ഇത് അസാദ്ധ്യമാണ്!
“ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം.” (മത്തായി 19:24) ശിഷ്യൻമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി യേശുക്രിസ്തു ഇതു പറഞ്ഞു. ധനികനായ ഒരു യുവഭരണാധികാരി യേശുവിന്റെ അനുഗാമിയായിത്തീരുന്നതിനും അത്ഭുതകരങ്ങളായ അനേകം ആത്മീയ അവസരങ്ങൾ പങ്കിടുന്നതിനുമുള്ള ക്ഷണം നിരസിച്ചതേയുണ്ടായിരുന്നുള്ളു. മിശിഹയെ അനുഗമിക്കുന്നതിനുപകരം അയാൾ തന്റെ ധാരാളമായ സ്വത്തുക്കൾ മുറുകെപിടിക്കാൻ ഇഷ്ടപ്പെട്ടു.
രാജ്യക്രമീകരണത്തിൽ നിത്യജീവൻ നേടുകയെന്നത് ധനികനായ ഒരു വ്യക്തിക്കു പൂർണ്ണമായും അസാദ്ധ്യമാണെന്നു യേശു പറയുകയായിരുന്നില്ല, കാരണം ധനികരായ ചിലവ്യക്തികൾ അവന്റെ അനുഗാമികളായിത്തീർന്നു. (മത്തായി 27:57; ലൂക്കൊസ് 19:2, 9) എന്നിരുന്നാലും, ആത്മീയകാര്യങ്ങളെക്കാൾ തന്റെ സ്വത്തുക്കളോടു കൂടുതൽ സ്നേഹമുള്ള ധനികനായ ഏതു വ്യക്തിക്കും ഇത് അസാദ്ധ്യമാണ്. ആത്മീയ ആവശ്യം സംബന്ധിച്ചു ബോധമുള്ളവരായിത്തീരുന്നതിനാലും ദിവ്യസഹായം തേടുന്നതിനാലും മാത്രമേ അത്തരമൊരു വ്യക്തിക്കു ദൈവദത്ത രക്ഷ പ്രാപിക്കാൻ കഴിയൂ.—മത്തായി 5:3; 19:16-26.
ഒട്ടകത്തിന്റെയും സൂചിക്കുഴയുടെയും ദൃഷ്ടാന്തം അക്ഷരീയമായി എടുക്കാനുള്ളതല്ല. ഒരു സമ്പന്നമായ, ഭൗതിക ജീവിതരീതി പുലർത്തുമ്പോൾതന്നെ ദൈവത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്ന ധനികരായ ആളുകൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടിനെ ഊന്നിപ്പറയുന്നതിനു യേശു അത്യുക്തി ഉപയോഗിക്കുകയായിരുന്നു.—1 തിമൊഥെയൊസ് 6:17-19.
ഒരു ഒട്ടകത്തിന് അതിന്റെ ചുമട് ഇറക്കിക്കഴിഞ്ഞാൽ ഞെരുങ്ങികടന്നുപോകാൻ കഴിയുന്ന, നഗരമതിലിലെ ഒരു ചെറിയ വാതിൽ ആയിരുന്നു സൂചിക്കുഴയെന്നു ചിലർ പറയുന്നു. എന്നാൽ മത്തായി 19:24-ലും മർക്കൊസ് 10:25-ലും “സൂചി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന റാഫെസ് എന്ന ഗ്രീക്കു പദം “തുന്നുക” എന്ന അർത്ഥമുള്ള ഒരു ക്രിയയിൽനിന്നു വന്നതാണ്. ലൂക്കൊസ് 18:25-ലെ ബെലൊനി എന്ന പദം ഒരു തുന്നൽസൂചിയെ സൂചിപ്പിക്കുന്നു, അവിടെ പുതിയലോക ഭാഷാന്തരത്തിൽ ഇങ്ങനെ വായിക്കുന്നു: “വാസ്തവത്തിൽ, ഒരു ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ എളുപ്പമാണ് ഒരു ഒട്ടകം തുന്നൽസൂചിയുടെ കുഴയിലൂടെ കടക്കുന്നത്” വിവിധ പ്രാമാണികർ ഈ പരിഭാഷയെ പിന്താങ്ങുന്നു. ഡബ്ലിയു. ഇ. വൈൻ പറയുന്നു: “‘സൂചിക്കുഴ’യെ ചെറിയ വാതിലുകൾക്കു ബാധകമാക്കുന്ന ആശയം ആധുനികമായ ഒന്നാണെന്നു തോന്നുന്നു; അതിന്റെ പുരാതന തെളിവില്ല.”—ആൻ എക്സ്പൊസിറററി ഡിക്ഷണറി ഓഫ് ന്യൂ ടെസ്ററമെൻറ് വേർഡസ്.
ഒരു വലിയ ഒട്ടകം ഒരു ചെറിയ തുന്നൽസൂചിക്കുഴയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നത് “പൗരസ്ത്യ അതിശയോക്തിയുടെ ഗന്ധമുള്ളത്” ആണെന്ന് ഒരു പരാമർശനഗ്രന്ഥം പറയുന്നു. അസാദ്ധ്യമായതു ചെയ്യുന്നതായി തോന്നുന്ന സാമർത്ഥ്യമുള്ള ചിലരെ സംബന്ധിച്ച് ബാബിലോന്യ തൽമൂദ് [The Babylonian Talmud] പറയുന്നു: “അവർ ഒരു സൂചിയുടെ കുഴയിലൂടെ ഒരു ആനയെ വലിച്ചിഴയ്ക്കുന്നു.” ഒരു അസാദ്ധ്യകാര്യത്തെ ദൃഢീകരിക്കുന്നതിനു യേശു പ്രതീകാത്മകമായ അത്യുക്തിയും സുവ്യക്തമായ വൈരുദ്ധ്യവും ഉപയോഗിച്ചു. ഒരു ഒട്ടകത്തിനോ, ആനയ്ക്കോ ഒരു തുന്നൽസൂചിയുടെ കുഴയിലൂടെ കടന്നുപോകുക അസാദ്ധ്യമാണ്. എന്നിരുന്നാലും, ദിവ്യസഹായത്താൽ ഒരു ധനവാനു ഭൗതികത്വവീക്ഷണം ഉപേക്ഷിക്കുന്നതിനും യഥാർത്ഥത്തിൽ നിത്യജീവൻ അന്വേഷിക്കുന്നതിനും കഴിയും. അത്യുന്നത ദൈവമായ യഹോവയുടെ ഇഷ്ടം പഠിക്കുന്നതിനും ചെയ്യുന്നതിനും ഹൃദയംഗമമായ ആഗ്രഹമുള്ള ഏതൊരാൾക്കും അതിനു കഴിയും.