വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ലൂക്കോസ് 1:62 സൂചിപ്പിക്കുന്നതായി തോന്നുന്നതുപോലെ സ്നാപകയോഹന്നാന്റെ പിതാവായ സെഖര്യാവ് ഊമനും ബധിരനുമായിത്തീർന്നോ?
സെഖര്യാവ് ബധിരനുമായിത്തീർന്നു എന്ന് ചിലർ നിഗമനം ചെയ്തിട്ടുണ്ട്. ബൈബിൾ വിവരണത്തിൽ നാം ഇപ്രകാരം വായിക്കുന്നു: “അപ്പന്റെ പേർ പോലെ അവർ പൈതലിനെ സെഖര്യാവ് എന്ന് പേർ വിളിപ്പാൻ ഭാവിച്ചു. അവന്റെ അമ്മയോ: ‘അല്ല അവന് യോഹന്നാൻ എന്ന് പേരിടേണം’ എന്ന് പറഞ്ഞു. അവർ അവളോട്: ‘നിന്റെ ചാർച്ചയിൽ ഈ പേരുള്ളവർ ആരും ഇല്ലല്ലോ’ എന്നു പറഞ്ഞു. പിന്നെ അവന് എന്തു പേർ വിളിപ്പാൻ വിചാരിക്കുന്നു എന്ന് അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു. അവൻ ഒരു എഴുത്തു പലക ചോദിച്ചു: ‘അവന്റെ പേർ യോഹന്നാൻ’ എന്ന് എഴുതി.”—ലൂക്കോസ് 1:59-63.
എന്നാൽ ഈ വിവരണത്തിൽ സെഖര്യാവിന് ഒരു കാലഘട്ടത്തേക്ക് കേൾവി നഷ്ടപ്പെട്ടു എന്ന് വ്യക്തമായി പറയുന്നില്ല.
നേരത്തെ യോഹന്നാനെന്ന് വിളിക്കപ്പെടാനുള്ള ഒരു പുത്രന്റെ ജനനത്തെപ്പററി ഗബ്രിയേൽ ദൂതൻ സെഖര്യാവിനോട് പറഞ്ഞിരുന്നു. വൃദ്ധനായ സെഖര്യാവ് അത് വിശ്വസിക്കുക പ്രയാസമാണെന്ന് കണ്ടു. ദൂതൻ ഇപ്രകാരം പ്രതിവചിച്ചു: “തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും.” (ലൂക്കോസ് 1:13, 18-20) സെഖര്യാവിന്റെ കേൾവിയല്ല സംസാരം ബാധിക്കപ്പെടുമെന്നാണ് ദൂതൻ പറഞ്ഞത്.
വിവരണം തുടർന്ന് ഇങ്ങനെ പറയുന്നു: “അവൻ [വിശുദ്ധ സ്ഥലത്തുനിന്ന്] പുറത്തുവന്നപ്പോൾ [കാത്തു നിന്ന ആളുകളോട്] സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ടു എന്ന് അവർ അറിഞ്ഞു; അവൻ അവർക്കു ആംഗ്യം കാട്ടി ഊമനായി പാർത്തു.” (ലൂക്കോസ് 1:22) “ഊമൻ” എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക് പദത്തിന് സംസാരത്തിലോ കേൾവിയിലോ അല്ലെങ്കിൽ ഇവ രണ്ടിലുമോ വൈകല്യം ബാധിച്ചവൻ എന്ന അർത്ഥമുണ്ടായിരിക്കാൻ കഴിയും. (ലൂക്കോസ് 7:22) സെഖര്യാവിനെ സംബന്ധിച്ചെന്ത്? കൊള്ളാം, അവന് സുഖം പ്രാപിച്ചപ്പോൾ എന്താണ് സംഭവിച്ചത് എന്നു പരിഗണിക്കുക. “ഉടനെ അവന്റെ വായും നാവും തുറന്നു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.” (ലൂക്കോസ് 1:64) അത് ന്യായമായും സെഖര്യാവിന്റെ സംസാരപ്രാപ്തിക്കു മാത്രമാണ് കുഴപ്പം സംഭവിച്ചിരുന്നത് എന്ന നിഗമനത്തിലേക്ക് നയിക്കുന്നു.
അപ്പോൾ പിന്നെ [കുട്ടിയെ] “എന്തു പേർ വിളിക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് മററുള്ളവർ സെഖര്യാവിനോട് ആംഗ്യം കാട്ടി” ചോദിച്ചത് എന്തുകൊണ്ടാണ്? ചില ഭാഷാന്തരക്കാർ “ആംഗ്യങ്ങളുടെ ഭാഷ” അല്ലെങ്കിൽ “ആംഗ്യഭാഷ” എന്നുപോലും വിവർത്തനം ചെയ്തിരിക്കുന്നു.
ദൂതന്റെ പ്രഖ്യാപനത്തിനുശേഷം ഊമനായിത്തീർന്ന സെഖര്യാവിന് തന്റെ ആശയങ്ങൾ പ്രകടിപ്പിക്കാൻ മിക്കപ്പോഴും ആംഗ്യങ്ങൾ അല്ലെങ്കിൽ ഒരുതരം ആംഗ്യഭാഷ ഉപയോഗിക്കേണ്ടിവന്നു. ഉദാഹരണത്തിന്, മന്ദിരത്തിലുണ്ടായിരുന്നവരോട് അവൻ “ആംഗ്യം കാട്ടി.” (ലൂക്കോസ് 1:21, 22) പിന്നീട് എഴുത്തു പലക ആവശ്യപ്പെട്ടപ്പോഴും അവൻ അടയാളങ്ങളോ ആംഗ്യങ്ങളോ കാണിച്ചിരിക്കണം. (ലൂക്കോസ് 1:63) അതുകൊണ്ട് അവൻ ഊമനായിരുന്ന കാലയളവിൽ അവനു ചുററുമുള്ളവരും സാദ്ധ്യതയനുസരിച്ച് ആംഗ്യം കാണിക്കാൻ ചായ്വുള്ളവരായിരുന്നു.
എന്നിരുന്നാലും, ലൂക്കോസ് 1:62-ൽ പറഞ്ഞിരിക്കുന്ന അടയാളങ്ങൾക്ക് കൂടുതൽ സ്വീകാര്യമായ ഒരു വിശദീകരണമുണ്ട്. എലീശബെത്ത് അവളുടെ മകന്റെ പേരു സംബന്ധിച്ച് അഭിപ്രായം പറഞ്ഞു കഴിഞ്ഞതേയുണ്ടായിരുന്നുള്ളു. അതുകൊണ്ട് അവൾ പറഞ്ഞതിനെ എതിർക്കാതെ അവളുടെ ഭർത്താവിന്റെ സമ്മതം തേടുക എന്ന ഉചിതമായ അടുത്തപടി അവർ സ്വീകരിക്കുകയായിരുന്നു. അത് അവർക്ക് തലയുടെ ഒരു ചലനംകൊണ്ടോ ഒരു ആംഗ്യം കൊണ്ടോ ചെയ്യാൻ കഴിയുമായിരുന്നു. വായിക്കുന്നതിനുവേണ്ടി അവർ അവരുടെ ചോദ്യം എഴുതിയില്ല എന്ന വസ്തുത അയാൾ തന്റെ ഭാര്യയുടെ വാക്കുകൾ കേട്ടിരുന്നു എന്നതിനുള്ള തെളിവുപോലുമായിരിക്കാം. അതുകൊണ്ട് തലയുടെ ഒരു ചലനത്തിന് അല്ലെങ്കിൽ സമാനമായ ഒരു ആംഗ്യത്തിന് ‘കൊള്ളാം, നാമെല്ലാം (സെഖര്യാവേ നീ ഉൾപ്പെടെ) അവളുടെ ശുപാർശ കേട്ടുകഴിഞ്ഞു, എന്നാൽ ശിശുവിന്റെ പേരു സംബന്ധിച്ച് നിന്റെ അന്തിമതീരുമാനം എന്താണ്?’ എന്ന് ചോദിക്കുന്നതുപോലുള്ള അർത്ഥമുണ്ടായിരുന്നു.
ഉടൻതന്നെ സാഹചര്യം നേരെ തിരിച്ചുകൊണ്ട് മറെറാരു അത്ഭുതം നടന്നു. “ഉടനെ അവന്റെ വായും നാവും തുറന്നു അവൻ സംസാരിച്ചു.” (ലൂക്കോസ് 1:64) അവന്റെ കേൾവിക്ക് തകരാറൊന്നും സംഭവിച്ചിട്ടില്ലാതിരുന്നതിനാൽ അതേപ്പററി പരാമർശനമൊന്നും നടത്തേണ്ടതില്ലായിരുന്നു. (w92 4/1)