പഠനലേഖനം 10
യഹോവയോടുള്ള സ്നേഹം സ്നാനപ്പെടാൻ നിങ്ങളെ പ്രചോദിപ്പിക്കും
“സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം?” —പ്രവൃ. 8:36.
ഗീതം 37 മുഴുദേഹിയോടെ യഹോവയെ സേവിക്കുന്നു
പൂർവാവലോകനംa
1-2. പ്രവൃത്തികൾ 8:27-31, 35-38 സൂചിപ്പിക്കുന്നതുപോലെ, സ്നാനപ്പെടാൻ എത്യോപ്യക്കാരനായ ഷണ്ഡനെ പ്രേരിപ്പിച്ചത് എന്താണ്?
സ്നാനമേറ്റ് ക്രിസ്തുവിന്റെ ഒരു ശിഷ്യനായിത്തീരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? യഹോവയോടുള്ള സ്നേഹവും യഹോവ തങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളോടുള്ള നന്ദിയും അങ്ങനെയൊരു തിരഞ്ഞെടുപ്പു നടത്താൻ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്. എത്യോപ്യയിലെ രാജ്ഞിയുടെ ഒരു ഉദ്യോഗസ്ഥന്റെ മാതൃക നമുക്ക് ഇപ്പോൾ നോക്കാം.
2 സ്നാനപ്പെടണമെന്നു തിരുവെഴുത്തുകളിൽനിന്ന് മനസ്സിലാക്കിയപ്പോൾ എത്യോപ്യക്കാരൻ പെട്ടെന്നുതന്നെ സ്നാനപ്പെട്ടു. (പ്രവൃത്തികൾ 8:27-31, 35-38 വായിക്കുക.) അങ്ങനെ ചെയ്യാൻ എന്താണ് അദ്ദേഹത്തെ പ്രേരിപ്പിച്ചത്? അദ്ദേഹം ദൈവവചനത്തെ സ്നേഹിക്കുകയും അതിനു വില കല്പിക്കുകയും ചെയ്തു. രഥത്തിൽ സഞ്ചരിക്കുന്ന സമയത്ത് അദ്ദേഹം യശയ്യ പുസ്തകത്തിലെ ഒരു ഭാഗം വായിക്കുകയായിരുന്നു എന്നതു ശ്രദ്ധിക്കുക. തുടർന്ന്, ഫിലിപ്പോസ് യേശുവിനെക്കുറിച്ച് ആ ഉദ്യോഗസ്ഥനോടു സംസാരിച്ചപ്പോൾ, യേശു തനിക്കുവേണ്ടി ചെയ്ത കാര്യങ്ങളോട് അദ്ദേഹത്തിനു നന്ദിയും വിലമതിപ്പും തോന്നി. എന്നാൽ ആ ഉദ്യോഗസ്ഥൻ അതിനോടകംതന്നെ യഹോവയോടുള്ള സ്നേഹം വളർത്തിയെടുത്തിരുന്നു. അതു നമുക്ക് എങ്ങനെ അറിയാം? ഈ ഉദ്യോഗസ്ഥൻ യരുശലേമിലേക്കു പോയതുതന്നെ യഹോവയെ ആരാധിക്കാനായിരുന്നു. മുമ്പ് ഏതെങ്കിലും മതത്തിന്റെ ഭാഗമായിരുന്നെങ്കിൽ അദ്ദേഹം അത് ഉപേക്ഷിക്കുകയും സത്യദൈവത്തിനു സമർപ്പിച്ച ജനത്തിന്റെകൂടെ ചേരുകയും ചെയ്തിരുന്നു. ഇപ്പോൾ സ്നാനമേറ്റ് ക്രിസ്തുവിന്റെ ഒരു ശിഷ്യനായിത്തീരാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചതും യഹോവയോടുള്ള സ്നേഹംതന്നെയായിരുന്നു.—മത്താ. 28:19.
3. സ്നാനപ്പെടുന്നതിൽനിന്ന് ഒരു വ്യക്തിയെ എന്തു തടഞ്ഞേക്കാം? (“നിങ്ങളുടെ ഹൃദയം ഏതു തരത്തിലുള്ള ‘മണ്ണാണ്?’” എന്ന ചതുരം കാണുക.)
3 യഹോവയോടുള്ള സ്നേഹം സ്നാനപ്പെടാൻ നിങ്ങളെയും പ്രചോദിപ്പിക്കും. എന്നാൽ ചില തരത്തിലുള്ള സ്നേഹം സ്നാനപ്പെടുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞേക്കാം. എങ്ങനെ? ചില ഉദാഹരണങ്ങൾ നോക്കാം. സത്യത്തിൽ ഇല്ലാത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും നിങ്ങൾ വളരെയധികം സ്നേഹിക്കുന്നുണ്ടാകും. സ്നാനപ്പെട്ടാൽ അവർ നിങ്ങളെ വെറുക്കുമോ എന്നു നിങ്ങൾക്ക് ഉത്കണ്ഠ കാണും. (മത്താ. 10:37) ഇനി, ദൈവം വെറുക്കുന്നെന്നു നിങ്ങൾക്ക് അറിയാവുന്ന ചില കാര്യങ്ങൾ നിങ്ങൾ സ്നേഹിക്കുന്നുണ്ടായിരിക്കും. അത് ഉപേക്ഷിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. (സങ്കീ. 97:10) അതുപോലെ, മുമ്പ് നിങ്ങൾ വ്യാജമതത്തിന്റെ വിശേഷദിവസങ്ങളൊക്കെ ആഘോഷിച്ചിട്ടുണ്ടായിരിക്കും. ആ ആഘോഷങ്ങളുടെ സമയത്തെ നല്ലനല്ല ഓർമകൾ നിങ്ങൾ സ്നേഹിക്കുന്നുണ്ടാകും. അതുകൊണ്ട് യഹോവയ്ക്ക് ഇഷ്ടമില്ലാത്ത ആ വിശേഷദിവസങ്ങൾ ആഘോഷിക്കാതിരിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയെന്നുവരാം. (1 കൊരി. 10:20, 21) ഇപ്പോൾ നിങ്ങളുടെ മുമ്പിലുള്ള ചോദ്യം ഇതാണ്, ‘ആരെ അല്ലെങ്കിൽ എന്തിനെ ആണ് ഞാൻ ഏറ്റവും അധികം സ്നേഹിക്കുന്നത്?’
യഹോവയോടുള്ള സ്നേഹം ഏറ്റവും പ്രധാനം
4. സ്നാനപ്പെടാൻ ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്?
4 നിങ്ങൾ സ്നേഹിക്കുന്ന, നിങ്ങൾക്കു നന്ദി തോന്നുന്ന പല നല്ല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികളുടെകൂടെ പഠിക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ ബൈബിളിനോടു നിങ്ങൾക്ക് ആദരവുണ്ടായിരുന്നിരിക്കാം. യേശുവിനോടും നിങ്ങൾക്കു സ്നേഹം കാണും. യഹോവയുടെ സാക്ഷികളെ പരിചയപ്പെട്ടതുമുതൽ അവരോടൊത്ത് സഹവസിക്കുന്നതും നിങ്ങൾക്ക് ഇഷ്ടമാണ്. ഇതെല്ലാം നല്ലകാര്യങ്ങൾതന്നെയാണ്. പക്ഷേ, ഇക്കാര്യങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കാനും സ്നാനപ്പെടാനും നിങ്ങൾക്കു തോന്നണമെന്നില്ല. പകരം, ദൈവമായ യഹോവയോടുള്ള സ്നേഹമാണു സ്നാനപ്പെടാനുള്ള തീരുമാനമെടുക്കാൻ ഒരാളെ പ്രേരിപ്പിക്കുക. മറ്റ് എന്തിനെക്കാളും കൂടുതൽ യഹോവയെ സ്നേഹിച്ചാൽ, യഹോവയെ സേവിക്കുന്നതിൽനിന്ന് നിങ്ങളെ തടയാൻ ഒരു വ്യക്തിയെയും, ഒരു കാര്യത്തെയും നിങ്ങൾ സമ്മതിക്കില്ല. യഹോവയോടുള്ള സ്നേഹം സ്നാനമെന്ന പടിയിലേക്കു പുരോഗമിക്കാൻ നിങ്ങളെ സഹായിക്കും. സ്നാനപ്പെട്ടതിനു ശേഷം ദൈവസേവനത്തിന്റെ വഴിയിൽ നിങ്ങളെ സംരക്ഷിക്കുന്ന ഒരു കൈവരികൂടിയാണ് ആ സ്നേഹം.
5. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
5 നമ്മൾ യഹോവയെ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടും കൂടെ സ്നേഹിക്കണമെന്നു യേശു പറഞ്ഞു. (മർക്കോ. 12:30) യഹോവയെ അത്ര ആഴത്തിൽ ബഹുമാനിക്കാനും സ്നേഹിക്കാനും നിങ്ങൾക്ക് എങ്ങനെ പഠിക്കാം? യഹോവ നമ്മളോടു കാണിച്ച സ്നേഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ യഹോവയോടു നമുക്കു സ്നേഹം തോന്നും. (1 യോഹ. 4:19) യഹോവയോടുള്ള സ്നേഹം വളർത്തിയെടുത്താൽ പിന്നെ ഏതൊക്കെ കാര്യങ്ങൾ നമ്മൾ സ്വാഭാവികമായും ചെയ്യും?b
6. റോമർ 1:20 അനുസരിച്ച്, യഹോവയെക്കുറിച്ച് പഠിക്കാനുള്ള ഒരു വിധം ഏതാണ്?
6 സൃഷ്ടികളെ നോക്കി യഹോവയെക്കുറിച്ച് പഠിക്കുക. (റോമർ 1:20 വായിക്കുക; വെളി. 4:11) ചെടികളും മൃഗങ്ങളും യഹോവയുടെ ജ്ഞാനത്തെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നതെന്നു നോക്കുക. അതിശയകരമായ വിധത്തിലാണു നമ്മുടെ ശരീരം ഉണ്ടാക്കിയിരിക്കുന്നത്. അതെക്കുറിച്ചും ഒന്നു ചിന്തിക്കുക. (സങ്കീ. 139:14) ഇനി, കോടിക്കണക്കിനു നക്ഷത്രങ്ങളിൽ ഒന്നു മാത്രമായ നമ്മുടെ സൂര്യനിൽ യഹോവ നിറച്ചിരിക്കുന്ന ശക്തിയെക്കുറിച്ച് ചിന്തിച്ചുനോക്കൂ.c (യശ. 40:26) ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ യഹോവയോടുള്ള നിങ്ങളുടെ ബഹുമാനം കൂടും. യഹോവയുടെ ജ്ഞാനത്തെയും ശക്തിയെയും കുറിച്ച് മനസ്സിലാക്കുന്നതു പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ അത് ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. യഹോവയോടുള്ള സ്നേഹംകൊണ്ട് ഹൃദയം നിറയണമെങ്കിൽ നിങ്ങൾ യഹോവയെക്കുറിച്ച് കൂടുതൽ അറിയണം.
7. യഹോവയെ ആഴമായി സ്നേഹിക്കണമെങ്കിൽ ഏതു കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പു വേണം?
7 യഹോവയ്ക്കു നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധയുണ്ടെന്നു പൂർണമായ ഉറപ്പു വേണം. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവ് നിങ്ങളെ ശ്രദ്ധിക്കുന്നെന്നും നിങ്ങളെ സ്നേഹിക്കുന്നെന്നും വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നുന്നുണ്ടോ? എങ്കിൽ, യഹോവ “നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല” എന്ന് ഓർക്കുക. (പ്രവൃ. 17:26-28) ‘യഹോവ എല്ലാ ഹൃദയങ്ങളെയും പരിശോധിക്കുന്നു.’ ദാവീദ് ശലോമോനോടു പറഞ്ഞതുപോലെ, നിങ്ങൾ തിരിച്ച് “ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്തും” എന്ന് യഹോവ നിങ്ങൾക്ക് ഉറപ്പും തന്നിട്ടുണ്ട്. (1 ദിന. 28:9) സത്യത്തിൽ, നിങ്ങൾ ഇപ്പോൾ ബൈബിൾ പഠിക്കുന്നതിന്റെ കാരണംതന്നെ എന്താണ്? യഹോവ പറയുന്നതുപോലെ, ‘ഞാൻ നിന്നെ എന്നിലേക്ക് അടുപ്പിച്ചതുകൊണ്ടാണ്.’ (യിരെ. 31:3) യഹോവ നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് കൂടുതൽക്കൂടുതൽ മനസ്സിലാക്കുമ്പോൾ യഹോവയോടുള്ള നിങ്ങളുടെ സ്നേഹവും ആഴമുള്ളതാകും.
8. യഹോവയുടെ സ്നേഹത്തോടു നന്ദിയുണ്ടെന്ന് എങ്ങനെ കാണിക്കാം?
8 യഹോവയുടെ സ്നേഹത്തോടു നന്ദി കാണിക്കാൻ കഴിയുന്ന ഒരു വിധം യഹോവയോടു പ്രാർഥിക്കുന്നതാണ്. നിങ്ങളുടെ വിഷമങ്ങളെല്ലാം യഹോവയോടു പറയുക, നിങ്ങൾക്കുവേണ്ടി ദൈവം ചെയ്ത കാര്യങ്ങൾക്കെല്ലാം നന്ദി കൊടുക്കുക. അപ്പോൾ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം വളരും. ഇനി, നിങ്ങളുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം തരുന്നതു കാണുമ്പോൾ നിങ്ങളും യഹോവയും തമ്മിലുള്ള അടുപ്പം കൂടും. (സങ്കീ. 116:1) യഹോവ നിങ്ങളെ മനസ്സിലാക്കുന്നുണ്ടെന്നു നിങ്ങൾക്ക് ഉറപ്പാകും. എന്നാൽ യഹോവയോടു കൂടുതൽ അടുക്കണമെങ്കിൽ യഹോവ ചിന്തിക്കുന്ന രീതി നിങ്ങൾ പഠിച്ചെടുക്കണം, അതായത് എന്തുകൊണ്ടാണു ദൈവം ചില കാര്യങ്ങൾ ഇഷ്ടപ്പെടുകയും ചില കാര്യങ്ങൾ വെറുക്കുകയും ചെയ്യുന്നതെന്നു തിരിച്ചറിയണം. നിങ്ങൾ എന്തു ചെയ്യാനാണ് യഹോവ ആഗ്രഹിക്കുന്നതെന്നും മനസ്സിലാക്കണം. അത് അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തിന്റെ വചനമായ ബൈബിൾ പഠിക്കുന്നതാണ്.
ദൈവത്തോട് അടുക്കാനും ദൈവം എന്താണു നമ്മിൽനിന്ന് ആഗ്രഹിക്കുന്നതെന്നു മനസ്സിലാക്കാനും ഉള്ള ഏറ്റവും നല്ല മാർഗം ബൈബിൾ പഠിക്കുന്നതാണ് (9-ാം ഖണ്ഡിക കാണുക)d
9. നമുക്ക് എങ്ങനെ ബൈബിളിനെ ആദരിക്കുന്നെന്നു കാണിക്കാം?
9 ദൈവത്തിന്റെ വചനമായ ബൈബിളിനോട് ആദരവ് വളർത്തിയെടുക്കുക. യഹോവയെയും നമ്മളെപ്പറ്റിയുള്ള യഹോവയുടെ ഉദ്ദേശ്യത്തെയും കുറിച്ചുള്ള സത്യം ബൈബിൾ മാത്രമേ പറയുന്നുള്ളൂ. നമുക്ക് എങ്ങനെ ബൈബിളിനെ ആദരിക്കുന്നെന്നു കാണിക്കാം? അതിന്, എല്ലാ ദിവസവും ബൈബിൾ വായിക്കുക. ഓരോ ആഴ്ചയും നിങ്ങളുടെ അധ്യാപകനുമൊത്തുള്ള ബൈബിൾപഠനഭാഗം നന്നായി തയ്യാറാകുക. പഠിക്കുന്ന കാര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുക. (സങ്കീ. 119:97, 99; യോഹ. 17:17) ഓരോ ദിവസവും ഒറ്റയ്ക്കിരുന്ന് ബൈബിൾ വായിക്കാൻ നിങ്ങൾ ഒരു സമയം നിശ്ചയിച്ചിട്ടുണ്ടോ? ആ സമയത്ത് നിങ്ങൾ അതു മുടങ്ങാതെ ചെയ്യാറുണ്ടോ?
10. ബൈബിളിനു മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരു പ്രത്യേകത എന്താണ്?
10 ബൈബിളിനു മാത്രം അവകാശപ്പെടാൻ കഴിയുന്ന ഒരു പ്രത്യേകതയുണ്ട്. യേശുവിനെക്കുറിച്ചുള്ള ദൃക്സാക്ഷിവിവരണങ്ങൾ അതിൽ മാത്രമേ കാണാൻ കഴിയൂ. യേശു നിങ്ങൾക്കുവേണ്ടി ചെയ്ത കാര്യങ്ങൾ കൃത്യമായി പറഞ്ഞിരിക്കുന്ന ഒരേ ഒരു പുസ്തകമാണ് അത്. യേശു പറഞ്ഞ കാര്യങ്ങളെയും ചെയ്ത കാര്യങ്ങളെയും കുറിച്ച് പഠിക്കുമ്പോൾ യേശുവിന്റെ ഒരു സുഹൃത്താകാൻ നിങ്ങൾക്കു തോന്നും.
11. യഹോവയോടുള്ള സ്നേഹം വളർത്താൻ നിങ്ങളെ എന്തു സഹായിക്കും?
11 യേശുവിനോടുള്ള സ്നേഹം വളർത്തിയെടുക്കുക, അപ്പോൾ യഹോവയോടുള്ള നിങ്ങളുടെ സ്നേഹം വർധിക്കും. എന്തുകൊണ്ട്? കാരണം, യേശു പിതാവിന്റെ ഗുണങ്ങൾ അതേപടി പകർത്തി. (യോഹ. 14:9) അതുകൊണ്ട്, യേശുവിനെക്കുറിച്ച് എത്ര കൂടുതൽ പഠിക്കുന്നോ അത്ര നന്നായി നിങ്ങൾക്ക് യഹോവയെ അറിയാൻ പറ്റും, യഹോവയോട് അത്രയധികം ആദരവ് തോന്നും. മറ്റുള്ളവർ തരംതാണവരായി കണ്ടിരുന്ന പാവപ്പെട്ടവരോടും രോഗികളോടും നിസ്സഹായരോടും യേശു കാണിച്ച അനുകമ്പയെക്കുറിച്ച് ഓർത്തുനോക്കുക. ഇനി, നല്ല ഒരു ജീവിതത്തിനുവേണ്ടി യേശു തന്നിരിക്കുന്ന ഉപദേശങ്ങളെയും അത് അനുസരിച്ചാൽ നിങ്ങൾക്കു കിട്ടുന്ന പ്രയോജനങ്ങളെയും കുറിച്ച് ചിന്തിക്കുക.—മത്താ. 5:1-11; 7:24-27.
12. യേശുവിനെക്കുറിച്ച് പഠിക്കുമ്പോൾ എന്തു ചെയ്യാൻ നിങ്ങൾക്കു തോന്നിയേക്കാം?
12 നമ്മുടെ പാപങ്ങളുടെ ക്ഷമയ്ക്കായി യേശു ചെയ്ത ത്യാഗത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുമ്പോൾ യേശുവിനോടുള്ള നിങ്ങളുടെ സ്നേഹം ശക്തമാകും. (മത്താ. 20:28) നിങ്ങൾക്കുവേണ്ടി മരിക്കാൻ യേശു തയ്യാറായി എന്നു മനസ്സിലാക്കുമ്പോൾ, ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാനും യഹോവയോടു ക്ഷമ ചോദിക്കാനും നിങ്ങൾക്കു തോന്നിയേക്കാം. (പ്രവൃ. 3:19, 20; 1 യോഹ. 1:9) യേശുവിനോടും യഹോവയോടും സ്നേഹം വളരുമ്പോൾ, അവരെ സ്നേഹിക്കുന്ന മറ്റുള്ളവരോടു സ്വാഭാവികമായും നിങ്ങൾക്ക് ഒരു അടുപ്പം തോന്നും.
13. യഹോവ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തിട്ടുണ്ട്?
13 യഹോവയുടെ കുടുംബത്തോടു സ്നേഹം വളർത്തിയെടുക്കുക. നിങ്ങൾ എന്തുകൊണ്ടാണു നിങ്ങളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കുന്നതെന്നു സത്യത്തിലില്ലാത്ത കുടുംബാംഗങ്ങൾക്കും പഴയ സുഹൃത്തുക്കൾക്കും മനസ്സിലാക്കാൻ കഴിഞ്ഞെന്നുവരില്ല. അവർ നിങ്ങളെ എതിർക്കുകപോലും ചെയ്തേക്കാം. നിങ്ങളുടെ സാഹചര്യം അതാണെങ്കിൽ, കുടുംബാംഗങ്ങളെപ്പോലുള്ള സഹോദരങ്ങളെ തന്നുകൊണ്ട് യഹോവ നിങ്ങളെ സഹായിക്കും. ആ കുടുംബത്തോടു ചേർന്നുനിന്നാൽ നിങ്ങൾക്കു വേണ്ട സ്നേഹവും പിന്തുണയും അവിടെനിന്ന് കിട്ടും. (മർക്കോ. 10:29, 30; എബ്രാ. 10:24, 25) ചിലപ്പോൾ കുറച്ച് കഴിഞ്ഞ്, നിങ്ങളുടെ കുടുംബാംഗങ്ങളും യഹോവയെ സേവിക്കാനും യഹോവ വെച്ചിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനും തുടങ്ങിയേക്കാം.—1 പത്രോ. 2:12.
14. യഹോവയുടെ നിലവാരങ്ങളെക്കുറിച്ച് 1 യോഹന്നാൻ 5:3 പറയുന്നതു ശരിയാണെന്നു നിങ്ങൾക്കു മനസ്സിലായിരിക്കുന്നത് എങ്ങനെ?
14 ശരിതെറ്റുകളെക്കുറിച്ചുള്ള യഹോവയുടെ നിലവാരങ്ങൾ ആദരിക്കാനും അവ അനുസരിച്ച് ജീവിക്കാനും പഠിക്കുക. ബൈബിൾ പഠിക്കുന്നതിനു മുമ്പ് ശരിതെറ്റുകളെക്കുറിച്ച് നിങ്ങൾക്കു നിങ്ങളുടേതായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. എന്നാൽ അക്കാര്യത്തിൽ യഹോവയുടെ നിലവാരങ്ങളാണു ശ്രേഷ്ഠമെന്നു നിങ്ങൾക്ക് ഇപ്പോൾ മനസ്സിലായി. (സങ്കീ. 1:1-3; 1 യോഹന്നാൻ 5:3 വായിക്കുക.) ഭർത്താക്കന്മാർക്കും ഭാര്യമാർക്കും അച്ഛനമ്മമാർക്കും മക്കൾക്കും ബൈബിൾ കൊടുക്കുന്ന ഉപദേശത്തെക്കുറിച്ച് ചിന്തിക്കുക. (എഫെ. 5:22–6:4) ആ ഉപദേശം അനുസരിച്ചപ്പോൾ നിങ്ങളുടെ കുടുംബത്തിൽ സന്തോഷം വർധിച്ചില്ലേ? കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിനെപ്പറ്റിയുള്ള യഹോവയുടെ നിർദേശങ്ങൾ ശ്രദ്ധിച്ചപ്പോൾ നിങ്ങൾ കുറെക്കൂടി മെച്ചപ്പെട്ട ഒരു വ്യക്തിയായി മാറിയില്ലേ? നിങ്ങൾ ഇപ്പോൾ പഴയതിലും സന്തോഷമുള്ള ഒരു വ്യക്തിയല്ലേ? (സുഭാ. 13:20; 1 കൊരി. 15:33) സാധ്യതയനുസരിച്ച്, ഈ ചോദ്യങ്ങൾക്കെല്ലാം ‘അതെ’ എന്നായിരിക്കും നിങ്ങളുടെ ഉത്തരം.
15. ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതിനെപ്പറ്റി സംശയം തോന്നിയാൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?
15 ചിലപ്പോഴൊക്കെ, നിങ്ങൾ പഠിക്കുന്ന ബൈബിൾതത്ത്വങ്ങൾ ജീവിതത്തിലെ ഓരോ സാഹചര്യത്തിലും ബാധകമാക്കേണ്ടത് എങ്ങനെയാണെന്നു സംശയം തോന്നിയേക്കാം. അതുകൊണ്ടാണ്, തെറ്റും ശരിയും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ നിങ്ങളെ സഹായിക്കുന്നതിനു ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ നൽകാൻ യഹോവ തന്റെ സംഘടനയെ ഉപയോഗിക്കുന്നത്. (എബ്രാ. 5:13, 14) ആ പ്രസിദ്ധീകരണങ്ങൾ വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ ഏതൊക്കെ അവസരങ്ങളിലാണു ബൈബിൾതത്ത്വങ്ങൾ ബാധകമാക്കേണ്ടതെന്നും അവ എത്ര പ്രയോജനം ചെയ്യുന്നതാണെന്നും നിങ്ങൾക്കു മനസ്സിലാകും. യഹോവയുടെ സംഘടനയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും.
16. യഹോവ തന്റെ ജനത്തെ സംഘടിപ്പിച്ചിരിക്കുന്നത് എങ്ങനെയാണ്?
16 യഹോവയുടെ സംഘടനയെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. യഹോവ തന്റെ ജനത്തെ സഭകളായി സംഘടിപ്പിക്കുകയും അവയുടെ തലയായി തന്റെ പുത്രനായ യേശുവിനെ നിയമിക്കുകയും ചെയ്തിരിക്കുന്നു. (എഫെ. 1:22; 5:23) തന്റെ ഇഷ്ടമനുസരിച്ച് കാര്യങ്ങൾ നടത്തുന്നതിനു നേതൃത്വമെടുക്കാൻ യേശു ഒരു ചെറിയ കൂട്ടം അഭിഷിക്തപുരുഷന്മാരെ നിയമിച്ചിട്ടുണ്ട്. യേശു അവരെ “വിശ്വസ്തനും വിവേകിയും ആയ അടിമ” എന്നാണു വിളിച്ചത്. നിങ്ങളെ പോഷിപ്പിക്കാനും ആത്മീയമായി സംരക്ഷിക്കാനും ഉള്ള ഉത്തരവാദിത്വം ആ അടിമ ഗൗരവമായി എടുക്കുന്നു. (മത്താ. 24:45-47) നിങ്ങളെ മേയ്ക്കുന്നതിനു യോഗ്യതയുള്ള മൂപ്പന്മാരെ നിയമിച്ചിട്ടുണ്ടെന്ന് അവർ ഉറപ്പുവരുത്തും. അവർ നിങ്ങൾക്കായി കരുതുന്ന ഒരു വിധം ഇതാണ്. (യശ. 32:1, 2; എബ്രാ. 13:17; 1 പത്രോ. 5:2, 3) നിങ്ങളെ ആശ്വസിപ്പിക്കാനും യഹോവയോട് അടുക്കാൻ നിങ്ങളെ സഹായിക്കാനും കഴിവിന്റെ പരമാവധി ചെയ്യാൻ ഈ മൂപ്പന്മാർ ഒരുക്കമാണ്. ഇവർ നിങ്ങൾക്കുവേണ്ടി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട കാര്യമാണ്, യഹോവയെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കാൻ നിങ്ങളെ സഹായിക്കുക എന്നത്.—എഫെ. 4:11-13.
17. റോമ. 10:10, 13, 14 അനുസരിച്ച്, യഹോവയെക്കുറിച്ച് നമ്മൾ മറ്റുള്ളവരോടു സംസാരിക്കേണ്ടത് എന്തുകൊണ്ട്?
17 യഹോവയോടുള്ള സ്നേഹം വളർത്തിയെടുക്കാൻ മറ്റുള്ളവരെ സഹായിക്കുക. മറ്റുള്ളവരെ യഹോവയെക്കുറിച്ച് പഠിപ്പിക്കാൻ യേശു തന്റെ അനുഗാമികളോട് ആവശ്യപ്പെട്ടു. (മത്താ. 28:19, 20) ആ കല്പന അനുസരിക്കേണ്ടതു നമ്മുടെ ചുമതലയാണല്ലോ എന്ന് ഓർത്ത് നമ്മൾ അത് അനുസരിച്ചേക്കാം. എന്നാൽ യഹോവയോടുള്ള നിങ്ങളുടെ സ്നേഹം വളരുമ്പോൾ അപ്പോസ്തലന്മാരായ പത്രോസിനെയും യോഹന്നാനെയും പോലെ നിങ്ങൾക്കും തോന്നും. അവർ പറഞ്ഞു: “ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.” (പ്രവൃ. 4:20) യഹോവയെ സ്നേഹിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതു നമ്മളെ വളരെയധികം സന്തോഷിപ്പിക്കും. എത്യോപ്യക്കാരനെ തിരുവെഴുത്തുകളിലെ സത്യം പഠിക്കാനും സ്നാനമേൽക്കാനും സഹായിച്ചപ്പോൾ സുവിശേഷകനായ ഫിലിപ്പോസിന് എത്ര സന്തോഷം തോന്നിക്കാണും എന്നു ചിന്തിച്ചുനോക്കൂ! ഫിലിപ്പോസിനെ അനുകരിച്ചുകൊണ്ട് പ്രസംഗിക്കാനുള്ള യേശുവിന്റെ കല്പന അനുസരിക്കുമ്പോൾ, ഒരു യഹോവയുടെ സാക്ഷിയായിത്തീരാൻ ആഗ്രഹിക്കുന്നെന്ന് നിങ്ങൾ തെളിയിക്കുകയാണ്. (റോമർ 10:10, 13, 14 വായിക്കുക.) അപ്പോൾ എത്യോപ്യക്കാരൻ ചോദിച്ച അതേ ചോദ്യം നിങ്ങളും ചോദിച്ചേക്കാം: “സ്നാനമേൽക്കാൻ ഇനി എനിക്ക് എന്താണു തടസ്സം?”—പ്രവൃ. 8:36.
18. അടുത്ത ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
18 സ്നാനമേൽക്കാൻ തീരുമാനിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം എടുക്കുകയാണ്. അത് അത്ര ഗൗരവമേറിയ കാര്യമായതുകൊണ്ട് അതിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നതെന്നു നിങ്ങൾ നന്നായി ചിന്തിക്കണം. സ്നാനത്തെക്കുറിച്ച് നിങ്ങൾ എന്തെല്ലാം അറിഞ്ഞിരിക്കണം? സ്നാനത്തിനു മുമ്പും അതിനു ശേഷവും നിങ്ങൾ എന്തൊക്കെ ചെയ്യണം? ഈ ചോദ്യങ്ങൾ നമ്മൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യും.
ഗീതം 2 യഹോവ—അതാണ് അങ്ങയുടെ പേര്
a യഹോവയെ സ്നേഹിക്കുന്ന ചിലർക്ക്, തങ്ങൾ സ്നാനപ്പെടാറായോ എന്ന് ഉറപ്പില്ല. അങ്ങനെ തോന്നുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ, ഈ ലേഖനത്തിൽ കൊടുത്തിട്ടുള്ള പ്രായോഗികനിർദേശങ്ങൾ ഓരോന്നും ചെയ്യുന്നതു സ്നാനപ്പെടാനുള്ള തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും.
b ആളുകൾ വ്യത്യസ്തരായതുകൊണ്ട് ഇനി പറയുന്ന നിർദേശങ്ങൾ, അവ കൊടുത്തിരിക്കുന്ന ക്രമത്തിലായിരിക്കില്ല എല്ലാവരും ചെയ്യുക.
c കൂടുതൽ ഉദാഹരണങ്ങൾക്ക്, ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്), ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ എന്നീ ലഘുപത്രികകൾ കാണുക.
d ചിത്രക്കുറിപ്പ്: ഒരു സഹോദരി സാധനങ്ങൾ വാങ്ങുന്നതിനിടെ ഒരു യുവതിക്കു ലഘുലേഖ കൊടുക്കുന്നു.