന്റെ കാരണഭൂതനായ യഹോവയാം ദൈവവുമായി ആശയവിനിയമം നടത്തി. ദമ്പതികൾ അനുഭവിക്കുന്ന സമ്മർദങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നാലും അവർ അവിടുത്തെ തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ തങ്ങളാൽ കഴിവതെല്ലാം ചെയ്യുകയും ശേഷമുള്ളത് അവിടുത്തെ കരങ്ങളിൽ അർപ്പിക്കുകയും ചെയ്യുന്നെങ്കിൽ അവിടുന്ന് അവരെ സകല ചിന്തയെയും കവിയുന്ന ദൈവസമാധാനം നൽകി അനുഗ്രഹിക്കും. ഒന്നിച്ചു പ്രാർഥിക്കുന്നതു വിശേഷാൽ സഹായകമാണ്. ഭർത്താവു നേതൃത്വം വഹിക്കുകയും താനും ഭാര്യയും നേരിടുന്ന ഏതു പ്രശ്നവും സംബന്ധിച്ച് അവിടുത്തെ മാർഗനിർദേശവും നേതൃത്വവും തേടിക്കൊണ്ട് ദൈവമുമ്പാകെ ‘ഹൃദയം പകരുക’യും ചെയ്യണം. (സങ്കീർത്തനം 62:8) യഹോവയാം ദൈവം തീർച്ചയായും അത്തരം പ്രാർഥനകൾ കേൾക്കും.
അതേ, വിവാഹബന്ധത്തെ ബലിഷ്ഠമാക്കുക സാധ്യമാണ്. കലുഷിതമായ ഒരു ജനസമുദായത്തിൽ നമ്മുടെ സകല അപൂർണതകളോടുംകൂടെ ജീവിക്കുന്ന ഇപ്പോൾപ്പോലും, വിവാഹ ദമ്പതികൾക്കു തങ്ങളുടെ ബന്ധത്തിൽ ഗണ്യമായ സന്തോഷം കണ്ടെത്താൻ കഴിയും. വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകത്തിൽ നിങ്ങൾക്കു കൂടുതലായ പ്രായോഗിക നിർദേശങ്ങളും ദൈവിക ബുദ്ധ്യുപദേശങ്ങളും കണ്ടെത്താവുന്നതാണ്. കൂടാതെ, ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന ദമ്പതികൾക്കു പെട്ടെന്നുതന്നെ വരാൻ പോകുന്ന ദൈവനിർമിതമായ പുതിയ ലോകത്തിൽ സ്നേഹത്താൽ ഐക്യപ്പെട്ടിരിക്കാനുള്ള പ്രത്യാശയുണ്ട്.