ഇപ്പോൾ മരിച്ചിരിക്കുന്ന ദശലക്ഷങ്ങൾ വീണ്ടും ജീവിക്കും
ഇപ്പോൾ മരിച്ചിരിക്കുന്ന ദശലക്ഷങ്ങൾ വീണ്ടും ജീവിക്കും—ഹൃദയോദ്ദീപകമായ എന്തോരു പ്രത്യാശ! എന്നാൽ അത് വാസ്തവികമാണോ? നിങ്ങൾക്ക് ബോദ്ധ്യം വരുത്താൻ എന്താവശ്യമാണ്? ഒരു വാഗ്ദാനത്തിൽ വിശ്വസിക്കുന്നതിന്, വാഗ്ദാനം നൽകുന്നയാൾ അത് നിവർത്തിക്കുന്നതിന് മനസ്സൊരുക്കവും പ്രാപ്തിയുമുള്ളയാളായിരിക്കണമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കേണ്ടതാണ്. ആ സ്ഥിതിക്ക് ഇപ്പോൾ മരിച്ചിരിക്കുന്ന ദശലക്ഷങ്ങൾ വീണ്ടും ജീവിക്കുമെന്ന് വാഗ്ദാനംചെയ്യുന്നത് ആരാണ്?
ക്രി.വ. 31ന്റെ വസന്തത്തിൽ, മരിച്ചവരെ പുനരുത്ഥാനപ്പെടുത്താൻ താൻ യഹോവയാം ദൈവത്താൽ അധികാരപ്പെടുത്തപ്പെട്ടിരിക്കുകയാണെന്ന് യേശുക്രിസ്തു സധൈര്യം പ്രസ്താവിച്ചു. യേശു ഇങ്ങനെ വാഗ്ദാനംചെയ്തു: “പിതാവ് മരിച്ചവരെ ഉയർപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നതുപോലെ, പുത്രനും താൻ ആഗ്രഹിക്കുന്നവരെ ജീവിപ്പിക്കുന്നു. ഇതിങ്കൽ ആശ്ചര്യപ്പെടരുത്, എന്തുകൊണ്ടെന്നാൽ സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേൾക്കുകയും പുറത്തുവരികയും ചെയ്യുന്ന നാഴിക വരുന്നു.” (യോഹന്നാൻ 5:21, 28, 29) അതെ, ഇപ്പോൾ മരിച്ചിരിക്കുന്ന ദശലക്ഷങ്ങൾ ഈ ഭൂമിയിൽ വീണ്ടും ജീവിക്കുമെന്നും അതിൽ എന്നേക്കും സ്ഥിതിചെയ്യാനുള്ള പ്രത്യാശ അവർക്കുണ്ടായിരിക്കുമെന്നും യേശുക്രിസ്തു വാഗ്ദാനം ചെയ്യുകയുണ്ടായി. (യോഹന്നാൻ 3:16; 17:3; സങ്കീർത്തനം 37:29-ഉം മത്തായി 5:5-ഉം താരതമ്യംചെയ്യുക.) യേശു ഈ വാഗ്ദാനം നൽകിയതുകൊണ്ട്, അത് നിവർത്തിക്കാനുള്ള സന്നദ്ധത തനിക്കുണ്ടെന്ന് സങ്കൽപ്പിക്കുന്നത് സുരക്ഷിതമാണ്. എന്നാൽ അവന് അതു ചെയ്യുന്നതിനുള്ള പ്രാപ്തിയുണ്ടോ?
ബൈബിൾരേഖയനുസരിച്ച്, യേശു ആ വാഗ്ദാനം നൽകിയ സമയംവരെ അവൻ ആരെയും ഒരിക്കലും ഉയർപ്പിച്ചിരുന്നില്ല. എന്നാൽ രണ്ടിൽ കുറഞ്ഞ വർഷം കഴിഞ്ഞ്, താൻ പുനരുത്ഥാനം നിർവഹിക്കാൻ സന്നദ്ധനും പ്രാപ്തനുമാണെന്ന് അവൻ ശക്തമായ ഒരു വിധത്തിൽ പ്രകടപ്പിച്ചുകാണിച്ചു.
“ലാസറേ, പുറത്തുവരിക!”
അത് വികാരനിർഭരമായ ഒരു രംഗമായിരുന്നു. ലാസറിന് ഗുരുതരമായ രോഗമായിരുന്നു. അവന്റെ രണ്ട് സഹോദരിമാരായ മാർത്തയും മറിയയും യേശുവിന് ആളയച്ചു. അവൻ യോർദ്ദാൻ നദിക്കക്കരെയായിരുന്നു: “കർത്താവേ, കണ്ടാലും! നിനക്ക് പ്രിയമുണ്ടായിരുന്നവന് രോഗമാണ്.” (യോഹന്നാൻ 11:3) അതെ, യേശുവിന് ഈ കുടുംബത്തോട് വളരെയധികം സ്നേഹമുണ്ടായിരുന്നു. ബേഥാന്യയിലുള്ള അവരുടെ ഭവനത്തിൽ അവൻ ഒരുപക്ഷേ കൂടെക്കൂടെ ഒരു അതിഥിയായിരുന്നു. (ലൂക്കോസ് 10:38-42; ലൂക്കോസ് 9:58 താരതമ്യംചെയ്യുക.) എന്നാൽ ഇപ്പോൾ യേശുവിന്റെ പ്രിയപ്പെട്ട സുഹൃത്ത് വളരെ രോഗിയായിരുന്നു.
എന്നാൽ യേശു എന്തു ചെയ്യാനാണ് മാർത്തയും മറിയയും പ്രതീക്ഷിച്ചത്? ബേഥാന്യയിലേക്കു വരാൻ അവർ അവനോട് അപേക്ഷിച്ചില്ല. എന്നാൽ യേശുവിന് ലാസറിനോട് സ്നേഹമുണ്ടായിരുന്നുവെന്ന് അവർക്കറിയാമായിരുന്നു. തന്റെ രോഗിയായ സുഹൃത്തിനെ കാണാൻ യേശു ആഗ്രഹിക്കുകയില്ലേ? നിസ്സംശയമായി യേശു അവനെ അത്ഭുതകരമായി സൗഖ്യമാക്കുമെന്ന് അവർ പ്രത്യാശിച്ചു. ഏതായാലും, തന്റെ ശുശ്രൂഷയിൽ ഈ സമയമായപ്പോഴേക്ക് യേശു സൗഖ്യമാക്കലിന്റെ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നു. ദൂരം പോലും അവന് ഒരു തടസ്സമായിരുന്നില്ല. (മത്തായി 8:5-13 താരതമ്യംചെയ്യുക.) അങ്ങനെയുള്ള ഒരു പ്രിയ സുഹൃത്തിനുവേണ്ടി അവൻ അതിൽ കുറഞ്ഞ എന്തെങ്കിലുമാണോ ചെയ്യുക? സത്വരം ബേഥാന്യക്ക് പുറപ്പെടുന്നതിനു പകരം, വിചിത്രമെന്നോണം, യേശു എവിടെയായിരുന്നോ അവിടെ അടുത്ത രണ്ടു ദിവസം തങ്ങി.—യോഹന്നാൻ 11:5, 6.
സന്ദേശം അയക്കപ്പെട്ട ശേഷം കുറെ കഴിഞ്ഞ് ലാസർ മരിച്ചു, ഒരുപക്ഷേ യേശുവിന് വാർത്ത കിട്ടിയ സമയമായപ്പോഴേക്ക്. (യോഹന്നാൻ 11:3, 6, 17 താരതമ്യംചെയ്യുക.) എന്നാൽ കൂടുതലായ സന്ദേശത്തിന്റെ ആവശ്യമില്ലായിരുന്നു. ലാസർ മരിച്ചപ്പോൾ യേശു അതറിഞ്ഞു, അതുസംബന്ധിച്ച് എന്തെങ്കിലും ചെയ്യാൻ അവൻ ഉദ്ദേശിച്ചു. ലാസറിന്റെ മരണത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് അവൻ തന്റെ ശിഷ്യരോട് ഇങ്ങനെ പറഞ്ഞു: “നമ്മുടെ സുഹൃത്തായ ലാസർ വിശ്രമിക്കാൻ പോയിരിക്കുകയാണ്, എന്നാൽ അവനെ ഉറക്കത്തിൽനിന്ന് ഉണർത്താൻ ഞാൻ അവിടേക്ക് യാത്രചെയ്യുകയാണ്.” (യോഹന്നാൻ 11:11) നേരത്തെ യേശു രണ്ടു പേരെ മരിച്ചവരിൽനിന്ന് ഉയർപ്പിച്ചിരുന്നു, ഓരോ സന്ദർഭത്തിലും വ്യക്തി മരിച്ച ശേഷം താമസിയാതെ തന്നെ.a എന്നിരുന്നാലും, ഈ പ്രാവശ്യം വ്യത്യസ്തമായിരിക്കുമായിരുന്നു. യേശു ഒടുവിൽ ബേഥാന്യയിൽ മടങ്ങിയെത്തിയപ്പോഴേക്ക് അവന്റെ പ്രിയ സുഹൃത്ത് മരിച്ചിട്ട് നാലു ദിവസമായിരുന്നു. (യോഹന്നാൻ 11:17, 39) അത്ര ദീർഘമായി മരിച്ചിരുന്നതും ശരീരം ദ്രവിക്കാൻ തുടങ്ങിയിരുന്നതുമായ ഒരാളെ യേശുവിന് ഉയർപ്പിക്കാൻ കഴിയുമായിരുന്നോ?
യേശു വരുന്നുണ്ടെന്ന് കേട്ടയുടനെ കർമ്മോൽസുകയായ ഒരു സ്ത്രീയായിരുന്ന മാർത്ത അവനെ സ്വീകരിക്കാൻ ഓടിച്ചെന്നു. (ലൂക്കോസ് 10:38-42 താരതമ്യപ്പെടുത്തുക.) യേശുവിനെ കണ്ടയുടനെ, “കർത്താവേ, നീ ഇവിടെയുണ്ടായിരുന്നുവെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു”വെന്ന് പറയാൻ അവളുടെ ഹൃദയം അവളെ പ്രേരിപ്പിച്ചു. അപ്പോഴും, “നീ ദൈവത്തോട് എന്തെല്ലാം ചോദിച്ചാലും ദൈവം നിനക്ക് സാധിച്ചുതരും എന്ന് ഞാൻ അറിയുന്നു” എന്ന അവളുടെ വിശ്വാസം അവൾ പ്രകടമാക്കി. അവളുടെ ദുഃഖത്തിൽ വികാരതരളിതനായി “നിന്റെ സഹോദരൻ എഴുന്നേൽക്കും” എന്ന് യേശു അവൾക്ക് ഉറപ്പുകൊടുത്തു. അവൾ ഒരു ഭാവിപുനരുത്ഥാനത്തിലുള്ള തന്റെ വിശ്വാസം പ്രകടമാക്കിയപ്പോൾ “ഞാൻ പുനരുത്ഥാനവും ജീവനുമാകുന്നു. എന്നിൽ വിശ്വാസം പ്രകടിപ്പിക്കുന്നവൻ, അവൻ മരിക്കുന്നുവെങ്കിലും, ജീവനിലേക്കു വരും” എന്ന് യേശു അവളോട് വ്യക്തമായി പറഞ്ഞു.—യോഹന്നാൻ 11:20-25.
കല്ലറക്കൽ എത്തിയപ്പോൾ അതിന്റെ വാതിൽ അടച്ചുവെച്ചിരുന്ന കല്ല് നീക്കാൻ യേശു നിർദ്ദേശിച്ചു. ആദ്യം മാർത്ത തടസ്സംപറഞ്ഞു: “കർത്താവേ, ഇപ്പോഴേക്കും അവന് നാററംവെച്ചിരിക്കണം, നാലു ദിവസമായല്ലോ.” എന്നാൽ “നീ വിശ്വസിക്കുന്നുവെങ്കിൽ നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാൻ നിന്നോട് പറഞ്ഞില്ലയോ?” എന്ന് യേശു അവൾക്ക് ഉറപ്പുകൊടുത്തു. അനന്തരം, ഉച്ചത്തിൽ പ്രാർത്ഥിച്ചശേഷം, “ലാസറേ, പുറത്തുവരിക!” എന്ന് അവൻ കല്പിച്ചു. യേശുവിന്റെ കല്പനയിങ്കൽ ലാസർ പുറത്തുവന്നു, അവൻ മരിച്ചിട്ട് നാലു ദിവസമായിരുന്നിട്ടും!—യോഹന്നാൻ 11:38-44.
അത് യഥാർത്ഥത്തിൽ സംഭവിച്ചോ?
ലാസറിന്റെ ഉയർപ്പിക്കലിനെക്കുറിച്ചുള്ള വിവരണം ഒരു ചരിത്രവസ്തുതയായി യോഹന്നാന്റെ സുവിശേഷത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അത് വെറുമൊരു രൂപകമായിരിക്കാത്തവണ്ണം വിശദാംശങ്ങൾ അത്ര ഉജ്ജ്വലമാണ്. അതിന്റെ ചരിത്രസത്യതയെ ചോദ്യംചെയ്യുന്നത് ബൈബിളിലെ സകല അത്ഭുതങ്ങളെയും ചോദ്യംചെയ്യലാണ്, യേശുക്രിസ്തുവിന്റെ പുനരുത്ഥാനമുൾപ്പെടെ.b യേശുവിന്റെ പുനരുത്ഥാനത്തെ നിഷേധിക്കുന്നത് ക്രിസ്തീയവിശ്വാസത്തെ മൊത്തത്തിൽ നിഷേധിക്കുന്നതുതന്നെയാണ്.—1 കൊരിന്ത്യർ 15:13-15.
യഥാർത്ഥത്തിൽ, നിങ്ങൾ ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നുവെങ്കിൽ, പുനരുത്ഥാനത്തിൽ വിശ്വാസം പ്രകടമാക്കുന്നതിൽ നിങ്ങൾക്ക് പ്രശ്നമുണ്ടായിരിക്കയില്ല. ദൃഷ്ടാന്തീകരിക്കുന്നതിന്: ഒരു വ്യക്തിക്ക് തന്റെ അന്തിമ വിൽപ്പത്രവും ഒസ്യത്തും വീഡിയോറേറപ്പ് ചെയ്യാൻ കഴിയും. അയാൾ മരിച്ചശേഷം, തന്റെ ഭൂസ്വത്ത് എങ്ങനെ കൈകാര്യംചെയ്യണമെന്ന് വിശദീകരിക്കുമ്പോൾ, ഫലത്തിൽ, അയാളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയാളെ കേൾക്കാനും കാണാനും കഴിയും. ഒരു നൂറുവർഷം മുമ്പ് അങ്ങനെയൊരു സംഗതി അചിന്ത്യമായിരുന്നു. ഇപ്പോൾ ഭൂമിയുടെ അതിവിദൂരഭാഗങ്ങളിൽ നിവസിക്കുന്ന ചിലയാളുകൾക്ക് വീഡിയോറെക്കോഡിംഗിന്റെ “അത്ഭുതം” ഗ്രഹിക്കാവുന്നതിനതീതമാണ്. സ്രഷ്ടാവിനാൽ സ്ഥാപിക്കപ്പെട്ട ശാസ്ത്രീയ തത്വങ്ങൾ അങ്ങനെയുള്ള ഒരു ദൃശ്യ, ശ്രാവ്യ രംഗം പുനരാവിഷ്ക്കരിക്കാൻ മനുഷ്യരാൽ ഉപയോഗിക്കപ്പെടാൻ കഴിയുമെങ്കിൽ വളരെ കൂടുതൽ ചെയ്യാൻ സ്രഷ്ടാവ് പ്രാപ്തനായിരിക്കേണ്ടതല്ലേ? അപ്പോൾ, ജീവനെ സൃഷ്ടിച്ചവന്, മരിച്ചയാളുടെ വ്യക്തിത്വം പുതുതായി നിർമ്മിക്കപ്പെട്ട ഒരു ശരീരത്തിൽ പുനരുത്പാദിപ്പിച്ചുകൊണ്ട് അയാളെ പുനരുത്ഥാനപ്പെടുത്താനുള്ള പ്രാപ്തിയുണ്ടെന്നുള്ളത് ന്യായയുക്തമല്ലേ?
ലാസറിന്റെ ജീവനിലേക്കുള്ള പുനഃസ്ഥാപനം യേശുവിലും പുനരുത്ഥാനത്തിലുമുള്ള വിശ്വാസം വർദ്ധിക്കാൻ ഉതകി. (യോഹന്നാൻ 11:41, 42; 12:9-11, 17-19) അത് പുനരുത്ഥാനം നിർവഹിക്കാനുള്ള യഹോവയുടെയും അവന്റെ പുത്രന്റെയും സന്നദ്ധതയെയും ഹൃദയസ്പർശിയായ ഒരു വിധത്തിൽ വെളിപ്പെടുത്തുന്നു.
‘ദൈവത്തിന് ഒരു ആകാംക്ഷയുണ്ടായിരിക്കും’
ലാസറിന്റെ മരണത്തോടുള്ള യേശുവിന്റെ പ്രതികരണം ദൈവപുത്രന്റെ വളരെ സ്നേഹമസൃണമായ ഒരു വശത്തെ വെളിപ്പെടുത്തുന്നു. ഈ അവസരത്തിലെ അവന്റെ അഗാധമായ വികാരങ്ങൾ മരിച്ചവരെ പുനരുത്ഥാനപ്പെടുത്താനുള്ള അവന്റെ ശക്തമായ ആഗ്രഹത്തെ വ്യക്തമായി സൂചിപ്പിക്കുന്നു. നാം ഇങ്ങനെ വായിക്കുന്നു: “മറിയ യേശു നിന്നിരുന്നടത്ത് വന്നെത്തുകയും അവനെ കാണുകയും ചെയ്തപ്പോൾ അവന്റെ കാൽക്കൽ വീണുകൊണ്ട് അവനോടു പറഞ്ഞു: ‘കർത്താവേ, നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു.’ അതുകൊണ്ട് യേശു അവൾ കരയുന്നതും അവളോടുകൂടെ വന്ന യഹൂദൻമാർ കരയുന്നതും കണ്ടപ്പോൾ ആത്മാവിൽ ഞരങ്ങുകയും അസ്വസ്ഥനാകുകയും ചെയ്തു; അവൻ പറഞ്ഞു: ‘നിങ്ങൾ അവനെ എവിടെ വെച്ചിരിക്കുന്നു?’ ‘കർത്താവേ, വന്നുകാണുക’ എന്ന് അവർ അവനോടു പറഞ്ഞു. യേശു കണ്ണുനീർ പൊഴിച്ചു. ആകയാൽ യഹൂദൻമാർ ‘കാൺമിൻ, അവന് അവനോട് എന്തു പ്രിയമുണ്ടായിരുന്നു!’ എന്ന് പറഞ്ഞുതുടങ്ങി.”—യോഹന്നാൻ 11:32-36.
യേശുവിന്റെ ഹൃദയംഗമമായ സഹതാപം മൂന്നു മൊഴികളാൽ ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു: “ഞരങ്ങി,” “അസ്വസ്ഥനായി,” “കണ്ണുനീർ പൊഴിച്ചു.” ഈ ഹൃദയസ്പർശിയായ രംഗം രേഖപ്പെടുത്തുന്നതിന് അപ്പോസ്തലനായ യോഹന്നാൻ ഉപയോഗിച്ച മൂല ഭാഷാപദങ്ങൾ യേശു വികാരവിവശനായ അളവിനെ സൂചിപ്പിക്കുന്നു.
“ഞരങ്ങി” എന്ന് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക് പദം വേദനാകരമായി അഥവാ അഗാധമായി വികാരതരളിതനാകുന്നതിനെ അർത്ഥമാക്കുന്ന ഒരു ക്രിയയിൽനിന്നുള്ളതാണ്. (എംബ്രിമാവോമായ്) ബൈബിൾഭാഷ്യകാരനായ വില്യം ബർക്ലേ ഇങ്ങനെ കുറിക്കൊള്ളുന്നു: “സാധാരണ പുരാണഗ്രീക്കിൽ [എംബ്രിയോമായ്-യുടെ] ഉപയോഗം ഒരു കുതിര മൂക്കുറയിടുന്നതിനാണ്. ഇവിടെ യേശുവിനെ വളരെ അഗാധമായ വികാരം ബാധിച്ചതിനാൽ അവന്റെ ഹൃദയത്തിൽനിന്ന് അനിച്ഛാപരമായി ഒരു ഞരക്കം വന്നുവെന്നുമാത്രമേ അർത്ഥമാക്കാൻ കഴിയൂ.”
“അസ്വസ്ഥനായി” എന്ന പദപ്രയോഗം പ്രക്ഷുബ്ധതയെ സൂചിപ്പിക്കുന്ന ഒരു ഗ്രീക്ക് പദത്തിൽനിന്ന് (ററാറാസോ) വരുന്നു. ദി ന്യൂ തായേഴ്സ് ഗ്രീക്ക് ഇംഗ്ലീഷ് ലക്സിക്കൻ ഓഫ് ദ ന്യൂ റെറസ്ററമെൻറ് പറയുന്നതനുസരിച്ച് അതിന്റെ അർത്ഥം “ഒരുവനിൽ ആന്തരിക കലക്കം ഉണ്ടാക്കുക . . . വലിയ വേദനയോ സങ്കടമോ ബാധിക്കുക” എന്നാണ്. “കണ്ണുനീർ പൊഴിക്കുക” എന്ന പദപ്രയോഗം “കണ്ണുനീർ വാർക്കുക, മൗനമായി കരയുക” എന്നർത്ഥമുള്ള ഒരു ഗ്രീക്ക് പദത്തിൽനിന്ന് (ഡാക്രിയൊ) വരുന്നു. ഇത് യോഹന്നാൻ 11:33-ൽ പറഞ്ഞിരിക്കുന്ന മറിയയുടെയും അവളോടുകൂടെയുണ്ടായിരുന്ന യഹൂദൻമാരുടെയും “കരച്ചിലി”ൽനിന്ന് വ്യത്യസ്തമായിരുന്നു. അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ (ക്ലായ്യോ) അർത്ഥം കേൾക്കാവുന്നതുപോലെ അഥവാ ഉച്ചത്തിൽ കരയുക എന്നാണ്.c
അപ്പോൾ യേശു അവന്റെ പ്രിയ സുഹൃത്തായിരുന്ന ലാസറിന്റെ മരണത്താലും ലാസറിന്റെ സഹോദരി കരയുന്നതു കണ്ടതിനാലും ആഴമായി വികാരതരളിതനായി. യേശുവിന്റെ ഹൃദയം വളരെ വികാരനിർഭരമായതുകൊണ്ട് അവന്റെ കണ്ണുകൾ സജലങ്ങളായി. യേശു നേരത്തെ വേറെ രണ്ടുപേരെ ജീവനിലേക്ക് തിരികെ വരുത്തിയിരുന്നുവെന്നതാണ് വളരെ പ്രസ്താവ്യമായിരിക്കുന്നത്. ഈ സന്ദർഭത്തിൽ ലാസറിന്റെ കാര്യത്തിൽ അതുതന്നെ ചെയ്യാൻ അവൻ പൂർണ്ണമായും ഉദ്ദേശിച്ചിരുന്നു. (യോഹന്നാൻ 11:11, 23, 25) എന്നിട്ടും അവൻ “കണ്ണുനീർ പൊഴിച്ചു.” ആ സ്ഥിതിക്ക് മനുഷ്യരെ ജീവനിലേക്ക് പുനഃസ്ഥാപിക്കുകയെന്നത് യേശുവിന് കേവലം ഒരു നടപടിക്രമം അല്ലായിരുന്നു. ഈ സന്ദർഭത്തിൽ പ്രത്യക്ഷമായ അവന്റെ മൃദുലവും അഗാധവുമായ വികാരങ്ങൾ പാപത്തിന്റെ കെടുതികൾക്കു പരിഹാരമുണ്ടാക്കാനുള്ള അവന്റെ ശക്തമായ ആഗ്രഹത്തെ വ്യക്തമായി സൂചിപ്പിക്കുന്നു.
യേശു ‘യഹോവയാം ദൈവത്തിന്റെ അസ്തിത്വത്തിന്റെ തന്നെ കൃത്യമായ പ്രതിനിധാന’മായതുകൊണ്ട് നമ്മുടെ സ്വർഗ്ഗീയപിതാവിൽനിന്ന് നാം ഉചിതമായി കുറച്ചല്ല പ്രതീക്ഷിക്കുന്നത്. (എബ്രായർ 1:3) പുനരുത്ഥാനം നിർവഹിക്കാനുള്ള യഹോവയുടെ സ്വന്തം സന്നദ്ധതയെക്കുറിച്ച് വിശ്വസ്ത മനുഷ്യനായിരുന്ന ഇയ്യോബ് ഇങ്ങനെ പറഞ്ഞു: “ശരീരശേഷിയുള്ള ഒരു മനുഷ്യൻ മരിക്കുന്നുവെങ്കിൽ അവന് വീണ്ടും ജീവിക്കാൻ കഴിയുമോ? . . . നീ വിളിക്കും, ഞാൻതന്നെ നിനക്ക് ഉത്തരംനൽകും. നിന്റെ കൈകളുടെ പ്രവൃത്തിയോട് നിനക്ക് ഒരു ആകാംക്ഷയുണ്ടായിരിക്കും.” (ഇയ്യോബ് 14:14, 15) “നിനക്ക് ഒരു ആകാംക്ഷയുണ്ടായിരിക്കും” എന്ന് വിവർത്തനംചെയ്തിരിക്കുന്ന മൂലഭാഷാപദം ആത്മാർത്ഥമായ വാഞ്ഛയേയും ആഗ്രഹത്തെയും സൂചിപ്പിക്കുന്നു. (ഉല്പത്തി 31:30; സങ്കീർത്തനം 84:2) യഹോവ പുനരുത്ഥാനത്തിനുവേണ്ടി അത്യധികം പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാണ്.
നമുക്ക് യഥാർത്ഥത്തിൽ പുനരുത്ഥാനവാഗ്ദാനം വിശ്വസിക്കാൻ കഴിയുമോ? ശരി, യഹോവയും അവന്റെ പുത്രനും അതു നിറവേററാൻ സന്നദ്ധരും പ്രാപ്തരുമാണെന്നുള്ളതിന് സംശയമില്ല. നിങ്ങളെ സംബന്ധിച്ച് ഇത് എന്തർത്ഥമാക്കുന്നു? ഇവിടെ ഭൂമിയിൽത്തന്നെ സമാധാനപൂർണ്ണമായ അവസ്ഥകളിൽ നിങ്ങളുടെ മരിച്ച പ്രിയപ്പെട്ടവരുമായി വീണ്ടും കൂടിച്ചേരാനുള്ള പ്രത്യാശ നിങ്ങൾക്കുണ്ട്!
(മുൻ ലേഖനത്തിൽ പറഞ്ഞ) റോബർട്ടായുടെ ഇപ്പോഴത്തെ പ്രത്യാശ അതാണ്. അവളുടെ അമ്മ മരിച്ച ശേഷം പല വർഷങ്ങൾ കഴിഞ്ഞ് ബൈബിളിന്റെ സൂക്ഷ്മമായ ഒരു പഠനം നടത്തുന്നതിന് യഹോവയുടെ സാക്ഷികൾ അവളെ സഹായിച്ചു. അവൾ അനുസ്മരിക്കുന്നു: “പുനരുത്ഥാനപ്രത്യാശയെക്കുറിച്ച് മനസ്സിലാക്കിയശേഷം ഞാൻ കരഞ്ഞു. ഞാൻ എന്റെ അമ്മയെ വീണ്ടും കാണുമെന്നറിയുന്നത് അത്ഭുതകരമാണ്.” നിങ്ങളുടെ ഹൃദയം പ്രിയപ്പെട്ട ഒരാളെ വീണ്ടും കാണാൻ സമാനമായി കാംക്ഷിക്കുന്നുവെങ്കിൽ ഈ അത്ഭുതകരമായ പ്രത്യാശയെക്കുറിച്ച് കൂടുതൽ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുമെന്നുള്ളതിന് സംശയമില്ല. (w90 5⁄1)
[അടിക്കുറിപ്പുകൾ]
a 23-28 പേജിലെ “നിത്യജീവനുവേണ്ടി വിശ്വാസം പ്രകടമാക്കുക” (ഇംഗ്ലീഷ്) എന്ന ലേഖനം കാണുക.
b യേശു യോഹന്നാൻ 5:28, 29-ൽ രേഖപ്പെടുത്തപ്പെട്ട വാഗ്ദാനം നൽകിയതിനും ലാസറിന്റെ മരണത്തിനും ശേഷം കടന്നുപോയ കാലത്ത് യേശു നയീനിലെ വിധവയുടെ പുത്രനെയും യായിറോസിന്റെ പുത്രിയെയും ഉയർപ്പിച്ചു.—ലൂക്കോസ് 7:11-17; 8:40-56.
c വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകത്തിലെ “അത്ഭുതങ്ങൾ—അവ യഥാർത്ഥത്തിൽ സംഭവിച്ചോ?” എന്ന 6-ാം അദ്ധ്യായം കാണുക.
രസാവഹമായി, കേൾക്കാവുന്നതുപോലെ കരയുന്നതിനുള്ള ഗ്രീക്ക്പദം (ക്ലായ്യോ) യേശു യരൂശലേമിന്റെ വരാനിരുന്ന നാശത്തെക്കുറിച്ച് മുൻകൂട്ടിപ്പറഞ്ഞ അവസരത്തിൽ അവനെക്കുറിച്ച് ഉപയോഗിച്ചിരിക്കുന്നു. ലൂക്കോസിന്റെ വിവരണം പറയുന്നു: “അവൻ അടുത്ത് എത്തിയപ്പോൾ, അവൻ നഗരത്തെ [യരൂശലേമിനെ] വീക്ഷിക്കുകയും അതിനെപ്രതി കരയുകയും ചെയ്തു.”—ലൂക്കോസ് 19:41.
[5-ാം പേജിലെ ചിത്രം]
യായിറോസിന്റെ മകളെ യേശു ഉയർപ്പിച്ചത് മരിച്ചവരുടെ ഭാവിപുനരുത്ഥാനത്തിലുള്ള വിശ്വാസത്തിന് അടിസ്ഥാനം നൽകുന്നു
[6-ാം പേജിലെ ചിത്രം]
ലാസറിന്റെ മരണത്തിൽ യേശു ആഴമായി വികാരാധീനനായി
[7-ാം പേജിലെ ചിത്രം]
പുനരുത്ഥാനം നേരിൽ കാണുന്നവരുടെ സന്തോഷം നയീനിലെ വിധവയുടെ മരിച്ച പുത്രനെ യേശു ഉയർപ്പിച്ചപ്പോഴത്തെ അവളുടെ സന്തോഷംപോലെയായിരിക്കും