യഹോവയാൽ ആർ അംഗീകരിക്കപ്പെടും
“നിങ്ങളുടെ സ്വന്ത രക്ഷക്കായി പ്രവർത്തിച്ചുകൊണ്ടിരിക്കുക . . . ; എന്തെന്നാൽ തന്റെ സുപ്രസാദത്തിനുവേണ്ടി നിങ്ങൾ ഇച്ഛിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതിന് നിങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ദൈവമാണ്.”—ഫിലിപ്യർ 2:12, 13.
1, 2. ഏത് സാഹചര്യത്തിൽ യേശുവിന് ദിവ്യാംഗീകാരത്തിന്റെ ഒരു പ്രഖ്യാപനം ലഭിച്ചു, ഇത് നമ്മിൽ താൽപ്പര്യം ഉണർത്തേണ്ടതെന്തുകൊണ്ട്?
അത് ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. യോഹന്നാൻ സ്നാപകൻ ദൈവത്തിന്റെ സന്ദേശം പ്രസംഗിക്കുകയും അനുതാപമുള്ളവരെ വെള്ളത്തിൽ നിമജ്ജനം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ, നീതിമാനാണെന്ന് യോഹന്നാന് അറിയാമായിരുന്ന ഒരു മനുഷ്യൻ അവനെ സമീപിച്ചു. അവൻ യേശു ആയിരുന്നു. അവന് അനുതാപം ആവശ്യമുള്ള പാപമില്ലായിരുന്നു. എന്നിരുന്നാലും ‘നീതിനിഷ്ഠമായതെല്ലാം നിറവേറേറണ്ടതിന്’ സ്നാപനം കഴിപ്പിക്കപ്പെടാൻ അവൻ ആവശ്യപ്പെട്ടു.—മത്തായി 3:1-15.
2 യോഹന്നാൻ വിനയപൂർവ്വം അനുസരിക്കുകയും യേശു വെള്ളത്തിൽനിന്ന് പുറത്തുവരുകയും ചെയ്തശേഷം “സ്വർഗ്ഗങ്ങൾ തുറന്നു, ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ ഇറങ്ങുന്നത് അവൻ കണ്ടു.” അതിലുപരിയായി, “‘ഇത് ഞാൻ അംഗീകരിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ട പുത്രനാകുന്നു?’ എന്നു പറഞ്ഞ ഒരു ശബ്ദം സ്വർഗ്ഗങ്ങളിൽ നിന്നുണ്ടായി.” (മത്തായി 3:16, 17; മർക്കോസ് 1:11) എന്തോരു പ്രഖ്യാപനം! നമ്മളെല്ലാം നാം ആദരിക്കുന്ന ഒരാളെ പ്രസാദിപ്പിക്കുന്നത് ആസ്വദിക്കുന്നു. (പ്രവൃത്തികൾ 6:3-6; 16:1, 2; ഫിലിപ്യർ 2:19-22; മത്തായി 25:21) അപ്പോൾ സർവ്വശക്തനായ ദൈവം ‘ഞാൻ നിന്നെ അംഗീകരിച്ചിരിക്കുന്നു!’ എന്ന് പ്രഖ്യാപിക്കുന്നുവെങ്കിൽ നിങ്ങൾ എങ്ങനെ വിചാരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക.
3. ദൈവാംഗീകാരം സംബന്ധിച്ച് നാം എന്തിൽ തൽപ്പരരായിരിക്കണം?
3 ഇന്ന് ദൈവത്താൽ ഒരു വ്യക്തി അംഗീകരിക്കപ്പെടുക സാദ്ധ്യമാണോ? ദൃഷ്ടാന്തമായി, ‘പ്രത്യാശയില്ലാതെയും ലോകത്തിൽ ദൈവമില്ലാതെയും’ “ദൈവത്തിന്റേതായ ജീവനിൽനിന്ന് അന്യപ്പെട്ടിരിക്കുന്ന” ഒരു മമനുഷ്യന്റെ കാര്യമെടുക്കുക. (എഫേസ്യർ 2:12; 4:18) അയാൾക്ക് ആ അവസ്ഥയിൽനിന്ന് യഹോവയാൽ അംഗീകരിക്കപ്പെടുന്ന അനുഗൃഹീത അവസ്ഥയിലേക്ക് നീങ്ങാൻ കഴിയുമോ? കഴിയുമെങ്കിൽ എങ്ങനെ? നമുക്ക് കാണാം.
അവന്റെ വാക്കുകൾ എന്ത് അർത്ഥമാക്കി?
4. (എ) ദൈവത്തിന്റെ പ്രഖ്യാപനത്തിലെ “അംഗീകരിച്ചിരിക്കുന്നു” എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥമെന്ത്? (ബി) ഈ സന്ദർഭത്തിലെ പ്രയോഗം പ്രത്യേക താൽപ്പര്യം ഉള്ളതായിരിക്കുന്നതെന്തുകൊണ്ട്?
4 “ഞാൻ [യേശുവിനെ] അംഗീകരിച്ചിരിക്കുന്നു” എന്ന ദൈവവചനങ്ങളുടെ സുവിശേഷരേഖകൾ യൂഡോക്കിയോ എന്ന ഗ്രീക്ക് ക്രിയ ഉപയോഗിക്കുന്നു. (മത്തായി 3:17; മർക്കോസ് 1:11; ലൂക്കോസ് 3:22) അതിന്റെ അർത്ഥം “നന്നായി പ്രസാദിക്കുക, പ്രീതിയോടെ കരുതുക, സന്തോഷിക്കുക” എന്നാണ്. അതിന്റെ നാമരൂപത്തിന് “സൻമനസ്സ്, സുപ്രസാദം, പ്രീതി, ആശംസ, അനുഗ്രഹം” എന്ന അർത്ഥമുണ്ട്. യൂഡോക്കിയോ ദിവ്യ അംഗീകാരത്തിന് പരിമിതപ്പെട്ടിരിക്കുന്നില്ല. ഉദാഹരണത്തിന്, മാസിഡോണിയായിലെ ക്രിസ്ത്യാനികൾ മററുള്ളവരുമായി സാമ്പത്തികമായി പങ്കുവെക്കാൻ ‘ഇഷ്ടപ്പെട്ടിരുന്നു.’ (റോമർ 10:1; 15:26; 2 കൊരിന്ത്യർ 5:8; 1 തെസ്സലോനിക്യർ 2:8; 3:1) എന്നിരുന്നാലും യേശുവിനു ലഭിച്ച അംഗീകാരം മനുഷ്യരാലല്ല ദൈവത്താൽ പ്രകടമാക്കപ്പെട്ടതായിരുന്നു. യേശു സ്നാപനമേററശേഷം മാത്രമാണ് അവനെ സംബന്ധിച്ച് ഈ പദം ഉപയോഗിച്ചിരിക്കുന്നത്. (മത്തായി 17:5; 2 പത്രോസ് 1:17) ലൂക്കോസ് 2:52 സ്നാപനമേൽക്കാത്ത ഒരു യുവാവെന്ന നിലയിൽ യേശുവിന് ദൈവത്തിൽനിന്നും മനുഷ്യരിൽനിന്നും “പ്രീതി” ലഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഖാരിസ് എന്ന് ഒരു വ്യത്യസ്ത പദം ഉപയോഗിക്കുന്നു എന്നത് കൗതുകകരമാണ്.
5. (എ) അപൂർണ്ണ മനുഷ്യർക്ക് ദൈവത്താൽ അംഗീകരിക്കപ്പെടാൻ കഴിയുമെന്ന് തെളിഞ്ഞിരിക്കുന്നതെങ്ങനെ? (ബി) “സൻമനസ്സുള്ള മനുഷ്യർ” ആരാണ്?
5 നമ്മേപ്പോലെയുള്ള അപൂർണ്ണ മനുഷ്യർക്കും ദൈവാംഗീകാരം നേടുക സാദ്ധ്യമാണോ? സന്തോഷകരമെന്നു പറയട്ടെ, ഉത്തരം ഉവ്വ് എന്നാണ്. യേശു ജനിച്ചപ്പോൾ “മീതെ ഉന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ സൻമനസ്സുള്ള [യൂഡോക്കിയാസ്] മനുഷ്യരുടെയിടയിൽ സമാധാനം” എന്ന് ദൂതൻമാർ പ്രഖ്യാപിച്ചു. (ലൂക്കോസ് 2:14) അക്ഷരീയ ഗ്രീക്കിൽ ദൂതൻമാർ “സുചിന്തയുള്ള മനുഷ്യർക്ക്” അഥവാ “ദൈവം അംഗീകരിക്കുന്ന മനുഷ്യർക്ക്” വരാനിരിക്കുന്ന ഒരനുഗ്രഹത്തെക്കുറിച്ച് പാടുകയായിരുന്നു.a എൻ ആൻത്രോപോയിസ് യൂഡോക്കിയാസിന്റെ ഈ ഉപയോഗത്തെക്കുറിച്ച് പ്രൊഫസർ ഹാൻസ് ബീററനാർഡ് എഴുതുന്നു: “ഈ പദസഞ്ചയം ദൈവത്തിന്റെ സുപ്രസാദമുള്ള മനുഷ്യരെ പരാമർശിക്കുന്നു . . . അതുകൊണ്ട് നാം ഇവിടെ മനുഷ്യരുടെ സൻമനോഭാവത്തെ കൈകാര്യം ചെയ്യുകയല്ല . . . നാം ദൈവത്തിന്റെ പരമോൽകൃഷ്ടവും കരുണാനിർഭരവുമായ ഇഷ്ടത്തെ ആണ് കൈകാര്യം ചെയ്യുന്നത്, അത് രക്ഷക്കുവേണ്ടി ഒരു ജനത്തെ അതിനായിത്തന്നെ തെരഞ്ഞെടുക്കുന്നു.” അങ്ങനെ യഹോവയുടെ സാക്ഷികൾ ദീർഘകാലം വിശദീകരിച്ചിട്ടുള്ളതുപോലെ, സമർപ്പണത്താലും സ്നാപനത്താലും അപൂർണ്ണമനുഷ്യർക്ക് സൻമനസ്സുള്ള മനുഷ്യർ, ദൈവത്താൽ അംഗീകരിക്കപ്പെടുന്ന മനുഷ്യർ, ആയിത്തീരുക സാദ്ധ്യമാണെന്ന് ലൂക്കോസ് 2:14 സൂചിപ്പിക്കുന്നു!b
6. നാം ദൈവാംഗീകാരത്തെ സംബന്ധിച്ച് ഇപ്പോഴും എന്ത് പഠിക്കേണ്ടതുണ്ട്?
6 എന്നിരുന്നാലും ‘ദുഷ്പ്രവൃത്തികളിൽ മനസ്സുവെച്ചിരിക്കുന്ന ദൈവത്തിന്റെ ശത്രുക്കൾ’ ആയിരിക്കുന്നതും നമ്മുടെ നീതിമാനും ജ്ഞാനിയുമായ ദൈവത്തിന്റെ സഹകാരികളെന്നനിലയിൽ അംഗീകരിക്കപ്പെടുന്നതും തമ്മിൽ എന്തോരു വ്യത്യാസമാണുള്ളതെന്ന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. (കൊലോസ്യർ 1:21; സങ്കീർത്തനം 15:1-5) അതുകൊണ്ട് മനുഷ്യർക്ക് അംഗീകാരമുള്ളവരായിത്തീരാൻ കഴിയുമെന്ന് കേൾക്കുന്നതിൽ നിങ്ങൾക്ക് ആശ്വാസം ഉണ്ടായേക്കാമെങ്കിലും എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കേണ്ടതാണ്. ദൈവത്തിന്റെ കഴിഞ്ഞകാലത്തെ ഇടപെടലുകളിൽനിന്ന് നമുക്ക് ഇതുസംബന്ധിച്ച് വളരെയധികം പഠിക്കാൻ കഴിയും.
അവൻ ആളുകളെ സ്വാഗതം ചെയ്തു
7. ദൈവത്തിന്റെ മനോഭാവം സംബന്ധിച്ച് പുറപ്പാട് 12:38 എന്ത് സൂചന നൽകുന്നു?
7 ലൂക്കോസ് 2:14-ലെ പ്രഖ്യാപനത്തിന് മുമ്പ് നൂററാണ്ടുകളിൽ, വന്ന് തന്നെ ആരാധിക്കാൻ യഹോവ ആളുകളെ സ്വാഗതം ചെയ്തു. തീർച്ചയായും, ദൈവം തനിക്ക് സമർപ്പിക്കപ്പെട്ടിരിക്കുന്ന യിസ്രായേൽ ജനതയോടു മാത്രം ഇടപെടുകയായിരുന്നു. (പുറപ്പാട് 19:5-8; 31:16, 17) എന്നാൽ യിസ്രായേൽ ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് പുറത്തേക്ക് അഭിഗമിച്ചപ്പോൾ “ഒരു വലിയ സമ്മിശ്ര സംഘവും അവരോടുകൂടെ പോയി” എന്ന് ഓർക്കുക. (പുറപ്പാട് 12:38) ദൈവജനത്തോട് ഇടപെട്ടിരിക്കാവുന്നവരും ഈജിപ്ററിൻമേൽ ഉണ്ടായ ബാധകൾക്ക് സാക്ഷ്യം വഹിച്ചവരുമായ യിസ്രായേല്യേതരർ ഇപ്പോൾ യിസ്രായേലിനോടുകൂടെ പോകാൻ തീരുമാനിച്ചു. ചിലർ പൂർണ്ണമതാനുസാരികൾ ആയിത്തീർന്നിരിക്കാൻ ഇടയുണ്ട്.
8. യിസ്രായേലിൽ ഏത് രണ്ടുതരം പരദേശികൾ പാർത്തിരുന്നു, യിസ്രായേല്യർ അവരോട് ഇടപെട്ടതിൽ ഒരു വ്യത്യാസം ഉണ്ടായിരുന്നതെന്തുകൊണ്ട്?
8 ന്യായപ്രമാണ ഉടമ്പടി ദൈവത്തോടും അവന്റെ ജനത്തോടുമുള്ള ബന്ധത്തിൽ യിസ്രായേല്യേതരരുടെ സാഹചര്യത്തെ അംഗീകരിച്ചു. ചില പരദേശികൾ കേവലം യിസ്രായേൽ ദേശത്ത് വമ്പിച്ച കുടിപാർപ്പുകാരായിരുന്നു, അവിടെ അവർ കൊലപാതകത്തിനെതിരായ നിയമങ്ങളും ശബത്തനുഷ്ടാനം ആവശ്യപ്പെടുന്ന നിയമങ്ങളുംപോലെയുള്ള അടിസ്ഥാനനിയമങ്ങൾ അനുസരിക്കേണ്ടതുണ്ടായിരുന്നു. (നെഹമ്യാവ് 13:16-21) ഈ കുടിപാർപ്പുകാരെ സഹോദരൻമാരായി സ്വീകരിക്കുന്നതിനു പകരം, ഒരു യിസ്രായേല്യൻ അവരോട് സംസാരിക്കുകയോ ഇടപെടുകയോ ചെയ്യുമ്പോൾ ന്യായമായ ജാഗ്രത പുലർത്തിയിരുന്നു, എന്തെന്നാൽ അവർ അപ്പോഴും ദൈവത്തിന്റെ ജനതയുടെ ഭാഗമായിരുന്നില്ല. ദൃഷ്ടാന്തമായി, താനേ ചത്ത ഒരു മൃഗത്തിന്റെ രക്തം കളയാത്ത ശവം വാങ്ങാൻ ഒരു യിസ്രായേല്യന് അധികാരമില്ലായിരുന്നെങ്കിലും യഹൂദമതാനുസാരികൾ അല്ലാഞ്ഞ പരദേശികൾക്ക് അങ്ങനെ ചെയ്യാമായിരുന്നു. (ആവർത്തനം 14:21; യെഹെസ്ക്കേൽ 4:14) കാലക്രമത്തിൽ ഈ പരദേശികളിൽ ചിലർ പരിച്ഛേദനയേററ മതാനുസാരികളായിത്തീർന്ന മററ് പരദേശികളുടെ പ്രവർത്തനഗതി പിൻതുടർന്നേക്കാം. അപ്പോൾ മാത്രമേ അവർ മുഴുന്യായപ്രമാണവും അനുസരിക്കാൻ ബാദ്ധ്യസ്ഥരായ സത്യാരാധനയിലെ സഹോദരൻമാരായി കരുതപ്പെട്ടിരുന്നുള്ളു. (ലേവ്യപുസ്തകം 16:29; 17:10; 19:33, 34; 24:22) മോവാബ്യ സ്ത്രീയായ രൂത്ത്, അരാമ്യകുഷ്ഠരോഗിയായിരുന്ന നയമാൻ എന്നിവർ ദൈവം അംഗീകരിച്ച യിസ്രായേല്യേതരരായിരുന്നു.—മത്തായി 1:5; ലൂക്കോസ് 4:27.
9. വിദേശികളോടുള്ള ദൈവത്തിന്റെ മനോഭാവത്തെ ശലോമോൻ സ്ഥിരീകരിച്ചതെങ്ങനെ?
9 ശലോമോൻ രാജാവിന്റെ നാളുകളിലും യിസ്രായേല്യേതരരോട് ദൈവം പ്രകടമാക്കുന്ന സ്വാഗത മനോഭാവം നാം കാണുന്നു. ആലയം ഉൽഘാടനം ചെയ്തപ്പോൾ ശലോമോൻ ഇങ്ങനെ പ്രാർത്ഥിച്ചു: “നിന്റെ ജനമായ യിസ്രായേലിന്റെ ഭാഗമല്ലാത്തവനും യഥാർത്ഥത്തിൽ നിന്റെ നാമം നിമിത്തം ഒരു വിദൂരദേശത്തുനിന്ന് വരുന്നവനും ഈ ആലയത്തിനുനേരെ തിരിഞ്ഞ് പ്രാർത്ഥിക്കുന്നവനുമായ വിദേശിയെ നീ തന്നെ സ്വർഗ്ഗത്തിൽ നിന്ന് കേൾക്കേണമേ, . . . നിന്റെ ജനമായ യിസ്രായേലിനെപ്പോലെ നിന്നെ ഭയപ്പെടാൻ തക്കവണ്ണം ഭൂമിയിലെ സകല ജനങ്ങളും നിന്റെ നാമത്തെ അറിയേണ്ടതിനു തന്നെ.” (1 രാജാക്കൻമാർ 8:41-43) അതെ, തന്നെ അന്വേഷിച്ച ആത്മാർത്ഥതയുള്ള വിദേശീയരുടെ പ്രാർത്ഥനകളെ യഹോവ സ്വാഗതം ചെയ്തു. ഒരുപക്ഷേ, ഇവരും അവന്റെ നിയമങ്ങൾ പഠിക്കുകയും പരിച്ഛേദനാകർമ്മത്തിന് വിധേയരാവുകയും തന്റെ അനുഗൃഹീത ജനതയിലെ അംഗീകൃത അംഗങ്ങളായിത്തീരുകയും ചെയ്യുമായിരുന്നു.
10. യഹൂദൻമാർ എത്യോപ്യൻ ഷണ്ഡനോട് എങ്ങനെ ഇടപെട്ടിരിക്കും, പരിച്ഛേദന അയാൾക്ക് പ്രയോജനം ചെയ്തതെന്തുകൊണ്ട്?
10 പിൽക്കാലങ്ങളിൽ ഇത് ചെയ്ത ഒരു മനുഷ്യൻ വിദൂര എത്യോപ്യയിലെ കന്ദക്ക രാജ്ഞിയുടെ ഖജാൻജിയായിരുന്നു. സാദ്ധ്യതയനുസരിച്ച്, അയാൾ ആദ്യമായി യഹൂദൻമാരെയും അവരുടെ ആരാധനയെയുംകുറിച്ച് കേട്ടപ്പോൾ അയാളുടെ ജീവിത ശൈലിയോ മത നടപടികളോ യഹോവക്ക് സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ട് ഈ വിദേശിയായ മനുഷ്യൻ ദൈവവ്യവസ്ഥകളെക്കുറിച്ച് മനസ്സിലാക്കുന്നതിന് ന്യായപ്രമാണം പഠിച്ചുകൊണ്ടിരുന്നപ്പോൾ യഹൂദൻമാർ ഒരളവിലുള്ള സഹിഷ്ണുത പ്രകടിപ്പിക്കണമായിരുന്നു. തെളിവനുസരിച്ച് അയാൾ പുരോഗമിക്കുകയും പരിച്ഛേദനക്ക് യോഗ്യതനേടാൻ ആവശ്യമായ മാററങ്ങൾ വരുത്തുകയും ചെയ്തു. അയാൾ “ആരാധിക്കാൻ യരൂശലേമിലേക്ക് പോയിരുന്നു” എന്ന് പ്രവൃത്തികൾ 8:27 നമ്മോട് പറയുന്നു. (പുറപ്പാട് 12:48, 49) അയാൾ അന്നൊരു പൂർണ്ണ മതാനുസാരി ആയിരുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. അങ്ങനെ അയാൾ മശിഹായെ സ്വീകരിക്കുന്നതിനും അവന്റെ സ്നാപനമേററ ശിഷ്യനായിത്തീരുന്നതിനും അങ്ങനെ ദൈവത്തിന്റെ തുടർച്ചയായ ഇഷ്ടത്തോട് ചേർച്ചയിൽ വരുന്നതിനും യോഗ്യനായി.
അവിശ്വാസികളും ക്രിസ്തീയസഭയും
11, 12. (എ) എത്യോപ്യൻ സ്നാപനമേററപ്പോൾ കൂടുതലായി എന്ത് മാററമുണ്ടായി? (ബി) ഇത് ഫിലിപ്യർ 2:12, 13-നോട് ചേർച്ചയിലായിരുന്നതെങ്ങനെ?
11 യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “ആകയാൽ പോയി ഞാൻ നിങ്ങളോട് കൽപ്പിച്ചിരിക്കുന്നതെല്ലാം അനുഷ്ഠിക്കാൻ സകല ജാതികളിലെയും ജനങ്ങളെ പഠിപ്പിച്ചുകൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്നാപനപ്പെടുത്തി ശിഷ്യരാക്കിക്കൊൾക.” (മത്തായി 28:19, 20) ഇപ്പോൾ പറഞ്ഞുകഴിഞ്ഞ എത്യോപ്യൻ മതാനുസാരിക്ക് യഹോവയേയും പരിശുദ്ധാത്മാവിനെയും കുറിച്ചുള്ള അറിവുണ്ടായിരുന്നു. ദൈവത്തിന്റെ മശിഹൈക പുത്രനായ യേശുവിനെ മനസ്സിലാക്കാനും സ്വീകരിക്കാനും ഫിലിപ്പോസ് അയാളെ സഹായിച്ചപ്പോൾ അയാളെ സ്നാപനപ്പെടുത്താൻ കഴിയുമായിരുന്നു. അങ്ങനെ അയാൾ ക്രിസ്തുവിനെ അനുഗമിക്കുന്ന യഹോവയുടെ ജനത്തിലെ ഒരു അംഗീകൃത അംഗമായിത്തീരുമായിരുന്നു. സ്വാഭാവികമായി ക്രിസ്ത്യാനികൾക്കുവേണ്ടി ‘കൽപ്പിക്കപ്പെട്ടിരിക്കുന്ന സകല കാര്യങ്ങളും’ അനുഷ്ഠിക്കേണ്ട ആവശ്യമുള്ളവനെന്നനിലയിൽ അയാൾ ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടുന്നവനായിരിക്കും. എന്നാൽ ഈ ഉത്തരവാദിത്വത്തോടുകൂടെ ഒരു അത്ഭുതകരമായ പ്രത്യാശയും ലഭ്യമായി: രക്ഷ!
12 പിൽക്കാലത്ത് എല്ലാ ക്രിസ്ത്യാനികളും ‘ഭയത്തോടും വിറയലോടും കൂടെ തങ്ങളുടെ സ്വന്തം രക്ഷക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കേണ്ട’തുണ്ടെന്ന് പൗലോസ് എഴുതി. എന്നിരുന്നാലും, അത് ചെയ്യുക സാദ്ധ്യമായിരുന്നു, എന്തുകൊണ്ടെന്നാൽ “തന്റെ സുപ്രസാദത്തിനുവേണ്ടി [യൂഡോക്കിയാസ്] നിങ്ങൾ ഇച്ഛിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടതിന് നിങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് ദൈവമാണ്.”—ഫിലിപ്യർ 2:12, 13.
13. എത്യോപ്യൻ ഷണ്ഡനെപ്പോലെ പെട്ടെന്ന് സ്നാപനമേൽക്കാത്തവരോട് ക്രിസ്ത്യാനികൾ എങ്ങനെ ഇടപെട്ടിരിക്കും?
13 സത്യക്രിസ്ത്യാനികളുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ആ എത്യോപ്യനെപ്പോലെ സ്നാപനത്തിലേക്ക് പെട്ടെന്ന് നീങ്ങാൻ ഒരുക്കമുള്ളവരും യോഗ്യരും ആയിരുന്നില്ല. യഹൂദൻമാരോ യഹൂദമതാനുസാരികളോ അല്ലാഞ്ഞതിനാൽ ചിലർക്ക് യഹോവയെയും അവന്റെ വഴികളെയും കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. അവരുടെ ധാർമ്മിക നിഷ്ഠകളും അവന്റെ പ്രമാണങ്ങളാൽ നയിക്കപ്പെട്ടിരുന്നില്ല. അവരോട് എങ്ങനെ ഇടപെടുമായിരുന്നു? ക്രിസ്ത്യാനികൾ യേശുവിന്റെ ദൃഷ്ടാന്തം പിൻതുടരണമായിരുന്നു. അവൻ തീർച്ചയായും പാപത്തെ പ്രോൽസാഹിപ്പിക്കുകയോ അതിനുനേരെ കണ്ണടക്കുകപോലുമോ ചെയ്തില്ല. (യോഹന്നാൻ 5:14) എന്നിട്ടും അവൻ തന്നിലേക്ക് ആകർഷിക്കപ്പെട്ടവരും തങ്ങളുടെ വഴികളെ ദൈവത്തിന്റേതിനോട് ചേർച്ചയിൽ വരുത്താൻ ആഗ്രഹിച്ചവരുമായ പാപികളോട് സഹിഷ്ണുതയുള്ളവനായിരുന്നു.—ലൂക്കോസ് 15:1-7.
14, 15. കൊരിന്തിലെ യോഗങ്ങളിൽ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് പുറമേ ഏതുതരം ആളുകൾ സംബന്ധിച്ചിരുന്നു, ആത്മീയ പുരോഗതി സംബന്ധിച്ച് അവർ വ്യത്യസ്തരായിരിക്കാമായിരുന്നതെങ്ങനെ?
14 ദൈവത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരുന്നവരോട് ക്രിസ്ത്യാനികൾ സഹിഷ്ണുതയോടെ ഇടപെട്ടുവെന്ന് കൊരിന്തിലെ യോഗങ്ങളെ സംബന്ധിച്ചുള്ള പൗലോസിന്റെ അഭിപ്രായങ്ങളിൽ നിന്ന് വ്യക്തമാണ്. ക്രിസ്ത്യാനിത്വത്തിന് ദൈവാനുഗ്രഹം ഉണ്ടെന്നുള്ളതിന്റെ പ്രാരംഭലക്ഷണമായി കൊടുത്തിരുന്ന ആത്മാവിന്റെ അത്ഭുത വരങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ചർച്ചചെയ്തപ്പോൾ പൗലോസ് “വിശ്വാസികളെയും” “അവിശ്വാസികളെയും” കുറിച്ച് പറഞ്ഞു. (1 കൊരിന്ത്യർ 14:22) “വിശ്വാസികൾ ക്രിസ്തുവിനെ സ്വീകരിക്കുകയും സ്നാപനമേൽക്കുകയും ചെയ്തവരായിരുന്നു. (പ്രവൃത്തികൾ 8:13; 16:31-34) “കേട്ട കൊരിന്ത്യരിൽ അനേകർ വിശ്വസിക്കാനും സ്നാപനമേൽക്കാനും തുടങ്ങി.”—പ്രവൃത്തികൾ 18:8.
15 ഒന്നു കൊരിന്ത്യർ 14:24 അനുസരിച്ച് ‘അവിശ്വാസികളോ സാധാരണക്കാരോ’ കൊരിന്തിലെ യോഗങ്ങൾക്ക് വരികയും സ്വാഗതം ചെയ്യപ്പെടുകയും ചെയ്തു.c സാദ്ധ്യതയനുസരിച്ച്, ദൈവവചനത്തിന്റെ പഠനത്തിലും ബാധകമാക്കലിലുമുള്ള അവരുടെ പുരോഗതിയിൽ വ്യത്യാസമുണ്ടായിരുന്നു. ചിലർ അപ്പോഴും പാപം ചെയ്തുകൊണ്ടിരുന്നിരിക്കാം. മററു ചിലർ ഒരളവിലുള്ള വിശ്വാസം നേടുകയും തങ്ങളുടെ ജീവിതത്തിൽ അപ്പോൾത്തന്നെ ചില മാററങ്ങൾ വരുത്തുകയും സ്നാപനത്തിനു മുമ്പുപോലും തങ്ങൾ പഠിച്ചിരുന്നതിനെക്കുറിച്ച് മററുള്ളവരോട് പറഞ്ഞുതുടങ്ങുകയും ചെയ്തിരിക്കാം.
16. അങ്ങനെയുള്ളവർക്ക് സഭാമീററിംഗുകളിൽ ക്രിസ്ത്യാനികളോടുകൂടെ ആയിരിക്കുന്നതിൽ നിന്ന് എങ്ങനെ പ്രയോജനം കിട്ടുമായിരുന്നു?
16 തീർച്ചയായും, സ്നാപനമേൽക്കാത്ത അങ്ങനെയുള്ളവരിൽപ്പെട്ട ആരും “കർത്താവിൽ” ആയിരുന്നില്ല. (1 കൊരിന്ത്യർ 7:39) അവരുടെ കഴിഞ്ഞ കാലത്ത് ധാർമ്മികവും ആത്മീകവുമായ ഗുരുതരമായ തെററുകൾ ഉൾപ്പെട്ടിരുന്നെങ്കിൽ ദൈവത്തിന്റെ പ്രമാണങ്ങളോട് അനുരൂപപ്പെടുന്നതിന് സമയമെടുത്തിരിക്കാമെന്ന് മനസ്സിലാക്കാവുന്നതാണ്. ഇതിനിടയിൽ, അവർ സഭയുടെ വിശ്വാസത്തെയും ശുദ്ധിയെയും തകിടം മറിക്കാൻ ദ്രോഹപൂർവ്വം ശ്രമിച്ചിരുന്നില്ലെങ്കിൽ അവർക്ക് സ്വാഗതമുണ്ടായിരുന്നു. അവർ യോഗങ്ങളിൽ കണ്ടതിനും കേട്ടതിനും ‘അവരുടെ ഹൃദയ രഹസ്യങ്ങൾ പ്രത്യക്ഷമാകവെ’ ‘അവരെ ശാസിക്കാൻ’ കഴിയുമായിരുന്നു.—1 കൊരിന്ത്യർ 14:23-25; 2 കൊരിന്ത്യർ 6:14.
രക്ഷക്കുവേണ്ടി ദൈവത്താൽ അംഗീകരിക്കപ്പെട്ട് നിലകൊള്ളുക
17. ലൂക്കോസ് 2:14-ന് ഒന്നാം നൂററാണ്ടിൽ എന്ത് നിവൃത്തി ഉണ്ടായിരുന്നു?
17 ഒന്നാം നൂററാണ്ടിലെ സ്നാപനമേററ ക്രിസ്ത്യാനികളുടെ പരസ്യ പ്രസംഗത്താൽ ആയിരങ്ങൾ സുവാർത്ത കേട്ടു. അവർ തങ്ങൾ കേട്ടതിൽ വിശ്വാസമർപ്പിക്കുകയും തങ്ങളുടെ കഴിഞ്ഞകാല ഗതി സംബന്ധിച്ച് അനുതപിക്കുകയും “രക്ഷക്കുവേണ്ടി പരസ്യപ്രഖ്യാപനം” നടത്തിക്കൊണ്ട് സ്നാപനമേൽക്കുകയും ചെയ്തു. (റോമർ 10:10-15; പ്രവൃത്തികൾ 2:41-44; 5:14; കൊലോസ്യർ 1:23) അന്ന് സ്നാപനമേററിരുന്നവർക്ക് യഹോവയുടെ അംഗീകാരമുണ്ടായിരുന്നുവെന്നതിന് സംശയമില്ല, അവൻ അവരെ പരിശുദ്ധാത്മാവുകൊണ്ട് അഭിഷേകം ചെയ്യുകയും ആത്മീയ പുത്രൻമാരായി ദത്തെടുക്കുകയും ചെയ്തു. അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “അവൻ തന്റെ ഇഷ്ടത്തിന്റെ സുപ്രസാദത്തിനൊത്തവണ്ണം [യൂഡോക്ക്യൻ] തനിക്കുതന്നെ പുത്രൻമാരായി യേശുക്രിസ്തുവിലൂടെയുള്ള ദത്തെടുക്കലിന് നമ്മെ മുൻനിയമിച്ചു.” (എഫേസ്യർ 1:5) അങ്ങനെ ആ നൂററാണ്ടിൽതന്നെ, യേശുവിന്റെ ജനനത്തിങ്കൽ ദൂതൻമാർ മുൻകൂട്ടിപ്പറഞ്ഞിരുന്നത് സത്യമെന്ന് തെളിഞ്ഞു തുടങ്ങി: “സൻമനസ്സുള്ള [അഥവാ ദൈവാംഗീകാരമുള്ള] മനുഷ്യരുടെയിടയിൽ സമാധാനം.”—ലൂക്കോസ് 2:14.
18. അഭിഷിക്ത ക്രിസ്ത്യാനികൾ ദൈവവുമായുള്ള തങ്ങളുടെ അംഗീകൃതനിലയെ നിസ്സാരമായെടുക്കാൻ പാടില്ലാഞ്ഞതെന്തുകൊണ്ട്?
18 ആ സമാധാനം നിലനിർത്തുന്നതിന് ആ “സൻമനസ്സുള്ള മനുഷ്യർ” “ഭയത്തോടും വിറയലോടും കൂടെ [തങ്ങളുടെ] സ്വന്തം രക്ഷക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ടിരി”ക്കേണ്ടത് ആവശ്യമായിരുന്നു. (ഫിലിപ്യർ 2:12) അവർ അപ്പോഴും അപൂർണ്ണ മനുഷ്യരായിരുന്നതുകൊണ്ട് അത് എളുപ്പമായിരുന്നില്ല. അവർ തെററുചെയ്യുന്നതിനുള്ള പ്രലോഭനങ്ങളെയും സമ്മർദ്ദങ്ങളെയും അഭിമുഖീകരിക്കുമായിരുന്നു. അവർ ദുഷ്പ്രവൃത്തിക്ക് വഴങ്ങുകയായിരുന്നുവെങ്കിൽ അവർക്ക് ദൈവാംഗീകാരം നഷ്ടപ്പെടുമായിരുന്നു. അങ്ങനെ യഹോവ സഭയെ സഹായിക്കയും സംരക്ഷിക്കയും ചെയ്യുന്ന ആത്മീയ ഇടയൻമാർക്കുവേണ്ടി സ്നേഹപൂർവ്വം ക്രമീകരണം ചെയ്തു.—1 പത്രോസ് 5:2, 3.
19, 20. സ്നാപനമേററ ക്രിസ്ത്യാനികൾക്ക് ദൈവത്തിന്റെ അംഗീകൃത ദാസൻമാരായി തുടരാൻ കഴിയേണ്ടതിന് അവൻ എന്ത് കരുതലുകൾ ചെയ്തു?
19 അങ്ങനെയുള്ള സഭാ മൂപ്പൻമാർ പൗലോസിന്റെ ബുദ്ധ്യുപദേശത്തെ കാര്യമായി എടുക്കും. “ഒരു മനുഷ്യൻ ഏതെങ്കിലും തെററായ നടപടി അതിനെക്കുറിച്ച് അറിയുന്നതിനുമുമ്പ് സ്വീകരിക്കുന്നുവെങ്കിലും, ആത്മീയ യോഗ്യതയുള്ള നിങ്ങൾ അങ്ങനെയുള്ള ഒരു മനുഷ്യനെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുക, നിങ്ങളും പരീക്ഷിക്കപ്പെടാതിരിക്കാൻ ഓരോരുത്തനും തന്റെമേൽത്തന്നെ ദൃഷ്ടിവെക്കുമ്പോൾതന്നെ.” (ഗലാത്യർ 6:1) നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതുപോലെ സ്നാപനത്തിന്റെ പ്രധാനപ്പെട്ട പടി സ്വീകരിച്ച ഒരു വ്യക്തിക്ക് ഏറിയ ഉത്തരവാദിത്വം ഉണ്ടായിരിക്കും, യിസ്രായേലിൽ പരിച്ഛേദനയേററ ഒരു മതാനുസാരിയായിത്തീർന്ന ഒരു അന്യന്റെ കാര്യത്തിലും ഇത് സത്യമായിരുന്നു. എന്നിരുന്നാലും സ്നാപനമേററ ഒരു ക്രിസ്ത്യാനി തെററു ചെയ്താൽ അയാൾക്ക് സഭക്കുള്ളിൽ സ്നേഹനിർഭരമായ സഹായം കണ്ടെത്താൻ കഴിയുമായിരുന്നു.
20 സഭയിലെ ഒരു കൂട്ടം മൂപ്പൻമാർക്ക് ഗുരുതരമായ ദുഷ്പ്രവൃത്തിയിലേക്ക് വീണുപോയ ഒരുവന് സഹായം കൊടുക്കാൻ കഴിയും. യൂദാ ഇങ്ങനെ എഴുതി: “സംശയങ്ങളുള്ള ചിലരോട് കരുണ കാണിക്കുന്നതിൽ തുടരുക. അവരെ തീയിൽ നിന്ന് വലിച്ചെടുത്തുകൊണ്ട് രക്ഷിക്കുക. എന്നാൽ ജഡത്താൽ കളങ്കം പററിയിരിക്കുന്ന ഉള്ളങ്കിയെപ്പോലും വെറുക്കവെ, ഭയത്തോടെ മററുള്ളവരോട് കരുണ കാണിക്കുന്നതിൽ തുടരുക.” (യൂദാ 22, 23) ഈ വിധത്തിൽ സഹായിക്കപ്പെട്ട സ്നാപനമേററ ഒരു സഭാംഗത്തിന് യഹോവയുടെ അംഗീകാരവും യേശുവിന്റെ ജനനസമയത്ത് ദൂതൻമാർ പറഞ്ഞ സമാധാനവും തുടർന്ന് ആസ്വദിക്കാൻ കഴിയും.
21, 22. ആരെങ്കിലും അനുതാപമില്ലാത്ത പാപിയായിത്തീർന്നാൽ എന്ത് സംഭവിക്കുമായിരുന്നു, സഭയിലെ വിശ്വസ്തരായ അംഗങ്ങൾ എങ്ങനെ പ്രതികരിക്കും?
21 അസാധാരണമെങ്കിലും, ദുഷ്പ്രവൃത്തിക്കാരൻ അനുതപിക്കാത്ത ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ ശുദ്ധമായ സഭയെ മലിനീകരണത്തിൽനിന്ന് സംരക്ഷിക്കുന്നതിന് മൂപ്പൻമാർ അയാളെ പുറത്താക്കേണ്ടിവരും. കൊരിന്തിൽ ഒരു അധാർമ്മിക ബന്ധത്തിൽ തുടർന്ന ഒരു സ്നാപനമേററ ഒരു മനുഷ്യന് അതു സംഭവിച്ചു. പൗലോസ് സഭയെ ഇങ്ങനെ ബുദ്ധ്യുപദേശിച്ചു: “ദുർവൃത്തരോടുള്ള സംസർഗ്ഗം നിർത്തുക, മുഴുവനായി ഈ ലോകത്തിലെ ദുർവൃത്തരെയോ അത്യാഗ്രഹികളെയും പിടിച്ചുപറിക്കാരെയുമോ വിഗ്രഹാരാധികളെയോ അല്ല അർത്ഥമാക്കുന്നത്. അല്ലാത്തപക്ഷം നിങ്ങൾ യഥാർത്ഥത്തിൽ ലോകത്തിൽ നിന്ന് പുറത്തുപോകേണ്ടി വരും. എന്നാൽ ഒരു സഹോദരൻ എന്ന് വിളിക്കപ്പെട്ടവനായി ഒരു ദുർവൃത്തനോ ഒരത്യാഗ്രഹിയോ ഒരു വിഗ്രഹാരാധിയോ ഒരു വാവിഷ്ഠാണക്കാരനോ ഒരു മദ്യപാനിയോ ഒരു പിടിച്ചുപറിക്കാരനോ ആയ ഏതൊരുവനോടുമുള്ള സംസർഗ്ഗം നിർത്താനാണ് ഇപ്പോൾ ഞാൻ നിങ്ങൾക്കെഴുതുന്നത്, അങ്ങനെയുള്ള ഒരു മനുഷ്യനോടുകൂടെ ഭക്ഷണം കഴിക്കപോലുമരുത്.”—1 കൊരിന്ത്യർ 5:9-11.
22 ആ കൊരിന്ത്യൻ ദൈവത്താൽ അംഗീകരിക്കപ്പെടുകയും ഒരു സഭാംഗമായിത്തീരുകയും ചെയ്തുകൊണ്ട് സ്നാപനത്തിന്റെ പ്രധാനപ്പെട്ട പടി സ്വീകരിച്ചിരുന്നതിനാൽ അയാൾ പുറത്താക്കപ്പെടുന്നത് ഒരു ഗൗരവമുള്ള കാര്യമായിരുന്നു. ക്രിസ്ത്യാനികൾ അയാളോട് സമ്പർക്കം പുലർത്താൻ പാടില്ലെന്ന് പൗലോസ് സൂചിപ്പിച്ചു, എന്തുകൊണ്ടെന്നാൽ അയാൾ ദൈവവുമായുള്ള തന്റെ അംഗീകൃത നില തള്ളിക്കളഞ്ഞിരുന്നു. (2 യോഹന്നാൻ 10:11 താരതമ്യപ്പെടുത്തുക.) പത്രോസ് അങ്ങനെയുള്ള പുറത്താക്കപ്പെട്ടവരെക്കുറിച്ചെഴുതി: “നീതിയുടെ വഴി കൃത്യമായി അറിഞ്ഞശേഷം തങ്ങൾക്ക് ഭരമേൽപ്പിക്കപ്പെട്ട വിശുദ്ധ കൽപ്പനയിൽനിന്ന് അകന്നുമാറുന്നതിനേക്കാൾ അത് കൃത്യമായി അറിയാതിരിക്കുന്നത് അവർക്ക് മെച്ചമായിരിക്കുമായിരുന്നു. ‘നായ് അതിന്റെ സ്വന്തം ഛർദ്ദിയിലേക്ക് വീണ്ടും തിരിഞ്ഞിരിക്കുന്നു’ എന്ന സത്യമായ സദൃശവാക്യത്തിലെ വചനം അവർക്ക് സംഭവിച്ചിരിക്കുന്നു.”—2 പത്രോസ് 2:21, 22.
23. ഒന്നാം നൂററാണ്ടിൽ, ദൈവാംഗീകാരം നിലനിർത്തുന്നതു സംബന്ധിച്ച ക്രിസ്ത്യാനികളുടെയിടയിലെ പൊതു അവസ്ഥ എന്തായിരുന്നു?
23 പ്രസ്പഷ്ടമായി, യഹോവക്ക് മേലാൽ അങ്ങനെയുള്ള വ്യക്തികളെ അംഗീകാരമുള്ളവരായി വീക്ഷിക്കാൻ കഴിയുമായിരുന്നില്ല, എന്തെന്നാൽ അനുതാപമില്ലാത്ത ദുഷ്പ്രവൃത്തിക്കാർ എന്ന നിലയിൽ അവർ പുറത്താക്കപ്പെട്ടവരായിരുന്നു. (എബ്രായർ 10:38; 1 കൊരിന്ത്യർ 10:5 താരതമ്യപ്പെടുത്തുക.) തെളിവനുസരിച്ച് ഒരു ന്യൂനപക്ഷം മാത്രമേ പുറത്താക്കപ്പെട്ടിരുന്നുള്ളു. “അനർഹദയയും ദൈവസമാധാനവും” നേടിയവരും ‘അവന്റെ ഇഷ്ടത്തിന്റെ സുപ്രസാദത്തിനൊത്തവണ്ണം പുത്രൻമാരായി ദത്തെടുക്കപ്പെട്ടവരു’മായവരിൽ ഭൂരിപക്ഷവും വിശ്വസ്തരായി നിലകൊണ്ടു.—എഫേസ്യർ 1:2, 5, 8-10.
24. ഈ വിഷയത്തിന്റെ ഏത് വശം നമ്മുടെ കൂടുതലായ ശ്രദ്ധ അർഹിക്കുന്നു?
24 നമ്മുടെ കാലത്തും അടിസ്ഥാനപരമായി അങ്ങനെ തന്നെയാണ്. എന്നാൽ ഇന്ന് ‘അവിശ്വാസികളോ സാധാരണക്കാരോ’ ആയവരെ ദൈവത്താൽ അംഗീകരിക്കപ്പെട്ടവരായിത്തീരാൻ എങ്ങനെ സഹായിക്കാൻ കഴിയുമെന്നും അവർ മാർഗ്ഗമദ്ധ്യേ തെററുചെയ്യുന്നുവെങ്കിൽ അവരെ സഹായിക്കാൻ എന്തുചെയ്യാൻ കഴിയുമെന്നും നമുക്ക് പരിചിന്തിക്കാം. അടുത്ത ലേഖനം ഈ കാര്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും. (w88 11/15)
[അടിക്കുറിപ്പുകൾ]
a ജോർജ് സ്വാൻ തയ്യാറാക്കിയ പുതിയനിയമത്തിലെ “അവൻ അംഗീകരിക്കുന്ന മനുഷ്യർ” എന്നതും പരിഷ്കരിച്ച പ്രമാണ ഭാഷാന്തരത്തിലെ “അവൻ പ്രസാദിച്ചിരിക്കുന്ന മനുഷ്യർ” എന്നതും താരതമ്യപ്പെടുത്തുക.
b 1964 ഒക്ടോബർ 15-ലെ വാച്ച്ടവറിന്റെ 629-33 പേജുകൾ കാണുക.
c “ (അപിസ്റേറസ്, ‘അവിശ്വാസി’)ഉം (ഇഡിയോട്ടിസ്, ‘ഗ്രാഹ്യമില്ലാത്തവൻ’, ‘അന്വേഷകൻ’)ഉം ക്രിസ്തീയ സഭയിലെ രക്ഷിക്കപ്പെട്ടവരോടുള്ള വിപരീത താരതമ്യത്തിൽ അവിശ്വാസികളുടെ വർഗ്ഗത്തിലാണ്.—ദി എക്സ്പോസിറേറഴ്സ് ബൈബിൾ കമൻററ, വാല്യം 10 പേജ് 275.
നിങ്ങൾ ഓർമ്മിക്കുന്നുവോ?
□ തിരുവെഴുത്തുകൾ അനുസരിച്ച് എന്നുമുതൽ, ഏത് വിധത്തിൽ മനുഷ്യർക്ക് ദൈവത്താൽ അംഗീകരിക്കപ്പെടുവാൻ കഴിയും?
□ ദൈവത്തിന്റെ ജനത്തിന്റെ ഇടയിലെ വിദേശീയരെ സംബന്ധിച്ച് ദൈവത്തിന്റെ വീക്ഷണമെന്തായിരുന്നു, എന്നാൽ യിസ്രായേല്യർ ജാഗ്രതയേയും സഹിഷ്ണുതയെയും സമനിലയിൽ നിർത്തേണ്ടതുണ്ടായിരുന്നതെന്തുകൊണ്ട്?
□ “അവിശ്വാസികൾ” കൊരിന്തിലെ ക്രിസ്തീയ മീററിംഗുകൾക്ക് വന്നു എന്ന വസ്തുതയിൽ നിന്ന് നമുക്ക് എന്ത് നിഗമനം ചെയ്യാൻ കഴിയും?
□ സ്നാപനമേററ ക്രിസ്ത്യാനികൾക്ക് തന്റെ അംഗീകൃത ദാസരായിത്തുടരാൻ സഹായം കൊടുക്കുന്നതിന് ദൈവം കരുതൽ ചെയ്തിരിക്കുന്നതെങ്ങനെ?