അവൻ ആളുകളെ സ്നേഹിച്ചു
“എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.”—സദൃ. 8:31.
1, 2. മുഴുമനുഷ്യരോടും യേശു ആഴമായ സ്നേഹം തെളിയിച്ചിരിക്കുന്നത് എങ്ങനെ?
ദൈവത്തിന്റെ ആദ്യജാതപുത്രൻ യഹോവയുടെ അതിരറ്റ ജ്ഞാനത്തിന്റെ മികച്ച മാതൃകയാണ്. അവൻ പിതാവിന്റെ അടുക്കൽ “ശില്പി” ആയിരുന്നു. പിതാവ് ‘ആകാശത്തെ ഉറപ്പിച്ചപ്പോഴും’ ‘ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും’ യേശുവിനുണ്ടായ സന്തോഷവും സംതൃപ്തിയും ഒന്നു സങ്കല്പിച്ചു നോക്കൂ! പിതാവിന്റെ സൃഷ്ടികൾ ഏറെയുണ്ടായിരുന്നെങ്കിലും, യേശുവിന്റെ “പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.” (സദൃ. 8:22-31) ഇത് കാണിക്കുന്നത്, തുടക്കംമുതലേ അവൻ മനുഷ്യരെ സ്നേഹിച്ചിരുന്നു എന്നാണ്.
2 മനസ്സോടെ സ്വർഗം വിട്ട് ഭൂമിയിൽ ഒരു മനുഷ്യനായി വന്നപ്പോൾ യേശു പിതാവിനോടുള്ള സ്നേഹവും വിശ്വസ്തതയും, മുഴുമനുഷ്യരോടുമുള്ള ആഴമായ സ്നേഹവും തെളിയിച്ചു. ‘അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കാനാണ്’ യേശു സ്നേഹപൂർവം ഇങ്ങനെ ചെയ്തത്. (മത്താ. 20:28; ഫിലി. 2:5-8) ഭൂമിയിലായിരിക്കെ യഹോവ അവന് അത്ഭുതങ്ങൾ ചെയ്യാനുള്ള ശക്തി നൽകി. യേശു മനുഷ്യരെ എത്രയേറെ സ്നേഹിക്കുന്നുണ്ടെന്ന് ഈ അത്ഭുതങ്ങൾ വെളിപ്പെടുത്തുന്നു. മാത്രമല്ല, അവർക്കുവേണ്ടി ഉടൻതന്നെ മഹത്തായ എന്തെല്ലാം കാര്യങ്ങൾ ചെയ്യുമെന്നും ഈ അത്ഭുതങ്ങൾ വ്യക്തമാക്കുന്നു.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 ഭൂമിയിലായിരുന്നപ്പോൾ യേശു “ദൈവരാജ്യത്തിന്റെ സുവിശേഷം” തീക്ഷ്ണതയോടെ മറ്റുള്ളവരെ അറിയിച്ചു. (ലൂക്കോ. 4:43) ഈ രാജ്യം തന്റെ പിതാവിന്റെ നാമത്തെ വിശുദ്ധീകരിക്കുമെന്നും മുഴുമനുഷ്യരുടെയും സകല പ്രശ്നങ്ങളും എന്നെന്നേക്കുമായി നീക്കം ചെയ്യുമെന്നും യേശുവിന് അറിയാമായിരുന്നു. തന്റെ പ്രസംഗവേലയോടൊപ്പം യേശു അനേകം അത്ഭുതങ്ങളും പ്രവർത്തിച്ചു. സകല മനുഷ്യരോടും യേശുവിന് ആഴമായ താത്പര്യമുണ്ടെന്നാണ് ഈ അത്ഭുതങ്ങൾ കാണിക്കുന്നത്. നമ്മളെ സംബന്ധിച്ച് ഇത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? കാരണം, യേശു ചെയ്ത കാര്യങ്ങൾ നമുക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയും ഉറപ്പും നൽകുന്നു. നമുക്ക് ഇപ്പോൾ യേശു ചെയ്ത നാല് അത്ഭുതങ്ങൾ നോക്കാം.
‘സൗഖ്യംവരുത്താനുള്ള ശക്തി അവനിലുണ്ടായിരുന്നു’
4. കുഷ്ഠരോഗി യേശുവിനെ കണ്ടപ്പോൾ എന്തു സംഭവിച്ചെന്ന് പറയുക.
4 തന്റെ ശുശ്രൂഷക്കാലത്ത് യേശു കൂടെക്കൂടെ സന്ദർശിച്ചിരുന്ന ഒരു പ്രദേശമാണ് ഗലീല. ഒരിക്കൽ അവിടെയുള്ള ഒരു പട്ടണത്തിൽ അവൻ കുഷ്ഠരോഗിയായ ഒരു മനുഷ്യനെ കണ്ടു. (മർക്കോ. 1:39, 40) അയാൾക്ക് കഠിനമായ കുഷ്ഠം ബാധിച്ചിരുന്നു. അതുകൊണ്ടാണ്, വൈദ്യനായ ലൂക്കോസ് ആ മനുഷ്യനെ “ദേഹമാസകലം കുഷ്ഠം ബാധിച്ച” ഒരാളെന്ന് പറഞ്ഞത്. (ലൂക്കോ. 5:12) യേശുവിനെ കണ്ടതും അയാൾ ‘അവന്റെ മുമ്പാകെ കവിണ്ണുവീണ് യാചനാസ്വരത്തിൽ അവനോട്, “കർത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും” എന്നു പറഞ്ഞു.’ യേശുവിന് തന്നെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ടെന്ന് അവന് അറിയാമായിരുന്നു. എന്നാൽ തന്നെ സുഖപ്പെടുത്താൻ യേശുവിന് മനസ്സുണ്ടോ എന്നറിയാനായിരുന്നു അവൻ ആഗ്രഹിച്ചത്. എന്തുകൊണ്ട്? കാരണം അയാൾ കണ്ടുപരിചയിച്ചിരുന്നത്, കുഷ്ഠരോഗികളെ വളരെ അറപ്പോടെ വീക്ഷിച്ചിരുന്ന പരീശന്മാരെയായിരുന്നു. എന്നാൽ ആ മനുഷ്യന്റെ കരളലിയിക്കുന്ന യാചനയോട് യേശു എങ്ങനെയായിരിക്കും പ്രതികരിക്കുക? വിരൂപനായിരുന്ന അയാളോട് യേശു എങ്ങനെ ഇടപെടുമായിരിക്കും? നിങ്ങളാണെങ്കിൽ എന്തു ചെയ്തേനേ?
5. യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്താൻ ആഗ്രഹിച്ചത് എന്തുകൊണ്ട്?
5 മോശൈക ന്യായപ്രമാണം അനുസരിച്ച് ഒരു കുഷ്ഠരോഗി “അശുദ്ധൻ അശുദ്ധൻ” എന്ന് ഉറക്കെ വിളിച്ചുപറയണമായിരുന്നു. (ലേവ്യ. 13:43-46) എന്നാൽ അയാൾ അങ്ങനെ പറഞ്ഞതായി ഒരു സൂചനയുമില്ല. പക്ഷേ യേശു അയാളോട് ദേഷ്യപ്പെട്ടില്ല. അവൻ ആ മനുഷ്യനെക്കുറിച്ച് ചിന്തയുള്ളവനായിരുന്നെന്ന് മാത്രമല്ല അയാളെ സഹായിക്കാനും ആഗ്രഹിച്ചു. ആ സമയത്ത് യേശു എന്തായിരുന്നു ചിന്തിച്ചുകൊണ്ടിരുന്നത് എന്ന് നമുക്ക് അറിയില്ല. എങ്കിലും യേശുവിന് അയാളോട് എന്ത് വികാരമാണ് തോന്നിയതെന്ന് നമുക്ക് മനസ്സിലാക്കാനാകും. അയാളെപ്രതി വളരെ ദുഃഖിതനായ യേശു ഒരു അത്ഭുതം പ്രവർത്തിച്ചു. യേശു അയാളെ തൊട്ടു, മറ്റാരും ചെയ്യാൻ മടിക്കുന്ന ഒന്ന്. ഉറച്ചബോധ്യത്തോടും അനുകമ്പയോടും കൂടെ യേശു ഇങ്ങനെ പറഞ്ഞു: “എനിക്കു മനസ്സുണ്ട്; ശുദ്ധനാകുക.” “തത്ക്ഷണം അവന്റെ കുഷ്ഠം മാറി.” (ലൂക്കോ. 5:13) ഈ മഹാത്ഭുതം പ്രവർത്തിക്കാനുള്ള ശക്തി യേശുവിന് കൊടുത്തത് യഹോവയാണ് എന്നതിന് സംശയമില്ല. ഇത് താൻ മനുഷ്യരെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് കാണിക്കാൻ യേശുവിന് ഒരു അവസരവും നൽകി.—ലൂക്കോ. 5:17.
6. യേശുവിന്റെ അത്ഭുതങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത് എന്താണ്, അത് എന്ത് തെളിയിക്കുന്നു?
6 ദൈവത്തിന്റെ ശക്തിയാൽ യേശുവിന് മഹത്തായ അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കാനായി. യേശു കുഷ്ഠരോഗികളെ മാത്രമല്ല, മറ്റു പലതരം രോഗങ്ങളുള്ളവരെയും സൗഖ്യമാക്കി. ‘ഊമർ സംസാരിക്കുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാണുന്നതും കണ്ട് ജനം വിസ്മയിച്ചു’ എന്ന് ബൈബിൾ പറയുന്നു. (മത്താ. 15:31) ഒരാളെ സുഖപ്പെടുത്തുമ്പോൾ യേശുവിന് ആരോഗ്യമുള്ള മറ്റൊരാളുടെ അവയവങ്ങൾ ഉപയോഗിക്കേണ്ട ആവശ്യമില്ലായിരുന്നു. മറിച്ച്, അവന് വൈകല്യമുള്ള ശരീരഭാഗങ്ങൾതന്നെ സുഖപ്പെടുത്താനുള്ള ശക്തിയുണ്ടായിരുന്നു. യേശു രോഗികളെ ഉടനടി സുഖപ്പെടുത്തി; ചിലപ്പോൾ അകലെയായിരുന്നവരെപ്പോലും. (യോഹ. 4:46-54) യേശുവിന്റെ അതിശയിപ്പിക്കുന്ന ഈ അത്ഭുതങ്ങൾ എന്താണ് കാണിക്കുന്നത്? നമ്മുടെ രാജാവായ യേശുക്രിസ്തുവിന് എല്ലാത്തരം രോഗങ്ങളും എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള ശക്തിയും ആഗ്രഹവും ഉണ്ടെന്നാണ്. യേശു ആളുകളോട് ഇടപെട്ട വിധം, പുതിയ ലോകത്തിൽ, “എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും” എന്നതിന് ഉറപ്പുനൽകുന്നു. (സങ്കീ. 72:13) ദുരിതമനുഭവിക്കുന്ന എല്ലാവരെയും യേശു സുഖപ്പെടുത്തും. കാരണം അങ്ങനെ ചെയ്യാൻ അവൻ അതിയായി ആഗ്രഹിക്കുന്നു.
“എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്കുക”
7, 8. കിടപ്പിലായ ഒരു മനുഷ്യനെ യേശു ബേത്ത്സഥ കുളത്തിനരികെവെച്ച് കാണുന്നതിന് മുമ്പ് എന്തെല്ലാം സംഭവിച്ചെന്ന് വിവരിക്കുക.
7 കുഷ്ഠരോഗിയെ സുഖപ്പെടുത്തി ഏതാനും മാസങ്ങൾക്കു ശേഷം യേശു ഗലീലയിൽനിന്ന് യെഹൂദ്യയിലേക്ക് യാത്രയായി. അവൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിൽ തുടർന്നു. ആയിരക്കണക്കിന് ആളുകൾ യേശു പറഞ്ഞകാര്യങ്ങൾ കേട്ടു. അവരോടുള്ള അവന്റെ സ്നേഹം അവരുടെ ഹൃദയത്തെ സ്പർശിച്ചു. ദരിദ്രർക്കും അടിച്ചമർത്തപ്പെട്ടവർക്കും ആശ്വാസവും പ്രത്യാശയും നൽകാൻ യേശു അതിയായി ആഗ്രഹിച്ചു.—യെശ. 61:1, 2; ലൂക്കോ. 4:18-21.
8 നീസാൻ മാസത്തിൽ പെസഹാ ആചരിക്കുന്നതിന് യേശു യെരുശലേമിലേക്കു പോയി. ഈ പ്രത്യേക ആഘോഷത്തിനായി വന്നെത്തിയവരെക്കൊണ്ട് നഗരം നിറഞ്ഞിരുന്നു. ആലയത്തിന് വടക്കായി ബേത്ത്സഥ എന്നൊരു കുളമുണ്ടായിരുന്നു. അവിടെവെച്ച് യേശു, കിടപ്പിലായ ഒരു മനുഷ്യനെ കാണുന്നു.
9, 10. (എ) ബേത്ത്സഥ കുളക്കരയിലേക്ക് ആളുകൾ പോയിരുന്നത് എന്തിനാണ്? (ബി) യേശു അവിടെവെച്ച് എന്ത് ചെയ്തു, അത് നമ്മെ എന്ത് പഠിപ്പിക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
9 രോഗികളായ അനേകം ആളുകൾ ബേത്ത്സഥയിലേക്ക് പോകുമായിരുന്നു. എന്തിന്? കാരണം, കുളത്തിലെ വെള്ളം കലങ്ങുമ്പോൾ അതിൽ ഇറങ്ങിയാൽ അവരുടെ രോഗം അത്ഭുതകരമായി സുഖപ്പെടുമെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. ഉത്കണ്ഠാകുലരും ആശയറ്റവരും ആയ അനേകം ആളുകൾ രോഗം ഭേദമാകണമെന്ന ആഗ്രഹവുമായി എത്തിയപ്പോൾ അവിടത്തെ അവസ്ഥയൊന്നു ഭാവനയിൽ കണ്ടു നോക്കൂ. യേശു പൂർണനായിരുന്നതുകൊണ്ടുതന്നെ അവന് ഒരുതരത്തിലുമുള്ള രോഗശാന്തിയുടെയും ആവശ്യമില്ലായിരുന്നു. എങ്കിൽപ്പിന്നെ യേശു എന്തിനാണ് അവിടെ ചെന്നത്? ആളുകളോടുള്ള സ്നേഹമാണ് അവനെ അവിടെ എത്തിച്ചത്. ഈ സാഹചര്യത്തിലാണ് താൻ ഭൂമിയിലായിരുന്ന കാലത്തെക്കാൾ കൂടുതൽ കാലം കിടപ്പിലായിരുന്ന ആ മനുഷ്യനെ യേശു കാണാൻ ഇടയായത്.—യോഹന്നാൻ 5:5-9 വായിക്കുക.
10 സുഖം പ്രാപിക്കാൻ ആഗ്രഹമുണ്ടോ എന്ന് യേശു അയാളോട് ചോദിച്ചു. ആഗ്രഹമുണ്ടായിരുന്നിട്ടും കുളത്തിൽ ഇറങ്ങാനായി തന്നെ സഹായിക്കാൻ ആരുമില്ലെന്ന് യേശുവിനോട് പറയുന്ന ആ മനുഷ്യന്റെ സങ്കടം ഒന്നു ചിന്തിച്ചു നോക്കൂ. തികച്ചും അസാധ്യമെന്നു തോന്നുന്ന ഒരു കാര്യം ചെയ്യാൻ അപ്പോൾ യേശു അയാളോട് പറയുന്നു: “നിന്റെ കിടക്ക എടുത്തു നടക്കുക.” അയാൾ തന്റെ കിടക്ക എടുത്ത് നടന്നു! പുതിയ ലോകത്തിൽ യേശു ചെയ്യാൻപോകുന്നതിന്റെ എത്ര നല്ലൊരു തെളിവാണ് ഈ അത്ഭുതം! ഇത് മനുഷ്യരോടുള്ള യേശുവിന്റെ അതിയായ സ്നേഹം നമുക്കു കാണിച്ചു തരുന്നു. സഹായം ആവശ്യമുള്ളവരെ അവൻ തേടിച്ചെന്നു. ലോകത്തു നടക്കുന്ന മോശമായ കാര്യങ്ങളെപ്രതി മനംനൊന്തു കഴിയുന്ന അനേകർ നമ്മുടെ സഭയുടെ പ്രദേശത്തുമുണ്ട്. യേശുവിന്റെ ഈ മാതൃക അത്തരത്തിലുള്ളവരെ കണ്ടെത്തി സഹായിക്കുന്നതിൽ തുടരാൻ നമ്മെ പ്രേരിപ്പിക്കണം.
“ആരാണ് എന്റെ വസ്ത്രത്തിൽ തൊട്ടത്?”
11. രോഗികളോട് യേശുവിന് സ്നേഹമുണ്ടായിരുന്നെന്ന് മർക്കോസ് 5:25-34-ലെ വിവരണം വ്യക്തമാക്കുന്നത് എങ്ങനെ?
11 മർക്കോസ് 5:25-34 വായിക്കുക. 12 വർഷമായി ഒരു സ്ത്രീ പുറത്തു പറയാൻ ബുദ്ധിമുട്ടുള്ള ഒരു രോഗവുമായി മല്ലിടുകയായിരുന്നു. അവളുടെ ആരാധന ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ആ രോഗം പ്രതികൂലമായി ബാധിച്ചു. അവൾ പലപല വൈദ്യന്മാരുടെ അടുക്കൽ പോകുകയും അവൾക്കുണ്ടായിരുന്ന സമ്പാദ്യം മുഴുവനും ഇതിനായി ചെലവഴിക്കുകയും ചെയ്തു. എന്നിട്ടും നിരാശയായിരുന്നു ഫലം. രോഗം ശമിച്ചില്ലെന്നു മാത്രമല്ല, അത് വഷളാകുകയും ചെയ്തു. അങ്ങനെയിരിക്കെ അവൾ രോഗം ഭേദമാകുന്നതിനായി മറ്റൊരു വഴി കണ്ടെത്തി. അവൾ ഒരു ജനക്കൂട്ടത്തിനിടയിലൂടെ നടന്നുചെന്ന് യേശുവിന്റെ വസ്ത്രത്തിൽ തൊട്ടു. (ലേവ്യ. 15:19, 25) തന്നിൽനിന്ന് ശക്തി പുറപ്പെട്ടതായി മനസ്സിലാക്കിയ യേശു, ആരാണ് തന്നെ തൊട്ടതെന്ന് ചോദിച്ചു. അപ്പോൾ ആ സ്ത്രീ “ഭയന്നുവിറച്ച് അവന്റെ കാൽക്കൽ വീണ് സത്യം മുഴുവൻ തുറന്നുപറഞ്ഞു.” യഹോവയാണ് അവളെ സുഖപ്പെടുത്തിയതെന്ന് യേശുവിന് മനസ്സിലായി. അതുകൊണ്ട് അവൻ അവളോട് ദയാപൂർവം, “മകളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു. സമാധാനത്തോടെ പൊയ്ക്കൊള്ളുക; നിന്നെ വലച്ചിരുന്ന കഠിന രോഗത്തിൽനിന്നു സ്വതന്ത്രയായി ആരോഗ്യത്തോടെ ജീവിക്കുക” എന്നു പറഞ്ഞു.
നമ്മെക്കുറിച്ചും നമ്മുടെ പ്രശ്നങ്ങളെക്കുറിച്ചും അറിവും കരുതലും ഉണ്ടെന്ന് യേശു അത്ഭുതങ്ങളിലൂടെ തെളിയിച്ചു (11, 12 ഖണ്ഡികകൾ കാണുക)
12. (എ) ഇതുവരെ പഠിച്ച കാര്യങ്ങളിൽനിന്ന് നിങ്ങൾ യേശുവിനെ എങ്ങനെ വർണിക്കും? (ബി) യേശു നമുക്കായി എന്ത് മാതൃകവെച്ചു?
12 യേശുവിന് ആളുകളോട്, വിശേഷിച്ച് രോഗികളോട്, ഉണ്ടായിരുന്ന സ്നേഹം കാണുന്നത് നമ്മുടെ മനംകുളിർപ്പിക്കുന്നു. നമ്മൾ വിലകെട്ടവരാണെന്നും ആരും നമ്മളെ സ്നേഹിക്കുന്നില്ലെന്നും പറഞ്ഞുപരത്തുന്ന സാത്താനിൽനിന്ന് തികച്ചും വ്യത്യസ്തമാണത്. യേശു നമ്മുടെ പ്രശ്നങ്ങൾ അറിയുന്നുണ്ടെന്നും നമുക്കായി യഥാർഥത്തിൽ കരുതുന്നുണ്ടെന്നും തെളിയിക്കുന്നവയാണ് അവന്റെ അത്ഭുതങ്ങൾ. ഇങ്ങനെ സ്നേഹമുള്ള രാജാവും ഒപ്പം മഹാപുരോഹിതനും ആയ ഒരുവൻ ഉള്ളതിൽ നമ്മളെല്ലാവരും എത്ര നന്ദിയുള്ളവരാണ്! (എബ്രാ. 4:15) ദീർഘകാലമായി രോഗവുമായി പോരാടിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ വികാരങ്ങൾ മനസ്സിലാക്കാൻ നമുക്ക് ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് നമുക്ക് അങ്ങനെയൊരു രോഗമില്ലെങ്കിൽ. പക്ഷേ യേശുവിന്റെ കാര്യമോ? ഒരിക്കലും ഒരു രോഗിയായിരുന്നിട്ടില്ലെങ്കിൽപ്പോലും അവന് രോഗികളോട് സമാനുഭാവവും അനുകമ്പയും ഉണ്ടായിരുന്നു. യേശുവിന്റെ സ്നേഹം പ്രതിഫലിക്കുന്ന ഈ മാതൃക അനുകരിക്കാൻ നമുക്ക് നമ്മാലാകുന്നത്ര ശ്രമിക്കാം.—1 പത്രോ. 3:8.
‘യേശു കണ്ണുനീർ വാർത്തു’
13. ലാസറിന്റെ പുനരുത്ഥാനം യേശുവിനെക്കുറിച്ച് എന്ത് വെളിപ്പെടുത്തുന്നു?
13 മറ്റുള്ളവരുടെ വേദന യേശുവിനെ പ്രവർത്തനത്തിന് പ്രേരിപ്പിച്ചു. ഉദാഹരണത്തിന്, തന്റെ സ്നേഹിതനായ ലാസർ മരിച്ചപ്പോൾ അവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ദുഃഖിക്കുന്നതുകണ്ട് യേശുവിന്റെ “ഉള്ളം നൊന്തുകലങ്ങി.” (യോഹന്നാൻ 11:33-36 വായിക്കുക.) താൻ ലാസറിനെ ഉയിർപ്പിക്കാൻ പോകുകയാണെന്ന് അറിയാമായിരുന്നിട്ടും യേശു കരഞ്ഞു. ഇതു കണ്ട് മറ്റുള്ളവർ എന്തു കരുതുമെന്നൊന്നും യേശു കാര്യമാക്കിയില്ല. യേശു ലാസറിനെയും കുടുംബത്തെയും അങ്ങേയറ്റം സ്നേഹിച്ചിരുന്നതുകൊണ്ട് ലാസറിനെ തിരികെ ജീവനിലേക്ക് കൊണ്ടുവരാൻ അവൻ ദൈവത്തിന്റെ ശക്തി ഉപയോഗിച്ചു.—യോഹ. 11:43, 44.
14, 15. (എ) മുഴുമനുഷ്യരും അനുഭവിക്കുന്ന കഷ്ടപ്പാടുകൾ ഇല്ലാതാക്കാൻ യഹോവ ആഗ്രഹിക്കുന്നെന്ന് നമുക്ക് എങ്ങനെ അറിയാം? (ബി) ‘സ്മാരകക്കല്ലറകൾ’ എന്ന പ്രയോഗം നമ്മെ എന്ത് പഠിപ്പിക്കുന്നു?
14 യേശു തന്റെ പിതാവായ യഹോവയെപ്പോലെതന്നെയാണെന്ന് ബൈബിൾ പറയുന്നു. (എബ്രാ. 1:3) അതുകൊണ്ട്, രോഗവും വേദനയും മരണവും ഇല്ലാതാക്കാൻ യഹോവയും ആഗ്രഹിക്കുന്നെന്ന് യേശുവിന്റെ അത്ഭുതങ്ങൾ തെളിയിക്കുന്നു. പെട്ടെന്നുതന്നെ യഹോവയും യേശുവും, മരിച്ചുപോയ അനേകരെ ജീവനിലേക്ക് തിരികെക്കൊണ്ടുവരും. “സ്മാരകക്കല്ലറകളിലുള്ള എല്ലാവരും” പുനരുത്ഥാനം പ്രാപിക്കുന്ന “സമയം വരുന്നു” എന്ന് യേശു പറഞ്ഞു.—യോഹ. 5:28, 29.
15 യേശു ഉപയോഗിച്ച, ‘സ്മാരകക്കല്ലറകൾ’ എന്ന പ്രയോഗം സൂചിപ്പിക്കുന്നത് ദൈവത്തിന്റെ സ്മരണ ഇതിൽ ഉൾപ്പെട്ടിരിക്കുന്നെന്നാണ്. സർവശക്തനായ ദൈവത്തിന്, മുഴുപ്രപഞ്ചത്തിന്റെയും സ്രഷ്ടാവിന്, നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ വ്യക്തിത്വം ഉൾപ്പെടെ സകല വിശദാംശങ്ങളും ഓർത്തിരിക്കാനാകും. (യെശ. 40:26) യഹോവയ്ക്ക് അവരെ ഓർക്കാൻ കഴിയുമെന്ന് മാത്രമല്ല അതിന് അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പുനരുത്ഥാനങ്ങൾ, പുതിയ ലോകത്തിൽ ഭൂവ്യാപകമായി നടക്കാൻപോകുന്ന പുനരുത്ഥാനങ്ങളെ പ്രതീകപ്പെടുത്തുന്നു.
യേശു ചെയ്ത അത്ഭുതങ്ങളിൽനിന്ന് നമുക്കുള്ള പാഠം
16. ദൈവത്തിന്റെ അനേകം ദാസന്മാർക്ക് എന്തിനുള്ള അവസരം ലഭിക്കും?
16 വിശ്വസ്തരായി തുടരുന്നെങ്കിൽ നമുക്ക് എക്കാലത്തെയും വലിയ ഒരു അത്ഭുതത്തിന് സാക്ഷ്യം വഹിക്കാനായേക്കും; മഹാകഷ്ടത്തെ അതിജീവിക്കുക എന്ന മഹാത്ഭുതം! അർമ്മഗെദ്ദോൻ യുദ്ധത്തിനു ശേഷം ഉടൻതന്നെ അനേകം അത്ഭുതങ്ങൾ നടക്കും. അന്ന് എല്ലാവരും പൂർണാരോഗ്യമുള്ളവരായിത്തീരും. (യെശ. 33:24; 35:5, 6; വെളി. 21:4) ആളുകൾ തങ്ങളുടെ കണ്ണടകളും ഊന്നുവടികളും വീൽച്ചെയറുകളും ശ്രവണസഹായികളും ഒക്കെ വലിച്ചെറിയുന്നത് ഒന്നു ഭാവനയിൽ കണ്ടുനോക്കൂ! അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർക്ക് ധാരാളം വേല ചെയ്യാനുള്ളതുകൊണ്ട്, അവരെല്ലാവരും നല്ല ആരോഗ്യമുള്ളവരായിരിക്കണമെന്ന് യഹോവയ്ക്ക് അറിയാം. അവരായിരിക്കും നമ്മുടെ മനോഹരമായ ഈ ഗ്രഹത്തെ ഒരു പറുദീസയാക്കി മാറ്റുന്നത്.—സങ്കീ. 115:16.
17, 18. (എ) യേശു അത്ഭുതങ്ങൾ പ്രവർത്തിച്ചത് എന്തിനാണ്? (ബി) ദൈവത്തിന്റെ പുതിയ ലോകത്തിലായിരിക്കാൻ ആവശ്യമായിരിക്കുന്നതെന്തും നമ്മൾ ചെയ്യേണ്ടത് എന്തുകൊണ്ട്?
17 യേശു രോഗികളെ സൗഖ്യമാക്കിയതിനെക്കുറിച്ച് വായിക്കുന്നത് ഇന്ന് ‘മഹാപുരുഷാരത്തെ’ പ്രോത്സാഹിപ്പിക്കുന്നു. (വെളി. 7:9) ഭാവിയിൽ പൂർണസൗഖ്യം പ്രാപിക്കാമെന്നുള്ള മനോഹരമായ പ്രത്യാശയെ ശക്തിപ്പെടുത്തുന്നതാണ് ആ അത്ഭുതങ്ങൾ. ദൈവത്തിന്റെ ആദ്യജാതപുത്രൻ മുഴുമനുഷ്യരെയും എത്രയേറെ സ്നേഹിക്കുന്നെന്നും അവ കാണിക്കുന്നു. (യോഹ. 10:11; 15:12, 13) യേശു കാണിച്ച അനുകമ്പയും സഹാനുഭൂതിയും തന്റെ ഓരോ ദാസരോടുമുള്ള യഹോവയുടെ അഗാധമായ സ്നേഹത്തിന്റെ ഒരു പ്രകടനമാണ്.—യോഹ. 5:19.
18 ഇന്നത്തെ ലോകം വേദനയും മരണവും കഷ്ടപ്പാടും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. (റോമ. 8:22) അതുകൊണ്ടാണ് ദൈവത്തിന്റെ പുതിയ ലോകം നമുക്ക് ആവശ്യമായിരിക്കുന്നത്. യഹോവ വാക്കു തന്നിരിക്കുന്നതുപോലെ, അവിടെ എല്ലാവരും പൂർണാരോഗ്യമുള്ളവരായിരിക്കും. അപൂർണതകളുടെ എല്ലാ കണികകളും നീക്കം ചെയ്യപ്പെടും. അതുകൊണ്ട് നമ്മൾ സന്തോഷവും ഉന്മേഷവും ഉള്ളവരായി, “തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും” എന്ന് മലാഖി 4:2 പറയുന്നു. യഹോവയോടുള്ള വിലമതിപ്പും അവന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസവും പുതിയ ഭൂമിയിലായിരിക്കാൻ നമ്മൾ ചെയ്യേണ്ടതെല്ലാം ചെയ്യാൻ നമ്മെ പ്രചോദിപ്പിക്കട്ടെ. യേശു ചെയ്ത അത്ഭുതങ്ങൾ സമീപഭാവിയിൽ മുഴുമനുഷ്യരും ആസ്വദിക്കാൻപോകുന്ന നിത്യാശ്വാസത്തിന്റെ തെളിവുകളായിരുന്നെന്ന് അറിയുന്നത് എത്ര പുളകപ്രദമാണ്!