വിശ്വാസമുണ്ടാകുന്നതിന് അത്ഭുതങ്ങൾ മാത്രം പോരാത്തതിനു കാരണം
കണ്ടാലേ വിശ്വസിക്കൂ. അനേകരുടെയും വീക്ഷണം അതാണ്. അത്ഭുതകരമായ ഏതെങ്കിലും വിധത്തിൽ ദൈവം സ്വയം വെളിപ്പെടുത്തിയാലേ അവനിൽ വിശ്വസിക്കുകയുള്ളൂ എന്നു മറ്റു ചിലർ. ഒരുപക്ഷേ, അങ്ങനെ ആണെങ്കിൽത്തന്നെ, അത്തരം ധാരണ യഥാർഥ വിശ്വാസത്തിലേക്കു നയിക്കുമോ?
കോരഹ്, ദാഥാൻ, അബീരാം എന്നീ ഇസ്രായേല്യരുടെ കാര്യം ചിന്തിച്ചുനോക്കുക: ഈജിപ്തിന്മേലുള്ള പത്തു ബാധകൾ, ചെങ്കടലിലൂടെയുള്ള ഇസ്രായേൽ ജനതയുടെ രക്ഷ, ഈജിപ്തിലെ ഫറവോന്റെയും അവന്റെ സേനയുടെയും ഉന്മൂലനാശം എന്നിങ്ങനെ ദൈവത്തിൽനിന്നുള്ള ഭയജനകമായ അത്ഭുതങ്ങൾക്ക് അവർ ദൃക്സാക്ഷികളായിരുന്നെന്നു ബൈബിൾ വ്യക്തമാക്കുന്നു. (പുറപ്പാടു 7:19–11:10; 12:29-32; സങ്കീർത്തനം 136:15) സീനായ് മലയിങ്കൽ യഹോവ സ്വർഗത്തിൽനിന്നു സംസാരിക്കുന്നതു കോരഹും ദാഥാനും അബീരാമും കേട്ടതുമാണ്. (ആവർത്തനപുസ്തകം 4:11, 12) എങ്കിലും, ആ അത്ഭുതങ്ങൾ നടന്ന് അധികമായില്ല, അതിനുമുമ്പേ ആ മൂന്നു പുരുഷന്മാരും യഹോവയ്ക്കും അവന്റെ നിയുക്ത ദാസന്മാർക്കുമെതിരെ മത്സരം ഇളക്കിവിട്ടു.—സംഖ്യാപുസ്തകം 16:1-35; സങ്കീർത്തനം 106:16-18.
ഏതാണ്ടു 40 വർഷത്തിനു ശേഷം, പ്രവാചകനായിരുന്ന ബിലെയാമും ഒരത്ഭുതത്തിനു സാക്ഷ്യം വഹിച്ചു. ദൂതൻ ഇടപെട്ടിട്ടും അവൻ ദൈവത്തിന്റെ ശത്രുക്കളുടെ, മോവാബ്യരുടെ പക്ഷം പിടിച്ചു. ആ അത്ഭുതം നടന്നിട്ടും ബിലെയാം തന്റെ ഗതിയിൽനിന്നു പിന്തിരിയാതെ യഹോവയാം ദൈവത്തിനും അവന്റെ ജനത്തിനും എതിരായുള്ള നിലപാടു സ്വീകരിച്ചു. (സംഖ്യാപുസ്തകം 22:1-35; 2 പത്രൊസ് 2:15, 16) എങ്കിലും, ബിലെയാമിന്റെ അവിശ്വാസം യൂദാ ഇസ്കര്യോത്തയുടേതുമായി തട്ടിച്ചുനോക്കുമ്പോൾ ഏതുമല്ല. യേശുവിന്റെ അടുത്ത സഹചാരിയും അസാധാരണമായ നിരവധി അത്ഭുതങ്ങൾക്കു സാക്ഷ്യം വഹിച്ചവനുമായിരുന്നു യൂദാ. എന്നിട്ടും അവൻ ക്രിസ്തുവിനെ മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്തു.—മത്തായി 26:14-16, 47-50; 27:3-5.
യഹൂദ മതനേതാക്കന്മാരും യേശുവിന്റെ നിരവധി അത്ഭുതങ്ങളെക്കുറിച്ച് അറിവുള്ളവരായിരുന്നു. യേശു ലാസറിനെ ഉയിർപ്പിച്ചശേഷം അവർ ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “ഈ മനുഷ്യൻ വളരെ അടയാളങ്ങൾ ചെയ്യുന്നുവല്ലോ.” എന്നാൽ ജീവൻ വീണ്ടുകിട്ടിയ ലാസറിനെ കണ്ട് അവരുടെ ഹൃദയം മയപ്പെടുകയും അവർക്കു വിശ്വാസമുണ്ടാകുകയും ചെയ്തോ? തീർച്ചയായും ഇല്ല. പകരം, അവർ യേശുവിനെയും ലാസറിനെയും കൊല്ലാൻ പദ്ധതിയിട്ടു.—യോഹന്നാൻ 11:47-53; 12:10.
ദൈവം നേരിട്ട് ഇടപെട്ടിട്ടും ആ ദുഷ്ടന്മാരിൽ വിശ്വാസം നാമ്പിട്ടില്ല. ഒരിക്കൽ, ആലയ പരിസരത്തായിരുന്നപ്പോൾ യേശു ഉറക്കെ പ്രാർഥിച്ചു: “പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ.” സ്വർഗത്തിൽനിന്നു യഹോവ ഉച്ചത്തിൽ മറുപടിയേകി: “ഞാൻ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും.” എന്നിട്ടും, ആ അത്ഭുത സംഭവം അവിടെ ഉണ്ടായിരുന്നവരുടെ ഹൃദയങ്ങളിൽ വിശ്വാസം ജനിപ്പിച്ചില്ല. “അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല” എന്നു ബൈബിൾ പറയുന്നു.—യോഹന്നാൻ 12:28-30, 37; എഫെസ്യർ 3:17 താരതമ്യം ചെയ്യുക.
അത്ഭുതങ്ങൾ നടന്നിട്ടും വിശ്വാസമുണ്ടാകാഞ്ഞതിനു കാരണം
അത്ഭുതങ്ങൾ നടന്നിട്ടും അത്തരം അവിശ്വാസത്തിന് എങ്ങനെ സ്ഥാനംപിടിക്കാൻ കഴിഞ്ഞു? യഹൂദ മതനേതാക്കന്മാർ യേശുവിനെ തിരസ്കരിച്ചത് ആശയക്കുഴപ്പം ജനിപ്പിക്കുന്നതായി തോന്നുന്നു. വിശേഷിച്ചും, മുഴു യഹൂദരും “ക്രിസ്തു”വിനെ അഥവാ മിശിഹായെ ‘കാത്തിരുന്ന’ സമയത്താണ് യേശു തന്റെ ശുശ്രൂഷ ആരംഭിച്ചതെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ. (ലൂക്കൊസ് 3:15) എന്നാൽ, അവർ പുലർത്തിയ പ്രതീക്ഷകളായിരുന്നു പ്രശ്നത്തിനു കാരണം. മിശിഹാ തങ്ങൾക്കു “ഭൗമിക ജീവിതത്തിൽ വിജയ”വും “ഭൗതിക സമൃദ്ധി”യും പ്രദാനം ചെയ്യുമെന്ന ആശയം യഹൂദരെ പിടികൂടിയിരുന്നുവെന്ന് ഒരു സുപ്രസിദ്ധ ബൈബിൾ പണ്ഡിതൻ പറഞ്ഞതായി നിഘണ്ടുകർത്താവ് ഡബ്ലിയു. ഇ. വൈൻ ഉദ്ധരിക്കുന്നു. തന്മൂലം, പൊ.യു. (പൊതുയുഗം) 29-ൽ അവരുടെ മധ്യേ യഥാർഥ മിശിഹാ ആയി പ്രത്യക്ഷപ്പെട്ട എളിയ, രാഷ്ട്രീയമില്ലാത്ത, നസറേത്തിലെ യേശുവിനെ കൈക്കൊള്ളാൻ അവർ ഒരുങ്ങിയിരുന്നില്ല. യേശുവിന്റെ പഠിപ്പിക്കലുകൾ നിലവിലുള്ള അവസ്ഥയെ തകിടം മറിക്കുമെന്നും തങ്ങളുടെ പ്രമുഖ സ്ഥാനമാനങ്ങളെ അപകടപ്പെടുത്തുമെന്നും മതനേതാക്കന്മാർ ഭയന്നു. (യോഹന്നാൻ 11:48) പൂർവധാരണയിൽ അധിഷ്ഠിതമായിരുന്ന അവരുടെ ആശയങ്ങളും സ്വാർഥതയും, യേശുവിന്റെ അത്ഭുതങ്ങളുടെ അർഥം ഗ്രഹിക്കാനാകാത്തവണ്ണം അവരെ അന്ധരാക്കി.
യേശുവിന്റെ അനുഗാമികൾ ദിവ്യപ്രീതി ആസ്വദിച്ചിരുന്നുവെന്നതിന്റെ അത്ഭുതകരമായ തെളിവു യഹൂദ മതനേതാക്കന്മാരും മറ്റുള്ളവരും പിന്നീടു നിരാകരിച്ചു. ഉദാഹരണത്തിന്, ജന്മനാ മുടന്തനായ ഒരാളെ യേശുവിന്റെ അപ്പോസ്തലന്മാർ സുഖപ്പെടുത്തിയപ്പോൾ യഹൂദ ഹൈക്കോടതിയിലെ കുപിതരായ അംഗങ്ങൾ ഇങ്ങനെ പ്രതികരിച്ചു: “ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല. എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം.” (പ്രവൃത്തികൾ 3:1-8; 4:13-17) വിസ്മയാവഹമായ ഈ അത്ഭുതം ആ മനുഷ്യരുടെ ഹൃദയങ്ങളിൽ വിശ്വാസം ബലപ്പെടുത്തുകയോ ജനിപ്പിക്കുകയോ ചെയ്തില്ല.
അധികാരമോഹം, അഹങ്കാരം, അത്യാഗ്രഹം എന്നീ ഘടകങ്ങൾ തങ്ങളുടെ ഹൃദയ കവാടങ്ങൾ അടച്ചിടാൻ അനേകരെയും പ്രേരിപ്പിച്ചിരിക്കുന്നു. തുടക്കത്തിൽ പരാമർശിച്ച കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കാര്യത്തിലും സംഭവിച്ചത് അതുതന്നെയാണെന്നു തോന്നുന്നു. അസൂയ, ഭയം എന്നിവയും ദ്രോഹകരമായ മറ്റനേകം മനോഭാവങ്ങളും മറ്റു ചിലർക്കു വിലങ്ങുതടിയായിരിക്കുന്നു. ഒരിക്കൽ ദൈവത്തിന്റെ മുഖം ദർശിക്കാനുള്ള പദവിയുണ്ടായിരുന്ന, ഭൂതങ്ങളായിത്തീർന്ന അനുസരണംകെട്ട ദൂതന്മാരെക്കുറിച്ചും നാം അനുസ്മരിക്കുന്നു. (മത്തായി 18:10) അവർക്കു ദൈവത്തിന്റെ അസ്തിത്വത്തിൽ സംശയമില്ല. വാസ്തവത്തിൽ “പിശാചുകൾ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.” (യാക്കോബ് 2:19) എങ്കിലും, അവർക്കു ദൈവവിശ്വാസമില്ല.
യഥാർഥ വിശ്വാസത്തിന്റെ അർഥം
വിശ്വാസം എന്നതു കേവലം ധാരണയെക്കാൾ കവിഞ്ഞതാണ്. മാത്രമല്ല, അത് ഏതെങ്കിലും അത്ഭുതത്തോടുള്ള നൈമിഷിക വികാര പ്രകടനവുമല്ല. “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു” എന്ന് എബ്രായർ 11:1 പറയുന്നു. വിശ്വാസമുള്ള വ്യക്തി യഹോവയാം ദൈവത്തിന്റെ വാഗ്ദത്തങ്ങളെല്ലാം പൂർത്തിയായതിനു തുല്യമാണെന്നു ഹൃദയത്തിൽ ഉറപ്പുള്ളവനാണ്. കൂടാതെ, അദൃശ്യ യാഥാർഥ്യത്തിന്റെ അനിഷേധ്യ തെളിവു വളരെ ശക്തമായതിനാൽ വിശ്വാസം ആ തെളിവിനു തുല്യമാണെന്നു പറയപ്പെടുന്നു. അതേ, വിശ്വാസം തെളിവിലധിഷ്ഠിതമാണ്. മുൻകാലങ്ങളിൽ വിശ്വാസം വികസിപ്പിക്കുന്നതിൽ അല്ലെങ്കിൽ വർധിപ്പിക്കുന്നതിൽ അത്ഭുതങ്ങൾ ഒരു പങ്കു വഹിച്ചിരുന്നു. യേശു ചെയ്ത അത്ഭുതങ്ങൾ, അവൻ വാഗ്ദത്ത മിശിഹായാണെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉതകി. (മത്തായി 8:16, 17; എബ്രായർ 2:2-4) സമാനമായി അത്ഭുതരോഗശാന്തി, ഭാഷാവരം എന്നിവ പോലെയുള്ള ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അഥവാ പ്രവർത്തനനിരതമായ ശക്തിയുടെ വരങ്ങൾ, യഹോവയുടെ പ്രീതി മേലാൽ യഹൂദരിൽ വസിക്കുന്നില്ല, മറിച്ച് അവന്റെ അംഗീകാരം ഇപ്പോൾ തന്റെ പുത്രനായ യേശുക്രിസ്തു മുഖാന്തം സ്ഥാപിതമായ ക്രിസ്തീയ സഭയുടെമേലാണ് എന്നതിനു തെളിവു നൽകി.—1 കൊരിന്ത്യർ 12:7-11.
ആത്മാവിന്റെ അത്ഭുതകരമായ വരങ്ങളിലൊന്നായിരുന്നു പ്രവചന പ്രാപ്തി. അവിശ്വാസികൾ ആ അത്ഭുതം നിരീക്ഷിച്ചപ്പോൾ അവരിൽ ചിലർ, “ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു” എന്നു പ്രഖ്യാപിച്ചുകൊണ്ടു യഹോവയെ ആരാധിക്കാൻ പ്രേരിതരായി. (1 കൊരിന്ത്യർ 14:22-25) എങ്കിലും, അത്ഭുതങ്ങൾ ക്രിസ്തീയ ആരാധനയുടെ നിത്യ സവിശേഷതയായിരിക്കാൻ യഹോവയാം ദൈവം ഉദ്ദേശിച്ചിരുന്നില്ല. തന്മൂലം, പൗലൊസ് അപ്പോസ്തലൻ ഇങ്ങനെ എഴുതി: “പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.” (1 കൊരിന്ത്യർ 13:8) തെളിവനുസരിച്ച്, ആ വരങ്ങൾ അപ്പോസ്തലന്മാരുടെയും അവർ മുഖാന്തരം അവ ലഭിച്ചവരുടെയും മരണത്തോടെ നിലച്ചു.
അപ്പോൾ, ആളുകൾക്കു വിശ്വാസത്തിന് അടിസ്ഥാനമില്ലാതായിത്തീരുമോ? ഇല്ല. കാരണം പൗലൊസ് ഇങ്ങനെ പറഞ്ഞു: “[ദൈവം] നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.” (പ്രവൃത്തികൾ 14:17) വാസ്തവത്തിൽ, നമുക്കു ചുറ്റുപാടുമുള്ള തെളിവുകൾക്കുനേരേ മനസ്സും ഹൃദയവും തുറക്കാൻ മനസ്സൊരുക്കമുള്ള പരമാർഥ ഹൃദയർക്ക്, യഹോവയാം ദൈവത്തിന്റെ “നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു [ദൈവത്തെ തള്ളിപ്പറയുന്നവർക്കു] പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.”—റോമർ 1:20.
ദൈവത്തിന്റെ അസ്തിത്വത്തിൽ വിശ്വസിച്ചാൽ മാത്രം പോരാ. പൗലൊസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) ഈ മാസിക പോലുള്ള ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ ഉത്സാഹപൂർവം തിരുവെഴുത്തുകൾ പഠിക്കുന്നതിലൂടെ അതു ചെയ്യാവുന്നതാണ്. ദൈവവചനമായ ബൈബിളിൽ അധിഷ്ഠിതമായ വിശ്വാസം ദുർബലമോ ഉപരിപ്ലവമോ അല്ല. ദൈവേഷ്ടം വിവേചിച്ചറിഞ്ഞു വിശ്വാസപൂർവം അതു ചെയ്യുന്നവർ ദൈവത്തിനു വിശുദ്ധ സേവനം അർപ്പിക്കുകയാണ്.—റോമർ 12:1.
കാണാതെ വിശ്വസിക്കൽ
യേശു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടുവെന്നു വിശ്വസിക്കാൻ തോമാസ് അപ്പോസ്തലനു ബുദ്ധിമുട്ടു തോന്നി. “ഞാൻ അവന്റെ കൈകളിൽ ആണിപ്പഴുതു കാണുകയും ആണിപ്പഴുതിൽ വിരൽ ഇടുകയും അവന്റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല,” തോമാസ് പറഞ്ഞു. പിന്നീട് യേശു ആണിപ്പഴുതിന്റെ അടയാളമുള്ള ഒരു ശരീരം ധരിച്ച് തോമാസിന്റെ മുന്നിൽ വന്നപ്പോൾ അവൻ ആ അത്ഭുതത്തോട് അനുകൂലമായി പ്രതികരിച്ചു. എങ്കിലും യേശു ഇങ്ങനെ പറഞ്ഞു: “കാണാതെ വിശ്വസിച്ചവർ ഭാഗ്യവാൻമാർ [“സന്തുഷ്ടർ,” NW]”—യോഹന്നാൻ 20:25-29.
ഇന്നു ലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികൾ ‘കാഴ്ചയാൽ അല്ല വിശ്വാസത്താലാണു നടക്കുന്നത്.’ (2 കൊരിന്ത്യർ 5:7) ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന അത്ഭുതങ്ങൾ കണ്ടിട്ടില്ലെങ്കിലും അവ സംഭവിച്ചതാണെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. സാക്ഷികൾ ദൈവത്തിലും അവന്റെ വചനത്തിലും വിശ്വാസം പ്രകടിപ്പിക്കുന്നു. അവന്റെ ആത്മാവിന്റെ സഹായത്തോടെ ബൈബിളിന്റെ പഠിപ്പിക്കലുകളും സ്വർഗീയ രാജ്യം മുഖാന്തരമുള്ള ദൈവത്തിന്റെ പരമാധികാരത്തിന്റെ സംസ്ഥാപനം എന്ന അതിന്റെ മുഖ്യ വിഷയവും മനസ്സിലാക്കാൻ അവർക്കു കഴിയുന്നു. (മത്തായി 6:9, 10; 2 തിമൊഥെയൊസ് 3:16, 17) ബൈബിളിന്റെ ജ്ഞാനപൂർവകമായ ബുദ്ധ്യുപദേശം ജീവിതത്തിൽ ബാധകമാക്കുമ്പോൾ അത് അവർക്കു വളരെയധികം പ്രയോജനങ്ങൾ കൈവരുത്തുന്നു. (സങ്കീർത്തനം 119:105; യെശയ്യാവു 48:17, 18) ബൈബിൾ പ്രവചനങ്ങൾ നമ്മുടെ നാളുകളെ “അന്ത്യകാല”മായി തിരിച്ചറിയിക്കുന്നുവെന്ന അനിഷേധ്യമായ തെളിവ് അവർ അംഗീകരിക്കുന്നു. ദൈവം വാഗ്ദത്തംചെയ്ത പുതിയ ലോകം ആസന്നമായിരിക്കുന്നുവെന്നും അവർ വിശ്വസിക്കുന്നു. (2 തിമൊഥെയൊസ് 3:1-5; മത്തായി 24:3-14; 2 പത്രൊസ് 3:13) അവരെ സംബന്ധിച്ചിടത്തോളം, ദൈവപരിജ്ഞാനം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് ആനന്ദകരമാണ്. (സദൃശവാക്യങ്ങൾ 2:1-5) തിരുവെഴുത്തുകളുടെ പഠനത്തിലൂടെ മാത്രമേ ദൈവത്തെ അന്വേഷിക്കുന്നവർക്ക് അവനെ യഥാർഥമായും കണ്ടെത്താനാവൂ എന്ന് അവർക്കറിയാം.—പ്രവൃത്തികൾ 17:26, 27.
മുൻ ലേഖനത്തിൽ പരാമർശിച്ച ആൽബർട്ടിനെ നിങ്ങൾ ഓർക്കുന്നുവോ? ഒരത്ഭുതത്തിനുവേണ്ടിയുള്ള അവന്റെ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കാതെ പോയി ഏതാനും ആഴ്ചകൾക്കുള്ളിൽ പ്രായം ചെന്ന ഒരു യഹോവയുടെ സാക്ഷി അവനെ സന്ദർശിച്ചു. അവർ അവനു ചില ബൈബിളധിഷ്ഠിത സാഹിത്യങ്ങൾ നൽകി. പിന്നീട്, ആൽബർട്ട് ഒരു സൗജന്യ ഭവന ബൈബിളധ്യയനം സ്വീകരിച്ചു. ബൈബിളിന്റെ സന്ദേശവുമായി നന്നായി പരിചിതനായപ്പോൾ അവന്റെ നിരാശ സന്തോഷത്തിനു വഴിമാറി. താൻ ഒടുവിൽ ദൈവത്തെ കണ്ടെത്തിയതായി അവൻ തിരിച്ചറിയാൻ തുടങ്ങി.
തിരുവെഴുത്തുകൾ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.” (യെശയ്യാവു 55:6) നിങ്ങൾക്കതു ചെയ്യാൻ കഴിയും. ആധുനികനാളിൽ ദൈവത്തിൽനിന്നുള്ള ഒരത്ഭുതം പ്രതീക്ഷിച്ചുകൊണ്ടല്ല, മറിച്ച് അവന്റെ വചനത്തിന്റെ സൂക്ഷ്മ പരിജ്ഞാനം നേടിക്കൊണ്ട്. അത് അത്യന്താപേക്ഷിതമാണ്, കാരണം, വിശ്വാസമുണ്ടായിരിക്കുന്നതിന് അത്ഭുതങ്ങൾ മാത്രം പോരാ.
[5-ാം പേജിലെ ചിത്രം]
ലാസറിന്റെ അത്ഭുതകരമായ പുനരുത്ഥാനം പോലും വിശ്വാസം പ്രകടിപ്പിക്കാൻ യേശുവിന്റെ ശത്രുക്കളെ പ്രേരിപ്പിച്ചില്ല
[7-ാം പേജിലെ ചിത്രം]
വിശ്വാസം ബൈബിളിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ അധിഷ്ഠിതമാണ്