ഇന്നത്തെ കള്ളപ്രവാചകൻമാർ
യെരൂശലേം നഗരത്തിൽ വിഗ്രഹാരാധനയും ദുർമ്മാർഗ്ഗവും അഴിമതിയും നിർദ്ദോഷരക്തത്തിന്റെ ചൊരിയലും പ്രബലപ്പെട്ടിരുന്ന ഒരു കാലത്ത് യിരെമ്യാവ് അവിടെ ദൈവത്തിന്റെ പ്രവാചകനായി സേവിച്ചിരുന്നു. (യിരെമ്യാവ് 7:8-11) ആ കാലത്ത് പ്രവർത്തനനിരതനായിരുന്ന ഏക പ്രവാചകനല്ലായിരുന്നു അവൻ, എന്നാൽ മററുള്ള മിക്കവരും തങ്ങളേത്തന്നെ സേവിക്കുന്നവരും അഴിമതിക്കാരുമായിരുന്നു. ഏതു വിധത്തിൽ? യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “പ്രവാചകൻമാരും പുരോഹിതൻമാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. സമാധാനം ഇല്ലാതിരിക്കെ സമാധാനം, സമാധാനം എന്നു അവർ പറഞ്ഞു എന്റെ ജനത്തിന്റെ മുറിവിന്നു ലഘുവായി ചികിത്സിക്കുന്നു.”—യിരെമ്യാവ് 6:13, 14.
ദേശത്തെ സകല അഴിമതിയുമുണ്ടായിരുന്നിട്ടും കാര്യങ്ങൾ നന്നായി നീങ്ങുന്നുവെന്നും ജനങ്ങൾ ദൈവവുമായി സമാധാനത്തിലാണെന്നും തോന്നിക്കാൻ കള്ളപ്രവാചകൻമാർ ശ്രമിച്ചു; എന്നാൽ വാസ്‌തവമതല്ലായിരുന്നു. യിരെമ്യാവ് നിർഭയം പ്രഖ്യാപിച്ചതുപോലെ ദൈവത്തിന്റെ ന്യായവിധി അവർക്ക് നേരിടാനിരിക്കുകയായിരുന്നു. ബാബിലോന്യ പടയാളികൾ ക്രി.മു. 607-ൽ യെരൂശലേമിനെ നിലംപരിചാക്കുകയും ആലയത്തെ നശിപ്പിക്കുകയും ജനങ്ങൾ ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ വിദൂര ബാബിലോനിലേക്ക് അടിമകളായി വലിച്ചിഴക്കപ്പെടുകയോ ചെയ്യുകയും ചെയ്‌തപ്പോൾ കള്ളപ്രവചാകൻമാരല്ല, സത്യപ്രവാചകനായിരുന്ന യിരെമ്യാവ് നീതിമത്‌ക്കരിക്കപ്പെട്ടു. ദേശത്തു വിടപ്പെട്ട ദയനീയരായ ചുരുക്കംചിലർ ഈജിപ്‌ററിലേക്ക് ഓടിപ്പോയി.—യിരെമ്യാവ് 39:6-9; 43:4-7.
കള്ളപ്രവാചകൻമാർ എന്തു ചെയ്‌തിരുന്നു? “അതുകൊണ്ട് ഒരുത്തനോട് ഒരുത്തൻ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകൻമാർക്ക് ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്.” (യിരെമ്യാവ് 23:30) ദൈവത്തിൽനിന്നുള്ള യഥാർത്ഥ മുന്നറിയിപ്പിനല്ല വ്യാജങ്ങൾക്ക് ചെവികൊടുക്കാൻ ജനത്തെ പ്രോൽസാഹിപ്പിച്ചതിനാൽ കള്ളപ്രവാചകൻമാർ ദൈവവചനങ്ങളുടെ ശക്തിയും ഫലവും മോഷ്ടിക്കുകയാണുണ്ടായത്. അവർ പറഞ്ഞുകൊണ്ടിരുന്നത് “ദൈവത്തിന്റെ മഹനീയ കാര്യങ്ങൾ” അല്ലായിരുന്നു, പിന്നെയോ ജനങ്ങൾ കേൾക്കാനാഗ്രഹിച്ച അവരുടെ സ്വന്തം ആശയങ്ങളായിരുന്നു. യിരെമ്യാവിന്റെ സന്ദേശം വാസ്‌തവത്തിൽ ദൈവത്തിൽനിന്നായിരുന്നു, ഇസ്രയേല്യർ അവന്റെ വാക്കുകളനുസരിച്ചു പ്രവർത്തിച്ചിരുന്നെങ്കിൽ അവർ അതിജീവിക്കുമായിരുന്നു. കള്ളപ്രവാചകൻമാർ ദൈവവചനങ്ങൾ മോഷ്ടിക്കുകയും ജനങ്ങളെ വിപത്തിലേക്കു നയിക്കുകയും ചെയ്‌തു. അത് തന്റെ നാളിലെ അവിശ്വസ്‌ത മതനേതാക്കൻമാരെക്കുറിച്ച് യേശു പറഞ്ഞതുപോലെയായിരുന്നു: “അവർ കുരുടൻമാരായ വഴികാട്ടികൾ അത്രേ. കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴും.”—പ്രവൃത്തികൾ 2:11; മത്തായി 15:14.
യിരെമ്യാവിന്റെ നാളിലേതുപോലെ, ബൈബിളിലെ ദൈവത്തെ പ്രതിനിധാനംചെയ്യുന്നതായി അവകാശപ്പെടുന്ന കള്ളപ്രവാചകൻമാർ ഇന്നുണ്ട്; എന്നാൽ ദൈവം തന്റെ വചനത്തിലൂടെ യഥാർത്ഥത്തിൽ പറയുന്നതിൽനിന്ന് ആളുകളെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങൾ പ്രസംഗിച്ചുകൊണ്ട് അവരും ദൈവവചനങ്ങൾ മോഷ്ടിക്കുകയാണ്. ഏതു വിധത്തിൽ? രാജ്യം എന്ന അടിസ്ഥാന ബൈബിളുപദേശത്തെ ഒരു ഉരകല്ലായി ഉപയോഗിച്ചുകൊണ്ട് നമുക്ക് ആ ചോദ്യത്തിന് ഉത്തരം പറയാം.
രാജ്യത്തെ സംബന്ധിച്ച സത്യം
ദൈവരാജ്യം ക്രിസ്‌തുവിന്റെ പഠിപ്പിക്കലിന്റെ മുഖ്യവിഷയമായിരുന്നു, സുവിശേഷങ്ങളിൽ ഒരു നൂറിലധികം പ്രാവശ്യം അതിനെക്കുറിച്ച് പറയുന്നുമുണ്ട്. തന്റെ ശുശ്രൂഷയുടെ പ്രാരംഭത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ മററുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്.” “നിന്റെ രാജ്യം വരേണമേ” എന്ന് പ്രാർത്ഥിക്കാൻ അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു.—ലൂക്കോസ് 4:43; 11:2.
അപ്പോൾ രാജ്യം എന്താണ്? ദി ന്യൂ തായേഴ്‌സ് ഗ്രീക്ക് ഇംഗ്ലീഷ് ലക്‌സിക്കൻ അനുസരിച്ച് ബൈബിളിൽ “രാജ്യം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്റെ അർത്ഥം ഒന്നാമത് “രാജകീയ അധികാരം, രാജത്വം, ആധിപത്യം, ഭരണം” എന്നും രണ്ടാമത് “ഒരു രാജാവിന്റെ ഭരണത്തിന് വിധേയമായ പ്രദേശം” എന്നുമാണ്. ഇതിൽനിന്ന് ദൈവത്തിന്റെ രാജ്യം ഒരു രാജാവിനാൽ ഭരിക്കപ്പെടുന്ന ഒരു അക്ഷരീയ ഭരണകൂടമാണെന്ന് നാം യുക്തിപൂർവം നിഗമനംചെയ്യും. വാസ്‌തവമിതാണോ?
അതെ, അതാണ് വാസ്‌തവം. രാജാവ് യേശുക്രിസ്‌തു അല്ലാതെ മററാരുമല്ല. യേശുവിന്റെ ജനനത്തിനുമുമ്പ് ഗബ്രിയേൽദൂതൻ മറിയയോട് ഇങ്ങനെ പറഞ്ഞു: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും.” (ലൂക്കോസ് 1:32) യേശുവിന് ഒരു സിംഹാസനം കിട്ടുന്നത് അവൻ ഒരു രാജാവാണെന്ന്, ഒരു ഗവൺമെൻറ് ഭരണാധികാരിയാണെന്ന്, തെളിയിക്കുന്നു. കൂടാതെ, രാജ്യം ഒരു അക്ഷരീയ ഗവൺമെൻറാണെന്ന് തെളിയിക്കുന്നതാണ് യെശയ്യാവിന്റെ പ്രവചനം: “നമുക്ക് ഒരു കുട്ടി ജനിച്ചിരിക്കുന്നു, നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു. ഭരണകൂടം അവന്റെ തോളിലായിരിക്കും . . . അവന്റെ ഭരണകൂടത്തിന്റെ വർദ്ധനവിനും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല.”—യെശയ്യാവ് 9:6, 7, കിംഗ് ജെയിംസ് വേർഷൻ.
യേശു എവിടെയാണ് ഭരിക്കുന്നത്? യെരൂശലേമിലാണോ? അല്ല. യേശുവിന് രാജ്യം കിട്ടുന്നതിന്റെ ഒരു ദർശനം ദാനിയേൽ പ്രവാചകന് കൊടുക്കപ്പെട്ടു, അവന്റെ ദർശനം യേശു സ്വർഗ്ഗത്തിലായിരിക്കുന്നതായിട്ടാണ് കാണിക്കുന്നത്. (ദാനിയേൽ 7:13, 14) ഇത് യേശു രാജ്യത്തെക്കുറിച്ച് സംസാരിച്ച രീതിയോട് യോജിക്കുന്നു. അവൻ മിക്കപ്പോഴും അതിനെ “സ്വർഗ്ഗരാജ്യം” എന്നു വിളിച്ചു. (മത്തായി 10:7; 11:11, 12) അത് യേശു പീലാത്തോസിന്റെ മുമ്പാകെ വിചാരണചെയ്യപ്പെട്ടുകൊണ്ടിരുന്നപ്പോഴത്തെ അവനോടുള്ള യേശുവിന്റെ വാക്കുകളോടു യോജിക്കുന്നു: “എന്റെ രാജ്യം ഐഹികമല്ല, എന്റെ രാജ്യം ഐഹികമായിരുന്നു എങ്കിൽ എന്നെ യഹൂദൻമാരുടെ കൈയിൽ ഏൽപ്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു; എന്നാൽ എന്റെ രാജ്യം ഐഹികമല്ല.” (യോഹന്നാൻ 18:36) യേശുവിന്റെ രാജ്യം സ്വർഗ്ഗത്തിൽനിന്ന് ഭരിക്കുന്ന ഒരു യഥാർത്ഥ ഗവൺമെൻറാണെന്ന് നിങ്ങളുടെ ശുശ്രൂഷകൻ അല്ലെങ്കിൽ പുരോഹിതൻ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നുവോ? അതോ രാജ്യം ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന എന്തോ ആണെന്ന് അയാൾ പഠിപ്പിച്ചിരിക്കുന്നുവോ? അങ്ങനെയാണെങ്കിൽ, അയാൾ നിങ്ങളിൽനിന്ന് ദൈവവചനം മോഷ്ടിച്ചുകൊണ്ടാണിരിക്കുന്നത്.
രാജ്യഗവൺമെൻറും വ്യത്യസ്‌തരൂപങ്ങളിലുള്ള സകല മാനുഷഗവൺമെൻറുകളും തമ്മിലുള്ള ബന്ധമെന്താണ്? മിർച്ചെ എലിയാഡ് പ്രസാധനംചെയ്‌ത മതവിജ്ഞാനകോശം പറയുന്നതനുസരിച്ച്, നവീകരണപ്രവർത്തകനായിരുന്ന മാർട്ടിൻ ലൂഥർ രാജ്യത്തെക്കുറിച്ച് ചർച്ചചെയ്‌തപ്പോൾ ഇങ്ങനെ നിർദ്ദേശിച്ചു: “ലോകഗവൺമെൻറും . . . ദൈവരാജ്യം എന്നു വിളിക്കപ്പെടാവുന്നതാണ്.” മനുഷ്യർക്ക് തങ്ങളുടെ സ്വന്തം ശ്രമങ്ങളാൽ മനുഷ്യഗവൺമെൻറുകളെ ദൈവരാജ്യത്തോട് കൂടുതൽ അടുപ്പിക്കാൻ കഴിയുമെന്ന് ചിലർ പഠിപ്പിക്കുന്നു. 1983-ൽ സഭകളുടെ ലോകകൗൺസിൽ ഇങ്ങനെ ഉറപ്പിച്ചുപറഞ്ഞു: “നമ്മുടെ സമാധാനവാഞ്‌ഛക്ക് നാം പ്രത്യേക പ്രവർത്തനങ്ങളാൽ തെളിവു കൊടുക്കുന്നുവെങ്കിൽ, ഈ ലോകത്തിലെ രാജ്യങ്ങളെ ദൈവരാജ്യത്തോട് കുറേക്കൂടെ അടുപ്പിക്കുന്നതിന് ദൈവത്തിന്റെ ആത്മാവിന് നമ്മുടെ ദുർബല ശ്രമങ്ങളെ ഉപയോഗിക്കാൻ കഴിയും.”
കർത്താവിന്റെ പ്രാർത്ഥനയിൽ യേശു തന്റെ അനുഗാമികളെ ദൈവരാജ്യം വരാൻ പ്രാർത്ഥിക്കുന്നതിന് പഠിപ്പിച്ചുവെന്നും പിന്നീടു മാത്രമേ “നിന്റെ [ദൈവത്തിന്റെ] ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ” എന്നു പ്രാർത്ഥിക്കാൻ അവരോടു പറഞ്ഞുള്ളുവെന്നും ശ്രദ്ധിക്കുക. (മത്തായി 6:10) മററു വാക്കുകളിൽ പറഞ്ഞാൽ, മനുഷ്യർ ദൈവേഷ്ടം ചെയ്യുന്നതിനാൽ രാജ്യം വരുത്തുന്നില്ല. രാജ്യത്തിന്റെ വരവാണ് ദൈവേഷ്ടം ഭൂമിയിൽ ചെയ്യപ്പെടാനിടയാക്കുന്നത്. എങ്ങനെ?
ദാനിയേലിന്റെ പ്രവചനം 2-ാം അദ്ധ്യായം 44-ാം വാക്യം പറയുന്നത് ശ്രദ്ധിക്കുക: “ഈ രാജാക്കൻമാരുടെ കാലത്ത് സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും. അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കുകയും എന്നേക്കും നിലനിൽക്കുകയും ചെയ്യും.” തന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ലെന്ന് യേശു പറഞ്ഞത് അതിശയമല്ല! പകരം രാജ്യം ഈ ഭൂമിയിലെ രാജ്യങ്ങളെ, ഗവൺമെൻറുകളെ, നശിപ്പിക്കാൻ പോകുകയാണ്, മനുഷ്യവർഗ്ഗത്തെ ഭരിക്കുന്നതിൽ അവയുടെ സ്ഥാനത്തു വരാനും പോകുകയാണ്. മനുഷ്യവർഗ്ഗത്തിന്റെ ദൈവദത്ത ഗവൺമെൻറ് എന്ന നിലയിൽ അത് അപ്പോൾ ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടുന്നതിൽ ശ്രദ്ധിക്കും.
ഈ ലോകത്തെ നിയന്ത്രിക്കുന്നത് ആരാണെന്ന് നാം പരിചിന്തിക്കുമ്പോൾ രാജ്യത്തിന്റെ ഭാഗത്തെ അത്തരം കർശനമായ നടപടിയുടെ കാരണം കൂടുതൽ വ്യക്തമാകുന്നു. അപ്പോസ്‌തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) “ദുഷ്ടൻ” പിശാചായ സാത്താനാണ്. അവനെയാണ് പൗലോസ് “ഈ ലോകത്തിന്റെ ദൈവം” എന്നു വിളിച്ചത്. (2 കൊരിന്ത്യർ 4:4) പിശാചായ സാത്താൻ ദൈവമായിരിക്കുന്ന ലോകത്തിലെ സ്ഥാപനങ്ങളെ ദൈവരാജ്യത്തോടു ബന്ധപ്പെട്ടിരിക്കുന്നതായി തിരിച്ചറിയാൻ മാർഗ്ഗമില്ല.
യേശു രാഷ്‌ട്രീയത്തിൽ ഉൾപ്പെടാഞ്ഞതിന്റെ ഒരു കാരണമിതാണ്. യഹൂദ ദേശീയവാദികൾ അവനെ ഒരു രാജാവാക്കാൻ ശ്രമിച്ചപ്പോൾ അവൻ അവരിൽ നിന്ന് ഒഴിഞ്ഞുമാറി. (യോഹന്നാൻ 6:15) നാം കണ്ടുകഴിഞ്ഞതുപോലെ, “എന്റെ രാജ്യം ഐഹികമല്ല” എന്ന് അവൻ പീലാത്തോസിനോട് തുറന്നുപറഞ്ഞു. ഇതിനു ചേർച്ചയായി, അവൻ തന്റെ അനുഗാമികളെ സംബന്ധിച്ച് “ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികൻമാരല്ല” എന്നു പറഞ്ഞു. (യോഹന്നാൻ 17:16) അതുകൊണ്ട് ഈ വ്യവസ്ഥിതിക്കുള്ളിലെ നവീകരണങ്ങളാൽ ദൈവരാജ്യത്തിന്റെ വരവ് ത്വരിതപ്പെടുത്തപ്പെടുന്നുവെന്ന് പഠിപ്പിക്കുകയും ആ ലക്ഷ്യത്തിൽ പ്രവർത്തിക്കാൻ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന മതനേതാക്കൻമാർ കള്ളപ്രവാചകൻമാരാണ്. അവർ ബൈബിൾ യഥാർത്ഥത്തിൽ പഠിപ്പിക്കുന്നതിന്റെ ശക്തിയെയും ഫലത്തെയും മോഷ്ടിക്കുകയാണ്.
അത് പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
ഇതെല്ലാം ബൗദ്ധികമായ ഒരു വാദം മാത്രമാണോ? യാതൊരു പ്രകാരത്തിലുമല്ല. ദൈവരാജ്യത്തെക്കുറിച്ചുള്ള വ്യാജോപദേശങ്ങൾ അനേകരെ വഴിതെററിച്ചിട്ടുണ്ട്, ചരിത്രഗതിയെ ബാധിക്കുകപോലും ചെയ്‌തിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ഒരു റോമൻകത്തോലിക്കാ വിജ്ഞാനകോശമായ തേയോ പറയുന്നു: “ദൈവത്തിന്റെ ജനം ക്രിസ്‌തു ഭൂമിയിൽ തുടക്കമിട്ട ഒരു ദൈവരാജ്യത്തിലേക്കു മുന്നേറുകയാണ് . . . സഭ ഈ രാജ്യത്തിന്റെ വിത്താണ്.” കത്തോലിക്കാ സഭ ദൈവരാജ്യമാണെന്നുള്ള മനസ്സിലാക്കൽ അന്ധവിശ്വാസം നിറഞ്ഞ മദ്ധ്യയുഗങ്ങളിൽ സഭക്ക് വമ്പിച്ച ലൗകികാധികാരം നേടിക്കൊടുത്തു. ഇന്നുപോലും, സഭാധികാരികൾ ചില രാഷ്‌ട്രീയവ്യവസ്ഥിതികൾക്കനുകൂലമായും മററു ചിലതിന് പ്രതികൂലമായും പ്രവർത്തിച്ചുകൊണ്ട് ലോകകാര്യങ്ങളുടെ ഗതിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു.
ഒരു ഭാഷ്യകാരൻ പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ ഇന്ന് വിപുലവ്യാപകമായിരിക്കുന്ന മറെറാരു വീക്ഷണം അവതരിപ്പിക്കുകയുണ്ടായി. “വിപ്ലവത്തിന്റെ മാർഗ്ഗമാണ് രാജ്യം, എന്തുകൊണ്ടെന്നാൽ സത്യത്തിന്റെ മനുഷ്യനായ യേശുവിനാലും . . . ഗാന്ധിയാലും . . . ബറിഗൻ സഹോദരൻമാരാലും നൽകപ്പെട്ട ഒരു ദിവ്യ പ്രതീകത്താൽ പ്രോൽസാഹിപ്പിക്കപ്പെട്ട ഒരു പുതിയ മാനവികതയിൽ ഒത്തുചേരുന്ന ജനമാണ് വിപ്ലവം.” രാജ്യത്തെ സംബന്ധിച്ച യഥാർത്ഥ വസ്‌തുതകൾ അവഗണിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രവർത്തനത്താൽ ദൈവരാജ്യത്തെ പുരോഗമിപ്പിക്കാൻ കഴിയുമെന്നുള്ള പഠിപ്പിക്കൽ രാഷ്‌ട്രീയ ഉദ്യോഗത്തിനുവേണ്ടി മത്സരിക്കുന്നതിലേക്ക് മതനേതാക്കൻമാരെ നയിച്ചിരിക്കുന്നു. അത് ആഭ്യന്തര കലഹത്തിൽ ഉൾപ്പെടാനും ഗറില്ലായുദ്ധത്തിൽ പങ്കെടുക്കാൻപോലും മററു ചിലരെ നയിച്ചിരിക്കുന്നു. ഇതിലൊന്നും രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ലെന്നുള്ള സത്യത്തോടു ചേർച്ചയിലല്ല. രാഷ്‌ട്രീയത്തിൽ വളരെയധികമായി ഉൾപ്പെടുന്ന മതനേതാക്കൻമാർ, തന്റെ യഥാർത്ഥ ശിഷ്യൻമാർ എങ്ങനെ ആയിരിക്കുമെന്ന് യേശു പറഞ്ഞുവോ അങ്ങനെ അശേഷം ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്നില്ല. ദൈവരാജ്യം രാഷ്‌ട്രീയപ്രവർത്തനത്താലാണ് നേടുന്നതെന്ന് പഠിപ്പിക്കുന്നവർ കള്ളപ്രവാചകൻമാരാണ്. അവർ ജനങ്ങളിൽ നിന്ന് ദൈവവചനങ്ങൾ മോഷ്ടിക്കുകയാണ്.
ക്രൈസ്‌തവലോകത്തിലെ മതനേതാക്കൻമാർ ബൈബിൾ പറയുന്നത് യഥാർത്ഥമായി പഠിപ്പിച്ചിരുന്നെങ്കിൽ, ദൈവരാജ്യം തീർച്ചയായും ദാരിദ്ര്യം, രോഗം, വർഗ്ഗീയ അസമത്വം, മർദ്ദനം, എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് അവരുടെ ആട്ടിൻകൂട്ടങ്ങൾ അറിയുമായിരുന്നു. എന്നാൽ അത് ദൈവത്തിന്റെ തക്കസമയത്തും വിധത്തിലുമായിരിക്കും. അത് രാജ്യം വരുമ്പോൾ നീങ്ങിപ്പോകുന്ന രാഷ്‌ട്രീയവ്യവസ്ഥിതികളുടെ പരിഷ്‌കരണത്തിലൂടെ ആയിരിക്കുകയില്ല. ഈ വൈദികർ യഥാർത്ഥ പ്രവാചകൻമാർ ആയിരുന്നെങ്കിൽ, ദൈവരാജ്യം പ്രവർത്തിക്കാൻ കാത്തിരിക്കവേ, ഈ ലോകം വരുത്തിക്കൂട്ടുന്ന പ്രശ്‌നങ്ങൾ കൈകാര്യംചെയ്യാൻ യഥാർത്ഥവും ദൈവദത്തവും പ്രായോഗികവുമായ സഹായം അവർക്ക് കണ്ടെത്താൻ കഴിയുമെന്ന് അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ പഠിപ്പിക്കുമായിരുന്നു.
ഒടുവിൽ, ഇത്രയധികം ക്ലേശംവരുത്തുന്ന, ഭൂമിയിലെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥകൾ ബൈബിളിൽ പ്രവചിക്കപ്പെട്ടിരുന്നുവെന്നും അവ ദൈവരാജ്യത്തിന്റെ വരവ് അടുത്തിരിക്കുന്നുവെന്നതിന്റെ ഒരു അടയാളമാണെന്നും അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ പഠിപ്പിക്കുമായിരുന്നു. അതെ, ദൈവരാജ്യം താമസിയാതെ ഇടപെടുകയും ഇപ്പോഴത്തെ രാഷ്‌ട്രീയ സംഘടനകളെ മാററിസ്ഥാപിക്കുകയും ചെയ്യും. അത് എന്തൊരു അനുഗ്രഹമായിരിക്കും!—മത്തായി 24:21, 22, 36-39; 2 പത്രോസ് 3:7; വെളിപാട് 19:11-21.
മനുഷ്യവർഗ്ഗം ദൈവരാജ്യത്തിൻ കീഴിൽ
ദൈവരാജ്യത്തിന്റെ വരവ് മനുഷ്യവർഗ്ഗത്തിന് എന്തർത്ഥമാക്കും? ശരി, ഓരോ പ്രഭാതത്തിലും, പൂർണ്ണ ഊർജ്ജസ്വലതയോടെ ഉണർന്നെഴുന്നേൽക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? നിങ്ങൾക്കറിയാവുന്ന ആർക്കും രോഗമില്ല, അല്ലെങ്കിൽ ആരും മരിക്കുന്നില്ല. നിങ്ങളുടെ മരിച്ച പ്രിയപ്പെട്ടവർപോലും ഒരു പുനരുത്ഥാനത്തിലൂടെ നിങ്ങളുടെ അടുക്കലേക്ക് മടങ്ങിവന്നിരിക്കുന്നു. (യെശയ്യാവ് 35:5, 6; യോഹന്നാൻ 5:28, 29) സ്വാർത്ഥ വ്യാപാരത്താലോ അസമമായ സമ്പത് വ്യവസ്ഥകളാലോ വരുത്തപ്പെടുന്ന സാമ്പത്തിക വ്യഥകൾ മേലാൽ ഇല്ല. നിങ്ങൾക്ക് സുഖപ്രദമായ സ്വന്തം ഭവനവും കുടുംബത്തെ പോററാൻ നിങ്ങൾക്കാവശ്യമുള്ളതെല്ലാം കൃഷിചെയ്യുന്നതിന് ധാരാളം വസ്‌തുവുമുണ്ട്. (യെശയ്യാവ് 65:21-23) പകലും രാത്രിയിലും ഏതു സമയത്തും ആക്രമണഭീതി കൂടാതെ നിങ്ങൾക്ക് എവിടെയും നടക്കാൻ കഴിയും. മേലാൽ യുദ്ധമില്ല—നിങ്ങളുടെ സുരക്ഷിതത്വത്തെ ഭീഷണിപ്പെടുത്താൻ യാതൊന്നുമുണ്ടായിരിക്കയില്ല. നിങ്ങളുടെ അത്യുത്തമ താത്‌പര്യമാണ് എല്ലാവരുടെയും ഹൃദയത്തിലുള്ളത്. ദുഷ്ടൻമാർ പൊയ്‌പോയിരിക്കുന്നു. സ്‌നേഹത്തിന്റെയും നീതിയുടെയും വാഴ്‌ചയാണ് നടക്കുന്നത്. നിങ്ങൾക്ക് അങ്ങനെയുള്ള ഒരു കാലം സങ്കൽപ്പിക്കാൻ കഴിയുമോ? ഇത്തരം ലോകമാണ് രാജ്യം കൈവരുത്തുന്നത്.—സങ്കീർത്തനം 37:10, 11; 85:10-13; മീഖാ 4:3, 4.
ഇത് വെറും മിഥ്യയായ പ്രത്യാശയാണോ? അല്ല. മുൻഖണ്ഡികയിൽ സൂചിപ്പിച്ചിരിക്കുന്ന തിരുവെഴുത്തുകൾ വായിക്കുക. അവിടെ പറഞ്ഞിരിക്കുന്ന സകലവും ദൈവത്തിന്റെ സുനിശ്ചിത വാഗ്‌ദത്തങ്ങളെ പ്രതിഫലിപ്പിക്കുന്നു. ദൈവരാജ്യത്തിന് മനുഷ്യവർഗ്ഗത്തിനുവേണ്ടി ചെയ്യാൻ കഴിയുന്നതിനെയും ചെയ്യാനിരിക്കുന്നതിനെയും കുറിച്ചുള്ള ഈ യഥാർത്ഥ ചിത്രം നിങ്ങളോട് ഇതുവരെ പറഞ്ഞിട്ടില്ലെങ്കിൽ ആരോ നിങ്ങളിൽനിന്ന് ദൈവവചനങ്ങൾ മോഷ്ടിച്ചിരിക്കുകയാണ്.
സന്തോഷകരമെന്നു പറയട്ടെ, കാര്യങ്ങൾ ആ വിധത്തിൽ തുടരേണ്ടതില്ല. നമ്മുടെ നാളിൽ “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന് യേശു പറഞ്ഞു. (മത്തായി 24:14, NW) നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന ഈ മാസിക ആ പ്രസംഗവേലയുടെ ഭാഗമാണ്. കള്ളപ്രവാചകൻമാരാൽ വഞ്ചിക്കപ്പെടുന്നതൊഴിവാക്കാൻ ഞങ്ങൾ നിങ്ങളെ പ്രോൽസാഹിപ്പിക്കുകയാണ്. ദൈവരാജ്യത്തിന്റെ സത്യം കണ്ടെത്താൻ ദൈവവചനത്തിലേക്ക് കൂറേക്കൂടെ ആഴത്തിൽ നോക്കുക. അനന്തരം നിങ്ങളെത്തന്നെ ആ രാജ്യത്തിന് കീഴ്‌പ്പെടുത്തുക, അത് വലിയ ഇടയനായ യഹോവയാം ദൈവത്തിന്റെ ഒരു വ്യവസ്ഥയാണ്. യഥാർത്ഥത്തിൽ അത് മനുഷ്യത്തിന്റെ ഏക പ്രത്യാശയാണ്, അത് പരാജയപ്പെടുകയില്ല. (w92 2⁄1)
[5-ാം പേജിലെ ചിത്രം]
മനുഷ്യഗവൺമെൻറിനെ ദൈവരാജ്യമായി വീക്ഷിക്കാൻ കഴിയുമെന്ന് ലൂഥർ പഠിപ്പിച്ചു
[കടപ്പാട്]
Courtesy of the Trustees of the British Museum
[7-ാം പേജിലെ ചിത്രം]
സ്‌നേഹവാനായ ഒരു ഇടയനെപ്പോലെ യഹോവ യാതൊരു മനുഷ്യനും കൈവരുത്താൻ കഴിയാത്ത അവസ്ഥകൾ തന്റെ രാജ്യംമുഖേന കൈവരുത്തും