മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾക്കു ‘മനസ്സുണ്ടോ’?
1 യേശുവിന് ആളുകളിൽ യഥാർഥ താത്പര്യം ഉണ്ടായിരുന്നു. ഒരിക്കൽ ഒരു കുഷ്ഠരോഗി സഹായം അഭ്യർഥിച്ചപ്പോൾ യേശു കൈനീട്ടി അയാളെ തൊട്ടു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: ‘എനിക്കു മനസ്സുണ്ട്, ശുദ്ധമാക.’ (മർക്കൊ. 1:40-42) മറ്റുള്ളവരെ സഹായിക്കുന്നതു സംബന്ധിച്ച യേശുവിന്റെ മനോഭാവത്തെ നമുക്ക് ഏതു വിധങ്ങളിൽ അനുകരിക്കാൻ കഴിയും?
2 താത്പര്യക്കാർ: യഹോവയുടെ ആരാധകരായിത്തീരാൻ താത്പര്യക്കാരെ സഹായിക്കുന്നതിൽ സഭയിലെ ഓരോ അംഗത്തിനും ഒരു പങ്കുണ്ട്. പുതിയവർ യോഗങ്ങൾക്കു വരുമ്പോൾ അവരെ അഭിവാദനം ചെയ്യുകയും പരിചയപ്പെടുകയും ചെയ്യുക. അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരങ്ങൾ തേടുക. അവർ യോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുമ്പോൾ അവരെ പ്രശംസിക്കുക. ജീവിതത്തിൽ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കാൻ ചെയ്യുന്ന ശ്രമങ്ങൾക്ക് അവരെ അഭിനന്ദിക്കുക. സഭയ്ക്കുള്ളിൽ യഥാർഥ സുഹൃത്തുക്കളെ സമ്പാദിക്കാനാകും എന്നതു തിരിച്ചറിയാൻ അവരെ സഹായിക്കുക.
3 സഹവിശ്വാസികൾ: പലതരത്തിലുള്ള സഹായത്തിനു വിശേഷാൽ അർഹരാണ് നമ്മുടെ “സഹവിശ്വാസികൾ.” (ഗലാ. 6:10) ആരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുന്നവരാണ് പലരും. പ്രോത്സാഹജനകമായ ഒരു സന്ദർശനത്തിലൂടെ, അവർക്കാവശ്യമായ സഹവാസം ലഭ്യമാക്കാൻ നിങ്ങൾക്കാകും. മാത്രമല്ല, പ്രായോഗികമായ മറ്റു വിധങ്ങളിലും നിങ്ങൾക്ക് അവരെ സഹായിക്കാൻ കഴിഞ്ഞേക്കാം. ചിലർ മറ്റു തരത്തിലുള്ള ബുദ്ധിമുട്ടുകളായിരിക്കാം നേരിടുന്നത്. അവർ പറയുന്നതു ശ്രദ്ധിക്കാനും അവരെ കെട്ടുപണി ചെയ്യാനും സമയം കണ്ടെത്തിക്കൊണ്ട് അവരോടുള്ള താത്പര്യം പ്രകടമാക്കുക. (1 തെസ്സ. 5:14) തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കവേ മൂപ്പന്മാർക്കും നമ്മുടെ സഹകരണം ആവശ്യമാണ്. (എബ്രാ. 13:17) സന്നദ്ധതയും സഹായ മനസ്കതയും പ്രകടിപ്പിക്കുന്നതിലൂടെ, നമ്മുടെ സഹവിശ്വാസികൾക്ക് “ശക്തിപ്പെടുത്തുന്ന സഹായം” ആയിത്തീരാൻ നമുക്കു കഴിയും.—കൊലൊ. 4:11, NW.
4 കുടുംബാംഗങ്ങൾ: ആളുകളോട് യേശു കാണിച്ചതുപോലുള്ള താത്പര്യം നമ്മുടെ കുടുംബാംഗങ്ങളോടു കാണിക്കാനും നാം ശ്രമിക്കണം. മക്കളെ ‘യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും വളർത്തിക്കൊണ്ടുവരാൻ,’ അവരിലുള്ള ആഴമായ താത്പര്യം മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു. (എഫെ. 6:4, NW) കുടുംബാധ്യയനം, സഭായോഗങ്ങൾ, വയൽസേവനം എന്നിവയ്ക്കു സമയത്തുതന്നെ ഒരുങ്ങിക്കൊണ്ട് കുട്ടികൾക്കു തങ്ങളുടെ പങ്ക് നിർവഹിക്കാവുന്നതാണ്. മുതിർന്ന മക്കൾക്കു മാതാപിതാക്കളുടെ വാർധക്യസഹജമായ ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ സ്നേഹപൂർവം സഹായിച്ചുകൊണ്ട് യേശുവിന്റെ അനുകമ്പയെ പ്രതിഫലിപ്പിക്കാൻ സാധിക്കും. ഇതുപോലെയും മറ്റു വിധങ്ങളിലും, നമുക്കേവർക്കും ‘സ്വന്തകുടുംബത്തിൽ ഭക്തി കാണിക്കാൻ’ കഴിയും.—1 തിമൊ. 5:4.
5 മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ നാം യേശുവിനെ അനുകരിക്കുമ്പോൾ, അവരുടെ പ്രശ്നങ്ങൾ ലഘൂകരിക്കാനും നമ്മുടെ കുടുംബത്തിലെയും സഭയിലെയും അംഗങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കാനും നമുക്കു കഴിഞ്ഞേക്കാം. എല്ലാറ്റിനുമുപരി, ‘മനസ്സലിവുള്ള പിതാവായ’ യഹോവയ്ക്കു നാം ബഹുമതി കരേറ്റുകയും ചെയ്യുന്നു.—2 കൊരി. 1:3.