യോഹന്നയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
യേശുവിന് 12 അപ്പൊസ്തലന്മാർ ഉണ്ടായിരുന്നെന്ന് മിക്കവർക്കും അറിയാം. എന്നാൽ യേശുവിനോട് അടുത്ത് സഹവസിച്ചിരുന്ന ശിഷ്യരുടെ കൂട്ടത്തിൽ സ്ത്രീകളുമുണ്ടായിരുന്നു എന്ന വിവരം പലരും അറിയാൻ ഇടയില്ല. ആ സ്ത്രീകളിൽ ഒരാളായിരുന്നു യോഹന്ന.—മത്താ. 27:55; ലൂക്കോ. 8:3.
യേശുവിന്റെ ശുശ്രൂഷയിൽ യോഹന്നയുടെ പങ്ക് എന്തായിരുന്നു, അവളുടെ മാതൃകയിൽനിന്ന് നമുക്ക് എന്ത് പഠിക്കാം?
യോഹന്ന ആരായിരുന്നു?
“ഹെരോദാവിന്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ”യായിരുന്നു യോഹന്ന. ഹെരോദ് അന്തിപ്പാസിന്റെ വീട്ടുകാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നത് കൂസ ആയിരുന്നിരിക്കാം. യേശു സുഖപ്പെടുത്തിയ അനേകം സ്ത്രീകളിൽ ഒരാളായിരുന്നു യോഹന്ന. മറ്റ് സ്ത്രീകളോടൊപ്പം യോഹന്നയും യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും കൂടെ സഞ്ചരിച്ചിരുന്നു.—ലൂക്കോ. 8:1-3.
സ്ത്രീകൾ തങ്ങളുടെ ബന്ധുക്കളല്ലാത്ത പുരുഷന്മാരോട് ഇടപഴകരുതെന്നാണ് യഹൂദ റബ്ബിമാർ പഠിപ്പിച്ചിരുന്നത്. പുരുഷന്മാരുടെ കൂടെ യാത്ര ചെയ്യുന്ന കാര്യം പറയാനുമില്ല! യഹൂദ പുരുഷന്മാർ സ്ത്രീകളോട് വളരെ കുറച്ചുമാത്രമേ സംസാരിക്കാൻ പാടുണ്ടായിരുന്നുള്ളൂ. അത്തരം പാരമ്പര്യങ്ങളൊന്നും വകവെക്കാതെ, യേശു യോഹന്നയെയും വിശ്വാസമുള്ള മറ്റ് സ്ത്രീകളെയും തന്റെ കൂട്ടത്തോടൊപ്പം ചേരാൻ അനുവദിച്ചു.
യേശുവിനോടും അപ്പൊസ്തലന്മാരോടും ഒപ്പം സഹവസിക്കുന്നതിലൂടെ സമൂഹത്തിന്റെ അംഗീകാരം നഷ്ടമാകുമെന്ന അപകടസാധ്യത യോഹന്ന നേരിട്ടു. യേശുവിനെ അനുഗമിച്ചവരെല്ലാം തങ്ങളുടെ അനുദിനജീവിതത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താൻ തയ്യാറാകണമായിരുന്നു. ഇങ്ങനെയുള്ള തന്റെ അനുഗാമികളെക്കുറിച്ചാണ് യേശു, “ദൈവത്തിന്റെ വചനം കേട്ട് അതനുസരിക്കുന്ന ഇവരത്രേ എന്റെ അമ്മയും എന്റെ സഹോദരന്മാരും” എന്നു പറഞ്ഞത്. (ലൂക്കോ. 8:19-21; 18:28-30) തന്നെ അനുഗമിക്കാൻവേണ്ടി ത്യാഗങ്ങൾ ചെയ്യുന്നവരോട് യേശുവിന് ഇത്രത്തോളം അടുപ്പം തോന്നുന്നു എന്ന് അറിയുന്നത് നിങ്ങളെ പ്രോത്സാഹിതരാക്കുന്നില്ലേ?
അവൾ തന്റെ സ്വത്തുക്കൾകൊണ്ട് ശുശ്രൂഷിച്ചു
യോഹന്നയും മറ്റ് പല സ്ത്രീകളും യേശുവിനെയും 12 അപ്പൊസ്തലന്മാരെയും “തങ്ങളുടെ സ്വത്തുക്കൾകൊണ്ട്” ശുശ്രൂഷിച്ചു. (ലൂക്കോ. 8:3) “സ്ത്രീകൾ പാചകം ചെയ്തതായോ പാത്രങ്ങൾ കഴുകിയതായോ വസ്ത്രങ്ങൾ കേടുപോക്കിയതായോ അല്ല ലൂക്കോസ് തന്റെ വായനക്കാരോട് പറയുന്നത്. ഒരുപക്ഷെ, അവർ അങ്ങനെ ചെയ്തിരിക്കാം. . . . എന്നാൽ ലൂക്കോസ് പറയുന്നത് അതല്ല” എന്ന് ഒരു എഴുത്തുകാരൻ പറയുന്നു. സ്ത്രീകൾ തങ്ങളുടെ പണവും വസ്തുവകകളും കൂട്ടാളികൾക്കുവേണ്ടി നൽകിയിട്ടുണ്ട് എന്നത് വ്യക്തമാണ്.
യേശുവോ അപ്പൊസ്തലന്മാരോ തങ്ങളുടെ പ്രസംഗപര്യടനങ്ങൾക്കിടയിൽ വരുമാനം കിട്ടുന്ന ജോലികളൊന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് 20 പേരോളം വരുമായിരുന്ന ആ കൂട്ടത്തിന്റെ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും സാധ്യതയനുസരിച്ച് അവർക്ക് മാർഗമൊന്നുമുണ്ടായിരുന്നില്ല. അവർക്ക് പലപ്പോഴും ആതിഥ്യം ലഭിച്ചിരുന്നെങ്കിലും എല്ലായ്പോഴും അവർ അതിൽ ആശ്രയിച്ചില്ല. യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും പക്കൽ ഒരു “പണപ്പെട്ടി”യുണ്ടായിരുന്നു എന്ന വസ്തുതയിൽനിന്ന് ഇത് മനസ്സിലാക്കാം. (യോഹ. 12:6; 13:28, 29) ചെലവുകൾ വഹിക്കാനായി യോഹന്നയും മറ്റ് സ്ത്രീകളും സംഭാവന നൽകിയിട്ടുണ്ടാകണം.
യഹൂദ സ്ത്രീകൾക്ക് ആസ്തികളൊന്നുമില്ലായിരുന്നു എന്ന് ചിലർ തടസ്സവാദം ഉന്നയിച്ചേക്കാം. എന്നിരുന്നാലും അക്കാലത്തെ ചില എഴുത്തുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഒരു യഹൂദ സ്ത്രീക്ക് പിൻവരുന്ന വിധങ്ങളിൽ ആസ്തികൾ ഉണ്ടായിരുന്നേക്കാം. (1) ആൺമക്കളില്ലാതെ മരിക്കുന്ന പിതാവിൽനിന്ന് ലഭിക്കുന്ന അവകാശം, (2) അവൾക്ക് ലഭിക്കുന്ന കുടുംബസ്വത്ത്, (3) വിവാഹമോചനം നടക്കുന്ന കേസുകളിൽ കരാർ പ്രകാരം ലഭിക്കുന്ന പണം, (4) മരണമടഞ്ഞ ഭർത്താവിന്റെ സ്വത്തുക്കളിൽനിന്ന് ലഭിക്കുന്ന ഉപജീവനച്ചെലവ്, (5) വ്യക്തിപരമായ സമ്പാദ്യം.
തങ്ങളുടെ കഴിവനുസരിച്ച് യേശുവിന്റെ ശിഷ്യന്മാർ സംഭാവന ചെയ്തിരുന്നു എന്നത് തർക്കമറ്റ സംഗതിയാണ്. യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ധനികരായ സ്ത്രീകളും ഉണ്ടായിരുന്നിരിക്കാം. യോഹന്ന, ഹോരോദാവിന്റെ കാര്യസ്ഥന്റെ ഭാര്യയായിരുന്നതുകൊണ്ട് അവൾക്ക് നല്ല സാമ്പത്തികശേഷിയുണ്ടായിരുന്നെന്ന് ചിലർ നിഗമനം ചെയ്യുന്നു. അവളെപ്പോലെയുള്ള ഒരാളായിരിക്കാം യേശു ധരിച്ചിരുന്ന വില കൂടിയ വസ്ത്രം നൽകിയത്. ഇത്തരം വസ്ത്രം “മീൻപിടുത്തക്കാരുടെ ഭാര്യമാർക്ക് കൊടുക്കാൻ കഴിയാത്ത” ഒന്നായിരുന്നു എന്നാണ് ഒരു എഴുത്തുകാരൻ അഭിപ്രായപ്പെടുന്നത്.—യോഹ. 19:23, 24.
യോഹന്ന സംഭാവനയായി പണം നൽകിയോ എന്ന് തിരുവെഴുത്തുകൾ വ്യക്തമായി പറയുന്നില്ല. എങ്കിലും തന്നെക്കൊണ്ടാകുന്നത് അവൾ ചെയ്തു. ഇത് നമുക്ക് ഒരു നല്ല പാഠം നൽകുന്നു. രാജ്യതാത്പര്യങ്ങളെ ഉന്നമിപ്പിക്കാൻ നമ്മൾ എന്ത് കൊടുക്കുന്നു, എന്ത് കൊടുക്കണം എന്നൊക്കെയുള്ളത് നമ്മുടെ ഇഷ്ടമാണ്. നമുക്ക് ചെയ്യാൻ കഴിയുന്നത് സന്തോഷത്തോടെ ചെയ്യുന്നുണ്ടോ, അതാണ് ദൈവം നോക്കുന്നത്.—മത്താ. 6:33; മർക്കോ. 14:8; 2 കൊരി. 9:7.
യേശുവിന്റെ മരണസമയത്തും തുടർന്നും. . .
യേശുവിനെ വധിച്ച സമയത്ത്, “അവൻ ഗലീലയിലായിരുന്നപ്പോൾ അവനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത” മറ്റ് സ്ത്രീകളോടൊപ്പം യോഹന്നയും ഉണ്ടായിരുന്നിരിക്കണം. “അവനോടൊപ്പം യെരുശലേമിലേക്കു വന്ന മറ്റു പല സ്ത്രീകളും അവിടെയുണ്ടായിരുന്നു.” (മർക്കോ. 15:41) യേശുവിന്റെ ശരീരം അടക്കാനായി സ്തംഭത്തിൽനിന്ന് ഇറക്കിയപ്പോൾ “ഗലീലയിൽനിന്ന് യേശുവിനോടുകൂടെ വന്നിരുന്ന സ്ത്രീകളും ഒപ്പം ചെന്ന് കല്ലറയും അതിൽ അവന്റെ ശരീരം വെച്ചതും കണ്ടു. പിന്നെ അവർ സുഗന്ധദ്രവ്യങ്ങളും പരിമളതൈലങ്ങളും ഒരുക്കാനായി മടങ്ങിപ്പോയി.” ശബത്തിന് ശേഷം ഈ സ്ത്രീകൾ മടങ്ങിവരികയും യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് അറിയിച്ച ദൂതന്മാരെ കാണുകയും ചെയ്തു. “മഗ്ദലന മറിയ, യോഹന്ന, യാക്കോബിന്റെ അമ്മയായ മറിയ” എന്നിവരാണ് ആ സ്ത്രീകളെന്ന് ലൂക്കോസ് തിരിച്ചറിയിക്കുന്നു.—ലൂക്കോ. 23:55–24:10.
യോഹന്നയും വിശ്വാസം പ്രകടമാക്കിയ മറ്റ് സ്ത്രീകളും കർത്താവിനുവേണ്ടി അവരെക്കൊണ്ട് ആകുന്നതെല്ലാം ചെയ്തു
എ.ഡി. 33-ലെ പെന്തെക്കൊസ്തിൽ യെരുശലേമിൽ കൂടിവന്ന യേശുവിന്റെ അമ്മയും സഹോദരന്മാരും ഉൾപ്പെട്ട ശിഷ്യരുടെ കൂടെ സാധ്യതയനുസരിച്ച് യോഹന്നയുമുണ്ടായിരുന്നു. (പ്രവൃ. 1:12-14) കൊട്ടാരവുമായി യോഹന്നയ്ക്ക് ബന്ധമുണ്ടായിരുന്നതിനാൽ ഹെരോദ് അന്തിപ്പാസിനെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ ലൂക്കോസിന് കിട്ടിയത് അവളിൽ നിന്നായിരിക്കാം, വിശേഷിച്ചും യോഹന്നയെ പേരെടുത്ത് പരാമർശിക്കുന്ന സുവിശേഷ എഴുത്തുകാരൻ ലൂക്കോസ് മാത്രമായതുകൊണ്ട്.—ലൂക്കോ. 8:3; 9:7-9; 23:8-12; 24:10.
യോഹന്നയെക്കുറിച്ചുള്ള വിവരണം നമ്മളെ ചിന്തോദ്ദീപകമായ ചില പാഠങ്ങൾ പഠിപ്പിക്കുന്നു. അവൾക്ക് സാധ്യമായ ഏറ്റവും മെച്ചമായ വിധത്തിൽ അവൾ യേശുവിനെ സേവിച്ചു. അവളുടെ ആസ്തികൾ യേശുവിന്റെയും 12 അപ്പൊസ്തലന്മാർ ഉൾപ്പെടെയുള്ള ശിഷ്യന്മാരുടെയും പ്രസംഗപര്യടനത്തിന് ഉപകരിച്ചതിൽ അവൾക്ക് സന്തോഷം തോന്നിയിരിക്കണം. യോഹന്ന യേശുവിനെ ശുശ്രൂഷിക്കുകയും പ്രതികൂലസാഹചര്യങ്ങളിൽ അവനോട് വിശ്വസ്തയായിരിക്കുകയും ചെയ്തു. ക്രിസ്തീയസ്ത്രീകൾക്ക് അനുകരിക്കാനാകുന്ന എത്ര നല്ല മനോഭാവം!