സമാധാനം അത് എങ്ങനെ കണ്ടെത്താം?
ബുദ്ധിമുട്ടു നിറഞ്ഞ ഈ ലോകത്ത് ജീവിക്കുമ്പോൾ സമാധാനമുള്ളവരായിരിക്കാൻ നമ്മൾ കഠിനശ്രമം ചെയ്യണം. നമുക്കു കുറച്ചൊക്കെ സമാധാനമുണ്ടെങ്കിൽത്തന്നെ അതു നിലനിറുത്താൻ നമ്മൾ പാടുപെടേണ്ടിവരുന്നു. എന്നാൽ യഥാർഥത്തിലുള്ള ആന്തരികസമാധാനം നേടാൻ നമുക്ക് എന്തു ചെയ്യാനാകുമെന്നാണു ബൈബിൾ പറയുന്നത്? അത്തരം സമാധാനം നേടുന്നതിനു മറ്റുള്ളവരെ സഹായിക്കാൻ എങ്ങനെ കഴിയും?
യഥാർഥസമാധാനത്തിന് എന്താണ് ആവശ്യം?
യഥാർഥസമാധാനം നേടുന്നതിന്, നമ്മുടെ ഉള്ളിൽ ശാന്തതയും നമ്മൾ സുരക്ഷിതരാണെന്ന തോന്നലും വേണം. അതുപോലെ മറ്റുള്ളവരുമായി നല്ല സുഹൃദ്ബന്ധങ്ങൾ വളർത്തിയെടുക്കണം. അതിലെല്ലാം ഉപരി, യഥാർഥസമാധാനം കണ്ടെത്തുന്നതിനു ദൈവവുമായി അടുത്ത ബന്ധമുണ്ടായിരിക്കണം. അതിന് എങ്ങനെ കഴിയും?
ജീവിതത്തിലെ ഉത്കണ്ഠകൾ പലരുടെയും സമാധാനം കളയുന്നു
യഹോവയുടെ നീതിയുള്ള നിയമങ്ങളും തത്ത്വങ്ങളും അനുസരിക്കുമ്പോൾ നമ്മൾ യഹോവയെ വിശ്വസിക്കുന്നെന്നും യഹോവയുമായി സമാധാനപരമായ ഒരു ബന്ധത്തിനു നമ്മൾ ആഗ്രഹിക്കുന്നെന്നും കാണിക്കുകയാണ്. (യിരെ. 17:7, 8; യാക്കോ. 2:22, 23) അപ്പോൾ യഹോവ നമ്മളോട് അടുത്തുവരും, നമുക്ക് ആന്തരികസമാധാനം തന്ന് അനുഗ്രഹിക്കും. യശയ്യ 32:17 ഇങ്ങനെ പറയുന്നു: “യഥാർഥനീതി സമാധാനം വിളയിക്കും, യഥാർഥനീതിയുടെ ഫലം ദീർഘകാലത്തേക്കു നിലനിൽക്കുന്ന പ്രശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.” മുഴുഹൃദയത്തോടെ യഹോവയെ അനുസരിക്കുമ്പോൾ നമുക്ക് യഥാർഥസമാധാനം കണ്ടെത്താൻ കഴിയും.—യശ. 48:18, 19.
നമ്മുടെ സ്വർഗീയപിതാവ് തരുന്ന സമ്മാനമായ പരിശുദ്ധാത്മാവിലൂടെയും നമുക്ക് യഥാർഥസമാധാനം കണ്ടെത്താനാകും.—പ്രവൃ. 9:31.
സമാധാനമുള്ളവരായിരിക്കാൻ പരിശുദ്ധാത്മാവ് സഹായിക്കുന്നു
‘ദൈവാത്മാവിന്റെ ഫലത്തിൽ’ മൂന്നാമതായി പൗലോസ് അപ്പോസ്തലൻ സമാധാനം എന്ന ഗുണം പട്ടികപ്പെടുത്തിയിരിക്കുന്നു. (ഗലാ. 5:22, 23) യഥാർഥസമാധാനം പരിശുദ്ധാത്മാവിൽനിന്നായതുകൊണ്ട് അതു നേടുന്നതിനു പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിനു നമ്മൾ വഴങ്ങിക്കൊടുക്കണം. സമാധാനം നേടാൻ പരിശുദ്ധാത്മാവ് എങ്ങനെയാണു സഹായിക്കുന്നത്? രണ്ടു വിധങ്ങളിൽ.
ആദ്യമായി, ദൈവവചനം ക്രമമായി വായിച്ചുകൊണ്ട് നമുക്കു സമാധാനം നേടാൻ കഴിയും. (സങ്കീ. 1:2, 3) ദൈവവചനം വായിച്ച് ധ്യാനിക്കുമ്പോൾ ഓരോ കാര്യത്തെക്കുറിച്ചുമുള്ള യഹോവയുടെ വീക്ഷണം മനസ്സിലാക്കാൻ പരിശുദ്ധാത്മാവ് നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, യഹോവയ്ക്ക് എങ്ങനെയാണ് എപ്പോഴും സമാധാനമുള്ളവനായിരിക്കാൻ കഴിയുന്നതെന്നും യഹോവ സമാധാനത്തെ വളരെ പ്രധാനപ്പെട്ടതായി കാണുന്നത് എന്തുകൊണ്ടാണെന്നും നമുക്കു മനസ്സിലാക്കാനാകും. ഇതുപോലുള്ള കാര്യങ്ങൾ മനസ്സിലാക്കി ജീവിതത്തിൽ ബാധകമാക്കുമ്പോൾ നമുക്കു വലിയ സമാധാനം അനുഭവപ്പെടും.—സുഭാ. 3:1, 2.
രണ്ടാമതായി, ദൈവത്തിന്റെ പരിശുദ്ധാത്മാവിനുവേണ്ടി പ്രാർഥിക്കണം. (ലൂക്കോ. 11:13) ദൈവത്തിന്റെ സഹായത്തിനുവേണ്ടി അപേക്ഷിച്ചാൽ, “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം (നമ്മുടെ) ഹൃദയത്തെയും മനസ്സിനെയും ക്രിസ്തുയേശു മുഖാന്തരം കാക്കും” എന്ന് യഹോവ വാഗ്ദാനം ചെയ്തിരിക്കുന്നു. (ഫിലി. 4:6, 7) നമ്മൾ പരിശുദ്ധാത്മാവിനുവേണ്ടി പതിവായി പ്രാർഥിക്കുമ്പോൾ യഹോവ തന്റെ അടുത്ത സുഹൃത്തുക്കൾക്കു മാത്രമായി നീക്കിവെച്ചിരിക്കുന്ന ആ ആന്തരികസമാധാനം യഹോവ നമ്മളിൽ നിറയ്ക്കും.—റോമ. 15:13.
ദൈവവചനത്തിലെ നിർദേശങ്ങൾ ബാധകമാക്കി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതുകൊണ്ട് യഥാർഥസമാധാനം ആസ്വദിക്കുന്ന അനേകരുണ്ട്. അവർക്ക് എങ്ങനെയാണ് യഹോവയുമായും മറ്റുള്ളവരുമായും സമാധാനത്തിലായിരിക്കാൻ കഴിഞ്ഞത്, അവർക്ക് എങ്ങനെയാണ് ആന്തരികസമാധാനം കിട്ടിയത്?
അവർക്ക് എങ്ങനെയാണ് യഥാർഥസമാധാനം ലഭിച്ചത്?
ക്രിസ്തീയസഭയിലുള്ള ചിലർ മുമ്പ് ‘മുൻകോപികളായിരുന്നു,’ എന്നാൽ ഇപ്പോൾ അവർ ചിന്തിച്ച് സംസാരിക്കുന്നവരും ദയയുള്ളവരും ക്ഷമയുള്ളവരും മറ്റുള്ളവരോടു സമാധാനത്തോടെ ഇടപെടുന്നവരും ആണ്.a (സുഭാ. 29:22) നമുക്ക് ഇപ്പോൾ രണ്ടു സഹോദരങ്ങളുടെ അനുഭവം നോക്കാം. അവർ എങ്ങനെയാണു കോപപ്രകൃതത്തെ മറികടന്ന് മറ്റുള്ളവരുമായി സമാധാനത്തിലായത്?
ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതും ദൈവാത്മാവിനുവേണ്ടി പ്രാർഥിക്കുന്നതും സമാധാനം നേടാൻ നമ്മളെ സഹായിക്കും
ഡേവിഡിന്റെ മോശമായ മനോഭാവം അദ്ദേഹത്തിന്റെ സംസാരത്തെയും ബാധിച്ചിരുന്നു. ദൈവത്തിനു ജീവിതം സമർപ്പിക്കുന്നതിനു മുമ്പ് മറ്റുള്ളവരെ വിമർശിച്ചിരുന്ന ഒരാളായിരുന്നു ഡേവിഡ്. വീട്ടിലുള്ളവരോടു പരുഷമായ വാക്കുകൾ ഉപയോഗിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത്. എന്നാൽ ഈ രീതി മാറ്റണമെന്നും മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കണമെന്നും ഡേവിഡ് മനസ്സിലാക്കി. എങ്ങനെയാണു ഡേവിഡിനു സമാധാനം കണ്ടെത്താൻ കഴിഞ്ഞത്? ഡേവിഡ് പറയുന്നു: “ബൈബിളിലെ തത്ത്വങ്ങൾ ഞാൻ എന്റെ ജീവിതത്തിൽ ബാധകമാക്കി, അങ്ങനെ കുടുംബാംഗങ്ങളും ഞാനും പരസ്പരം ആദരവോടെ ഇടപെടാൻ തുടങ്ങി.”
റെയ്ച്ചൽ വളർന്നുവന്ന സാഹചര്യം അവളെ മോശമായി ബാധിച്ചു. അവൾ പറയുന്നു: “ഇപ്പോൾപ്പോലും കോപമടക്കാൻ ഞാൻ പാടുപെടുന്നു, കാരണം അങ്ങനെയൊരു ചുറ്റുപാടിലാണു ഞാൻ വളർന്നുവന്നത്. എന്റെ വീട്ടിലെ എല്ലാവരും ദേഷ്യപ്പെടുന്ന പ്രകൃതക്കാരാണ്.” സമാധാനത്തോടെ മറ്റുള്ളവരോട് ഇടപെടാൻ അവളെ എന്താണു സഹായിച്ചത്? റെയ്ച്ചൽ പറയുന്നു: “മുട്ടിപ്പായി പ്രാർഥിച്ചുകൊണ്ട് ഞാൻ യഹോവയിൽ ആശ്രയിച്ചു.”
തിരുവെഴുത്തുകളിലെ തത്ത്വങ്ങൾ ബാധകമാക്കുകയും പരിശുദ്ധാത്മാവിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ നമുക്കു സമാധാനം ലഭിക്കുമെന്നതിന്റെ രണ്ട് ഉദാഹരണങ്ങൾ മാത്രമാണു ഡേവിഡും റെയ്ച്ചലും. വിദ്വേഷവും പകയും നിറഞ്ഞ ഈ ലോകത്തിൽ ജീവിക്കുമ്പോഴും നമുക്ക് ആന്തരികസമാധാനം വളർത്തിയെടുക്കാൻ കഴിയുകതന്നെ ചെയ്യും. ആ സമാധാനം കുടുംബാംഗങ്ങളുമായും സഹക്രിസ്ത്യാനികളുമായും നല്ല ബന്ധത്തിലായിരിക്കാൻ സഹായിക്കും. എന്നാൽ “എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ” യഹോവ നമ്മളോടു പറയുന്നു. (റോമ. 12:18) ഇതു സാധ്യമാണോ, അതിനുവേണ്ടി ശ്രമിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടോ?
മറ്റുള്ളവരുമായി സമാധാനത്തിലായിരിക്കുക
വയൽസേവനത്തിൽ ഏർപ്പെടുമ്പോൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സമാധാനസന്ദേശത്തിൽനിന്ന് പ്രയോജനം നേടാൻ നമ്മൾ ആളുകളെ ക്ഷണിക്കുകയാണ്. (യശ. 9:6, 7; മത്താ. 24:14) അനേകം ആളുകൾ അതിനു ചെവികൊടുത്തിരിക്കുന്നു. ഇതു നമ്മളെ സന്തോഷിപ്പിക്കുന്നില്ലേ? ചുറ്റും നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ അവർ ഇപ്പോൾ നിരാശിതരാകുകയോ കോപിക്കുകയോ ചെയ്യുന്നില്ല. പകരം, അവർക്കു ഭാവിയെക്കുറിച്ച് ഒരു യഥാർഥപ്രത്യാശയുണ്ട്. ‘സമാധാനം അന്വേഷിച്ച് അതിനെ വിടാതെ പിന്തുടരാൻ’ അവർ പ്രേരിതരാകുന്നു.—സങ്കീ. 34:14.
എന്നാൽ ആദ്യം എല്ലാവരും നമ്മുടെ സന്ദേശം ശ്രദ്ധിക്കണമെന്നില്ല. (യോഹ. 3:19) എങ്കിലും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമ്മൾ സമാധാനത്തോടെയും ആദരവോടെയും അവരുമായി സന്തോഷവാർത്ത പങ്കുവെക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ ശുശ്രൂഷയോടു ബന്ധപ്പെട്ട് യേശു നമുക്കു തന്ന, മത്തായി 10:11-13-ലെ ഈ നിർദേശം നമ്മൾ അനുസരിക്കുകയാണ്: “നിങ്ങൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടുകാരെ അഭിവാദനം ചെയ്യണം. ആ വീടിന് അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിന്മേൽ വരട്ടെ. അതിന് അർഹതയില്ലെങ്കിലോ, ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.” യേശുവിന്റെ ഈ ഉപദേശം അനുസരിക്കുമ്പോൾ സമാധാനത്തോടെ അവിടെനിന്ന് പോരാനും അടുത്ത പ്രാവശ്യം ചെല്ലുമ്പോൾ അദ്ദേഹം ശ്രദ്ധിക്കുമെന്നു പ്രതീക്ഷിക്കാനും കഴിയും.
ഗവൺമെന്റ് അധികാരികളോട് ആദരവോടെ ഇടപെട്ടുകൊണ്ടും നമുക്കു സമാധാനം കാത്തുസൂക്ഷിക്കാം. നമ്മുടെ പ്രവർത്തനത്തെ എതിർക്കുന്നവരോടും ആദരവോടെ ഇടപെടാം. ഉദാഹരണത്തിന്, ആഫ്രിക്കയിലെ ഒരു രാജ്യത്തിന്റെ ഭരണകൂടത്തിന് യഹോവയുടെ സാക്ഷികളെപ്പറ്റി മുൻവിധിയുണ്ടായിരുന്നു, അതുകൊണ്ട് സാക്ഷികൾക്കു രാജ്യഹാളുകൾ നിർമിക്കുന്നതിനുള്ള അനുമതി കൊടുത്തില്ല. ഈ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ മുമ്പ് ആ ആഫ്രിക്കൻരാജ്യത്ത് സേവിച്ച ഒരു മിഷനറിയെ നിയമിച്ചു. ആ മിഷനറി ഇക്കാര്യത്തിനുവേണ്ടി ആ ആഫ്രിക്കൻരാജ്യത്തിന്റെ ലണ്ടനിലെ ഹൈക്കമ്മീഷണറെ സന്ദർശിച്ച് യഹോവയുടെ സാക്ഷികളുടെ സമാധാനപരമായ പ്രവർത്തനത്തെക്കുറിച്ച് അദ്ദേഹത്തോടു സംസാരിക്കണമായിരുന്നു. ആ സന്ദർശനം എന്തിനു വഴിത്തിരിവായി?
സഹോദരൻ പറയുന്നു: “ഞാൻ റിസപ്ഷനിൽ ചെന്നപ്പോൾ അവിടെ ഇരുന്ന സ്ത്രീയുടെ വസ്ത്രധാരണരീതിയിൽനിന്ന് അവർ ഏതു ഗോത്രത്തിൽപ്പെട്ട ആളാണെന്നു മനസ്സിലായി. അവരുടെ ഭാഷ ഞാൻ പഠിച്ചിട്ടുണ്ടായിരുന്നു. ആ ഭാഷയിൽ ഞാൻ ആ സ്ത്രീയെ അഭിവാദനം ചെയ്തു. അതിശയിച്ചുപോയ അവർ എന്നോടു ചോദിച്ചു: ‘നിങ്ങൾ വന്നത് എന്തിനാണ്?’ ഹൈക്കമ്മീഷണറെ കാണണമെന്നു ഞാൻ അവരോട് ആദരവോടെ പറഞ്ഞു. അവർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. അദ്ദേഹം വന്ന് അവരുടെ ഭാഷയിൽ എന്നെ അഭിവാദനം ചെയ്തു. അതിനു ശേഷം യഹോവയുടെ സാക്ഷികളുടെ സമാധാനപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞത് അദ്ദേഹം ശ്രദ്ധയോടെ കേട്ടു.”
സഹോദരൻ ആദരവോടെ കാര്യങ്ങൾ വിശദീകരിച്ചു. അങ്ങനെ നമ്മുടെ പ്രവർത്തനത്തെക്കുറിച്ച് ഹൈക്കമ്മീഷണർക്കുണ്ടായിരുന്ന തെറ്റിദ്ധാരണകളും മുൻവിധികളും എല്ലാം കുറെയധികം മാറി. കുറച്ച് നാൾ കഴിഞ്ഞ്, ആ ആഫ്രിക്കൻരാജ്യത്തെ ഗവൺമെന്റ് രാജ്യഹാളുകൾ പണിയുന്നതിനുള്ള നിയന്ത്രണങ്ങളെല്ലാം മാറ്റി. സമാധാനത്തോടെ പ്രശ്നങ്ങളെല്ലാം മാറിയതു കണ്ടപ്പോൾ സഹോദരങ്ങൾ എത്രയധികം സന്തോഷിച്ചെന്നോ! അതെ, മറ്റുള്ളവരോട് ആദരവോടെ ഇടപെടുന്നതുകൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്, അതിലൊന്നാണു സമാധാനം.
എന്നെന്നും സമാധാനം
സമാധാനം നിറഞ്ഞ ഒരു ആത്മീയപറുദീസയിലാണ് ഇന്ന് യഹോവയുടെ ജനം. ദൈവാത്മാവിന്റെ ഈ ഗുണം വളർത്തിയെടുക്കാൻ ശ്രമിക്കുമ്പോൾ ദൈവജനത്തിന് ഇടയിലെ സമാധാനം നിലനിറുത്തുന്നതിനു നമ്മുടെ പങ്കു നമ്മൾ ചെയ്യുകയാണ്. ഏറ്റവും പ്രധാനമായി യഹോവയുടെ അംഗീകാരം നമുക്കുണ്ടായിരിക്കും. അതുപോലെ ദൈവത്തിന്റെ പുതിയ ലോകത്തിൽ അളവറ്റ സമാധാനം എന്നെന്നേക്കും നമ്മൾ ആസ്വദിക്കുകയും ചെയ്യും. —2 പത്രോ. 3:13, 14.
a ദൈവാത്മാവിന്റെ ഗുണമായ ദയയെക്കുറിച്ച് ഈ പരമ്പരയിലെ മറ്റൊരു ലേഖനത്തിൽ ചിന്തിക്കും.