അന്ത്യനാളുകൾ ഒരു അസാധാരണ സവിശേഷത
“[അണുബോംബിന് രൂപകൽപ്പനചെയ്യാൻ സഹായിച്ച] ഓപ്പൻഹീമർ 1945-ൽ ലോകം അതിന്റെ ഗതി മാറി എന്ന അദ്ദേഹത്തിന്റെ അടിസ്ഥാനഗ്രാഹ്യത്തിൽ ശരിയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ശൈലിയിൽ ഇനിയൊരിക്കലും ഒരു വലിയ യുദ്ധം നടക്കാവുന്നതല്ല.”—ഫ്രീമാൻ ഡൈസൻ രചിച്ച ആയുധങ്ങളും പ്രത്യാശയും.
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിയഞ്ചിലെ അണുബോംബിന്റെ ഉപയോഗം ലോകത്തിന് മാററം വരുത്തി. അത് യുദ്ധചരിത്രത്തിലെ മറെറാരു വഴിത്തിരിവിനെ അടയാളപ്പെടുത്തി. അങ്ങനെയാണ് ബോംബിന്റെ കണ്ടുപിടുത്തക്കാരിലൊരാളായ റോബർട്ട് ഓപ്പൻഹീമർ ഈ സാഹചര്യത്തെ കണ്ടത്. ന്യൂ മെക്സിക്കോയിൽ പരീക്ഷണ സ്ഫോടനം നടന്നപ്പോൾ ഓപ്പൻഹീമർ ഹൈന്ദവ ഭഗവദ്ഗീത ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ ലോകഭഞ്ജകനായ മരണമായിത്തീർന്നിരിക്കുന്നു.” “ഈ ലോകത്തിലെ ആളുകൾ ഒത്തുചേരണം, അല്ലെങ്കിൽ അവർ നശിക്കും” എന്നും ഓപ്പൻഹീമർ പ്രസ്താവിക്കുകയുണ്ടായി.
യു.എസ്. അണുശക്തി കമ്മീഷന്റെ ഉപദേശകസമിതി 1949-ൽ അതിലും മാരകമായ ഹൈഡ്രജൻബോംബിന്റെ വികസിപ്പിക്കലിനെതിരെ മുന്നറിയിപ്പുകൊടുത്തു. ഓപ്പൻഹീമറും കമ്മിററിയിൽ ഉൾപ്പെട്ടിരുന്നു. അവരുടെ റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ഇത് ഒരു മികച്ച ആയുധമാണ്; ഇത് അണുബോംബിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു വർഗ്ഗത്തിൽപ്പെട്ടതാണ്.” കാരണം വളരെ ചെലവു കുറഞ്ഞ ഡൂട്ടീറിയം ഇന്ധനം ചേർക്കുന്നതിനാൽ ഹൈഡ്രജൻബോംബിന്റെ നശീകരണശക്തിയെ പെരുക്കാൻ കഴിയും. നാലു വർഷംകൊണ്ട് അണുബോംബ് വെറുമൊരു കളിപ്പാട്ടമായി മാറി.
അഡ്വൈസറി കമ്മിററിയുടെ അംഗങ്ങൾതന്നെയായ എൻറിക്കോ ഫേമിയും ഇസിഡോർ റാബിയും അതിലും ശക്തമായ ഒരു മുന്നറിയിപ്പ് നൽകി: “ഈ ആയുധത്തിന്റെ നശീകരണശക്തിക്ക് പരിമിതിയില്ലെന്നുള്ള വസ്തുത അതിന്റെ അസ്തിത്വത്തെ തന്നെയും അതിന്റെ നിർമ്മാണംസംബന്ധിച്ച അറിവിനെയും പൊതുവേ മനുഷ്യവർഗ്ഗത്തിന് ഒരു വിപത്താക്കിത്തീർക്കുന്നു. എങ്ങനെ വീക്ഷിച്ചാലും അത് അവശ്യം ഒരു തിൻമതന്നെയാണ്.” (ഇററാലിക്സ് ഞങ്ങളുടേത്) മനുഷ്യന് ഇപ്പോൾ അവനേത്തന്നെ നശിപ്പിക്കാൻ കഴിയുമെന്ന് അവർക്കറിയാമായിരുന്നു. ഹൈഡ്രജൻബോംബുണ്ടാക്കുന്നതിനെതിരായ അവരുടെ ഉപദേശം അവഗണിക്കപ്പെട്ടു.
‘ശാസ്ത്രീയ അടിസ്ഥാനത്തിൽ നാശത്തിന്റെ പ്രവചനങ്ങൾ’
മനുഷ്യന് ഇപ്പോഴുള്ള അവിശ്വസനീയമായ നശീകരണശക്തി അന്തർദ്ദേശീയ ഭിഷഗ്വരൻമാർ നൂക്ലിയർയുദ്ധനിരോധനത്തിന് എന്ന സംഘടനയുടെ സഹാദ്ധ്യക്ഷനായ ഡോ. ലൗൺ ഉദ്ധരിച്ച ഒരു വസ്തുതയിൽ ഉദാഹരിക്കപ്പെട്ടിരിക്കുന്നു: “ഒരൊററ ആധുനിക അന്തർവാഹിനിക്ക് രണ്ടാം ലോകമഹായുദ്ധത്തിലെ മൊത്തം അഗ്നിക്ഷേപകശക്തിയുടെ ഏകദേശം എട്ടിരട്ടി ശക്തിയുണ്ട്—ഉത്തരാർദ്ധഗോളത്തിലെ എല്ലാ മുഖ്യനഗരങ്ങളെയും നശിപ്പിക്കാൻ മതിയായതുതന്നെ.” അത് ഒരൊററ അന്തർവാഹിനിയുടെ വിനാശകശക്തിയാണെന്ന് ദയവായി കുറിക്കൊള്ളുക! വൻശക്തികൾക്ക് ന്യൂക്ലിയർ ആയുധങ്ങൾ വഹിക്കുന്ന ഡസൻകണക്കിന് അന്തർവാഹിനികളും ഉപരിതല കപ്പലുകളുമുണ്ട്. കരയിലെ ആയുധങ്ങളും വ്യോമായുധങ്ങളും ഇതിനോടു കൂട്ടുമ്പോൾ അത് മൊത്തം 50,000-ത്തിലധികം ന്യൂക്ലിയർയുദ്ധശീർഷകങ്ങളായിത്തീരുന്നു!
ചരിത്രത്തിൽ മുമ്പെന്നാണ് മനുഷ്യന് അവന്റെ കൈകളിൽ ഇത്ര ഗംഭീരവും ഭീഷകവുമായ ശക്തിയുണ്ടായിരുന്നത്? ഓരോ ചരിത്രകാലഘട്ടത്തിനും അതിന്റെ കേട്ടനുസരിക്കപ്പെടാത്ത പ്രവാചകൻമാർ ഉണ്ടായിരുന്നുവെന്ന് ഡോ. ലൗൺ സമ്മതിക്കുന്നു. ഇപ്പോഴത്തെ വ്യത്യാസം എന്താണ്? അദ്ദേഹം വിശദീകരിക്കുന്നു: “നാശത്തിന്റെ പ്രവചനങ്ങൾ വസ്തുനിഷ്ഠമായ ശാസ്ത്രീയവിശകലനത്തെ അടിസ്ഥാനപ്പെടുത്തി പുറപ്പെടുന്ന ആദ്യത്തെ യുഗം നമ്മുടേതാണ്.” എന്നെങ്കിലും ഒരു നൂക്ലിയർ പ്രളയം ഉണ്ടാകുകയാണെങ്കിൽ “അത്തരമൊരു മനുഷ്യനിർമ്മിത വിപത്തിനുശേഷം മനുഷ്യാതിജീവനം ഉണ്ടായിരിക്കുമെന്നു നടിക്കുന്നത് വെറും ഔദ്ധത്യമാണ്” എന്ന് അദ്ദേഹം പറയുന്നു.
വർദ്ധിച്ച, “ജനതകളുടെ അതിവേദന”
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിയഞ്ചിൽ മനുഷ്യൻ അവന്റെ ശാസ്ത്രീയവിജ്ഞാനമാകുന്ന അത്ഭുതവിളക്കിൽനിന്ന് ന്യൂക്ലിയർയുദ്ധമാകുന്ന ദുഷ്ടവേതാളത്തെ പുറത്തുവിട്ടു. അതിനെ എന്നെങ്കിലും വീണ്ടും അകത്തുകയററാൻ മാർഗ്ഗവുമില്ല. അവൻ തന്റെ ന്യൂക്ലിയർ ആയുധങ്ങളെ നശിപ്പിച്ചേക്കാം, എന്നാൽ എല്ലായ്പ്പോഴും അവയിലേക്കു തിരികെ നയിക്കാൻ കഴിയുന്ന അറിവിനെ അവൻ എങ്ങനെ നീക്കംചെയ്യും? അതുകൊണ്ട്, ഹിരോഷിമായിലെയും നാഗസാക്കിയിലെയും യഥാർത്ഥസംഭവങ്ങളും മികച്ച ന്യൂക്ലിയർ ആയുധങ്ങളുടെ വികസിപ്പിക്കലും 1945-നുശേഷം ആകാശത്തുനിന്നുള്ള “ഭയങ്കരകാഴ്ചക”ൾക്കും “വലിയ അടയാളങ്ങൾ”ക്കുമുള്ള സാദ്ധ്യത, “പോംവഴി അറിയാത്ത ജനതകളുടെ അതിവേദന”ക്കുള്ള സാദ്ധ്യത, വർദ്ധിപ്പിച്ചിരിക്കുന്നു.—ലൂക്കോസ് 21:11, 25.
സത്വര ആശയവിനിമയത്തിനുള്ള നമ്മുടെ പ്രാപ്തിയാലും ജനതകളുടെ അതിവേദന വർദ്ധിച്ചിട്ടുണ്ട്. ഈ 20-ാം നൂററാണ്ടിൽ മാത്രമാണ് ആധുനികവാർത്താവിനിമയ പദ്ധതികൾ (റേഡിയോ, ററി.വി., കമ്പ്യൂട്ടർകൾ, ഉപഗ്രഹങ്ങൾ) യുദ്ധങ്ങളെയും വിപത്തുകളെയുംകുറിച്ച് ക്ഷണനേരംകൊണ്ട് അറിയാനും അങ്ങനെ മുമ്പൊരിക്കലും സാദ്ധ്യമാകാത്ത ഒരു വിധത്തിൽ ജനതകളുടെ ഭയവും അതിവേദനയും പരത്തുന്നതിനും മനുഷ്യവർഗ്ഗത്തെ അനുവദിച്ചിട്ടുള്ളത്. പൊതുലോകം അവയെക്കുറിച്ച് അറിയുന്നുവെന്നുമാത്രമല്ല, യുദ്ധങ്ങളും രക്തച്ചൊരിച്ചിലും സംഭവിക്കുമ്പോൾ അവ ററി.വി.യിൽ കാണാനും കഴിയുന്നു!
യുദ്ധത്തിന്റെ വടുക്കൾ
ഈ 1989 എന്ന വർഷത്തിൽ, നാം അന്ത്യനാളുകളിലാണെന്നുള്ളതിന്റെ തെളിവിന്റെ ഒരു ഭാഗം അനുഭവിച്ചറിഞ്ഞിട്ടുള്ള ദശലക്ഷക്കണക്കിനു കുടുംബങ്ങൾ ലോകമാസകലമുണ്ട്. എങ്ങനെ? അവർക്ക് മനുഷ്യവർഗ്ഗത്തെ വൻതോതിൽ നശിപ്പിച്ചിരിക്കുന്ന രണ്ടു ലോകയുദ്ധങ്ങളിലോ മററു മുഖ്യപോരാട്ടങ്ങളിലൊന്നിലോ (കൊറിയാ, വിയററ്നാം, ഇറാൻ-ഇറാക്ക്, ലബനോൻ മുതലായവ) ഒന്നോ അധികമോ പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപക്ഷേ, നിങ്ങളുടെ കുടുംബം നഷ്ടപ്പെട്ട ഒരു പിതാവിനെയോ വല്യപ്പനെയോ അമ്മാവനെയോ സഹോദരനെയോ കുറിച്ച് ഓർക്കാൻകഴിയുന്ന കുടുംബങ്ങളിലൊന്നായിരിക്കാം. കൂടാതെ, യുദ്ധങ്ങളിലും യൂറോപ്യൻ അഗ്നിപ്രളയത്തിലും ദശലക്ഷക്കണക്കിന് അമ്മമാരും വല്യമ്മമാരും സഹോദരിമാരും അമ്മായിമാരും മരിച്ചിട്ടുണ്ട്.
മാത്രവുമല്ല, നമ്മുടെ തലമുറയിൽ, സൈന്യങ്ങൾ യൂറോപ്പിലും വിദൂരപൂർവദേശത്തുമുടനീളം പൗരജനങ്ങളെ ബലാൽസംഗംചെയ്തുകൊണ്ടും കൊള്ളയടിച്ചുകൊണ്ടും അങ്ങോളമിങ്ങോളം ചീറിനടന്നിട്ടുണ്ട്. അങ്ങനെ, അതിജീവിച്ചവർ, വിശേഷാൽ സ്ത്രീകൾ, അവർക്കനുഭവപ്പെട്ട ദുഷ്പെരുമാററത്തിന്റെ വടുക്കൾ ഇന്നോളം വഹിക്കുന്നുണ്ട്. മനുഷ്യൻ എന്നെങ്കിലും അധഃപതനത്തിന്റെയും മൗഢ്യത്തിന്റെയും ഇത്ര താഴ്ന്ന നിലയിലായിട്ടുണ്ടോ?
തീർച്ചയായും, വെളിപ്പാടിലെ യുദ്ധത്തിന്റെയും സംഹാരത്തിന്റെയും തീനിറമുള്ള കുതിരയും മരണത്തിന്റെ മഞ്ഞ കുതിരയും 1914 മുതൽ ഭൂമിയിലുടനീളം ചവിട്ടിമെതിച്ചുനടന്നിട്ടുണ്ട്.—വെളിപ്പാട് 6:4.
എന്നാൽ ക്ഷാമത്തിന്റെ “കറുത്ത കുതിര”യെ സംബന്ധിച്ചെന്ത്? (വെളിപ്പാട് 6:5) അത് നമ്മുടെ തലമുറയെ പ്രഹരിച്ചിട്ടുണ്ടോ? (g88 4/8)
[8-ാം പേജിലെ ആകർഷകവാക്യം]
കാര്യങ്ങളുടെ ഇപ്പോഴത്തെ നിലയനുസരിച്ച് ഒരു ന്യൂക്ലിയർയുദ്ധമെന്ന നിലയിൽ ലോകയുദ്ധത്തിന് ഒരിക്കൽകൂടെ മാത്രമേ സംഭവിക്കാൻ കഴിയൂ. പിന്നീട് ജനതകളോ രാജ്യങ്ങളോ ഉണ്ടായിരിക്കയില്ല. ഈ ഒരു വസ്തുതതന്നെ നമ്മുടെ കാലങ്ങളെ അനുപമമാക്കുകയും “അന്ത്യനാളുകൾ” എന്ന വർണ്ണനക്ക് ശക്തികൂട്ടുകയും ചെയ്യുന്നു.—2 തിമൊഥെയോസ് 3:1
[8-ാം പേജിലെ ആകർഷകവാക്യം]
“ഒരൊററ ആധുനിക അന്തർവാഹിനിക്ക് രണ്ടാം ലോകമഹായുദ്ധത്തിലെ മൊത്തം അഗ്നിക്ഷേപകശക്തിയുടെ ഏകദേശം എട്ടിരട്ടി ശക്തിയുണ്ട്—ഉത്തരാർദ്ധഗോളത്തിലെ എല്ലാ മുഖ്യനഗരങ്ങളെയും നശിപ്പിക്കാൻ മതിയായതുതന്നെ”