നിങ്ങളുടെ കണ്ണ് “ലഘു”വാണോ?
“അപ്പോൾ, നിന്റെ കണ്ണ് ലഘു ആണെങ്കിൽ, നിന്റെ മുഴു ശരീരവും ശോഭനമായിരിക്കും.”—മത്തായി 6:22.
1. കണ്ണ് ബുദ്ധിപൂർവ്വകമായ സൃഷ്ടിയുടെ ഒരു അത്ഭുതമാണെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
ഇന്ദ്രിയങ്ങളിൽ വച്ച് ഏററവും വിലപ്പെട്ടതും പ്രധാനവും കാഴ്ചയാണെന്ന് പൊതുവേ പരിഗണിക്കപ്പെടുന്നു—വിശേഷാൽ കാഴ്ച നഷ്ടപ്പെട്ടവരാൽ. ഓരോ സെക്കണ്ടിലും നമ്മുടെ കണ്ണുകളിലെ കൃഷ്ണമണികളിലൂടെ ഒരു ലക്ഷംകോടി പ്രകാശകണങ്ങൾ കടന്നുപോകുന്നുവെന്ന് ശാസ്ത്രജ്ഞൻമാർ നമ്മോടു പറയുന്നു. അവ നേത്രാന്തരപടലത്തിലെത്തുമ്പോൾ അവയെ ഒരു ദശകൊടി റോഡ് കോശങ്ങളും കോൺകോശങ്ങളും സ്വീകരിക്കുന്നു. പ്രകാശത്താൽ ഉത്തേജിതമായി ഈ നാഡീകോശങ്ങൾ തലച്ചോറിലേക്ക് വൈദ്യുത സിഗ്നലുകൾ അയച്ചു തുടങ്ങുന്നു. അവിടെ ആ സമയത്ത് സ്വീകരിക്കപ്പെട്ടത് ആവഷ്ക്കരിക്കുന്നതിനും എന്തു പ്രതിപ്രവർത്തനം നിർവ്വഹിക്കേണ്ടതുണ്ടെന്ന് തീരുമാനിക്കുന്നതിനുമായി പതിനായിരം കോടി ന്യൂറോണുകളിൽ ഒരു വലിയ പങ്ക് പ്രവർത്തനനിരതമാകുന്നു. ഇതിനെല്ലാം ഒരു സെക്കണ്ടിന്റെ അംശം മാത്രമേ എടുക്കുന്നുള്ളു. തീർച്ചയായും, കണ്ണ് ബുദ്ധിപൂർവ്വകമായ സൃഷ്ടിയുടെ അത്ഭുതത്തിന്റെ ഭയാവഹമായ ഒരു ദൃഷ്ടാന്തമാണ്.—സങ്കീർത്തനം 139:14.
2. കാഴ്ചയുടെ ഏതു വശം ശാസ്ത്രജ്ഞൻമാർക്ക് ഇപ്പോഴും ഒരു വിഷമപ്രശ്നമായി സ്ഥിതിചെയ്യുന്നു?
2 ശാസ്ത്രജ്ഞൻമാർക്ക് കണ്ണിന്റെയും തലച്ചോറിന്റെയും ജീവശാസ്ത്രപരമായ പ്രവർത്തനങ്ങളെക്കുറിച്ച് വളരെയധികം കാര്യങ്ങൾ അറിയാമെങ്കിലും നാം കാണുന്നതിനോട് നാം എങ്ങനെ, എന്തുകൊണ്ടു പ്രതിവർത്തിക്കുന്നുവെന്ന് അവർക്ക് അധികമൊന്നും അറിയാൻ പാടില്ല. ദൃഷ്ടാന്തമായി, ഒരു വ്യക്തിക്ക് നീലയെക്കാൾ ചുവപ്പ് ഇഷ്ടമായിരിക്കുന്നതും അതേസമയം മറെറാരാൾ ചുവപ്പിനേക്കാൾ നീലയെ ഇഷ്ടപ്പെടുന്നതും എന്തുകൊണ്ടെന്നോ വ്യത്യസ്ത നിറങ്ങൾ നമ്മെ വ്യത്യസ്ത വിധങ്ങളിൽ ബാധിക്കുന്നതെന്തുകൊണ്ടെന്നോ പൂർണ്ണമായി ഗ്രഹിക്കപ്പെടുന്നില്ല. കാഴ്ചയും പ്രതികരണവും തമ്മിലുള്ള ബന്ധം ഒരു വിഷമ പ്രശ്നമായി അവശേഷിക്കുകയാണ്. കണ്ണിന്റെ നിർമ്മാതാവിനും അവന്റെ പുത്രനും സഹപ്രവർത്തകനുമായ യേശുക്രിസ്തുവിനും ഭൗതികനേത്രത്തിന്റെ സങ്കീർണ്ണതകൾ നന്നായി അറിയാം, നമ്മുടെ കണ്ണ് നമ്മുടെ പ്രവർത്തനങ്ങളെയും നമ്മുടെ ജീവിതത്തെയും എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അവർക്ക് അറിയാം.
“ശരീരത്തിന്റെ വിളക്ക്”
3. കണ്ണ് “ശരീരത്തിന്റെ വിളക്ക്” ആയിരിക്കുന്നതെങ്ങനെ?
3 “ശരീരത്തിന്റെ വിളക്ക് കണ്ണാകുന്നു” എന്ന് യേശു പ്രസ്താവിച്ചു. (മത്തായി 6:22) ഒരു ഇരുണ്ട സ്ഥലത്തെ പ്രകാശിപ്പിക്കാനാണ് വിളക്കു കത്തിക്കുന്നത്. തന്നിമിത്തം നാം എവിടെയാണെന്നും നാം എങ്ങനെ പ്രവർത്തിക്കണമെന്നും ഏതു വഴിയേ പോകണമെന്നും മററും നാം അറിയുന്നു. നമ്മുടെ ശരീരത്തിലേക്കു പ്രകാശം പ്രവേശിപ്പിക്കുന്നതിനാൽ നമ്മുടെ കണ്ണുകൾ ഒരു വിളക്കെന്ന നിലയിൽ അതേ പ്രവർത്തനമാണ് നിർവ്വഹിക്കുന്നത്. അതു നമ്മുടെ ചുററുമുള്ള ലോകവുമായി അടുത്ത സമ്പർക്കത്തിലിരിക്കുന്നതിനും ബുദ്ധിപൂർവ്വകവും പ്രത്യേകവുമായ പ്രതികരണങ്ങളാൽ പ്രതിവർത്തിക്കുന്നതിനും അവ നമ്മെ പ്രാപ്തരാക്കുന്നു; നാം തപ്പിത്തടയുകയോ ഇടറുകയോ, ഒരുപക്ഷേ നമുക്കുതന്നെ ഉപദ്രവം വരുത്തികൂട്ടുകയോ ചെയ്യുന്നില്ല.
4. കണ്ണിന്റെ അവസ്ഥയാൽ നാം ബാധിക്കപ്പെടുന്നതെങ്ങനെ?
4 എന്നിരുന്നാലും, കണ്ണിന് ശരീരത്തിന് ഒരു വിളക്കായി എത്രത്തോളം സേവിക്കാൻ കഴിയുമേന്നുള്ളത് ഏറെയും കണ്ണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ഈ കാരണത്താൽ “അപ്പോൾ നിന്റെ കണ്ണ് ലഘു ആണെങ്കിൽ, നിന്റെ മുഴു ശരീരവും ശോഭനമായിരിക്കും; എന്നാൽ നിന്റെ കണ്ണ് ദുഷ്ടമെങ്കിൽ നിന്റെ മുഴുശരീരവും ഇരുണ്ടതായിരിക്കും. യഥാർത്ഥത്തിൽ, നിന്നിലുള്ള വെളിച്ചം ഇരുട്ടാണെങ്കിൽ ആ ഇരുട്ട് എത്ര വലുതാണ്!” എന്ന് യേശു തുടർന്നു പറഞ്ഞു. (മത്തായി 6:22, 23) ഇതിൽ നിന്ന് കണ്ണ് ഗുണത്തിനോ ദോഷത്തിനോ നമ്മുടെ മുഴു ജീവിതഗതിയിൻമേലും ചെലുത്തുന്ന വമ്പിച്ചു സ്വാധീനം നമുക്കു കാണാൻ കഴിയും.
കണ്ണിന്റെ സ്വാധീനം
5. സാത്താനാലുള്ള ഹവ്വായുടെ പരീക്ഷയിൽ കണ്ണ് എത്രത്തോളം ഉൾപ്പെട്ടിരുന്നു?
5 ഒന്നാമത്തെ സ്ത്രീയായിരുന്ന ഹവ്വായുടെ കാര്യം പരിഗണിക്കുക. കണ്ണ് അവളുടെ പ്രവൃത്തികളെ എത്രത്തോളം സ്വാധീനിച്ചെന്ന് വഞ്ചകനായ പിശാചായ സാത്താനുമായുള്ള അവളുടെ അഭിമുഖീകരണത്തെ സംബന്ധിച്ച ബൈബിൾ വിവരണത്തിൻ നിന്ന് കാണാൻ കഴിയും. (2 കൊരിന്ത്യർ 11:3; 1 തിമൊഥെയോസ് 2:14) അവൾ ദൈവകല്പന അവഗണിച്ച് “നൻമയെയും തിൻമയെയും കുറിച്ചുള്ള അറിവിന്റെ വൃക്ഷ”ത്തിൽനിന്നുള്ള ഫലം പറിച്ചു ഭക്ഷിച്ചാൽ ‘അവളുടെ കണ്ണുകൾ തുറക്കേണ്ട’താണെന്ന് സാത്താൻ സൂചിപ്പിച്ചു. അവൾ എങ്ങനെ പ്രതിവർത്തിച്ചു? ബൈബിൾ നമ്മോടു പറയുന്നു: “തത്ഫലമായി, വൃക്ഷം ആഹാരത്തിനു നല്ലതണെന്നും അത് കണ്ണുകൾക്ക് അഭിലഷണീയമായതാണെന്നും, അതേ വൃക്ഷം നോക്കുന്നതിന് അഭികാമ്യമാണന്നും, സ്ത്രീ കണ്ടു.” അവൾക്ക് വിലക്കപ്പെട്ടിരുന്നതിൽ അവളുടെ കണ്ണുകൾ പതിയാൻ അവൾ അനുവദിച്ചു. അത് കണ്ണുകളുടെ മന:പൂർവ്വകമായ ദുരുപയോഗമായിരുന്നു. ഫലമെന്തായിരുന്നു? “അങ്ങനെ അവൾ അതിന്റെ ഫലം പറിച്ചു തിന്നുതുടങ്ങി.”—ഉല്പത്തി 2:17; 3:4-6.
6. കണ്ണ് നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നതെങ്ങനെ?
6 ഹവ്വാ “നൻമയെയും തിൻമയെയും കുറിച്ചുള്ള അറിവിന്റെ വൃക്ഷം” അല്ലെങ്കിൽ അതിന്റെ ഫലം കാണുന്നത് ഇതാദ്യമായിട്ടല്ലായിരുന്നു. എന്നാൽ വ്യത്യസ്തമായ ഒരു സംഗതി സംഭവിക്കുകയായിരുന്നു. ഈ പ്രാവശ്യം അത് “കണ്ണുകൾക്ക് അഭിലഷണീയമായതും” “നോക്കുന്നതിന് അഭികാമ്യ”വുമാണെന്ന് കാണപ്പെട്ടു. സാധാരണഗതിയിൽ കാംക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും കണ്ണിന്റെ ഗുണങ്ങളല്ല, പിന്നെയോ ഹൃദയത്തിന്റേതാണ്. എന്നാൽ കണ്ണ് എന്തു കാണുന്നുവോ അത് ആശയേയും അഭിലാഷത്തെയും ബലിഷ്ഠമാക്കുന്നു, തന്നിമിത്തം പ്രവൃത്തിയിലേക്കു നീങ്ങുന്നു. ഹവ്വായുടെ കാര്യത്തിൽ അങ്ങനെയുള്ള പ്രവർത്തനം അവൾക്കും ഭർത്താവായ ആദാമിനും, നാം ഉൾപ്പെടെയുള്ള അവരുടെ സകല ഭാവി മക്കൾക്കും വിപൽക്കരമായ പരിണതഫലങ്ങളിലേക്കു നയിച്ചു.—റോമർ 5:12; യാക്കോബ് 1:14, 15.
7. യേശുവിനെ വഴിതെററിക്കാനുള്ള സാത്താന്റെ മൂന്നാമത്തെ ശ്രമത്തിൽ കണ്ണ് ഉൾപ്പെട്ടിരുന്നതെങ്ങനെ? പരിണതഫലം എന്തായിരുന്നു?
7 എന്നിരുന്നാലും, കണ്ണിലൂടെ വരാവുന്ന ഏതു ദോഷസ്വാധീനത്തെയും ചെറുത്തു നിൽക്കുക സാദ്ധ്യമാണെന്ന് പ്രകടമാക്കാൻ നമുക്ക് യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തം പരിചിന്തിക്കാവുന്നതാണ്. വീണ്ടും അതേ പരീക്ഷകൻ, സാത്താൻ, ആയിരുന്നു ഉൾപ്പെട്ടിരുന്നത്. ദൈവേഷ്ടം ചെയ്യുന്നതിൽനിന്ന് യേശുവിനെ അകററുന്നതിനുള്ള അവന്റെ മൂന്നാമത്തെ ശ്രമത്തിൽ “പിശാച് അവനെ അസാധാരണമായ ഒരു പർവ്വതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും അവനെ ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്വവും കാണിക്കുകയും ചെയ്തു.” ഒരു ആരാധനാ ക്രിയയ്ക്കു പകരമായി സാത്താൻ ലോകത്തിലെ സകല അധികാരവും മഹത്വവും വെറുതെ വാഗ്രൂപേണ വാഗ്ദാനം ചെയ്യുകമാത്രമായിരുന്നില്ലെന്നു കാണുക. അവൻ ഇവയെല്ലാം അവനെ “കാണിച്ചു”കൊണ്ട് കണ്ണിന്റെ ശക്തമായ സ്വാധീനത്തെ ചൂഷണം ചെയ്തു. എന്നാൽ യേശുവിന്റെ കണ്ണ് പ്രലോഭനാത്മകമായ വാഗ്ദാനത്താൽ പതറാതെ അവന്റെ സ്വർഗ്ഗീയ പിതാവായ യഹോവയോടുള്ള ബന്ധത്തിൽ കേന്ദ്രീകരിച്ചിരുന്നതുകൊണ്ട് സാത്താന്റെ ഉപായത്തെ പരാജയപ്പെടുത്തുന്നതിൽ അവൻ വിജയിച്ചു.—മത്തായി 4:8-10.
8. ഹവ്വായുടെയും യേശുവിന്റെയും ദൃഷ്ടാന്തങ്ങളിൽ നിന്ന് നമുക്ക് എന്തു പാഠങ്ങള പഠിക്കാൻ കഴിയും?
8 മേൽ പ്രസ്താവിച്ച ദൃഷ്ടാന്തങ്ങളിൽ നിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? ഒന്നാമതായി, നാം നമ്മുടെ കണ്ണുകൾ എന്തിൽ കേന്ദ്രീകരിക്കുന്നുവോ അവയ്ക്ക് നമ്മുടെ ഹൃദയത്തിന്റെ നല്ലതോ ചീത്തയോ ആയ ആഗ്രഹങ്ങളെ ബലിഷ്ഠമാക്കാൻ കഴിയും. ഇത് നമുക്കോ മററുള്ളവർക്കോ അനുഗ്രഹമോ വിപത്തോ വരുത്തിക്കൂട്ടുന്ന പ്രവൃത്തിയിലേക്ക് നയിച്ചേക്കാം. രണ്ടാമത്, സാത്താൻ തന്റെ ഇരകളെ വഞ്ചിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ശക്തമായ ഉപാധിയാണ് കണ്ണെന്നു വ്യക്തമാണ്. മനുഷ്യവർഗ്ഗത്തെ വഴിതെററിക്കുന്നതിന് ഉപയോഗിക്കുന്ന എല്ലാ “പദ്ധതികളി”ലും വച്ച് കണ്ണിന്റെ ഈ ആകർഷണം അന്ത്യന്തം ശക്തിമത്തായതിൽ ഒന്നാണെന്ന് കാണപ്പെടുന്നു.—2 കൊരിന്ത്യർ 2:11.
9. സാത്താൻ ഇന്ന് “കൺമോഹ”ത്തെ പ്രോത്സാഹിപ്പിക്കുന്നതെങ്ങനെ?
9 ഇക്കാലത്ത്, ദൈവേഷ്ടം ചെയ്യുന്നതിൽ നിന്ന് സകലരേയും അകററുന്നതിനുള്ള സാത്താന്റെ പദ്ധതികളിൽ ഇതേ നയമാണ് അവൻ ഇപ്പോഴും ഉപയോഗിക്കുന്നത്. ലോകത്തിന്റെ തിളക്കവും പകിട്ടും മുഖേന സാത്താൻ “ജഡമോഹവും കൺമോഹവും ഒരുവന്റെ ഉപജീവന മാർഗ്ഗത്തിന്റെ പ്രതാപപ്രകടനവും” പ്രോത്സാഹിപ്പിക്കുന്നു. (1 യോഹന്നാൻ 2:16) ഇത് വ്യാപാരലോകം ഉപയോഗിക്കുന്ന പരസ്യപദ്ധതികളിൽ വ്യക്തമായി കാണപ്പെടുന്നു. ഏററവും വിജയപ്രദമായ പരസ്യങ്ങൾ അവയുടെ ദർശനപരമായ സ്വാധീനത്തെ മുതലെടുക്കുന്നവയാണെന്നുള്ളതു സത്യമല്ലയോ? വർണ്ണപ്പകിട്ടാർന്ന ആയിരക്കണക്കിന് പരസ്യപ്പലകകളും തിളങ്ങുന്ന സൈൻ ബോർഡുകളും മാസികകളിലെയും വർത്തമാനപ്പത്രങ്ങളിലെയും പകിട്ടാർന്ന പടങ്ങളും വിദഗ്ദ്ധമായ ററി. വി. ചിത്രങ്ങളും—അവ ഉളവാക്കുന്നതിന് ചെലവഴിക്കുന്ന ശതകോടിക്കണക്കിന് രൂപയും—പരസ്യപ്പെടുത്തലിന്റെ മുഴു ആശയവും ഉപഭോക്താവിന്റെ “കൺമോഹ”ത്തെ ഉത്തേജിപ്പിക്കുകയെന്നതാണെന്നുള്ള വസ്തുതക്ക് സാക്ഷ്യം വഹിക്കുന്നു.
10. വ്യാപാര ലോകം യഥാർത്ഥത്തിൽ എന്തിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്?
10 ഈ പരസ്യങ്ങളിലനേകവും ഭാവനാപൂർണ്ണമല്ലെന്നിരിക്കെ കൂടുതൽ തന്ത്രപരമായിരിക്കുന്നത് അവ ഉപഭോക്ത സാധനങ്ങളെ മാത്രമല്ല ജീവിതരീതികളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ്. മിക്കപ്പോഴും ഏററവുമധികം സ്ഥാനവും സ്വാധീനവും സന്തുഷ്ടിയും സൗന്ദര്യവുമുള്ള ആളുകൾ ഉപയോഗിക്കുന്നവയെന്ന നിലയിലാണ് ഉല്പന്നങ്ങൾ പ്രദർശിപ്പിക്കപ്പെടുന്നത്. ഉപഭോക്താവ് ആ ഉല്പന്നം ഉപയോഗിക്കുന്നുവെങ്കിൽ അയാളുടെ “ഉപജീവനമാർഗ്ഗം” ആ വിഭാഗങ്ങളിലൊന്നിനോട് സ്വതേ അനുയോജ്യമാകുമെന്നുള്ളതാണ് സന്ദേശം. ഒരു വ്യക്തി ഒരു പ്രത്യേക ജീവിതരീതി സ്വീകരിച്ചു കഴിഞ്ഞാൽ. അതിനോടുബന്ധപ്പെട്ട സാധന സാമഗ്രികൾ സ്വീകരിക്കുന്നതിന് അയാളെ അല്ലെങ്കിൽ അവളെ പ്രേരിപ്പിക്കുന്നതിന് വലിയ വിഷമമില്ലെന്ന് പരസ്യക്കാർക്കറിയാം. ഇതിന്റെ വെളിച്ചത്തിൽ, എബ്രായർ 13:5-ൽ കാണുന്ന ബുദ്ധിയുപദേശം സമർപ്പിത ക്രിസ്ത്യാനികളനുസരിക്കുന്നത് എത്ര ജ്ഞാനപൂർവ്വകമാണ്! അവിടെ നാം ഇങ്ങനെ വായിക്കുന്നു: “നിങ്ങളുടെ ജീവിതരീതി പണസ്നേഹമില്ലാത്തതായിയിരിക്കട്ടെ, അതേസമയം ഇപ്പോഴുള്ള വസ്തുക്കളിൽ തൃപ്തരായിരിക്കുക.”
കണ്ണിനെ “ദുഷ്ട”മായിട്ടല്ല,“ലഘു”വായി സൂക്ഷിക്കൽ
11. കണ്ണിനെ സംബന്ധിച്ച യേശുവിന്റെ പ്രസ്താവനയിലെ “ലഘു,” “ദുഷ്ടം” എന്ന പദങ്ങളെ വിശദീകരിക്കുക.
11 അനുദിനം കണ്ണിനാകർഷകമായ ഇത്രയേറെ ശ്രദ്ധാ ശൈഥില്യങ്ങളെ അഭിമുഖീകരിക്കുന്നതുകൊണ്ട് നമ്മുടെ കണ്ണിനെ “ദുഷ്ട”മായിട്ടല്ല “ലഘു”വായി സൂക്ഷിക്കാൻ യേശുക്രിസ്തു ബുദ്ധിയുപദേശിച്ചതെന്തുകൊണ്ടെന്ന് നമുക്ക് പൂർവ്വാധികം വിലമതിക്കാൻ കഴിയും. (മത്തായി 6:22, 23) അതിന്റെ അർത്ഥമെന്താണ്? ഇവിടെ “ലഘു” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഹാപ്ലസ് എന്ന ഗ്രീക്കുപദമാണ്. അതിന്റെ അടിസ്ഥാനപരമായ അർത്ഥം മനസ്സിന്റെ ഏകാഗ്രത അഥവാ ഏക ഉദ്ദേശ്യത്തോടുള്ള അർപ്പണബോധം എന്നാണ്. മറിച്ച്, മൂല ഗ്രീക്കിൽ “ദുഷ്ടം” എന്നത് പോനറോസ് ആണ്. അതിന്റെ അർത്ഥം, ദുഷിച്ച, വിലകെട്ട, അധമം എന്നാണ്. അതുകൊണ്ട് ‘ലഘുവായ കണ്ണ്’ സംഭവിക്കുന്ന എല്ലാററിനാലും പതറിക്കപ്പെടാതെ അഥവാ വ്യതിചലിക്കാതെ ഒരൊററ സംഗതിയിൽ അതിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനു വ്യത്യസ്തമായി, ‘ദുഷ്ടമായ കണ്ണ്’ കൗശലവും തന്ത്രവും അത്യാഗ്രഹവുമുള്ളതാണ്, അത് ഹീനവും ഇരുണ്ടതുമായ കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു.
12. യേശുവിന്റെ ചർച്ചയുടെ സന്ദർഭത്തെ പുനരവലോകനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്യുക.
12 എന്നാൽ “മുഴുശരീരവും ശോഭനമായിരിക്ക”ത്തക്കവണ്ണം കണ്ണ് എന്തിൽ കേന്ദ്രീകരിക്കണം? ഉത്തരം കണ്ടുപിടിക്കുന്നതിന് സന്ദർഭത്തിന്റെ ഒരു പരിചിന്തനം നമ്മെ സഹായിക്കും. മുൻവാക്യങ്ങളിൽ യേശു “ഭൂമിയിലെ നിക്ഷേപങ്ങളെ”യും “സ്വർഗ്ഗത്തിലെ നിക്ഷേപങ്ങളെ”യും കുറിച്ച് സംസാരിക്കുകയായിരുന്നു. “നിന്റെ നിക്ഷേപമെവിടെയോ അവിടെ നിന്റെ ഹൃദയവുമിരിക്കും” എന്ന് അവൻ പറഞ്ഞു. അനന്തരം കണ്ണിനെക്കുറിച്ച് ചർച്ച ചെയ്തശേഷം അവൻ വീണ്ടും ഉദ്ദേശ്യത്തിലുള്ള ഏകതയെ ഊന്നിപ്പറഞ്ഞുകൊണ്ട് “യാതൊരുവനും രണ്ടു യജമാനൻമാർക്കുവേണ്ടി അടിമവേല ചെയ്യാൻ സാദ്ധ്യമല്ല” എന്നു പ്രസ്താവിച്ചു, അതായത് ദൈവത്തിനും ധനത്തിനും വേണ്ടി. അടുത്ത വാക്യങ്ങളിൽ, അവൻ ദൈനംദിനാവശ്യങ്ങളെക്കുറിച്ചുള്ള അവന്റെ വീക്ഷണം സംബന്ധിച്ച് ബുദ്ധിയുപദേശം കൊടുക്കുകയും ഈ അനശാസനത്തോടെ ഉപസംഹരിക്കുകയും ചെയ്തു: “അപ്പോൾ, ഒന്നാമതായി, രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടിരിക്കുക, ഈ മറെറല്ലാ കാര്യങ്ങളും നിങ്ങൾക്ക് നൽകപ്പെടും.”—മത്തായി 6:19-34.
13. നമ്മുടെ “മുഴു ശരീരവും ശോഭനമായിരിക്ക”ത്തക്കവണ്ണം നാം നമ്മുടെ കണ്ണിനെ എന്തിൽ കേന്ദ്രീകരിക്കണം? എന്തുകൊണ്ട്?
13 ഇതിൽനിന്നെല്ലാം നമുക്ക് എന്ത് മനസ്സിലാക്കാൻ കഴിയും? യേശു ഇവിടെ ജീവിതലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ഭൗതിക കാര്യങ്ങൾ തേടുന്നതിന്റെ മൗഢ്യവും ആത്മീയ കാര്യങ്ങളിൽ താത്പര്യം നട്ടുവളർത്തുന്നതിന്റെ അനുഗ്രഹവും ചൂണ്ടിക്കാണിക്കുകയുമായിരുന്നു. വ്യക്തമായി, നമ്മുടെ കണ്ണുകൾ രാജ്യതാത്പര്യങ്ങളിൽ ഏകാഗ്രമായി കേന്ദ്രീകരിക്കുന്നതിനാൽ നമ്മുടെ “മുഴുശരീരവും ശോഭനമായിരിക്കും” എന്ന് അവൻ നമ്മോടു പറയുകയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ നാം ദൈവേഷ്ടം ചെയ്യുന്നത് നമ്മുടെ ജീവിതലക്ഷ്യമാക്കുകയാണെന്നങ്കിൽ നാം നമ്മുടെ ജീവിതത്തിന്റെ എല്ലാവശങ്ങളിലും മഹത്തായ സുവാർത്തയെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നതായിരിക്കും. നമുക്ക് ശോഭനമായ ഒരു ഭാവിക്കായി നോക്കിപ്പാർത്തിരിക്കാൻ കഴിയുമെന്നു മാത്രമല്ല, സ്വാർത്ഥ വ്യാപാരങ്ങൾക്ക് അർപ്പിതമായ ഒരു ജീവിതത്താൽ ഉളവാക്കപ്പെടുന്ന ഇരുണ്ട, ഹീനമായ കാര്യങ്ങളിൽ നിന്ന് വിമുക്തമാകാനും കഴിയും.—2 കൊരിന്ത്യർ 4:1-6.
14. ഭൗതികധനത്തിൻമേൽ ഒരുവന്റെ കണ്ണ് കേന്ദ്രീകരിക്കുന്നത് “ഇരുട്ടിൽ” കലാശിക്കുന്നതെങ്ങനെ?
14 അപ്പോസ്തലനായ പൗലോസ് യേശുവിന്റെ വാക്കുകൾക്ക് ഉപോൽബലകമായി ഇങ്ങനെ വിശദീകരിച്ചു: “സമ്പന്നരാകാൻ നിശ്ചയിച്ചിരിക്കുന്നവർ പരീക്ഷയിലും ഒരു കെണിയിലും നിരർത്ഥകവും ഹാനികരവുമായ അനേകം മോഹങ്ങളിലും അകപ്പെടുന്നു, അവ മനുഷ്യരെ നാശത്തിലേക്കും കെടുതിയിലേക്കും ആഴ്ത്തിക്കളയുന്നു.” (1 തിമൊഥെയോസ് 6:9) തീർച്ചയായും ഈ വാക്കുകളിൽ കഴമ്പുണ്ട്! സെനററർമാരും മേയർമാരും ജഡ്ജിമാരും ബാങ്കർമാരും കോർപ്പററ് എക്സിക്ക്യൂട്ടീവുകളും മററുള്ളവരും വെള്ള കോളർ കുററകൃത്യങ്ങളിലേർപ്പെട്ടതായുള്ള കഥകൾ നിറഞ്ഞതാണ് വാർത്തകൾ; ഒരു റിപ്പോർട്ടനുസരിച്ച് അമേരിക്കൻ ഐക്യനാടുകളിൽ മാത്രം “വർഷംതോറും കുറഞ്ഞത് 20000 കോടി ഡോളർ അപഹരിക്കപ്പെടുന്നു.” സമ്പന്നരായിത്തീരുന്നതിന്റെ ‘പരീക്ഷയും കെണിയും’ ഒരിക്കൽ ബഹുമാന്യരായിരുന്ന അനേകം വ്യക്തികളെ ഘോരപാതകികളും കുററപ്പുള്ളികളുമാക്കി മാററിയിട്ടുണ്ട്. തീർച്ചയായും, നാം യേശു മുന്നറിയിപ്പുനൽകിയ “ഇരുട്ട്” അനുഭവിച്ചുകൊണ്ട് ‘നാശത്തിലേക്കും കെടുതിയിലേക്കും ആഴ്ത്തപ്പെട’ന്നതൊഴിവാക്കാൻ ആഗ്രഹിക്കുന്നു.—സദൃശവാക്യങ്ങൾ 23:4, 5 കാണുക.
15, 16. (എ) വേറെ ഏത് “കൺമോഹ”ത്തെ നാം വർജ്ജീക്കണം? (ബി) നിങ്ങൾ സദൃശവാക്യങ്ങൾ 27:20-ലെ ബുദ്ധിയുപദേശത്തെ നമ്മുടെ ചർച്ചക്ക് എങ്ങനെ ബാധകമാക്കും?
15 എന്നിരുന്നാലും, സമ്പന്നരാകുന്നതിൽ കണ്ണു നട്ടിരിക്കുന്നവർ മാത്രമാണോ ഇരുട്ടിൽ നടക്കുന്നതിന്റെ അപകടത്തെ അഭിമുഖീകരിക്കുന്നത്? അല്ല, എന്തുകൊണ്ടെന്നാൽ “കൺമോഹ”ത്തിൽ മററനേകം കാര്യങ്ങൾ ഉൾപ്പെടുന്നു. മത്തായി 5:28-ലെ യേശുവിന്റെ വാക്കുകൾ ഓർമ്മിക്കുക: “ഒരു സ്ത്രീയോട് വികാരം തോന്നത്തക്കവണ്ണം അവളെ നോക്കിക്കൊണ്ടിരിക്കുന്ന ഏവനും തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു.” തീർച്ചയായും, അവിഹിത വികാരങ്ങളെയും മോഹങ്ങളെയും ഉദ്ദീപിപ്പിക്കാനോ ഉണർത്താനോ രൂപംകൊടുത്തിട്ടുള്ള വിവരത്തിൽ ഒരുവന്റെ കണ്ണുകൾ കേന്ദ്രീകരിക്കാൻ അനുവദിക്കുന്നതിനും ആ മുന്നറിയിപ്പ് ബാധകമാക്കാൻ കഴിയും.
16 ഇനി ഭക്ഷ്യപാനീയങ്ങളെയും വസ്ത്രത്തെയും കുറിച്ചുള്ള ഉത്ക്കണ്ഠയുണ്ട്, അതിനെക്കുറിച്ചും യേശു സംസാരിച്ചു (മത്തായി 6:25-32) ഇവ ആവശ്യമാണെങ്കിലും ഏററവും ഒടുവിലത്തേതും ഏററവും സമ്പന്നവും ഏററവും അഭിവാഞ്ഛിക്കപ്പെടുന്നതുമായവയ്ക്കുവേണ്ടിയുള്ള അതിർകടന്ന ആഗ്രഹത്തിന് നമ്മുടെ മനസ്സിനെയും ഹൃദയത്തെയും അടിമകളാക്കാൻ കഴിയും. (റോമർ 16:18; ഫിലിപ്യർ 3:19) വിനോദം, വിനോദത്തൊഴിലുകൾ, സ്പോർട്ട്സ്, വ്യായാമം മുതലായവയിൽപോലും നാം ഉചിതമായ സമനില പാലിക്കുകയും ലോകത്തിലെ ഭ്രമങ്ങിലും ചപലമോഹങ്ങളിലും ആസക്തരാകുന്നതിനെതിരെ ജാഗരിക്കുകയും വേണം. ഈ മണ്ഡലങ്ങളിലെല്ലാം നാം സദൃശവാക്യങ്ങൾ 27:20-ൽ കാണപ്പെടുന്ന ജ്ഞാനമൊഴികൾ മനസ്സിൽ പിടിക്കുന്നതു നല്ലതാണ്: “ഷീയോളിനും നാശത്തിന്റെ സ്ഥലത്തിനും തൃപ്തിവരുന്നില്ല; ഒരു മമനുഷ്യന്റെ കണ്ണുകൾക്കും തൃപ്തിവരുന്നില്ല.” തീർച്ചയായും, നമ്മുടെ കണ്ണുകളെ തൃപ്തിപ്പെടുത്തുന്നതിനു ശ്രമിക്കുമ്പോൾ നമ്മേത്തന്നെ ആത്മീയമായി അപകടത്തിലാക്കാതിരിക്കാൻ നാം ആത്മനിയന്ത്രണം പാലിക്കേണ്ടതുണ്ട്.
നമ്മുടെ കണ്ണിനെ “ലഘു”വാക്കി സൂക്ഷിക്കുന്നതിന്റെ അനുഗ്രഹങ്ങൾ
17. കണ്ണിനെ “ലഘു”വാക്കി നിർത്തിയത് രാജ്യതാത്പര്യങ്ങൾ പിന്തുടരാൻ ചിലരെ സഹായിച്ചിരിക്കുന്നതെങ്ങനെ?
17 തങ്ങളുടെ കണ്ണിനെ “ലഘു”വാക്കി നിർത്തുകയും അതിനെ ദൈവരാജ്യവാഗ്ദത്തങ്ങളിൻമേൽ ഏകാഗ്രമായി കേന്ദ്രീകരിക്കുകയും ചെയ്തിട്ടുള്ളവർക്ക് യഹോവയൽനിന്ന് അനേകം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. ലോകത്തിനു ചുററും നിന്നും അനേകം ജീവിതതുറകളിൽനിന്നുമുള്ള ആളുകളുടെ അനുഭവങ്ങളാൽ ഇതു നന്നായി ചിത്രീകരിക്കപ്പെടുന്നു. ഈ ഉദാഹരണങ്ങൾ പരിചിന്തിക്കുക:
“തെക്കേ അമേരിക്കയിലെ കൊളംബിയായിൽ ആവശ്യം അധികമുള്ളടത്ത് ഞാൻ സേവനമനുഷ്ഠിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പ്രതിമാസം ഏതാണ്ട് 1000 രൂപാ വരുമാനംകൊണ്ട് ജീവിക്കേണ്ടിയിരുന്നു. ഞാൻ പയനിയറിംഗ് തുടങ്ങിയിരുന്നു, എന്നാൽ മാസാരംഭത്തിൽ തന്നെ, ഞാൻ വീഴുകയും കണങ്കാലിൽ ഒടിവുപററുകയും ചെയ്തു. തൽഫലമായി ഉണ്ടായ ചികിത്സാ ചെലവ് എന്റെ പണമെല്ലാം തീർന്നുപോകാനിടയാക്കി. മാസാവസാനം വരെ എനിക്ക് പണമൊന്നും കിട്ടുകയുമില്ലായിരുന്നു. ഞാൻ രാജ്യഹോൾ സംഭാവന കൊടുക്കേണ്ട സമയമായി. ഞാൻ പണം സംഭാവന ചെയ്യുന്നപക്ഷം അടുത്തയാഴ്ച സാമാനങ്ങൾ വാങ്ങുന്നതിന് പണം ഉണ്ടായിരിക്കുമായിരുന്നില്ല. ഏതാനും ചില ദിവസങ്ങളിൽ ഈ സംഗതിയെക്കുറിച്ച് പരിഗണിച്ചശേഷം ഹാളിന്റെ വാടക കൊടുക്കാമെന്നു ഞാൻ തീരുമാനിച്ചു, അങ്ങനെ ഞാൻ പണം സംഭാവനപെട്ടിയിൽ നിക്ഷേപിച്ചു. അടുത്ത പ്രഭാതത്തിൽതന്നെ ഐക്യനാടുകളിലെ ഒരു സഹോദരിയിൽ നിന്ന് ഒരു കത്ത് കിട്ടി. അവർ എന്നെ കൊളംബിയായിൽ സന്ദർശിച്ചിരുന്നു. അവരുടെ സന്ദർശനം കഴിഞ്ഞ് മിച്ചമുണ്ടായിരുന്ന കുറെ കൊളംബിയൻ പണവും അവർ കത്തിനോടു കൂടെ അയച്ചിരുന്നു. അത് ഞാൻ പെട്ടിയിൽ ഇട്ട അതേ തുകതന്നെയായിരുന്നു.”
കൊറിയായിലെ ററീക്കണിൽ ഒരു വൈദ്യശാല നടത്തുന്ന കീ ചൂടുള്ള ഒരു ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബീച്ചിൽ സമയം ചെലവഴിക്കുന്നതിന് മൂന്നു സഹപ്രവർത്തകരാൽ ക്ഷണിക്കപ്പെട്ടു. ആ ആശയം പ്രലോഭനാത്മകമായിരുന്നെങ്കിലും താൻ പോകുന്നപക്ഷം അന്നു വൈകുന്നേരത്തെ സഭാപുസ്തകദ്ധ്യയനത്തിന് സമയത്ത് എത്തുകയില്ലെന്ന് കീയിക്ക് അറിയാമായിരുന്നു. അതുകൊണ്ട് അയാൾ ക്ഷണം നിരസിച്ചു. നിമിഷങ്ങൾ കഴിഞ്ഞ് ആ മൂന്നുപേരെ ക്ലിനിക്കിലേക്ക് തിരികെ കൊണ്ടുവന്നു—മരിച്ചവരായി! ക്ലിനിക്കിൽനിന്ന് പോയ ഉടനെ അവർ മാരകമായ ഒരു ട്രാഫിക്ക് അപകടത്തിനിരയായി. അപകടത്തിൽ കീ ദുഃഖിതനായി, എന്നാൽ പലവർഷങ്ങളിൽ താൻ രൂപപ്പെടുത്തിയ നല്ല ശീലത്തോടു പററിനിന്നതു നിമിത്തം തന്റെ ജീവൻ രക്ഷപ്പെട്ടതിൽ അയാൾ സന്തോഷിച്ചു.—എബ്രായർ 10:24, 25.
18. തങ്ങളുടെ കണ്ണിനെ “ലഘു”വാക്കി നിർത്താൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാൻ കഴിയും?
18 രാജ്യതാത്പര്യങ്ങളുടെമേൽ തങ്ങളുടെ കണ്ണുകൾ കേന്ദ്രീകരിക്കാൻ കുട്ടികളെപോലും പഠിപ്പിക്കാൻ കഴിയും. ചുവടെ ചേർക്കുന്ന അനുഭവം അതു ചിത്രീകരിക്കുന്നു:
“ഫിലിപ്പീൻസിലെ മൂന്നു സഭകളിൽനിന്നുള്ള സഹോദരങ്ങൾ സഭയൊന്നിന് 10000 രൂപാ വീതം കൊണ്ടുവന്ന് അവരുടെ കത്തിപ്പോയ രാജ്യഹോൾ വീണ്ടും പണിയേണ്ടതുണ്ടെന്ന് രണ്ടു സന്ദർശകരിൽനിന്ന് ഞങ്ങൾ കേട്ടു. അത് അവർക്ക് ഗണ്യമായ തുകയായിരുന്നു. ഞങ്ങളും സംഭാവന കൊടുക്കണമെന്ന് എന്റെ ഭർത്താവും ഞാനും തീരുമാനിച്ചു. നാലുമാസം മുതൽ ആറുവയസ്സുവരെ പ്രായമുള്ള ഞങ്ങളുടെ നാലു മക്കളെ സംബന്ധിച്ചെന്ത്? ഓരോ വാരത്തിലും എന്റെ ഭർത്താവിന് ശമ്പളം കിട്ടുമ്പോൾ അയാൾ ഓരോ കുട്ടിക്കും വേണ്ടി ഓരോ വെള്ളിഡോളർ വാങ്ങുമായിരുന്നു. എന്റെ ഭർത്താവ് നാണയങ്ങൾ പങ്കിട്ടതുകൊണ്ട് ഓരോരുത്തർക്കും എന്തുതുകയുണ്ടെന്ന് കുട്ടികൾക്കു കാണാൻ കഴിഞ്ഞു. ആ പണംകൊണ്ട് വാങ്ങാൻ അവർ ആഗ്രഹിച്ച ചില കാര്യങ്ങളും ഞങ്ങൾ പറഞ്ഞു. എന്നാൽ അവരുടെ ഉത്തരം എല്ലായ്പ്പോഴും ഒന്നുതന്നെയായിരുന്നു—അവർ പണം സഹോദരൻമാർക്കു കൊടുക്കാനാഗ്രഹിച്ചു.” അവരുടെ 990 രൂപയോടൊപ്പം അവർ ഒരു ലളിതമായ എഴുത്തും അയച്ചു. ആ എഴുത്തു വായിച്ചപ്പോൾ ഫിലിപ്പീൻസിലെ സഹോദരൻമാർ ആ സ്നേഹത്തിലും ഔദാര്യത്തിലും വികാരാധീനരാകുകയും അനേകർ കണ്ണുനീർ പൊഴിക്കുകയും ചെയ്തു.
19. നമ്മുടെ കണ്ണുകൾ എന്തിൽ പതിപ്പിക്കുന്നതിനാൽ നമുക്ക് ഒരു ശോഭനമായ ഭാവിയുടെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
19 “നിന്റെ കണ്ണുകളെ സംബന്ധിച്ചാണെങ്കിൽ അവ നേരേ മുമ്പോട്ടു നോക്കണം, അതെ, പ്രകാശിക്കുന്ന നിന്റെ സ്വന്തം കണ്ണുകൾ നിന്റെ മുമ്പിൽ നേരേ ഉററു നോക്കണം.” (സദൃശവാക്യങ്ങൾ 4:25) നാം ആ ബുദ്ധിയുപദേശം അനുസരിക്കുന്നതും നാം വ്യതിചലിക്കത്തക്കവണ്ണം നമ്മുടെ കണ്ണുകൾ അലഞ്ഞുതിരിയാൻ അനുവദിക്കാതിരിക്കുന്നതും എത്ര ജ്ഞാനപൂർവ്വകമാണ്!” നാളുകൾ ദുഷ്ടമാകയാൽ നിങ്ങൾക്കായി അവസരോചിത സമയം വിലയ്ക്ക് വാങ്ങികൊണ്ട് നിങ്ങളുടെ നടപ്പ് അജ്ഞാനികളായിട്ടല്ല, ജ്ഞാനികളായിട്ടായിരിക്കാൻ കർശനമായി സൂക്ഷിക്കുക” എന്ന് പൗലോസ് ബുദ്ധിയുപദേശിച്ചു. “യഹോവയുടെ ഇഷ്ടം എന്തെന്ന് ഗ്രഹിച്ചുകൊണ്ടേയിരിക്കുക” എന്നും അവൻ പ്രോത്സാഹിപ്പിച്ചു. (എഫേസ്യർ 5:15-17) അങ്ങനെ ചെയ്യുന്നതിനാൽ നമ്മുടെ കണ്ണ് “ലഘു”വാക്കി നിർത്തുന്നതിൽ നാം വിജയിക്കുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. നമുക്ക് ഒരു ശോഭനമായ ഭാവിക്കായി—ദൈവത്തിന്റെ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയ വ്യവസ്ഥിതിയിലെ നിത്യജീവനായി—ഉറപ്പോടെ നോക്കിപ്പാർത്തിരിക്കാനും കഴിയും.—2 കൊരിന്ത്യർ 4:17, 18 താരതമ്യപ്പെടുത്തുക. (w86 5/1)
നിങ്ങൾക്കു വിശദീകരിക്കാൻ കഴിയുമോ?
◻ കണ്ണ് “ശരീരത്തിന്റെ വിളക്കാ”യിരിക്കുന്നതെങ്ങനെ?
◻ ഹവ്വായും യേശുവും ഉദാഹരിച്ചതുപോലെ, കണ്ണ് നമ്മുടെ പ്രവൃത്തികളെ സ്വാധീനിക്കുന്നതെങ്ങനെ?
◻ ഇന്ന് സാത്തൻ ഏതു വിധങ്ങളിൽ “കൺമോഹ”ത്തെ ആകർഷകമാക്കുന്നു?
◻ നമ്മുടെ കണ്ണിനെ “ലഘു”വാക്കിനിർത്താൻ നാം എന്താണു ചെയ്യേണ്ടത്?
◻ നാം ഇപ്പോൾ നമ്മുടെ കണ്ണുകളെ എന്തിൽ കേന്ദ്രീകരിക്കണം?
[23-ാം പേജിലെ ചിത്രം]
നാം നമ്മുടെ കണ്ണുകൾ എന്തിൽ കേന്ദ്രീകരിക്കുന്നുവോ അതിന് ഹൃദയത്തിന്റെ ആഗ്രഹത്തെ ശക്തീകരിക്കാൻ കഴിയും