അവൻ മിശിഹായുടെ മുന്നോടിയായിരുന്നു
വീതിയുള്ള ഒരു തോൽവാർ വെയിലേറ്റു കരിവാളിച്ച അവന്റെ തൊലിക്കു മാറ്റുകൂട്ടി. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ച അവൻ വാസ്തവത്തിൽ ഒരു പ്രവാചകനെപ്പോലെതന്നെ തോന്നിച്ചു. യോർദാൻ നദിയിൽ അവന്റെ അരികിലേക്ക് അനേകരും ആകർഷിതരായി. അനുതാപികളായ പാപികളെ സ്നാപനപ്പെടുത്താൻ താൻ തയ്യാറാണെന്ന് ആകർഷകമായ വ്യക്തിത്വമുള്ള ആ മനുഷ്യൻ സധൈര്യം പ്രഖ്യാപിച്ചു.
ജനങ്ങൾ അത്ഭുതസ്തബ്ധരായി! ആ മനുഷ്യൻ ആരായിരുന്നു? അവന്റെ ഉദ്ദേശ്യമെന്തായിരുന്നു?
യേശുക്രിസ്തു ഈ വ്യക്തിയെപ്പറ്റി ഇങ്ങനെ പറഞ്ഞു: “അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാൺമാനോ? അതേ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു. . . . സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല.” (മത്തായി 11:9-11) യോഹന്നാൻ അത്തരമൊരു അസാധാരണ വ്യക്തിയായിരുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ അവൻ മിശിഹായുടെ മുന്നോടിയായിരുന്നു.
അവന്റെ നിയോഗം മുൻകൂട്ടി പറയപ്പെട്ടു
യോഹന്നാന്റെ ജനനത്തിന് 700-ലധികം വർഷങ്ങൾക്കുമുമ്പ് അവൻ മരുഭൂമിയിൽ ഇങ്ങനെ വിളിച്ചുപറയുമെന്നു യഹോവ പ്രഖ്യാപിച്ചു: “മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.” (യെശയ്യാവു 40:3; മത്തായി 3:3) “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും” എന്നു യോഹന്നാൻ ജനിക്കുന്നതിനു 400 വർഷം മുമ്പ് സർവശക്തനായ ദൈവം പ്രഖ്യാപിച്ചു. (മലാഖി 4:5) യേശുവിന്റെ ജനനത്തിന് ആറു മാസം മുമ്പു യോഹന്നാൻ സ്നാപകൻ പിറന്നതു വെറുമൊരു ആകസ്മിക സംഭവമല്ല, ഇത് കേവലം സ്വാഭാവിക പ്രത്യുത്പാദന പ്രക്രിയയിലൂടെ സംഭവിച്ചതുമല്ല. വാഗ്ദത്ത സന്തതിയായ ഇസഹാക്കിന്റെ ജനനംപോലെ യോഹന്നാന്റെ ജനനവും ഒരു അത്ഭുതമായിരുന്നു. കാരണം മാതാപിതാക്കൾ രണ്ടുപേരും, സെഖര്യാവും എലീശബെത്തും, കുട്ടികളെ ഉത്പാദിപ്പിക്കുന്നതിനുള്ള സാധാരണ പ്രായം കഴിഞ്ഞവരായിരുന്നു.—ലൂക്കൊസ് 1:18.
യോഹന്നാനെ ഗർഭം ധരിക്കുന്നതിനു മുമ്പുതന്നെ അവന്റെ നിയോഗം, വേല, ജീവിതരീതി എന്നിവയെല്ലാം ഗബ്രിയേൽ ദൂതൻ സ്പഷ്ടമാക്കിയിരുന്നു. ഏലിയാവിന്റെ വീര്യത്തോടും ആത്മാവോടും കൂടെ യോഹന്നാൻ അനുസരണംകെട്ടവരെ മരണവഴിയിൽനിന്നു പിന്തിരിപ്പിക്കുകയും യേശുവിനെ മിശിഹായായി സ്വീകരിക്കാൻ അവരെ ഒരുക്കുകയും ചെയ്യുമായിരുന്നു. ജനനം മുതലേ യോഹന്നാൻ പൂർണമായും ദൈവത്തിനു സമർപ്പിക്കപ്പെട്ട ഒരു നാസീർവ്രതക്കാരൻ ആയിരിക്കണമായിരുന്നു. വീഞ്ഞോ വീര്യമുള്ള ലഹരിപദാർഥമോ കുടിക്കാൻ പാടില്ലായിരുന്നു. മരുഭൂമിയിൽ അവന്റെ ഭക്ഷണം “വെട്ടുക്കിളിയും കാട്ടുതേനും” ആയിരുന്നു. (മർക്കൊസ് 1:6; സംഖ്യാപുസ്തകം 6:2, 3; ലൂക്കൊസ് 1:13-17) ശമൂവേലിനെപ്പോലെ യോഹന്നാൻ അത്യുന്നത ദൈവത്തിന്റെ സേവനത്തിനുവേണ്ടി ചെറുപ്പത്തിലേ നിയോഗിക്കപ്പെട്ടു.—1 ശമൂവേൽ 1:11, 24-28.
യോഹന്നാൻ എന്ന പേരുപോലും ദൈവമാണു തിരഞ്ഞെടുത്തത്. “യോഹന്നാൻ” എന്നു ഭാഷാന്തരം ചെയ്തിരിക്കുന്ന എബ്രായ പേരിന്റെ അർഥം “യഹോവ പ്രീതി കാണിച്ചിരിക്കുന്നു; യഹോവ കാരുണ്യവാനായിരിക്കുന്നു” എന്നാണ്.
എട്ടാം ദിവസം കുട്ടി പരിച്ഛേദന ചെയ്യപ്പെട്ടപ്പോൾ അവന്റെ പിതാവായ സെഖര്യാവ് പിൻവരുന്നവിധം പ്രഖ്യാപിക്കാൻ ദിവ്യ നിശ്വസ്തനായി: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിന്റെ [യഹോവയുടെ, NW] വഴി ഒരുക്കുവാനും നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന്നു പാപമോചനത്തിൽ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നുമുമ്പായി നടക്കും. . . . ആ ആർദ്രകരുണയാൽ ഉയരത്തിൽനിന്നു ഉദയം നമ്മെ സന്ദർശിച്ചിരിക്കുന്നു.” (ലൂക്കൊസ് 1:76-79) യോഹന്നാന്റെ പരസ്യ ശുശ്രൂഷ അവന്റെ ജീവിതത്തിൽ പ്രമുഖ സ്ഥാനം വഹിക്കേണ്ടിയിരുന്നു. അതുമായി തുലനം ചെയ്യുമ്പോൾ മറ്റു കാര്യങ്ങളെല്ലാം അപ്രധാനമായിരുന്നു. തൻമൂലം, യോഹന്നാന്റെ ആദ്യത്തെ 30 വർഷത്തെ ജീവിതത്തെപ്പറ്റി തിരുവെഴുത്തുകൾ ഒറ്റ വാക്യത്തിൽ ഇങ്ങനെ പറയുന്നു: “പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കുംനാൾവരെ മരുഭൂമിയിൽ ആയിരുന്നു.”—ലൂക്കൊസ് 1:80.
മരുഭൂമിയിലെ ശബ്ദം
തിബര്യോസ് കൈസരുടെ വാഴ്ചയുടെ 15-ാമാണ്ടിൽ പൊന്തിയോസ് പീലാത്തോസ് യെഹൂദ്യനാടു വാഴുമ്പോൾ യോഹന്നാൻ സ്നാപകൻ “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്ന വിസ്മയകരമായ സന്ദേശത്തോടെ മരുഭൂമിയിൽ പ്രത്യക്ഷനായി. (മത്തായി 3:2; മർക്കൊസ് 1:4; ലൂക്കൊസ് 3:1, 2) ആ മുഴുപ്രദേശത്തെയും ജനതതി ഉണർത്തപ്പെട്ടു. ആ ധീരമായ പ്രഖ്യാപനം ഒരു യഥാർഥ പ്രത്യാശക്കായി വാഞ്ഛിക്കുന്നവരുടെ ഹൃദയങ്ങളെ സ്പർശിച്ചു. അവന്റെ പ്രഖ്യാപനം ഹൃദയസ്പർശിയായ അനുതാപം ആവശ്യമാക്കിത്തീർത്തതിനാൽ അത് ആളുകളുടെ താഴ്മയെ വെല്ലുവിളിക്കുന്നതുകൂടി ആയിരുന്നു. യോഹന്നാന്റെ ആത്മാർഥതയും ബോധ്യവും അവൻ ദൈവത്താൽ അയയ്ക്കപ്പെട്ടവനായി കണക്കാക്കാൻ സത്യസന്ധരും പരമാർഥരുമായ അസംഖ്യം ആളുകളെ പ്രേരിപ്പിച്ചു.
യോഹന്നാന്റെ പ്രശസ്തി ഒരു പുതുദിനപ്പിറവിപോലെ പരന്നു. വസ്ത്രത്താലും ഭക്തിയാലും അവൻ യഹോവയുടെ പ്രവാചകനെന്ന നിലയിൽ നിഷ്പ്രയാസം തിരിച്ചറിയപ്പെട്ടു. (മർക്കൊസ് 1:6) ഇത്രമാത്രം താത്പര്യമുണർത്തുന്ന സംഗതിയെന്തെന്നു കാണാൻ പുരോഹിതർ, ലേവ്യർ എന്നിവർ പോലും യെരുശലേമിൽനിന്നു യാത്രയായി. അനുതപിക്കുകയോ? എന്തിന്, എന്തിനെപ്പറ്റി? ഈ മനുഷ്യൻ ആരായിരുന്നു? അവർ അറിയാൻ ആഗ്രഹിച്ചു. യോഹന്നാൻ വിശദീകരിച്ചു: “ഞാൻ ക്രിസ്തു അല്ല . . . പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നു: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നു: അല്ല എന്നു അവൻ ഉത്തരം പറഞ്ഞു. അവർ അവനോടു: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു. അതിന്നു അവൻ: യെശയ്യാപ്രവാചകൻ പറഞ്ഞതുപോലെ: കർത്താവിന്റെ വഴി നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്നു പറഞ്ഞു. അയക്കപ്പെട്ടവർ പരീശൻമാരുടെ കൂട്ടത്തിലുള്ളവർ ആയിരുന്നു. എന്നാൽ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികിൽ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.”—യോഹന്നാൻ 1:20-25.
ദൈവരാജ്യത്തിൽ പ്രവേശിക്കുന്നവർക്കു മാനസാന്തരവും സ്നാപനവും അത്യാവശ്യമായിരുന്നു. തൻമൂലം, യോഹന്നാൻ ഇങ്ങനെ മറുപടി പറഞ്ഞു: ‘ഞാൻ നിങ്ങളെ [“മാനസാന്തരപ്പെട്ട പാപികളെ,” NW] വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും; അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.” (ലൂക്കൊസ് 3:15-17; പ്രവൃത്തികൾ 1:5) വാസ്തവമായും, മിശിഹായുടെ അനുഗാമികളുടെമേൽ പരിശുദ്ധാത്മാവു പകരപ്പെടും, എന്നാൽ അവന്റെ ശത്രുക്കൾ അഗ്നിയാലുള്ള ഒരു നാശം അനുഭവിക്കും.
“എല്ലാവരും” മുന്നറിയിക്കപ്പെടുന്നു
പരമാർഥഹൃദയരായ അനേകം യഹൂദരും യോഹന്നാന്റെ വാക്കുകളാൽ അങ്ങേയറ്റം പ്രേരിതരായി, ന്യായപ്രമാണത്തോട് അവിശ്വസ്തത പുലർത്തിയെന്ന തങ്ങളുടെ പാപം തുറന്ന് ഏറ്റുപറഞ്ഞു. യോർദാൻ നദിയിൽ തങ്ങളെ സ്നാപനപ്പെടുത്താൻ യോഹന്നാനെ അനുവദിച്ചുകൊണ്ട് അവർ തങ്ങളുടെ അനുതാപം പരസ്യമായി പ്രദർശിപ്പിച്ചു. (മത്തായി 3:5, 6) തൻമൂലം അവരുടെ ഹൃദയം മിശിഹായെ സ്വീകരിക്കുന്നതിന് ഉചിതാവസ്ഥയിലായിരുന്നു. യഹോവയുടെ നീതിയുള്ള നിബന്ധനകൾ സംബന്ധിച്ച അറിവിനായുള്ള അവരുടെ ദാഹം ശമിപ്പിച്ചുകൊണ്ട് യോഹന്നാൻ സന്തോഷപുരസ്സരം അവരെ തന്റെ ശിഷ്യരായി സ്വീകരിച്ചു, എങ്ങനെ പ്രാർഥിക്കണമെന്നുപോലും അവരെ പഠിപ്പിച്ചുകൊണ്ടുതന്നെ.—ലൂക്കൊസ് 11:1.
മിശിഹായുടെ ഈ മുന്നോടിയെക്കുറിച്ച് അപ്പോസ്തലനായ യോഹന്നാൻ എഴുതി: “അവൻ സാക്ഷ്യത്തിന്നായി, താൻ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറയാൻ തന്നേ വന്നു.” (യോഹന്നാൻ 1:7) യോഹന്നാൻ സ്നാപകൻ “യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ച”പ്പോൾ അവനെപ്പറ്റി കേൾക്കാൻ എല്ലാ തരത്തിലുമുള്ള ആളുകൾ എത്തിച്ചേരാൻ കാരണമതാണ്. (പ്രവൃത്തികൾ 13:24) പിടിച്ചുപറിക്കാൻ ഉദ്യമിക്കുന്നതിനെതിരെ അവൻ നികുതി പിരിവുകാരെ താക്കീതു ചെയ്തു. ഒരുവനെ ഉപദ്രവിക്കുകയോ വ്യാജാരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്നതിനെതിരെ അവൻ പടയാളികളെ ശാസിച്ചു. കൂടാതെ ധർമിഷ്ഠരായ, കപടഭക്തിക്കാരായ പരീശരോടും സദൂക്യരോടും അവൻ ഇങ്ങനെ പറഞ്ഞു: “സർപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ? മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽനിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”—മത്തായി 3:7-9; ലൂക്കൊസ് 3:7-14.
പരീശൻമാരുടെ ഒരു വിഭാഗമെന്ന നിലയിൽ യോഹന്നാന്റെ നാളിലെ മതനേതാക്കൻമാർ അവനിൽ വിശ്വസിക്കാൻ വിസമ്മതിക്കുകയും അവൻ ഭൂതാത്മാവു ബാധിച്ചവനാണെന്ന് വ്യാജാരോപണം നടത്തുകയും ചെയ്തു. നിത്യജീവനിലേക്കു നയിക്കുന്ന നീതിയുടെ പാത അവർ ത്യജിച്ചുകളഞ്ഞു. നേരേമറിച്ച്, യോഹന്നാന്റെ സാക്ഷ്യത്തിൽ വിശ്വസിച്ച പാപികളായ നികുതി പിരിവുകാരും വേശ്യകളും അനുതപിച്ച് സ്നാപനമേറ്റു. തക്കസമയത്ത് അവർ യേശുക്രിസ്തുവിനെ മിശിഹായായി അംഗീകരിച്ചു.—മത്തായി 21:25-32; ലൂക്കൊസ് 7:31-33.
മിശിഹായെ പരിചയപ്പെടുത്തുന്നു
ആറുമാസക്കാലം—പൊ.യു. (പൊതുയുഗം) 29-ലെ വസന്തം മുതൽ വർഷാവസാനംവരെ—ദൈവത്തിന്റെ വിശ്വസ്ത സാക്ഷിയായിരുന്ന യോഹന്നാൻ യഹൂദൻമാരുടെ ശ്രദ്ധ മിശിഹായുടെ വരവിൽ കേന്ദ്രീകരിച്ചു. മിശിഹൈക രാജാവ് പ്രത്യക്ഷനാകാൻ സമയമായിരുന്നു. എന്നാൽ അവൻ വന്നപ്പോൾ അതേ യോർദാൻ നദിയിലേക്കു വരികയും സ്നാപനപ്പെടുത്താൻ അഭ്യർഥിക്കുകയും ചെയ്തു. ആദ്യം യോഹന്നാൻ അതിനെ എതിർത്തു, എന്നാൽ പിന്നീട് അതിനു വഴങ്ങി. പരിശുദ്ധാത്മാവ് യേശുവിന്റെമേൽ ഇറങ്ങിവരുകയും തന്റെ പുത്രനെ അംഗീകരിച്ചുകൊണ്ടുള്ള യഹോവയുടെ ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ അവനുണ്ടായ സന്തോഷം ഒന്ന് വിഭാവന ചെയ്തുനോക്കൂ.—മത്തായി 3:13-17; മർക്കൊസ് 1:9-11.
യേശുവിനെ മിശിഹായായി ആദ്യം തിരിച്ചറിഞ്ഞതു യോഹന്നാനായിരുന്നു, അവൻ തന്റെ സ്വന്തം ശിഷ്യൻമാരെ ഈ അഭിഷിക്തനു പരിചയപ്പെടുത്തിക്കൊടുത്തു. “ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു” എന്ന് യോഹന്നാൻ പറഞ്ഞു. കൂടാതെ അവൻ ഇങ്ങനെയും പ്രഖ്യാപിച്ചു: “എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ. ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവൻ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു.”—യോഹന്നാൻ 1:29-37.
ഏതാണ്ട് ആറു മാസത്തോളം യോഹന്നാന്റെ വേല യേശുവിന്റെ ശുശ്രൂഷക്ക് ഒപ്പം തുടർന്നു. അവർ ചെയ്ത വേലയെന്തെന്ന് അവർ പരസ്പരം മനസ്സിലാക്കി. യോഹന്നാൻ തന്നെത്തന്നെ മണവാളന്റെ സ്നേഹിതനായി വീക്ഷിച്ചു, താനും തന്റെ വേലയും കുറയവേ ക്രിസ്തു വളരുന്നതു കണ്ട് സന്തോഷിക്കുകയും ചെയ്തു.—യോഹന്നാൻ 3:22-30.
യേശു യോഹന്നാനെ ഏലിയാവിലൂടെ ചിത്രീകരിക്കപ്പെട്ട തന്റെ മുന്നോടിയായി തിരിച്ചറിയിച്ചു. (മത്തായി 11:12-15; 17:12) ഒരു സന്ദർഭത്തിൽ യേശു പറഞ്ഞു: “ന്യായപ്രമാണത്തിന്റെയും പ്രവാചകൻമാരുടെയും കാലം യോഹന്നാൻവരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്ക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു.”—ലൂക്കൊസ് 16:16.
അന്ത്യത്തോളം വിശ്വസ്തൻ
സത്യം സധൈര്യം പ്രഖ്യാപിച്ചതുമൂലം യോഹന്നാൻ അറസ്റ്റു ചെയ്ത് തടവിലാക്കപ്പെട്ടു. ഹെരോദാ രാജാവിന്റെ പാപംപോലും തുറന്നുകാട്ടുന്നതിനുള്ള തന്റെ ഉത്തരവാദിത്വത്തിൽനിന്നു യോഹന്നാൻ പിൻമാറിയില്ല. ദൈവനിയമം ലംഘിച്ചുകൊണ്ട് ആ രാജാവ് തന്റെ സ്വന്തം സഹോദരഭാര്യയായ ഹെരോദ്യയുമായി വ്യഭിചാരത്തിലേർപ്പെട്ട് ജീവിക്കുകയായിരുന്നു. ആ മനുഷ്യൻ അനുതപിക്കുകയും ദൈവകൃപ നേടുകയും ചെയ്യേണ്ടതിനു യോഹന്നാൻ തുറന്നടിച്ചു സംസാരിച്ചു.
വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും എന്തോരു ദൃഷ്ടാന്തമായിരുന്നു യോഹന്നാൻ! തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ബലിയർപ്പിച്ചുകൊണ്ട് അവൻ യഹോവയാം ദൈവത്തോടുള്ള തന്റെ വിശ്വസ്തതയും സഹമനുഷ്യരോടുള്ള സ്നേഹവും തെളിയിച്ചു. ഒരു വർഷത്തെ തടവിനുശേഷം, അവന്റെനേരെ “പകവെച്ചു”കൊണ്ടിരുന്ന ദുഷ്ട ഹെരോദ്യ രൂപീകരിച്ച സാത്താൻ പ്രേരിത പദ്ധതിയുടെ ഫലമായി യോഹന്നാൻ ശിരച്ഛേദം ചെയ്യപ്പെട്ടു. (മർക്കൊസ് 6:16-19; മത്തായി 14:3-12) എന്നാൽ മിശിഹായുടെ മുന്നോടി യഹോവയോടുള്ള തന്റെ നിർമലത കാത്തുകൊണ്ടു. ദൈവത്തിന്റെ നീതിവസിക്കുന്ന പുതിയ ലോകത്തിൽ ജീവിതം ആസ്വദിക്കുന്നതിന് അവൻ പെട്ടെന്നുതന്നെ മരണത്തിൽനിന്ന് ഉയിർപ്പിക്കപ്പെടുകയും ചെയ്യും.—യോഹന്നാൻ 5:28, 29; 2 പത്രൊസ് 3:13.