ശിക്ഷണം സ്വീകരിച്ചുകൊണ്ട് അനുസരണം പഠിക്കുക
അക്ഷരീയമായി ലോകത്തിന്റെ മുകളിലായിരിക്കുന്നുവെന്ന തോന്നലോടെ ഒരു ഉയർന്ന പർവ്വതപാറയുടെ മുകളിൽ നിൽക്കുന്നതായി സങ്കല്പിക്കുക. എന്തൊരു സന്തുഷ്ട സ്വാതന്ത്ര്യബോധം!
എന്നിരുന്നാലും, നമ്മുടെ സ്വാതന്ത്ര്യം യഥാർത്ഥത്തിൽ തികച്ചും പരിമിതമാണ്. ഗുരുത്വാകർഷണനിയമം നിങ്ങളുടെ ഓരോ നീക്കത്തെയും ഗൗരവമായി പരിമിതപ്പെടുത്തുന്നു; പിശകായ ഒരൊററ നീക്കത്തിനു വിപത്തു വരുത്തിക്കൂട്ടാൻ കഴിയും. മറിച്ച്, അതേ ഗുരുത്വാകർഷണനിയമം ബഹിരാകാശത്തിലേക്കു നിസ്സഹായമായി ഒഴുകിപ്പോകുന്നതിൽനിന്നു നിങ്ങളെ തടയുന്നുവെന്നറിയുന്നത് എത്ര സംതൃപ്തിദായകമാണ്. അതുകൊണ്ട് ആ നിയമം നിങ്ങളുടെ സ്വന്തം ഗുണത്തിനാണെന്നു സ്പഷ്ടമാണ്. ആ പർവ്വതശിഖരത്തിൻമേലുള്ള നിങ്ങളുടെ ചലനത്തിൻമേൽ അതു വെക്കുന്ന പരിമിതികൾ സ്വീകരിക്കുന്നതു പ്രയോജനകരമാണ്, ജീവരക്ഷാകരംപോലുമാണ്.
അതെ, ചില സമയങ്ങളിൽ നിയമങ്ങളും അവയോടുള്ള അനുസരണവും നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയേക്കാം, എന്നാൽ അത് അനുസരണത്തെ അനഭിലഷണീയമാക്കുന്നുണ്ടോ?
ദൈവം അനുസരണത്തെ വീക്ഷിക്കുന്ന വിധം
“മഹദ്സ്രഷ്ടാ”വായ യഹോവ “ജീവന്റെ ഉറവാ”ണ്. ഈ കാരണത്താൽ അവന്റെ സൃഷ്ടികളെല്ലാം ഉചിതമായി അവനോടുള്ള അനുസരണത്തിനു കടപ്പെട്ടിരിക്കുന്നു. ഈ ഉചിതമായ മനോഭാവം പ്രകടമാക്കിക്കൊണ്ടു സങ്കീർത്തനക്കാരൻ എഴുതി: “വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.”—സഭാപ്രസംഗി 12:1; സങ്കീർത്തനം 36:9; 95:6, 7.
തുടക്കംമുതൽതന്നെ യഹോവ തന്റെ സൃഷ്ടികളിൽനിന്ന് അനുസരണം ആവശ്യപ്പെട്ടിട്ടുഘണ്ട്. ആദാമിന്റെയും ഹവ്വായുടെയും പറുദീസയിലെ തുടർന്നുള്ള ജീവിതം അനുസരണത്തിൽ ആശ്രയിച്ചിരുന്നു. (ഉല്പത്തി 2:16, 17) അതുപോലെതന്നെ ദൂതൻമാരിൽനിന്നും അനുസരണം ആവശ്യപ്പെട്ടിരിക്കുന്നു, അവർ മനുഷ്യരേക്കാൾ ഉയർന്ന ഒരു ജീവരൂപമാണെങ്കിലും. ഈ ആത്മജീവികളിൽ ചിലർ “നോഹയുടെ കാലത്തു . . . ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാഞ്ഞ”വരായിരുന്നതുകൊണ്ട് അവർ “ന്യായവിധിക്കായി കരുതിവെക്കപ്പെടേണ്ടതിനു കൂരിരുട്ടിന്റെ കൂപങ്ങളിൽ” വിടപ്പെട്ടുകൊണ്ടു ശിക്ഷിക്കപ്പെട്ടു.—1 പത്രൊസ് 3:19, 20; 2 പത്രൊസ് 2:4, NW.
വ്യക്തമായി പ്രസ്താവിച്ചാൽ, ദൈവം തന്റെ അംഗീകാരം നേടുന്നതിനുള്ള ഒരു വ്യവസ്ഥയായി അനുസരണത്തെ വീക്ഷിക്കുന്നു. നാം വായിക്കുന്നു: “യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്.”—1 ശമുവേൽ 15:22.
അതു പഠിക്കണം—എന്തുകൊണ്ട്, എങ്ങനെ?
അനുസരണം ദൈവത്തിങ്കലെ നീതിയുള്ള നിലയിലേക്കു നയിക്കുന്നു, അതുകൊണ്ടു നാം അതു പഠിക്കുന്നത് എത്ര അടിയന്തിരമാണ്! ഒരു വിദേശഭാഷ പഠിക്കുന്നതുപോലെ, നാം ചെറുപ്പമായിരിക്കുമ്പോൾ അനുസരണത്തിന്റെ ശീലം പഠിക്കാൻ കഴിയും. അതുകൊണ്ടാണു ബൈബിൾ കുട്ടികളുടെ ശൈശവംമുതലുള്ള പരിശീലനത്തിനു ദൃഢത കൊടുക്കുന്നത്.—യോശുവാ 8:35.
കുട്ടികളോട് അനുസരണം ആവശ്യപ്പെടുന്നതു മാനസികമായ ബലാൽസംഗത്തിനു സമമാണെന്നു പറഞ്ഞുകൊണ്ടു ചില ആധുനികൻമാർ ബൈബിളിന്റെ വീക്ഷണത്തെ നിഷേധിക്കുന്നു. കുട്ടികൾ പുറത്തുനിന്നുള്ള മുതിർന്നവരുടെ ഇടപെടൽ കൂടാതെ തങ്ങളുടെ വ്യക്തിപരമായ സ്വന്തം ആശയങ്ങളും നിലവാരങ്ങളും ആവിഷ്കരിക്കാൻ അനുവദിക്കപ്പെടണമെന്ന് അവർ വാദിക്കുന്നു.
എന്നാൽ 1960-കളിൽ അനേകം മാതാപിതാക്കൾ ഈ വീക്ഷണം പുലർത്തിയിരുന്ന കാലത്തു മനഃശാസ്ത്രപ്രസംഗകനും എഡിറററും പ്രൊഫസ്സറുമായ വിൽഹെം ഹാൻസെൻ വിയോജിച്ചു. അദ്ദേഹം ഇങ്ങനെ എഴുതി: “ഒരു കുട്ടിയുടെ പ്രഥമ ഘട്ടത്തിൽ അതിന്റെ മാതാപിതാക്കളോടുള്ള അതിന്റെ ബന്ധം നിർണ്ണായകമായിരിക്കുന്ന സമയത്തുതന്നെ അതിനെ സംബന്ധിച്ചടത്തോളം ‘ചീത്ത’ മാതാപിതാക്കൾ വിലക്കുന്നതും ‘നല്ലത്’ അവർ ശുപാർശചെയ്യുന്നതും അല്ലെങ്കിൽ പ്രശംസിക്കുന്നതും ആണ്. അതുകൊണ്ട് അനുസരണം മാത്രമാണു കുട്ടിയെ സൻമാർഗ്ഗത്തിന്റെയും മുഖ്യ സദ്ഗുണങ്ങളുടെയും പാതയിൽ നയിക്കുന്നത്, അവയുടെ അസ്തിത്വത്തിൻമേലാണു സൻമാർഗ്ഗക്രമത്തോടുള്ള അവന്റെ ബന്ധം ആശ്രയിച്ചിരിക്കുന്നത്.”—സദൃശവാക്യങ്ങൾ 22:15 താരതമ്യപ്പെടുത്തുക.
ദൈവവചനം അനുസരണം പഠിക്കേണ്ടതിന്റെ ആവശ്യത്തെ ഊന്നിപ്പറയുന്നു. നാം ഇങ്ങനെ വായിക്കുന്നു: “കർത്താവേ, മമനുഷ്യന്റെ വഴികൾ അവൻ തെരഞ്ഞെടുക്കുന്നവയല്ല; തന്റെ ജീവിതഗതി നിശ്ചയിക്കേണ്ടതു മനുഷ്യനായിരിക്കുന്നുമില്ല എന്ന് എനിക്ക് നന്നായി അറിയാം.” (യിരെമ്യാവു 10:23, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ) ചരിത്രം മനുഷ്യർ വ്യക്തിപരമായ പ്രമാണങ്ങളനുസരിച്ചു സ്വന്തം ജീവിതഗതിയെ നയിക്കുകയും അങ്ങനെ ചെയ്തതുനിമിത്തം ഗുരുതരമായ പ്രയാസങ്ങളിൽ അകപ്പെടുകയും ചെയ്തതിന്റെ ഉദാഹരണങ്ങൾകൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇത് ഇത്ര കൂടെക്കൂടെ സംഭവിക്കുന്നതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ മനുഷ്യർക്കു പരസഹായം കൂടാതെ തങ്ങളുടെ ജീവിതഗതിയെ നയിക്കാനുള്ള അറിവും ജ്ഞാനവും വിവേകവുമില്ല. അതിലും കഷ്ടതരമെന്നു പറയട്ടെ, അവർക്കു തെററായ തീരുമാനങ്ങളിലെത്താനുള്ള ഒരു നൈസർഗ്ഗിക പ്രവണതയുണ്ട്. ജലപ്രളയം കഴിഞ്ഞയുടനെ, “മമനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്നു മനുഷ്യനെക്കുറിച്ചു യഹോവ പറഞ്ഞു.—ഉല്പത്തി 8:21.
അതുകൊണ്ട്, യഹോവയെ അനുസരിക്കാനുള്ള പ്രവണത ആരും അവകാശപ്പെടുത്തുന്നില്ല. നാം അതു നമ്മുടെ മക്കളെ ഉദ്ബോധിപ്പിക്കുകയും നമ്മുടെ ജീവിതത്തിലൂടനീളം അതു പഠിച്ചുകൊണ്ടേയിരിക്കുകയും വേണം. നമ്മിലോരോരുത്തരും ദാവീദുരാജാവിന്റെ ഹൃദയനില നട്ടുവളർത്തേണ്ടതുണ്ട്, അവൻ ഇങ്ങനെ എഴുതി: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ! നിന്റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ. ദിവസംമുഴുവൻ ഞാൻ നിങ്കൽ പ്രത്യാശവെക്കുന്നു.”—സങ്കീർത്തനം 25:4, 5.
അനുസരണമുള്ളവരായിരുന്നുകൊണ്ട് അനുസരണം പഠിപ്പിക്കുക
യേശുവിന്റെ അമ്മക്കും സ്വീകൃത പിതാവിനും യേശുവിന്റെ ജനനത്തെ ചുററിപ്പററിയുള്ള സാഹചര്യങ്ങൾ നന്നായി അറിയാമായിരുന്നു. അതുകൊണ്ടു യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയിൽ അവൻ ഒരു പ്രധാനപങ്കു വഹിക്കേണ്ടതാണെന്ന് അവർ തിരിച്ചറിഞ്ഞു. (ലൂക്കോസ് 1:35, 46, 47) അവരുടെ കാര്യത്തിൽ, “മക്കൾ, യഹോവ നൽകുന്ന അവകാശം” ആകുന്നു എന്ന വാക്കുകൾക്ക് ഒരു അസാധാരണ അർത്ഥം ഉണ്ടായിരുന്നു. (സങ്കീർത്തനം 127:3) അവർ തങ്ങളുടെ ഭയങ്കര ഉത്തരവാദിത്തം തിരിച്ചറിയുകയും ഈജിപ്ററിലേക്ക് ഓടിപ്പോകാനും പിന്നീട് ഗലീലക്കു പോകാനും പറയപ്പെട്ടപ്പോഴത്തെപ്പോലെയുള്ള ദിവ്യനിർദ്ദേശങ്ങൾ അനുസരിക്കാൻ തയ്യാറുള്ളവരായിരിക്കയും ചെയ്തു.—മത്തായി 2:1-23.
യേശുവിന്റെ മാതാപിതാക്കൾ ശിക്ഷണംസംബന്ധിച്ച തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയുകയും ചെയ്തു. തന്റെ മനുഷ്യത്വപൂർവ അസ്തിത്വകാലത്തു യേശു എല്ലായ്പ്പോഴും അനുസരണമുള്ളവനായിരുന്നു എന്നതു വാസ്തവമാണ്. എന്നാൽ ഭൂമിയിലായിരുന്നപ്പോൾ, അവൻ തികച്ചും പുതുതായ സാഹചര്യങ്ങളിൽ അനുസരണമുള്ളവനായിരിക്കാൻ പഠിച്ചു. ഒരു സംഗതി, പൂർണ്ണതയുള്ള ഒരു കുട്ടിക്കുപോലും പ്രബോധനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും രൂപത്തിലുള്ള ശിക്ഷണം ആവശ്യമായിരിക്കുന്നതുകൊണ്ട് അവൻ അപൂർണ്ണ മാതാപിതാക്കളെ അനുസരിക്കേണ്ടിയിരുന്നു എന്നതാണ്. അവന്റെ മാതാപിതാക്കൾ അവ പ്രദാനംചെയ്തു. മറിച്ച്, ശിക്ഷയുടെ രൂപത്തിലുള്ള ശിക്ഷണം ആവശ്യമില്ലായിരുന്നു. യേശു എല്ലായ്പ്പോഴും അനുസരിച്ചു; അവനോട് ഒരിക്കലും രണ്ടു പ്രാവശ്യം പറയേണ്ടിയിരുന്നില്ല. നാം ഇങ്ങനെ വായിക്കുന്നു: “പിന്നെ അവൻ അവരോടുകൂടെ [അവന്റെ മാതാപിതാക്കളോടുകൂടെ] നസറേത്തിലേക്ക് വീട്ടിൽ പോയി അവരോട് അനുസരണമുള്ളവനായി ഇരുന്നു.”—ലൂക്കോസ് 2:51, ഫിലിപ്സ്.
യേശുവിനെ ദൃഷ്ടാന്തത്തിലൂടെ പഠിപ്പിക്കാനും യോസേഫിനും മറിയക്കും അറിയാമായിരുന്നു. ഉദാഹരണത്തിന്, “അവന്റെ അമ്മയപ്പൻമാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും” എന്നു നാം വായിക്കുന്നു. (ലൂക്കോസ് 2:41) യോസേഫ് തന്റെ കുടുംബത്തെ കൂടെ കൊണ്ടുപോകാൻ ക്രമീകരണം ചെയ്തുകൊണ്ട് അവരുടെ ആത്മീയക്ഷേമത്തിൽ താൻ തത്പരനാണെന്നും യഹോവയുടെ ആരാധനയെ താൻ ഗൗരവമായി എടുക്കുന്നുവെന്നും പ്രകടമാക്കി. സമാനമായ വിധങ്ങളിൽ, ആരാധനാകാര്യങ്ങളിലുള്ള തങ്ങളുടെ സ്വന്തം അനുസരണത്താൽ മാതാപിതാക്കൾക്ക് ഇന്നു തങ്ങളുടെ മക്കളെ അനുസരണം പഠിപ്പിക്കാൻ കഴിയും.
യോസേഫിന്റെയും മറിയയുടെയും ഭാഗത്തെ നീതിയിലുള്ള നല്ല ശിക്ഷണം നിമിത്തം “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” ഇന്നു ക്രിസ്തീയ മാതാപിതാക്കൾക്ക് അനുകരിക്കാൻ എത്ര നല്ല മാതൃക!—ലൂക്കോസ് 2:52.
“സകലത്തിലും അനുസരിപ്പിൻ”
“മക്കളേ, നിങ്ങളുടെ അമ്മയപ്പൻമാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യൻമാരിൽ കണ്ടാൽ പ്രസാദകരമല്ലോ.” (കൊലൊസ്സ്യർ 3:20) യഹോവയോടുള്ള യേശുവിന്റെ മാതാപിതാക്കളുടെ അനുസരണം യേശുവിൽനിന്നോ—അവന്റെ അർദ്ധസഹോദരീസഹോദരൻമാരിൽനിന്നോ—യഹോവയുടെ ഇഷ്ടത്തിനു വിരുദ്ധമായ എന്തെങ്കിലും ആവശ്യപ്പെടുന്നതിൽനിന്ന് അവരെ തടഞ്ഞതുകൊണ്ട് അവന് അവരോടു സകലത്തിലും അനുസരണമുള്ളവരായിരിക്കാൻ കഴിയുമായിരുന്നു.
ഇന്ന് അനേകം മാതാപിതാക്കളും സകലത്തിലും അനുസരണമുള്ളവരായിരിക്കാൻ തങ്ങളുടെ കുട്ടികളെ വിജയപ്രദമായി പഠിപ്പിക്കുന്നു. തങ്ങളുടെ മക്കളെ വളർത്തിയ നാളുകൾ പിന്നിട്ടശേഷം ഇപ്പോൾ വാച്ച് ററവർ സൊസൈററിയുടെ ബ്രാഞ്ചുകളിൽ സേവിക്കുന്ന മൂന്നു പിതാക്കൻമാരെ ശ്രദ്ധിക്കുക.
റേറയോ ഭാര്യയോടൊത്ത് അഞ്ചു പുത്രൻമാരെ വളർത്തിയതിനെക്കുറിച്ചു പറയുന്നു. അദ്ദേഹം പറയുന്നു: “വളർന്നവരായ നാമും തെററുകൾ ചെയ്യുന്നുവെന്നു തുടക്കംമുതൽതന്നെ കുട്ടികളെ അറിയിക്കുന്നതു പ്രധാനമാണ്. സങ്കടകരമെന്നു പറയട്ടെ, നാം ആവർത്തിക്കുകപോലും ചെയ്യുന്നു, ക്ഷമക്കും സഹായത്തിനുമായി നമ്മുടെ സ്വർഗ്ഗീയ പിതാവിനോടു നിരന്തരം അപേക്ഷിക്കേണ്ടിയുമിരിക്കുന്നു. ഞങ്ങളുടെ കുട്ടികൾ യൗവനത്തിന്റെ ഉത്ക്കണ്ഠകളുമായി മല്ലടിച്ചുകൊണ്ടിരിക്കുന്നതുപോലെ, ഞങ്ങൾ മുതിർന്നവരുടെ ഉത്ക്കണ്ഠകളുമായി മല്ലടിക്കുകയാണെന്നു കാണാൻ ഞങ്ങൾ മനഃപൂർവം അവരെ അനുവദിച്ചു.”
ഒരു കുട്ടി അനുസരണം പഠിക്കണമെങ്കിൽ, അവനും അവന്റെ മാതാപിതാക്കളും തമ്മിലുള്ള സ്നേഹപൂർവകമായ ഒരു ബന്ധം മർമ്മപ്രധാനമാണ്. തന്റെ ഭാര്യയെക്കുറിച്ചു ഹെർമാൻ ഇങ്ങനെ പറയുന്നു: “അവൾ ആൺകുട്ടികളുടെ മാതാവു മാത്രമല്ല, പിന്നെയോ അവരുടെ സുഹൃത്തുമായിരുന്നു. ഇത് അവർ വിലമതിച്ചു, അതുകൊണ്ട് അനുസരണമുള്ളവരായിരിക്കുന്നത് അവർക്കു പ്രയാസമായിരുന്നില്ല.” പിന്നീടു മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധം എങ്ങനെ മെച്ചപ്പെടുത്താമെന്നുള്ള ഒരു പ്രായോഗിക ബുദ്ധിയുപദേശം കൂട്ടിച്ചേർത്തുകൊണ്ട് അദ്ദേഹം പറയുന്നു: “പാത്രങ്ങൾ കൈകൊണ്ടു കഴുകുകയും തുടയ്ക്കുകയും ചെയ്യത്തക്കവണ്ണം ഞങ്ങൾ കരുതിക്കൂട്ടി ഒരു പാത്രംകഴുകൽ യന്ത്രം വർഷങ്ങളോളം വേണ്ടെന്നുവെച്ചു. ഞങ്ങളുടെ പുത്രൻമാർ മാറിമാറി തുടയ്ക്കൽ നടത്താൻ നിയോഗിക്കപ്പെട്ടു. അനൗപചാരികമായ ആശയവിനിമയത്തിന് അതിനേക്കാൾ മെച്ചപ്പെട്ട സമയമില്ലായിരുന്നു.”
പിതാവും കുട്ടിയുമായുള്ള സ്നേഹമസൃണമായ ഒരു ബന്ധം യഹോവയുമായി ഒരു ക്രിസ്ത്യാനിക്കുണ്ടായിരിക്കേണ്ട ബന്ധത്തിന് ഒരു മാതൃകയായി ഉതകുന്നു. അങ്ങനെയുള്ള ഒരു ബന്ധം സ്ഥാപിക്കാൻ റുഡോൾഫും ഭാര്യയും തങ്ങളുടെ രണ്ടു ആൺകുട്ടികളെ സഹായിക്കാൻ തുടക്കമിട്ടതെങ്ങനെയെന്നു റുഡോൾഫ് വിശദീകരിക്കുന്നു: “ഞങ്ങളുടെ അടിസ്ഥാനം ക്രമമായ ഒരു കുടുംബാദ്ധ്യയനമായിരുന്നു. ഞങ്ങൾ ഗവേഷണം നടത്താൻ കുട്ടികൾക്ക് ഉചിതമായ നിരവധി വിഷയങ്ങൾ ഏല്പിച്ചുകൊടുത്തു. ഞങ്ങൾ ഞങ്ങളുടെ ബൈബിൾവായനയും ഒരുമിച്ചുനടത്തുകയും അനന്തരം വിവരങ്ങൾ ചർച്ചചെയ്യുകയും ചെയ്തു. യഹോവ കുട്ടികളിൽനിന്നു മാത്രമല്ല, മാതാപിതാക്കളിൽനിന്നും അനുസരണം ആവശ്യപ്പെടുന്നുവെന്നു കാണാൻ ഞങ്ങളുടെ പുത്രൻമാർക്കു കഴിഞ്ഞു.”
“പ്രബോധനത്തിന്റെ ശാസനകൾ ജീവന്റെ മാർഗ്ഗവുമാകുന്നു” എന്ന നിശ്വസ്തവാക്യം തങ്ങൾക്കും അതുപോലെതന്നെ തങ്ങളുടെ കുട്ടികൾക്കും ബാധകമാണെന്നു ക്രിസ്തീയ മാതാപിതാക്കൾ തിരിച്ചറിയുന്നു. അതുകൊണ്ടു കുട്ടികൾക്കു സകലത്തിലും തങ്ങളുടെ മാതാപിതാക്കളോട് അനുസരണമുള്ളവരായിരിക്കാനുള്ള കടപ്പാടുണ്ടായിരിക്കെ, മാതാപിതാക്കളും യഹോവ തങ്ങളിൽനിന്ന് ആവശ്യപ്പെടുന്ന സകലത്തിലും അനുസരണമുള്ളവരായിരിക്കണം. മാതാപിതാക്കളും കുട്ടിയും തമ്മിലുള്ള ബന്ധത്തെ ബലിഷ്ഠമാക്കുന്നതിനു പുറമേ, മാതാപിതാക്കളും കുട്ടികളും ദൈവത്തോടുള്ള തങ്ങളുടെ ബന്ധത്തെ ബലിഷ്ഠമാക്കാൻ ആഗ്രഹിക്കണം.—സദൃശവാക്യങ്ങൾ 6:23.
അനുസരണത്തെ ക്രിയാത്മകമായി വീക്ഷിക്കുക
ദൈവവചനം കുട്ടികളെ വളർത്തുന്നതുസംബന്ധിച്ച് ഇങ്ങനെയുള്ള പ്രായോഗിക ബുദ്ധിയുപദേശം നൽകുന്നതിൽ നമുക്ക് എത്ര നന്ദിയുള്ളവരായിരിക്കാൻ കഴിയും! (ചതുരം കാണുക.) കുട്ടികൾക്കു നീതിയിൽ ശിക്ഷണം കൊടുക്കുന്ന മാതാപിതാക്കളിൽനിന്ന് അനുസരണം പഠിക്കുന്ന കുട്ടികൾ മുഴു ക്രിസ്തീയ സഹോദരവർഗ്ഗത്തിനും സന്തോഷത്തിന്റെ ഒരു യഥാർത്ഥ ഉറവാണ്.
ദൈവത്തോടുള്ള അനുസരണം ജീവൻ കൈവരുത്തുന്നതിനാൽ, ദൈവത്തിന്റെ കല്പനകൾ നമ്മുടെ സ്വാതന്ത്ര്യത്തിൻമേൽ വെക്കുന്ന നിയന്ത്രണങ്ങളെ മാററിനിർത്തുകയെന്ന ആശയം ഒരു നിമിഷത്തേക്കുപോലും പരിഗണിക്കുന്നതു നാം ഒഴിവാക്കണം. ദൃഷ്ടാന്തത്തിന്, നമുക്ക് അല്പസമയത്തേക്കു ഗുരുത്വാകർഷണനിയമത്തെ മാററിനിർത്താൻ കഴിയുമെന്നു സങ്കല്പിക്കുക. നമ്മുടെ സ്വാതന്ത്ര്യത്തിനു യാതൊരു തടസ്സവുമില്ലാതെ ഒരു പർവ്വതശിഖരത്തിൽനിന്ന് ആകാശത്തേക്കു പറന്നുയരുന്നതിലുള്ള ആഹ്ലാദത്തിൽ നാം എത്ര പുളകിതരാകും! എന്നാൽ കാര്യങ്ങൾ സാധാരണഗതിയിലായിക്കഴിയുമ്പോൾ എന്തു സംഭവിക്കും? നമുക്കു ഭവിക്കുന്ന വീഴ്ചയെക്കുറിച്ചു ചിന്തിക്കുക!
ശിക്ഷണം സ്വീകരിച്ചുകൊണ്ട് അനുസരണം പഠിക്കുന്നത് ഒരു സന്തുലിത വ്യക്തിത്വത്തിന്റെ വികാസത്തിനു സംഭാവനചെയ്യുകയും നമ്മുടെ പരിമിതികൾ അറിയാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അതു വളരെയധികം അവകാശപ്പെടുന്നവരും മററുള്ളവരുടെ അവകാശങ്ങളും ആവശ്യങ്ങളും സംബന്ധിച്ചു സംവേദനമില്ലാത്തവരുമായിരിക്കുന്നത് ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നു. അത് അനിശ്ചിതത്വത്തിന്റെ ആലസ്യം ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നു. ചുരുക്കത്തിൽ, അതു സന്തുഷ്ടിയിൽ കലാശിക്കുന്നു.
അതുകൊണ്ടു നിങ്ങൾ ഒരു മുതിർന്നയാളായാലും കുട്ടിയായാലും “നിനക്കു നൻമ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും” ശിക്ഷണം സ്വീകരിച്ചുകൊണ്ട് അനുസരണം പഠിക്കുക. (എഫെസ്യർ 6:1-3) ശിക്ഷണം സ്വീകരിക്കാതിരുന്നുകൊണ്ട് അനുസരണം പഠിക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ എന്നേക്കും ജീവിക്കാനുള്ള തന്റെ പ്രതീക്ഷയെ അപകടപ്പെടുത്താൻ ആർ ആഗ്രഹിക്കുന്നു?—യോഹന്നാൻ 11:26.
[31-ാം പേജിലെ ചതുരം]
മാതാപിതാക്കളേ, നീതിയിൽ ശിക്ഷണം കൊടുത്തുകൊണ്ട് അനുസരണം പഠിപ്പിക്കുക!
1. തിരുവെഴുത്തു നിയമങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിൽ ശിക്ഷണം കൊടുക്കുക.
2. അനുസരണം കേവലം ആവശ്യപ്പെട്ടുകൊണ്ടല്ല, പിന്നെയോ അനുസരണം ജ്ഞാനമാർഗ്ഗമായിരിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിച്ചുകൊണ്ടു ശിക്ഷണം കൊടുക്കുക.—മത്തായി 11:19ബി.
3. കോപത്തോടെയോ അലർച്ചയോടെയോ ശിക്ഷണം കൊടുക്കാതിരിക്കുക.—എഫെസ്യർ 4:31, 32.
4. സ്നേഹവും കരുതലുമുള്ള ഒരു ബന്ധത്തിന്റെ ഊഷ്മളതയോടെ ശിക്ഷണം കൊടുക്കുക.—കൊലൊസ്സ്യർ 3:21; 1 തെസ്സലൊനീക്യർ 2:7, 8; എബ്രായർ 12:5-8.
5. കുട്ടികൾക്കു ശൈശവം മുതൽ ശിക്ഷണം കൊടുക്കുക.—2 തിമൊഥെയോസ് 3:14, 15.
6. ആവർത്തിച്ചും പരസ്പരവൈരുദ്ധ്യമില്ലാതെയും ശിക്ഷണം കൊടുക്കുക.—ആവർത്തനം 6:6-9; 1 തെസ്സലൊനീക്യർ 2:11, 12.
7. നിങ്ങൾക്കുതന്നെ ആദ്യം ശിക്ഷണം കൊടുക്കുകയും അങ്ങനെ ദൃഷ്ടാന്തത്താൽ പഠിപ്പിക്കുകയും ചെയ്യുക.—യോഹന്നാൻ 13:15; മത്തായി 23:2, 3.
8. യഹോവയിൽ പൂർണ്ണമായ ആശ്രയത്തോടെ, പ്രാർത്ഥനയിൽ അവന്റെ സഹായത്തിന് അപേക്ഷിച്ചുകൊണ്ടു ശിക്ഷണം കൊടുക്കുക.—ന്യായാധിപൻമാർ 13:8-10.
[30-ാം പേജിലെ ചിത്രം]
“ശിക്ഷണത്തിന്റെ ശാസനകൾ ജീവന്റെ വഴിയാകുന്നു”