അധ്യായം 108
തന്നെ കുടുക്കാനുള്ള ശ്രമങ്ങൾ യേശു വിഫലമാക്കുന്നു
മത്തായി 22:15-40; മർക്കോസ് 12:13-34; ലൂക്കോസ് 20:20-40
സീസർക്കുള്ളതു സീസർക്ക്
പുനരുത്ഥാനത്തിനു ശേഷമുള്ള വിവാഹം
ഏറ്റവും വലിയ കല്പനകൾ
യേശുവിന്റെ ശത്രുക്കൾ ആകെ അസ്വസ്ഥരാണ്. കാരണം, അവരുടെ ദുഷ്ടത തുറന്നുകാട്ടാൻ യേശു ഇപ്പോൾ ഏതാനും ദൃഷ്ടാന്തങ്ങൾ പറഞ്ഞുകഴിഞ്ഞതേ ഉള്ളൂ. അതുകൊണ്ടുതന്നെ യേശുവിനെ എങ്ങനെയും കുടുക്കാൻ പരീശന്മാർ കൂടിയാലോചിക്കുന്നു. റോമൻ ഗവർണറിന് എതിരെ എന്തെങ്കിലും യേശുവിനെക്കൊണ്ട് പറയിപ്പിക്കാൻ അവർ സകല ശ്രമവും ചെയ്യുന്നു. കൂടാതെ യേശുവിനെ കുടുക്കാൻ അവരുടെ ശിഷ്യന്മാരിൽ ചിലർക്ക് പണവും കൊടുക്കുന്നു.—ലൂക്കോസ് 6:7.
അവർ യേശുവിനോട്: “ഗുരുവേ, അങ്ങ് ശരിയായതു പറയുകയും പഠിപ്പിക്കുകയും ചെയ്യുന്നയാളാണെന്നു ഞങ്ങൾക്ക് അറിയാം. അങ്ങ് പക്ഷപാതം കാണിക്കാത്തയാളുമാണ്. അങ്ങ് ദൈവത്തിന്റെ വഴി ശരിയായി പഠിപ്പിക്കുന്നെന്നും ഞങ്ങൾക്ക് അറിയാം. സീസറിനു തലക്കരം കൊടുക്കുന്നതു ശരിയാണോ അല്ലയോ?” (ലൂക്കോസ് 20:21, 22) അവരുടെ മുഖസ്തുതി യേശുവിന്റെ അടുത്ത് വിലപ്പോയില്ല. ആ ചോദ്യത്തിനു പിന്നിലെ കുടിലമായ കപടത യേശു മനസ്സിലാക്കി. ‘ഈ കരം അടയ്ക്കേണ്ടതില്ല’ എന്ന് യേശു പറഞ്ഞിരുന്നെങ്കിൽ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് യേശുവിനെ കുടുക്കാമായിരുന്നു. ഇനി ‘ഈ കരം അടയ്ക്കണം’ എന്നാണ് യേശു പറയുന്നതെങ്കിൽ റോമിന് കീഴടങ്ങിയിരിക്കാൻ വിസ്സമതിക്കുന്ന ആളുകൾ ഒരുപക്ഷേ യേശുവിന് എതിരെ തിരിഞ്ഞേനേ. യേശു ഈ ചോദ്യത്തിന് എങ്ങനെയാണ് ഉത്തരം പറയുന്നത്?
യേശു ഇങ്ങനെ പറയുന്നു: “കപടഭക്തരേ, നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? കരം കൊടുക്കാനുള്ള നാണയം കാണിക്കൂ.” അവർ ഒരു ദിനാറെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശു അവരോട്, “ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ് ” എന്നു ചോദിച്ചു. “സീസറിന്റേത് ” എന്ന് അവർ പറഞ്ഞു. അപ്പോൾ യേശു അതിവിദഗ്ധമായി അവർക്ക് ഉത്തരം കൊടുക്കുന്നു, “സീസർക്കുള്ളതു സീസർക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.”—മത്തായി 22:18-21.
യേശുവിന്റെ ഉത്തരം കേട്ട് ആളുകൾ അതിശയിച്ചുപോയി. അതിവിദഗ്ധമായ യേശുവിന്റെ മറുപടി പരീശന്മാരുടെ വായടപ്പിച്ചു. അവർ യേശുവിനെ വിട്ട് പോയി. എന്നാൽ യേശുവിനെ കുടുക്കാനുള്ള ശ്രമങ്ങൾ അവിടംകൊണ്ട് അവസാനിച്ചില്ല. പരീശന്മാരുടെ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ മറ്റൊരു മതവിഭാഗത്തിലെ നേതാക്കന്മാർ യേശുവിനെ സമീപിക്കുന്നു.
പുനരുത്ഥാനം ഇല്ലെന്നു പറയുന്നവരായിരുന്നു സദൂക്യർ. അവർ ഇപ്പോൾ പുനരുത്ഥാനത്തോടും ഭർത്തൃസഹോദരനുമായുള്ള വിവാഹത്തോടും ബന്ധപ്പെട്ട ഒരു ചോദ്യവുമായിട്ടാണ് യേശുവിന്റെ അടുത്ത് എത്തിയിരിക്കുന്നത്. അവർ ചോദിക്കുന്നു: “ഗുരുവേ, ‘ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ വിവാഹം കഴിച്ച് സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണ് ’ എന്നു മോശ പറഞ്ഞല്ലോ. ഞങ്ങൾക്കിടയിൽ ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ വിവാഹം ചെയ്തശേഷം മരിച്ചു. മക്കളില്ലാത്തതുകൊണ്ട് അയാളുടെ ഭാര്യയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ചു. രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും ഇതുതന്നെ സംഭവിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ ആ സ്ത്രീ ഈ ഏഴു പേരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്ത്രീ അവർ എല്ലാവരുടെയും ഭാര്യയായിരുന്നല്ലോ.”—മത്തായി 22:24-28.
സദൂക്യർ വിശ്വസിച്ചിരുന്ന മോശയുടെ ലിഖിതത്തിന്റെ അടിസ്ഥാനത്തിൽ യേശു അവരോടു പറയുന്നു: “തിരുവെഴുത്തുകളെക്കുറിച്ചോ ദൈവത്തിന്റെ ശക്തിയെക്കുറിച്ചോ അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്കു തെറ്റു പറ്റുന്നത്? അവർ മരിച്ചവരിൽനിന്ന് ഉയിർക്കുമ്പോൾ പുരുഷന്മാർ വിവാഹം കഴിക്കുകയോ സ്ത്രീകളെ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും. മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നതിനെക്കുറിച്ചോ, മോശയുടെ പുസ്തകത്തിലെ മുൾച്ചെടിയുടെ വിവരണത്തിൽ ദൈവം മോശയോട്, ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ് ’ എന്നു പറഞ്ഞതായി നിങ്ങൾ വായിച്ചിട്ടില്ലേ? ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.” (മർക്കോസ് 12:24-27; പുറപ്പാട് 3:1-6) ആ ചോദ്യത്തിന് യേശു കൊടുത്ത ഉത്തരം കേട്ടപ്പോൾ ജനക്കൂട്ടം അമ്പരന്നുപോയി.
യേശു അങ്ങനെ പരീശന്മാരെയും സദൂക്യരെയും നിശ്ശബ്ദരാക്കി. ഇപ്പോൾ ഇതാ ഈ രണ്ടു കൂട്ടരുംകൂടെ കൂടി യേശുവിനെ പരീക്ഷിക്കാൻ വീണ്ടും എത്തുന്നു. ഒരു ശാസ്ത്രി, “ഗുരുവേ, നിയമത്തിലെ ഏറ്റവും വലിയ കല്പന ഏതാണ് ” എന്നു ചോദിച്ചു.—മത്തായി 22:36.
യേശു മറുപടി പറയുന്നു: “ഒന്നാമത്തേത് ഇതാണ്: ‘ഇസ്രായേലേ കേൾക്കുക, യഹോവ—നമ്മുടെ ദൈവമായ യഹോവ—ഒരുവനേ ഉള്ളൂ; നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.’ രണ്ടാമത്തേത്, ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’ എന്നതും. ഇവയെക്കാൾ വലിയ മറ്റൊരു കല്പനയുമില്ല.”—മർക്കോസ് 12:29-31.
ഉത്തരം കേട്ട ശാസ്ത്രി ഇങ്ങനെ മറുപടി പറയുന്നു: “ഗുരുവേ, കൊള്ളാം, അങ്ങ് പറഞ്ഞതു സത്യമാണ്: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവവുമില്ല.’ ദൈവത്തെ മുഴുഹൃദയത്തോടും മുഴുചിന്താശേഷിയോടും മുഴുശക്തിയോടും കൂടെ സ്നേഹിക്കുന്നതും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുന്നതും ആണ് സമ്പൂർണദഹനയാഗങ്ങളെക്കാളും ബലികളെക്കാളും ഏറെ മൂല്യമുള്ളത്.” ശാസ്ത്രി ബുദ്ധിപൂർവം ഉത്തരം പറഞ്ഞെന്നു മനസ്സിലാക്കി യേശു, “താങ്കൾ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു.—മർക്കോസ് 12:32-34.
മൂന്നു ദിവസമായി (നീസാൻ 9, 10, 11) യേശു ദേവാലയത്തിൽത്തന്നെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ശാസ്ത്രിയെപ്പോലുള്ള ചിലയാളുകൾ വളരെ സന്തോഷത്തോടെ യേശുവിനെ ശ്രദ്ധിച്ചു. എന്നാൽ മതനേതാക്കന്മാർ അതിനു നിന്നില്ല. കാരണം, ‘യേശുവിനോട് ഒന്നും ചോദിക്കാൻ അവർക്കാർക്കും ധൈര്യം വന്നില്ല.’