അധ്യായം 65
യരുശലേമിലേക്കു പോകുന്ന വഴി പഠിപ്പിക്കുന്നു
മത്തായി 8:19-22; ലൂക്കോസ് 9:51-62; യോഹന്നാൻ 7:2-10
യേശുവിന്റെ സഹോദരന്മാർ യേശുവിനെ വീക്ഷിക്കുന്നത് എങ്ങനെ?
ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നത് എത്ര പ്രധാനമാണ്?
കുറച്ച് കാലത്തേക്ക് യേശുവിന്റെ പ്രവർത്തനം മുഖ്യമായും ഗലീലയിൽ മാത്രമായിരുന്നു. കാരണം, ഇവിടെയുള്ളവർ യഹൂദ്യയിൽ ഉള്ളവരെക്കാൾ കുറെക്കൂടി താത്പര്യം കാണിച്ചു. മാത്രമല്ല, യരുശലേമിൽവെച്ച് യേശു ശബത്തിൽ ഒരാളെ സുഖപ്പെടുത്തിയപ്പോൾ ‘ജൂതന്മാർ യേശുവിനെ കൊല്ലാൻ’ നോക്കുകയും ചെയ്തു.—യോഹന്നാൻ 5:18; 7:1.
എ.ഡി. 32-ലെ സെപ്റ്റംബറോ ഒക്ടോബറോ ആണ് ഇത്. കൂടാരോത്സവം അടുത്ത് വരുകയാണ്. ഈ ഉത്സവം ഏഴു ദിവസം നീളുന്ന ഒരു ആഘോഷമാണ്. അതിന്റെ തൊട്ട് അടുത്ത ദിവസം, അതായത് എട്ടാം ദിവസം, ഒരു വിശുദ്ധസമ്മേളനവും ഉണ്ടായിരിക്കും. കാർഷികവർഷത്തിന്റെ അവസാനത്തെ കുറിക്കുന്ന ഉത്സവമാണ് ഇത്. വലിയ സന്തോഷത്തിന്റെയും നന്ദിപ്രകടനത്തിന്റെയും ഒരു സമയം!
യേശുവിന്റെ അർധസഹോദരന്മാർ—യാക്കോബ്, ശിമോൻ, യോസേഫ്, യൂദാസ്—എന്നിവർ യേശുവിനോട്, “ഇവിടെ നിൽക്കാതെ യഹൂദ്യയിലേക്കു പോകൂ” എന്നു പറയുന്നു. ആ ദേശത്തെ മതപരമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് യരുശലേം. മൂന്നു വാർഷികോത്സവങ്ങളുടെ സമയത്തും ധാരാളം ആളുകൾ അവിടെ എത്താറുണ്ട്. യേശുവിന്റെ അനിയന്മാർ പറയുന്നു: “പ്രസിദ്ധി ആഗ്രഹിക്കുന്ന ആരും രഹസ്യമായിട്ട് ഒന്നും ചെയ്യാറില്ലല്ലോ. ഇതൊക്കെ ചെയ്യുന്ന സ്ഥിതിക്കു യേശുവിനെ ലോകം കാണട്ടെ.”—യോഹന്നാൻ 7:3, 4.
വാസ്തവത്തിൽ യേശുവിന്റെ ഈ നാല് അനിയന്മാരും യേശുവിനെ മിശിഹയായി അംഗീകരിക്കുന്നില്ല. പക്ഷേ ഉത്സവത്തിനു വരുന്നവരെല്ലാം യേശുവിന്റെ അത്ഭുതപ്രവൃത്തികൾ കാണണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിന്റെ അപകടം മനസ്സിലാക്കുന്ന യേശു പറയുന്നു: “നിങ്ങളെ വെറുക്കാൻ ലോകത്തിനു കാരണം ഒന്നുമില്ല. എന്നാൽ അതിന്റെ പ്രവൃത്തികൾ ദുഷിച്ചതാണെന്നു ഞാൻ സാക്ഷി പറയുന്നതുകൊണ്ട് ലോകം എന്നെ വെറുക്കുന്നു. നിങ്ങൾ ഉത്സവത്തിനു പൊയ്ക്കോ. ഇതുവരെ എന്റെ സമയമാകാത്തതുകൊണ്ട് ഞാൻ ഇപ്പോൾ ഉത്സവത്തിനു വരുന്നില്ല.”—യോഹന്നാൻ 7:5-8.
ഉത്സവത്തിനു പോകുന്ന മറ്റ് എല്ലാവരുടെയുംകൂടെ യേശുവിന്റെ അനിയന്മാർ പോയി കുറച്ച് ദിവസങ്ങൾക്കു ശേഷം യേശുവും ശിഷ്യന്മാരും ആരുടെയും കണ്ണിൽപ്പെടാതെ രഹസ്യമായി അങ്ങോട്ട് പോകുന്നു. യോർദാൻ നദിയുടെ അടുത്തുകൂടെയുള്ള, പൊതുവേ എല്ലാവരും പോകുന്ന വഴിക്കു പോകാതെ ശമര്യയിലൂടെ നേരെയുള്ള വഴിക്കാണ് അവർ പോകുന്നത്. ശമര്യയിൽ യേശുവിനും ശിഷ്യന്മാർക്കും താമസിക്കാൻ ഇടം വേണം. അതുകൊണ്ട് അതു കണ്ടുപിടിക്കാനായി യേശു കുറച്ചുപേരെ മുന്നമേ അവിടേക്ക് അയയ്ക്കുന്നു. ഒരു സ്ഥലത്തുള്ളവർ അവരെ സ്വീകരിക്കാനോ സാധാരണ കാണിക്കാറുള്ള ആതിഥ്യം കാണിക്കാനോ തയ്യാറാകുന്നില്ല. കാരണം, യേശു ജൂതന്മാരുടെ ഉത്സവത്തിനുവേണ്ടി യരുശലേമിലേക്കു പോകുകയാണല്ലോ. ഇതു കണ്ട് യാക്കോബും യോഹന്നാനും ദേഷ്യത്തോടെ, “കർത്താവേ, ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിക്കാൻ ഞങ്ങൾ ആജ്ഞാപിക്കട്ടേ” എന്നു ചോദിക്കുന്നു. (ലൂക്കോസ് 9:54) അങ്ങനെ ഒരു കാര്യം പറയുകപോലും അരുതെന്നു പറഞ്ഞ് യേശു അവരെ ശകാരിക്കുന്നു. എന്നിട്ട് അവർ യാത്ര തുടരുന്നു.
പോകുന്ന വഴി ഒരു ശാസ്ത്രി യേശുവിനോട്, “ഗുരുവേ, അങ്ങ് എവിടെ പോയാലും ഞാനും കൂടെ വരും” എന്നു പറയുന്നു. അപ്പോൾ യേശു അയാളോട്, “കുറുക്കന്മാർക്കു മാളങ്ങളുണ്ട്. ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്. മനുഷ്യപുത്രനോ തല ചായിക്കാൻ ഇടമില്ല” എന്നു പറയുന്നു. (മത്തായി 8:19, 20) യേശുവിന്റെ അനുഗാമിയായാൽ ആ ശാസ്ത്രിക്കു പല കഷ്ടങ്ങളും അനുഭവിക്കേണ്ടിവരുമെന്നാണു യേശു ഉദ്ദേശിക്കുന്നത്. ഒരുപക്ഷേ അഹങ്കാരംകൊണ്ടായിരിക്കാം ഇങ്ങനെയൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനേ അയാൾക്കു പറ്റില്ലായിരുന്നു. ഇപ്പോൾ നമുക്ക് ഓരോരുത്തർക്കും നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ‘യേശുവിനെ അനുകരിക്കാൻ ഞാൻ എത്രത്തോളം ഒരുക്കമാണ്?’
മറ്റൊരാളോട് യേശു, “എന്റെ അനുഗാമിയാകുക” എന്നു പറയുന്നു. അപ്പോൾ അയാൾ, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ അപ്പനെ അടക്കിയിട്ടു വരട്ടേ” എന്നു ചോദിക്കുന്നു. ഇയാളുടെ സാഹചര്യം അറിയാവുന്നതുകൊണ്ട് യേശു പറയുന്നു: “മരിച്ചവർ അവരുടെ മരിച്ചവരെ അടക്കട്ടെ. പക്ഷേ നീ പോയി എല്ലായിടത്തും ദൈവരാജ്യത്തെക്കുറിച്ച് ഘോഷിക്കുക.” (ലൂക്കോസ് 9:59, 60) അപ്പൻ ഇതുവരെ മരിച്ചിട്ടുണ്ടാകില്ല. അല്ലായിരുന്നെങ്കിൽ ആ മകൻ യേശുവിനോടു സംസാരിച്ചുകൊണ്ട് ഇവിടെ നിൽക്കാൻ സാധ്യതയില്ലല്ലോ. വാസ്തവത്തിൽ ദൈവരാജ്യത്തെ ജീവിതത്തിൽ ഒന്നാമതു വെക്കാൻ അയാൾ ഒരുക്കമല്ലായിരുന്നു.
അവർ യരുശലേമിലേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ വേറൊരാൾ യേശുവിനോട്, “കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കാം; എന്നാൽ ആദ്യം പോയി വീട്ടിലുള്ളവരോടു യാത്ര ചോദിക്കാൻ എന്നെ അനുവദിച്ചാലും” എന്നു പറയുന്നു. യേശുവോ അയാളോട്, “കലപ്പയിൽ കൈ വെച്ചിട്ട് തിരിഞ്ഞുനോക്കുന്ന ആരും ദൈവരാജ്യത്തിനു യോജിച്ചവനല്ല” എന്നു പറയുന്നു.—ലൂക്കോസ് 9:61, 62.
യേശുവിന്റെ ശരിക്കുള്ള അനുഗാമികളാകാൻ ആഗ്രഹിക്കുന്നവർ ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കണം. നിലം ഉഴുന്നവൻ നേരെ നോക്കുന്നില്ലെങ്കിൽ ഉഴവുചാൽ സാധ്യതയനുസരിച്ച് വളഞ്ഞുപുളഞ്ഞിരിക്കും. ഇനി, പുറകിലുള്ളതു കാണാൻ കലപ്പ താഴെ വെക്കുന്നെങ്കിൽ ഉദ്ദേശിച്ചപോലെ പണി മുന്നോട്ടു പോകില്ല. അതുപോലെ ഒരാൾ ഈ പഴയ വ്യവസ്ഥിതിയിലേക്കു തിരിഞ്ഞുനോക്കുന്നെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന വഴിയിൽനിന്ന് അയാൾ മാറിപ്പോയേക്കാം.