ലോകവ്യാപകമായി വിദ്വേഷത്തിന് അന്തം
ഏതാണ്ട് രണ്ടായിരം വർഷങ്ങൾക്കുമുമ്പ് ഒരു ന്യൂനപക്ഷ വിഭാഗം വിദ്വേഷത്തിന് ഇരയായി. ആദിമ ക്രിസ്ത്യാനികളോടു റോമാക്കാർക്കുണ്ടായിരുന്ന മനോഭാവത്തെക്കുറിച്ച് തെർത്തുല്ല്യൻ വിശദീകരിക്കുന്നു: “മഴ പെയ്തില്ലെങ്കിൽ, ഭൂകമ്പമുണ്ടാകുന്നുവെങ്കിൽ, ഭക്ഷ്യ ക്ഷാമമോ മഹാമാരിയോ ഉണ്ടാകുന്നുവെങ്കിൽ, ഉടൻതന്നെ അവർ വിളിച്ചുകൂവുകയായി, ‘ക്രിസ്ത്യാനികളെ സിംഹത്തിന്റെ വായിലേക്ക് എറിഞ്ഞുകൊടുക്കുക!’”
വിദ്വേഷത്തിനു പാത്രമായിട്ടും ആദിമ ക്രിസ്ത്യാനികൾ അനീതിക്കു പകരംവീട്ടാനുള്ള പ്രലോഭനത്തെ ചെറുത്തുനിന്നു. വിഖ്യാതമായ തന്റെ ഗിരിപ്രഭാഷണത്തിൽ യേശുക്രിസ്തു ഇങ്ങനെ പറഞ്ഞു: “കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർഥിപ്പിൻ.”—മത്തായി 5:43, 44.
‘ശത്രുക്കളെ പകക്കുന്നത്’ ശരിയായ കാര്യമാണെന്ന വിശ്വാസത്തോടു പറ്റിനിൽക്കുന്നത് യഹൂദൻമാരുടെ അലിഖിത പാരമ്പര്യമായിരുന്നു. എന്നിരുന്നാലും, നാം നമ്മുടെ സുഹൃത്തുക്കളെ മാത്രമല്ല, ശത്രുക്കളെയും സ്നേഹിക്കണമെന്ന് യേശു പറഞ്ഞു. ഇത് പ്രയാസമുള്ള കാര്യംതന്നെ, എന്നാൽ അസാധ്യമല്ല. ഒരു ശത്രുവിനെ സ്നേഹിക്കുക എന്നതിന്റെ അർഥം അയാളുടെ എല്ലാരീതികളും പ്രവൃത്തികളും ഇഷ്ടപ്പെടുക എന്നല്ല. മത്തായിയുടെ വിവരണത്തിൽ കാണുന്ന ഗ്രീക്കു പദം അഗാപെയിൽനിന്ന് ഉരുത്തിരിഞ്ഞതാണ്, അത് തത്ത്വത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്ന ഒരു സ്നേഹത്തെ വർണിക്കുന്നു. അഗാപെ, തത്ത്വാധിഷ്ഠിത സ്നേഹം, പ്രകടിപ്പിക്കുന്ന ഒരു വ്യക്തി തന്നെ വെറുക്കുകയും തന്നോടു മോശമായി പെരുമാറുകയും ചെയ്യുന്ന ഒരു ശത്രുവിനുപോലും നൻമ ചെയ്യുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ക്രിസ്തുവിനെ അനുകരിക്കുന്ന വിധമാണത്, അത് വിദ്വേഷത്തെ കീഴടക്കുന്നതിനുള്ള വിധംകൂടിയാണ്. “[അഗാപെ] നമ്മുടെ സ്വാഭാവിക പ്രവണതയായ കോപവും, വിദ്വേഷവും കീഴടക്കാൻ നമ്മെ പ്രാപ്തരാക്കുന്നു” എന്ന് ഒരു ഗ്രീക്കു പണ്ഡിതൻ അഭിപ്രായപ്പെട്ടു. എന്നാൽ വിദ്വേഷം നിറഞ്ഞ ഇന്നത്തെ ലോകത്ത് ഇതു വിലപ്പോകുമോ?
ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്ന സകലരും ക്രിസ്തുവിന്റെ മാതൃക പിൻപറ്റാൻ മുതിരുന്നില്ലെന്നതു ശരിതന്നെ. ഈയിടെ റുവാണ്ടയിൽ നടന്ന ഘോരകൃത്യങ്ങൾക്കു കാരണക്കാരായ വർഗീയ വിഭാഗങ്ങളിൽ അനേകർ ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവരാണ്. റുവാണ്ടയിൽ 20 വർഷം സേവനമനുഷ്ഠിച്ച പീലാർ ഡീസ് എസ്പെലോസീൻ എന്നു പേരുള്ള ഒരു കത്തോലിക്കാ കന്യാസ്ത്രീ ഒരു സംഭവത്തെക്കുറിച്ച് അനുസ്മരിക്കുകയുണ്ടായി. ഒരു മനുഷ്യൻ അവരുടെ പള്ളിയിലേക്കു ചെന്നു, അയാൾ ഉപയോഗിക്കുന്നതെന്നു സ്പഷ്ടമായിരുന്ന ഒരു കുന്തം അയാളുടെ കയ്യിലുണ്ടായിരുന്നു. “ഇങ്ങനെ ചുറ്റിനടന്ന് ആളുകളെ കൊന്നുകൊണ്ട് നിങ്ങളെന്താണീ ചെയ്യുന്നത്? നിങ്ങൾ ക്രിസ്തുവിനെക്കുറിച്ചു ചിന്തിക്കുന്നില്ലേ?” എന്നു കന്യാസ്ത്രീ അയാളോടു ചോദിച്ചു. അയാൾ ഉവ്വ് എന്നു പറഞ്ഞുകൊണ്ട് പള്ളിക്കകത്തു കടന്ന്, മുട്ടുകുത്തി, ശുഷ്കാന്തിയോടെ കൊന്ത ചൊല്ലി. എന്നാൽ, അതു കഴിഞ്ഞ് ഉടനെതന്നെ അയാൾ കൊല തുടരാൻ പുറപ്പെടുകയായി. “ഞങ്ങൾ സുവിശേഷം ശരിയായി പഠിപ്പിക്കുന്നില്ലെന്ന് ഇതു കാണിക്കുന്നു,” കന്യാസ്ത്രീ സമ്മതിച്ചു പറഞ്ഞു. എന്നിരുന്നാലും, അത്തരം പരാജയങ്ങളുടെ അർഥം യേശുവിന്റെ സന്ദേശം അപര്യാപ്തമാണെന്നല്ല. സത്യ ക്രിസ്ത്യാനിത്വം ആചരിക്കുന്നവർക്കു വിദ്വേഷത്തെ കീഴടക്കാൻ കഴിയും.
ഒരു തടങ്കൽപ്പാളയത്തിൽ വിദ്വേഷത്തെ കീഴടക്കുന്നു
കൂട്ടക്കൊലയെ അതിജീവിച്ച ഒരു സ്വാഭാവിക യഹൂദനാണ് മാക്സ് ലീബ്സ്റ്റർ. അദ്ദേഹത്തിന്റെ കുടുംബപേരിന്റെ അർഥം “പ്രിയമുള്ളവൻ” എന്നാണെങ്കിലും വിദ്വേഷത്തിന്റെ ഒരു വലിയ പങ്ക് അദ്ദേഹം കണ്ടിട്ടുണ്ട്. സ്നേഹത്തെയും വിദ്വേഷത്തെയും കുറിച്ച് താൻ നാസി ജർമനിയിൽ മനസ്സിലാക്കിയതെന്താണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
“1930-കളിൽ ജർമനിയിലെ മൻഹീമിന് അടുത്താണു ഞാൻ വളർന്നത്. ജർമൻകാരെ ചൂഷണം ചെയ്യുന്ന സമ്പന്ന കരിഞ്ചന്തക്കാരാണു യഹൂദൻമാർ എന്നു ഹിറ്റ്ലർ അവകാശപ്പെട്ടു. എന്നാൽ എന്റെ പിതാവ് ഒരു എളിയ ചെരുപ്പുകുത്തിയായിരുന്നു എന്നതാണു വാസ്തവം. എന്നുവരികിലും, നാസി പ്രചരണത്തിന്റെ സ്വാധീനഫലമായി അയൽപക്കക്കാർ ഞങ്ങൾക്കെതിരെ തിരിഞ്ഞു. ഞാനൊരു കൗമാരപ്രായക്കാരനായിരുന്നപ്പോൾ ഒരു ഗ്രാമീണൻ ബലംപ്രയോഗിച്ച് പന്നിയുടെ രക്തം എന്റെ നെറ്റിയിൽ തേച്ചു. ഈ കൊടിയ അപമാനം, സംഭവിക്കാൻ പോകുന്നതിന്റെ ഒരു മുൻരുചി മാത്രമായിരുന്നു. 1939-ൽ ഗസ്റ്റപ്പോ എന്നെ അറസ്റ്റു ചെയ്ത് എന്റെ സാധനങ്ങളെല്ലാം കണ്ടുകെട്ടി.
“1940 ജനുവരി മുതൽ 1945 മേയ് വരെ സാക്സൻഹൗസൻ, നോയിങ്കാമാ, ഔഷ്വിറ്റ്സ്, ബൂന, ബൂക്കൻവോൽഡ് എന്നീ അഞ്ചു വ്യത്യസ്ത തടങ്കൽപ്പാളയങ്ങളിലാക്കപ്പെട്ട എനിക്ക് അതിജീവിക്കാൻ നന്നേ പാടുപെടേണ്ടി വന്നു. സാക്സൻഹൗസനിലേക്ക് എന്റെ പിതാവും അയയ്ക്കപ്പെട്ടു, അദ്ദേഹം 1940-ലെ കൊടുംശൈത്യത്തിൽ മൃതിയടഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ ജഡം ശവക്കോട്ടയിലേക്ക് എടുത്തുകൊണ്ടുപോയി, ദഹിപ്പിക്കാൻ കാത്തുകിടക്കുന്ന ഒരു കൂമ്പാരം മൃതശരീരങ്ങൾ അവിടെയുണ്ടായിരുന്നു. പാളയങ്ങളിൽവെച്ച് എന്റെ മൊത്തം എട്ടു കുടുംബാംഗങ്ങൾ മരിച്ചുപോയി.
“തടവുപുള്ളികളിൽ കാപോസ്കാർ എസ്സ്എസ്സ് ഗാർഡുകളെക്കാൾ അധികം വെറുക്കപ്പെട്ടിരുന്നു. കാപോസ്കാർ എസ്സ്എസ്സുമായി സഹകരിച്ചു പ്രവർത്തിച്ചുകൊണ്ട് ചില പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിച്ചിരുന്ന തടവുകാരായിരുന്നു. അവരെ ഭക്ഷണ വിതരണത്തിന്റെ മേൽനോട്ടമേൽപ്പിച്ചിരുന്നു കൂടാതെ, മറ്റു തടവുപുള്ളികളെ അവർ ക്രൂരമായി അടിക്കുകയും ചെയ്തിരുന്നു. മിക്കപ്പോഴും അവർ അന്യായമായും തോന്ന്യാസവും പെരുമാറിയിരുന്നു. എസ്സ്എസ്സിനെയും കാപോസിനെയും വെറുക്കാൻ എനിക്ക് ആവശ്യത്തിലധികം കാരണമുണ്ടായിരുന്നു, എന്നാൽ സ്നേഹം വിദ്വേഷത്തിലും ശക്തിയുള്ളതാണെന്ന് തടവിൽവെച്ചു ഞാൻ പഠിച്ചു.
യഹോവയുടെ സാക്ഷികളായിരുന്ന തടവുപുള്ളികളുടെ ഉൾക്കരുത്ത്, അവരുടെ വിശ്വാസം തിരുവെഴുത്തുകളിൽ അധിഷ്ഠിതമാണെന്ന് എന്നെ ബോധ്യപ്പെടുത്തി—ഞാനും ഒരു സാക്ഷിയായി. നോയിങ്കാമാ പാളയത്തിൽവച്ചു ഞാൻ കണ്ടുമുട്ടിയ ഏൺസ്റ്റ് വവുർ എന്നു പേരുള്ള ഒരു സാക്ഷി ക്രിസ്തുവിന്റെ മനോഭാവം നട്ടുവളർത്താൻ എന്നെ പ്രോത്സാഹിപ്പിച്ചു. അവൻ “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേൽപ്പിക്കുകയത്രേ ചെയ്തു’ എന്നു ബൈബിൾ പറയുന്നു. (1 പത്രൊസ് 2:23) അതുതന്നെ ചെയ്യാൻ, പ്രതികാരം സകലത്തിന്റെയും ന്യായാധിപനായ ദൈവത്തിന്റെ കരങ്ങളിലേൽപ്പിക്കാൻ ഞാൻ ശ്രമിച്ചു.
“ആളുകൾ മിക്കപ്പോഴും അജ്ഞതകൊണ്ടാണു തെറ്റായ കാര്യങ്ങൾ ചെയ്യുന്നതെന്നു ഞാൻ പാളയങ്ങളിൽ ചെലവഴിച്ച വർഷങ്ങൾ എന്നെ പഠിപ്പിച്ചു. എസ്സ്എസ്സ് ഗാർഡുകളിൽ എല്ലാവരുമൊന്നും മോശക്കാരായിരുന്നില്ല—എന്റെ ജീവൻ രക്ഷിച്ച ഒരാളുണ്ടായിരുന്നു. ഒരിക്കൽ എനിക്കു കഠിനമായ വയറിളക്കമുണ്ടായി. ജോലിസ്ഥലത്തുനിന്നു പാളയംവരെ നടക്കാൻപോലും വയ്യാതായി. പിറ്റേന്നു രാവിലെ എന്നെ ഔഷ്വിറ്റ്സിലെ ഗ്യാസ് ചേംബറിലേക്ക് അയയ്ക്കാനിരുന്നതാണ്. എന്നാൽ ജർമനിയിൽ ഞാൻ താമസിച്ചിരുന്ന അതേ സ്ഥലത്തുനിന്നുവന്ന ഒരു എസ്സ്എസ്സ് ഗാർഡ് എനിക്കുവേണ്ടി ഒത്താശചെയ്തു. എസ്സ്എസ്സ്-ന്റെ ഭക്ഷണശാലയിൽ വേലചെയ്യാൻ അദ്ദേഹം എനിക്ക് ഏർപ്പാടുചെയ്തുതന്നു, സുഖം പ്രാപിക്കുന്നതുവരെ കുറച്ചെങ്കിലും വിശ്രമം എടുക്കാൻ അത് എന്നെ സഹായിച്ചു. ഒരിക്കൽ അദ്ദേഹം എന്നോട് ഏറ്റുപറഞ്ഞു: ‘ഞാൻ അത്യന്തം വേഗതയുള്ള നിയന്ത്രണമില്ലാത്ത ട്രെയിനിൽ യാത്ര ചെയ്യുന്നപോലെ എനിക്കുതോന്നുന്നു, മാക്സ്. എടുത്തു ചാടിയാൽ കൊല്ലപ്പെടും. ചാടാതിരുന്നാൽ കൂട്ടിമുട്ടും!’
“എന്നെപ്പോലെതന്നെ ഇവർക്കും സ്നേഹം ആവശ്യമായിരുന്നു. വാസ്തവത്തിൽ, ദുരിതം നിറഞ്ഞ അവസ്ഥകളും ദിവസേനയുണ്ടായിരുന്ന മരണഭീഷണിയും സഹിക്കാൻ എനിക്കു ശക്തി പകർന്നതു സ്നേഹവും അനുകമ്പയും എന്റെ ദൈവവിശ്വാസവുമായിരുന്നു. പരിക്കുകളൊന്നുമില്ലാതെ രക്ഷപെട്ടു എന്ന് എനിക്കു പറയാനാവില്ല, എങ്കിലും വൈകാരിക മുറിവുകൾ വളരെക്കുറച്ചേ എനിക്കുണ്ടായുള്ളൂ.”
50 വർഷങ്ങൾക്കുശേഷവും മാക്സ് പ്രസരിപ്പിക്കുന്ന ഊഷ്മളതയും ദയയും അദ്ദേഹത്തിന്റെ വാക്കുകൾക്കു വാചാലമായി സാക്ഷ്യം വഹിക്കുന്നു. മാക്സിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. വിദ്വേഷത്തെ മറികടക്കുന്നതിന് അദ്ദേഹത്തിനു ശക്തമായ കാരണമുണ്ടായിരുന്നു—അദ്ദേഹം ക്രിസ്തുവിനെ അനുകരിക്കാൻ ആഗ്രഹിച്ചു. തിരുവെഴുത്തുകളാൽ ജീവിതം നയിക്കപ്പെടുന്ന ആളുകളും സമാനമായ ഒരു വിധത്തിൽ പ്രവർത്തിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികളിലൊരാളായ ഫ്രാൻസിൽനിന്നുള്ള സീമോൻ നിസ്വാർഥ സ്നേഹം എന്നാൽ എന്താണെന്നു താൻ പഠിച്ചതെങ്ങനെയെന്നു വിശദീകരിക്കുന്നു.
“രണ്ടാം ലോകമഹായുദ്ധത്തിനു തൊട്ടു മുമ്പ് എന്റെ അമ്മ ഇമാ സാക്ഷിയായി. ആളുകൾ മിക്കപ്പോഴും തെറ്റുകൾ ചെയ്യുന്നത് അജ്ഞതകൊണ്ടാണെന്ന് അമ്മ എന്നെ പഠിപ്പിച്ചു. നാം അവരെ വെറുത്താൽ നാം യഥാർഥ ക്രിസ്ത്യാനികളല്ല, കാരണം നാം നമ്മുടെ ശത്രുക്കളെ സ്നേഹിക്കുകയും നമ്മെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്യണമെന്ന് യേശു പറഞ്ഞു.—മത്തായി 5:44.
“ഈ ബോധ്യം പരിശോധിക്കപ്പെട്ട തികച്ചും ദുഷ്കരമായ ഒരു സാഹചര്യത്തെപ്പറ്റി ഞാൻ ഓർമിക്കുന്നു. നാസികൾ ഫ്രാൻസിലുണ്ടായിരുന്ന സമയം. ഞങ്ങളുടെ കെട്ടിടത്തിലുള്ള ഒരു അയൽക്കാരിയിൽനിന്ന് അമ്മ ഏറെ ബുദ്ധിമുട്ടു സഹിച്ചു. അമ്മയെപ്പറ്റി അവർ ഗസ്റ്റപ്പോയ്ക്ക് അറിവു കൊടുത്തു. തൻമൂലം, അമ്മ രണ്ടുവർഷം ജർമൻ തടങ്കൽപ്പാളയങ്ങളിൽ ചെലവഴിച്ചു, അവിടെ അവർ മരണത്തിന്റെ വക്കോളമെത്തി. യുദ്ധത്തിനുശേഷം, ഈ സ്ത്രീ ഒരു ജർമൻ സഹകാരിയാണെന്നു പറഞ്ഞ് അവരെ കുറ്റപ്പെടുത്തുന്ന ഒരു കടലാസിൽ ഒപ്പിടാൻ ഫ്രഞ്ച് പൊലീസ് അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ, ‘ദൈവം ന്യായാധിപനും നൻമ-തിൻമകൾക്കു പ്രതിഫലം നൽകുന്നവനുമാണ്’ എന്നു പറഞ്ഞ് അമ്മ നിരസ്സിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം ഇതേ അയൽക്കാരിക്കു മാരകമായ കാൻസർ ബാധിച്ചു. അവരുടെ ദുർഗതിയിൽ സന്തോഷിക്കുന്നതിനു പകരം അവരുടെ ജീവിതത്തിന്റെ അവസാന മാസങ്ങൾ കഴിയുന്നത്ര സുഖപ്രദമാക്കാൻ അമ്മ അനേകം മണിക്കൂറുകൾ ചെലവഴിച്ചു. വിദ്വേഷത്തിൻമേലുള്ള സ്നേഹത്തിന്റെ ഈ വിജയം ഞാനൊരിക്കലും മറക്കുകയില്ല.”
ഈ രണ്ട് ഉദാഹരണങ്ങളും അനീതി നേരിടുമ്പോഴത്തെ തത്ത്വാധിഷ്ഠിത സ്നേഹത്തിന്റെ ശക്തി ദൃഷ്ടാന്തീകരിക്കുന്നു. എന്നിരുന്നാലും, ‘സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം’ എന്നു ബൈബിൾ തന്നെയും പറയുന്നു. (സഭാപ്രസംഗി 3:1, 8) അതെങ്ങനെ കഴിയും?
ദ്വേഷിപ്പാൻ ഒരു കാലം
സകലവിധ വിദ്വേഷത്തെയും ദൈവം കുറ്റംവിധിക്കുന്നില്ല. യേശുക്രിസ്തുവിനെപ്പറ്റി ബൈബിൾ ഇങ്ങനെ പറയുന്നു: ‘നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കുന്നു.’ (എബ്രായർ 1:9) എന്നിരുന്നാലും തെറ്റിനെ വെറുക്കുന്നതും തെറ്റുചെയ്ത വ്യക്തിയെ വെറുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
സ്നേഹവും ദ്വേഷവും തമ്മിലുള്ള ഉചിതമായ സന്തുലനം യേശു ദൃഷ്ടാന്തീകരിച്ചു. അവൻ കപടഭക്തി വെറുത്തു, എന്നാൽ കപടഭക്തിക്കാരുടെ ചിന്താഗതിക്കു മാറ്റം വരുത്താൻ അവൻ അവരെ സഹായിക്കാൻ ശ്രമിച്ചു. (മത്തായി 23:27, 28; ലൂക്കൊസ് 7:36-50) അവൻ അക്രമത്തെ കുറ്റം വിധിച്ചു, എന്നാൽ തന്നെ വധിച്ചവർക്കു വേണ്ടി അവൻ പ്രാർഥിച്ചു. (മത്തായി 26:52; ലൂക്കൊസ് 23:34) കൂടാതെ, ലോകം അവനെ കാരണംകൂടാതെ വെറുത്തെങ്കിലും അവൻ ലോകത്തിനുവേണ്ടി തന്റെ സ്വന്തം ജീവൻ ബലിയർപ്പിച്ചു. (യോഹന്നാൻ 6:33, 51; 15:18, 25) തത്ത്വാധിഷ്ഠിത സ്നേഹത്തിനും ദൈവിക വിദ്വേഷത്തിനും അവൻ നമുക്ക് ഒരു പരിപൂർണ മാതൃക നൽകി.
യേശുവിന്റെ കാര്യത്തിലെന്നപോലെ നമ്മിലും അനീതി ധാർമിക വെറുപ്പ് ഉണർത്തിയേക്കാം. (ലൂക്കൊസ് 19:45, 46) എന്നിരുന്നാലും, പ്രതികാരം ചെയ്യാനുള്ള അധികാരം ക്രിസ്ത്യാനികൾക്കില്ല. “ആർക്കും തിൻമെക്കു പകരം, തിൻമ ചെയ്യാതെ . . . കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ . . . നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ . . . തിൻമയോടു തോൽക്കാതെ നൻമയാൽ തിൻമയെ ജയിക്കുക” എന്നു പൗലോസ് റോമിലുള്ള ക്രിസ്ത്യാനികൾക്ക് അനുശാസനം നൽകി. (റോമർ 12:17-21) നാം വ്യക്തിപരമായി വിദ്വേഷം വെച്ചുപുലർത്താൻ വിസമ്മതിക്കുമ്പോൾ സ്നേഹം വിജയം നേടുന്നു.
വിദ്വേഷമില്ലാത്ത ഒരു ലോകം
ലോകവ്യാപകമായ അളവിൽ വിദ്വേഷം അപ്രത്യക്ഷമാവുന്നതിന് ലക്ഷക്കണക്കിന് ആളുകളുടെ വഞ്ചനാത്മക മനോഭാവത്തിനു മാറ്റം വരണം. ഇതെങ്ങനെ നേടിയെടുക്കാം? പ്രൊഫസ്സർ അർവിൻ സ്റ്റൗബ് പിൻവരുന്ന അഭിപ്രായം രേഖപ്പെടുത്തുന്നു: “നാം ദ്രോഹിക്കുന്നവർക്കു വിലകൽപ്പിക്കാതിരിക്കുകയും നാം സഹായമേകുന്നവർക്കു വിലകൽപ്പിക്കുകയും ചെയ്യുന്നു. നാം സഹായമേകുന്ന വ്യക്തികൾക്ക് അത്യധികം വിലകൽപ്പിക്കുകയും സഹായിക്കുന്നതിൽ അന്തർലീനമായിരിക്കുന്ന സംതൃപ്തി ആസ്വദിക്കുകയും ചെയ്യുമ്പോൾ നാം കൂടുതൽ സംരക്ഷക, സഹായക സ്വഭാവമുള്ളവരായിത്തീരുന്നു. മറ്റുള്ളവർക്കുവേണ്ടി നൻമ ചെയ്യുന്നതിൽ പരമാവധി പങ്കാളിത്തമുള്ള സമുദായങ്ങൾ രൂപീകരിക്കുകയായിരിക്കണം നമ്മുടെ ലക്ഷ്യങ്ങളിലൊന്ന്.”—തിൻമയുടെ വേരുകൾ (ഇംഗ്ലീഷ്).
മറ്റു വാക്കുകളിൽപ്പറഞ്ഞാൽ, തിൻമ ഇല്ലായ്മ ചെയ്യുന്നതിന്, ആളുകൾ പരസ്പരം സഹായിച്ചുകൊണ്ടു സ്നേഹിക്കാൻ പഠിക്കുന്ന, ആളുകൾ മുൻവിധി, ദേശീയവാദം, വർഗീയവാദം, ഗോത്രവാദം എന്നിവമൂലം ഉണ്ടാകുന്ന ശത്രുത മറക്കുന്ന ഒരു സമുദായം ആവശ്യമാണ്. അത്തരമൊരു സമുദായം അസ്തിത്വത്തിലുണ്ടോ? ചൈനയിൽ സാംസ്കാരിക വിപ്ലവ സമയത്ത് വിദ്വേഷം നേരിട്ടനുഭവിച്ച ഒരു വ്യക്തിയുടെ അനുഭവം പരിചിന്തിക്കുക.
“സാംസ്കാരിക വിപ്ലവം തുടങ്ങിയപ്പോൾ, ‘വർഗ മത്സര’ത്തിൽ അനുരഞ്ജനത്തിനു സ്ഥാനമില്ലെന്ന് ഞങ്ങളെ പഠിപ്പിക്കുകയുണ്ടായി. വിദ്വേഷം എങ്ങും നിലനിൽക്കുന്ന ഒരു പ്രവണതയായിരുന്നു. ഞാൻ ഒരു റെഡ് ഗാർഡ് ആയി ‘വർഗ ശത്രുക്കളെ’—സ്വന്ത കുടുംബാംഗങ്ങളുടെ ഇടയിൽപ്പോലും—തിരയാൻ ആരംഭിച്ചു. അന്ന് വെറുമൊരു കൗമാരപ്രായക്കാരൻ മാത്രമായിരുന്നുവെങ്കിലും ഞാൻ വീടുതെരച്ചിലിൽ പങ്കുപറ്റി, ‘എതിർപ്പിന്റെ വല്ല ലക്ഷണം’ ഉണ്ടോയെന്നു തിരഞ്ഞു. ‘പ്രതിവിപ്ലവ’ത്തെ പഴിക്കുന്ന ഒരു പരസ്യയോഗവും ഞാൻ നടത്തുകയുണ്ടായി. ഈ കുറ്റാരോപണങ്ങളെല്ലാം ചിലപ്പോഴെല്ലാം രാഷ്ട്രീയ പരിഗണനയെക്കാളും കൂടുതലായി വ്യക്തിപരമായ ശത്രുതയെ ആശ്രയിച്ചുള്ളതായിരുന്നുവെന്നതു തീർച്ചയാണ്.
“അനേകർക്ക്—ചെറുപ്പക്കാർക്കും, പ്രായംചെന്നവർക്കും, പുരുഷൻമാർക്കും, സ്ത്രീകൾക്കും—കൂടുതൽ കൂടുതൽ ക്രൂരമായ ശരീര ദണ്ഡനമേൽപ്പിക്കുന്നതു ഞാൻ കണ്ടു. എന്റെ സ്കൂൾ അധ്യാപകരിൽ ഒരാളെ—ഒരു നല്ല മനുഷ്യനെ—ഒരു കുറ്റവാളിയെന്ന നിലയിൽ തെരുവിലൂടെ നടത്തിക്കുകയുണ്ടായി. രണ്ടു മാസത്തിനു ശേഷം എന്റെ സ്കൂളിലെ അത്യധികം ആദരണീയനായ ഒരു അധ്യാപകനെ സൂക്കോ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എന്റെ ഇംഗ്ലീഷ് അധ്യാപകൻ സ്വയം തൂങ്ങിച്ചാകാൻ നിർബന്ധിതനായി. ഞാൻ ഞെട്ടിപ്പോയി, ഒപ്പം പരിഭ്രാന്തനും. ഇവരെല്ലാം ദയാലുക്കളായ ആളുകളായിരുന്നു. അവരോട് അങ്ങനെ പെരുമാറുന്നതു തെറ്റായിരുന്നു! തൻമൂലം ഞാൻ റെഡ് ഗാർഡുമായുള്ള എന്റെ സകല ബന്ധവും വിച്ഛേദിച്ചു.
“ചൈനയെ മൂടിക്കളഞ്ഞ ഇത്തരം വിദ്വേഷത്തിന്റെ ഘട്ടങ്ങൾ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. വിദ്വേഷത്തിന്റെ അനേകം പൊട്ടിത്തെറികൾ ഈ നൂറ്റാണ്ട് കണ്ടിരിക്കുന്നു. എന്നിരുന്നാലും, സ്നേഹത്തിനു വിദ്വേഷത്തെ കീഴടക്കാമെന്ന കാര്യത്തിൽ എനിക്കു ബോധ്യമുണ്ട്. അത് ഞാൻ നേരിട്ടു കണ്ടിട്ടുള്ളതാണ്. ഞാൻ യഹോവയുടെ സാക്ഷികളുമായി സഹവസിക്കാൻ തുടങ്ങിയപ്പോൾ വ്യത്യസ്ത വർഗങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള ആളുകളോട് അവർ പ്രകടിപ്പിച്ച യഥാർഥ സ്നേഹത്തിൽ എനിക്കു മതിപ്പുളവായി. ബൈബിൾ വാഗ്ദത്തം ചെയ്യുന്നപ്രകാരം എല്ലാ ജനങ്ങളും സ്നേഹിക്കാൻ പഠിച്ചുകഴിയുന്ന സമയത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു.”
അതേ, വിദ്വേഷം ഇല്ലായ്മ ചെയ്യാനാകുമെന്നതിന്റെ ജീവിക്കുന്ന തെളിവാണു യഹോവയുടെ സാക്ഷികളുടെ സാർവലൗകിക സമുദായം. അവരുടെ പശ്ചാത്തലം എന്തുതന്നെയായിരുന്നാലും മുൻവിധിക്കു പകരം പരസ്പര ആദരവ് വളർത്തിയെടുക്കാനും ഗോത്രവാദത്തിന്റെയോ വർഗീയവാദത്തിന്റെയോ ദേശീയവാദത്തിന്റെയോ ഏത് അവശിഷ്ടങ്ങളും തുടച്ചുമാറ്റാനും സാക്ഷികൾ കഠിനമായി ശ്രമിക്കുകയാണ്. അവരുടെ വിജയത്തിന്റെ ഒരു അടിസ്ഥാനം തത്ത്വാധിഷ്ഠിത സ്നേഹം പ്രകടിപ്പിക്കുന്നതിൽ യേശുക്രിസ്തുവിനെ അനുകരിക്കാനുള്ള നിശ്ചയദാർഢ്യമാണ്. മറ്റൊരു അടിസ്ഥാനം, തങ്ങൾ സഹിച്ചേക്കാവുന്ന ഏതൊരു അനീതിക്കും അന്തം വരുത്തുന്നതിന് അവർ ദൈവരാജ്യത്തിലേക്കു നോക്കുന്നു എന്നതാണ്.
വിദ്വേഷമില്ലാത്ത ഒരു ലോകം, ദ്വേഷിക്കാൻ ദുഷ്ടതതന്നെ ഇല്ലാത്ത ഒരു ലോകം നേടിയെടുക്കുന്നതിനുള്ള സുനിശ്ചിത മാർഗം ദൈവരാജ്യമാണ്. ബൈബിളിൽ “പുതിയ ആകാശ”മെന്നു വർണിച്ചിരിക്കുന്ന ഈ സ്വർഗീയ ഗവൺമെന്റ് അനീതിരഹിതമായ ഒരു ലോകം ഉറപ്പാക്കും. അത് ഒരു “പുതിയ ഭൂമി”യുടെമേൽ അഥവാ അന്യോന്യം സ്നേഹിക്കാൻ പഠിപ്പിക്കപ്പെട്ടിട്ടുള്ള ഒരു പുതിയ ജനസമുദായത്തിൻമേൽ ഭരണം നടത്തും. (2 പത്രൊസ് 3:13; യെശയ്യാവു 54:13) മാക്സിന്റെയും സീമോന്റെയും അതുപോലെ മറ്റനേകരുടെയും അനുഭവങ്ങൾ കാണിക്കുന്നപോലെ ഈ വിദ്യാഭ്യാസം ഇപ്പോഴേ തുടങ്ങിയിരിക്കുന്നു. വിദ്വേഷവും അതിനുള്ള കാരണങ്ങളും തുടച്ചുമാറ്റാനുള്ള പരിപാടിയുടെ ഒരു മുൻ അനുഭവമാണത്.
പ്രവാചകനായ യെശയ്യാവിലൂടെ യഹോവ ഫലം വിവരിക്കുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” (യെശയ്യാവു 11:9) വിദ്വേഷം നിലച്ചതായി ദൈവംതന്നെ പ്രഖ്യാപിക്കും. അത് തീർച്ചയായും സ്നേഹിക്കുന്നതിനുള്ള ഒരു സമയമായിരിക്കും.
[7-ാം പേജിലെ ചിത്രം]
മാക്സ് ലീബ്സ്റ്ററിന്റെ ഇടതു കയ്യിൽ നാസി ഒരു തടവു നമ്പർ പച്ചകുത്തി
[8-ാം പേജിലെ ചിത്രം]
വിദ്വേഷം പെട്ടെന്നുതന്നെ ഒരു കഴിഞ്ഞകാല സംഭവമായിരിക്കും