യേശുവിന്റെ ജീവിതവും ശുശ്രൂഷയും
അവന്റെ പിതൃനഗരത്തിലെ സിന്നഗോഗിൽ
യേശ വീട്ടിലേക്ക് മടങ്ങിവരുമ്പോൾ, നസ്രേത്തിലെ വികാരോജ്ജ്വലത നമുക്ക് സങ്കൽപ്പിക്കാൻ കഴിയും. ഏതാണ്ട് ഒരു വർഷം മുമ്പ് യേശു യോഹന്നാനാൽ സ്നാനമേൽക്കുന്നതിന് പുറപ്പെട്ടപ്പോൾ അവൻ ഒരു ആശാരിയായി അറിയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അവന് എല്ലായിടത്തും ഒരത്ഭുതപ്രവർത്തകൻ എന്ന പേരുണ്ട്. അവൻ ഈ അത്ഭുതപ്രവൃത്തികളിൽ ചിലത് തങ്ങളുടെയിടയിൽ ചെയ്തു കാണാൻ തദ്ദേശവാസികൾ ആകാംക്ഷയുള്ളവരാണ്.
യേശു തന്റെ പതിവനുസരിച്ച് തദ്ദേശ സിന്നഗോഗിലേക്ക് പോകുമ്പോൾ അവരുടെ പ്രതീക്ഷ വർദ്ധിക്കുന്നു. ശുശ്രൂഷയുടെ സമയത്ത് അവൻ വായിക്കാൻ എഴുന്നേൽക്കുന്നു. യെശയ്യാ പ്രവാചകന്റെ ചുരുൾ അവന് കൊടുക്കുന്നു. യഹോവയുടെ ആത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടവനെക്കുറിച്ച് പറയുന്നിടം അവൻ കണ്ടെത്തുന്നു. ഇന്നത്തെ നമ്മുടെ ബൈബിളിൽ ആ ഭാഗം 61-ാം അദ്ധ്യായമാണ്.
ഈ ഒരുവൻ യഹോവയുടെ പ്രസാദവർഷവും ബന്ധികൾക്ക് വിമോചനവും അന്ധർക്ക് കാഴ്ചയും പ്രസംഗിക്കുന്നതെങ്ങനെയെന്ന് വായിച്ചശേഷം യേശു ചുരുൾ ശുശ്രൂഷകന്റെ കയ്യിലേക്ക് മടക്കിക്കൊടുത്തുകൊണ്ട് ഇരിക്കുന്നു. എല്ലാവരുടെയും കണ്ണ് അവന്റെമേൽ പതിഞ്ഞിരുന്നു. അതിനുശേഷം ഒരുപക്ഷേ കുറെ സമയം അവൻ അവരോട് സംസാരിക്കുന്നു, ഇപ്രകാരം വിവരിച്ചുകൊണ്ട്: “ഇപ്പോൾ നിങ്ങൾ കേട്ട ഈ തിരുവെഴുത്തിന് ഇന്ന് നിവൃത്തി വന്നിരിക്കുന്നു.”
അവന്റെ “ലാവണ്യ വാക്കുകളിൽ” ആളുകൾ ആശ്ചര്യപ്പെട്ട് പരസ്പരം ഇങ്ങനെ പറയുന്നു “ഇത് യോസേഫിന്റെ ഒരു മകൻ അല്ലയോ?” താൻ അത്ഭുതം പ്രവർത്തിച്ചു കാണാൻ അവർ ആഗ്രഹിക്കുന്നു എന്ന് മനസ്സിലാക്കിക്കൊണ്ട് യേശു തുടരുന്നു: “നിസ്സംശയമായും നിങ്ങൾ ഈ ദൃഷ്ടാന്തം എനിക്ക് ബാധകമാക്കും, ‘വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക, കഫർന്നഹൂമിൽ നടന്നതായി ഞങ്ങൾ കേട്ടതെല്ലാം നിന്റെ പിതൃനഗരത്തിലും ചെയ്ക എന്ന് നിങ്ങൾ എന്നോട് പറയും.’” സ്പഷ്ടമായും, തന്റെ സ്വന്ത ജനത്തിന്റെ പ്രയോജനത്തിനുവേണ്ടി സൗഖ്യമാക്കൽ ആദ്യം പിതൃനഗരത്തിൽ തുടങ്ങണമെന്ന് യേശുവിന്റെ അയൽക്കാർ വിചാരിക്കുന്നു. അതുകൊണ്ട് യേശു തങ്ങളെ അവഗണിച്ചെന്ന് അവർക്ക് തോന്നുന്നു.
അവരുടെ വിചാരം തിരിച്ചറിഞ്ഞുകൊണ്ട് യേശു യുക്തമായ ചില ചരിത്ര വസ്തുതകൾ പറയുന്നു. ഏലിയാവിന്റെ നാളുകളിൽ യിസ്രായേലിൽ നിരവധി വിധവകളുണ്ടായിരുന്നു. എന്നാൽ ഏലിയാവിനെ ഇവരുടെ ആരുടെയുമടുത്തേക്ക് അയച്ചില്ല. പ്രത്യുത അവൻ സീദോനിലെ അന്യജാതിക്കാരിയായ ഒരു വിധവയുടെയടുത്തേക്ക് പോയി. അവൻ അവിടെ ജീവരക്താകരമായ ഒരത്ഭുതം പ്രവർത്തിച്ചു. ഏലീശാ പ്രവാചകന്റെ കാലത്ത് യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. എന്നാൽ ഏലീശ സിറിയാക്കാരനായ നയമാനെ മാത്രമേ ശുദ്ധമാക്കിയുള്ളു.
അവരുടെ സ്ഥാർത്ഥതയും വിശ്വാസമില്ലായ്മയും തുറന്നുകാട്ടുന്ന ഈ പ്രതികൂലമായ പൂർവ്വകാല താരതമ്യങ്ങളാൽ രോഷം പൂണ്ട്, സിന്നഗോഗിലുള്ളവർ എഴുന്നേററ് യേശുവിനെ പട്ടണത്തിന് പുറത്താക്കുന്നു. അവർ അവനെ നസ്രേത്ത് പണിതിരിക്കുന്ന മലയുടെ വക്കോളം കൊണ്ടുപോയി തള്ളിയിടാൻ ശ്രമിക്കുന്നു. എന്നാൽ അവൻ അവരുടെ നടുവിൽ കൂടി കടന്ന് സുരക്ഷിതമായി രക്ഷപ്പെടുന്നു. ലൂക്കോസ് 4:16-30; 1 രാജാക്കൻമാർ 17:8-16; 2 രാജാക്കൻമാർ 5:8-14.
◆ നസ്രേത്തിൽ ഒരു വികാരോജ്ജ്വലത എന്തുകൊണ്ട്?
◆ യേശുവിന്റെ പ്രസംഗത്തെക്കുറിച്ച് ആളുകൾ എന്തു വിചാരിക്കുന്നു, എന്നാൽ അവരെ വളരെ രോഷാകുലരാക്കുന്നതെന്ത്?
◆ ആളുകൾ യേശുവിനെ എന്ത് ചെയ്യാൻ ശ്രമിക്കുന്നു? (w86 2/15)