ദൈവിക പരിജ്ഞാനത്തിൽ വളരാൻ ഒരു കുട്ടിയെ സഹായിക്കൽ
അനേക രാഷ്ട്രങ്ങളിലും പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ഒട്ടേറെ ആളുകൾ യേശു ഒരു അതിശയനീയനായ ഉപദേഷ്ടാവും ധർമ്മോപദേശകനും ആയിരുന്നു എന്ന് സമ്മതിക്കുന്നു. പക്ഷെ, അവന്റെ യൗവ്വനകാല പരിശീലനത്തിലെ എന്തെങ്കിലും ഇതിനു സംഭാവന ചെയ്തിട്ടുണ്ടോ? അവന്റെ കുടുംബ ജീവിതത്തിൽനിന്നും അവൻ വളർത്തപ്പെട്ട രീതിയിൽനിന്നും എന്തു പാഠങ്ങളാണ് ഇന്നത്തെ മാതാപിതാക്കൾക്ക് ഗ്രഹിക്കാൻ കഴിയുക.
ബൈബിൾ യേശുവിന്റെ ശൈശവത്തെക്കുറിച്ച് അൽപമേ പറയുന്നുള്ളു. അടിസ്ഥാനപരമായി അവന്റെ ആദ്യ 12 വർഷങ്ങളെ രണ്ടു വാക്യങ്ങളിൽ ഒതുക്കിയിരിക്കുന്നു: “അതുകൊണ്ട് [യോസേഫും മറിയയും] യഹോവയുടെ ന്യായപ്രമാണപ്രകാരം സർവ്വകാര്യങ്ങളും നിവർത്തിച്ചശേഷം ഗലീലയിൽ തങ്ങളുടെ സ്വന്ത നഗരമായ നസറെത്തിലേക്ക് മടങ്ങിപ്പോയി. ബാലനോ പരിജ്ഞാനം നിറഞ്ഞവനായി വളർന്നും ബലം പ്രാപിച്ചും കൊണ്ടിരുന്നു, ദൈവത്തിന്റെ പ്രസാദം അവന് തുടർന്നും ഉണ്ടായിക്കൊണ്ടിരുന്നു.” (ലൂക്കോസ് 2:39, 40) പക്ഷെ, ഇവിടെ മാതാപിതാക്കൾ പഠിക്കേണ്ട പാഠങ്ങളുണ്ട്.
പൈതൽ “വളർന്നും ബലം പ്രാപിച്ചും കൊണ്ടിരുന്നു.” അതുകൊണ്ട് അവന്റെ മാതാപിതാക്കൾ അവനുവേണ്ടി ശാരീരികമായി കരുതുന്നുണ്ടായിരുന്നു. കൂടാതെ, അവൻ തുടർച്ചയായി “പരിജ്ഞാനം നിറഞ്ഞവനായിത്തീർന്നു”കൊണ്ടിരുന്നു.a അത്തരം പരിജ്ഞാനത്തിന്റെ ആധാരമായി ഉതകേണ്ടിയിരുന്ന അറിവും ഗ്രാഹ്യവും അവനെ പഠിപ്പിക്കേണ്ടത് ആരുടെ ഉത്തരവാദിത്തം ആയിരുന്നു?
മോശൈക നിയമമനുസരിച്ച് അവന്റെ മാതാപിതാക്കൾക്കായിരുന്നു ആ കർത്തവ്യം. ന്യായപ്രമാണം യിസ്രായേല്യ മാതാപിതാക്കളോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്നോട് ഇന്ന് കൽപ്പിക്കുന്ന വചനങ്ങൾ നിന്റെ ഹൃദയത്തിലിരിക്കേണം; നീ നിന്റെ പുത്രനെ അത് ഗ്രഹിപ്പിക്കുകയും നീ വീട്ടിലിരിക്കുമ്പോഴും നീ വഴി നടക്കുമ്പോഴും നീ കിടക്കുമ്പോഴും നീ എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ച് സംസാരിക്കുകയും വേണം.” (ആവർത്തനം 6:6, 7) യേശു “പരിജ്ഞാനം നിറഞ്ഞവനായി”കൊണ്ടിരുന്നുവെന്നതും “ദൈവപ്രസാദം അവന്റെമേൽ തുടർന്നും ഉണ്ടായിക്കൊണ്ടിരുന്നു”വെന്നതും യോസേഫും മറിയയും ഈ കൽപ്പന അനുസരിച്ചിരുന്നു എന്ന് സൂചിപ്പിക്കുന്നു.
യേശു ഒരു പൂർണ്ണശിശു ആയിരുന്നതുകൊണ്ട് അവന്റെ പോററിവളർത്തൽ മററു കുട്ടികളുടെ വളർത്തലിനുള്ള ഒരു യാഥാർത്ഥ്യാധിഷ്ഠിത മാതൃക പ്രദാനം ചെയ്യുന്നില്ല എന്ന് ചിലർക്ക് തോന്നുന്നു. പക്ഷെ, യോസേഫും മറിയയും പൂർണ്ണരായിരുന്നില്ല. എങ്കിലും ന്യായാനുസൃതം, അവന്റെ ശാരീരികവും ആത്മീയവുമായ ആവശ്യങ്ങൾക്കായി അവർ അവന് വേണ്ടതൊരുക്കിക്കൊടുത്തു, വലുതായിത്തീർന്നുകൊണ്ടിരുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളെല്ലാം ഉണ്ടായിരുന്നിട്ടുപോലും. (മത്തായി 13:55, 56) കൂടാതെ, യേശു പൂർണ്ണനായിരുന്നുവെങ്കിലും അവന് ശൈശവത്തിൽ നിന്ന് ബാല്യം, കൗമാരം എന്നീ ഘട്ടങ്ങളിലൂടെ വളർന്ന് പ്രായപൂർത്തിയെത്തേണ്ടതുണ്ടായിരുന്നു. അവന്റെ മാതാപിതാക്കൾക്ക് ഒട്ടുവളരെ വ്യക്തിത്വ രൂപവത്ക്കരണ ജോലികൾ ചെയ്യേണ്ടതുണ്ടായിരുന്നു, അവരത് വളരെ ഭംഗിയായി നിറവേററുകയും ചെയ്തു.
യേശു 12-ാം വയസ്സിൽ
“അന്ന് അവന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാ പെരുനാളിന് യെരൂശലേമിൽ പോകുന്ന പതിവുണ്ടായിരുന്നു.” (ലൂക്കോസ് 2:41) ദൈവനിയമം അനുസരിച്ച് സകല പുരുഷപ്രജയും പെരുനാളിന് യെരൂശലേമിൽ പ്രത്യക്ഷരാകേണ്ടതുണ്ടായിരുന്നു. (ആവർത്തനം 16:16) പക്ഷെ, “അവന്റെ മാതാപിതാക്കൾ പോവുക പതിവായിരുന്നു എന്നു രേഖ പറയുന്നു.” ആ ആനന്ദകരമായ അവസരത്തിലേക്കായി യെരൂശലേമിലേക്ക് 60 മൈലുകളുടെ (100 കി. മി.) വഴിദൂരം യാത്ര ചെയ്തു പോകാൻ യോസേഫ്, മറിയയെയും സാദ്ധ്യതയനുസരിച്ച് തന്റെ കുടുംബത്തിലെ ബാക്കിയുള്ളവരെയും തന്നോടൊപ്പം കൊണ്ടുപോയിരിക്കും. (ആവർത്തനം 16:6, 11) അത് ഒരു പതിവായിരുന്നു. തങ്ങളുടെ ജീവിതത്തിന്റെ നിരന്തരക്രമമുള്ള ഒരു ഭാഗം. കൂടാതെ, അവർ വെറും നാമമാത്രമായി പ്രത്യക്ഷപ്പെടുക മാത്രമല്ല; ഉത്സവത്തിന് എല്ലാ ദിനവും അവിടെ കഴിയുകയും ചെയ്തു.—ലൂക്കോസ് 2:42, 43.
ഇത് ഇന്ന് മാതാപിതാക്കൾക്ക് ഒരു പ്രയോജനകരമായ പാഠം പ്രദാനം ചെയ്യുന്നു. ഈ വാർഷിക ആഘോഷങ്ങൾ ഭക്തിയുദാത്തമായ സമ്മേളനത്തിന്റെയും ആഹ്ലാദത്തിന്റെയും സന്ദർഭങ്ങളായിരുന്നു. (ലേവ്യപുസ്തകം 23:4, 36) അവ യോസേഫിനും മറിയക്കും ബാലനായ യേശുവിനും ആത്മീയോന്നമനത്തിന്റെ അനുഭവം പ്രദാനം ചെയ്തു. ഇന്ന്, തങ്ങളുടെ കുട്ടികൾക്ക് ഒരു ഉത്തേജകമായ മാററവും ആത്മീയ പരിപുഷ്ടിയും അനുഭവിക്കുന്നതിന് അവർക്കായി അത്തരം സന്ദർഭങ്ങൾ തേടുന്നത് ശ്രേഷ്ഠമായിരിക്കും. യഹോവയുടെ സാക്ഷികളായ മാതാപിതാക്കൾ വർഷത്തിൽ ക്രമമായ ഇടവേളകൾക്കുശേഷം നടക്കുന്ന കൂടിവരവുകൾക്കും മഹാ സമ്മേളനങ്ങൾക്കും തങ്ങളുടെ കുട്ടികളെ കൊണ്ടുപോയിക്കൊണ്ട് ഇത് ചെയ്യുന്നു. ഇങ്ങനെ, കുട്ടികൾക്ക് യാത്ര ചെയ്യുന്നതിന്റെയും ചുരുങ്ങിയ കുറച്ചുനാൾ തങ്ങളുടെ നൂറോ ആയിരങ്ങളോ ആയ സഹവിശ്വാസികളോടൊപ്പം ഇടപഴകുന്നതിന്റെയും ഉത്തേജനഭരിതമായ അനുഭവം ലഭിക്കാനിടയായേക്കാം. പത്തു മക്കളെ വിജയകരമായി വളർത്തിയ ഒരു പിതാവ്, താൻ 45 വർഷം മുമ്പ് ഒരു ക്രിസ്ത്യാനി ആയി സ്നാനമേററതു മുതൽ സമ്മേളനങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഒരു പരിപാടിപോലും നഷ്ടമാക്കിയിട്ടില്ല എന്നതാണ് തന്റെ വിജയത്തിന്റെ ഒരു വലിയ കാരണമായി ചൂണ്ടിക്കാണിച്ചത്. അതുപോലെ ഒന്നും നഷ്ടപ്പെടുത്തരുത് എന്ന് അദ്ദേഹം തന്റെ കുടുംബത്തെയും പ്രോത്സാഹിപ്പിച്ചു.
ഒരു നോട്ടപ്പിശക്
യേശു തീരെ ചെറുപ്പമായിരുന്നപ്പോൾ മഹാനഗരമായ യെരൂശലേമിലേക്കുള്ള ഈ വാർഷിക പ്രയാണങ്ങളിൽ അവൻ നിസ്സംശയമായും തന്റെ മാതാപിതാക്കളോട് അടുത്ത് ചെലവഴിച്ചിരുന്നു. പക്ഷെ അവൻ കുറെക്കൂടെ മുതിർന്നപ്പോൾ അവർ അവന് അൽപ്പംകൂടെ സ്വാതന്ത്ര്യം നൽകിയിരിക്കാം. അവന് 12 വയസ്സായപ്പോൾ, പുരുഷപ്രായത്തിലേക്കുള്ള പാതയിലെ ഒരു പ്രധാന നാഴികക്കല്ലായി യഹൂദൻമാർ വീക്ഷിച്ചിരുന്ന ഒരു പ്രായത്തോട് അവൻ അടുത്തിരുന്നു. ഒരുപക്ഷേ ഈ സാധാരണവും സ്വാഭാവികവും ആയ മാററം ഹേതുവായി യോസേഫിന്റെ കുടുംബം യെരൂശലേം വിട്ട് വീട്ടിലേക്ക് മടങ്ങിയ സമയത്ത് ഒരു നോട്ടപ്പിശക് സംഭവിച്ചിരിക്കാം. വൃത്താന്തം ഇങ്ങനെ വായിക്കപ്പെടുന്നു: “പക്ഷെ അവർ മടങ്ങവെ, ബാലനായ യേശു യെരൂശലേമിൽ തങ്ങി, അവന്റെ മാതാപിതാക്കൾ അത് അറിഞ്ഞുമില്ല. അവൻ സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്ന് ഊഹിച്ച് ഒരു ദിവസത്തെ വഴിദൂരം പിന്നിടുകയും അനന്തരം അവർ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരയുകയും ചെയ്തു.”—ലൂക്കോസ് 2:43, 44.
മാതാപിതാക്കളും യുവാക്കളും ഒരുപോലെ വിലമതിക്കുന്ന ചില സവിശേഷതകൾ ഈ സംഭവത്തിനുണ്ട്. പക്ഷെ ഒരു വ്യത്യാസം ഉണ്ടുതാനും: യേശു പൂർണ്ണനായിരുന്നു. അവൻ യോസേഫിനോടും മറിയയോടും അനുസരണപൂർവ്വം കീഴടങ്ങിയിരുന്നതുകൊണ്ട് അവർ അവനുമായി ചെയ്ത എന്തെങ്കിലും ക്രമീകരണത്തോട് അവൻ അനുസരണം കാട്ടിയില്ല എന്ന് നമുക്ക് ഊഹിക്കാൻ കഴിയുകയില്ല. (ലൂക്കോസ് 2:52) അവിടെ ഒരു ആശയവിനിമയത്തകരാറ് സംഭവിച്ചിരിക്കാം എന്നതാണ് ഏറിയ സാദ്ധ്യതയുള്ള സംഗതി. യേശു ബന്ധുക്കളുടെയും പരിചയക്കാരുടെയും കൂടെയുണ്ടായിരിക്കും എന്ന് മാതാപിതാക്കൾ ധരിച്ചുപോയി. (ലൂക്കോസ് 2:44) യെരൂശലേം വിട്ടുപോരുന്ന ബഹളത്തിനിടയിൽ തങ്ങളുടെ മൂത്ത മകനായ യേശു കൂടെ വരുന്നുണ്ടാവും എന്നു കരുതിക്കൊണ്ട് അവർ തങ്ങളുടെ പ്രഥമശ്രദ്ധ താഴെയുള്ള കുട്ടികൾക്ക് നൽകി എന്ന് സങ്കൽപ്പിക്കാൻ പ്രയാസമില്ല.
പക്തെ, താനെവിടെയായിരിക്കും എന്ന് തന്റെ മാതാപിതാക്കൾക്കറിയാം എന്ന് യേശു ന്യായമായി ചിന്തിച്ചിരിക്കും. അവന്റെ പിന്നീടുള്ള ഉത്തരത്തിൽ നിന്ന് ഇത് ധ്വനിക്കുന്നു: “നിങ്ങൾക്ക് എന്നെ അന്വേഷിച്ച് പോകേണ്ടിവന്നതെന്തുകൊണ്ട്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കേണം എന്ന് നിങ്ങൾ അറിയുന്നില്ലയോ?” അവൻ ബഹുമാനമില്ലാതെ പെരുമാറുകയല്ലായിരുന്നു. തന്നെ അന്വേഷിക്കേണ്ട ഇടം തന്റെ മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു എന്ന വസ്തുത അവനിൽ ഉളവാക്കിയ ആശ്ചര്യത്തെ അവന്റെ വാക്കുകൾ കേവലം വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വളർന്നുകൊണ്ടിരിക്കുന്ന കുട്ടികളുള്ള മാതാപിതാക്കൾക്ക് വിലമതിക്കാൻ കഴിയുന്ന തെററിദ്ധാരണയുടെ തനി മാതൃകയായിരുന്നു അത്.—ലൂക്കോസ് 2:49.
യേശുവിനെ തങ്ങൾക്ക് നഷ്ടമായി എന്ന് യോസേഫും മറിയയും തിരിച്ചറിഞ്ഞ ആ ആദ്യദിവസത്തിന്റെ അവസാനത്ത് അവർക്കുണ്ടായിരുന്ന ഉത്കണ്ഠയെക്കുറിച്ച് ചിന്തിക്കുക. അവനുവേണ്ടി യെരൂശലേം എങ്ങും അവർ തിരക്കിയ ആ രണ്ടു ദിവസങ്ങളിൽ അവരുടെ മനസ്സിൽ വർദ്ധിച്ചുകൊണ്ടിരുന്ന വ്യാകുലതയെപ്പററിയും സങ്കൽപ്പിക്കുക. എങ്കിലും സംഭവത്തിന്റെ പരിണാമം യേശുവിന് അവർ നൽകിയ പരിശീലനം ഈ പ്രതിസന്ധിയിൽ നന്നായി ഫലിച്ചു എന്ന് തെളിയിച്ചു. അവൻ മോശമായ സഹവാസത്തിലുൾപ്പെട്ടില്ല. അവൻ തന്റെ മാതാപിതാക്കളെ അവഹേളിക്കുക ആയിരുന്നുമില്ല. അവർ അവനെ കണ്ടെത്തിയപ്പോൾ “അവൻ ദേവാലയത്തിൽ ഗുരുക്കൻമാരുടെ മദ്ധ്യേ ഇരുന്ന് അവരെ ശ്രദ്ധിക്കുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു. പക്ഷെ അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്നവർ അവന്റെ ഗ്രാഹ്യത്തെയും അവന്റെ ഉത്തരങ്ങളെയും പ്രതി സ്ഥിരമായ ആശ്ചര്യത്തിലായിരുന്നു.”—ലൂക്കോസ് 2:46, 47.
അവൻ തന്റെ സമയം അത്തരത്തിൽ ചെലവഴിക്കുകയായിരുന്നു എന്നതും തിരുവെഴുത്തുകളെ സംബന്ധിച്ച അവന്റെ മികച്ച ഗ്രാഹ്യത്തിന്റെ തെളിവും ആ ഘട്ടംവരെ യോസേഫും മറിയയും അവനു നൽകിയിരുന്ന പരിശീലനം ശ്രേഷ്ഠമായിരുന്നുവെന്നു വിളിച്ചറിയിക്കുന്നു. എങ്കിലും മറിയയുടെ പ്രതികരണം സാക്ഷാൽ ഒരു വ്യാകുലയായ മാതാവിന്റേതായിരുന്നു: ഒന്നാമത് തന്റെ മകൻ സുരക്ഷിതനായിരിക്കുന്നു എന്നു കണ്ടതിലുള്ള ആശ്വാസം; അനന്തരം തന്റെ വ്യാകുലതയുടെയും വ്യഥയുടെയും പിൻവരുന്ന പ്രകടനം: “മകനെ, നീ ഇത് ഞങ്ങളോട് ചെയ്തതെന്ത്? ഇവിടെ നിന്റെ അപ്പനും ഞാനും മനോവ്യഥയിൽ നിനക്കുവേണ്ടി തിരയുകയായിരുന്നു.” (ലൂക്കോസ് 2:48) മാതാപിതാക്കളിരുവരുടെയും ഉത്ക്കണ്ഠ പ്രകടിപ്പിക്കുന്നതിൽ മറിയ യോസേഫിനു മുമ്പേ സംസാരിച്ചത് ഒട്ടും അപ്രതീക്ഷിതമല്ല. വൃത്താന്തം വായിക്കുന്ന കൗമാരപ്രായക്കാരിൽ അനേകരും സാദ്ധ്യതയനുസരിച്ച്, “എന്റെ അമ്മയെപ്പോലെ തന്നെയായിരുന്നു അത്!” എന്നു പറയും.
പഠിക്കപ്പെടുന്ന പാഠങ്ങൾ
ഈ അനുഭവത്തിൽ നിന്ന് എന്തു പാഠങ്ങൾ നമുക്ക് പഠിക്കാൻ കഴിയും? തങ്ങൾ ചിന്തിക്കുന്നതെന്തെന്ന് തങ്ങളുടെ മാതാപിതാക്കൾക്കറിയാം എന്ന് ധരിക്കാൻ കൗമാരപ്രായക്കാർ ചായ്വുള്ളവരാണ്. അവർ പലപ്പോഴും ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്: “നിങ്ങൾക്കറിയാമായിരുന്നു എന്നു ഞാൻ കരുതി.” മാതാപിതാക്കളെ നിങ്ങളുടെ കൗമാര പ്രായത്തിലുള്ള മകനോ മകളോ ഒരു തെററിദ്ധാരണയ്ക്കിടം വന്ന എപ്പോഴെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഈ പ്രശ്നം ആദ്യമുണ്ടാകുന്നത് നിങ്ങൾക്കല്ല.
കുട്ടികൾ കൗമാരത്തോടടുക്കുമ്പോൾ അവർ തങ്ങളുടെ മാതാപിതാക്കളിലുള്ള ആശ്രയത്വം കുറക്കും. ഈ മാററം സ്വാഭാവികമാണ്, അതിനുവേണ്ടി അനുവദിച്ചുകൊണ്ട് മാതാപിതാക്കൾ നീക്കുപോക്കുകൾ വരുത്തുകയും വേണം. എങ്കിലും ഉത്തമരൂപത്തിലുള്ള പരിശീലനം നൽകപ്പെട്ടാൽ പോലും, തെററിദ്ധാരണകളുണ്ടാകുകയും മാതാപിതാക്കൾ വ്യാകുലത കുറെയൊക്കെ സഹിക്കേണ്ടിവരികയും ചെയ്യും. പക്ഷെ, യോസേഫിന്റെയും മറിയയുടെയും ശ്രേഷ്ഠമായ ഉദാഹരണം അവർ അനുവർത്തിക്കുകയാണെങ്കിൽ, പ്രതിസന്ധികൾ ഉടലെടുക്കുമ്പോൾ കുട്ടികൾക്ക് നൽകപ്പെട്ട പരിശീലനം അവർക്ക് തികച്ചും സേവനക്ഷമം ആയിരിക്കും.
പ്രസ്പഷ്ടമായി യേശുവിന്റെ മാതാപിതാക്കൾ അവന്റെ കൗമാര കാലത്തുടനീളം അവനോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരുന്നു. ഇപ്പോൾ പരിചിന്തിക്കപ്പെട്ടു കഴിഞ്ഞ സംഭവത്തെത്തുടർന്ന് അവർക്ക് കീഴ്പ്പെട്ടുകൊണ്ട് അവൻ “അവരോടൊപ്പം” തന്റെ സ്വദേശത്തേക്ക് “പോകയും തുടർന്നും അവർക്ക് കീഴ്പ്പെട്ടിരിക്കുകയും” ചെയ്തു. എന്തു ഫലമുണ്ടായി? “യേശു ജ്ഞാനത്തിലും ശാരീരിക വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യന്റെയും സ്വീകാരത്തിലും അഭിവൃദ്ധി പ്രാപിച്ചുകൊണ്ടുപോന്നു.” അതുകൊണ്ട് ഈ സംഭവത്തിന് സന്തുഷ്ടമായ ഒരു സമാപ്തിയാണുണ്ടായിരുന്നത്. (ലൂക്കോസ്. 2:51, 52) യോസേഫിന്റെയും മറിയയുടെയും മാതൃകയെ പിൻപററുകയും തങ്ങളുടെ മക്കൾ ദിവ്യപരിജ്ഞാനത്തിൽ വളരാൻ അവരെ സഹായിക്കുകയും ദൈവഭക്തരുമായുള്ള സഹവാസത്തിന്റെ ശ്രേഷ്ഠസ്വാധീനങ്ങൾക്ക് അവരെ പാത്രീഭൂതരാക്കുകയും ചെയ്യുന്ന മാതാപിതാക്കൾ, തങ്ങളുടെ സന്തതികൾക്ക് ഇതിനോട് സമാനമായ എന്തെങ്കിലും ഭവിക്കാനുള്ള സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. ഉത്തരവാദിത്വബോധമുള്ള ക്രിസ്തീയ പ്രായ പക്വതയിലേക്കു വളരുമ്പോൾ അത്തരം കുട്ടികൾ ഒരു സന്തുഷ്ടജീവിതം ആസ്വദിക്കാനാണ് ഏറിയ സാദ്ധ്യത. (w 87/2/15)
[അടിക്കുറിപ്പുകൾ]
a ഇവിടെ മൂല ഗ്രീക്ക്, യേശു “പരിജ്ഞാനം നിറഞ്ഞവനായി” എന്നത് ഒരു തുടർന്നുപോകുന്ന, അഭിവർദ്ധകമായ പ്രക്രിയ ആണെന്ന ആശയം വഹിക്കുന്നു.