അന്ത്യനാളുകൾ ക്ഷാമം, പ്ലേഗ്, മലിനീകരണം—രാജ്യപ്രസംഗം
“വിശപ്പ് മറെറാരു രൂപത്തിൽ വരുന്നു. അത് 70 കോടിയിൽപരമാളുകൾക്ക് അനുഭവപ്പെടുന്ന ദിവസേനയുള്ള വിശപ്പാണ്. . . ഓരോ വർഷവും ഏറെയും അദൃശ്യമായ വിശപ്പ് 18 മുതൽ 20 വരെ ദശലക്ഷം പേരെ കൊല്ലുന്നു—രണ്ടാം ലോകമഹായുദ്ധകാലത്ത് ഓരോ വർഷവും മരിച്ച വരുടെ ഇരട്ടിയിലധികം.”—ഫ്രാൻസസ് മൂർ ലാപ്പെയും ജോസഫ് കോളിൻസും രചിച്ച ലോകവിശപ്പ്—12 മിത്തുകൾ.
യേശു മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ, നമ്മുടെ തലമുറയിലും ക്ഷാമങ്ങളും ഭക്ഷ്യദൗർലഭ്യങ്ങളും ഉണ്ടായിട്ടുണ്ട്, എന്നാൽ ചില കേസുകളിൽ മുൻതലമുറകളിലേതിനോളം ന്യായീകരണമില്ലാതെയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ആധുനികസാങ്കേതികശാസ്ത്രവും വാർത്താവിനിമയത്തിന്റെയും ഗതാഗതത്തിന്റെയും രീതികളും ക്ഷാമത്തെ ഒരു കഴിഞ്ഞകാല സംഗതിയാക്കേണ്ടതായിരുന്നു. എന്നിരുന്നാലും, ഭൂവുടമകളും രാജ്യതന്ത്രജ്ഞൻമാരും ദരിദ്രരുടെയും ഭൂരഹിതരുടെയും ദുരിതം ഗണ്യമാക്കാതെ ആളുകളെ കരുവാക്കിയിരിക്കുന്നു.
വിശപ്പും ക്ഷാമവും ആഫ്രിക്കയെ തുടർന്നും ബാധിക്കുകയാണ്. 1987 സെപ്ററംബറോളം അടുത്ത കാലത്ത് എത്യോപ്യാ വീണ്ടും “ആ ദരിദ്ര ആഫ്രിക്കൻരാജ്യത്ത് വിശപ്പു സത്വരം പരന്നപ്പോൾ” നിരോധനത്തിൻകീഴിലായിരുന്നുവെന്ന് ദി ന്യൂയോർക്ക് റൈറസ് റിപ്പോർട്ടുചെയ്തു. എത്യോപ്യയിലെ മുൻ ക്ഷാമാശ്വാസ തലവൻ ഇങ്ങനെ പ്രസ്താവിച്ചു: “ഇപ്പോൾ ക്ഷാമം ബാധിച്ചിരിക്കുന്ന ഏതാണ്ട് അമ്പതുലക്ഷമാളുകളുണ്ടെന്ന് തോന്നുന്നു, അത് എത്ര വഷളായേക്കാമെന്ന് ഞങ്ങൾക്കറിയില്ല.”
അതേസമയം, വിസ്തൃതമായ ഇൻഡ്യാ ഉപഭൂഖണ്ഡത്തിലെ റിപ്പോർട്ടുകൾ വരൾച്ചയാൽ വരുത്തപ്പെട്ട രൂക്ഷമായ മറെറാരു ചിത്രം വരച്ചുകാട്ടി: “ദേശീയ കാർഷിക സ്റേറററ് മിനിസ്ററർ ഇങ്ങനെ പറഞ്ഞു: “നമ്മുടെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 60 ശതമാനം ഈ വരൾചയാൽ ദ്രോഹിക്കപ്പെടും.” “ഈ സംഖ്യ മുൻസംഖ്യകളെക്കാൾ വളരെ ഉയർന്നതാണെന്നും 78 കോടി വരുന്ന ജനസംഖ്യയിൽ 47 കോടിയും ബാധിക്കപ്പെട്ടെന്ന് അതർത്ഥമാക്കിയെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു. നമുക്ക് യഥാർത്ഥത്തിൽ ആ സംഖ്യകളെയും മനുഷ്യകുടുംബത്തിൻമേലുള്ള അതിന്റെ ഫലത്തെയും ഗ്രഹിക്കാനും ഉൾക്കൊള്ളാനും കഴിയുമോ?
ക്ഷാമങ്ങളുടെയും പ്രളയങ്ങളുടെയും വരൾചയുടെയും നിരന്തര ആവർത്തനത്തോട്, രണ്ടു ലോകയുദ്ധകാലത്ത് വിശപ്പിന്റെ രൂപത്തിൽ ഒടുക്കിയ വിലയും അതിന്റെ പരിണതഫലവും കൂട്ടുക. 1945-46-ലെ സാഹചര്യത്തെക്കുറിച്ച് എഴുതിയ ഒരാൾ റിപ്പോർട്ടുചെയ്തതുപോലെ: “യുദ്ധത്തിന്റെ ഒരു പരിണതഫലമെന്ന നിലയിൽ ലോകവ്യാപകമായ ഭക്ഷ്യദൗർലഭ്യമുണ്ടായി, യൂറോപ്പിലുടനീളം നിലവിലിരുന്ന സാഹചര്യം. . . വിപൽക്കരമായിരുന്നു. റഷ്യയുടെയും റുമേനിയായുടെയും ഭാഗങ്ങളിൽ പെട്ടെന്നുതന്നെ ഗുരുതരമായ ക്ഷാമം വരാനിരിക്കുകയായിരുന്നു. ഗ്രീസിൽ ആയിരക്കണക്കിനാളുകൾ പട്ടിണികിടന്നു മരിക്കാനും പോകുകയായിരുന്നു. ബ്രിട്ടനിൽപോലും രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി റൊട്ടിക്ക് റേഷൻ ഏർപ്പെടുത്തി.”
അതെ, ക്ഷാമത്തിന്റെ കറുത്ത കുതിര വായുവിൽ ഒരു ത്രാസ്സ് ആട്ടിക്കൊണ്ടിരിക്കുന്ന അതിന്റെ സവാരിക്കാരൻസഹിതം രാഷ്ട്രങ്ങളിലൂടെ പാഞ്ഞിരിക്കുന്നു, ഇപ്പോഴും മനുഷ്യവർഗ്ഗത്തിൻമീതെ കുതിക്കുകയുമാണ്.—വെളിപ്പാട് 6:5, 6.
പകർച്ചവ്യാധിയും പ്ലേഗും
അന്ത്യനാളുകളുടെ അടയാളത്തിന്റെ ഒരു ഭാഗം “പകർച്ചവ്യാധികൾ” ആയിരിക്കുമെന്ന് യേശു പ്രവചിച്ചു. (ലൂക്കോസ് 21:11) നമ്മുടെ 20-ാം നൂററാണ്ട് അതിന്റെ പകർച്ചവ്യാധിയുടെയും പ്ലേഗിന്റെയും പങ്ക് അനുഭവിച്ചിട്ടുണ്ടോ? ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ പ്രഹരിച്ചതും 2 കോടി ജീവൻ കെടുത്തിക്കളഞ്ഞതുമായ സ്പാനീഷ് ഫ്ളൂവിൽ തുടങ്ങി മനുഷ്യവർഗ്ഗം മുൻതലമുറകളിലെപ്പോലെ രോഗങ്ങളാൽ കഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ ഈ അന്ത്യനാളുകളിലെ സയൻസിന്റെയും വൈദ്യശാസ്ത്രത്തിന്റെയും പുരോഗതിയുണ്ടായിട്ടും രോഗികളുടെയും മരിക്കുന്നവരുടെയും സംഖ്യ ഓരോ വർഷവും ദശലക്ഷക്കണക്കിനാണ്.
സമ്പൽസമൃദ്ധമായ പാശ്ചാത്യലോകത്തിൽ കാൻസറിനും ഹൃദ്രോഗത്തിനും എയിഡ്സിനും വേണ്ടി ഫണ്ടിനും പ്രതിവിധിക്കുമുള്ള നിരന്തര അഭ്യർത്ഥനകൾ നാം കേൾക്കുന്നു. ഈ രോഗങ്ങളാലും മററു രോഗങ്ങളാലും ശതസഹസ്രങ്ങൾ ഓരോ വർഷവും മരിക്കുന്നുണ്ടെന്നുള്ളത് സത്യംതന്നെ. ആഫ്രിക്കയിലും ഏഷ്യയിലും ലാററിൻ അമേരിക്കയിലും ഓരോ വർഷവും ദശലക്ഷങ്ങളെ തുടച്ചുനീക്കുന്ന രോഗങ്ങളുണ്ട്.
ആരോഗ്യമരീചിക എന്ന തന്റെ പുസ്തകത്തിൽ റെനി ഡൂബോസ് ഇങ്ങനെ എഴുതി: “മലേറിയാ, മററ് പ്രോട്ടോസോവാ അണുബാധകൾ, പുഴുസംക്രമണങ്ങൾ എന്നിവയാണ് മിക്ക അൽപ്പവികസിത പ്രദേശങ്ങളിലെയും ശരീരശാസ്ത്രപരവും സാമ്പത്തികവുമായ ദുരിതത്തിന് കാരണം.” തൽഫലമായി, ഏഷ്യയിലും ആഫ്രിക്കയിലും ലാററിൻ അമേരിക്കയിലും ദശലക്ഷക്കണക്കിന് മനുഷ്യർ ഓരോവർഷവും കൊക്കപ്പുഴുരോഗം ആഫ്രിക്കൻനിദ്രാരോഗം അല്ലെങ്കിൽ മലേറിയാ എന്നിവയാൽ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്യുന്നു.” ഈ രോഗങ്ങളാലുള്ള ദുരിതം അവ മൂലം മരിക്കുന്നവരുടെ എണ്ണത്താൽ മാത്രം അളക്കപ്പെടുന്നില്ല. ഡൂബോസ് പ്രസ്താവിക്കുന്നു: “സൂക്ഷ്മാണുക്കളാലുള്ള രോഗങ്ങൾ ജയിച്ചടക്കപ്പെട്ടിട്ടില്ല.”
ഡൂബോസ് തുടരുന്നു: “ഇതിൽനിന്നു വ്യത്യസ്തമായി, [വെള്ളക്കാരന്റെ] സ്വാർത്ഥത അവന്റെ സ്വന്തം ക്ഷേമത്തോടു ബന്ധപ്പെട്ട ഏതു കണ്ടുപിടുത്തത്തിനും ശാസ്ത്രീയ പകിട്ടുകൊടുപ്പിക്കുന്നു.” അങ്ങനെ, പാശ്ചാത്യലോകത്തിൽ ഊന്നൽ കൊടുക്കുന്നത് കാൻസറിനും ഹൃദ്രോഗത്തിനുമാണ്—ലൈംഗികമായി പകരുന്ന രോഗങ്ങളെയും മറക്കാവുന്നതല്ല. ഐക്യനാടുകളിൽതന്നെ വർഷംതോറും ഉഷ്ണപ്പുണ്ണിന്റെ ഏകദേശം മുപ്പതുലക്ഷം പുതിയ കേസുകളുണ്ടാകുന്നുവെന്ന് ഒരു മെഡിക്കൽമാസിക പ്രസ്താവിക്കുന്നു.
നാം വികസിതലോകത്തു പരിശോധിച്ചാലും അൽപ്പവികസിതലോകത്തു പരിശോധിച്ചാലും വെളിപ്പാടിലെ നാലാമത്തെ കുതിരയായ, ‘മരണത്തിന്റെയും മാരകമായ പ്ലേഗിന്റെയും മഞ്ഞക്കുതിര’യുടെ തെളിവു നാം കാണുന്നുണ്ട്.—വെളിപ്പാട് 6:8.
ഭൂമിയെ നശിപ്പിക്കുന്നു
മനുഷ്യൻ ഒരു ലോകതോതിൽ മലിനീകരണവും ചൂഷണവും അവഗണനയും വനനശീകരണവും മുഖേന ലോലമായ, അവന്റെ സ്വന്തം ജീവമണ്ഡലത്തിലെ പ്രകൃതിപരമായ സന്തുലനത്തെ ഇപ്പോൾത്തന്നെ പാഴാക്കുകയും നശിപ്പിക്കുകയുമാണ്.
അമ്ലമഴ അല്ലെങ്കിൽ കൽക്കരിയൊ എണ്ണയോ കത്തുന്ന ഊർജ്ജനിലയങ്ങളിൽനിന്നു പുറന്തള്ളപ്പെടുന്ന ഉൽപ്പന്നങ്ങളുമായി (നൈട്രജൻ ഓക്സൈഡുകളും ഗന്ധകവും) മഴയും മഞ്ഞും കലരുന്നതുനിമിത്തമുള്ള അവക്ഷേപണം ഉത്തരാർദ്ധഗോളത്തിലെ കുളങ്ങളെയും വനങ്ങളെയും ബാധിക്കുന്നു. ഭൂമി എന്ന പുസ്തകത്തിന്റെ എഴുത്തുകാർ പ്രസ്താവിക്കുന്നതുപോലെ: “അമ്ല അവക്ഷേപണത്തിന്റെ ഒരു ഫലം, ന്യൂ ഇംഗ്ലണ്ട് സ്കാൻഡിനേവിയാ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ അനേകം കുളങ്ങൾ ജീവശാസ്ത്രപരമായി സമ്പന്നവും ഉൽപാദകവുമായിരുന്ന ആവാസവ്യവസ്ഥകളിൽനിന്ന് ദരിദ്രവും ചിലപ്പോൾ ഫലത്തിൽ മൃതവുമായ ജലാശയങ്ങളായി മാററപ്പെട്ടിരിക്കുന്നുവെന്നതാണ്. ഉദാഹരണത്തിന്, ആദിരോന്താക്ക്സിലെ നൂറുകണക്കിനു കുളങ്ങളിലെ മത്സ്യങ്ങളെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു, ഏതാണ്ട് 50,000 കനേഡിയൻ കുളങ്ങൾ സമാനമായ വിധിയാൽ ഭീഷണിപ്പെടുത്തപ്പെടുകയാണ്.”
വനങ്ങളെ സംബന്ധിച്ചാണെങ്കിൽ, അനേകവും “വനമരണം” അനുഭവിക്കുകയാണ്. “‘വനമരണ’ത്തിന്റെ ലക്ഷണങ്ങൾ കിഴക്കൻ യൂറോപ്പിലെയും യു. എസ്. എസ്. ആറിലെയും ഇററലിയിലെയും സ്പെയിനിലെയും കാനഡായിലെയും ബ്രിട്ടനിലെയും അമേരിക്കയുടെ ഉത്തരമദ്ധ്യപൂർവപ്രദേശത്തിലെയും വനങ്ങളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.” അതേ എഴുത്തുകാർ തുടരുന്നു: “ഒരർത്ഥത്തിൽ, ഒരു അർദ്ധഗോളത്തിന്റെ അധികഭാഗത്തും (സാദ്ധ്യതയനുസരിച്ച് മറേറ അർദ്ധഗോളത്തിന്റെ ഭാഗങ്ങളിലും) വിഷം കലർത്തിക്കൊണ്ട് മനുഷ്യരാശി ഒരു വമ്പിച്ച പരീക്ഷണം നടത്തുകയാണ്, അനന്തരം എന്തു സംഭവിക്കുമെന്നു കാണാൻ കാത്തിരിക്കുകയാണ്.”
ജീവമണ്ഡലത്തിൻമേലുള്ള സമ്മർദ്ദം വഴങ്ങാത്ത മറെറാരു ഘടകത്താൽ വർദ്ധിക്കുകയാണ്—ലോകജനസംഖ്യ അടുത്ത കാലത്ത് അഞ്ഞൂറു കോടിയിൽ കവിഞ്ഞു. ജീവശാസ്ത്രജ്ഞരായ ആനിയും പോൾ ഏളിക്കും ഇങ്ങനെ പ്രസ്താവിക്കുന്നു: “ഫലത്തിൽ ഭൂമിയിലെ സകല ജീവരൂപങ്ങളും മനുഷ്യരുടെ വികസനത്താൽ കഷ്ടപ്പെടുകയാണ്.” മനുഷ്യൻ വികസിക്കുകയും ചൂഷണംചെയ്യുകയും ചെയ്യുന്നു. ഭാവി തലമുറകൾ സ്വയം പരിപാലിക്കേണ്ടതാണ്.
മമനുഷ്യന്റെ മനഃസാക്ഷിരഹിതമായ ദുരുപയോഗത്താൽ നദികൾ, കടലുകൾ, മഹാസമുദ്രങ്ങൾ എന്നീ വിഭവങ്ങൾ മലിനീകരിക്കപ്പെടുകയാണ്. ഉച്ഛിഷ്ടങ്ങളും എച്ചിലുകളും രാസദൂഷകങ്ങളും കടലുകളിലേക്ക് തള്ളുകയാണ്, അവ ഒരു പ്രാദേശിക എച്ചിൽസ്ഥലം, ഭൂജീവിതത്തിന്റെ ഒരു അനാവശ്യ അനുബന്ധം, ആണെന്നുള്ള മട്ടിൽത്തന്നെ.
അതുകൊണ്ട്, ഭൂമിയെ അക്ഷരീയമായി നശിപ്പിക്കാൻ കഴിവുണ്ടായിട്ടുള്ള മനുഷ്യചരിത്രത്തിലെ ആദ്യ തലമുറ ഇതാണ്. ഇപ്പോൾ ഇദംപ്രഥമമായി, ദൈവം “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും” എന്ന വെളിപ്പാട് 11:18-ലെ പ്രവചനത്തിന് നിവൃത്തിയുണ്ടാകാൻ കഴിയും. അത് “അന്ത്യകാല”ത്തിന്റെ സമാപ്തിയിങ്കൽ നടക്കേണ്ടതാണ്.—ദാനിയേൽ 12:4.
ഒരു അനുപമമായ മുന്നറിയിപ്പിൻവേല
ശ്രദ്ധേയമായ വിധത്തിൽ നിവർത്തിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ പ്രവചനത്തിന്റെ മറെറാരു വശമുണ്ട്. അവസാനം വരുന്നതിനുമുമ്പ് സകല രാഷ്ട്രങ്ങളിലും നിർവഹിക്കപ്പെടുന്ന ഒരു പ്രസംഗവേലയെക്കുറിച്ച്, ഒരു സാക്ഷീകരണവേലയെക്കുറിച്ച്, അവൻ മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:14; മർക്കോസ് 13:10) അത് 1914-ലെ തലമുറയുടെ ആയുഷ്ക്കാലത്തിനുള്ളിൽ നടത്തപ്പെടും. ഗതാഗതത്തിലും വാർത്താവിനിമയത്തിലും കമ്പ്യൂട്ടറുകളിലും അച്ചടിയിലുമുള്ള ആധുനികപുരോഗതി ഭൂമിയിലെങ്ങും ഏതാണ്ട് 200 ഭാഷകളിൽ തങ്ങളുടെ വിപുലമായ വിദ്യാഭ്യാസവേല വികസിപ്പിക്കാൻ യഹോവയുടെ സാക്ഷികളെ അനുവദിച്ചിരിക്കുന്ന ഈ ഇരുപതാംനൂററാണ്ടിൽമാത്രമേ അതു സാദ്ധ്യമായിട്ടുള്ളു.
ഇപ്പോൾ സാക്ഷികൾ വീക്ഷാഗോപുരം മാസിക 105 ഭാഷകളിൽ ഉൽപ്പാദിപ്പിക്കുന്നുണ്ട്! ഓരോ ലക്കത്തിന്റെയും 1 കോടി 30 ലക്ഷത്തിലധികം പ്രതികൾ വിതരണംചെയ്യപ്പെടുന്നു. നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന മാസിക 54 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു, ഓരോ ലക്കത്തിന്റെയും 1 കോടി 10 ലക്ഷത്തിൽപരം പ്രതികൾ അച്ചടിക്കപ്പെടുന്നു. മുപ്പത്തഞ്ചുലക്ഷത്തോളം സാക്ഷികൾ 212 രാജ്യങ്ങളിലെ തങ്ങളുടെ ശുശ്രൂഷയിൽ ദൈവരാജ്യസുവാർത്ത നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയാണ്.
ഈ അനുപമമായ വേല നിർവഹിക്കപ്പെടുന്നത് തന്റെ യഥാർത്ഥ അനുഗാമികൾക്കുണ്ടാകുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞ ലോകവ്യാപകപീഡനം ഗണ്യമാക്കാതെയാണ്. അതെ, ഒരു ലോകതോതിലുള്ള യഹോവയുടെ സാക്ഷികളുടെ പ്രവർത്തനവും അതിജീവനവും നാം അന്ത്യനാളുകളിലാണെന്നുള്ളതിന്റെ ജീവിക്കുന്ന തെളിവാണ്!—മർക്കോസ് 13:9, 10.
പാരമ്യം അടുത്തിരിക്കുന്നു
അങ്ങനെ യേശുവിന്റെ പ്രവചനത്തിന്റെ ആധുനികനിവൃത്തിയിൽ, ഈ സംഭവങ്ങളെല്ലാം യേശുവിന്റെ അദൃശ്യസാന്നിദ്ധ്യത്തിന്റെയും അന്ത്യനാളുകളുടെയും അഥവാ “വ്യവസ്ഥിതിയുടെ സമാപനത്തിന്റെ”യും ഒരു സംയുക്ത അടയാളമാണ്. (മത്തായി 24:3) (11-ാം പേജിലെ ചതുരം കാണുക.) അവ ഒരു ജിഗ്സോ പസിൽ പോലെ ഒന്നിച്ചുവരികയും “ഇവ ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളാകുന്നു” എന്നു പറയുന്ന ഒരു പൂർണ്ണചിത്രം അവതരിപ്പിക്കുകയുംചെയ്യുന്നു.—2 തിമൊഥെയോസ് 3:1-5, 12, 13 കൂടെ കാണുക.
യേശു മുൻകൂട്ടിപ്പറഞ്ഞ അവസ്ഥകളിൽ അനേകവും മുൻതലമുറകളിലും നിലവിലുണ്ടായിരുന്നുവെങ്കിലും മുമ്പൊരിക്കലും അവയെല്ലാം ചേർന്ന് ഒരു തലമുറയിൽ സംഭവിച്ചിട്ടില്ല. നാം കണ്ടുകഴിഞ്ഞതുപോലെ, ചിലത് മുൻതലമുറകളിലൊന്നും സംഭവിച്ചിട്ടില്ല, അവക്ക് സംഭവിക്കാനും കഴിയുമായിരുന്നില്ല. ചിലതിന് ഈ തലമുറ കടന്നുപോകുന്നതിനുമുമ്പ് പൂർണ്ണനിവൃത്തിയുണ്ടാകാനിരിക്കുകയുമാണ്. യഹോവയുടെ സാക്ഷികൾ വലിയ താൽപര്യത്തോടെ കാത്തിരിക്കുന്ന മററു സംഭവങ്ങളുമുണ്ട്. ആ സംഭവങ്ങൾ ദൈവം തന്റെ രാജ്യഭരണം ഈ ഭൂമിമേൽ വ്യാപിപ്പിക്കുന്നതിന്റെ നാന്ദിയാണ്. അതുകൊണ്ട് ഇപ്പോഴത്തെ ചോദ്യം അടുത്തതായി എന്ത്? എന്നതാണ്. (g88 4/8)
[7-ാം പേജിലെ ചതുരം]
നിങ്ങൾ എങ്ങനെ ഉത്തരം പറയും? 1914 മുതൽ. . .
1. ഏതു വലിയ യുദ്ധങ്ങൾ നടന്നിട്ടുണ്ട്?
2. നിങ്ങൾക്ക് വലിയ ഭൂകമ്പങ്ങൾ എത്രയെണ്ണം ഓർക്കാൻ കഴിയും?
3. മനുഷ്യവർഗ്ഗം ഏതെങ്കിലും വലിയ രോഗങ്ങളോ പ്ലേഗുകളോ അനുഭവിച്ചിട്ടുണ്ടോ?
4. ഏതു വലിയ ക്ഷാമങ്ങളും ഭക്ഷ്യദൗർലഭ്യങ്ങളും ലോകത്തെ ബാധിച്ചിട്ടുണ്ട്?
5. കള്ളപ്രവാചകൻമാരും കള്ള മശിഹാമാരും വന്നിട്ടുണ്ടോ?
6. വർദ്ധിച്ച അക്രമത്തിന്റെയും നിയമരാഹിത്യത്തിന്റെയും തെളിവുണ്ടോ?
7. സ്നേഹത്തിന്റെയും അയൽബന്ധത്തിന്റെയും ഒരു കുറവുണ്ടായിട്ടുണ്ടോ?
8. ലോകത്തിൽ സമാധാനം കൈവരുത്തുമെന്ന് ഏതെങ്കിലും സ്ഥാപനം അവകാശപ്പെട്ടിട്ടുണ്ടോ?
9. ജനതകളുടെ അതിവേദനയും ഭാവിയെക്കുറിച്ചുള്ള ഭയവുമുണ്ടോ?
10. ലോകവ്യാപകമായുള്ള ഒരു രാജ്യസാക്ഷീകരണവേലയുടെ തെളിവ് നിങ്ങൾ കാണുന്നുണ്ടോ?
(ഉത്തരങ്ങൾക്ക് പേജ് 11 കാണുക.)
[11-ാം പേജിലെ ചതുരം]
ഏഴാം പേജിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾa
1. മത്തായി 24:7—രണ്ടു ലോകയുദ്ധങ്ങൾ (1914-18; 1939-45); സ്പാനീഷ് സിവിൽവാർ (1936-39); കൊറിയൻയുദ്ധം; വിയററ്നാം യുദ്ധം; ഇറാക്ക്-ഇറാൻ; മദ്ധ്യപൂർവയുദ്ധങ്ങളും മററുള്ളവയും.
2. മത്തായി 24:7—ഭൂകമ്പങ്ങൾ: 1920-ഉം 1932-ഉം, കാൻസു, ചൈനാ, യഥാക്രമം 2,00,000-വും 70,000-വും പേർ മരിച്ചു; 1923, കാൻറോ, ജപ്പാൻ, 1,42,000 പേർ മരിച്ചു; 1935, ക്വെററാ, പാക്കിസ്ഥാൻ, 60,000 പേർ മരിച്ചു; 1939, ചില്ലേൻ, ചിലി, 30,000 മരിച്ചു; 1960, അഗാദിർ, മൊറോക്കോ, 12,000 മരിച്ചു; 1970, പെറു, 66,700 മരിച്ചു; 1972, മനാഗ്വാ, നിക്കരാഗ്വാ, 5,000 മരിച്ചു; 1976, ഗ്വാട്ടിമാലാനഗരം, ഗ്വാട്ടിമാല, 23,000 മരിച്ചു; 1976, ററാങ്ക്ഷൻ, ചൈനാ, 8,00,000 മരിച്ചു.
3. ലൂക്കോസ് 21:11—ഹൃദ്രോഗം; കാൻസർ; എയിഡ്സ്, റിവർ ബ്ലൈൻഡ്നസ്; മലേറിയാ; ലൈംഗികരോഗങ്ങൾ.
4. ലൂക്കോസ് 21:11—ക്താമം: 1920-21, വടക്കൻചൈനാ, കണക്കാക്കപ്പെട്ടപ്രകാരം 2 കോടിയെ ബാധിച്ചു; 1943-44, ഇൻഡ്യാ, 16,00,000 മരിച്ചു; 1967-69, നൈജീറിയാ, 15,00,000-ൽപരം കുട്ടികൾ മരിച്ചു; 1975-79, കംപൂച്ചിയാ, 10,00,000 മരണങ്ങൾ; 1883-87, ബ്ലാക്ക് ആഫ്രിക്കാ, 22 ദശലക്ഷം പേർ ബാധിക്കപ്പെട്ടു.
5. മത്തായി 24:11—കരിസ്മാററിക്ക് മതനേതാക്കൻമാർ, ററി.വി. മശിഹാമാർ, ഗുരുക്കൾ എന്നിവർ ദശലക്ഷങ്ങളെ വഴിതെററിക്കുന്നതിൽ തുടരുന്നു.
6. മത്തായി 24:12; 2 തിമൊഥെയോസ് 3:13—കുററകൃത്യം, അക്രമം, അപകൃത്യം, മയക്കുമരുന്നുദുരുപയോഗം എന്നിവ ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും പ്രബലപ്പെട്ടിരിക്കുന്നു. ലോക മയക്കുമരുന്നുവ്യാപാരം നിർദ്ദയരായ ഒരു ജാതി മയക്കുമരുന്നുമാടമ്പികളെയും കൊലയാളികളെയും ഉളവാക്കിയിരിക്കുന്നു.
7. മത്തായി 24:12—ഇപ്പോൾ വാതിലുകൾ അടച്ച് തഴുതിടുന്നു; സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് കടിക്കുന്ന പട്ടികളെ ഉപയോഗിക്കുന്നു; അയൽക്കാർ മിക്കപ്പോഴും അപരിചിതരാണ്.
8. വെളിപ്പാട് 17:3, 8-11—സർവരാജ്യസഖ്യവും ഐക്യരാഷ്ട്രങ്ങളും.
9. ലൂക്കോസ് 21:26—രണ്ടു ലോകമഹായുദ്ധങ്ങൾ അവർണ്ണനീയ ദുരിതവും വേദനയും വരുത്തിക്കൂട്ടി. 1945 മുതൽ നൂക്ലിയർവിനാശത്തിന്റെ ഭീഷണി സർവലോകത്തിലും ഭയവും മനോവേദനയും പരത്തിയിരിക്കുന്നു.
10. മത്തായി 24:14—മുപ്പത്തഞ്ചുലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ ഏതാണ്ട് 200 ഭാഷകളിൽ ‘ദൈവരാജ്യത്തിന്റെ സുവാർത്ത’ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു.
[അടിക്കുറിപ്പുകൾ]
a ഈ പട്ടിക സംഭവങ്ങളുടെ ഒരു സാമ്പിൾ നൽകുന്നു; ഇതു പൂർണ്ണമല്ല.
[10-ാം പേജിലെ ചിത്രങ്ങൾ]
ക്ഷാമം ഗോളത്തിന്റെ വലിയ ഭാഗങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്നു
മനുഷ്യൻ മറെറല്ലാ ജീവജാലങ്ങളുമായി പങ്കിട്ടനുഭവിക്കുന്ന ജീവമണ്ഡലത്തെ അവൻ മലിനീകരിക്കുകയാണ്
വിവിധരോഗങ്ങൾ ദശലക്ഷക്കണക്കിനാളുകളെ ബാധിക്കുന്നു
ലോകവ്യാപകമായി ഏതാണ്ട് 200 ഭാഷകളിൽ ഒരു അനുപമമായ മുന്നറിയിപ്പിൻവേല നടക്കുന്നു
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
FAO photo