പാഠം 21
ലോകമെങ്ങും സന്തോഷവാർത്ത അറിയിക്കുന്നത് എങ്ങനെയാണ്?
യഹോവ ദൈവരാജ്യത്തിലൂടെ നമ്മുടെ എല്ലാ പ്രശ്നങ്ങളും പെട്ടെന്നുതന്നെ പരിഹരിക്കും! എത്ര നല്ല സന്തോഷവാർത്ത, അല്ലേ? ഈ സന്തോഷവാർത്ത എല്ലാവരും അറിയേണ്ടതല്ലേ? തന്റെ അനുഗാമികൾ ഈ സന്തോഷവാർത്ത എല്ലാവരെയും അറിയിക്കണമെന്ന് യേശു കല്പിച്ചു. (മത്തായി 28:19, 20) യേശുവിന്റെ ഈ കല്പന യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് അനുസരിക്കുന്നത്?
1. മത്തായി 24:14-ലെ യേശുവിന്റെ വാക്കുകൾ ഇന്നു നിറവേറുന്നത് എങ്ങനെ?
‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും’ എന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:14) യഹോവയുടെ സാക്ഷികൾ വളരെ സന്തോഷത്തോടെയാണ് യേശുവിന്റെ ഈ കല്പന അനുസരിക്കുന്നത്. ലോകമെങ്ങുമായി 1,000-ത്തിലധികം ഭാഷകളിൽ ഞങ്ങൾ ഈ സന്തോഷവാർത്ത അറിയിക്കുന്നു. എത്ര വലിയ ഒരു വേല! എത്രയധികം ആളുകളുടെ സമയവും തയ്യാറെടുപ്പും കഠിനാധ്വാനവും ഇതിന്റെ പിന്നിൽ വേണം! എന്നാൽ യഹോവയുടെ സഹായമില്ലാതെ ഈ പ്രവർത്തനം ഇത്ര നന്നായി ചെയ്യാനാകില്ല.
2. സന്തോഷവാർത്ത അറിയിക്കാൻ ഞങ്ങൾ എന്തെല്ലാം ചെയ്യുന്നു?
ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പോലെ ഞങ്ങളും “വീടുതോറും” പോയി ആളുകളോടു സംസാരിക്കുന്നു. (പ്രവൃത്തികൾ 5:42) ഇങ്ങനെ ചിട്ടയോടെ ക്രമീകൃതമായി പ്രവർത്തിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളോടു സന്തോഷവാർത്ത അറിയിക്കാൻ കഴിയുന്നു. എന്നാൽ ആളുകൾ എപ്പോഴും വീട്ടിലില്ലാത്തതുകൊണ്ട് അവരെ കാണാനിടയുള്ള പൊതുസ്ഥലങ്ങളിലും മറ്റിടങ്ങളിലും വെച്ച് ഞങ്ങൾ അവരോടു സംസാരിക്കാറുണ്ട്. യഹോവയെക്കുറിച്ചും യഹോവ ചെയ്യാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചും മറ്റുള്ളവരോടു പറയാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നു.
3. സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം ആർക്കാണ്?
സന്തോഷവാർത്ത പ്രസംഗിക്കുന്നത് യഥാർഥ ക്രിസ്ത്യാനികളുടെയെല്ലാം ഉത്തരവാദിത്വമാണ്. അതു ഞങ്ങൾ ഗൗരവമായി എടുക്കുന്നു. ആളുകളുടെ ജീവൻ അപകടത്തിലാണെന്ന് അറിയാവുന്നതുകൊണ്ട് കഴിവിന്റെ പരമാവധി മറ്റുള്ളവരോടു സന്തോഷവാർത്ത അറിയിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. (1 തിമൊഥെയൊസ് 4:16 വായിക്കുക.) ഈ പ്രവർത്തനത്തിനു ഞങ്ങൾ ശമ്പളം വാങ്ങുന്നില്ല. കാരണം, “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക” എന്നാണല്ലോ ബൈബിൾ പറയുന്നത്. (മത്തായി 10:7, 8) ഞങ്ങളുടെ സന്ദേശം എല്ലാവരും സ്വീകരിക്കാറില്ല. എങ്കിലും ഞങ്ങൾ ഈ പ്രവർത്തനത്തിൽ തുടരുന്നു. കാരണം, ഇതു ഞങ്ങളുടെ ആരാധനയുടെ ഭാഗമാണ്, ഇതിലൂടെ ഞങ്ങൾ യഹോവയെ സന്തോഷിപ്പിക്കുന്നു.
ആഴത്തിൽ പഠിക്കാൻ
ലോകമെങ്ങും സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികൾ ചെയ്യുന്ന ശ്രമങ്ങൾ എന്തൊക്കെയാണ്? ഇക്കാര്യത്തിൽ യഹോവ എങ്ങനെയാണു സഹായിക്കുന്നത്? നമുക്കു നോക്കാം.
ലോകമെങ്ങും പ്രസംഗിക്കുന്നു: (A) കോസ്റ്ററീക്ക, (B) യു.എസ്., (C) ബെനിൻ, (D) തായ്ലൻഡ്, (E) യാപ്, (F) സ്വീഡൻ
4. എല്ലാവരുടെയും അടുക്കൽ എത്താൻ കഠിനശ്രമം ചെയ്യുന്നു
യഹോവയുടെ സാക്ഷികൾ എല്ലായിടത്തുമുള്ള ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ പ്രത്യേകശ്രമം ചെയ്യുന്നു. വീഡിയോ കാണുക. അതിനു ശേഷം ഈ ചോദ്യം ചർച്ച ചെയ്യുക:
സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുവേണ്ടി യഹോവയുടെ സാക്ഷികൾ ചെയ്യുന്ന ശ്രമങ്ങളിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്?
മത്തായി 22:39; റോമർ 10:13-15 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
നമ്മൾ സന്തോഷവാർത്ത അറിയിക്കുന്നത് അയൽക്കാരോടുള്ള സ്നേഹത്തിന്റെ തെളിവാണെന്നു പറയുന്നത് എന്തുകൊണ്ട്?
സന്തോഷവാർത്ത പ്രസംഗിക്കുന്നവരെ കാണുമ്പോൾ യഹോവയ്ക്ക് എന്താണു തോന്നുന്നത്?—15-ാം വാക്യം കാണുക.
5. ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാണ്
യഹോവയാണ് നമ്മുടെ പ്രവർത്തനങ്ങളെ മുന്നോട്ടു നയിക്കുന്നതെന്നു കാണിക്കുന്ന ധാരാളം അനുഭവങ്ങളുണ്ട്. അതിൽ ഒരെണ്ണം നോക്കാം. ന്യൂസിലൻഡിലുള്ള പോൾ എന്ന സഹോദരൻ ഒരു ദിവസം ഉച്ചകഴിഞ്ഞ് വീടുതോറും പ്രസംഗിക്കുകയായിരുന്നു. അപ്പോൾ ഒരു സ്ത്രീയെ കണ്ടുമുട്ടി. ‘ആരെങ്കിലും വന്ന് തന്നോടു ദൈവത്തെക്കുറിച്ച് സംസാരിച്ചിരുന്നെങ്കിൽ’ എന്ന് ആ സ്ത്രീ അന്നു രാവിലെ പ്രാർഥിച്ചതേ ഉണ്ടായിരുന്നുള്ളൂ. യഹോവയുടെ പേര് വിളിച്ചായിരുന്നു പ്രാർഥിച്ചത്. പോൾ പറയുന്നു: “അവർ പ്രാർഥിച്ച് മൂന്നു മണിക്കൂർ ആയപ്പോഴേക്കും ഞാൻ അവിടെ എത്തി.”
1 കൊരിന്ത്യർ 3:9 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ന്യൂസിലൻഡിലെ അനുഭവവും അതുപോലുള്ള മറ്റ് അനുഭവങ്ങളും യഹോവ പ്രസംഗപ്രവർത്തനത്തെ നയിക്കുന്നു എന്ന് എങ്ങനെയാണ് തെളിയിക്കുന്നത്?
പ്രവൃത്തികൾ 1:8 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
പ്രസംഗപ്രവർത്തനം നന്നായി ചെയ്യാൻ യഹോവയുടെ സഹായം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങൾക്ക് അറിയാമോ?
ഓരോ ആഴ്ചയിലെയും ഇടദിവസത്തെ മീറ്റിങ്ങിൽ സന്തോഷവാർത്ത പ്രസംഗിക്കുന്നതിനുള്ള പരിശീലനം നമുക്കു കിട്ടുന്നുണ്ട്. നിങ്ങൾ ഇടദിവസത്തെ മീറ്റിങ്ങിൽ പങ്കെടുത്തിട്ടുണ്ടോ? അവിടെനിന്ന് കിട്ടുന്ന പരിശീലനത്തെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
6. സന്തോഷവാർത്ത പ്രസംഗിക്കാനുള്ള ദൈവകല്പന ഞങ്ങൾ അനുസരിക്കുന്നു
ഒന്നാം നൂറ്റാണ്ടിൽ, യേശുവിന്റെ ശിഷ്യന്മാർ സന്തോഷവാർത്ത അറിയിക്കുന്നതു തടയാൻ എതിരാളികൾ ശ്രമിച്ചു. എന്നാൽ ആ ക്രിസ്ത്യാനികൾ സന്തോഷവാർത്ത പ്രസംഗിക്കാനുള്ള തങ്ങളുടെ അവകാശം “നിയമപരമായി സ്ഥാപിച്ചെടുക്കാൻ” ശ്രമിച്ചു. (ഫിലിപ്പിയർ 1:7) ഇന്ന് യഹോവയുടെ സാക്ഷികളും അങ്ങനെയാണ് ചെയ്യുന്നത്.a
പ്രവൃത്തികൾ 5:27-42 വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
നമ്മൾ സന്തോഷവാർത്ത പ്രസംഗിക്കുന്നതു നിറുത്തുകയില്ലാത്തത് എന്തുകൊണ്ട്?—29, 38, 39 വാക്യങ്ങൾ കാണുക.
ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ: “നിങ്ങൾ എന്തിനാ എല്ലാ വീട്ടിലും കേറിയിറങ്ങുന്നത്?”
നിങ്ങൾ എന്ത് ഉത്തരം പറയും?
ചുരുക്കത്തിൽ
എല്ലാ ജനതകളെയും സന്തോഷവാർത്ത അറിയിക്കാൻ യേശു തന്റെ അനുഗാമികളോടു പറഞ്ഞു. ഈ പ്രവർത്തനം നന്നായി ചെയ്യാൻ യഹോവ തന്റെ ജനത്തെ സഹായിക്കുന്നു.
ഓർക്കുന്നുണ്ടോ?
ലോകമെങ്ങും സന്തോഷവാർത്ത അറിയിക്കുന്നത് എങ്ങനെയാണ്?
നമ്മൾ സന്തോഷവാർത്ത അറിയിക്കുന്നതു മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെ തെളിവാണ് എന്നു പറയുന്നത് എന്തുകൊണ്ട്?
സന്തോഷവാർത്ത പ്രസംഗിക്കുന്നതു സന്തോഷം തരുന്ന ഒരു കാര്യമായിട്ട് നിങ്ങൾക്കു തോന്നുന്നുണ്ടോ? എന്തുകൊണ്ട്?
കൂടുതൽ മനസ്സിലാക്കാൻ
യഹോവയുടെ സാക്ഷികൾ വൻ നഗരങ്ങളിൽ എങ്ങനെയാണ് സന്തോഷവാർത്ത പ്രസംഗിക്കുന്നത് എന്നു കാണുക.
മെട്രോ നഗരങ്ങളിലെ പ്രത്യേക സാക്ഷീകരണവേല—പാരീസ് (5:11)
അഭയാർഥികളോടു സന്തോഷവാർത്ത അറിയിക്കാൻ യഹോവയുടെ സാക്ഷികൾ എന്തു ശ്രമമാണ് ചെയ്തത്?
അനേകവർഷങ്ങളായി സന്തോഷവാർത്ത പ്രസംഗിക്കുന്ന ഒരാളുടെ അനുഭവം നോക്കാം.
ഈ ജീവിതഗതി തിരഞ്ഞെടുത്തതിൽ ഞാൻ സന്തോഷിക്കുന്നു (6:29)
സന്തോഷവാർത്ത പ്രസംഗിക്കുന്നതിന് അനുകൂലമായി വന്ന ചില സുപ്രധാന കോടതിവിധികളെക്കുറിച്ച് മനസ്സിലാക്കാം.
“ദൈവരാജ്യത്തിന്റെ പ്രചാരകർ കോടതിയെ സമീപിക്കുന്നു” (ദൈവരാജ്യം ഭരിക്കുന്നു!, അധ്യായം 13)
a സന്തോഷവാർത്ത പ്രസംഗിക്കാനുള്ള അധികാരം നൽകിയിരിക്കുന്നതു ദൈവമാണ്. അതുകൊണ്ട് യഹോവയുടെ സാക്ഷികൾ പ്രസംഗിക്കാൻ ഭരണാധികാരികളുടെ അനുവാദം തേടുന്നില്ല.