ലോകത്തിന്റെ ആത്മാവ്—നിങ്ങളെ വിഷലിപ്തമാക്കുന്നുവോ?
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ് സെപ്റ്റംബർ 12-ന് കസാഖ്സ്ഥാനിലെ ഒരു ഫാക്ടറിയിൽ സ്ഫോടനമുണ്ടായി. 1,20,000 തദ്ദേശവാസികളുടെ ആരോഗ്യത്തിനു ഭീഷണി ഉയർത്തിക്കൊണ്ട് അപകടകരമായ റേഡിയോ പ്രസരണം അന്തരീക്ഷത്തിലേക്കു വ്യാപിച്ചു. അവരിൽ മിക്കവരും മാരകമായ വിഷത്തിനെതിരെ തെരുവിൽ പ്രതിഷേധപ്രകടനം നടത്തി.
എന്നാൽ, പതിറ്റാണ്ടുകളായി തങ്ങൾ വിഷലിപ്തമായ പരിസ്ഥിതിയിൽ ജീവിക്കുകയായിരുന്നെന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ അവർ മനസ്സിലാക്കി. വർഷങ്ങൾക്കൊണ്ട്, റേഡിയോ പ്രസരണമുള്ള 1,00,000 ടൺ അവശിഷ്ടപദാർഥം സുരക്ഷാ ഏർപ്പാടുകളില്ലാത്ത തുറസ്സായ സ്ഥലത്ത് കുന്നുകൂട്ടിയിരുന്നു. അപകടം തങ്ങളുടെ പടിവാതിൽക്കൽ ആയിരുന്നെങ്കിലും ആരും അതു കാര്യമായെടുത്തില്ല. എന്തുകൊണ്ട്?
ഓരോ ദിവസവും അധികാരികൾ പ്രസരണത്തിന്റെ അളവ് കാണിക്കുന്ന ഒരു ബോർഡ് പ്രാദേശിക സ്പോർട്സ് സ്റ്റേഡിയത്തിൽ സ്ഥാപിച്ചിരുന്നു. എന്തായാലും, യാതൊരപകടവുമില്ലെന്നുള്ള തോന്നൽ അതുളവാക്കി. ആ സംഖ്യകൾ കൃത്യതയുള്ളതായിരുന്നു, എന്നാൽ അവ ഗാമാ വികിരണത്തിന്റെ കാര്യം മാത്രമേ സൂചിപ്പിച്ചുള്ളൂ. അളക്കാതിരുന്ന ആൽഫാ വികിരണം അത്രതന്നെ മാരകമായിരുന്നു. കുട്ടികൾ രോഗഗ്രസ്തരായിരിക്കുന്നതിന്റെ കാരണം മിക്ക അമ്മമാരും മനസ്സിലാക്കിത്തുടങ്ങി.
ആത്മീയാർഥത്തിൽ, നാമും അദൃശ്യ മാലിന്യത്താൽ വിഷലിപ്തരായേക്കം. കസാഖ്സ്ഥാനിലെ ആ നിർഭാഗ്യരായ ആളുകളെപ്പോലെ ബഹുഭൂരിപക്ഷവും ജീവന് ഭീഷണി ഉയർത്തുന്ന ഈ അപകടത്തെക്കുറിച്ച് ബോധവാന്മാരല്ല. ഈ മലിനീകരണത്തെ ബൈബിൾ “ലോകത്തിന്റെ ആത്മാ”വായി തിരിച്ചറിയിക്കുന്നു. അതിന്റെ സൂത്രധാരൻ പിശാചായ സാത്താനല്ലാതെ മറ്റാരുമല്ല. (1 കൊരിന്ത്യർ 2:12) നമ്മുടെ ദൈവികഭക്തിക്കു തുരങ്കം വയ്ക്കാൻ ലോകത്തിന്റെ ഈ ആത്മാവിനെ—അഥവാ അതിൽ വ്യാപരിക്കുന്ന മനോഭാവത്തെ—ദൈവത്തിന്റെ പ്രതിയോഗി ദ്രോഹപൂർവം ഉപയോഗിക്കുന്നു.
ലോകത്തിന്റെ ആത്മാവ് നമ്മുടെ ആത്മീയ ശക്തി ക്ഷയിപ്പിച്ചേക്കാവുന്നതെങ്ങനെ? കൺമോഹത്തെ ഉത്തേജിപ്പിച്ചുകൊണ്ടും നമ്മുടെ സ്വതഃസിദ്ധമായ സ്വാർഥതയെ മുതലെടുത്തുകൊണ്ടും. (എഫെസ്യർ 2:1-3; 1 യോഹന്നാൻ 2:16) ദൃഷ്ടാന്തമെന്നനിലയിൽ, ലൗകിക ചിന്താഗതി നമ്മുടെ ആത്മീയതയെ ക്രമേണ വിഷലിപ്തമാക്കിയേക്കാവുന്ന മൂന്നു വ്യത്യസ്ത മേഖലകൾ നാം പരിചിന്തിക്കും.
ഒന്നാമതു രാജ്യം അന്വേഷിക്കൽ
‘മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ’ എന്ന് യേശു ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (മത്തായി 6:33) മറുവശത്ത്, സ്വന്തം താത്പര്യങ്ങൾക്കും സുഖത്തിനും അമിതമായ പ്രാധാന്യം നൽകുന്നതിലേക്കു ലോകത്തിന്റെ ആത്മാവ് നമ്മെ നയിച്ചേക്കാം. പ്രാരംഭ അപകടം സ്ഥിതിചെയ്യുന്നത് ആത്മീയ താത്പര്യങ്ങൾ ഒട്ടാകെ കൈവെടിയുന്നതിലല്ല, മറിച്ച് അവയെ രണ്ടാംസ്ഥാനത്തേക്കു തള്ളുന്നതിലാണ്. വ്യാജമായ സുരക്ഷിതത്വ ബോധം നിമിത്തം നാം അപകടത്തെ ഗൗനിക്കാതിരുന്നേക്കാം—കസാഖ്സ്ഥാനിലെ ആളുകൾ ചെയ്തതുപോലെ. വർഷങ്ങളായുള്ള നമ്മുടെ വിശ്വസ്ത സേവനവും നമ്മുടെ ആത്മീയ സഹോദരീസഹോദരന്മാരോടുള്ള വിലമതിപ്പും സത്യത്തിന്റെ ഗതി നാമൊരിക്കലും കൈവെടിയില്ലെന്ന ചിന്തയിലേക്ക് വഴുതിവീഴാൻ ഇടയാക്കിയേക്കാം. എഫെസ്യ സഭയിലെ അനേകരും അങ്ങനെ വിചാരിച്ചിരിക്കാനിടയുണ്ട്.
പൊ.യു. 96-ാം ആണ്ടിനോടടുത്ത് യേശു അവർക്ക് ഈ ബുദ്ധ്യുപദേശം നൽകി: “നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുററം നിന്നെക്കുറിച്ചു പറവാനുണ്ടു.” (വെളിപ്പാടു 2:4) ദീർഘകാലമായി സേവിച്ചുകൊണ്ടിരുന്ന ഈ ക്രിസ്ത്യാനികൾ അനേകം ബുദ്ധിമുട്ടുകൾ സഹിച്ചിരുന്നു. (വെളിപ്പാടു 2:2, 3) അപ്പോസ്തലനായ പൗലൊസ് ഉൾപ്പെടെയുള്ള വിശ്വസ്തരായ മൂപ്പന്മാരുടെ പ്രബോധനവും അവർക്കു ലഭിച്ചിരുന്നു. (പ്രവൃത്തികൾ 20:17-21, 27) എന്നാൽ വർഷങ്ങൾക്കൊണ്ട് യഹോവയോടുള്ള അവരുടെ സ്നേഹം കുറഞ്ഞുപോയി. അവർ ആത്മീയമായി മന്ദഗതിയിലായി.—വെളിപ്പാടു 2:5.
നഗരത്തിലെ വാണിജ്യജ്വരവും സമ്പന്നതയും ചില എഫെസ്യരെ ബാധിച്ചിരിക്കാം. ദുഃഖകരമെന്നു പറയട്ടെ, ഇന്നത്തെ സമൂഹത്തിന്റെ ഭൗതികത്വ പ്രവണത സമാനമായ വിധത്തിൽ ചില ക്രിസ്ത്യാനികളെ സ്വാധീനിച്ചിരിക്കുന്നു. സമ്പദ്സമൃദ്ധമായൊരു ജീവിതരീതിക്കു പിന്നാലെയുള്ള നെട്ടോട്ടം നമ്മെ തീർച്ചയായും ആത്മീയ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിപ്പിക്കും.—മത്തായി 6:24 താരതമ്യം ചെയ്യുക.
ഈ അപകടത്തെക്കുറിച്ച് മുന്നറിയിപ്പു നൽകിക്കൊണ്ട് യേശു പറഞ്ഞു: “ശരീരത്തിന്റെ വിളക്കു കണ്ണ് ആകുന്നു; അതുകൊണ്ട് നിന്റെ കണ്ണ് ലളിതമാണെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; എന്നാൽ നിന്റെ കണ്ണ് ദുഷ്ടമാണെങ്കിൽ [“അസൂയയുള്ളതാണെങ്കിൽ,” അടിക്കുറിപ്പ്] ശരീരം മുഴുവനും ഇരുണ്ടതായിരിക്കും.” (മത്തായി 6:22, 23, NW) ആത്മീയകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന, ദൈവരാജ്യത്തിൽ ദൃഷ്ടി പതിപ്പിച്ചിരിക്കുന്ന, കണ്ണാണ് ‘ലളിതമായ’ കണ്ണ്. നേരേമറിച്ച്, ഹ്രസ്വദൃഷ്ടിയുള്ള, തത്ക്ഷണ ജഡാഭിലാഷങ്ങളിൽമാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന, കണ്ണാണ് ‘ദുഷ്ടമായ’ അല്ലെങ്കിൽ “അസൂയയുള്ള” കണ്ണ്. ആത്മീയ ലക്ഷ്യങ്ങളും ഭാവി പ്രതിഫലങ്ങളും അതിന്റെ ഗ്രാഹ്യപരിധിക്ക് അതീതമാണ്.
തൊട്ടുമുമ്പുള്ള വാക്യത്തിൽ യേശു പറഞ്ഞു: “നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും.” (മത്തായി 6:21) നമ്മുടെ ഹൃദയം കേന്ദ്രീകരിച്ചിരിക്കുന്നത് ആത്മീയ കാര്യങ്ങളിലാണോ അതോ ഭൗതികകാര്യങ്ങളിലാണോയെന്നു നമുക്കെങ്ങനെ അറിയാൻ കഴിയും? ‘ഹൃദയത്തിൽ നിറഞ്ഞു കവിയുന്നതു വായ് പ്രസ്താവിക്കുന്ന’തിനാൽ, ഒരുപക്ഷേ ഏറ്റവും നല്ല വഴികാട്ടി നമ്മുടെ സംഭാഷണമായിരിക്കാം. (ലൂക്കൊസ് 6:45) ഭൗതിക കാര്യങ്ങളെയോ ലൗകിക നേട്ടങ്ങളെയോ സംബന്ധിച്ച് നാം നിരന്തരം സംസാരിക്കുന്നെങ്കിൽ, നമ്മുടെ ഹൃദയം വിഭജിതവും ആത്മീയ കാഴ്ച വികലവുമാണെന്നുള്ളതിന്റെ തെളിവായിരിക്കുമത്.
ഒരു സ്പാനീഷ് സഹോദരിയായ കാർമെൻ ഈ പ്രശ്നവുമായി മല്ലടിച്ചു.a “ഞാൻ സത്യത്തിലാണ് വളർന്നുവന്നത്,” കാർമെൻ വിശദീകരിക്കുന്നു. “എന്നാൽ 18 വയസ്സായപ്പോൾ ഞാൻ സ്വന്തമായി നേഴ്സറി സ്കൂൾ ആരംഭിച്ചു. മൂന്നുവർഷം കഴിഞ്ഞപ്പോൾ എനിക്ക് നാല് ജോലിക്കാരുണ്ടായിരുന്നു, ബിസിനസ് തഴച്ചുവളരുകയായിരുന്നു, എനിക്ക് വളരെയേറെ പണവും കിട്ടി. എന്നാൽ എന്നെ ഏറ്റവുമധികം സംതൃപ്തയാക്കിയത് എനിക്ക് സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞുവെന്ന വസ്തുതയാണ്, ഞാൻ ‘വിജയം കൊയ്തു.’ എന്റെ ഹൃദയംതന്നെ ബിസിനസിലായിരുന്നുവെന്നു പറയാം—അതായിരുന്നു എന്റെ ഏറ്റവും വലിയ ഹരം.
“സമയത്തിന്റെ ഭൂരിഭാഗവും ബിസിനസിനായി ചെലവഴിച്ചാലും എനിക്ക് ഒരു സാക്ഷിയായി തുടരാൻ കഴിയുമെന്നു ഞാൻ വിചാരിച്ചു. അതേസമയം, യഹോവയുടെ സേവനത്തിൽ എനിക്ക് കൂടുതൽ ചെയ്യാൻ കഴിയുമല്ലോയെന്ന വിചാരം എന്നെ അലട്ടിയിരുന്നു. രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കാൻ ഒടുവിൽ എന്നെ പ്രേരിപ്പിച്ചത് പയനിയർമാരായ രണ്ട് സുഹൃത്തുക്കളുടെ ദൃഷ്ടാന്തമായിരുന്നു. അവരിൽ ഒരുവളായ ഹൂലിയാന എന്റെ സഭയിലായിരുന്നു. പയനിയറിങ് ചെയ്യാൻ അവൾ എന്നിൽ സമ്മർദം ചെലുത്തിയില്ല. എന്നാൽ അവളുടെ സംഭാഷണവും ശുശ്രൂഷയിൽനിന്ന് അവൾക്കു ലഭിച്ച സന്തോഷവും എന്റെ സ്വന്തം ആത്മീയ മൂല്യങ്ങളെ പുനഃപരിശോധിക്കാൻ എന്നെ സഹായിച്ചു.
“കുറച്ചുനാൾ കഴിഞ്ഞ്, ഐക്യനാടുകളിൽ അവധിക്കാലം ചെലവഴിച്ചുകൊണ്ടിരുന്നപ്പോൾ, ഒരു പയനിയർ സഹോദരിയായ ഗ്ലോറിയായോടൊപ്പം ഞാൻ താമസിച്ചു. അടുത്തയിടെ വിധവയായിത്തീർന്ന അവർക്ക് അഞ്ചു വയസ്സുള്ള മകളെയും കാൻസർ രോഗിയായ അമ്മയെയും പരിപാലിക്കേണ്ടതുണ്ടായിരുന്നു. എന്നിട്ടും അവർ പയനിയറിങ് ചെയ്തു. അവരുടെ മാതൃകയും ശുശ്രൂഷയോടുള്ള ഹൃദയംഗമമായ വിലമതിപ്പും എന്നെ സ്പർശിച്ചു. അവരോടൊപ്പം ചെലവഴിച്ച നാലു ദിവസങ്ങൾ, യഹോവയ്ക്കുവേണ്ടി കഴിവിന്റെ പരമാവധി ചെയ്യാനുള്ള ദൃഢനിശ്ചയം എന്നിലുളവാക്കി. അങ്ങനെ ആദ്യമായി ഞാനൊരു നിരന്തരപയനിയറായി. ഏതാനും വർഷങ്ങൾ കഴിഞ്ഞ്, ഭർത്താവിനെയും എന്നെയും ബെഥേലിൽ സേവിക്കാൻ ക്ഷണിച്ചു. എന്റെ ആത്മീയ പുരോഗതിക്ക് ഒരു തടസ്സമായിരുന്ന ബിസിനസിനോടു ഞാൻ വിടപറഞ്ഞു. എന്റെ ജീവിതം യഹോവയുടെ ദൃഷ്ടിയിൽ വിജയപ്രദമാണെന്ന് എനിക്കിപ്പോൾ തോന്നുന്നു, അതാണ് യഥാർഥത്തിൽ പ്രാധാന്യമർഹിക്കുന്നത്.”—ലൂക്കൊസ് 14:33.
കാർമെൻ ചെയ്തതുപോലെ “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പുവരുത്താൻ” പഠിക്കുന്നത് നമ്മുടെ തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം, ജീവിതരീതി എന്നിവ സംബന്ധിച്ച് ജ്ഞാനപൂർവകമായ തീരുമാനങ്ങൾ ചെയ്യാൻ നമ്മെ സഹായിക്കും. (ഫിലിപ്പിയർ 1:10, NW) എന്നാൽ വിനോദത്തിന്റെ കാര്യം വരുമ്പോഴും നിങ്ങൾ കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പുവരുത്തുന്നുവോ? ലോകത്തിന്റെ ആത്മാവ് അതിശക്തമായ സ്വാധീനം ചെലുത്തുന്ന മറ്റൊരു മണ്ഡലമാണിത്.
വിശ്രമത്തെയും വിനോദത്തെയും ഉചിതമായ സ്ഥാനത്തു പ്രതിഷ്ഠിക്കുക
വിശ്രമത്തിനും വിനോദത്തിനുമുള്ള ആളുകളുടെ സ്വാഭാവിക ആഗ്രഹത്തെ ലോകത്തിന്റെ ആത്മാവ് തന്ത്രപൂർവം ചൂഷണം ചെയ്യുന്നു. മിക്കയാളുകൾക്കും ഭാവിയെക്കുറിച്ച് യഥാർഥ പ്രത്യാശയില്ലാത്തതിനാൽ തങ്ങളുടെ വർത്തമാനകാലത്തെ വിനോദവും വിശ്രമവുംകൊണ്ടു നിറയ്ക്കാൻ അവർ ശ്രമിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. (യെശയ്യാവു 22:13; 1 കൊരിന്ത്യർ 15:32 എന്നിവ താരതമ്യം ചെയ്യുക.) വിനോദത്തിന് അധികമധികം പ്രാധാന്യം കൊടുക്കുന്നതായി നാം സ്വയം കണ്ടെത്തുന്നുവോ? ലോകത്തിന്റെ ചിന്താഗതി നമ്മുടെ വീക്ഷണത്തെ രൂപപ്പെടുത്തുന്നതിന്റെ ഒരു അടയാളമായിരിക്കാം അത്.
ബൈബിൾ മുന്നറിയിപ്പു നൽകുന്നു: “ഉല്ലാസപ്രിയൻ [“വിനോദത്തെ സ്നേഹിക്കുന്നവൻ,” ലാംസാ] ദരിദ്രനായ്തീരും.” (സദൃശവാക്യങ്ങൾ 21:17) വിനോദം ആസ്വദിക്കുന്നത് തെറ്റല്ല, എന്നാൽ അതിനെ സ്നേഹിക്കുന്നത്, അതിന് പരമപ്രാധാന്യം നൽകുന്നത്, ആത്മീയ ദാരിദ്ര്യത്തിലേക്കു നയിക്കും. നമ്മുടെ ആത്മീയ വിശപ്പ് നിശ്ചയമായും മന്ദീഭവിക്കും. സുവാർത്ത പ്രസംഗിക്കുന്നതിനു നമുക്കു കുറച്ചു സമയമേ ഉണ്ടായിരിക്കുകയുള്ളൂ.
ഈ കാരണത്താൽ, “പ്രവർത്തനത്തിനുവേണ്ടി മാനസികമായി ഒരുങ്ങാൻ, പൂർണമായും ആത്മനിയന്ത്രണമുള്ളവരായിരി”ക്കാൻ ദൈവവചനം നമ്മെ ഉപദേശിക്കുന്നു. (1 പത്രൊസ് 1:13, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) വിശ്രമ-വിനോദ സമയം ന്യായയുക്തമായ അളവിൽ പരിമിതപ്പെടുത്തുന്നതിന് ആത്മനിയന്ത്രണം ആവശ്യമാണ്. പ്രവർത്തനത്തിനുവേണ്ടി ഒരുങ്ങുകയെന്നതിന്റെ അർഥം, ആത്മീയ പ്രവർത്തനത്തിനായി, അത് പഠനമോ യോഗങ്ങളോ വയൽസേവനമോ എന്തുതന്നെ ആയാലും, തയ്യാറാകുക എന്നാണ്.
അനിവാര്യമായ വിശ്രമത്തിന്റെ കാര്യമോ? വിശ്രമിക്കാൻ സമയമെടുക്കുമ്പോൾ കുറ്റബോധം തോന്നേണ്ടതുണ്ടോ? തീർച്ചയായുമില്ല. വിശ്രമം അത്യാവശ്യമാണ്, വിശേഷിച്ചും ഇന്നത്തെ സമ്മർദപൂരിത ലോകത്തിൽ. എന്നിരുന്നാലും, വിശ്രമവും വിനോദവും ജീവിതത്തിൽ പരമപ്രധാനമായി വരാൻ സമർപ്പിത ക്രിസ്ത്യാനികളെന്നനിലയിൽ നമുക്ക് അനുവദിക്കാനാകില്ല. അത്യധികം വിശ്രമം അർഥവത്തായ പ്രവർത്തനങ്ങളിൽ വളരെക്കുറച്ചുമാത്രം ഏർപ്പെടത്തക്കവിധം നമ്മെ മന്ദീഭവിപ്പിച്ചേക്കാം. അത് നമ്മുടെ അടിയന്തിരതാബോധത്തിന് മങ്ങലേൽപ്പിച്ചേക്കാം. സുഖലോലുപതയെ പ്രോത്സാഹിപ്പിക്കുകപോലും ചെയ്തേക്കാം. അപ്പോൾപ്പിന്നെ, നമുക്കെങ്ങനെയാണു വിശ്രമം സംബന്ധിച്ചു സമനിലയോടുകൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ കഴിയുന്നത്?
അമിതമായി അധ്വാനിക്കുന്നതിനുപകരം അൽപ്പം വിശ്രമമെടുക്കാൻ ബൈബിൾ ശുപാർശ ചെയ്യുന്നു—വിശേഷിച്ചും ലൗകിക തൊഴിൽ അത്യാവശ്യമല്ലാത്തപക്ഷം. (സഭാപ്രസംഗി 4:6) ശക്തി പുനഃരാർജിക്കാൻ വിശ്രമം നമ്മുടെ ശരീരത്തെ സഹായിക്കുന്നെങ്കിലും, ആത്മീയ ഊർജത്തിന്റെ ഉറവ് ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തിയാണ്. (യെശയ്യാവു 40:29-31) ക്രിസ്തീയ പ്രവർത്തനങ്ങളോടുള്ള ബന്ധത്തിൽ നമുക്ക് ഈ പരിശുദ്ധാത്മാവ് ലഭിക്കുന്നു. വ്യക്തിപരമായ പഠനം നമ്മുടെ ഹൃദയത്തെ പോഷിപ്പിക്കുകയും ശരിയായ ആഗ്രഹങ്ങൾ ഉണർത്തുകയും ചെയ്യുന്നു. യോഗങ്ങളിൽ സംബന്ധിക്കുന്നത് നമ്മുടെ സ്രഷ്ടാവിനോടുള്ള വിലമതിപ്പ് ഊട്ടിവളർത്തുന്നു. ക്രിസ്തീയ ശുശ്രൂഷയിൽ പങ്കെടുക്കുന്നതു മറ്റുള്ളവരോടുള്ള വികാരവായ്പിനെ പരിപോഷിപ്പിക്കുന്നു. (1 കൊരിന്ത്യർ 9:22, 23) പൗലൊസ് യഥോചിതം വിശദീകരിച്ചതുപോലെ, “പുറമെയുള്ള മനുഷ്യൻ തീർച്ചയായും ക്ഷയിച്ചുപോകുന്നു, എങ്കിലും അകമേയുള്ള മനുഷ്യൻ അനുദിനം പുതുബലം പ്രാപിക്കുന്നു.”—2 കൊരിന്ത്യർ 4:16, ഫിലിപ്സ്.
ഭർത്താവ് അവിശ്വാസിയായ, ആറ് മക്കളുടെ അമ്മയായ ഇലെയാന വളരെ തിരക്കുള്ള ഒരു ജീവിതം നയിക്കുന്നു. കുടുംബത്തോടും നിരവധി മറ്റു ബന്ധുക്കളോടും അവർക്ക് ഉത്തരവാദിത്വമുണ്ട്. അതിന്റെ അർഥം അവൾക്ക് എല്ലായ്പോഴും നല്ല തിരക്കാണെന്നാണ്. എങ്കിലും, സുവാർത്താ പ്രസംഗത്തിനും യോഗത്തിനും വേണ്ടി തയ്യാറാകുന്നതിൽ അവൾ ശ്രദ്ധേയമായ ദൃഷ്ടാന്തം വെക്കുന്നു. അവർക്കെങ്ങനെയാണ് അത്രയധികം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നത്?
“യോഗങ്ങളും വയൽസേവനവും വാസ്തവത്തിൽ മറ്റ് ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ എന്നെ സഹായിക്കുന്നു” എന്ന് ഇലെയാന വിശദീകരിക്കുന്നു. “ദൃഷ്ടാന്തത്തിന്, പ്രസംഗപ്രവർത്തനത്തിനുശേഷം വീട്ടുജോലി ചെയ്യുമ്പോൾ എനിക്ക് ചിന്തിക്കാൻ ധാരാളം കാര്യങ്ങളുണ്ട്. അപ്പോൾ ഞാൻ മിക്കപ്പോഴും പാട്ടുപാടുന്നു. നേരേമറിച്ച്, ഞാൻ ഒരു യോഗം മുടക്കിയിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ വയൽസേവനത്തിൽ കാര്യമായിട്ടൊന്നും ഏർപ്പെട്ടിട്ടില്ലെങ്കിൽ വീട്ടുജോലികൾ തികച്ചും ശ്രമകരമായിത്തീരുന്നു.”
വിശ്രമത്തിനും വിനോദത്തിനും നൽകുന്ന അമിത പ്രാധാന്യത്തിൽനിന്ന് എത്ര വിഭിന്നം!
ആത്മീയ സൗന്ദര്യം യഹോവയെ പ്രസാദിപ്പിക്കുന്നു
ശാരീരിക ആകാരത്തിൽ അധികമധികം ആമഗ്നമായിരിക്കുന്ന ഒരു ലോകത്താണു നാം ജീവിക്കുന്നത്. ആകാരം മെച്ചപ്പെടുത്തുന്നതിനും വാർധക്യത്തിന്റെ ഫലങ്ങൾ കുറയ്ക്കുന്നതിനുമുള്ള ചികിത്സകൾക്ക് ആളുകൾ ഭീമമായ തുകകൾ ചെലവഴിക്കുന്നു. തലമുടി വെച്ചുപിടിപ്പിക്കലും കറുപ്പിക്കലും, സ്തനങ്ങളുടെ വലുപ്പം വർധിപ്പിക്കൽ, വദനചുളിവുകൾ മാറ്റാനുള്ള പ്ലാസ്റ്റിക് സർജറികൾ നടത്തൽ എന്നിവ ഇവയിൽ ഉൾപ്പെടുന്നു. കോടിക്കണക്കിനാളുകൾ, തൂക്കം കുറയ്ക്കുന്ന കേന്ദ്രങ്ങൾ, ജിംനേഷ്യങ്ങൾ, എയറോബിക് ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുകയോ വ്യായാമ വീഡിയോകളും തൂക്കം കുറയ്ക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങളും വാങ്ങിക്കൂട്ടുകയോ ചെയ്യുന്നു. സന്തുഷ്ടിയിലേക്കുള്ള പാസ്പോർട്ട് നമ്മുടെ ആകാരമാണെന്ന്, അങ്ങനെ നമ്മുടെ “രൂപം” എല്ലാമെല്ലാമാണെന്ന് നാം വിശ്വസിക്കാൻ ലോകം ഇടയാക്കിയേക്കാം.
ഐക്യനാടുകളിൽ, വെള്ളക്കാരായ 90 ശതമാനം കൗമാരപ്രായക്കാരും “തങ്ങളുടെ ശാരീരിക ആകാരത്തിൽ അസംതൃപ്തരാണെന്ന്” ന്യൂസ്വീക്ക് (ഇംഗ്ലീഷ്) മാഗസിൻ ഉദ്ധരിച്ച ഒരു സർവേ കണ്ടെത്തി. ലക്ഷണമൊത്ത ശാരീരിക രൂപഘടനയ്ക്കായുള്ള ദയനീയ പരക്കംപാച്ചൽ നമ്മുടെ ആത്മീയതയെ ബാധിച്ചേക്കാവുന്നതാണ്. ഏറെക്കുറെ അമിതതൂക്കമുള്ളവൾ ആയിരുന്നതിനാൽ തന്റെ ശാരീരിക ആകാരം സംബന്ധിച്ച് ലജ്ജ തോന്നിയിരുന്ന, യഹോവയുടെ ഒരു യുവസാക്ഷിയായിരുന്നു ഡോറ. “ഞാൻ ഷോപ്പിങിന് പോയാൽ എന്റെ വലുപ്പത്തിനു യോജിച്ച വസ്ത്രങ്ങൾ കണ്ടെത്തുക പ്രയാസമായിരുന്നു” എന്ന് അവൾ വിശദീകരിക്കുന്നു. “മെലിഞ്ഞ കൗമാരപ്രായക്കാർക്കുവേണ്ടി മാത്രമാണ് മോടിയുള്ള വസ്ത്രങ്ങളെല്ലാം നിർമിച്ചിരിക്കുന്നതെന്നു തോന്നി. അതിലും കഷ്ടം, എന്റെ വണ്ണത്തെപ്പറ്റി ആളുകൾ കളിയാക്കിയതാണ്. അതെന്നെ വളരെയേറെ വിഷമിപ്പിച്ചു. പ്രത്യേകിച്ചും എന്റെ ആത്മീയ സഹോദരീസഹോദരൻമാർ അപ്രകാരം ചെയ്തപ്പോൾ.
“തത്ഫലമായി, ആത്മീയ മൂല്യങ്ങൾ ജീവിതത്തിൽ രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെടുന്ന ഘട്ടത്തോളം ഞാൻ ആകാരത്തെക്കുറിച്ച് അത്യധികം ചിന്തിക്കാൻ തുടങ്ങി. എന്റെ സന്തുഷ്ടി അരക്കെട്ടിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നതുപോലെ ആയിരുന്നു അത്. അനേക വർഷങ്ങൾ കടന്നുപോയിരിക്കുന്നു, പക്വത പ്രാപിച്ച ഒരു ക്രിസ്തീയ സ്ത്രീയെന്നനിലയിൽ ഞാൻ ഇപ്പോൾ കാര്യങ്ങളെ വ്യത്യസ്തമായി കാണുന്നു. എന്റെ ആകാരത്തിന് ഞാൻ ശ്രദ്ധ നൽകുന്നുണ്ടെങ്കിലും, ഏറ്റവുമധികം പ്രാധാന്യമുള്ളത് ആത്മീയ സൗന്ദര്യത്തിനാണെന്നു ഞാൻ തിരിച്ചറിയുന്നു, അതാണ് എനിക്ക് ഏറ്റവുമധികം സന്തുഷ്ടി നൽകുന്നതും. അതു മനസ്സിലാക്കിയതോടെ, രാജ്യതാത്പര്യങ്ങളെ അവയുടെ ശരിയായ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ എനിക്കു കഴിഞ്ഞു.”
പുരാതനകാലത്തെ ഒരു വിശ്വസ്ത സ്ത്രീയായിരുന്ന സാറായ്ക്ക് സമനിലയോടുകൂടിയ ഈ വീക്ഷണം ഉണ്ടായിരുന്നു. 60-ലധികം വയസ്സുള്ളപ്പോൾ അവൾക്കുണ്ടായിരുന്ന ശാരീരിക സൗന്ദര്യത്തെക്കുറിച്ചു ബൈബിൾ പറയുന്നുണ്ടെങ്കിലും അത് മുഖ്യമായും ശ്രദ്ധക്ഷണിക്കുന്നത് അവളുടെ ഉത്തമ ഗുണങ്ങളിലേക്കാണ്—ഹൃദയത്തിന്റെ രഹസ്യവ്യക്തിയിലേക്ക്. (ഉല്പത്തി 12:11; 1 പത്രൊസ് 3:4-6) അവൾ ദയയും സൗമ്യതയുമുള്ളൊരു മനോഭാവം പ്രകടമാക്കി, ഭർത്താവിനെ വിനയപൂർവം അനുസരിക്കുകയും ചെയ്തു. മറ്റുള്ളവർ തന്നെ എങ്ങനെ വീക്ഷിച്ചുവെന്നതു സംബന്ധിച്ച് സാറ അനുചിതമായി ആകുലപ്പെട്ടില്ല. സമ്പന്ന പശ്ചാത്തലത്തിൽനിന്നുള്ളവൾ ആയിരുന്നെങ്കിലും, 60-ലധികം വർഷം അവൾ സ്വമനസ്സാലെ കൂടാരങ്ങളിൽ പാർത്തു. അവൾ സൗമ്യമായും നിസ്വാർഥമായും ഭർത്താവിനെ പിന്താങ്ങി; അവൾ വിശ്വാസമുള്ള ഒരു സ്ത്രീയായിരുന്നു. അതാണ് അവളെ യഥാർഥ സൗന്ദര്യമുള്ളവളാക്കിയത്.—സദൃശവാക്യങ്ങൾ 31:30; എബ്രായർ 11:11.
ക്രിസ്ത്യാനികളെന്നനിലയിൽ നമ്മുടെ ആത്മീയ സൗന്ദര്യം വർധിപ്പിക്കുന്നതിൽ നാം താത്പര്യമുള്ളവരാണ്. പതിവായ ശ്രദ്ധ നൽകിയാൽ വർധിച്ചുവരികയും നിലനിൽക്കുകയും ചെയ്യുന്ന സൗന്ദര്യമാണത്. (കൊലൊസ്സ്യർ 1:9, 10) രണ്ടു പ്രമുഖ വിധങ്ങളിൽ നമുക്ക് നമ്മുടെ ആത്മീയ ആകാരം മെച്ചപ്പെടുത്താൻ കഴിയും.
ജീവരക്ഷാകരമായ ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ നാം യഹോവയുടെ ദൃഷ്ടിയിൽ കൂടുതൽ സൗന്ദര്യമുള്ളവരായിത്തീരുന്നു. (യെശയ്യാവു 52:7; 2 കൊരിന്ത്യർ 3:18–4:2) അതിനുപുറമേ, ക്രിസ്തീയ ഗുണങ്ങൾ പ്രകടമാക്കാൻ പഠിക്കവേ നമ്മുടെ സൗന്ദര്യത്തിനു മാറ്റുകൂടുന്നു. നമ്മുടെ ആത്മീയ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ അനേകമാണ്: “പരസ്പരം ആർദ്രപ്രിയമുള്ളവരായിരിക്കുക. പരസ്പരം ആദരവു പ്രകടമാക്കുന്നതിൽ നേതൃത്വമെടുക്കുക. . . . ആത്മാവുകൊണ്ടു ജ്വലിക്കുക. . . . ആതിഥ്യത്തിന്റെ ഗതി പിന്തുടരുക. . . . സന്തോഷിക്കുന്നവരോടൊപ്പം സന്തോഷിക്കുക; വിലപിക്കുന്നവരോടൊപ്പം വിലപിക്കുക. . . . . ആർക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കുക. . . . എല്ലാവരോടും സമാധാനമായിരിക്കുക.” (റോമർ 12:10-18, NW) അത്തരം മനോഭാവങ്ങൾ നട്ടുവളർത്തുന്നത് നമ്മെ ദൈവത്തിനും മറ്റുള്ളവർക്കും പ്രിയപ്പെട്ടവരാക്കുകയും നമ്മുടെ പാരമ്പര്യസിദ്ധ പാപപ്രവണതകളുടെ വൈകൃതം കുറയ്ക്കുകയും ചെയ്യും.—ഗലാത്യർ 5:22, 23; 2 പത്രൊസ് 1:5-8.
നമുക്ക് ലോകത്തിന്റെ ആത്മാവിനോടു പോരാടാൻ കഴിയും!
വഞ്ചകമായ അനേകം വിധങ്ങളിൽ ലോകത്തിന്റെ വിഷലിപ്തമായ ആത്മാവിന് നമ്മുടെ നിർമലതയെ ദുർബലപ്പെടുത്താൻ കഴിയും. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതിരിക്കാനും സ്വന്തം ആവശ്യങ്ങളെയും താത്പര്യങ്ങളെയും ദൈവിക താത്പര്യങ്ങൾക്കു മുമ്പു വെക്കാനും നമ്മെ പ്രേരിപ്പിക്കാൻ അതിനു കഴിയും. അല്ലെങ്കിൽ, വിനോദത്തിനോ ശാരീരിക ആകാരത്തിനോ അനുചിതമായ പ്രാധാന്യം നൽകിക്കൊണ്ട് ദൈവത്തിന്റെ വിധത്തിലല്ല മറിച്ച് മനുഷ്യരുടെ വിധങ്ങളിൽ ചിന്തിക്കുന്നതിലേക്ക് അതു നമ്മെ നയിച്ചേക്കാം.—മത്തായി 16:21-23 താരതമ്യം ചെയ്യുക.
നമ്മുടെ ആത്മീയത തകർക്കാനായി സാത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. അവന്റെ പ്രധാന ആയുധങ്ങളിൽ ഒന്നാണ് ലോകത്തിന്റെ ആത്മാവ്. പിശാചിന് തന്റെ തന്ത്രങ്ങളെ അലറുന്ന സിംഹത്തിന്റേതിൽനിന്ന് കൗശലമുള്ള സർപ്പത്തിന്റേതിലേക്കു മാറ്റാൻ കഴിയുമെന്ന് ഓർമിക്കുക. (ഉല്പത്തി 3:1; 1 പത്രൊസ് 5:8) ക്രൂരമായ പീഡനത്തിലൂടെ ലോകം ചിലപ്പോഴൊക്കെ ഒരു ക്രിസ്ത്യാനിയെ കീഴടക്കുന്നു, എന്നാൽ മിക്കപ്പോഴും അത് അയാളെ സാവധാനം വിഷലിപ്തനാക്കുന്നു. രണ്ടാമത്തെ അപകടത്തെക്കുറിച്ച് പൗലൊസ് കൂടുതൽ ചിന്തയുള്ളവനായിരുന്നു: “സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.”—2 കൊരിന്ത്യർ 11:3.
സർപ്പത്തിന്റെ കുതന്ത്രത്തിൽനിന്നു നമ്മെത്തന്നെ സംരക്ഷിക്കുന്നതിന് ‘ലോകത്തിൽനിന്ന്’ ഉത്ഭവിക്കുന്ന പ്രചരണങ്ങളെ തിരിച്ചറിഞ്ഞ് അവയെ ശക്തിയുക്തം ചെറുക്കേണ്ടതുണ്ട്. (1 യോഹന്നാൻ 2:16) ലോകപ്രകാരമുള്ള ചിന്താഗതി നിരുപദ്രവകരമാണെന്നു വിശ്വസിക്കാൻ തക്കവണ്ണം നാം വഞ്ചിക്കപ്പെടരുത്. സാത്താന്യ വ്യവസ്ഥിതിയുടെ വിഷലിപ്തമായ വായു ആപത്കരമായ നിലയിൽ എത്തിച്ചേർന്നിരിക്കുന്നു.—എഫെസ്യർ 2:2.
ലൗകിക ചിന്താഗതിയെ തിരിച്ചറിയാൻ കഴിഞ്ഞാൽപ്പിന്നെ, ഹൃദയത്തിലും മനസ്സിലും യഹോവയുടെ നിർമല പഠിപ്പിക്കൽ നിറച്ചുകൊണ്ട് നമുക്ക് അതിനെ ചെറുത്തുനിൽക്കാൻ കഴിയും. ദാവീദു രാജാവിനെപ്പോലെ നമുക്കും ഇങ്ങനെ പറയാം: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.”—സങ്കീർത്തനം 25:4, 5.
[അടിക്കുറിപ്പുകൾ]
a പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്.
[26-ാം പേജിലെ ചിത്രം]
സമ്പദ്സമൃദ്ധമായൊരു ജീവിതരീതിക്കു പിന്നാലെയുള്ള നെട്ടോട്ടം നമ്മെ തീർച്ചയായും ആത്മീയ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിപ്പിച്ചേക്കാം