“അന്ത്യകാലത്ത്” ഉണർന്നിരിക്കുക
“നോക്കിക്കൊണ്ടിരിപ്പിൻ, ഉണർന്നിരിപ്പിൻ, എന്തുകൊണ്ടെന്നാൽ നിയമിത സമയം എപ്പോഴെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ.”—മർക്കോസ് 13:33, NW.
1. ഈ “അന്ത്യകാലത്ത്” ഉത്തേജജനകമായ സംഭവങ്ങൾ ചുരുൾ നിവരുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം?
ഈ “അന്ത്യകാലത്ത്” ഉത്തേജജനകമായ സംഭവങ്ങളുടെ ചുരുളഴിയുമ്പോൾ ക്രിസ്ത്യാനികൾ എങ്ങനെ പ്രതികരിക്കണം? (ദാനിയേൽ 12:4) അവർ സംശയത്തിൽ വിടപ്പെട്ടിട്ടില്ല. ഈ ഇരുപതാം നൂററാണ്ടിൽ നിവർത്തിയേറിക്കൊണ്ടിരിക്കുന്ന സംയുക്ത അടയാളം ഉൾക്കൊള്ളുന്ന പ്രവചനം യേശു ക്രിസ്തു ഉച്ചരിച്ചു. 1914 മുതലുള്ള ഈ കാലഘട്ടത്തെ അതുല്യമായ ഒന്നായി തിരിച്ചറിയിക്കുന്ന അനേക ലക്ഷണങ്ങൾ അവൻ മുൻകൂട്ടിപ്പറഞ്ഞു. “അന്ത്യകാലത്തെ” സംബന്ധിച്ച ദാനിയേലിന്റെ പ്രവചനം പരിചയമുണ്ടായിരുന്ന യേശു “ഉണർന്നിരിക്കാൻ” തന്റെ ശിഷ്യൻമാരെ പ്രോൽസാഹിപ്പിച്ചുകൊണ്ട് മഹത്തായ തന്റെ സ്വന്തം പ്രവചനം അതിനോട് കൂട്ടിച്ചേർത്തു.—ലൂക്കോസ് 21:36.
2. ആത്മീയമായി ഉണർന്നിരിക്കാനുള്ള വലിയ ആവശ്യമുള്ളതെന്തുകൊണ്ട്?
2 എന്തുകൊണ്ട് ഉണർന്നിരിക്കണം? എന്തുകൊണ്ടെന്നാൽ ഇത് മാനുഷചരിത്രത്തിലെ ഏററം വിപൽക്കരമായ കാലഘട്ടമാണ്. ഈ കാലത്ത് ക്രിസ്ത്യാനികൾ ആത്മീയ മയക്കത്തിൽ ആണ്ടുപോകുന്നത് അപകടകരമായിരിക്കും. നാം ആത്മസംതൃപ്തിയുള്ളവരായിരിക്കുകയോ ജീവിതോൽക്കണ്ഠകൾ നമ്മുടെ ഹൃദയങ്ങളെ ഭാരപ്പെടുത്താൻ അനുവദിക്കുകയോ ചെയ്യുന്നുവെങ്കിൽ നാം അപകടത്തിലാകും. ലൂക്കോസ് 21:34, 35-ൽ യേശുക്രിസ്തു നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് നൽകി: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങൾക്ക് പെട്ടെന്ന് കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അത് സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും.”
3, 4. (എ) ദൈവത്തിന്റെ കോപദിവസം ആളുകളുടെ മേൽ പെട്ടെന്ന് “ഒരു കണിപോലെ” വരുമെന്ന് പറഞ്ഞതിനാൽ യേശു എന്താണ് അർത്ഥമാക്കിയത്? (ബി) ദൈവം കണി വയ്ക്കുന്നില്ലാത്തതിനാൽ ആ ദിവസം പൊതുവെ ആളുകളെ അപ്രതീക്ഷിതമായി പിടികൂടുന്നത് എന്തുകൊണ്ടാണ്?
3 യഹോവയുടെ ദിവസം ‘നമ്മുടെമേൽ പെട്ടെന്ന് ഒരു കണിപോലെ’ വരുമെന്ന് യേശു പറഞ്ഞത് നല്ല കാരണത്തോടെയായിരുന്നു. ഒരു കണിയിൽ മിക്കപ്പോഴും ഒരു കുരുക്കുണ്ട്, അത് പക്ഷികളെയും സസ്തനജീവികളെയും പിടിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നു. കണിക്ക് ഒരു കാഞ്ചിയുണ്ട്, അതിലേക്ക് നടന്നുകയറുന്നവൻ കാഞ്ചിയിൽ തട്ടുന്നു. അതോടെ കണി വീഴുകയും ഇര പിടിയിലാവുകയും ചെയ്യുന്നു. ഇതെല്ലാം വളരെ പെട്ടെന്നാണ് സംഭവിക്കുന്നത്. സമാനമായി, ആത്മീയമായി മന്ദഗതിയിലായിരിക്കുന്നവർ ദൈവത്തിന്റെ “ക്രോധദിവസത്തിൽ” അതിശയിക്കുകയും പെട്ടെന്നു പിടിയിലാകുകയും ചെയ്യും എന്ന് യേശു പറഞ്ഞു.—സദൃശവാക്യങ്ങൾ 11:4.
4 ആളുകൾക്ക് കണി വയ്ക്കുന്നത് യഹോവയാം ദൈവമാണോ? അല്ല, ആളുകളെ അപ്രതീക്ഷിതമായി പിടിക്കുന്നതിനും നശിപ്പിക്കുന്നതിനും വേണ്ടി അവൻ കാത്തിരിക്കുന്നില്ല. എന്നാൽ ആ ദിവസം പൊതുവേ ആളുകളെ പിടികൂടും കാരണം അവർ ദൈവരാജ്യത്തിന് പ്രഥമ പരിഗണന കൊടുക്കുന്നില്ല. തങ്ങൾക്കു ചുററും നടക്കുന്ന സംഭവവികാസങ്ങളുടെ അർത്ഥം അവഗണിച്ചുകൊണ്ട് ജീവിതാനുധാവനങ്ങളിൽ അവർ തങ്ങളുടെ സ്വന്തം വഴിയെ പോകുന്നു. ഇത് ദൈവത്തിന്റെ സമയപ്പട്ടികക്ക് മാററം വരുത്തുന്നില്ല. കണക്കു തീർപ്പിന് അവന് അവന്റേതായ നിശ്ചിത സമയമുണ്ട്. വരാനിരിക്കുന്ന തന്റെ ന്യായവിധിയെപ്പററി മനുഷ്യവർഗ്ഗത്തെ അജ്ഞരായി വിടാതെ അവൻ ദയ കാണിക്കുകയും ചെയ്തിരിക്കുന്നു.—മർക്കോസ് 13:10.
5, 6. (എ) വരാൻ പോകുന്ന ന്യായവിധി നിമിത്തം മാനുഷ സൃഷ്ടികൾക്കുവേണ്ടി സ്രഷ്ടാവ് എന്തു സ്നേഹപൂർവ്വകമായ കരുതൽ ചെയ്തിരിക്കുന്നു, എന്നാൽ പൊതുവെ എന്തു ഫലത്തോടെ? (ബി) ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നതിന് എന്തു പരിഗണിക്കപ്പെടും?
5 ഈ മുന്നറിയിപ്പ് ഇവിടെ അവന്റെ പ്രതീകാത്മക പാദപീഠത്തിലെ മാനുഷ സൃഷ്ടികളുടെ ക്ഷേമത്തിൽ താൽപ്പര്യമുള്ള മഹാസ്രഷ്ടാവിന്റെ ഭാഗത്തെ സ്നേഹപൂർവ്വകമായ ഒരു കരുതലാണ്. (യെശയ്യാവ് 66:1) തന്റെ പാദങ്ങൾ വിശ്രമിക്കുന്നതായി പറയപ്പെട്ടിരിക്കുന്ന സ്ഥലത്തെ നിവാസികളെ അവൻ പരിലാളിക്കുന്നു. അതുകൊണ്ട് തന്റെ ഭൗമിക സ്ഥാനപതികളെയും ദൂതൻമാരെയും ഉപയോഗിച്ചുകൊണ്ട് വരാൻ പോകുന്ന സംഭവങ്ങളെക്കുറിച്ച് അവൻ അവർക്ക് മുന്നറിയിപ്പ് കൊടുക്കുന്നു. (2 കൊരിന്ത്യർ 5:20) എന്നാൽ ഈ മുന്നറിയിപ്പുകളെല്ലാം ഉണ്ടായിരുന്നാലും ആ സംഭവങ്ങൾ അവർ ഒരു കണിയിൽ അകപ്പെട്ടാലെന്നവണ്ണം അപ്രതീക്ഷിതമായി അവരുടെമേൽ വരും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മിക്കയാളുകളും ആത്മീയമായി ഉറക്കത്തിലാണ്. (1 തെസ്സലൊനീക്യർ 5:6) താരതമ്യേന ഒരു ചെറിയ സംഖ്യ മാത്രമേ മുന്നറിയിപ്പ് ശ്രദ്ധിക്കുകയും ദൈവത്തിന്റെ പുതിയ ലോകത്തിലേക്ക് അതിജീവിക്കുകയും ചെയ്യുകയുള്ളു.—മത്തായി 7:13, 14.
6 അപ്പോൾ, രക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ എണ്ണപ്പെടാൻ ഈ അന്ത്യകാലത്ത് നമുക്ക് എങ്ങനെ ഉണർന്നിരിക്കാൻ കഴിയും? യഹോവ ആവശ്യമായ സഹായം പ്രദാനം ചെയ്യുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ഏഴു കാര്യങ്ങൾ നമുക്ക് കുറിക്കൊള്ളാം.
ശ്രദ്ധാശൈഥില്യത്തിനെതിരെ പോരാടുക
7. ശ്രദ്ധാശൈഥില്യം സംബന്ധിച്ച് യേശു എന്തു മുന്നറിയിപ്പ് നൽകി?
7 ഒന്നാമത്, നാം ശ്രദ്ധാശൈഥില്യത്തിനെതിരെ പോരാടണം. മത്തായി 24:42, 44-ൽ യേശു പറഞ്ഞു: “നിങ്ങളുടെ കർത്താവ് ഏതു ദിവസത്തിൽ വരുന്നു എന്ന് നിങ്ങൾ അറിയായ്കകൊണ്ട് ഉണർന്നിരിപ്പിൻ. അങ്ങനെ നിങ്ങൾ നിനക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിൻ.” യേശു ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഈ ദുർഘട സമയത്ത് വളരെയധികം ശ്രദ്ധാശൈഥില്യമുണ്ടായിരിക്കുമെന്നും ശ്രദ്ധാശൈഥില്യത്തിന് നാശത്തിലേക്ക് നയിക്കാൻ കഴിയുമെന്നും സൂചിപ്പിക്കുന്നു. നോഹയുടെ നാളിൽ ആളുകൾ അനേക കാര്യങ്ങളിൽ വ്യാപൃതരായിരുന്നു. തൽഫലമായി ശ്രദ്ധാശൈഥില്യം ബാധിച്ച ആളുകൾ സംഭവിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ കുറിക്കൊണ്ടില്ല, പ്രളയം അവരെ അടിച്ചൊഴുക്കിക്കൊണ്ടുപോവുകയും ചെയ്തു. അതുകൊണ്ട് യേശു ഇപ്രകാരം മുന്നറിയിപ്പ് നൽകി: “മനുഷ്യപുത്രന്റെ സാന്നിദ്ധ്യവും അങ്ങനെതന്നെ ആയിരിക്കും.”—മത്തായി 24:37-39.
8, 9. (എ) ജീവിതത്തിലെ സാധാരണ അനുധാവനങ്ങൾ അപകടകരമാംവണ്ണം നമ്മുടെ ശ്രദ്ധ പതറിച്ചേക്കാവുന്നതെങ്ങനെ? (ബി) പൗലോസും യേശുവും നമുക്ക് എന്തു മുന്നറിയിപ്പുകൾ നൽകി?
8 ലൂക്കോസ് 21:34, 35-ലെ തന്റെ മുന്നറിയിപ്പിൽ യേശു തീൻ, കുടി, ജീവസന്ധാരണത്തിനാവശ്യമായതു നേടുന്നതിലെ ഉൽക്കണ്ഠകൾ എന്നിങ്ങനെ ജീവിതത്തിന്റെ സാധാരണ വശങ്ങൾ ചർച്ചചെയ്യുകയായിരുന്നു എന്നത് മനസ്സിൽ പിടിക്കുക. അവ കർത്താവായ യേശുവിന്റെ ശിഷ്യൻമാർ ഉൾപ്പെടെ സകല മനുഷ്യർക്കും പൊതുവായ കാര്യങ്ങളാണ്. (മർക്കോസ് 6:31 താരതമ്യം ചെയ്യുക.) ഈ കാര്യങ്ങൾ അവയിൽ തന്നെ നിരുപദ്രവകരങ്ങളായിരുന്നേക്കാം, എന്നാൽ അനുവദിക്കപ്പെട്ടാൽ അവ നമ്മുടെ ശ്രദ്ധ പതറിക്കുകയും നാം അവയിൽ വ്യാപൃതരാകാൻ ഇടയാക്കുകയും നമ്മിൽ അപകടകരമായ ആത്മീയ മയക്കം ഉളവാക്കുകയും ചെയ്തേക്കാം.
9 അതുകൊണ്ട് പരമപ്രധാനമായ കാര്യം—ദിവ്യാംഗീകാരം നേടുന്നത്—നമുക്ക് അവഗണിക്കാതിരിക്കാം. സാധാരണ ജീവിതകാര്യാദികളിൽ മുഴുകുന്നതിനു പകരം നമ്മെ പോററാൻ ആവശ്യമായ പരിധിക്കുള്ളിൽ മാത്രം നമുക്ക് അവ ഉപയോഗിക്കാം. (ഫിലിപ്പ്യർ 3:8) അവ രാജ്യതാൽപ്പര്യങ്ങളെ പുറന്തള്ളാൻ ഇടയാക്കരുത്. റോമർ 14:17 പറയുംപ്രകാരം, “ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രെ.” “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” എന്ന് പറഞ്ഞപ്പോഴത്തെ യേശുവിന്റെ വാക്കുകൾ മനസ്സിൽ പിടിക്കുക. (മത്തായി 6:33) കൂടാതെ, ലൂക്കോസ് 9:62-ൽ യേശു ഇപ്രകാരം പ്രഖ്യാപിച്ചു: “കലപ്പെക്കു കൈവെച്ചശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല.”
10. നാം നമ്മുടെ ദൃഷ്ടികൾ നേരെ ലക്ഷ്യത്തിൽ പതിപ്പിക്കുന്നില്ലെങ്കിൽ എന്ത് അപകടമുണ്ട്?
10 ആലങ്കാരികമായി പറയുമ്പോൾ ഉഴവു തുടങ്ങിയാൽ പിന്നെ നാം നേരെ മുമ്പോട്ടുതന്നെ പോകണം. പുറകോട്ട് നോക്കുന്ന ഒരു ഉഴവുകാരന്റെ ഉഴവു ചാല് നേരെയായിരിക്കുകയില്ല. അയാൾ ശ്രദ്ധാശൈഥില്യമുള്ളവനാണ്, അയാൾ എളുപ്പം വഴിതെററിക്കപ്പെടുകയോ എന്തെങ്കിലും തടസ്സം നേരിടുമ്പോൾ ഉഴവു നിറുത്തുകയോ ചെയ്തേക്കാം. നമുക്ക് ലോത്തിന്റെ ഭാര്യയെപ്പോലെ ആകാതിരിക്കാം; അവൾ പിന്തിരിഞ്ഞു നോക്കി, സുരക്ഷിത സ്ഥാനത്ത് എത്തിയതുമില്ല. നാം നേരെ നമ്മുടെ ലക്ഷ്യത്തിൽ ദൃഷ്ടി പതിപ്പിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിന് നാം ശ്രദ്ധാശൈഥില്യത്തോട് പോരാടണം.—ഉൽപ്പത്തി 19:17, 26; ലൂക്കോസ് 17:32.
സകല ആത്മാർത്ഥതയോടും കൂടെ പ്രാർത്ഥിക്കുക
11. ശ്രദ്ധാശൈഥില്യത്തിന്റെ അപകടത്തെപ്പററി മുന്നറിയിപ്പ് നൽകിയശേഷം യേശു ഊന്നിപ്പറഞ്ഞത് എന്താണ്?
11 എന്നിരുന്നാലും ഉണർന്നിരിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന കൂടുതൽ കാര്യങ്ങളുണ്ട്. സുപ്രധാനമായ രണ്ടാമത്തെ സംഗതി സകല ആത്മാർത്ഥതയോടും കൂടെ പ്രാർത്ഥിക്കുക എന്നതാണ്. സാധാരണ ജീവിതാനുധാവനങ്ങളാൽ വഴിതെററിക്കപ്പെടുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ ശേഷം യേശു ഇപ്രകാരം ബുദ്ധിയുപദേശിച്ചു: “ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാററിനും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നിൽപ്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.”—ലൂക്കോസ് 21:36.
12. ഏതുതരം പ്രാർത്ഥനയാണ് ആവശ്യമായിരിക്കുന്നത്, എന്തു ഫലത്തോടെ?
12 അങ്ങനെ, നമ്മുടെ അപകടകരമായ സാഹചര്യവും സൂക്ഷ്മതയുള്ളവരായിരിക്കാനുള്ള നമ്മുടെ ആവശ്യവും സംബന്ധിച്ച് നാം നിരന്തരം പ്രാർത്ഥിക്കണം. അതുകൊണ്ട് ആത്മാർത്ഥമായ അഭയയാചനയോടെ പ്രാർത്ഥനാപൂർവ്വം നമുക്ക് ദൈവത്തെ സമീപിക്കാം. റോമർ 12:13-ൽ പൗലോസ് പറയുന്നു: “പ്രാർത്ഥനയിൽ ഉററിരുപ്പിൻ.” കൂടാതെ എഫേസ്യർ 6:18-ൽ നാം ഇപ്രകാരം വായിക്കുന്നു: “സകല പ്രാർത്ഥനയാലും യാചനയാലും . . . ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചുകൊണ്ടിരിപ്പിൻ. ആ ലക്ഷ്യത്തിൽ സകല സ്ഥിരതയോടും കൂടെ ഉണർന്നിരിപ്പിൻ.” (NW) വലിയ പ്രാധാന്യമില്ലാത്ത ഒരു സാധാരണ സംഗതിയെന്നപോലെ വല്ലപ്പോഴും പ്രാർത്ഥിക്കുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നമ്മുടെ അസ്തിത്വം തന്നെ അപകടത്തിലാണ്. അതുകൊണ്ട് നാം ദിവ്യസഹായത്തിനുവേണ്ടി ആത്മാർത്ഥമായി യാചിക്കേണ്ടതുണ്ട്. (എബ്രായർ 5:7 താരതമ്യം ചെയ്യുക.) അതുവഴി നാം നമ്മെത്തന്നെ യഹോവയുടെ പക്ഷത്ത് നിറുത്തും. ഇത് ചെയ്യുന്നതിന് നമ്മെ സഹായിക്കാൻ ‘സകല നേരത്തും അഭയയാചന കഴിക്കുന്ന’തിനേക്കാൾ പ്രയോജനകരമായ യാതൊന്നുമില്ല. അപ്പോൾ യഹോവ നമ്മെ ജാഗ്രതാ ബോധത്തിൽ നിലനിർത്തും. അപ്പോൾ പ്രാർത്ഥനയിൽ ഉററിരിക്കുന്നത് എത്ര പ്രധാനമാണ്!
യഹോവയുടെ സ്ഥാപനത്തോടും അതിന്റെ പ്രവർത്തനത്തോടും അടുത്തു പററിനിൽക്കുക
13. ഉണർന്നിരിക്കുന്നതിന് ഏതുതരം സഹവാസമാണ് ആവശ്യമായിരിക്കുന്നത്?
13 ലോകത്തിൻമേൽ വരുന്ന ഈ കാര്യങ്ങളിൽ നിന്നെല്ലാം രക്ഷപ്പെടാൻ നാം ആഗ്രഹിക്കുന്നു. മനുഷ്യപുത്രന്റെ മുമ്പാകെ അവന്റെ അംഗീകാരത്തോടുകൂടെ നിൽക്കാനും നാം ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തിൽ നമുക്ക് ചെയ്യാവുന്ന മൂന്നാമതൊരു സംഗതിയുണ്ട്: യഹോവയുടെ ദിവ്യാധിപത്യ സ്ഥാപനത്തോട് അഭേദ്യമാംവണ്ണം പററിനിൽക്കുക. നാം ആ സ്ഥാപനത്തോടൊപ്പം പൂർണ്ണമായി സഹവസിക്കുകയും അതിന്റെ പ്രവർത്തനങ്ങളിൽ പങ്കുപററുകയും ചെയ്യേണ്ടതുണ്ട്. ഈ വിധത്തിൽ നാം ഉണർന്നിരിക്കുന്ന ക്രിസ്ത്യാനികളാണെന്ന് സംശയാതീതമായി തിരിച്ചറിയിക്കും.
14, 15. (എ) എന്തു വേലയിൽ ഏർപ്പെട്ടിരിക്കുന്നത് ഉണർന്നിരിക്കാൻ നമ്മെ സഹായിക്കും? (ബി) പ്രസംഗവേല പൂർത്തിയാകുന്നത് എപ്പോഴെന്ന് ആരാണ് തീരുമാനിക്കുന്നത്, അതേപ്പററി നാം എങ്ങനെ വിചാരിക്കണം? (സി) നിർവ്വഹിക്കപ്പെട്ട വേലയിലേക്ക് അർമ്മഗെദ്ദോനുശേഷം പിന്തിരിഞ്ഞു നോക്കുമ്പോൾ നാം എന്തു തിരിച്ചറിയും?
14 ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്ന നാലാമത്തെ സംഗതി ഇതിനോട് അടുത്തു ബന്ധപ്പെട്ടതാണ്. നാം ഈ വ്യവസ്ഥിതിയുടെ ആസന്നമായിരിക്കുന്ന അന്ത്യത്തെക്കുറിച്ച് ആളുകൾക്ക് മുന്നറിയിപ്പ് കൊടുക്കുന്നവരുടെ കൂട്ടത്തിലായിരിക്കണം. സർവ്വശക്തനായ ദൈവം ഉദ്ദേശിച്ചിരിക്കുന്ന അളവോളം “രാജ്യത്തിന്റെ ഈ സുവാർത്ത” പ്രസംഗിക്കപ്പെട്ടു കഴിയുന്നതുവരെ ഈ പഴയവ്യവസ്ഥിതിയുടെ പൂർണ്ണമായ അന്ത്യം സംഭവിക്കുകയില്ല. (മത്തായി 24:14) പ്രസംഗവേല എപ്പോൾ പൂർത്തിയായി എന്നു തീരുമാനിക്കുന്നത് യഹോവയുടെ സാക്ഷികളല്ല. അതിനുള്ള അവകാശം യഹോവ തനിക്കായിത്തന്നെ നീക്കി വച്ചിരിക്കുന്നു. (മർക്കോസ് 13:32, 33) എന്നാൽ, നാം മനുഷ്യവർഗ്ഗത്തിന് ലഭിക്കാവുന്നതിലേക്കും ഏററം നല്ല ഗവൺമെൻറിനെക്കുറിച്ച്, ദൈവരാജ്യത്തെക്കുറിച്ച്, പ്രസംഗിക്കുന്നതിൽ സാദ്ധ്യമാകുന്നത്ര കഠിനമായി പ്രവർത്തിക്കുന്നതിനും ആവശ്യമായിരിക്കുന്നിടത്തോളം കാലം അത് തുടരുന്നതിനും ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. “മഹോപദ്രവ”ത്തിന്റെ പൊട്ടിപ്പുറപ്പെടൽ നാം ഈ വേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ തന്നെ ആയിരിക്കും. (മത്തായി 24:21) രക്ഷിക്കപ്പെടുന്നവർക്ക് ഭാവിയിലെല്ലാം പിന്തിരിഞ്ഞു നോക്കുന്നതിനും യേശുക്രിസ്തു ഒരു വ്യാജപ്രവാചകനല്ലായിരുന്നു എന്ന് ഹൃദയംഗമമായി ഉറപ്പിച്ചു പറയുന്നതിനും കഴിയും. (വെളിപ്പാട് 19:11) പ്രസംഗവേല അതിൽ പങ്കെടുത്തവർ പ്രതീക്ഷിച്ചതിനേക്കാൾ വളരെ കൂടിയ അളവിൽ പൂർത്തീകരിക്കപ്പെട്ടിട്ടുണ്ടായിരിക്കും.
15 ദൈവത്തിന് തന്നെ തൃപ്തികരമാം വിധം ഈ വേല പൂർത്തിയാക്കപ്പെടുന്ന ആ നിർണ്ണായക സമയത്ത് സാദ്ധ്യതയനുസരിച്ച് മുമ്പെന്നത്തെക്കാളും അധികമാളുകൾ അതിൽ പങ്കെടുക്കുന്നുണ്ടായിരിക്കും. ഈ മഹത്തായ വേലയിൽ ഒരു പങ്കുണ്ടായിരുന്നതിന് നാം എത്ര നന്ദിയുള്ളവരായിരിക്കും! “ആരും നശിപ്പിക്കപ്പെടാതെ എല്ലാവരും അനുതാപത്തിലേക്ക് വരാൻ” യഹോവ ആഗ്രഹിക്കുന്നു എന്ന് അപ്പോസ്തലനായ പത്രോസ് നമുക്ക് ഉറപ്പു നൽകുന്നു. (2 പത്രോസ് 3:9, NW) തൽഫലമായി സർവ്വശക്തനായ ദൈവത്തിന്റെ കർമ്മനിരതമായ ശക്തി ഇന്ന് മുമ്പെന്നത്തേക്കാൾ തീവ്രമായി പ്രവർത്തിക്കുന്നുണ്ട്, യഹോവയുടെ സാക്ഷികളാകട്ടെ ആത്മപ്രചോദിതമായ ഈ വേലയിൽ തുടരാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് യഹോവയുടെ സ്ഥാപനത്തോട് അടുത്തു പററിനിൽക്കുകയും അതിന്റെ പരസ്യശുശ്രൂഷയിൽ തിരക്കുള്ളവരായിരിക്കുകയും ചെയ്യുക. ഇത് നിങ്ങൾ ഉണർന്നിരിക്കുന്നതിന് ഒരു സഹായമായിരിക്കും.
ഒരു ആത്മപരിശോധന നടത്തുക
16. നമ്മുടെ ഇപ്പോഴത്തെ ആത്മീയാവസ്ഥ സംബന്ധിച്ച് നാം ഒരു ആത്മപരിശോധന നടത്തേണ്ടത് എന്തുകൊണ്ട്?
16 ഉണർന്നിരിക്കുന്നതിന് നമുക്ക് ചെയ്യാവുന്ന അഞ്ചാമത് ഒരു സംഗതിയുണ്ട്. നമ്മുടെ ഇപ്പോഴത്തെ നില സംബന്ധിച്ച് വ്യക്തിപരമായി നാം ഒരു ആത്മപരിശോധന നടത്തണം. ഇപ്പോൾ ഇത് മുമ്പെന്നത്തേക്കാളും അധികം ഉചിതമാണ്. നാം ആരുടെ പക്ഷത്ത് ഉറച്ചു നിൽക്കുന്നു എന്ന് നാം തെളിയിക്കേണ്ടതുണ്ട്. ഗലാത്യർ 6:4-ൽ പൗലോസ് ഇപ്രകാരം പറഞ്ഞു: “ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ. 1 തെസ്സലൊനീക്യർ 5:6-8-ലെ പൗലോസിന്റെ വാക്കുകളോടുള്ള ചേർച്ചയിൽ ഒരു ആത്മപരിശോധന നടത്തുക: “ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക. ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു. നാമോ പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ട് സുബോധമായിരിക്ക.”
17. ആത്മപരിശോധന നടത്തുമ്പോൾ നാം നമ്മോടുതന്നെ എന്തു ചോദ്യങ്ങൾ ചോദിക്കണം?
17 നമ്മെ സംബന്ധിച്ചെന്ത്? തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ നാം നമ്മെത്തന്നെ പരിശോധിക്കുമ്പോൾ രക്ഷയുടെ പ്രത്യാശ ശിരസ്ത്രമായി ധരിച്ചുകൊണ്ട് നാം ഉണർന്നിരിക്കുന്നതായി നാം കണ്ടെത്തുന്നുവോ? പഴയ വ്യവസ്ഥിതിയിൽ നിന്ന് വ്യക്തമായി നമ്മെത്തന്നെ വേർപെടുത്തുകയും അതിന്റെ ആശയങ്ങൾ മേലാൽ വച്ചുപുലർത്താതിരിക്കുകയും ചെയ്യുന്ന ആളുകളാണോ നാം? ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയുടെ ആത്മാവ് നമുക്ക് യഥാർത്ഥത്തിൽ ഉണ്ടോ? ഈ വ്യവസ്ഥിതി എങ്ങോട്ടാണ് നീങ്ങുന്നത് എന്നതു സംബന്ധിച്ച് നാം പൂർണ്ണമായും തിരിച്ചറിവുള്ളവരാണോ? എങ്കിൽ, നാം മോഷ്ടാക്കളായിരുന്നാലെന്നവണ്ണം യഹോവയുടെ ദിവസം നമ്മെ കടന്നുപിടിക്കുകയില്ല.—1 തെസ്സലൊനീക്യർ 5:4.
18. കൂടുതലായ മറെറന്തു ചോദ്യങ്ങൾ നാം ചോദിക്കേണ്ടതുണ്ടായിരിക്കാം, എന്തു ഫലത്തോടെ?
18 നാം നല്ല, സുഖപ്രദമായ, ആശ്വാസകരവും ആയാസരഹിതവുമായ ഒരു ജീവിതരീതി പടുത്തുയർത്താൻ ശ്രമിക്കുന്നതായി നമ്മുടെ ആത്മപരിശോധന വെളിപ്പെടുത്തുന്നുവെങ്കിലെന്ത്? നമ്മുടെ ആത്മീയ നേത്രങ്ങൾ മയക്കത്താലും ഉറക്കത്താലും ഭാരപ്പെട്ടിരിക്കുന്നതായി നാം കാണുന്നുവെങ്കിലോ? ലോകത്തിന്റെതായ എന്തെങ്കിലും ദിവാസ്വപ്നത്തെ അനുധാവനം ചെയ്തുകൊണ്ട് നാം ഒരു സ്വപ്നസമാന അവസ്ഥയിലാണോ? അങ്ങനെയാണെങ്കിൽ നമുക്ക് ഉണരാം!—1 കൊരിന്ത്യർ 15:34.
നിവർത്തിയേറിയ പ്രവചനങ്ങളെക്കുറിച്ച് ധ്യാനിക്കുക
19. നിവർത്തിയേറിയിരിക്കുന്നതായി നാം കാണുന്ന ചില പ്രവചനങ്ങൾ എന്തെല്ലാമാണ്?
19 ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്ന ആറാമത്തെ സംഗതിയിലേക്ക് നാം ഇപ്പോൾ വരുന്നു. ഈ അന്ത്യകാലത്ത് നിവർത്തിയേറിയിരിക്കുന്ന അനേക പ്രവചനങ്ങളെക്കുറിച്ച് ധ്യാനിക്കുക. 1914-ൽ ജാതികളുടെ കാലം അവസാനിച്ചശേഷം ഇപ്പോൾ നാം 77 വർഷം മുമ്പോട്ടു പോയിരിക്കുന്നു. കഴിഞ്ഞ മുക്കാൽ നൂററാണ്ടു കാലത്തേക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ ഒന്നിനു പുറകേ മറെറാന്നായി പ്രവചനങ്ങൾ നിവർത്തിയേറിയിരിക്കുന്നത് നമുക്ക് കാണാൻ കഴിയും—സത്യാരാധനയുടെ പുനഃസ്ഥാപനം; അഭിഷിക്ത ശേഷിപ്പിന്റെയും അവരുടെ സഹപ്രവർത്തകരുടെയും ഒരു ആത്മീയ പരദീസയിലേക്കുള്ള വിടുതൽ; രാജ്യവാർത്തയുടെ ആഗോളാടിസ്ഥാനത്തിലുള്ള പ്രസംഗം; മഹാപുരുഷാരത്തിന്റെ രംഗപ്രവേശനം. (യെശയ്യാവ് 2:2, 3; അദ്ധ്യായം 35; സെഖര്യാവ് 8:23; മത്തായി 24:14; വെളിപ്പാട് 7:9) യഹോവയുടെ വലുതായ നാമത്തിന്റെയും അവന്റെ അഖിലാണ്ഡ പരമാധികാരത്തിന്റെയും മഹത്വീകരണവും നടന്നു; കൂടാതെ യഹോവ തക്കസമയത്ത് ശീഘ്രഗതിയിലാക്കിയതിനാൽ കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയുമായിത്തീർന്നു. (യെശയ്യാവ് 60:22; യെഹെസ്ക്കേൽ 38:23) വെളിപ്പാട് പുസ്തകത്തിലെ അപ്പോസ്തലനായ യോഹന്നാന്റെ ദർശനങ്ങൾ ഇപ്പോൾ അതിന്റെ പരകോടിയിലെത്തിക്കൊണ്ടിരിക്കുകയുമാണ്.
20. എന്തു ബോദ്ധ്യമാണ് യഹോവയുടെ സാക്ഷികൾക്കുള്ളത്, അവ വാസ്തവത്തിൽ എന്താണെന്ന് തെളിഞ്ഞിരിക്കുന്നു?
20 അതുകൊണ്ട് 1914 മുതലുള്ള ലോകസംഭവങ്ങളുടെ അർത്ഥം സംബന്ധിച്ച തങ്ങളുടെ ഗ്രാഹ്യത്തിന്റെ കൃത്യതയെക്കുറിച്ച് യഹോവയുടെ സാക്ഷികൾ ഇന്ന് മുമ്പെന്നത്തേക്കാളും അധികം ഉറച്ചബോദ്ധ്യമുള്ളവരാണ്. അത്തരമൊരു ബോദ്ധ്യമുള്ള അവർ അത്യുന്നത ദൈവത്തിന്റെ കൈകളിലെ ഉപകരണങ്ങളാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ നിർണ്ണായക സമയത്ത് ദിവ്യസന്ദേശം അറിയിക്കുന്നതിന് അധികാരപ്പെടുത്തപ്പെട്ടിരിക്കുന്നവർ അവരാണ്. (റോമർ 10:15, 18) അതെ, അന്ത്യകാലത്തെ സംബന്ധിച്ചുള്ള യഹോവയുടെ വാക്കുകൾ നിവർത്തിയേറിയിരിക്കുന്നു. (യെശയ്യാവ് 55:11) ഇത്, ക്രമത്തിൽ യേശുക്രിസ്തുവിലൂടെയുള്ള ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളുടെയും അന്തിമ നിവർത്തി കാണുന്നതുവരെ ഈ നിലയിൽ തുടരാൻ നമ്മെ ഉത്തേജിപ്പിക്കണം.
രക്ഷ നാം വിശ്വാസികൾ ആയിത്തീർന്നപ്പോഴത്തേക്കാൾ അടുത്ത്
21. ആത്മീയമായി ഉണർന്നിരിക്കുന്നതിന് നമുക്ക് ഏഴാമതായി എന്തു സഹായമുണ്ട്?
21 ഒടുവിൽ, നാം ഉണർന്നിരിക്കാനുള്ള ഏഴാത്തെ സഹായം: നമ്മുടെ രക്ഷ നാം ആദ്യം വിശ്വാസികളായിത്തീർന്നപ്പോഴത്തെക്കാൾ അടുത്തിരിക്കുന്നു എന്ന് എപ്പോഴും മനസ്സിൽപിടിക്കുക. അതിലും പ്രധാനമായി, യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തിന്റെ സംസ്ഥാപനവും അവന്റെ നാമത്തിന്റെ വിശുദ്ധീകരണവും വളരെ അടുത്തിരിക്കുന്നു. അതുകൊണ്ട് ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം മുമ്പെന്നത്തെക്കാൾ അടിയന്തിരമാണ്. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം എഴുതുന്നു: “ഇത് ചെയ്യേണ്ടത് ഉറക്കത്തിൽ നിന്ന് ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നെ; നാം വിശ്വസിച്ച സമയത്തേക്കാൾ രക്ഷ ഇപ്പോൾ നമുക്ക് അധികം അടുത്തിരിക്കുന്നു. രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു.”—റോമർ 13:11, 12.
22. നമ്മുടെ രക്ഷയുടെ സാമീപ്യം നമ്മെ എങ്ങനെ ബാധിക്കണം?
22 നമ്മുടെ രക്ഷ ഇത്രയധികം അടുത്തിരിക്കുന്നതിനാൽ നാം ഉണർന്നിരിക്കണം! നമ്മുടെ വ്യക്തിപരമോ ലോകത്തിന്റെയോ ആയ താൽപ്പര്യങ്ങൾ ഈ അന്ത്യകാലത്ത് യഹോവ തന്റെ ജനത്തിനുവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോടുള്ള വിലമതിപ്പിനേക്കാൾ പ്രധാനമായിത്തീരാൻ നാം അനുവദിക്കരുത്. (ദാനിയേൽ 12:3) ദൈവത്തിന്റെ വചനം നമുക്ക് വ്യക്തമായി നിർദ്ദേശിച്ചു തരുന്ന വഴിയിൽനിന്നു നാം ഒരിക്കലും മാറിപ്പോകാതിരിക്കാൻ നാം മുമ്പെന്നത്തേക്കാളും അധികം സ്ഥിരത കാണിക്കേണ്ടിയിരിക്കുന്നു. (മത്തായി 13:22) ഈ ലോകം അതിന്റെ അന്ത്യനാളുകളിലാണെന്ന് തെളിവു പ്രകടമാക്കുന്നു. പെട്ടെന്നു തന്നെ നീതിയുള്ള ഒരു പുതിയ ലോകത്തിന് ഇടമുണ്ടാക്കാൻ വേണ്ടി അത് എന്നേക്കുമായി ആസ്തിക്യത്തിൽ നിന്ന് തുടച്ചുനീക്കപ്പെടും.—2 പത്രോസ് 3:13.
23. യഹോവ ഏതുവിധത്തിൽ നമ്മെ സഹായിക്കും, അനുഗ്രഹീതമായ എന്തു ഫലത്തോടെ?
23 അതുകൊണ്ട്, നമുക്ക് തീർച്ചയായും ഉണർന്നിരിക്കാം. മുമ്പെന്നത്തെക്കാളും അധികം കാലത്തിന്റെ നീരൊഴുക്കിൽ നാം എവിടെയാണെന്നതു സംബന്ധിച്ച് ജാഗ്രതയുള്ളവരായിരിക്കുക. ഈ സംഗതിയിൽ യഹോവ ഒരിക്കലും ഉറങ്ങുകയില്ല എന്ന് ഓർമ്മിക്കുക. മറിച്ച് ഈ അന്ത്യകാലത്ത് ഉണർന്നിരിക്കുന്നതിന് അവൻ എല്ലായ്പ്പോഴും നമ്മെ സഹായിക്കും. രാത്രി കഴിയാറായിരിക്കുന്നു. പകൽ അടുത്തിരിക്കുന്നു. അതുകൊണ്ട് ഉണർന്നിരിക്കുക! പെട്ടെന്നുതന്നെ മശിഹൈകരാജ്യം ഭൂമിയെ സംബന്ധിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം നിറവേററുമ്പോൾ സകല ദിവസങ്ങളിലും വച്ച് ഏററം സുന്ദരമായ ദിവസം നാം ആസ്വദിക്കുന്നതായിരിക്കും!—വെളിപ്പാട് 21:4, 5.
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ ദൈവത്തിന്റെ കോപദിവസം ആളുകളുടെമേൽ “ഒരു കണിപോലെ” വരുമെന്ന് പറഞ്ഞപ്പോൾ യേശു എന്താണ് അർത്ഥമാക്കിയത്?
◻ നാം ശ്രദ്ധാശൈഥില്യത്തിനെതിരെ പോരാടേണ്ടത് എന്തുകൊണ്ട്, നമുക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും?
◻ ഉണർന്നിരിക്കുന്നതിന് ഏതു തരത്തിലുള്ള പ്രാർത്ഥന ആവശ്യമാണ്?
◻ ഏതുതരം സഹവാസം ജീവൽപ്രധാനമാണ്?
◻ നമ്മുടെ ആത്മീയാവസ്ഥ സംബന്ധിച്ച് ഒരു ആത്മപരിശോധന നടത്തേണ്ടത് എന്തുകൊണ്ട്?
◻ നാം ഉണർന്നിരിക്കുന്നതിന് പ്രവചനം എന്തു പങ്കുവഹിക്കുന്നു?