-
“എന്നെ അനുഗമിക്കുക”—ആ വാക്കുകളുടെ അർഥമെന്ത്?“വന്ന് എന്നെ അനുഗമിക്കുക”
-
-
അധ്യായം 1
“എന്നെ അനുഗമിക്കുക”—ആ വാക്കുകളുടെ അർഥമെന്ത്?
“നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?”
1, 2. (എ) മനുഷ്യരായ നമുക്ക് ലഭിക്കാവുന്നതിൽ ഏറ്റവും നല്ല ക്ഷണം ഏതാണ്? (ബി) ഏതു ചോദ്യം നാം സ്വയം ചോദിക്കണം?
നിങ്ങൾക്ക് ലഭിച്ചിട്ടുള്ള ഏറ്റവും അവിസ്മരണീയമായ ക്ഷണം ഏതാണ്? പ്രിയപ്പെട്ട ആരുടെയെങ്കിലും വിവാഹത്തിൽ പങ്കെടുക്കാൻ ലഭിച്ച ക്ഷണമായിരുന്നോ? അതുമല്ലെങ്കിൽ, പ്രധാനപ്പെട്ട ഒരു ചുമതല ഏറ്റെടുക്കാനുള്ള ക്ഷണമായിരുന്നോ? എന്തായാലും, അതു നിങ്ങളെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ടാകണം. നിങ്ങൾക്ക് വളരെ അഭിമാനവും തോന്നിയിരിക്കണം. പക്ഷേ അതിലുമൊക്കെ ശ്രേഷ്ഠമായ ഒരു ക്ഷണം നമുക്കോരോരുത്തർക്കും ലഭിച്ചിട്ടുണ്ട് എന്നതാണു വാസ്തവം. അത് നാം സ്വീകരിക്കുമോ ഇല്ലയോ എന്നുള്ളത് നമ്മുടെ ജീവിതത്തിന്റെ ഗതിതന്നെ മാറ്റിമറിച്ചേക്കാം. അതെ, ജീവിതത്തിലെ നിർണായകമായ ഒരു തീരുമാനമായിരിക്കും അത്.
2 എന്താണ് ആ ക്ഷണം? സർവശക്തനായ യഹോവയാം ദൈവത്തിന്റെ ഏകജാത പുത്രനായ യേശുക്രിസ്തു നൽകുന്ന ക്ഷണമാണ് അത്. മർക്കോസ് 10:21-ലാണ് നാം അതു കാണുന്നത്. “വന്ന് എന്നെ അനുഗമിക്കുക” എന്ന് യേശു അവിടെ പറയുന്നു. ഫലത്തിൽ ആ ക്ഷണം നമുക്ക് ഓരോരുത്തർക്കുമുള്ളതാണ്. ‘ആ ക്ഷണം ഞാൻ സ്വീകരിക്കുമോ?’ എന്ന് നാം സ്വയം ചോദിക്കുന്നത് നന്നായിരിക്കും. ‘ഇത്രയും മഹത്തായ ഒരു ക്ഷണം ആരു നിരസിക്കാനാണ്’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ മിക്ക ആളുകളും അതു നിരസിക്കുന്നു എന്നതാണ് സങ്കടകരമായ വസ്തുത. എന്തുകൊണ്ട്?
3, 4. (എ) നിത്യജീവൻ നേടാൻ എന്തു ചെയ്യണം എന്ന് യേശുവിനോടു ചോദിച്ച യുവാവിന് എന്തെല്ലാം ഉണ്ടായിരുന്നു? (ബി) ആ ജനപ്രമാണിയുടെ ഏതെല്ലാം നല്ല ഗുണങ്ങൾ യേശു ശ്രദ്ധിച്ചിരിക്കാം?
3 ഏതാണ്ട് 2,000 വർഷംമുമ്പ് യേശുവിൽനിന്ന് നേരിട്ട് ആ ക്ഷണം ലഭിച്ച ഒരു വ്യക്തിയെക്കുറിച്ച് നമുക്കിപ്പോൾ ചിന്തിക്കാം. വളരെ ആദരണീയനായ ഒരു വ്യക്തിയായിരുന്നു അയാൾ. മറ്റുള്ളവർ അസൂയയോടെ നോക്കിക്കണ്ടിരിക്കാൻ സാധ്യതയുള്ള ചിലതെല്ലാം അയാൾക്കുണ്ടായിരുന്നു: യൗവനം, സമ്പത്ത്, സ്ഥാനമാനങ്ങൾ എന്നിവ. “യുവാവ്,” “പ്രമാണി,” ‘അതിസമ്പന്നൻ’ എന്നൊക്കെ ബൈബിൾ അയാളെ വിശേഷിപ്പിച്ചിരിക്കുന്നു. (മത്തായി 19:20; ലൂക്കോസ് 18:18, 23) എന്നാൽ ഇതൊന്നുമല്ല അയാളെ വ്യത്യസ്തനാക്കിയത്. മഹാഗുരുവായ യേശുവിനെക്കുറിച്ച് അയാൾ കേട്ടിട്ടുണ്ടായിരുന്നു. യേശുവിന്റെ ഉപദേശങ്ങൾ അയാൾക്ക് വളരെ ഇഷ്ടവുമായിരുന്നു.
4 അക്കാലത്തെ മിക്ക പ്രമാണിമാരും യേശുവിന് അവൻ അർഹിച്ച ആദരവ് നൽകിയിരുന്നില്ല. (യോഹന്നാൻ 7:48; 12:42) പക്ഷേ അവരിൽനിന്നെല്ലാം വ്യത്യസ്തനായിരുന്നു ഈ ജനപ്രമാണി. ബൈബിൾ നമ്മോട് ഇപ്രകാരം പറയുന്നു: “(യേശു) പോകുമ്പോൾ ഒരു മനുഷ്യൻ ഓടിവന്ന് അവന്റെ മുമ്പിൽ മുട്ടുകുത്തി അവനോട്, ‘നല്ല ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തു ചെയ്യണം?’ എന്നു ചോദിച്ചു.” (മർക്കോസ് 10:17) യേശുവിനോടു സംസാരിക്കാൻ അയാൾക്ക് എത്ര ആകാംക്ഷയുണ്ടായിരുന്നു എന്ന് നോക്കുക. ജനമധ്യത്തിൽ നിൽക്കുകയായിരുന്ന യേശുവിന്റെ അടുക്കലേക്ക് അയാൾ, ഏഴയും ദരിദ്രനുമായ ഒരുവനെപ്പോലെ സർവതും മറന്ന് ഓടിച്ചെന്നു. അതുമാത്രമല്ല, ആദരവോടെ അയാൾ യേശുവിന്റെ മുന്നിൽ മുട്ടുകുത്തുകയും ചെയ്തു. ഇതെല്ലാം കാണിക്കുന്നത് അയാൾക്ക് ഒരളവോളം താഴ്മയുണ്ടായിരുന്നു എന്നാണ്. തന്റെ ആത്മീയാവശ്യത്തെക്കുറിച്ച് അയാൾ ബോധവാനുമായിരുന്നു. ഈ നല്ല ഗുണങ്ങളെ യേശു മതിപ്പോടെയാണ് നോക്കിക്കണ്ടത്. (മത്തായി 5:3; 18:4) യേശുവിന് ‘അവനോടു സ്നേഹം തോന്നി’ എന്ന് പറഞ്ഞിരിക്കുന്നത് അതുകൊണ്ടായിരിക്കാം. (മർക്കോസ് 10:21) ആ യുവപ്രമാണിയുടെ ജീവത്പ്രധാനമായ ചോദ്യത്തിന് യേശു എന്ത് ഉത്തരമാണ് നൽകിയത്?
അതുല്യമായ ഒരു ക്ഷണം
5. (എ) ധനികനായ യുവാവിന് യേശു നൽകിയ മറുപടി എന്തായിരുന്നു? (ബി) അവൻ ധനികനായിരുന്നു എന്നതാണോ അവനുണ്ടായിരുന്ന “കുറവ്?” (അടിക്കുറിപ്പും കാണുക.)
5 നിത്യജീവൻ പ്രാപിക്കാൻ ഒരു വ്യക്തി എന്തെല്ലാം ചെയ്യണമെന്ന് നേരത്തേതന്നെ തന്റെ പിതാവ് പറഞ്ഞിട്ടുണ്ടെന്ന് യേശു വ്യക്തമാക്കി. അവൻ തിരുവെഴുത്തുകളിലേക്ക് അയാളുടെ ശ്രദ്ധ ക്ഷണിച്ചപ്പോൾ മോശൈക ന്യായപ്രമാണം താൻ അണുവിട തെറ്റാതെ അനുസരിക്കുന്നുണ്ട് എന്ന് ആ യുവപ്രമാണി അറിയിച്ചു. പക്ഷേ അസാധാരണമായ ഉൾക്കാഴ്ചയുണ്ടായിരുന്നതിനാൽ യേശുവിന് ആ വ്യക്തിയുടെ അടിസ്ഥാന പ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. (യോഹന്നാൻ 2:25) ഗുരുതരമായ ഒരു പ്രശ്നം ഈ വ്യക്തിക്കുണ്ടായിരുന്നു. അതുകൊണ്ട് യേശു അവനോട്, “ഒരു കുറവ് നിനക്കുണ്ട്” എന്ന് പറഞ്ഞു. എന്തായിരുന്നു ആ കുറവ്? യേശു വ്യക്തമാക്കി: “പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക.” (മർക്കോസ് 10:21) ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ കൈയിൽ ഒരു ചില്ലിക്കാശുപോലും ഉണ്ടാകരുതെന്നാണോ യേശു അർഥമാക്കിയത്? തീർച്ചയായുമല്ല.a വളരെ പ്രധാനപ്പെട്ട ഒരു കാര്യം വെളിപ്പെടുത്തുകയായിരുന്നു യേശു ഇവിടെ.
6. (എ) യുവപ്രമാണിക്ക് യേശു എന്തു ക്ഷണം നൽകി? (ബി) അയാളുടെ പ്രതികരണം എന്തു വെളിപ്പെടുത്തി?
6 ആ മനുഷ്യന്റെ കുറവ് എന്താണെന്നു മനസ്സിലാക്കിക്കൊടുക്കാൻ യേശു എന്തു ചെയ്തു? യേശു അയാൾക്ക് മഹത്തായ ഒരു ക്ഷണം നൽകി: “വന്ന് എന്നെ അനുഗമിക്കുക.” ഒന്നോർത്തു നോക്കൂ: സർവോന്നതനായ ദൈവത്തിന്റെ പുത്രൻ, തന്നെ അനുഗമിക്കാൻ ഒരാളെ നേരിട്ട് ക്ഷണിക്കുകയാണ്! തുടർന്ന്, അയാൾക്ക് സങ്കൽപ്പിക്കാവുന്നതിനും അപ്പുറമുള്ള ഒരു വാഗ്ദാനം യേശു നൽകുന്നു: “സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും.” മഹത്തായ ഈ ക്ഷണം ആ യുവഭരണാധികാരി ഇരുകൈയും നീട്ടി സ്വീകരിച്ചോ? “അവൻ വളരെ സമ്പത്തുള്ളവനായിരുന്നതിനാൽ ഇതുകേട്ട് ദുഃഖിതനായി; അവൻ സങ്കടത്തോടെ അവിടെനിന്നു പോയി” എന്ന് വിവരണം തുടർന്നുപറയുന്നു. (മർക്കോസ് 10:21, 22) അങ്ങനെ യേശു അവിചാരിതമായി നൽകിയ ആ ക്ഷണം അയാളുടെ ഉള്ളിന്റെയുള്ളിൽ ഒളിഞ്ഞുകിടന്നിരുന്ന പ്രശ്നം വെളിവാക്കി. സമ്പത്തും അതുമൂലം കൈവന്ന സ്ഥാനമാനങ്ങളും ഉപേക്ഷിക്കാൻ അയാൾ തയ്യാറല്ലായിരുന്നു. ക്രിസ്തുവിനെക്കാളധികമായി അയാൾ അവയെ സ്നേഹിച്ചു. യേശുവിനെയും യഹോവയെയും അയാൾ പൂർണഹൃദയത്തോടെ സ്നേഹിച്ചിരുന്നില്ല; അവർക്കുവേണ്ടി എന്തും ത്യജിക്കാൻതക്ക സ്നേഹം അയാൾക്ക് അവരോടില്ലായിരുന്നു. അതായിരുന്നു അയാളിലുണ്ടായിരുന്ന കുറവ്. അതുല്യമായ ആ ക്ഷണം അയാൾ നിരസിച്ചതും അതുകൊണ്ടുതന്നെ. ആകട്ടെ, ഈ ക്ഷണത്തിൽ നമുക്ക് താത്പര്യമുണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണ്?
7. യേശുവിന്റെ ക്ഷണം നമുക്കുംകൂടെ ഉള്ളതാണെന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
7 ആ യുവപ്രമാണിക്ക് അല്ലെങ്കിൽ ഏതാനും പേർക്ക് മാത്രമുള്ളതായിരുന്നില്ല ആ ക്ഷണം. “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ . . . തന്റെ ദണ്ഡനസ്തംഭമെടുത്ത് സദാ എന്നെ പിന്തുടരട്ടെ” എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 9:23) അതെ, “ആഗ്രഹിക്കുന്ന” ഏതൊരാൾക്കും ക്രിസ്തുവിന്റെ അനുഗാമിയാകാൻ കഴിയുമായിരുന്നു. സന്മനസ്സുള്ള അത്തരം ആളുകളെ ദൈവം തന്റെ പുത്രനിലേക്ക് ആകർഷിക്കുന്നു. (യോഹന്നാൻ 6:44) ദേശ-വർഗഭേദമെന്യേ, സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, എല്ലാവർക്കുമായിട്ടാണ് യേശു ആ ക്ഷണം നൽകിയത്. ഏതു കാലഘട്ടത്തിൽ ജീവിക്കുന്നവർക്കും ഈ ക്ഷണം സ്വീകരിക്കാവുന്നതാണ്. അതുകൊണ്ട്, “വന്ന് എന്നെ അനുഗമിക്കുക” എന്ന യേശുവിന്റെ വാക്കുകൾ നിങ്ങളോടുംകൂടെയുള്ളതാണ്. നിങ്ങൾ എന്തുകൊണ്ടാണ് യേശുവിനെ അനുഗമിക്കേണ്ടത്? അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
-
-
“എന്നെ അനുഗമിക്കുക”—ആ വാക്കുകളുടെ അർഥമെന്ത്?“വന്ന് എന്നെ അനുഗമിക്കുക”
-
-
a തന്നെ അനുഗമിച്ച എല്ലാവരോടും അവരുടെ സകല വസ്തുവകകളും ഉപേക്ഷിച്ചുകളയാൻ യേശു ആവശ്യപ്പെട്ടില്ല. ധനവാന് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടാണെന്ന് അവൻ പറഞ്ഞെങ്കിലും, “ദൈവത്തിനു സകലവും സാധ്യം” എന്നുകൂടെ അവൻ കൂട്ടിച്ചേർത്തു. (മർക്കോസ് 10:23, 27) വാസ്തവത്തിൽ യേശുവിന്റെ അനുഗാമികളിൽ ചിലർ സമ്പന്നരായിരുന്നു. ധനത്തോടു ബന്ധപ്പെട്ട് അവർക്ക് ക്രിസ്തീയ സഭയിൽനിന്ന് വ്യക്തമായ ബുദ്ധിയുപദേശം ലഭിച്ചിരുന്നെങ്കിലും അവരുടെ സമ്പത്തെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കാൻ ആരും അവരോട് ആവശ്യപ്പെട്ടില്ല.—1 തിമൊഥെയൊസ് 6:17.
-