യഹോവയുടെ വചനം ജീവനുള്ളത്
മത്തായിയുടെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള ഉദ്വേഗജനകമായ ഒരു വിവരണം ആദ്യമായി തയ്യാറാക്കിയത് യേശുക്രിസ്തുവിന്റെ അടുത്ത സുഹൃത്തും ഒരുകാലത്ത് നികുതിപിരിവുകാരനും ആയിരുന്ന മത്തായിയാണ്. എബ്രായയിൽ എഴുതിയ ഈ സുവിശേഷം പിൽക്കാലത്ത് ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുകയായിരുന്നു. ഏകദേശം എ.ഡി. 41-ൽ എഴുത്തു പൂർത്തിയായ ഇത് എബ്രായ തിരുവെഴുത്തുകളെ ഗ്രീക്ക് തിരുവെഴുത്തുകളുമായി ബന്ധിപ്പിക്കുന്ന ഒരു പാലമായാണു വർത്തിക്കുന്നത്.
മുഖ്യമായും യഹൂദന്മാരെ ഉദ്ദേശിച്ച് എഴുതിയതായിരിക്കാമെങ്കിലും, പ്രചോദനാത്മകവും അർഥവത്തുമായ ഈ സുവിശേഷം യേശു ദൈവപുത്രനായ വാഗ്ദത്തമിശിഹയാണെന്ന വസ്തുത സ്ഥിരീകരിക്കുന്നു. ഇതിലെ സന്ദേശം അടുത്തു പരിശോധിക്കുന്നത് സത്യദൈവത്തിലും ദൈവപുത്രനിലും ദിവ്യവാഗ്ദാനങ്ങളിലുമുള്ള നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കും.—എബ്രാ. 4:12.
‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’
ഈ സുവിശേഷം ദൈവരാജ്യത്തിനും യേശുവിന്റെ ഉപദേശങ്ങൾക്കും ഊന്നൽ നൽകുന്നുണ്ടെങ്കിലും വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് കാലാനുക്രമത്തിലല്ല. യേശു ഗിരിപ്രഭാഷണം നടത്തിയത് തന്റെ ശുശ്രൂഷയുടെ മധ്യത്തോടെയാണെങ്കിലും ഈ പുസ്തകത്തിൽ ആദ്യഭാഗത്ത് അതു കാണുന്നു എന്നത് ഒരു ഉദാഹരണം മാത്രം.
ഗലീലയിലെ ശുശ്രൂഷയുടെ സമയത്ത് യേശു അത്ഭുതങ്ങൾ ചെയ്യുന്നു, 12 അപ്പൊസ്തലന്മാർക്കു ശുശ്രൂഷ സംബന്ധിച്ച് നിർദേശങ്ങൾ നൽകുന്നു, പരീശന്മാരെ കുറ്റംവിധിക്കുന്നു, രാജ്യത്തോടു ബന്ധപ്പെട്ട ഉപമകൾ പറയുന്നു. തുടർന്ന് യേശു ഗലീല വിട്ട് “യോർദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം” ചെല്ലുന്നു. (മത്താ. 19:1, 2) യാത്രാമധ്യേ ശിഷ്യന്മാരോട് ഇങ്ങനെ പറയുന്നു: ‘നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും ഏല്പിക്കപ്പെടും; അവർ അവന്നു മരണശിക്ഷ കല്പിക്കും. . . . എന്നാൽ മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേല്ക്കും.’—മത്താ. 20:18, 19.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
3:16—യേശുവിന്റെ സ്നാന സമയത്ത് ‘സ്വർഗം തുറന്നത്’ ഏതു വിധത്തിൽ? മനുഷ്യനാകുന്നതിനുമുമ്പ്, സ്വർഗത്തിലായിരുന്നപ്പോഴത്തെ ജീവിതം യേശുവിന്റെ ഓർമയിലേക്കുവന്നു എന്ന അർഥത്തിലാണെന്നു തോന്നുന്നു.
5:21, 22—കോപം പ്രകടിപ്പിക്കുന്നത് അതു വെച്ചുകൊണ്ടിരിക്കുന്നതിനെക്കാൾ ഗൗരവതരമാണോ? സഹോദരനെതിരെ കോപംവെച്ചുകൊണ്ടിരിക്കുന്നത് ഗുരുതരമായ പാപമാണെന്ന് യേശു മുന്നറിയിപ്പു നൽകി. എന്നാൽ, നിന്ദാവാക്കുകൾ ഉച്ചരിച്ചുകൊണ്ട് ആ കോപം അഴിച്ചുവിടുന്നത് ഏറെ ഗുരുതരമാണ്. അങ്ങനെ ചെയ്യുന്ന ഒരുവൻ പ്രാദേശിക കോടതിയിലല്ല, പരമോന്നത കോടതിയിൽ സമാധാനം പറയേണ്ടിവരും.
5:48—നമ്മുടെ സ്വർഗീയപിതാവ് ‘പൂർണൻ’ ആയിരിക്കുന്നതുപോലെ, നമുക്കും ‘പൂർണർ’ ആയിരിക്കാനാകുമോ? ആപേക്ഷികമായ വിധത്തിൽ അതു സാധ്യമാണ്. യേശു ഇവിടെ സ്നേഹത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. സ്നേഹിക്കുന്ന കാര്യത്തിൽ ദൈവത്തെ അനുകരിച്ച് പൂർണർ അഥവാ തികഞ്ഞവർ ആകാൻ അവൻ തന്റെ ശ്രോതാക്കളോടു പറഞ്ഞു. (മത്താ. 5:43-47) എങ്ങനെയാണ് അത്തരം സ്നേഹം കാണിക്കാനാകുന്നത്? ശത്രുക്കളെക്കൂടെ തങ്ങളുടെ സ്നേഹവലയത്തിലാക്കിക്കൊണ്ട്.
7:16—ഏതു ‘ഫലങ്ങളാണ്’ സത്യമതത്തെ തിരിച്ചറിയിക്കുന്നത്? നമ്മുടെ പെരുമാറ്റവും ഇടപെടലും മാത്രമല്ല അതിൽ ഉൾപ്പെട്ടിരിക്കുന്നത്. വിശ്വാസങ്ങളും, അതായത്, നാം പറ്റിനിൽക്കേണ്ട പഠിപ്പിക്കലുകളും അതിന്റെ ഭാഗമാണ്.
10:34-38—കുടുംബത്തകർച്ചയ്ക്ക് തിരുവെഴുത്തു സന്ദേശത്തെയാണോ കുറ്റപ്പെടുത്തേണ്ടത്? ഒരിക്കലുമില്ല. അവിശ്വാസികളായ കുടുംബാംഗങ്ങൾ എടുക്കുന്ന നിലപാടു നിമിത്തമാണ് കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അവർ ക്രിസ്ത്യാനിത്വത്തെ പരിത്യജിക്കുകയോ എതിർക്കുകയോ ചെയ്തേക്കാവുന്നതിന്റെ ഫലമായി കുടുംബത്തിൽ ഛിദ്രം ഉണ്ടാകുന്നു.—ലൂക്കൊ. 12:51-53.
11:2-6—യേശുവിനെ അംഗീകരിച്ചുകൊണ്ടുള്ള ദൈവത്തിന്റെ വാക്കുകൾ കേട്ട യോഹന്നാന് യേശു മിശിഹയാണെന്ന വസ്തുത അറിയാമായിരുന്നെങ്കിൽ, “വരുവാനുള്ളവൻ നീയോ” എന്നു ചോദിച്ചത് എന്തുകൊണ്ട്? യേശുവിൽനിന്നു നേരിട്ടുള്ള ഒരു ഉറപ്പ് ലഭിക്കാനായിരിക്കണം അങ്ങനെ ചോദിച്ചത്. മാത്രമല്ല, രാജ്യാധികാരത്തോടെവന്ന് യഹൂദന്മാരുടെ എല്ലാ പ്രതീക്ഷകളും നിറവേറ്റുന്ന ‘മറ്റൊരുവൻ’ ഉണ്ടോയെന്ന് അറിയാനും യോഹന്നാൻ ആഗ്രഹിച്ചു. അങ്ങനെയൊരാൾ ഇല്ലെന്ന് യേശുവിന്റെ മറുപടി വ്യക്തമാക്കി.
19:28—ന്യായംവിധിക്കപ്പെടാനിരിക്കുന്ന ‘പന്ത്രണ്ട് ഇസ്രായേൽ ഗോത്രങ്ങൾ’ എന്തിനെ പ്രതിനിധാനം ചെയ്യുന്നു? ആത്മീയ ഇസ്രായേലിന്റെ 12 ഗോത്രങ്ങളെയല്ല അവ അർഥമാക്കുന്നത്. (ഗലാ. 6:16; വെളി. 7:4-8) യേശു അഭിസംബോധന ചെയ്ത അപ്പൊസ്തലന്മാർ ആത്മീയ ഇസ്രായേലിന്റെ ഭാഗമാകാനിരുന്നവർ ആയിരുന്നു, അതിലെ അംഗങ്ങളെ വിധിക്കുന്നവർ അല്ലായിരുന്നു. യേശു അവരുമായി ഒരു ‘രാജ്യത്തിനായി നിയമംചെയ്തു.’ അവർ ‘ദൈവത്തിന് രാജ്യവും പുരോഹിതന്മാരും’ ആയിരിക്കണമായിരുന്നു. (ലൂക്കൊ. 22:28-30; വെളി. 5:10) ആ ആത്മീയ ഇസ്രായേലിലെ അംഗങ്ങൾ ‘ലോകത്തെ വിധിക്കേണ്ടവരാണ്.’ (1 കൊരി. 6:2) അതുകൊണ്ട്, സ്വർഗീയ സിംഹാസനത്തിൽ ഇരിക്കുന്നവർ ന്യായംവിധിക്കുന്ന ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾ, ആ രാജകീയ-പുരോഹിതവർഗത്തിനു പുറത്തുള്ള മനുഷ്യവർഗ ലോകത്തെയാണു പ്രതിനിധാനം ചെയ്യുന്നത്—പാപപരിഹാര ദിവസത്തിലെ 12 ഗോത്രങ്ങളാൽ ചിത്രീകരിക്കപ്പെട്ടതുപോലെ.—ലേവ്യ. 16-ാം അധ്യായം.
നമുക്കുള്ള പാഠങ്ങൾ:
4:1-10. സാത്താൻ തിന്മയെന്ന ഗുണമല്ലെന്നും ഒരു യഥാർഥ വ്യക്തിയാണെന്നും ഈ വിവരണം പഠിപ്പിക്കുന്നു. നമ്മെ പ്രലോഭിപ്പിക്കാനായി അവൻ “ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം” എന്നിവ ആയുധമാക്കുന്നു. എങ്കിലും, തിരുവെഴുത്തുതത്ത്വങ്ങൾ പ്രാവർത്തികമാക്കുന്നത് ദൈവത്തോടു വിശ്വസ്തരായിരിക്കാൻ നമ്മെ സഹായിക്കും.—1 യോഹ. 2:16.
5:1–7:29. നിങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ച് ബോധവാന്മാരായിരിക്കുക. സമാധാനപ്രിയരായിരിക്കുക. അധാർമിക ചിന്തകൾ പിഴുതെറിയുക. വാക്കുപാലിക്കുക. പ്രാർഥനയിൽ ഭൗതികകാര്യങ്ങളെക്കാൾ ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകുക. ദൈവവിഷയമായി സമ്പന്നനായിരിക്കുക. ഒന്നാമത് രാജ്യവും ദൈവത്തിന്റെ നീതിയും അന്വേഷിക്കുക. മറ്റുള്ളവരെ വിധിക്കാതിരിക്കുക. ദൈവേഷ്ടം ചെയ്യുക. അങ്ങനെ, പ്രായോഗികമായ എത്രയെത്ര പാഠങ്ങളാണു ഗിരിപ്രഭാഷണത്തിൽ അടങ്ങിയിരിക്കുന്നത്!
9:37, 38. ശിഷ്യരാക്കൽ വേലയിൽ സതീക്ഷ്ണം ഏർപ്പെട്ടുകൊണ്ട് ‘കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കാനുള്ള’ നമ്മുടെ അപേക്ഷയ്ക്കു ചേർച്ചയിൽ നാം പ്രവർത്തിക്കേണ്ടതുണ്ട്.—മത്താ. 28:19, 20.
10:32, 33. നമ്മുടെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാൻ ഭയപ്പെടരുത്.
13:51, 52. രാജ്യസത്യങ്ങളുടെ അർഥം ഗ്രഹിക്കുന്നതോടെ, മറ്റുള്ളവരെ പഠിപ്പിക്കാനും ഈ അമൂല്യ സത്യങ്ങൾ അവരുമായി പങ്കുവെക്കാനുമുള്ള ഉത്തരവാദിത്വം നമുക്കു കൈവരുന്നു.
14:12, 13, 23. അർഥപൂർണമായ ധ്യാനത്തിന് ഏകാന്തനിമിഷങ്ങൾ അനിവാര്യമാണ്.—മർക്കൊ. 6:46; ലൂക്കൊ. 6:12.
17:20, 21. ആത്മീയ പുരോഗതിക്കു വിഘാതമായി നിൽക്കുന്ന പർവതസമാനമായ പ്രതിബന്ധങ്ങളെ മറികടക്കാനും ക്ലേശപൂർണമായ സാഹചര്യങ്ങളുമായി ഒത്തുപോകാനും നമുക്കു വിശ്വാസം ആവശ്യമാണ്. യഹോവയിലും ദിവ്യവാഗ്ദാനങ്ങളിലുമുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിൽ നാം ഉപേക്ഷ വിചാരിക്കരുത്.—മർക്കൊ. 11:23; ലൂക്കൊ. 17:6.
18:1-4; 20:20-28. മനുഷ്യ അപൂർണതയും സ്ഥാനമാനങ്ങൾക്കു വലിയ പ്രാധാന്യം നൽകിയിരുന്ന മതപശ്ചാത്തലവുമാണ് യേശുവിന്റെ ശിഷ്യന്മാർ സ്ഥാനം സംബന്ധിച്ചു വളരെ ചിന്തയുള്ളവരായിരുന്നതിനു കാരണം. പാപപൂർണമായ പ്രവണതകൾക്കെതിരെ ജാഗ്രത പാലിക്കുകയും ഉത്തരവാദിത്വങ്ങളും പദവികളും സംബന്ധിച്ച ഉചിതമായ വീക്ഷണം നിലനിറുത്തുകയും ചെയ്തുകൊണ്ട് നാം താഴ്മ നട്ടുവളർത്തണം.
“മനുഷ്യപുത്രനെ . . . ഏല്പിക്കും”
എ.ഡി. 33 നീസാൻ 9-ന് ‘കഴുതപ്പുറത്ത് കയറി’ യേശു യെരൂശലേമിലേക്കു വരുന്നു. (മത്താ. 21:4, 5) പിറ്റേന്ന് ആലയത്തിൽവന്ന് അതിനെ ശുദ്ധമാക്കുന്നു. നീസാൻ 11-ന് ആലയത്തിൽ ഉപദേശിക്കുന്നു, പരീശന്മാരുടെയും ശാസ്ത്രിമാരുടെയും കാപട്യം തുറന്നുകാട്ടുന്നു, തുടർന്ന് തന്റെ “വരവിന്നും ലോകാവസാനത്തിന്നും അടയാളം” ശിഷ്യന്മാർക്കു നൽകുന്നു. (മത്താ. 24:3) അടുത്ത ദിവസം യേശു അവരോടു പറയുന്നു: “രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങൾ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാൻ ഏല്പിക്കും.”—മത്താ. 26:1, 2.
നീസാൻ 14. യേശു തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തുന്നു. തുടർന്ന് അവനെ ഒറ്റിക്കൊടുക്കുന്നു, അറസ്റ്റുചെയ്യുന്നു, വിചാരണ ചെയ്യുന്നു, ഒടുവിൽ സ്തംഭത്തിലേറ്റുന്നു. മൂന്നാം ദിവസം ഉയിർപ്പിക്കപ്പെടുന്നു. പുനരുത്ഥാനം പ്രാപിച്ച യേശു സ്വർഗാരോഹണത്തിനുമുമ്പ് ശിഷ്യന്മാരോടു കൽപ്പിക്കുന്നു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.”—മത്താ. 28:19, 20.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
22:3, 4, 9—കല്യാണസദ്യയ്ക്കുള്ള മൂന്നു ക്ഷണം നൽകപ്പെട്ടത് എപ്പോഴെല്ലാം? മണവാട്ടിവർഗത്തെ കൂട്ടിച്ചേർക്കാനുള്ള ആദ്യക്ഷണം ഉണ്ടായത് എ.ഡി. 29-ൽ യേശുവും അനുഗാമികളും പ്രസംഗവേല തുടങ്ങിയപ്പോഴാണ്, അത് എ.ഡി. 33 വരെ തുടർന്നു. രണ്ടാമത്തെ ക്ഷണം, എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ പരിശുദ്ധാത്മാവ് പകരപ്പെട്ടതു മുതൽ എ.ഡി. 36 വരെയുള്ള സമയത്തായിരുന്നു. രണ്ടു ക്ഷണവും യഹൂദരെയും യഹൂദമതപരിവർത്തിതരെയും ശമര്യക്കാരെയും മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ മൂന്നാമത്തെ ക്ഷണം നഗരത്തിനു പുറത്ത് വഴിയരികിലുള്ളവർക്ക്, അതായത് പരിച്ഛേദനയേൽക്കാത്ത വിജാതീയർക്കു വെച്ചുനീട്ടി. എ.ഡി. 36-ൽ റോമൻ പട്ടാള ഓഫീസറായ കൊർന്നെല്യൊസിന്റെ പരിവർത്തനത്തിൽ തുടങ്ങിയ അത് ഇന്നോളം തുടരുന്നു.
23:15—പരീശമതത്തിലേക്കു പരിവർത്തനം ചെയ്ത ഒരാൾ പരീശന്മാരെക്കാൾ “ഇരട്ടിച്ച നരകയോഗ്യൻ” ആയിരുന്നത് എങ്ങനെ? പരീശന്മാരുടെ കൂട്ടത്തിലേക്കു പരിവർത്തനം ചെയ്ത ചിലർ മുമ്പ് കടുത്ത പാപികൾ ആയിരുന്നിരിക്കാം. എന്നാൽ അതിരുകടന്ന ചിന്താഗതിക്കാരായ പരീശന്മാരുടെകൂടെ ചേർന്നപ്പോൾ അവരുടെ അവസ്ഥ ഒന്നുകൂടെ മോശമായിത്തീർന്നു, ഒരുപക്ഷേ ആ ഉപദേഷ്ടാക്കന്മാരെക്കാളും. അതുകൊണ്ട് യഹൂദ പരീശന്മാരോടുള്ള താരതമ്യത്തിൽ അവർ ‘ഇരട്ടി നരകയോഗ്യർ’ ആയിരുന്നു.
27:3-5—യൂദാ അനുതപിച്ചത് ഏതർഥത്തിലാണ്? യൂദായുടെ അനുതാപം ആത്മാർഥമായിരുന്നു എന്നതിനു യാതൊരു സൂചനയുമില്ല. ദൈവത്തോടു ക്ഷമ യാചിക്കുന്നതിനുപകരം മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽച്ചെന്ന് തെറ്റ് ഏറ്റുപറയുകയാണു യൂദാ ചെയ്തത്. “മരണത്തിന്നുള്ള പാപം” ചെയ്ത യൂദായ്ക്ക് കുറ്റബോധവും നിരാശയും തോന്നിയതു സ്വാഭാവികംമാത്രം. (1 യോഹ. 5:16) ആശയറ്റ ഒരു അവസ്ഥയിൽനിന്ന് ഉടലെടുത്ത അനുതാപമായിരുന്നു അത്.
നമുക്കുള്ള പാഠങ്ങൾ:
21:28-31. നാം ദൈവേഷ്ടം ചെയ്യണം—അതാണ് യഹോവയ്ക്കു പ്രധാനം. ഉദാഹരണത്തിന്, പ്രസംഗ-ശിഷ്യരാക്കൽ വേലയിൽ നമുക്ക് തീക്ഷ്ണമായൊരു പങ്കുണ്ടായിരിക്കണം.—മത്താ. 24:14; 28:19, 20.
22:37-39. ദൈവം തന്റെ ആരാധകരിൽനിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങളെ എത്ര മനോഹരമായാണ് ഈ രണ്ടു കൽപ്പനകളിൽ സംഗ്രഹിച്ചിരിക്കുന്നത്!
[31-ാം പേജിലെ ചിത്രം]
നിങ്ങൾ കൊയ്ത്തിൽ സതീക്ഷ്ണം ഏർപ്പെടുന്നുണ്ടോ?
[കടപ്പാട്]
© 2003 BiblePlaces.com
[31-ാം പേജിലെ ചിത്രം]
മത്തായി ദൈവരാജ്യത്തിന് ഊന്നൽനൽകുന്നു