നിങ്ങളുടെ ദാനം ഒരു ത്യാഗമാണോ?
സംഭാവനകൾ സംബന്ധിച്ച ഒരു സന്തുലിത വീക്ഷണം
ആലയത്തിൽ വെച്ച് ജനങ്ങളെ അനേകം കാര്യങ്ങൾ പഠിപ്പിച്ച ശേഷം “യേശു ഭണ്ഡാരപ്പെട്ടികൾക്കരികെ ഇരുന്ന് പുരുഷാരം ഭണ്ഡാരപ്പെട്ടികളിൽ പണം ഇടുന്നത് വീക്ഷിക്കാൻ തുടങ്ങി.” (മർക്കോസ് 12:41) പിന്നെ നടന്നത് പ്രസിദ്ധമായ വിധവയുടെ ചില്ലിക്കാശിന്റെ കഥയാണ്. പക്ഷേ എന്തിനാണ് യേശു അവിടെ ചെന്നിരുന്ന് ജനം വഴിപാടർപ്പിക്കുന്നത് നോക്കി നിന്നത്? തന്റെ ശിഷ്യൻമാരോട് അവർ ദയാദാനങ്ങൾ കൊടുക്കുമ്പോൾ അവരുടെ വലങ്കൈ ചെയ്യുന്നത് ഇടങ്കൈ പോലും അറിയാനിട നൽകരുതെന്ന് യേശു തന്നെ പറഞ്ഞിട്ടില്ലേ?—മത്തായി 6:3
ഇതിന് മുൻപ്, യേശു “വിധവകളുടെ വീടുകളെ” വിഴുങ്ങിക്കളയാനായി ഏതു നിഷ്ഠുരമാർഗ്ഗങ്ങളും അവലംബിക്കുന്ന മതനേതാക്കൻമാരെ ശക്തമായി അപലപിക്കുകയുണ്ടായി. ഈ കപടഭക്തർ “ഒരു കഠിന ശിക്ഷാവിധി അനുഭവിക്കും” എന്ന് അവൻ പറഞ്ഞു. (മർക്കോസ് 12:40) ഒരു പാഠം പഠിപ്പിക്കുന്നതിനായി പിന്നീടവൻ, ഭണ്ഡാരത്തിങ്കൽ ജനം എന്തു ചെയ്യുന്നു എന്നതിലേക്ക് തന്റെ ശ്രദ്ധ തിരിച്ചു. ഇന്ന്, സഭാസംഘടനകളുമായി ബന്ധപ്പെട്ട വമ്പിച്ച ധനത്തെക്കുറിച്ചും അത്തരം ധനത്തിന്റെ ദുരുപയോഗം, അതിന്റെ ഭാരവാഹികളുടെ ധൂർത്തമായ ജീവിതരീതി എന്നിവയെക്കുറിച്ചും കേൾക്കുമ്പോൾ യേശുവിന് പറയാനുണ്ടായിരുന്നത് സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്നത് വളരെ നന്നായിരിക്കും. ദയവായി മർക്കോസ് 12:41-44 വായിക്കുക.
ഭണ്ഡാരപ്പെട്ടികൾ
യേശു “ഭണ്ഡാരപ്പെട്ടികളെ കാൺകെ ഇരുന്നു” എന്ന് വിവരണം പറയുന്നു. അത് വ്യക്തമായും ജനങ്ങൾക്ക് തങ്ങളുടെ വഴിപാടുകൾ ഇടാൻ ഭിത്തികളിലുടനീളം നിരവധി പെട്ടികൾ അല്ലെങ്കിൽ ഭണ്ഡാരങ്ങൾ വെച്ചിരുന്ന സ്ത്രീകളുടെ പ്രാകാരത്തിൽ ആയിരുന്നു. ആകെ 13 പെട്ടികൾ ഉണ്ടായിരുന്നു എന്നാണ് യഹൂദപാരമ്പര്യം നമ്മോടു പറയുന്നത്. എബ്രായയിൽ അവയെ കാഹളങ്ങൾ എന്നാണ് വിളിച്ചിരുന്നത്, കാരണം ഒരു കാഹളമണിയുടെ ആകൃതിയിൽ അവയുടെ മുകളിലായി ഒരു ചെറുദ്വാരമുണ്ടായിരുന്നു. ‘എന്തെങ്കിലും ഇടാതെ ആരും ആലയത്തിനകത്ത് പ്രവേശിച്ചിരുന്നില്ല’ എന്ന് പറയപ്പെടുന്നു.
ഫ്രഞ്ച് പ്രൊഫസർ എഡ്മണ്ഡ് സ്ററാപ്ഫർ, ക്രിസ്തുവിന്റെ കാലത്തെ പാലസ്തീൻ (1885) എന്ന തന്റെ ഗ്രന്ഥത്തിൽ ഈ ഭണ്ഡാരപ്പെട്ടികളെക്കുറിച്ച് ഒരുവിധം വിശദമായ ഒരു വിവരണം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവരണം അക്കാലത്തെ ജനങ്ങളുടെ മതജീവിതത്തിലേക്ക് ഒരുൾക്കാഴ്ച നൽകുന്നുണ്ട്, പ്രത്യേകിച്ചും ആലയസേവനത്തിനായുള്ള അവരുടെ സംഭാവനകളോടുള്ള ബന്ധത്തിൽ.
“ഓരോ പെട്ടിയും, എബ്രായ ഭാഷയിലുള്ള ഒരു ആലേഖനം സൂചിപ്പിച്ചതുപോലെ ഓരോ വ്യത്യസ്ത ഉദ്ദേശ്യത്തിനുള്ളതായിരുന്നു. ആദ്യത്തേതിൽ ഇങ്ങനെ ആലേഖനം ചെയ്തിരുന്നു: പുതിയ ശേക്കൽ; അതായത് നടപ്പ് വർഷത്തെ ചെലവുകൾക്കായി നീക്കിവെച്ചിരിക്കുന്ന ശേക്കൽ. രണ്ടാമത്തേത്: പഴയ ശേക്കൽ; അതായത് കഴിഞ്ഞ വർഷത്തെ ചെലവുകൾക്കായി മാററിവെച്ചിരിക്കുന്ന ശേക്കൽ. മൂന്നാമത്തേത്: കുറുപ്രാവും പ്രാവിൻ കുഞ്ഞും; ഈ പെട്ടിയിൽ ഇട്ടിരുന്ന പണം രണ്ടു കുറുപ്രാവിനെയോ രണ്ട് പ്രാക്കുഞ്ഞുങ്ങളെയോ, ഒന്നിനെ ദഹനയാഗമായും മറേറതിനെ പാപയാഗമായും അർപ്പിക്കേണ്ടിയിരുന്നവർ ഇടണമായിരുന്ന വിലയായിരുന്നു. നാലാമത്തെ പെട്ടിയുടെ മേലെ ഇങ്ങനെ എഴുതിയിരുന്നു: ദഹനയാഗങ്ങൾ; ഈ പണം ഇതര ദഹനയാഗങ്ങളുടെ ചെലവുകൾക്ക് ഉതകിയിരുന്നു. അഞ്ചാമത്തേതിന് മരം എന്ന ആലേഖനം ഉണ്ടായിരുന്നു, അതിൽ യാഗപീഠത്തിലേക്കുള്ള വിറക് വാങ്ങുന്നതിന് വിശ്വസ്തരായവർ നൽകിയിരുന്ന ദാനങ്ങൾ അടങ്ങിയിരുന്നു. ആറാമത്തേത്: ധൂപം (ധൂപ വസ്തുക്കൾ വാങ്ങുന്നതിനുള്ള പണം). ഏഴാമത്തേത് വിശുദ്ധമന്ദിരത്തിനു വേണ്ടി (കൃപാസനത്തിനുവേണ്ടിയുള്ള പണം). ശേഷിക്കുന്ന ആറ് പെട്ടികൾക്കും മേലെ ഈ എഴുത്ത് ഉണ്ടായിരുന്നു: സ്വമേധയാ വഴിപാടുകൾ.”
ആദ്യത്തെ രണ്ടു പെട്ടികളുടെ പേരുകളിൽ ആലയത്തിന്റെ അററകുററപ്പണിക്കും, അവിടുത്തെ ആരാധനാച്ചടങ്ങുകൾക്കും മുഴുദേശത്തിനും വേണ്ടി നടത്തിയിരുന്ന ദൈനംദിന യാഗങ്ങൾക്കും വേണ്ടി ഓരോ പ്രായപൂർത്തിയായ പുരുഷപ്രജയും നൽകേണ്ടിയിരുന്ന അര ശേക്കൽ (ഗ്രീക്ക് നാണയമനുസരിച്ച് രണ്ടു ദ്രഹ്മ) നികുതിയുടെ സൂചനയുണ്ട്. ഈ നികുതി പ്രാദേശിക കൂട്ടങ്ങളിൽ പിരിക്കുകയും ആലയത്തിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു.—മത്തായി 17:24.
ജനം തങ്ങൾക്കായി തന്നെ വിവിധ വഴിപാടുകൾ അർപ്പിക്കാൻ ന്യായപ്രമാണം വ്യവസ്ഥ ചെയ്തിരുന്നു. അതിൽ ചിലവ, ചെയ്തുപോയ പാപങ്ങൾക്കും മററു ചിലവ ആചാരകർമ്മങ്ങൾക്കു വേണ്ടിയും ഇനിയും ചിലവ അവരുടെ ഭക്തിയിൽ നിന്നും കൃതജ്ഞതയിൽ നിന്നും ഉള്ളവയും ആയിരുന്നു. “കുറുപ്രാവും പ്രാവിൻകുഞ്ഞും”, എന്നും “ദഹനയാഗങ്ങൾ” എന്നും രേഖപ്പെടുത്തിയിരുന്ന പെട്ടികൾ ഈ ഉദ്ദേശാർത്ഥമുള്ളവയായിരുന്നു. ആലയവും അതിന്റെ ശുശ്രൂഷയും ആരാധനാച്ചടങ്ങുകളും എന്ന ഗ്രന്ഥം ഇപ്രകാരം പറയുന്നു. “ദഹന-പാപ-യാഗങ്ങൾക്കായി കുറുപ്രാവുകളെ കൊണ്ടുവരേണ്ടിയിരുന്ന സ്ത്രീകൾ അവക്ക് തുല്യമായ തുക പണമായി കാഹളം III-ൽ നിക്ഷേപിച്ചിരുന്നു. അത് ദിവസേന പുറത്തെടുത്ത് തത്തുല്യ എണ്ണം കുറുപ്രാവുകളെ വഴിപാടായി അർപ്പിച്ചിരുന്നു.” ഇതു തന്നെയായിരുന്നു ശിശുവായിരുന്ന യേശുവിന്റെ മാതാപിതാക്കൾ ചെയ്തതും.—ലൂക്കോസ് 2:22-24; ലേവ്യ 12:6-8.
പിന്നെ, യാഗപീഠത്തിൽ ഉപയോഗിച്ചിരുന്ന മരത്തിനും ധൂപവർഗ്ഗത്തിനുമുള്ള വഴിപാടുകളും സ്വമേധയാ വഴിപാടുകളും ഉണ്ടായിരുന്നു. പ്രൊഫസ്സർ സ്ററാപ്ഫർ പറയുന്നതനുസരിച്ച്, “മരത്തിനോ ധൂപത്തിനോ ആരെങ്കിലും പണം കൊടുക്കുകയാണെങ്കിൽ അതിന് ഒരു കുറഞ്ഞ പരിധി ഉണ്ടായിരുന്നു; അതിൽ കുറവ് കൊടുക്കാൻ പാടില്ലായിരുന്നു. ഏററവും കുറഞ്ഞത് ഒരു പിടി ധൂപവർഗ്ഗമോ ഓരോ മുഴം വീതം നീളവും ആനുപാതികമായ വണ്ണവുമുള്ളതായ രണ്ടു മരത്തടിയോ എങ്കിലും നൽകേണ്ടത് ആവശ്യമായിരുന്നു.”
ഇതിൽ നിന്നെല്ലാം നാം എന്താണ് പഠിക്കുന്നത്? സത്യാരാധനയുടെ കേന്ദ്രമായിരുന്ന സമാഗമനകൂടാരവും പിന്നീട് യരൂശലേമിലെ ആലയവും കാത്തു സൂക്ഷിക്കുന്നതിൽ യിസ്രായേല്യർക്ക് അനവധി ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നുവെന്നത് സുവ്യക്തമാണ്. യാഗങ്ങളും വഴിപാടുകളും അവരുടെ ആരാധനയുടെ ഒരു അവിഭാജ്യഘടകമായിരുന്നു. വാസ്തവത്തിൽ, “ആരും യഹോവയുടെ മുമ്പാകെ വെറും കൈയായി വരരുത്” എന്ന് ന്യായപ്രമാണം കൽപ്പിച്ചിരുന്നു. (ആവർത്തനം 16:16) എന്നാൽ ഈ കടമകൾ സംബന്ധിച്ച അവരുടെ വീക്ഷണം എന്തായിരുന്നു?
വ്യത്യസ്ത വീക്ഷണങ്ങൾ
മോശെയുടെയും ദാവീദിന്റെയും കാലത്തും പിൽക്കാലത്ത് യെഹോവാശിന്റെയും യോശിയാവിന്റെയും വാഴ്ചക്കാലത്തും ജനം ഏററവും ദാനപ്രിയരും ഉദാരമതികളും ആയിരുന്നുവെന്ന് ബൈബിൾ രേഖ പ്രകടമാക്കുന്നു. (പുറപ്പാട് 36:3-7; 1 ദിനവൃത്താന്തം 29:1-9; 2 ദിനവൃത്താന്തം 24:4-14; 34:9,10) യഹോവയുടെ ഭവനം നിർമ്മിക്കുന്നതിലും അതു കാത്തു സൂക്ഷിക്കുകയും അതോടൊപ്പം സത്യാരാധനയെ പുരോഗമിപ്പിക്കുകയും ചെയ്യുന്നതിലും ഒരു പങ്കുണ്ടായിരിക്കുന്നത് അവർക്ക് സന്തോഷമായിരുന്നു. “‘യഹോവയുടെ ഭവനത്തിലേക്ക് നമുക്ക് പോകാം’ എന്നവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു” എന്നു പറഞ്ഞപ്പോഴത്തെ ദാവീദിന്റെ വാക്കുകളിൽ അവരുടെ വികാരം വ്യക്തമായി പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു.—സങ്കീർത്തനം 122:1.
എന്നിരുന്നാലും, ഈ ഉദാരമായ ആത്മാവ് എല്ലാവർക്കും ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന്, മലാഖിയുടെ കാലത്ത് പുരോഹിതൻമാർ യഹോവക്ക് “കടിച്ചു കീറിയതിനെയും മുടന്തുള്ളതിനേയും ദീനമുള്ളതിനെയും” വഴിപാട് നൽകിയിരുന്നതായി നാം വായിക്കുന്നു. തങ്ങളുടെ സേവനപദവിയിൽ സന്തോഷിക്കുന്നതിന് പകരം അവർ ഇങ്ങനെ പറഞ്ഞു: “നോക്കൂ! എന്തോരു തളർച്ച!—മലാഖി 1:13.
സമാനമായി യേശുവിന്റെ കാലത്ത് ചിലർ തങ്ങളുടെ സ്വന്ത താൽപ്പര്യങ്ങൾ പുരോഗമിപ്പിക്കുന്നതിന് സാഹചര്യത്തെ മുതലെടുത്തു. ആലയത്തിലുണ്ടായിരുന്ന കുപ്രസിദ്ധരായ നാണയവാണിഭക്കാർ അവിടെ ആയിരുന്നത് കേവലം നാണ്യവിനിമയത്തിന് മാത്രം ആയിരുന്നില്ല. പ്രത്യുത, എബ്രായ ശേക്കെൽ മാത്രമെ വഴിപാടുകളായി സ്വീകരിക്കപ്പെടുമായിരുന്നുള്ളു എന്നും റോമൻ അല്ലെങ്കിൽ ഗ്രീക്ക് നാണയവുമായി വരുന്നവർ അതു മാറേറണ്ടിയിരുന്നു എന്നുമുള്ള വസ്തുത നിമിത്തമാണ് ഇവർ മുതൽ മുടക്കിയിരുന്നത്. യഹൂദചരിത്രം സംബന്ധിച്ച് പ്രാമാണികനായ ആൽഫ്രഡ് ഈഡർഷീം പറയുന്നതനുസരിച്ച്, “ഓരോ പകുതി ശേക്കലിനും ഒരു വെള്ളി മീ, അല്ലെങ്കിൽ ഒരു ദിനാറിന്റെ (അഥവാ ദിനേറിയസ്, ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ കൂലി) നാലിലൊന്ന് ഈടാക്കാൻ ബാങ്കുകൾ അനുവദിക്കപ്പെട്ടിരുന്നു.” ഇതു ശരിയാണെങ്കിൽ, എത്ര ആദായകരമായ കച്ചവടം ആയി ഇതു മാറിയെന്നും ഈ വാണിഭക്കാരെ യേശു പുറത്താക്കിയപ്പോൾ മതനേതാക്കൻമാർ കോപം കൊണ്ട് ജ്വലിച്ചതെന്തുകൊണ്ടെന്നും മനസ്സിലാക്കാൻ വിഷമമില്ല.
“അവളുടെ ഇല്ലായ്മയിൽ നിന്നും”
ഇതെല്ലാം, ഒരു സാധുവിധവയുടെ ചെറിയ സംഭാവനയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തെ ദൃഢീകരിക്കുക മാത്രം ചെയ്യുന്നു. അവൾ നിസ്സംശയമായും “സ്വമേധയാ വഴിപാടുകൾ” എന്നു എഴുതിയിരുന്ന പെട്ടികൾ ഒന്നിലായിരുന്നു തന്റെ സംഭാവനയിട്ടത്. ഒരു വിധവയായതിനാൽ അവൾ തലവരി നികുതി കൊടുക്കേണ്ടതില്ലായിരുന്നു. അവളുടെ പരിമിതമായ ശേഷി നിമിത്തം ദഹനയാഗങ്ങൾക്കോ, ധൂപം മുതലായ വഴിപാടുകൾക്കോ പര്യാപ്തമായ ഏററവും കുറഞ്ഞ ചെലവുകൾ വഹിക്കാൻ ഒരു പക്ഷേ അവൾക്ക് സാധിക്കുകയില്ലായിരുന്നിരിക്കും. എന്നാലും, യഹോവയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ എന്തെങ്കിലും ഒന്നു ചെയ്യാൻ അവൾ ആഗ്രഹിച്ചു. മററുള്ളവരാൽ തഴയപ്പെടുന്നതിനോ ഇതൊക്കെ ‘അതിനു പ്രാപ്തിയുള്ള’വർക്ക് വിടുന്നതിനോ അവളാഗ്രഹിച്ചില്ല. യേശു ഇങ്ങനെ പറഞ്ഞു: “ഇവൾ, തന്റെ ഇല്ലായ്മയിൽ നിന്നും, തനിക്കുള്ളതൊക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു.”—മർക്കോസ് 12:44.
ഈ വിവരണത്തിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്ന ധാരാളം വിലയേറിയ പാഠങ്ങൾ ഉണ്ട്. അതിൽ ഒരുപക്ഷേ നമ്മുടെ ഭൗതികസ്വത്തുക്കൾകൊണ്ട് സത്യാരാധനക്കു പിൻതുണ നൽകാമെന്നിരിക്കെ, ഏററവും പ്രധാനം അഥവാ ദൈവദൃഷ്ടിയിൽ യഥാർത്ഥത്തിൽ മൂല്യമുള്ളത്, കൈയിൽ നിന്നും പോയാലും നമുക്ക് നഷ്ടം ഒന്നും തോന്നാത്ത എന്തെങ്കിലും നൽകുന്നതല്ല, പ്രത്യുത നമുക്ക് വിലയേറിയ എന്തെങ്കിലും നൽകുന്നതാണ്. മററുവാക്കുകളിൽ പറഞ്ഞാൽ നമുക്ക് ഒരു നഷ്ടവുമില്ലാത്ത എന്തെങ്കിലുമാണോ നാം ദാനം ചെയ്യുന്നത്? അതോ നിങ്ങളുടെ ദാനം ഒരു യഥാർത്ഥ ത്യാഗമാണോ?
സത്യാരാധനയെ ഇന്നു പുരോഗമിപ്പിക്കുന്നു
ഇന്ന് യഹോവയുടെ സാക്ഷികൾ “രാജ്യത്തിന്റെ ഈ സുവാർത്ത . . . നിവസിതഭൂമിയിലെല്ലാടവും” തീക്ഷ്ണതയോടെ പ്രസംഗിച്ചുകൊണ്ട് സത്യാരാധനയെ പുരോഗമിപ്പിക്കുന്നു. (മത്തായി 24:14) ഈ ആഗോള ധർമ്മം നിറവേററുന്നതിന് സമർപ്പിത പ്രയത്നവും, സമയവും ഊർജ്ജവും മാത്രം മതിയായിരിക്കുന്നില്ല, ഗണ്യമായ പണവ്യയവും ആവശ്യമാണ്. 1987-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപ്പുസ്തകം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, “1986-ൽ 2,762 മിഷനറിമാരെയും 13,351 പ്രത്യേക പയനിയർമാരെയും ലോകത്തിലെ 3,353 സർക്കിട്ടുകൾക്കും ഡിസ്ട്രിക്ററുകൾക്കും വേണ്ടിയുള്ള മേൽവിചാരകരെയും അവരുടെ ഭാര്യമാരെയും സാമ്പത്തികമായി സഹായിക്കുന്നതിന് ആകെ 2,35,45,801.70 ഡോളർ ചെലവഴിക്കുകയുണ്ടായി.” ഇത് “വസ്തുവകകളുടെ വാങ്ങൽ, നിർമ്മാണം, നവീകരണം; ഹെഡ്ക്വാർട്ടേഴ്സിലും സൊസൈററിയുടെ 93 ബ്രാഞ്ചുകളിലും ഫാക്ടറികളിലും ഓഫീസുകളും സജ്ജീകരിക്കുക; ബെഥേൽ കുടുംബങ്ങളിൽ സേവിക്കുന്ന 8,920 സ്വമേധയാസേവകരുടെ ഭൗതിക ആവശ്യങ്ങൾ പ്രദാനം ചെയ്യുക എന്നിവക്കായുള്ള ഭീമമായ ചെലവിനു” പുറമേ ആണ്.
‘ഈ പണമൊക്കെ എവിടെ നിന്നാണ് വരുന്നത്?’ പലപ്പോഴും ചോദിക്കപ്പെടുന്ന ഒരു ചോദ്യമാണിത്. ക്രൈസ്തവ ലോകത്തിലെ സഭകളിൽ നിന്നും വിഭിന്നമായി, യഹോവയുടെ സാക്ഷികൾ പണപ്പിരിവ് നടത്തുകയോ സംഭാവനകൾ അഭ്യർത്ഥിച്ചുകൊണ്ട് കവറുകൾ അയക്കുകയോ ചെയ്യാറില്ല. പകരം, അവരുടെ രാജ്യഹോളുകളിൽ സംഭാവനപ്പെട്ടികൾ—ബൈബിൾ കാലങ്ങളിലെ ഭണ്ഡാരപ്പെട്ടികൾ പോലെ—സ്ഥാപിച്ചിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ രാജ്യഹോളുകളുടെയോ സമ്മേളന ഹോളുകളുടെയോ നിർമ്മാണത്തിനോ തങ്ങളുടെ സ്വന്ത നാട്ടിലെ കൺവെൻഷന് സംബന്ധിക്കുന്നതിന് മിഷനറിമാരെ സഹായിക്കുന്നതിനോ പോലെയുള്ള പ്രത്യേക ഉദ്ദേശങ്ങൾക്കായി മററു സംഭാവനപ്പെട്ടികൾ സ്ഥാപിച്ചേക്കാം. കൂടാതെ പ്രസംഗവേല ലോകവ്യാപകമായി പുരോഗമിപ്പിക്കുന്നതിന് സംഭാവനകൾ നേരിട്ട് 25 കൊളംബിയ ഹൈററ്സ്, ബ്രൂക്ലിൻ, ന്യൂയോർക്ക് 11201-ലുള്ള വാച്ച്ററവർ സൊസൈററിക്കോ നിങ്ങളുടെ രാജ്യത്തുള്ള സൊസൈററിയുടെ ഏതെങ്കിലും ബ്രാഞ്ച് ഓഫീസിലേക്കോ അയക്കാവുന്നതാണ്.
സംഭാവനകൾ നൽകുന്ന ഈ അനേക വ്യത്യസ്ത മാർഗ്ഗങ്ങളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു? നിങ്ങൾ മലാഖിയുടെ നാളിലുണ്ടായിരുന്ന ചിലരെപ്പോലെ അതിനെ ഒരു തളർത്തുന്ന ഭാരമായി വീക്ഷിച്ചുകൊണ്ട് ഹൃദയത്തിൽ ഇങ്ങനെ പറയുന്നവരായിരിക്കുമോ: “നോക്കൂ! എന്തോരു തളർച്ച!”? അതോ നിങ്ങൾ ആ “സാധു വിധവ”യെപ്പോലെ, സത്യാരാധനയോടുള്ള നിങ്ങളുടെ തീക്ഷ്ണതയും പരിഗണനയും പ്രകടമാക്കുന്നതിനും നിങ്ങളുടെ വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിക്കുന്നതിനും ഉള്ള അവസരമായി വീക്ഷിക്കുമോ? പ്രസക്തമായ ഈ ചോദ്യം വിസ്മരിക്കാതിരിക്കുക: നിങ്ങളുടെ ദാനം ഒരു ത്യാഗമാണോ?
“‘ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന്, ഇനി മുട്ട് ഇല്ലാതെ വരുവോളം നിങ്ങളുടെമേൽ ഒരനുഗ്രഹം ചൊരിയുകയില്ലയോ എന്ന് ഇതിൽ എന്നെ ദയവായി പരീക്ഷിപ്പിൻ’ എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.” (മലാഖി 3:10) യഹോവയുടെ ജനത്തിൻ മദ്ധ്യേയുള്ള ആത്മീയ സമൃദ്ധിയും ലോകവ്യാപക വികസനവും യഹോവ ഇപ്പോൾ തന്നെ അപ്രകാരം ചെയ്തുകൊണ്ടിരിക്കുന്നു എന്ന് തെളിയിക്കുന്നു. യഹോവക്ക് യഥാർത്ഥത്തിൽ ത്യാഗമായിരിക്കുന്ന ഒരു ദാനം നൽകിക്കൊണ്ടിരിക്കുന്നതിൽ നമുക്ക് തുടരാം. (w87 12/15)
[28-ാം പേജിലെ ചതുരം]
ചിലർ രാജ്യവേലക്ക് സംഭാവന ചെയ്യുന്ന വിധം
◻ ദാനങ്ങൾ: പണമായിട്ടുള്ള സ്വമേധയാ സംഭാവനകൾ നേരിട്ട് വാച്ച്ററവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവാനിയ, 25 കൊളംബിയ ഹൈററ്സ്, ബ്രൂക്ലിൻ, ന്യൂയോർക്ക് 11201-ലേക്കോ അല്ലെങ്കിൽ സൊസൈററിയുടെ പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്കോ അയക്കാവുന്നതാണ്. സ്ഥാവരസ്വത്ത് പോലെയുള്ള വസ്തുവകയോ, അതുപോലെ തന്നെ ആഭരണമോ മററു വിലയേറിയ വസ്തുക്കളോ സംഭാവന ചെയ്യാൻ കഴിയും. ഈ സംഭാവനകളോടൊപ്പം ഇവ നിരുപാധികമുള്ളതാണെന്ന് വ്യക്തമാക്കുന്ന ഒരു ലഘു കുറിപ്പും അയക്കേണ്ടതാണ്.
◻ സോപാധിക-സംഭാവന ക്രമീകരണം: വ്യക്തിപരമായ ആവശ്യമുണ്ടാകുന്ന പക്ഷം ദാതാവിന് മടക്കിക്കൊടുക്കണം എന്ന വ്യവസ്ഥയിൽ വാച്ച്ടവർ സൊസൈററിയെ ഒരു ട്രസ്ററായി പണം ഏൽപ്പിക്കാൻ കഴിയും.
◻ ഇൻഷൂറൻസ്: ഒരു ലൈഫ്-ഇൻഷൂറൻസ് പോളിസിയുടെയോ റിട്ടയർമെൻറ്/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായിട്ട് വാച്ച്ററവർ സൊസൈററിയുടെ പേര് നൽകാൻ കഴിയും. അങ്ങനെയുള്ള ക്രമീകരണങ്ങളുണ്ടെങ്കിൽ ആ വിവരം സൊസൈററിയെ അറിയിച്ചിരിക്കണം.
◻ ട്രസ്ററ്: ബാങ്ക് സമ്പാദ്യ അക്കൗണ്ടുകൾ സൊസൈററിക്ക് ഒരു ട്രസ്ററ ആയി ക്രമീകരിക്കാൻ കഴിയും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദയവായി വിവരം സൊസൈററിയെ അറിയിക്കുക. ഓഹരികൾ, ബോണ്ടുകൾ, വസ്തുവക മുതലായവ ദാതാവിന്റെ ജീവിതകാലത്ത് അനുഭവയോഗ്യമായിരിക്കത്തക്കവിധത്തിൽ സംഭാവന ചെയ്യാൻ കഴിയും. ഈ ക്രമീകരണം വിൽപ്പത്രത്തിന്റെ നിയമസാധുത തെളിയിക്കുന്നതിനോട് ബന്ധപ്പെട്ട ചെലവും അനിശ്ചിതത്വവും ഒഴിവാക്കുന്നു, അതേ സമയം മരണശേഷം വസ്തു സൊസൈററിക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
◻ വിൽപ്പത്രങ്ങൾ: വസ്തുവകയോ പണമോ ഒരു നിയമാനുസൃത വിൽപ്പത്രം മുഖേന മരണാനന്തര അവകാശമായി വാച്ച്ററവർ സൊസൈററിക്ക് നൽകാവുന്നതാണ്. സൊസൈററിക്ക് അതിന്റെ ഒരു പകർപ്പ് നൽകേണ്ടതാണ്.
ഈ കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്കും ഉപദേശത്തിനും, ട്രഷററുടെ ഓഫീസ്, വാച്ച്ററവർ ബൈബിൾ ആൻറ് ട്രാക്ററ് സൊസൈററി ഓഫ് പെൻസിൽവാനിയ, 25 കൊളംബിയ ഹൈററ്സ്, ബ്രൂക്ലിൻ, ന്യൂയോർക്ക് 11201 എന്ന വിലാസത്തിലോ സൊസൈററിയുടെ പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്കൊ എഴുതുക.