അധ്യായം 10
ദൈവരാജ്യം ഭരിക്കുന്നു
1, 2. മനുഷ്യ ഗവൺമെൻറുകൾ അപര്യാപ്തമെന്നു തെളിഞ്ഞിരിക്കുന്നത് എങ്ങനെ?
ഒരുപക്ഷേ ഒരു യന്ത്രോപകരണം വാങ്ങിയിട്ട് അതു പ്രവർത്തിക്കാത്ത അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. കേടുപോക്കുന്ന ഒരാളെ നിങ്ങൾ വിളിച്ചുവെന്നുതന്നെയിരിക്കട്ടെ. പക്ഷേ, അയാൾ ഉപകരണം “നന്നാക്കി”യ ശേഷം താമസിയാതെ അതു പിന്നെയും തകരാറിലായി. അത് എത്ര നിരാശാജനകമായിരുന്നു!
2 മനുഷ്യ ഗവൺമെൻറുകളെ സംബന്ധിച്ച് അങ്ങനെതന്നെയാണ്. സമാധാനത്തിനും സന്തുഷ്ടിക്കും ഉറപ്പുനൽകുന്ന ഒരു ഭരണകൂടം മനുഷ്യവർഗം എല്ലായ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. എന്നിരുന്നാലും, സമൂഹത്തിലെ തകരാറുകൾ നീക്കുന്നതിനുളള തീവ്രശ്രമങ്ങൾ ഒന്നും യഥാർഥത്തിൽ വിജയിച്ചിട്ടില്ല. നിരവധി സമാധാന ഉടമ്പടികൾ ഉണ്ടാക്കിയിട്ടുണ്ട്—പിന്നെ അവ ലംഘിക്കപ്പെടുകയും ചെയ്തു. കൂടാതെ, ഏതു ഭരണകൂടത്തിനാണു ദാരിദ്ര്യവും മുൻവിധിയും കുററകൃത്യവും രോഗവും പരിസ്ഥിതിനാശവും ഉച്ചാടനംചെയ്യാൻ കഴിഞ്ഞിട്ടുളളത്? മനുഷ്യഭരണത്തിന്റെ കേടുപോക്കുക സാധ്യമല്ല. ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻരാജാവു പോലും “മനുഷ്യന്നു തന്റെ വഴി എങ്ങനെ ഗ്രഹിക്കാം” എന്നു ചോദിച്ചുപോയി.—സദൃശവാക്യങ്ങൾ 20:24.
3. (എ) യേശുവിന്റെ പ്രസംഗത്തിന്റെ വിഷയം എന്തായിരുന്നു? (ബി) ചില ആളുകൾ ദൈവരാജ്യത്തെ വർണിക്കുന്നത് എങ്ങനെ?
3 നിരാശപ്പെടരുത്! ഒരു ഉറച്ച ലോകഗവൺമെൻറ് വെറും ഒരു സ്വപ്നമല്ല. അതു യേശുവിന്റെ പ്രസംഗത്തിന്റെ വിഷയമായിരുന്നു. അവൻ അതിനെ “ദൈവരാജ്യം” എന്നു വിളിച്ചു. അതിനുവേണ്ടി പ്രാർഥിക്കാൻ അവൻ തന്റെ അനുഗാമികളെ പഠിപ്പിച്ചു. (ലൂക്കൊസ് 11:2; 21:31) തീർച്ചയായും മതവൃത്തങ്ങളിൽ ദൈവരാജ്യത്തെക്കുറിച്ചു ചിലപ്പോഴൊക്കെ പറയാറുണ്ട്. യഥാർഥത്തിൽ, ദശലക്ഷങ്ങൾ കർത്താവിന്റെ പ്രാർഥന (മാതൃകാപ്രാർഥന എന്നും വിളിക്കപ്പെടുന്നു) ആവർത്തിക്കുമ്പോൾ അവർ അതിനുവേണ്ടി ദിവസവും പ്രാർഥിക്കുന്നു. എന്നാൽ “ദൈവരാജ്യം എന്താണ്?” എന്നു ചോദിക്കുമ്പോൾ ആളുകൾ വിവിധ വിധങ്ങളിലാണ് ഉത്തരം നൽകുക. “അതു നിങ്ങളുടെ ഹൃദയത്തിലാണ്” എന്നു ചിലർ പറയുന്നു. മററു ചിലർ അതിനെ സ്വർഗമെന്നു വിളിക്കുന്നു. ബൈബിൾ വ്യക്തമായ ഒരു ഉത്തരം നൽകുന്നു, നാം അതു കാണാൻപോകയാണ്.
ഒരു ഉദ്ദേശ്യത്തോടുകൂടിയ രാജ്യം
4, 5. യഹോവ തന്റെ പരമാധികാരത്തിന്റെ ഒരു പുതിയ പ്രകടരൂപം അവതരിപ്പിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ട്, അത് എന്തു സാധിക്കും?
4 യഹോവയാം ദൈവം എല്ലായ്പോഴും അഖിലാണ്ഡത്തിന്റെ രാജാവ് അഥവാ പരമാധികാരിയായ ഭരണകർത്താവ് ആയിരുന്നിട്ടുണ്ട്. അവൻ സകലവും സൃഷ്ടിച്ചുവെന്ന വസ്തുത അവനെ ആ ഉത്കൃഷ്ട സ്ഥാനത്തേക്ക് ഉയർത്തുന്നു. (1 ദിനവൃത്താന്തം 29:11; സങ്കീർത്തനം 103:19; പ്രവൃത്തികൾ 4:24) എന്നാൽ യേശു പ്രസംഗിച്ച രാജ്യം ദൈവത്തിന്റെ അഖിലാണ്ഡ പരമാധികാരത്തിന്റെ ഉപഘടകമാണ്. ആ മിശിഹൈകരാജ്യത്തിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്, അത് എന്താണ്?
5 ആറാം അധ്യായത്തിൽ വിശദീകരിച്ചതുപോലെ, ആദ്യ മനുഷ്യജോടി ദൈവത്തിന്റെ അധികാരത്തിനെതിരെ മത്സരിച്ചു. ഉന്നയിക്കപ്പെട്ട വാദവിഷയങ്ങൾ നിമിത്തം യഹോവ തന്റെ പരമാധികാരത്തിന്റെ ഒരു പുതിയ പ്രകടരൂപം അവതരിപ്പിക്കാൻ തീരുമാനിച്ചു. സർപ്പത്തെ, സാത്താനെ, തകർക്കുകയും മനുഷ്യവർഗം അവകാശപ്പെടുത്തിയ പാപത്തിന്റെ ഫലങ്ങളെ നീക്കുകയും ചെയ്യുന്ന ഒരു “സന്തതി”യെ ഉളവാക്കാനുളള ഉദ്ദേശ്യം ദൈവം പ്രഖ്യാപിച്ചു. മുഖ്യ “സന്തതി” യേശുക്രിസ്തു ആണ്. സാത്താനെ പൂർണമായും പരാജയപ്പെടുത്തുന്ന ഏജൻസി “ദൈവരാജ്യ”മാണ്. ഈ രാജ്യം മുഖേന യേശുക്രിസ്തു യഹോവയുടെ നാമത്തിൽ ഭൂമിമേലുളള ഭരണാധിപത്യം പുനഃസ്ഥാപിക്കയും ദൈവത്തിന്റെ നീതിയുക്തമായ പരമാധികാരം എന്നേക്കുമായി സംസ്ഥാപിക്കയും ചെയ്യും.—ഉല്പത്തി 3:15; സങ്കീർത്തനം 2:2-9.
6, 7. (എ) രാജ്യം എവിടെയാണ്, രാജാവും സഹഭരണാധികാരികളും ആരാണ്? (ബി) രാജ്യത്തിന്റെ പ്രജകൾ ആരാണ്?
6 ദുഷ്ടരായ പരീശൻമാരോടുളള യേശുവിന്റെ വാക്കുകളുടെ ഒരു പരിഭാഷപ്രകാരം, “ദൈവരാജ്യം നിങ്ങളിലാണ്” എന്ന് അവൻ പറഞ്ഞു. (ലൂക്കോസ് 17:21, കിങ് ജയിംസ് വേർഷൻ) ആ ദുഷിച്ച മനുഷ്യരുടെ ദുഷ്ട ഹൃദയങ്ങളിലായിരുന്നു ദൈവരാജ്യം എന്നു യേശു അർഥമാക്കിയോ? ഇല്ല. മൂല ഗ്രീക്കിന്റെ കൂടുതൽ കൃത്യതയുളള ഒരു വിവർത്തനം “ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (സത്യവേദപുസ്തകം) എന്നു വായിക്കപ്പെടുന്നു. അവരുടെ ഇടയിൽ ഉണ്ടായിരുന്ന യേശു അങ്ങനെ തന്നേത്തന്നെ ഭാവിരാജാവെന്ന നിലയിൽ പരാമർശിച്ചു. ദൈവരാജ്യം ഒരു വ്യക്തിക്കു തന്റെ ഹൃദയത്തിലുളള എന്തെങ്കിലുമൊന്നായിരിക്കാതെ, അത് ഒരു ഭരണാധികാരിയും പ്രജകളുമുളള പ്രവർത്തനക്ഷമമായ ഒരു യഥാർഥ ഭരണകൂടമാണ്. അത് ഒരു സ്വർഗീയ ഭരണകൂടമാണ്, എന്തുകൊണ്ടെന്നാൽ അതു “സ്വർഗ്ഗരാജ്യം” എന്നും “ദൈവരാജ്യം” എന്നും വിളിക്കപ്പെടുന്നു. (മത്തായി 13:11; ലൂക്കൊസ് 8:10) സർവശക്തനായ ദൈവത്തിൻമുമ്പാകെ വരുത്തപ്പെട്ടവനും ‘സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു ആധിപത്യവും മഹത്വവും രാജത്വവും കൊടുക്കപ്പെട്ടവനുമായ’ “മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ” ആയി അതിന്റെ ഭരണാധികാരിയെ ദർശനത്തിൽ പ്രവാചകനായ ദാനിയേൽ കാണുകയുണ്ടായി. (ദാനീയേൽ 7:13, 14) ഈ രാജാവ് ആരാണ്? ശരി, ബൈബിൾ യേശുക്രിസ്തുവിനെ “മനുഷ്യപുത്രൻ” എന്നു വിളിക്കുന്നു. (മത്തായി 12:40; ലൂക്കൊസ് 17:26) അതേ, യഹോവ തന്റെ പുത്രനായ യേശുക്രിസ്തുവിനെയാണു രാജാവായി നിയോഗിച്ചത്.
7 യേശു ഒററക്കല്ല ഭരിക്കുന്നത്. അവനോടൊപ്പം അവന്റെ സഹരാജാക്കൻമാരും പുരോഹിതൻമാരുമായിരിക്കുന്നതിനു “ഭൂമിയിൽനിന്നു വിലക്കു വാങ്ങിയ” 1,44,000 പേർ ഉണ്ട്. (വെളിപ്പാടു 5:9, 10; 14:1, 3; ലൂക്കൊസ് 22:28-30) ദൈവരാജ്യത്തിന്റെ പ്രജകൾ ക്രിസ്തുവിന്റെ നേതൃത്വത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു ആഗോള മനുഷ്യകുടുംബം ആയിരിക്കും. (സങ്കീർത്തനം 72:7, 8) എന്നാൽ രാജ്യം യഥാർഥമായി ദൈവത്തിന്റെ പരമാധികാരത്തെ സംസ്ഥാപിക്കുകയും നമ്മുടെ ഭൂമിയിൽ പറുദീസായവസ്ഥകൾ പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നു നമുക്ക് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
ദൈവരാജ്യത്തിന്റെ യാഥാർഥ്യം
8, 9. (എ) ദൈവത്തിന്റെ രാജ്യവാഗ്ദാനങ്ങളുടെ വിശ്വാസ്യതയെ നമുക്ക് എങ്ങനെ വിശദമാക്കാം? (ബി) നമുക്കു രാജ്യയാഥാർഥ്യത്തെക്കുറിച്ച് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
8 ഒരു തീപിടുത്തത്തിൽ നിങ്ങളുടെ വീടു നശിച്ചുവെന്നിരിക്കട്ടെ. ഇപ്പോൾ നിങ്ങളുടെ വീടു വീണ്ടും പണിയാനും നിങ്ങളുടെ കുടുംബത്തിന് ആഹാരം നൽകാനും കഴിവുളള ഒരു സുഹൃത്ത് സഹായിക്കാമെന്നു വാഗ്ദാനം ചെയ്യുന്നു. ആ സുഹൃത്ത് എല്ലായ്പോഴും നിങ്ങളോടു സത്യമാണു പറഞ്ഞിട്ടുളളത് എങ്കിൽ നിങ്ങൾ അയാളെ വിശ്വസിക്കുകയില്ലേ? നിങ്ങൾ അടുത്ത ദിവസം ജോലികഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയപ്പോൾ തീപിടിച്ചതിന്റെ ശൂന്യശിഷ്ടങ്ങൾ വെടിപ്പാക്കാൻ ജോലിക്കാർ പണി തുടങ്ങിയതായും നിങ്ങളുടെ കുടുംബത്തിന് ആഹാരം കൊണ്ടുവന്നിരിക്കുന്നതായും നിങ്ങൾ മനസ്സിലാക്കുന്നുവെന്നിരിക്കട്ടെ. കാലക്രമത്തിൽ കാര്യങ്ങൾ പുനഃസ്ഥിതീകരിക്കപ്പെടുമെന്നു മാത്രമല്ല സ്ഥിതി മുമ്പത്തേതിലും മെച്ചമായിരിക്കുമെന്നും നിങ്ങൾക്കു പൂർണബോധ്യം ഉണ്ടായിരിക്കുമെന്നുളളതിനു സംശയമില്ല.
9 അതുപോലെതന്നെ, രാജ്യത്തിന്റെ യാഥാർഥ്യത്തെക്കുറിച്ചു യഹോവ നമുക്ക് ഉറപ്പു നൽകുന്നു. എബ്രായർ എന്ന ബൈബിൾ പുസ്തകത്തിൽ പ്രകടമാക്കിയിരിക്കുന്നതുപോലെ, ന്യായപ്രമാണത്തിന്റെ അനേകം വശങ്ങൾ രാജ്യക്രമീകരണത്തെ മുൻനിഴലാക്കി. (എബ്രായർ 10:1) ഇസ്രായേലിന്റെ ഭൗമിക രാജ്യത്തിലും ദൈവരാജ്യത്തിന്റെ പൂർവദൃശ്യങ്ങൾ കാണാമായിരുന്നു. അതു സാധാരണ ഭരണകൂടമായിരുന്നില്ല, കാരണം ഭരണാധികാരികൾ “യഹോവയുടെ സിംഹാസന”ത്തിലാണ് ഇരുന്നത്. (1 ദിനവൃത്താന്തം 29:23) തന്നെയുമല്ല, “അവകാശമുളളവൻ [“ശീലോ,” NW] വരുവോളം ചെങ്കോൽ യഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും” എന്നു മുൻകൂട്ടി പറഞ്ഞിരുന്നു. (ഉല്പത്തി 49:10)a അതേ, ഈ യഹൂദാ രാജവംശത്തിലായിരുന്നു ദൈവത്തിന്റെ ഗവൺമെൻറിലെ ശാശ്വത രാജാവായ യേശു ജനിക്കേണ്ടിയിരുന്നത്.—ലൂക്കൊസ് 1:32, 33.
10. (എ) ദൈവത്തിന്റെ മിശിഹൈകരാജ്യത്തിന്റെ അടിസ്ഥാനം എപ്പോൾ ഇട്ടു? (ബി) യേശുവിന്റെ ഭാവി സഹഭരണാധികാരികൾ ഭൂമിയിൽ ഏതു പ്രധാനപ്പെട്ട വേലക്കു നേതൃത്വം വഹിക്കും?
10 യേശുവിന്റെ അപ്പോസ്തലൻമാരെ തിരഞ്ഞെടുത്തതോടെ ദൈവത്തിന്റെ മിശിഹൈകരാജ്യത്തിന്റെ അടിസ്ഥാനം ഇടപ്പെട്ടു. (എഫെസ്യർ 2:19, 20; വെളിപ്പാടു 21:14) ഇവരായിരുന്നു യേശുക്രിസ്തുവിനോടുകൂടെ കൂട്ടുരാജാക്കൻമാരായി സ്വർഗത്തിൽ വാഴുന്ന 1,44,000 പേരിൽ ആദ്യത്തവർ. ഈ ഭാവി ഭരണാധികാരികൾ ഭൂമിയിലായിരുന്നപ്പോൾ “പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചു . . . സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്ന യേശുവിന്റെ കല്പനക്കു ചേർച്ചയിൽ ഒരു സാക്ഷീകരണപ്രസ്ഥാനത്തിനു നേതൃത്വം വഹിക്കുമായിരുന്നു.—മത്തായി 28:19.
11. ഇന്നു രാജ്യപ്രസംഗവേല എങ്ങനെ നിർവഹിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, അത് എന്തു സാധിക്കുന്നു?
11 ശിഷ്യരെ ഉളവാക്കാനുളള കല്പന ഇപ്പോൾ അഭൂതപൂർവമായ തോതിൽ അനുസരിക്കപ്പെട്ടുകൊണ്ടിരിക്കയാണ്. “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്ന യേശുവിന്റെ പ്രാവചനിക വാക്കുകളോടുളള ചേർച്ചയിൽ യഹോവയുടെ സാക്ഷികൾ രാജ്യത്തിന്റെ സുവാർത്ത ഭൂമിയിലെമ്പാടും ഘോഷിക്കുകയാണ്. (മത്തായി 24:14) രാജ്യപ്രസംഗവേലയുടെ ഒരു വശമെന്ന നിലയിൽ ഒരു വലിയ വിദ്യാഭ്യാസപരിപാടി നിർവഹിക്കപ്പെടുന്നുണ്ട്. ദൈവരാജ്യത്തിന്റെ നിയമങ്ങൾക്കും തത്ത്വങ്ങൾക്കും കീഴ്പ്പെടുന്നവർക്ക് ഇപ്പോൾത്തന്നെ മാനുഷ ഗവൺമെൻറുകൾക്കു നേടാൻ കഴിയാത്ത സമാധാനവും ഐക്യവും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ദൈവരാജ്യം ഒരു യാഥാർഥ്യമാണെന്നുളളതിന് ഇതെല്ലാം വ്യക്തമായ തെളിവു നൽകുന്നു!
12. (എ) രാജ്യപ്രഘോഷകരെ യഹോവയുടെ സാക്ഷികൾ എന്നു വിളിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ദൈവരാജ്യം മനുഷ്യ ഗവൺമെൻറുകളിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
12 “നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനുമാകുന്നു” എന്നു യഹോവ ഇസ്രായേല്യരോടു പറഞ്ഞു. (യെശയ്യാവു 43:10-12) “വിശ്വസ്തസാക്ഷി”യായ യേശു തീക്ഷ്ണമായി രാജ്യസുവാർത്ത പ്രഘോഷിച്ചു. (വെളിപ്പാടു 1:5; മത്തായി 4:17) അതുകൊണ്ട് ഇക്കാലത്തെ രാജ്യപ്രഘോഷകർ യഹോവയുടെ സാക്ഷികൾ എന്ന ദിവ്യകല്പിത നാമം വഹിക്കുന്നത് ഉചിതമാണ്. എന്നാൽ സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ചു മററുളളവരോടു സംസാരിച്ചുകൊണ്ടു വളരെയധികം സമയവും ശ്രമവും ചെലവഴിക്കുന്നത് എന്തുകൊണ്ട്? അവർ ഇതു ചെയ്യുന്നതു ദൈവരാജ്യം മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശ ആയതുകൊണ്ടാണ്. മനുഷ്യ ഭരണകൂടങ്ങൾ കാലക്രമത്തിൽ തകർന്നുപോകുന്നു; എന്നാൽ ദൈവരാജ്യം ഒരിക്കലും തകരുകയില്ല. അതിന്റെ ഭരണാധികാരിയായ യേശുവിനെ യെശയ്യാവു 9:6, 7 “സമാധാനപ്രഭു” എന്നു വിളിക്കുന്നു; “അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിനും അവസാനം ഉണ്ടാകയില്ല” എന്നു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ദൈവരാജ്യം ഇന്നു കാണുന്നതും നാളെ മറിച്ചിടപ്പെടുന്നതുമായ മനുഷ്യ ഗവൺമെൻറുകൾ പോലെയല്ല. തീർച്ചയായും ദാനീയേൽ 2:44 ഇങ്ങനെ പറയുന്നു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല. അതു . . . എന്നേക്കും നിലനില്ക്കയും ചെയ്യും.”
13. (എ) ദൈവത്തിന്റെ രാജ്യം വിജയപ്രദമായി കൈകാര്യം ചെയ്യാനിരിക്കുന്ന ചില പ്രശ്നങ്ങളേവ? (ബി) ദൈവത്തിന്റെ വാഗ്ദത്തങ്ങൾ നിറവേറുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
13 ഏതു മനുഷ്യരാജാവിനാണു യുദ്ധം, രോഗം, പട്ടിണി, ഭവനരാഹിത്യം എന്നിവ നീക്കം ചെയ്യാൻ കഴിയുന്നത്? തന്നെയുമല്ല, ഏതു ഭൗമികരാജാവിനാണു മരിച്ചുപോയിരിക്കുന്നവരെ ഉയിർപ്പിക്കാൻ കഴിയുക? ദൈവത്തിന്റെ രാജ്യവും അതിന്റെ രാജാവും ഈ കാര്യങ്ങൾ കൈകാര്യം ചെയ്യും. തുടർച്ചയായ കേടുപോക്കൽ ആവശ്യമായിരിക്കുന്ന തകരാറുളള ഉപകരണംപോലെ രാജ്യം പിഴവുളളതായിരിക്കയില്ല. മറിച്ച്, ദൈവരാജ്യം വിജയിക്കും, എന്തുകൊണ്ടെന്നാൽ യഹോവ ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു: “എന്റെ വായിൽനിന്നു പുറപ്പെടുന്ന എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുളളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” (യെശയ്യാവു 55:11) ദൈവത്തിന്റെ ഉദ്ദേശ്യം പരാജയപ്പെടുകയില്ല, എന്നാൽ രാജ്യഭരണം തുടങ്ങേണ്ടിയിരുന്നത് എപ്പോഴായിരുന്നു?
രാജ്യഭരണം—എപ്പോൾ?
14. യേശുവിന്റെ ശിഷ്യൻമാർക്കു രാജ്യത്തെക്കുറിച്ച് എന്തു തെററിദ്ധാരണ ഉണ്ടായിരുന്നു, എന്നാൽ തന്റെ ഭരണാധിപത്യത്തെക്കുറിച്ചു യേശുവിന് എന്തറിയാമായിരുന്നു?
14 “കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത്?” യേശുവിന്റെ ശിഷ്യൻമാർ ചോദിച്ച ഈ ചോദ്യം ദൈവരാജ്യത്തിന്റെ ഉദ്ദേശ്യവും അതിന്റെ ഭരണം തുടങ്ങാനുളള നിയമിതസമയവും അവർ അതുവരെയും അറിഞ്ഞിരുന്നില്ലെന്നു വെളിപ്പെടുത്തി. ഈ കാര്യംസംബന്ധിച്ച് ഊഹാപോഹം നടത്താതിരിക്കാൻ മുന്നറിയിപ്പു കൊടുത്തുകൊണ്ടു യേശു പറഞ്ഞു: “പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുളള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങൾക്കുളളതല്ല.” ഭൂമിമേലുളള തന്റെ ഭരണാധിപത്യം തന്റെ പുനരുത്ഥാനത്തിനും സ്വർഗാരോഹണത്തിനും ദീർഘകാലം കഴിഞ്ഞുളള ഭാവിയിലേക്കു നീക്കിവെച്ചിരിക്കുകയാണെന്നു യേശു അറിഞ്ഞിരുന്നു. (പ്രവൃത്തികൾ 1:6-11; ലൂക്കൊസ് 19:11, 12, 15) തിരുവെഴുത്തുകൾ ഇതു മുൻകൂട്ടി പറഞ്ഞിരുന്നു. എങ്ങനെ?
15. സങ്കീർത്തനം 110:1 യേശുവിന്റെ ഭരണാധിപത്യത്തിന്റെ സമയത്തിൻമേൽ വെളിച്ചം വീശുന്നത് എങ്ങനെ?
15 യേശുവിനെ ‘കർത്താവ്’ എന്നു പ്രാവചനികമായി പരാമർശിച്ചുകൊണ്ടു ദാവീദുരാജാവ് ഇങ്ങനെ പറഞ്ഞു: “യഹോവ എന്റെ കർത്താവിനോടു അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.” (സങ്കീർത്തനം 110:1; പ്രവൃത്തികൾ 2:34-36 താരതമ്യം ചെയ്യുക.) യേശുവിന്റെ ഭരണാധിപത്യം അവന്റെ സ്വർഗാരോഹണത്തിനു ശേഷം ഉടനെ തുടങ്ങുകയില്ലെന്ന് ഈ പ്രവചനം സൂചിപ്പിക്കുന്നു. മറിച്ച്, അവൻ ദൈവത്തിന്റെ വലതുഭാഗത്തു കാത്തിരിക്കും. (എബ്രായർ 10:12, 13) ഈ കാത്തിരുപ്പ് എത്ര കാലം തുടരും? അവന്റെ ഭരണാധിപത്യം എപ്പോൾ തുടങ്ങും? ഉത്തരങ്ങൾ കണ്ടുപിടിക്കുന്നതിനു ബൈബിൾ നമ്മെ സഹായിക്കുന്നു.
16. പൊ.യു.മു. 607-ൽ എന്തു സംഭവിച്ചു, ഇതു ദൈവരാജ്യത്തോടു ബന്ധപ്പെട്ടിരുന്നത് എങ്ങനെ?
16 സർവഭൂമിയിലും വെച്ചു യെരുശലേമായിരുന്നു യഹോവ തന്റെ നാമം സ്ഥാപിച്ച ഏക നഗരം. (1 രാജാക്കൻമാർ 11:36) അതു ദൈവത്തിന്റെ സ്വർഗീയരാജ്യത്തിന്റെ മാതൃകയായിരുന്ന ദൈവാംഗീകാരമുളള ഒരു ഭൗമികരാജ്യത്തിന്റെ തലസ്ഥാനവുമായിരുന്നു. അതുകൊണ്ട്, പൊ.യു.മു. 607-ൽ ബാബിലോന്യരാലുണ്ടായ യെരുശലേമിന്റെ നാശം വളരെ പ്രധാനമായിരുന്നു. ഈ സംഭവം ഭൂമിയിലെ ദൈവജനത്തിൻമേലുളള ദൈവത്തിന്റെ നേരിട്ടുളള ഭരണത്തിന്റെ ദീർഘകാലത്തെ മുടക്കത്തിനു തുടക്കം കുറിച്ചു. ഭരണം മുടങ്ങിയ ഈ കാലഘട്ടം ഏതാണ്ട് ആറു നൂററാണ്ടിനുശേഷം പിന്നെയും തുടരുകയാണെന്നു യേശു സൂചിപ്പിച്ചു, എന്തെന്നാൽ അവൻ ഇങ്ങനെ പറഞ്ഞു: “ജാതികളുടെ കാലം [“ജനതകളുടെ നിയമിത കാലങ്ങൾ,” NW] തികയുവോളം ജാതികൾ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.”—ലൂക്കൊസ് 21:24.
17. (എ) “ജനതകളുടെ നിയമിത കാലങ്ങൾ” എന്താണ്, അവ എത്ര നാൾ നീണ്ടുനിൽക്കണമായിരുന്നു? (ബി) “ജനതകളുടെ നിയമിത കാലങ്ങൾ” എപ്പോൾ തുടങ്ങി, എപ്പോൾ അവസാനിച്ചു?
17 “ജനതകളുടെ നിയമിത കാലങ്ങ”ളിൽ ദൈവാംഗീകാരമുളള ഭരണാധിപത്യത്തിനു മുടക്കംവരുത്തി തൽസ്ഥാനത്തു വാഴുന്നതിനു ലോകഗവൺമെൻറുകൾ അനുവദിക്കപ്പെടും. ആ കാലഘട്ടം പൊ.യു.മു. 607-ലെ യെരുശലേമിന്റെ നാശത്തോടെ തുടങ്ങി, അത് “ഏഴു കാലം” തുടരുമെന്നു ദാനിയേൽ സൂചിപ്പിച്ചു. (ദാനീയേൽ 4:23-25) അത് എത്ര ദീർഘമാണ്? മൂന്നര ‘കാലങ്ങൾ’ 1,260 ദിവസത്തിനു തുല്യമാണെന്നു ബൈബിൾ പ്രകടമാക്കുന്നു. (വെളിപ്പാടു 12:6, 14) അതിന്റെ ഇരട്ടി, അല്ലെങ്കിൽ ഏഴു കാലം, 2,520 ദിവസമായിരിക്കും. എന്നാൽ ആ ഹ്രസ്വമായ കാലഘട്ടത്തിന്റെ അവസാനത്തിൽ ശ്രദ്ധാർഹമായ യാതൊന്നും സംഭവിച്ചില്ല. എന്നിരുന്നാലും, ദാനിയേലിന്റെ പ്രവചനത്തിന് “ഒരു ദിവസത്തിന്നു ഒരു സംവത്സരം” ബാധകമാക്കുന്നതിലൂടെയും പൊ.യു.മു. 607 മുതൽ 2,520 വർഷം എണ്ണുക വഴിയും നാം പൊ.യു. 1914 എന്ന വർഷത്തിൽ വന്നെത്തുന്നു.—സംഖ്യാപുസ്തകം 14:34; യെഹെസ്കേൽ 4:6.
18. രാജ്യാധികാരം കിട്ടിയശേഷം താമസിയാതെ യേശു എന്തു ചെയ്തു, ഇതു ഭൂമിയെ എങ്ങനെ ബാധിച്ചു?
18 യേശു ആ സമയത്തു സ്വർഗത്തിൽ വാഴ്ച ആരംഭിച്ചോ? ആരംഭിച്ചുവെന്നു പറയാനുളള തിരുവെഴുത്തുകാരണങ്ങൾ അടുത്ത അധ്യായത്തിൽ ചർച്ചചെയ്യുന്നതായിരിക്കും. തീർച്ചയായും, യേശുവിന്റെ ഭരണത്തിന്റെ തുടക്കം ഭൂമിയിൽ പെട്ടെന്നു സമാധാനം കൈവരുത്തുകയില്ല. രാജ്യം ലഭിച്ചശേഷം ഉടനെ യേശു സാത്താനെയും ഭൂതദൂതൻമാരെയും സ്വർഗത്തിൽനിന്നു ബഹിഷ്കരിക്കുമെന്നു വെളിപ്പാടു 12:7-12 കാണിക്കുന്നു. ഇതു ഭൂമിക്കു കഷ്ടത വരുത്തും, എന്നാൽ പിശാചിനു “അല്പകാലമേ” ശേഷിച്ചിട്ടുളളു എന്നു വായിക്കുന്നതു സന്തോഷപ്രദമാണ്. താമസിയാതെ, ദൈവരാജ്യം ഭരിക്കുന്നതുകൊണ്ടു മാത്രമല്ല, അതു ഭൂമിക്കും അനുസരണമുളള മനുഷ്യവർഗത്തിനും അനുഗ്രഹങ്ങൾ കൈവരുത്തുമെന്നുളളതുകൊണ്ടും നമുക്കു സന്തോഷിക്കാൻ കഴിയും. (സങ്കീർത്തനം 72:7, 8) ഇതു പെട്ടെന്നു സംഭവിക്കുമെന്നു നമുക്ക് എങ്ങനെ അറിയാം?
[അടിക്കുറിപ്പ്]
a ശീലോ എന്ന പേരിന്റെ അർഥം “അതിന് അവകാശമുളളവൻ; അത് ആരുടേതോ അവൻ” എന്നാണ്. കാലക്രമത്തിൽ, “ശീലോ” “യഹൂദാഗോത്രത്തിലെ സിംഹ”മായ യേശുക്രിസ്തു ആണെന്നു തെളിഞ്ഞു. (വെളിപ്പാടു 5:5) തർഗും എന്ന യഹൂദ ഭാഷാന്തരങ്ങളിൽ ചിലതു “ശീലോ” എന്ന പദത്തിനു പകരം കേവലം “മിശിഹാ” അല്ലെങ്കിൽ “മിശിഹാരാജാവ്” എന്നു വെച്ചു.
നിങ്ങളുടെ പരിജ്ഞാനം പരിശോധിക്കുക
ദെവരാജ്യം എന്താണ്, അത് എവിടെനിന്നു ഭരണം നടത്തുന്നു?
രാജ്യത്തിൽ ആർ ഭരണം നടത്തുന്നു, അതിന്റെ പ്രജകൾ ആർ?
തന്റെ രാജ്യം ഒരു യാഥാർഥ്യമാണെന്നു യഹോവ നമുക്ക് ഉറപ്പുനൽകിയിരിക്കുന്നത് എങ്ങനെ?
“ജനതകളുടെ നിയമിത കാലങ്ങൾ” എപ്പോൾ തുടങ്ങി, എപ്പോൾ അവസാനിച്ചു?
[94-ാം പേജിലെ ചതുരം]
ദൈവരാജ്യത്തോടു ബന്ധപ്പെട്ട ചില പ്രധാന സംഭവങ്ങൾ
• സർപ്പത്തിന്റെ, പിശാചായ സാത്താന്റെ, തല തകർക്കുന്ന ഒരു “സന്തതി”യെ ഉളവാക്കാനുളള തന്റെ ഉദ്ദേശ്യം യഹോവ പ്രഖ്യാപിക്കുന്നു.—ഉല്പത്തി 3:15.
• പൊ.യു.മു. 1943-ൽ, ഈ സന്തതി അബ്രഹാമിന്റെ ഒരു മനുഷ്യസന്തതിയായിരിക്കുമെന്നു യഹോവ സൂചിപ്പിക്കുന്നു.—ഉല്പത്തി 12:1-3, 7; 22:18.
• പൊ.യു.മു. 1513-ൽ ഇസ്രായേലിനു കൊടുത്ത ന്യായപ്രമാണ ഉടമ്പടി ‘വരുവാനുളള നൻമകളുടെ ഒരു നിഴൽ’ പ്രദാനംചെയ്യുന്നു.—പുറപ്പാടു 24:6-8; എബ്രായർ 10:1.
• ഇസ്രായേലിന്റെ ഭൗമികരാജ്യം പൊ.യു.മു. 1117-ൽ തുടങ്ങുന്നു, അതു പിന്നീടു ദാവീദിന്റെ വംശത്തിൽ തുടരുന്നു.—1 ശമൂവേൽ 11:15; 2 ശമൂവേൽ 7:8, 16.
• യെരുശലേം പൊ.യു.മു. 607-ൽ നശിപ്പിക്കപ്പെടുന്നു, “ജനതകളുടെ നിയമിത കാലങ്ങൾ” തുടങ്ങുന്നു.—2 രാജാക്കൻമാർ 25:8-10, 25, 26; ലൂക്കൊസ് 21:24.
• പൊ.യു. 29-ൽ യേശു നിയുക്ത രാജാവായി അഭിഷേകം ചെയ്യപ്പെടുന്നു, അവന്റെ ഭൗമികശുശ്രൂഷ തുടങ്ങുന്നു.—മത്തായി 3:16, 17; 4:17; 21:9-11.
• പൊ.യു. 33-ൽ യേശു സ്വർഗാരോഹണം ചെയ്യുന്നു, അവിടെ തന്റെ ഭരണം തുടങ്ങുന്നതുവരെ ദൈവത്തിന്റെ വലതുഭാഗത്തു കാത്തിരിക്കുന്നു.—പ്രവൃത്തികൾ 5:30, 31; എബ്രായർ 10:12, 13.
• പൊ.യു. 1914-ൽ “ജനതകളുടെ നിയമിത കാലങ്ങൾ” അവസാനിക്കുമ്പോൾ യേശു സ്വർഗീയരാജ്യത്തിൽ സിംഹാസനസ്ഥനാക്കപ്പെടുന്നു.—വെളിപ്പാടു 11:15.
• സാത്താനും ഭൂതങ്ങളും ഭൂമിയുടെ പരിസരത്തേക്ക് എറിയപ്പെടുന്നു, അവർ മനുഷ്യവർഗത്തിന് ഏറിയ കഷ്ടത വരുത്തുന്നു.—വെളിപ്പാടു 12:9-12.
• യേശു ദൈവരാജ്യസുവാർത്തയുടെ ലോകവ്യാപക പ്രസംഗത്തിന്റെ മേൽനോട്ടം വഹിക്കുന്നു.—മത്തായി 24:14; 28:19, 20.