മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 23: 1945 മുതൽ കണക്കുതീർക്കുന്നതിനുള്ള സമയം അടുത്തിരിക്കുന്നു
“ജനത്തിന്റെ സന്തുഷ്ടിക്കുള്ള ആദ്യ വ്യവസ്ഥ മതത്തിന്റെ ഉച്ചാടനമാണ്.”—കാൾ മാർക്സ്, 19-ാം നൂററാണ്ടിലെ ജർമ്മൻ സാമൂഹ്യശാസ്ത്രജ്ഞനും സാമ്പത്തികവിദഗ്ദ്ധനും
യഹൂദ റബ്ബിമാരായ പൂർവികർ കുടുംബത്തിന്റെ ഇരുപക്ഷങ്ങളിലും ഉണ്ടായിരുന്നിട്ടും കാൾമാക്സ് ആറാം വയസ്സിൽ ഒരു പ്രോട്ടസ്ററൻറുകാരനായി സ്നാപനമേററു. എന്നാൽ അദ്ദേഹം ചെറുപ്പമായിരുന്നപ്പോൾത്തന്നെ മതത്തിലും രാഷ്ട്രീയത്തിലും നിരാശിതനായി. മനുഷ്യവർഗ്ഗം എന്നെങ്കിലും സന്തുഷ്ടമാകണമെങ്കിൽ രണ്ടും കർശനമായ മാററങ്ങൾക്ക് വിധേയമാക്കപ്പെടണമെന്ന് അദ്ദേഹം വാദിച്ചു.
ബൈബിൾ ഇതിനോടു യോജിക്കുന്നു. എന്നാൽ മാർക്സ് നിർദ്ദേശിച്ച കർശനമായ മാററങ്ങൾ യഥാർത്ഥ അഭിവൃദ്ധി കൈവരുത്തിയില്ലെന്നിരിക്കെ, നമ്മുടെ തലമുറയിൽ നടക്കുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന മാററങ്ങൾ നിലനിൽക്കുന്ന വിജയകിരീടം ചൂടും. ഇതു സംബന്ധിച്ചു സംശയമുണ്ടായിരിക്കാവുന്നതല്ല.
വിശേഷിച്ച് 1914 മുതൽ വ്യാജമതത്തിന്റെ രക്തപാതകം അത്യുച്ച തലങ്ങളിലെത്തിയിരിക്കുകയാണ്. അന്നുമുതൽ വ്യാജമതം വർദ്ധിച്ചുവരുന്ന ഉദാസീനതയാൽ ബാധിക്കപ്പെടുകയും അതിന് ജനപിന്തുണയുടെ കുറവ് അനുഭവപ്പെടുകയും ചെയ്തിരിക്കുന്നു. (ഈ പരമ്പരയിലെ രണ്ട് മുൻലേഖനങ്ങൾ കാണുക) കടകവിരുദ്ധമായി യഥാർത്ഥ മതം വർഷംതോറും കൂടുതൽ ശ്രദ്ധേയമായി തഴച്ചുവളർന്നിരിക്കുന്നു.
എന്നാൽ ഇനിയും എന്താണ് വരാനിരിക്കുന്നത്? മതത്തിന്റെ കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടിൽ അതിന്റെ ഭാവി എന്താണ് എന്നു ചോദിക്കുന്നത് ഇപ്പോൾ മുമ്പെന്നത്തേതിലും ഉചിതമാണ്.
ബൈബിൾ എന്തു പറയുന്നു?
നമ്മുടെ പൊതുയുഗത്തിന്റെ ഒന്നാം നൂററാണ്ടിലെ സംഭവങ്ങൾ ഈ സംഗതി സംബന്ധിച്ച് വെളിച്ചം വീശുന്നു. വ്യാജമതം സ്വീകരിക്കുകനിമിത്തം ഇസ്രായേൽ ജനതക്കെതിരെയുള്ള ദൈവത്തിന്റെ ന്യായവിധിനിർവഹണത്തിൽ മൂർദ്ധന്യത്തിലെത്തുമെന്ന് മുൻകൂട്ടിപ്പറയപ്പെട്ട ഒരു ഭാവിയെ അത് അഭിമുഖീകരിച്ചു. എന്നാൽ സത്യമതം ആചരിച്ചവർക്ക് യഹൂദ വ്യവസ്ഥിതിയോടുകൂടെയുള്ള നാശത്തിൽനിന്ന് രക്ഷപ്പെടുന്നതിനുള്ള കരുതൽ ചെയ്യപ്പെട്ടു. യേശു തന്റെ ശിഷ്യൻമാരോട് ഇങ്ങനെ പറഞ്ഞു: “പാളയമടിച്ചിരിക്കുന്ന സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നത് നിങ്ങൾ കാണുമ്പോൾ അവളുടെ ശൂന്യമാക്കൽ അടുത്തിരിക്കുന്നുവെന്ന് അറിയുക. അപ്പോൾ യഹൂദ്യയിലുള്ളവർ പർവതങ്ങളിലേക്ക് ഓടിപ്പോകാൻ തുടങ്ങട്ടെ, അവളുടെ മദ്ധ്യേയുള്ളവർ പിൻമാറട്ടെ.”—ലൂക്കോസ് 21:20, 21.
ക്രി.വ. 66-ൽ റോമൻ സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞു. നഗരം നാശത്തിനു വിധിക്കപ്പെട്ടതായി തോന്നി. എന്നാൽ പെട്ടെന്ന് സൈന്യങ്ങൾ പിൻമാറുകയും ക്രിസ്ത്യാനികൾക്ക് സുരക്ഷിതസ്ഥാനത്തേക്ക് ഓടിപ്പോകുന്നതിനുള്ള ഒരു അവസരം പ്രദാനംചെയ്യുകയും ചെയ്തു. വിശ്വാസത്യാഗിയായിരുന്ന ഇസ്രായേൽ ശിക്ഷയിൽനിന്ന് ഒഴിഞ്ഞുപോയി എന്ന ഏതു ആശയവും നാലു വർഷം കഴിഞ്ഞ് റോമാക്കാർ തിരിച്ചുവരുകയും വീണ്ടും നഗരത്തെ ഉപരോധിക്കുകയും ഒടുവിൽ അതിനുള്ളിലുണ്ടായിരുന്നവർക്ക് ഭീതിജനകമായ ജീവനഷ്ടം വരുത്തിക്കൊണ്ട് അതിനെ കീഴടക്കുകയും ചെയ്തപ്പോൾ അടങ്ങി. മൂന്നു വർഷം കഴിഞ്ഞ് അവസാനത്തെ യഹൂദ കോട്ടയായിരുന്ന മസാഡയും നിലംപതിച്ചു. എന്നിരുന്നാലും, വിശ്വസ്തക്രിസ്ത്യാനികൾ ആചരിച്ചിരുന്ന യഥാർത്ഥ മതം അതിജീവിച്ചു.
ഇപ്പോൾ നമ്മുടെ തലമുറയിൽ വ്യാജമതത്തിന്റെ മുഴു ലോകസാമ്രാജ്യവും വിപത്തിനെ അഭിമുഖീകരിക്കുകയാണ്. ഒരിക്കൽകൂടെ “പാളയമടിച്ചിരിക്കുന്ന സൈന്യങ്ങൾ” ദിവ്യ ന്യായവിധി നടത്താൻ ഒരുങ്ങുകയാണ്. പാക്സ് റൊമാനാ (റോമൻ സമാധാനം) നിലനിർത്താൻ ഉദ്ദേശിക്കപ്പെട്ടിരുന്ന ഒന്നാം നൂററാണ്ടിലെ റോമാ സൈന്യത്തെപ്പോലെ, ഇന്നത്തെ പാളയമടിച്ചിരിക്കുന്ന സൈന്യങ്ങളും ഒരു സമാധാനപാലന ഉപകരണമാണ്. യൂ.എൻ. അംഗരാഷ്ട്രങ്ങളുടെ ഇടയിലെ സൈന്യവൽകൃത ശക്തികളായിരിക്കും ആധുനികനാളിലെ യെരൂശലേമാകുന്ന ക്രൈസ്തവലോകവും മഹാബാബിലോനിലെ ശേഷിച്ച ഭാഗവുമായി ഒടുവിൽ കണക്കുതീർക്കുന്നതിനുള്ള യഹോവയുടെ ഉപകരണം.—വെളിപ്പാട് 17:7, 16.
ഇത് എപ്പോൾ സംഭവിക്കും? ഒന്നു തെസ്സലോനീക്യർ 5:3 ഉത്തരം നൽകുന്നു: “അവർ ‘സമാധാനവും നിർഭയവും’ എന്ന് പറയുന്നതെപ്പോൾത്തന്നെയായാലും അപ്പോൾ ഒരു ഗർഭിണിയുടെ കഠിനവേദനപോലെ പെട്ടെന്നുള്ള നാശം അവരുടെമേൽ ക്ഷണത്തിൽ വരേണ്ടതാണ്; അവർ യാതൊരു പ്രകാരത്തിലും രക്ഷപ്പെടുകയില്ല.”
“സാംക്രമിക സമാധാനം”
“സമാധാനം സർവത്ര പൊട്ടിവിടരുകയാണ്” എന്ന് മുൻ യു. എസ്. സെക്രട്ടറി ഓഫ് സ്റെറയ്ററ് ആയ ജോർജ്ജ് ഷുൽററ്സ് 1988-ൽ പറയുകയുണ്ടായി. ഒരു വിദേശനയ വിദഗ്ദ്ധൻ ഒരു “സംക്രമികസമാധാന”ത്തെക്കുറിച്ച് പറയുകയുണ്ടായി. കീർത്തിപ്പെട്ട ജർമ്മൻ വാരികയായ ഡൈ സീററ് ചോദിച്ചു: “ഇത്ര നന്നായി അനർത്ഥങ്ങൾ നിറഞ്ഞിരുന്ന ഒരു നൂററാണ്ടിൽ, അതിന്റെ അവസാന ദശകം നാശത്തിന്റെ അവസാനത്തെയും സമാധാനപരമായ നിർമ്മാണത്തിന്റെ ഒരു തുടക്കത്തെയും കുറിക്കാൻ ഇടയുണ്ടോ?” റൈറം മാസിക ഇങ്ങനെ പറഞ്ഞു: “ഇറാൻ-ഇറാക്കിലും കമ്പൂച്ചിയായിലും അഫ്ഗാനിസ്ഥാനിലും തെക്കെ ആഫ്രിക്കയിലും സെൻട്രൽ അമേരിക്കയിൽപോലും സമാധാനമുണ്ടാകാൻ സാദ്ധ്യത കാണുന്നു.”
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊൻപത് എന്ന വർഷത്തിലും സമാധാന സംസാരം നിറഞ്ഞിരുന്നു. ഫെബ്രുവരിയിൽ സിഡ്യൂഷെ സീററംഗ് എന്ന ജർമ്മൻ വർത്തമാനപ്പത്രം ഇങ്ങനെ മുഖപ്രസംഗമെഴുതി: “ഏതാണ്ട് 1985 മുതൽ നാം വൻശക്തികൾ തങ്ങളുടെ നഖങ്ങൾ അകത്തേക്കു വലിക്കുന്നതിലധികം ചെയ്തിരിക്കുന്ന ഒരു ദശാസന്ധിയിലാണ് ജീവിക്കുന്നത്. . . ഇന്നു വൻശക്തികൾ ഒരുമിച്ചുകൂടാത്ത ഒരു സ്ഥലം ഭൂമിയിൽ വിരളമാണ്. . . . എങ്ങനെയായാലും, മുമ്പൊരിക്കലും സൂചനകൾ ഇത്ര അനുകൂലമായിരുന്നിട്ടില്ല, ഇരു പക്ഷങ്ങളും ഇത്ര ഗൗരവത്തിലായിരുന്നിട്ടില്ല, തന്നിമിത്തം ഒരേ സമയത്തുതന്നെ ശരിയായ ദിശയിൽ അനേകം നടപടികൾ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.”
അടുത്ത കാലത്ത്, എട്ടു വർഷത്തോളം മുമ്പ്, കാര്യങ്ങൾ വളരെ ശോഭനമായി കാണപ്പെട്ടിരുന്നില്ല. “1983-ൽ ഉടനീളം ലോകത്തിനു ചുററുമുള്ള മതനേതാക്കൻമാർ ‘സമാധാനം, സമാധാനം’ എന്ന് മുറവിളിച്ചു, എന്നാൽ സമാധാനം ഉണ്ടായിരുന്നില്ല” എന്ന് പത്രപ്രവർത്തകനായ റോയി ലാഴ്സൻ പ്രസ്താവിച്ചു. അതിനുശേഷമുള്ള അതിശയിപ്പിക്കുന്ന ലോകസംഭവങ്ങൾ 1 തെസ്സലോനീക്യരിന്റെ നിവൃത്തിയാണോ? നമുക്കു പറയാൻ സാദ്ധ്യമല്ല. എന്നിരുന്നാലും 1991 ഡിസംബറിൽ “സമാധാനവും സുരക്ഷിതത്വവും” സാക്ഷാത്ക്കാരത്തോട് മുമ്പത്തേതിലും അടുത്തിരിക്കുന്നുവെന്ന് ഇന്ന് പ്രകടമാണ്.
കഠിനവേല ചെയ്യുന്ന മതനേതാക്കൻമാർ—എന്തിനുവേണ്ടി?
ലാഴ്സൺ പ്രകടമാക്കുന്നതുപോലെ, മത നേതാക്കൻമാർ സമാധാനം അന്വേഷിക്കുന്നതിൽ പ്രവർത്തനരഹിതരായിരുന്നിട്ടില്ല. 1983നെ സംബന്ധിച്ച തന്റെ വിലയിരുത്തൽ തുടർന്നുകൊണ്ട് അദ്ദേഹം മദ്ധ്യ അമേരിക്കയിലേക്കും കരീബിയനിലേക്കുമുള്ള ജോൺ പോൾ രണ്ടാമന്റെ “സമാധാന തീർത്ഥാടനത്തെക്കുറിച്ചു പറയുന്നു. കൂടാതെ ആ വർഷംതന്നെ കത്തോലിക്കാ ബിഷപ്പൻമാരുടെ യു.എസ്. നാഷനൽ കോൺഫറൻസ് “സമാധാന വെല്ലുവിളി” എന്ന പേരിലുള്ള ഒരു ഇടയലേഖനം അംഗീകരിച്ചു. അതിനുശേഷം താമസിയാതെ, 100 രാജ്യങ്ങളിലെ 300-ൽ അധികം സഭകളുടെ പ്രതിനിധികൾ സഭകളുടെ ലോക കൗൺസിലിന്റെ ആറാം പൊതു സമ്മേളനത്തിൽ കൂടിവരുകയും സമാനമായ ഒരു പ്രമേയം അംഗീകരിക്കുകയും ചെയ്തു. ലാഴ്സൺ “ആഗോള സമാധാനശ്രമം” എന്ന് വിളിച്ചതിൽ അനേകം പ്രോട്ടസ്ററൻറ് സുവിശേഷകൻമാരും ഉൾപ്പെട്ടിരുന്നു.
സഭകളുടെ ലോക കൗൺസിൽ 1948-ൽ സ്ഥാപിക്കപ്പെട്ടപ്പോഴും 1966-ലെ അതിന്റെ കോൺഫറൻസിലും നിർമ്മൂല നാശത്തിനുള്ള ആധുനിക ആയുധങ്ങളുടെ ഉപയോഗത്തെ ശക്തമായി അപലപിച്ചു. അതനുസരിച്ച്, ജർമ്മൻ പ്രോട്ടസ്ററൻറ് ദൈവശാസ്ത്രജ്ഞനായിരുന്ന ഹെൽമട്ട് ഗോൾവിററ്സറെപ്പോലെ ഡസൻകണക്കിന് വൈദികരും ദൈവശാസ്ത്രജ്ഞൻമാരും സമാധാനത്തിനുവേണ്ടി ആയുധമെടുത്തിരിക്കുന്നു. 1989 ജൂലൈയിൽ തന്റെ 80-ാം പിറന്നാളിൽ ഒരു സ്വിസ് പ്രോട്ടസ്ററൻറ് വാരിക അദ്ദേഹത്തെ “സമാധാനത്തിനുവേണ്ടി കഠിനയത്നം നടത്തുന്ന ഒരു “രാഷ്ട്രീയ പ്രവർത്തകനായ ഒരു ദൈവശാസ്ത്രജ്ഞൻ” എന്ന നിലയിൽ പ്രശംസിച്ചു. “അദ്ദേഹം തന്റെ പഠിപ്പിക്കലിനാലും രാഷ്ട്രീയ പ്രതിബദ്ധതയാലും അനേകം ദൈവശാസ്ത്രജ്ഞൻമാരെയും സഭക്കുള്ളിലെ സമാധാന പ്രസ്ഥാനത്തെയും സ്വാധീനിച്ചു.”
അങ്ങനെ, മഹാബാബിലോൻ സജീവമായി 1986-ലെ അന്തർദ്ദേശീയ സമാധാന വർഷത്തെ പിന്താങ്ങി, അതിനെ അങ്ങനെ നാമകരണംചെയ്തത് ഐക്യരാഷ്ട്ര സംഘടനയായിരുന്നു, അതിന്റെ ചാർട്ടർ “സാർവദേശീയ സമാധാനത്തെയും സുരക്ഷിതത്വത്തെയും നിലനിർത്താൻ” ആഹ്വാനംചെയ്യുന്നു. ആ വർഷം കത്തോലിക്കാ പാപ്പായും കാൻറർബറിയിലെ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പും ക്രിസ്ത്യാനികളെന്നവകാശപ്പെടുന്നവരും ബുദ്ധമതക്കാരും ഹിന്ദുക്കളും മുസ്ലീങ്ങളും ആഫ്രിക്കൻ ജീവവാദികളും അമേരിക്കൻ നാട്ടുകാരും (ഇൻഡ്യൻസ്) യഹൂദൻമാരും സിക്കുകാരും സൊരോഷ്ട്ര്യൻമാരും ഷിന്റോമതക്കാരും ജൈനമതക്കാരും ഉൾപ്പെടെ 700 മററു മതനേതാക്കൻമാരും സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ റോമിനു സമീപമുള്ള അസീസിയിൽ കൂടിവന്നു.
ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊൻപത് ജനുവരിയിൽ ആസ്ത്രേലിയാ സിഡ്നിയിലെ സണ്ടേ ടെലഗ്രാഫ് “ബുദ്ധമതത്തിലെയും ക്രിസ്തീയ, ഹിന്ദു, യഹൂദ, മുസ്ലീം, സിക്ക്, യൂണിറേററിയൻ, ബാഹായ്, കൊൺഫ്യൂഷൻ, ജെയ്ൻ, ഷിന്റോ, ററാൻ, രാജയോഗ, സൊരോഷ്ട്രിയൻ മതങ്ങളിലെയും അംഗങ്ങൾ” മതവും സമാധാനവും സംബന്ധിച്ച ലോകകോൺഫറൻസിന്റെ അഞ്ചാം സമ്മേളനത്തിൽ മെൽബോണിൽ ഒന്നിച്ചുകൂടി. അർത്ഥവത്തായി, “ഏതാണ്ട് 85 രാജ്യങ്ങളിൽനിന്നുള്ള 600-ൽ അധികം പ്രതിനിധികൾ മത ഭിന്നതകൾ വരുത്തിക്കൂട്ടിയ സംഘർഷങ്ങളെ യുദ്ധത്തിന്റെ മുഖ്യകാരണങ്ങളിലൊന്നായി ദീർഘനാൾ ദുർവിനിയോഗംചെയ്തിട്ടുണ്ടെന്ന് . . . സമ്മതിച്ചു.”
സമാധാനത്തിനുവേണ്ടിയുള്ള അന്വേഷണത്തിലെ മതത്തിന്റെ ഉൾപ്പെടൽ ഐക്യരാഷ്ട്രങ്ങളുടെ മുൻ സെക്രട്ടറി ജനറലായിരുന്ന ദാഗ് ഹാമർഷോൾഡ് ഒരിക്കൽ പറഞ്ഞതിനെ സ്ഥിരീകരിക്കുന്നു: “വിശ്വാസപ്രമാണമോ ആരാധനാരീതിയോ എന്തുതന്നെയായിരുന്നാലും ഭൂമിയിൽ സമാധാനം സ്ഥാപിക്കാനുള്ള സൻമനസ്സുള്ള സകല മനുഷ്യരുടെയും ശ്രമങ്ങളിലെ ഭാഗഭാക്കുകൾ എന്ന നിലയിൽ യു.എൻ. സംഘടനയും സഭകളും ഒത്തുചേർന്നുനിൽക്കുന്നു.”
എന്നിരുന്നാലും, മഹാബാബിലോനിന്റെ പ്രതിഷേധമാർച്ചുകളും അവളുടെ പരസ്യപ്രകടനങ്ങളും അവളുടെ രാഷ്ട്രീയകാര്യങ്ങളിലെ മതപരമായ ഇടപെടലിന്റെ കൂടുതൽ തന്ത്രപരമായ മററു രൂപങ്ങളും അവളുടെ നാശത്തിലേക്കു നയിക്കും.a ഇപ്പോൾത്തന്നെ അത് ഗണ്യമായ ഉരസലിനിടയാക്കിയിട്ടുണ്ട്, ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ഒരു കത്തോലിക്കാ ഡോമിനിക്കൻ സന്യാസിയായ ആൽബർട്ട് നോളൻ അടുത്ത കാലത്തു സമ്മതിച്ചുപറഞ്ഞതിങ്ങനെയാണ്, “ദൈവേഷ്ടത്തിനു ചേർച്ചയായി പോരാട്ടത്തിൽ ചേരുകയാണ് സമാധാനം നേടുന്നതിനുള്ള ഫലപ്രദമായ ഏക വഴി. . . . ആയുധകുറക്കൽ നേടുന്നതിന്, ഗവൺമെൻറുമായുള്ള പോരാട്ടങ്ങൾ മിക്കവാറും അനിവാര്യമാണ്.”
മഹാബാബിലോൻ സമാധാനത്തിനുവേണ്ടി മുറവിളിക്കുന്നതിൽ തുടരട്ടെ. പാപ്പാ ക്രിസ്മസിനും ഈസ്റററിനും തന്റെ പരമ്പരാഗത ഏർബി എററ് ഓർബി (നഗരത്തിനും [റോം] ലോകത്തിനും) അനുഗ്രഹം കൊടുക്കുന്നതിൽ തുടരട്ടെ. അദ്ദേഹം കഴിഞ്ഞ മെയ്യിൽ ചെയ്തതുപോലെ, രാഷ്ട്രീയ സംഘർഷങ്ങളുടെ ഇപ്പോഴത്തെ അയവ് “ക്രിസ്തീയ” പ്രാർത്ഥനകൾക്കുള്ള ദൈവത്തിന്റെ ഉത്തരമാണെന്ന് സങ്കൽപ്പിക്കുന്നതിൽ അദ്ദേഹം തുടരട്ടെ. വർദ്ധിച്ചുവരുന്ന സമാധാനവാക്കുകൾക്കും തനിക്ക് ദൈവാനുഗ്രഹം ഉണ്ടെന്നുള്ള സഗർവമായ അവകാശവാദത്തിനും മഹാബാബിലോനെ അവളുടെ രക്തപങ്കിലമായ ഭൂതകാലം സംബന്ധിച്ച് കുററവിമുക്തയാക്കാൻ കഴിയില്ല. മനുഷ്യർ തമ്മിലും മനുഷ്യരും ദൈവവും തമ്മിലുമുള്ള സമാധാനത്തിന് എന്നും സ്ഥിതിചെയ്തിരുന്ന വിലങ്ങുതടിയായി അത് അവളെ മുദ്രകുത്തുന്നു. മനുഷ്യവർഗ്ഗത്തിന്റെ സകല പ്രശ്നങ്ങളും നേരിട്ടോ പരോക്ഷമായോ അവൾ നിമിത്തമാണെന്ന് കണ്ടെത്താൻ കഴിയും!
വ്യാജമതം അതിന്റെ നാശം വരുത്തിക്കൂട്ടുന്ന “സമാധാനവും സുരക്ഷിതത്വവും”തന്നെ ആനയിക്കാൻ യു.എൻ-നോടൊത്ത് കഠിനയത്നം ചെയ്യുന്നത് വിരോധാഭാസമാണ്! വ്യാജമതത്തിന്റെ അന്തം സത്യമതത്തിന്റെ ദൈവത്തെ നീതിമത്ക്കരിക്കും, അവൻ പറയുന്നു: “വഴിതെററിക്കപ്പെടരുത്; ദൈവം പരിഹസിക്കപ്പെടേണ്ട ഒരുവനല്ല. എന്തെന്നാൽ ഒരു മനുഷ്യൻ എന്തുതന്നെ വിതച്ചാലും, അത് അവൻ കൊയ്യുകയും ചെയ്യും.”—ഗലാത്യർ 6:7.
സമയം പാഴാക്കരുത്—നിങ്ങളുടെ ജീവനുവേണ്ടി ഓടുക!
വ്യാജമതത്തോടു കണക്കുചോദിക്കുന്നതിനുള്ള സമയം അടുത്തിരിക്കുന്നു! ജീവനഷ്ടം അനുഭവിക്കുന്നതൊഴിവാക്കുന്നതിനുള്ള ഏക മാർഗ്ഗം താമസം വരുത്താതെ അവളെ ഉപേക്ഷിക്കുകയാണ്. (വെളിപ്പാട് 18:4) നാശത്തിലേക്കുള്ള അന്തിമ കൗണ്ട്ഡൗൺ ഇപ്പോൾത്തന്നെ തുടങ്ങിയിരിക്കുന്നു.
കൃത്രിമ മതത്തിൽനിന്നും മതപരമായ വ്യാജ ദേശീയവാദത്തിൽനിന്നും ദൈവത്തിന്റെ മനോഹരമായ ഭൂമി ശുദ്ധീകരിക്കപ്പെട്ട ശേഷം ദിവ്യ ഗവൺമെൻറിൻകീഴിൽ സത്യമതം ഒന്നു മാത്രമേ ശേഷിക്കുകയുള്ളു. ഈ കർശനമായ മാററങ്ങളെ അതിജീവിക്കുന്ന വ്യക്തികളേസംബന്ധിച്ചടത്തോളം ഭാവിവീക്ഷണം എത്ര ആവേശകരമാണ്! നിങ്ങൾ അവരിൽ ഉൾപ്പെടുമോ? “സത്യമതത്തിന്റെ നിത്യമനോഹാരിതകളി”ൽ എന്നേക്കും സന്തോഷിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ? അങ്ങനെയെങ്കിൽ, 1992 ജനുവരി 8ലെ ഉണരുക!യിലുള്ള ഈ പരമ്പരയിലെ അവസാനത്തെ ലേഖനം വായിച്ചുകൊണ്ട് എങ്ങനെയെന്ന് പഠിക്കുക. (g89 12⁄8)
[അടിക്കുറിപ്പുകൾ]
a വാച്ച്ററവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി 1988-ൽ പ്രസിദ്ധപ്പെടുത്തിയ വെളിപ്പാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകം ഇത് എങ്ങനെ നടക്കുമെന്ന് വിശദീകരിക്കുന്നു.
[29-ാം പേജിലെ ചതുരം]
സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള അന്വേഷണം
മിക്ക വ്യക്തികൾക്കും സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള ഒരു സ്വാഭാവിക വാഞ്ഛയുണ്ട്, എന്നാൽ മനുഷ്യചരിത്രത്തിലുടനീളം ആ വാഞ്ഛ വിഫലമാക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ചുവടെ ചേർക്കുന്ന പട്ടിക പ്രകടമാക്കുന്നതുപോലെ, മമനുഷ്യന്റെ സമാധാനതേട്ടത്തിൽ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ കുറെ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
1985: (ഒക്ടോബർ) ഐക്യരാഷ്ട്രങ്ങൾ 40-ാം ജൻമദിനം ആഘോഷിക്കുകയും 1986നെ അന്താരാഷ്ട്ര സമാധാനവർഷമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു.
(നവംബർ) ഗോർബച്ചേവും റീഗനും ഒരുമിച്ചുകൂടുമ്പോൾ ആറു വർഷത്തിൽ ആദ്യമായി വൻശക്തി ഉച്ചകോടി നടക്കുന്നു; റീഗൻ ഒരു “പുതിയ തുടക്ക”ത്തെക്കുറിച്ചു പറയുന്നു.
1986: (ജനുവരി) 2000-ാം വർഷമാകുമ്പോഴേക്ക് സകല ന്യൂക്ലിയർ ആയുധങ്ങളും നിരോധിക്കാൻ ഗോർബച്ചേവ് ആഹ്വാനംചെയ്യുന്നു.
(സെപ്ററംബർ) വിശ്വാസവും സുരക്ഷിതത്വവും കെട്ടുപണിചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ചും നിരായുധീകരണത്തെക്കുറിച്ചും യൂറോപ്പിൽ നടന്ന കോൺഫറൻസ് (ഐക്യനാടുകളും കാനഡായും സോവ്യററ്യൂണിയനും അൽബേനിയാ ഒഴിച്ചുള്ള മുഴു യൂറോപ്പും) ആകസ്മികമായ യുദ്ധത്തിന്റെ അപകടം കുറക്കുന്നതിനുള്ള ഉടമ്പടി ഒപ്പുവെക്കുന്നു.
(ഒക്ടോബർ) തങ്ങൾ “വമ്പിച്ച, ചരിത്രം സൃഷ്ടിക്കുന്ന, തീരുമാനങ്ങളുടെ വക്കിൽ ആയിരുന്നു”വെന്ന് ഗോർബച്ചേവ് പറയുന്നുവെങ്കിലും ഐസ്ലാൻഡിൽ നടന്ന റീഗന്റെയും ഗോർബച്ചേവിന്റെയും ഉച്ചകോടി പരാജയപ്പെടുന്നു.
1987: (ജനുവരി) ഗ്ലാസ്നോസ്ററ്നയം (തുറന്ന ഇടപെടൽ) സോവ്യററ് യൂണിയനിലെ പുതിയ യുഗത്തിലേക്ക് വിരൽചൂണ്ടുന്നതായി കാണപ്പെടുന്നു.
(മാർച്ച്) 12 വർഷത്തിലാദ്യമായി ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി മോസ്ക്കോ സന്ദർശിക്കുന്നു.
(ഡിസംബർ) മദ്ധ്യസീമക ന്യൂക്ലിയർ മിസൈലുകൾ നീക്കംചെയ്യാനുള്ള ഐഎൻഎഫ് (ഇൻറർമീഡിയററ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ്) ഉടമ്പടിയിൽ ഗോർബച്ചേവും റീഗനും ഒപ്പുവെക്കുന്നു.
1988: (മാർച്ച്) ഒരു സ്ഥിരമായ ഒത്തുതീർപ്പിലെത്താനുള്ള സംഭാഷണങ്ങൾ തുടങ്ങിക്കൊണ്ട് നിക്ക്വരാഗ്വയും കമ്മ്യൂണിസ്ററ് വിരുദ്ധ കോണ്ട്രാകളും വെടിനിർത്തലിൽ ഒപ്പുവെക്കുന്നു.
(ഏപ്രിൽ) സോവ്യററ്യൂണിയൻ 1989 ഫെബ്രുവരിയോടെ അഫ്ഗാനിസ്ററാനിൽനിന്ന് സൈന്യങ്ങളെ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നു; എത്യോപ്യായും സോമാലിയായും പോരാട്ടം അവസാനിപ്പിക്കാമെന്നു സമ്മതിക്കുന്നു.
(മെയ്) വർഷാവസാനത്തിനുമുമ്പ് 50,000 പടയാളികളെ കമ്പൂച്ചിയായിൽനിന്ന് പിൻവലിക്കാമെന്ന് വിയററ്നാം പ്രഖ്യാപിക്കുന്നു, ബാക്കി 1990ൽ.
(ജൂൺ) ആസ്ത്രേലിയൻ പ്രധാനമന്ത്രിയായ ബോബ് ഹോക്ക് മോസ്ക്കോയിൽ നടന്ന ഗോർബച്ചേവ്-റീഗൻ ഉച്ചകോടിയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “മുഴു യുദ്ധാനന്തര കാലഘട്ടത്തിലും ആദ്യമായി സമാധാനത്തിൽ നിർമ്മാണാത്മകമായി ജീവിക്കാൻ കഴിയുന്ന ഒരു ലോകം ഉരുത്തിരിയുന്നതിന്റെ യഥാർത്ഥ ലക്ഷണങ്ങളുണ്ട്.
(ജൂലൈ) എട്ടുവർഷം പഴക്കമുള്ള ഇറാൻ-ഇറാക്ക് യുദ്ധത്തിൽ വെടിനിർത്തലിന് ആഹ്വാനംചെയ്യുന്ന യൂ.എൻ. പ്രമേയം സ്വീകരിക്കുന്നതായി ഇറാൻ പ്രഖ്യാപിക്കുന്നു.
(ഓഗസ്ററ്) ഐക്യരാഷ്ട്രങ്ങൾക്ക് കൊടുക്കാതെ പിടിച്ചുവെച്ചിരുന്ന വിഹിതങ്ങൾ കൊടുക്കാമെന്ന് ഐക്യനാടുകൾ സമ്മതിക്കുന്നു. സോവ്യററ്യൂണിയൻ നേരത്തെ സ്വീകരിച്ച ഒരു ഗതിയാണിത്, അങ്ങനെ യൂ.എൻ-ന്റെ സാമ്പത്തികഞെരുക്കം അവസാനിപ്പിക്കാൻ സഹായിക്കുകയും അതിന് ഒരു പുതിയ അന്തസ്സ് കൊടുക്കുകയും ചെയ്യുന്നു.
(സെപ്ററംബർ) പശ്ചിമ സഹാറായിൽ 13 വർഷമായി നടന്നുവരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള യു.എൻ. പദ്ധതി മൊറോക്കോയും പോളിസേറിയോ ഗറില്ലാസൈന്യങ്ങളും സ്വീകരിക്കുന്നു.
(ഒക്ടോബർ) യൂ.എൻ. സമാധാനപാലന സൈന്യങ്ങൾക്ക് സമാധാനത്തിനുള്ള നോബേൽ സമ്മാനം കൊടുക്കപ്പെടുന്നു; ലിബിയായും ചാഡും ദീർഘമായി നീണ്ടുനിന്ന യുദ്ധാവസ്ഥ ഔപചാരികമായി അവസാനിപ്പിക്കുന്നു.
(ഡിസംബർ) രണ്ടു വർഷം കൊണ്ട് ഏകപക്ഷീയമായി സോവ്യററ് സൈന്യങ്ങളെ വലിയ തോതിൽ കുറവുചെയ്യുമെന്നും ചെക്കോസ്ലൊവാക്യായിൽനിന്നും ഹംഗറിയിൽനിന്നും ജർമ്മൻ ഡെമോക്രാററിക്ക് റിപ്പബ്ലിക്കിൽനിന്നും സൈന്യങ്ങളെയും ററാങ്കുകളെയും പിൻവലിക്കാമെന്നും യൂ.എൻ-ൽ ഗോർബച്ചേവ് പ്രഖ്യാപിക്കുന്നു; ദക്ഷിണാഫ്രിക്കായും നമീബിയായും കൂബയും 1989 ഏപ്രിൽ 1-ലെ യൂ.എൻ. പ്രമേയം നടപ്പിലാക്കാമെന്നു സമ്മതിക്കുന്നു; നമീബിയൻ സ്വാതന്ത്ര്യം അനുവദിക്കുകയും 22 വർഷത്തെ യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു; അംഗോളയിൽ 50,000 വരുന്ന ക്യൂബൻസൈന്യത്തിൽ പകുതി നവംബർ 1നോടകം പിൻവലിക്കും, ബാക്കി 1991 നവംബർ 1ന് അകം; “സമാധാനത്തിലും സുരക്ഷിതത്വത്തിലും നിലനിൽക്കുന്നതിനുള്ള” ഇസ്രയേലിന്റെ അവകാശത്തിന് യാസ്സർ അരാഫാത്ത് ഉറപ്പുകൊടുത്ത ശേഷം പാലസ്റൈറൻ ലിബറേഷൻ ഓർഗനൈസേഷനുമായി സംസാരിക്കാമെന്ന് ഐക്യനാടുകൾ സമ്മതിക്കുന്നു.
1989: (ജനുവരി) രാസായുധങ്ങൾ സംബന്ധിച്ച പാരീസ്കോൺഫറൻസിൽ സംബന്ധിച്ച 149 രാഷ്ട്രങ്ങൾ രാസായുധങ്ങളുടെ വികസിപ്പിക്കലും ഉല്പാദനവും സംഭരണവും വിന്യാസവും നിരോധിക്കുന്നതിനുള്ള സത്വരനടപടിക്ക് ആഹാനംചെയ്യുന്നു.
(ഫെബ്രുവരി) സെൻട്രൽ അമേരിക്കയിൽ സമാധാനത്തിന് ഉറപ്പുവരുത്തുന്നതിനുള്ള ഉടമ്പടിയിൽ കോസ്ററാറിക്കായും ഹോണ്ടുറാസും എൽ സാൽവഡോറും നിക്കരാഗ്വയും ഗ്വാട്ടിമാലയും ഒപ്പുവെക്കുന്നു; കൊളംബിയായിലെ ഏററവും വലിയ വിമത ഗ്രൂപ്പായ എഫ്എആർസി (കൊളംബിയൻ റവലൂഷനറി ആംഡ് ഫോഴ്സസ്) 35 വർഷമായി നടക്കുന്ന ഗറില്ലായുദ്ധത്തിന് അറുതിവന്നേക്കാമെന്നുള്ള പ്രത്യാശകൾ ഉയർത്തിക്കൊണ്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നു.
(മാർച്ച്) 35 രാഷ്ട്രങ്ങളിൽനിന്നുള്ള വിദേശകാര്യ മന്ത്രിമാർ യൂറോപ്പിലെ സൈന്യങ്ങളെ കുറവുചെയ്യാൻ ഉദ്ദേശിച്ചുകൊണ്ടുള്ള സിഎഫ്ഇ (യൂറോപ്പിലെ പരമ്പരാഗത സൈന്യങ്ങളെ സംബന്ധിച്ച സംഭാഷണങ്ങൾ) ചർച്ചകൾ വിയന്നായിൽ തുടങ്ങുന്നു.
(ഏപ്രിൽ) സെപ്ററംബർ 30 ആകുമ്പോഴേക്ക് കമ്പൂച്ചിയായിൽനിന്ന് സൈന്യങ്ങളെ മുഴുവനായി പിൻവലിക്കുമെന്ന് വിയററ്നാം പ്രഖ്യാപിക്കുന്നു.
(മെയ്) ഹംഗറി 40 വർഷം പഴക്കമുള്ള ആസ്ട്രിയൻ അതിർത്തിയിലെ മുള്ളുകമ്പിവേലി നീക്കംചെയ്തുതുടങ്ങുന്നു. 30-ൽപരം വർഷത്തിൽ ആദ്യം സോവ്യററ്, ചൈനീസ് നേതാക്കൻമാർ നടത്തുന്ന യോഗത്തിൽ സോവ്യററുകൾ ഏഷ്യൻ സൈന്യങ്ങളിൽ കുറവുവരുത്തുമെന്ന് പ്രഖ്യാപിക്കുന്നു; സോവ്യററുകൾ പൂർവ യൂറോപ്പിൽനിന്ന് ഏകപക്ഷീയമായി സൈന്യങ്ങളും ആയുധങ്ങളും പിൻവലിക്കുന്നു.
(ജൂൺ) യൂറോപ്പിലെ സൈന്യങ്ങളിലും ററാങ്കുകളിലും വെടിക്കോപ്പുകളിലും വിമാനങ്ങളിലും 1992 ആകുമ്പോഴേക്ക് കാര്യമായ കുറവുവരുത്താനുള്ള ബുഷിന്റെ ആഹ്വാനം ഇങ്ങനെ പറയാൻ ന്യൂസ്മാഗസിനെ നയിക്കുന്നു: “അത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിനു ശേഷമുള്ള ഏററവും ഗണ്യമായ ആയുധചുരുക്കലിലേക്കുള്ള വാതിൽ യഥാർത്ഥമായി തുറന്നേക്കാം.”
(ഓഗസ്ററ്) നിക്കരാഗ്വയിലെ ശത്രുതകൾ അവസാനിപ്പിക്കാൻ അഞ്ച് മദ്ധ്യ അമേരിക്കൻ രാജ്യങ്ങൾ സമ്മതിക്കുന്നു.
എന്നിരുന്നാലും, ഈ മതിപ്പുളവാക്കുന്ന നേട്ടങ്ങളുണ്ടായിട്ടും അനേകം രാഷ്ട്രങ്ങൾ ഇപ്പോഴും സമാധാനത്തിൽനിന്ന് വിദൂരത്തിലാണ്. ആളുകൾ ഇപ്പോഴും വടക്കൻ അയർലണ്ടിലും ലബാനോനിലും സുഡാനിലും ശ്രീലങ്കയിലും അഫ്ഗാനിസ്ററാനിലും ഫിലിപ്പീൻസിലും പട്ടാളനടപടി നിമിത്തം മരിക്കുകയാണ്—ചുരുക്കംചിലതു മാത്രമേ പറഞ്ഞുള്ളു. അതുകൊണ്ട് സമാധാനപ്രതീക്ഷകൾ സംബന്ധിച്ച് അനേകർ മുമ്പത്തേതിലും ശുഭാപ്തിവിശ്വാസമുള്ളവരാണെങ്കിലും അപ്പോക്കലിപ്സിലെ രണ്ടാമത്തെ കുതിരക്കാരൻ, ‘തീനിറമുള്ള പടക്കുതിര,’ ഭൂമിയിലൂടെ ഇപ്പോഴും കുതിക്കുന്നുണ്ടെന്ന് നാം മറക്കരുത്.—വെളിപ്പാട് 6:3, 4.
[28-ാം പേജിലെ ചിത്രം]
ന്യൂയോർക്കിലെ യു.എൻ. ഹെഡ്ക്വാർട്ടേഴ്സും ഒരു ലോകസമാധാന പ്രതിമയും—മനുഷ്യൻ വാളിനെ കൊഴുവാക്കി അടിച്ചുതീർക്കുന്നത്