എല്ലാവർക്കും എന്നെങ്കിലും അന്യോന്യം സ്നേഹിക്കാൻ ആകുമോ?
“നിത്യജീവൻ” ആസ്വദിക്കുന്നതിന് ദൈവത്തെ പൂർണഹൃദയത്തോടെ സ്നേഹിക്കേണ്ടതാണെന്നും അയൽക്കാരെ നമ്മെപ്പോലെതന്നെ സ്നേഹിക്കേണ്ടതാണെന്നും ഒരു നിയമജ്ഞൻ പറഞ്ഞപ്പോൾ യേശു അദ്ദേഹത്തെ അനുമോദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവർത്തിക്കുക; നീ ജീവിക്കും.” (ലൂക്കൊസ് 10:25-28, പി.ഒ.സി. ബൈ.; ലേവ്യപുസ്തകം 19:18; ആവർത്തനപുസ്തകം 6:5) എന്നാൽ, തന്നെത്താൻ നീതിമാൻ എന്നു തെളിയിക്കാൻ ആഗ്രഹിച്ച ആ മനുഷ്യൻ ചോദിച്ചു: “ആരാണ് എന്റെ അയല്ക്കാരൻ?”
“നിന്റെ സഹ യഹൂദൻ” എന്ന് യേശു മറുപടി പറയാൻ അയാൾ പ്രതീക്ഷിച്ചിരുന്നുവെന്നു സ്പഷ്ടം. എന്നാൽ അയൽസ്നേഹിയായ ഒരു ശമര്യക്കാരനെക്കുറിച്ചു പറഞ്ഞുകൊണ്ട്, മറ്റു ദേശക്കാരും നമ്മുടെ അയൽക്കാരാണെന്ന് യേശു വ്യക്തമാക്കി. (ലൂക്കൊസ് 10:29-37, പി.ഒ.സി. ബൈ.; യോഹന്നാൻ 4:7-9) ദൈവത്തെ സ്നേഹിക്കണം എന്നതും അയൽക്കാരനെ സ്നേഹിക്കണം എന്നതും ആണ് നമ്മുടെ സ്രഷ്ടാവിന്റെ ഏറ്റവും പ്രധാനപ്പെട്ട കൽപ്പനകൾ എന്ന് തന്റെ ശുശ്രൂഷക്കാലത്ത് യേശു ഊന്നിപ്പറഞ്ഞു.—മത്തായി 22:34-40, പി.ഒ.സി. ബൈ.
എന്നാൽ, ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട ആളുകൾ തങ്ങളുടെ അയൽക്കാരെ യഥാർഥത്തിൽ സ്നേഹിച്ചിട്ടുണ്ടോ? എല്ലാവർക്കും അന്യോന്യം സ്നേഹിക്കാൻ യഥാർഥത്തിൽ സാധിക്കുമോ?
ഒന്നാം നൂറ്റാണ്ടിലെ ഒരു അത്ഭുതം
വർഗീയമോ ദേശീയമോ മറ്റേതെങ്കിലും തരത്തിലുള്ളതോ ആയ അതിർവരമ്പുകളെ മറികടക്കുന്ന തരം സ്നേഹം തന്റെ ശിഷ്യന്മാരെ തിരിച്ചറിയിക്കുമെന്ന് യേശു അവരോടു പറഞ്ഞു. അവൻ പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ.” പിന്നെ അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35; 15:12-14.
സ്നേഹത്തെ സംബന്ധിച്ച യേശുവിന്റെ പഠിപ്പിക്കലുകളും ഒപ്പം അവൻ വെച്ച മാതൃകയും ഒന്നാം നൂറ്റാണ്ടിൽ ഒരു അത്ഭുതം തന്നെ സൃഷ്ടിച്ചു. അന്യോന്യം സ്നേഹിക്കാൻ പഠിച്ചുകൊണ്ട് അവന്റെ അനുഗാമികൾ തങ്ങളുടെ ഗുരുവിനെ അനുകരിച്ചു. അവർ പ്രകടമാക്കിയ ആ സ്നേഹം വ്യാപകമായ ശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റി. പൊ.യു. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ എഴുത്തുകാരനായ തെർത്തുല്യൻ, ക്രിസ്ത്യാനികൾ അല്ലാത്തവർ യേശുവിന്റെ അനുഗാമികളെ അനുമോദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞതായി ഉദ്ധരിച്ചു: ‘നോക്കൂ, അവർ പരസ്പരം എത്ര സ്നേഹിക്കുന്നു. അന്യോന്യം ജീവൻ വെച്ചു കൊടുക്കാൻപോലും അവർ എത്രമാത്രം സന്നദ്ധരാണ്.’
അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “നാമും സഹോദരന്മാർക്കു വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.” (1 യോഹന്നാൻ 3:16) ശത്രുക്കളെ പോലും സ്നേഹിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിക്കുകയുണ്ടായി. (മത്തായി 5:43-45) യേശു പഠിപ്പിച്ചതുപോലെ ആളുകൾ മറ്റുള്ളവരെ യഥാർഥത്തിൽ സ്നേഹിക്കുമ്പോൾ എന്തായിരിക്കും ഫലം?
ഒരു രാഷ്ട്രതന്ത്രശാസ്ത്ര പ്രൊഫസർ വ്യക്തമായും ആ ചോദ്യം പരിചിന്തിച്ചു. അദ്ദേഹം ഇങ്ങനെ ചോദിക്കുന്നതായി ക്രിസ്തീയ ശതാബ്ദം (ഇംഗ്ലീഷ്) രേഖപ്പെടുത്തി: “യേശു തന്റെ ശത്രുക്കൾക്കു നേരെ കൈബോംബുകൾ എറിയുന്നതായോ യന്ത്രത്തോക്കുകൾ ഉപയോഗിക്കുന്നതായോ അഗ്നിവിക്ഷേപിണികൾ പ്രവർത്തിപ്പിക്കുന്നതായോ ആയിരക്കണക്കിന് അമ്മമാരെയും കുഞ്ഞുങ്ങളെയും കൊല്ലുകയോ അംഗഭംഗപ്പെടുത്തുകയോ ചെയ്യുന്ന ന്യൂക്ലിയർ ബോംബ് വർഷിക്കുന്നതായോ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു വിടുന്നതായോ ഗൗരവപൂർവം ആർക്കെങ്കിലും വിഭാവന ചെയ്യാൻ കഴിയുമോ?”
പ്രൊഫസർ ഇങ്ങനെ മറുപടി പറഞ്ഞു: “ഈ ചോദ്യം ഉത്തരം അർഹിക്കാത്തവിധം അത്ര യുക്തിരഹിതമാണ്.” അതുകൊണ്ട് അദ്ദേഹം ഇങ്ങനെ ചോദിച്ചു: “യേശുവിന് അതു ചെയ്തുകൊണ്ട് തന്റെ സ്വഭാവത്തോട് വിശ്വസ്തത പുലർത്താൻ ആകില്ലായിരുന്നെങ്കിൽ നമുക്ക് അതു ചെയ്തുകൊണ്ട് അവനോട് എങ്ങനെ വിശ്വസ്തത പുലർത്താൻ കഴിയും?” അതുകൊണ്ട്, പല ചരിത്ര പുസ്തകങ്ങളും വ്യക്തമായി രേഖപ്പെടുത്തുന്ന പ്രകാരം, യേശുവിന്റെ ആദിമ അനുഗാമികൾ നിഷ്പക്ഷ നിലപാട് എടുത്തതിൽ നാം അത്ഭുതം കൂറേണ്ടതില്ല. രണ്ട് ചരിത്ര രേഖകൾ മാത്രം പരിചിന്തിക്കുക.
എൻ. പ്ലാറ്റും എം. ജെ. ഡ്രമണ്ടും എഴുതിയ യുഗങ്ങൾ പിന്നിട്ട നമ്മുടെ ലോകം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “ക്രിസ്ത്യാനികളുടെ പെരുമാറ്റം റോമാക്കാരുടേതിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു. . . . ക്രിസ്തു സമാധാനത്തെക്കുറിച്ചു പ്രസംഗിച്ചിരുന്നതിനാൽ അവർ പടയാളികൾ ആകാൻ വിസമ്മതിച്ചു.” എഡ്വർഡ് ഗിബൺ എഴുതിയ റോമാ സാമ്രാജ്യത്തിന്റെ അധഃപതനവും വീഴ്ചയും (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിക്കുന്നു: “സാമ്രാജ്യത്തിന്റെ ഭരണ കാര്യത്തിലോ സൈനിക പ്രതിരോധത്തിലോ സജീവമായ എന്തെങ്കിലും പങ്കുവഹിക്കാൻ [ആദിമ ക്രിസ്ത്യാനികൾ] വിസമ്മതിച്ചു. . . . കൂടുതൽ പവിത്രമായ [തങ്ങളുടെ] ഉത്തരവാദിത്വം വെച്ചൊഴിയാതെ പടയാളികൾ ആയി സേവിക്കാൻ ക്രിസ്ത്യാനികൾക്ക് സാധിക്കുകയില്ലായിരുന്നു.”
ഇന്നത്തെ കാര്യമോ?
ഇന്ന് ആരെങ്കിലും ക്രിസ്തുസമാന സ്നേഹം ആചരിക്കുന്നുണ്ടോ? എൻസൈക്ലോപീഡിയ കനേഡിയാന ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം യേശുവും ശിഷ്യന്മാരും ആചരിച്ചിരുന്ന ആദിമ ക്രിസ്ത്യാനിത്വത്തിന്റെ പുനരുജ്ജീവനവും പുനഃസ്ഥാപനവുമാണ്. . . . എല്ലാവരും സഹോദരങ്ങളാണ്.”
അതിന്റെ അർഥമെന്താണ്? യഹോവയുടെ സാക്ഷികൾ, അയൽക്കാരെ വെറുക്കാൻ തങ്ങളെ ഇടയാക്കുന്നതിന് വർഗീയതയോ ദേശീയതയോ വംശീയ പശ്ചാത്തലമോ പോലുള്ള യാതൊന്നിനെയും അനുവദിക്കുന്നില്ല എന്നാണ്. അവർ ആരെയും കൊല്ലുകയുമില്ല. കാരണം ദൈവത്തിന്റെ യഥാർഥ ദാസന്മാർ ചെയ്യുമെന്ന് ബൈബിൾ മുൻകൂട്ടി പറഞ്ഞ പ്രകാരം പ്രതീകാത്മകമായി അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ കോതു കത്രികകളായും അടിച്ചുതീർത്തിരിക്കുന്നു.—യെശയ്യാവു 2:4, NW.
കാലിഫോർണിയയിലെ സാക്രമെന്റോ യൂണിയൻ എന്ന പത്രത്തിന്റെ മുഖപ്രസംഗം ഇങ്ങനെ പ്രസ്താവിച്ചതിൽ തെല്ലും അതിശയിക്കാനില്ല: “ലോകത്തിലുള്ള എല്ലാവരും യഹോവയുടെ സാക്ഷികളുടെ മതപ്രമാണം അനുസരിച്ചു ജീവിക്കുന്നപക്ഷം രക്തച്ചൊരിച്ചിലും വിദ്വേഷവും അവസാനിക്കും, സ്നേഹം രാജാവായി വാഴും”!
സമാനമായി, ഹംഗറിയിലെ റിങ് മാസികയുടെ ഒരു ലേഖകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “എന്റെ അഭിപ്രായത്തിൽ, യഹോവയുടെ സാക്ഷികൾ മാത്രമാണു ഭൂമിയിൽ വസിക്കുന്നതെങ്കിൽ യുദ്ധം എന്നേക്കുമായി അവസാനിക്കും. പൊലീസുകാരുടെ ജോലികൾ ഗതാഗതം നിയന്ത്രിക്കലും പാസ്പോർട്ടുകൾ കൊടുക്കലും മാത്രമായിരിക്കും.”
കൂടാതെ, ഇറ്റാലിയൻ സഭാ മാസികയായ ആൻഡാരെ ആല്ലെ ജെന്റിയിൽ ഒരു റോമൻ കത്തോലിക്കാ കന്യാസ്ത്രീയും സാക്ഷികളെ പ്രശംസിച്ചുകൊണ്ട് ഇങ്ങനെ എഴുതി: “അവർ എല്ലാത്തരം അക്രമത്തിനും വിസമ്മതിക്കുന്നു. വിശ്വാസം നിമിത്തം തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അനവധി പീഡനങ്ങളെ അവർ എതിർപ്പു കൂടാതെ സഹിച്ചു നിൽക്കുന്നു. . . . യഹോവയുടെ സാക്ഷികളെപ്പോലെ, എന്തു വിലയൊടുക്കേണ്ടി വന്നാലും എന്തു കാരണത്തെ പ്രതിയും, ആയുധം എടുക്കുകയില്ല എന്ന ദൃഢനിശ്ചയത്തോടെ നാമെല്ലാം ഒരു സുപ്രഭാതത്തിൽ ഉണർന്ന് എണീറ്റിരുന്നെങ്കിൽ ഈ ലോകം എത്ര വ്യത്യസ്തമാകുമായിരുന്നു!”
അയൽക്കാരെ സഹായിക്കുന്നതിനു മുൻകൈ എടുക്കുന്നതിൽ സാക്ഷികൾ പേരുകേട്ടവരാണ്. (ഗലാത്യർ 6:10) 1960-കളുടെ മധ്യത്തിൽ പോട്ട്മ കുറ്റവാളി പാളയത്തിൽ ജോലി ചെയ്യവേ തനിക്ക് തീരെ സുഖമില്ലാതായതിനെ കുറിച്ച് സോവിയറ്റ് ജയിലുകളിലെ സ്ത്രീകൾ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഒരു ലട്വിയക്കാരി എഴുതുകയുണ്ടായി. “എനിക്കു സുഖമില്ലാതിരുന്ന സമയമത്രയും [സാക്ഷികൾ] എന്നെ വളരെ നന്നായി ശുശ്രൂഷിച്ചു. അതിലും മെച്ചമായ പരിചരണം എനിക്കു പ്രതീക്ഷിക്കാൻ കഴിയുമായിരുന്നില്ല, പ്രത്യേകിച്ചും പാളയത്തിലെ ചുറ്റുപാടുകളിൽ.” അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “യഹോവയുടെ സാക്ഷികൾ എല്ലാവരെയും സഹായിക്കുക എന്നത് തങ്ങളുടെ കർത്തവ്യമായി കണക്കാക്കുന്നു. ആളുകളുടെ മതമോ ദേശമോ ഒന്നും അവർക്കു പ്രശ്നമല്ല.”
തടങ്കൽ പാളയങ്ങളിലെ സാക്ഷികളുടെ അത്തരത്തിലുള്ള പെരുമാറ്റം അടുത്തയിടെ ചെക്ക് റിപ്പബ്ലിക്കിലെ പൊതുജന മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുകയുണ്ടായി. ബർനോ നഗരത്തിൽ നിർമിക്കപ്പെട്ട “നഷ്ടപ്പെട്ട ഭവനം” (ഇംഗ്ലീഷ്) എന്ന ഡോക്യുമെന്ററിയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് സെവറോചെസ്കി ദെനിക് എന്ന പത്രം ഇങ്ങനെ പ്രസ്താവിച്ചു: “ആശ്രയയോഗ്യരായ ഈ സമകാലീനർ [ചെക്കിലെയും സ്ലൊവാക്കിലെയും യഹൂദ അതിജീവകർ] പോലും യഹോവയുടെ സാക്ഷികളായ തടവുകാരെക്കുറിച്ച് വളരെ മതിപ്പോടെ സാക്ഷ്യം പറഞ്ഞിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലരും ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘അവർ വളരെ ധീരരാണ്. വധഭീഷണി പോലും വകവെക്കാതെ അവർ തങ്ങളാലാവുന്ന വിധങ്ങളിലെല്ലാം ഞങ്ങളെ എല്ലായ്പോഴും സഹായിച്ചു. . . . അവരുടെ കുടുംബാംഗങ്ങൾ എന്നപോലെ അവർ ഞങ്ങൾക്കു വേണ്ടി പ്രാർഥിച്ചു; ആശ കൈവെടിയാതിരിക്കാൻ അവർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.’”
എന്നാൽ, നിങ്ങളെ യഥാർഥത്തിൽ വെറുക്കുന്നവരോട് സ്നേഹം പ്രകടമാക്കുന്നതു സംബന്ധിച്ചെന്ത്? അത് സാധ്യമാണോ?
സ്നേഹം വിദ്വേഷത്തെ ജയിച്ചടക്കുന്നു
ശത്രുക്കളെ സ്നേഹിക്കുന്നതു സംബന്ധിച്ച യേശുവിന്റെ പഠിപ്പിക്കൽ ഈ ബൈബിൾ സദൃശവാക്യത്തിനു ചേർച്ചയിലാണ്: “ശത്രുവിന്നു [“നിങ്ങളെ വെറുക്കുന്നവന്,” NW] വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക.” (സദൃശവാക്യങ്ങൾ 25:21; മത്തായി 5:44) ഒരിക്കൽ ശത്രുക്കളായി കരുതിയിരുന്നവരിൽനിന്ന് സ്നേഹപുരസ്സരമായ ശ്രദ്ധ ലഭിച്ചതിന്റെ നല്ല ഫലത്തെക്കുറിച്ച് അടുത്തയിടെ യഹോവയുടെ സാക്ഷി ആയിത്തീർന്ന ഒരു കറുത്ത വർഗക്കാരി ഇങ്ങനെ എഴുതി: “കുറച്ചു നാൾ മുമ്പായിരുന്നെങ്കിൽ വിപ്ലവ താത്പര്യങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഞാൻ യാതൊരു മടിയും കൂടാതെ കൊന്നൊടുക്കുമായിരുന്ന വെള്ളക്കാരായ സാക്ഷികളുടെ ആത്മാർഥ സ്നേഹം എന്റെ ഹൃദയത്തെ അഗാധമായി സ്പർശിച്ചിരിക്കുന്നു. ചിലപ്പോഴൊക്കെ അത്തരം സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ എനിക്കു കരച്ചിലടക്കാൻ പാടുപെടേണ്ടി വന്നിട്ടുണ്ട്.”
രണ്ടാം ലോകയുദ്ധ കാലത്ത് ഒരു അയൽക്കാരി, തന്റെ അമ്മയെപ്പറ്റി ഗസ്റ്റപ്പോയ്ക്ക് അറിവു കൊടുത്തതായി ഫ്രാൻസിലെ ഒരു സാക്ഷി വിവരിച്ചു. “തന്മൂലം, അമ്മ രണ്ടു വർഷം ജർമൻ തടങ്കൽപ്പാളയങ്ങളിൽ ചെലവഴിച്ചു. അവിടെ ആയിരുന്നപ്പോൾ അമ്മ മരണത്തിന്റെ വക്കോളം എത്തി,” പുത്രി വിവരിച്ചു. “യുദ്ധാനന്തരം, ഈ സ്ത്രീ ഒരു ജർമൻ സഹകാരിയാണെന്നു പറഞ്ഞ് അവരെ കുറ്റപ്പെടുത്തുന്ന ഒരു കടലാസിൽ ഒപ്പിടാൻ ഫ്രഞ്ച് പൊലീസ് അമ്മയോട് ആവശ്യപ്പെട്ടു. എന്നാൽ അമ്മ അതിനു വിസമ്മതിച്ചു.” പിന്നീട്, ഇതേ അയൽക്കാരിക്കു മാരകമായ കാൻസർ ബാധിച്ചു. “അവരുടെ ജീവിതത്തിന്റെ അവസാന മാസങ്ങൾ കഴിയുന്നിടത്തോളം സുഖപ്രദമാക്കാൻ അമ്മ അനേകം മണിക്കൂറുകൾ ചെലവഴിച്ചു. വിദ്വേഷത്തിൻമേലുള്ള സ്നേഹത്തിന്റെ ഈ വിജയം ഞാനൊരിക്കലും മറക്കുകയില്ല,” പുത്രി പറഞ്ഞു.
അന്യോന്യം സ്നേഹിക്കാൻ ആളുകൾക്കു പഠിക്കാൻ കഴിയുമെന്നു വ്യക്തം. മുൻ ശത്രുക്കൾ—ടൂട്സികളും ഹൂട്ടുകളും, യഹൂദന്മാരും അറബികളും, അർമേനിയക്കാരും തുർക്കികളും, ജപ്പാൻകാരും അമേരിക്കക്കാരും, ജർമൻകാരും റഷ്യക്കാരും, പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും എല്ലാം—ബൈബിൾ സത്യത്താൽ ഏകീകരിക്കപ്പെട്ടിരിക്കുന്നു!
മുമ്പ് വിദ്വേഷം വെച്ചുപുലർത്തിയിരുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോൾ അന്യോന്യം സ്നേഹിക്കാൻ കഴിയുമെങ്കിൽ തീർച്ചയായും മുഴു ലോകത്തിനും അതിനു സാധിക്കും. എങ്കിലും, എല്ലാവരും അന്യോന്യം സ്നേഹിക്കുന്നതിനു ലോകവ്യാപകമായി വലിയൊരു മാറ്റം ആവശ്യമാണെന്നു സമ്മതിക്കുന്നു. ആ മാറ്റം എങ്ങനെ സംഭവിക്കും?
[7-ാം പേജിലെ ചിത്രങ്ങൾ]
ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരും കറുത്തവർഗക്കാരും
യഹൂദന്മാരും അറബികളും
ഹൂട്ടുകളും ടൂട്സികളും
സാക്ഷികൾ പ്രതീകാത്മകമായി തങ്ങളുടെ വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നു