അവർയഹോവയുടെ ഹിതം ചെയ്തു
ഒരു ശമര്യക്കാരൻ നല്ല അയൽക്കാരനെന്ന് തെളിയിക്കുന്നു
യേശുവിന്റെ നാളിൽ യഹൂദർക്കും വിജാതീയർക്കും ഇടയിൽ കടുത്ത ശത്രുത നിലനിന്നിരുന്നു. കാലക്രമത്തിൽ, വയറ്റാട്ടിമാരായ ഇസ്രായേല്യ സ്ത്രീകൾ യഹൂദേതര സ്ത്രീകളെ പ്രസവ സമയത്തു സഹായിക്കുന്നതു വിലക്കിക്കൊണ്ടുള്ള ഒരു നിയമം പോലും യഹൂദ മിഷ്നായിൽ ഉൾപ്പെടുത്തി. കാരണം, അങ്ങനെ ചെയ്യുന്നത് ഒരു വിജാതീയൻ കൂടി ലോകത്തിൽ പിറക്കുന്നതിനു മാത്രമേ ഇടയാക്കുമായിരുന്നുള്ളൂ.—അബോദാ സേറാ 2:1.
എന്നാൽ, വിജാതീയരെക്കാൾ മതപരവും വർഗീയവുമായി യഹൂദരോടു ബന്ധം ഉണ്ടായിരുന്നത് ശമര്യർക്കായിരുന്നു. എങ്കിൽ പോലും അവരെയും സമുദായ ഭ്രഷ്ടരായാണു വീക്ഷിച്ചിരുന്നത്. “യെഹൂദൻമാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. (യോഹന്നാൻ 4:9) വാസ്തവത്തിൽ, “ഒരു ശമര്യക്കാരൻ തരുന്ന ഒരു റൊട്ടിക്കഷണം പന്നി മാംസത്തെക്കാൾ അശുദ്ധമാണ്” എന്ന് തൽമൂദ് പഠിപ്പിച്ചിരുന്നു. ചില യഹൂദർ “ശമര്യൻ” എന്ന വാക്ക് വെറുപ്പിന്റെയും നിന്ദയുടെയും ഒരു പ്രയോഗമായിട്ട് ഉപയോഗിക്കുക പോലും ചെയ്തിരുന്നു.—യോഹന്നാൻ 8:48.
ഈ സാഹചര്യത്തോടുള്ള വീക്ഷണത്തിൽ, യഹൂദ നിയമത്തിൽ പാണ്ഡിത്യമുണ്ടായിരുന്ന ഒരുവനോട് യേശു പറഞ്ഞ വാക്കുകൾ വളരെ പ്രബോധനാത്മകമാണ്. ആ മനുഷ്യൻ യേശുവിനെ സമീപിച്ച് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം?” മറുപടിയായി, “ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം” എന്നും “കൂട്ടുകാരനെ [“അയൽക്കാരനെ,” NW] നിന്നെപ്പോലെതന്നേ സ്നേഹിക്കേണം” എന്നും കൽപ്പിക്കുന്ന മോശൈക ന്യായപ്രമാണത്തിലേക്ക് യേശു അയാളുടെ ശ്രദ്ധ ക്ഷണിച്ചു. തുടർന്ന് ആ നിയമജ്ഞൻ ഇങ്ങനെ ചോദിച്ചു: “എന്റെ കൂട്ടുകാരൻ [“അയൽക്കാരൻ,” NW] ആർ?” (ലൂക്കൊസ് 10:25-29; ലേവ്യപുസ്തകം 19:18; ആവർത്തനപുസ്തകം 6:5) പരീശന്മാരുടെ അഭിപ്രായം അനുസരിച്ച്, “അയൽക്കാരൻ” എന്ന പദം യഹൂദ പാരമ്പര്യങ്ങൾ അനുഷ്ഠിക്കുന്നവർക്കു മാത്രമേ ബാധകമായിരുന്നുള്ളൂ. അതായത്, വിജാതീയർക്കോ ശമര്യർക്കോ ബാധകമായിരുന്നില്ല എന്നു വ്യക്തം. യേശു ആ വീക്ഷണത്തെ പിന്താങ്ങുമെന്ന് ജിജ്ഞാസുവായ ആ നിയമജ്ഞൻ കരുതിയിരുന്നിരിക്കാം, എന്നാൽ യേശുവിന്റെ മറുപടി അയാളെ അമ്പരിപ്പിച്ചു.
അനുകമ്പയുള്ള ഒരു ശമര്യക്കാരൻ
യേശു ഒരു ദൃഷ്ടാന്തകഥയിലൂടെ അയാളുടെ ചോദ്യത്തിന് ഉത്തരം കൊടുത്തു.a യേശു പറഞ്ഞു: “ഒരു മനുഷ്യൻ യെരൂശലേമിൽനിന്നു യെരീഹോവിലേക്കു പോകു”കയായിരുന്നു. യെരൂശലേമും യെരീഹോയും തമ്മിലുള്ള ദൂരം ഏകദേശം 23 കിലോമീറ്റർ ആയിരുന്നു. ഈ രണ്ടു നഗരങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന പാതയിൽ കൊടും വളവുകളും ഉന്തിനിൽക്കുന്ന പാറക്കെട്ടുകളും ഉണ്ടായിരുന്നു. അതുകൊണ്ട്, കള്ളന്മാർക്ക് പതിയിരുന്ന് ആക്രമിച്ചിട്ട് രക്ഷപ്പെടുക എളുപ്പമായിരുന്നു. നിർഭാഗ്യവശാൽ, യേശുവിന്റെ ദൃഷ്ടാന്തകഥയിലെ യാത്രക്കാരൻ “കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.”—ലൂക്കൊസ് 10:30.
യേശു തുടർന്നു: “ആ വഴിയായി യാദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നുപോയി. അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.” (ലൂക്കൊസ് 10:31, 32) അയൽ സ്നേഹത്തിന്റെ നിയമം ഉൾപ്പെട്ടിരുന്ന ന്യായപ്രമാണം പഠിപ്പിക്കുന്നവരായിരുന്നു പുരോഹിതന്മാരും ലേവ്യരും. (ലേവ്യപുസ്തകം 10:8-11; ആവർത്തനപുസ്തകം 33:1, 10) മുറിവേറ്റ യാത്രികനെ സഹായിക്കാൻ മറ്റാരെക്കാളും മുൻകൈ എടുക്കേണ്ടിയിരുന്നത് അവരായിരുന്നു എന്നതു തീർച്ചയാണ്.
യേശു ഇങ്ങനെ തുടർന്നു: “ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി.” ശമര്യക്കാരനെ കുറിച്ചുള്ള പരാമർശം ആ നിയമജ്ഞന്റെ ആകാംക്ഷ വർധിപ്പിച്ചു കാണുമെന്നതിൽ സംശയമില്ല. ഈ വർഗത്തോടുള്ള നിഷേധാത്മക വീക്ഷണത്തെ യേശു അംഗീകരിക്കുമായിരുന്നോ? തികച്ചും വ്യത്യസ്തമായി, ഹതഭാഗ്യനായ ഈ യാത്രികനെ കണ്ടിട്ട് ശമര്യക്കാരന്റെ “മനസ്സലിഞ്ഞു.” യേശു ഇങ്ങനെ തുടർന്നു: “അരികെ ചെന്നു എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയററി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.b പിറെറന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നുകൊള്ളാം എന്നു അവനോടു പറഞ്ഞു.”—ലൂക്കൊസ് 10:33-35.
ചോദ്യകർത്താവിനോട് യേശു ഇപ്പോൾ ഇങ്ങനെ ചോദിച്ചു: “കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു [“അയൽക്കാരനായിത്തീർന്നു,” NW] എന്നു നിനക്കു തോന്നുന്നു?” നിയമജ്ഞന് ഉത്തരം അറിയാമായിരുന്നു എങ്കിലും “ശമര്യക്കാരൻ” എന്നു പറയാൻ അയാൾ വിമുഖനായിരുന്നു എന്നു തോന്നുന്നു. പകരം, അയാൾ കേവലം ഇങ്ങനെ പറഞ്ഞു: “അവനോടു കരുണ കാണിച്ചവൻ.” അപ്പോൾ യേശു പറഞ്ഞു: “നീയും പോയി അങ്ങനെ തന്നേ ചെയ്ക.”—ലൂക്കൊസ് 10:36, 37.
നമുക്കുള്ള പാഠം
യേശുവിനോടു ചോദ്യം ചോദിച്ച വ്യക്തിയുടെ ഉദ്യമം “തന്നെത്താൻ നീതീകരി”ക്കുകയായിരുന്നു. (ലൂക്കൊസ് 10:29) മോശൈക ന്യായപ്രമാണത്തോടു വള്ളി പുള്ളി മാറ്റമില്ലാതെ പറ്റിനിൽക്കുന്നതിന് യേശു തന്നെ പുകഴ്ത്തുമെന്ന് അദ്ദേഹം കരുതിയിരുന്നിരിക്കാം. എന്നാൽ പൊങ്ങച്ചക്കാരനായ ഈ വ്യക്തി പിൻവരുന്ന ബൈബിൾ സദൃശവാക്യത്തിന്റെ സത്യത മനസ്സിലാക്കേണ്ടിയിരുന്നു: “മമനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.”—സദൃശവാക്യങ്ങൾ 21:2.
യഹോവയുടെ നിയമങ്ങൾ അനുസരിക്കുക മാത്രമല്ല, പിന്നെയോ അവന്റെ ഗുണങ്ങൾ അനുകരിക്കുക കൂടി ചെയ്യുന്ന ഒരുവനാണ് യഥാർഥത്തിൽ നേരുള്ളവനെന്നു യേശുവിന്റെ ദൃഷ്ടാന്തകഥ വ്യക്തമാക്കുന്നു. (എഫെസ്യർ 5:1) ഉദാഹരണത്തിന്, “ദൈവത്തിന്നു മുഖപക്ഷമില്ല” എന്ന് ബൈബിൾ നമ്മോടു പറയുന്നു. (പ്രവൃത്തികൾ 10:34) പ്രസ്തുത സംഗതിയിൽ നാം ദൈവത്തെ അനുകരിക്കുമോ? നമ്മുടെ അയൽ സ്നേഹം ദേശീയവും സാംസ്കാരികവും മതപരവുമായ വേലിക്കെട്ടുകൾക്ക് അതീതമായിരിക്കണം എന്ന് യേശുവിന്റെ ജീവോജ്ജ്വലമായ ഈ ദൃഷ്ടാന്തകഥ പ്രകടമാക്കുന്നു. വാസ്തവത്തിൽ, “എല്ലാവർക്കും . . . നൻമചെയ്ക” എന്നു ക്രിസ്ത്യാനികളെ പ്രബോധിപ്പിച്ചിരിക്കുന്നു. കേവലം ഒരേ സാമൂഹിക നിലവാരത്തിലോ വർഗത്തിലോ രാഷ്ട്രത്തിലോ ഉള്ളവർക്കോ സഹവിശ്വാസികൾക്കോ മാത്രമല്ല നന്മ ചെയ്യേണ്ടത് എന്നു വ്യക്തം.—ഗലാത്യർ 6:10.
ഈ തിരുവെഴുത്ത് അനുശാസനം പിൻപറ്റാൻ യഹോവയുടെ സാക്ഷികൾ കിണഞ്ഞു പരിശ്രമിക്കുന്നു. ഉദാഹരണത്തിന്, പ്രകൃതി വിപത്തുകൾ ആഞ്ഞടിക്കുമ്പോൾ, അവർ മനുഷ്യത്വപരമായ ജീവകാരുണ്യ സഹായം സഹവിശ്വാസികൾക്കും അതുപോലെതന്നെ സാക്ഷികളല്ലാത്തവർക്കും പ്രദാനം ചെയ്യുന്നു.c കൂടാതെ, ബൈബിളിനെ കുറിച്ചുള്ള മെച്ചപ്പെട്ട ഗ്രാഹ്യം നേടാൻ ആളുകളെ സഹായിച്ചുകൊണ്ട്, ഒരു കൂട്ടമെന്ന നിലയിൽ, അവർ ഓരോ വർഷവും നൂറുകോടിയിലധികം മണിക്കൂർ ചെലവഴിക്കുന്നു. രാജ്യസുവാർത്ത എല്ലാവരുടെ പക്കലും എത്തിക്കാൻ അവർ കഠിനമായി പ്രയത്നിക്കുന്നു. എന്തെന്നാൽ, “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ആണ് ദൈവം ആഗ്രഹിക്കുന്നത്.—1 തിമൊഥെയൊസ് 2:4; പ്രവൃത്തികൾ 10:35.
[അടിക്കുറിപ്പുകൾ]
a സാന്മാർഗികമോ ആത്മീയമോ ആയ ഒരു സത്യം അടങ്ങിയിരിക്കുന്ന ഹ്രസ്വവും മിക്കപ്പോഴും സാങ്കൽപ്പികവുമായ ഒരു വിവരണമാണ് ദൃഷ്ടാന്തകഥ.
b യേശുവിന്റെ കാലത്തെ ചില വഴിയമ്പലങ്ങളിൽ അഭയം മാത്രമല്ല, ഭക്ഷണവും ഇതര സേവനങ്ങളും പ്രദാനം ചെയ്തിരുന്നു എന്നതു സ്പഷ്ടമാണ്. ഇത്തരം താമസസൗകര്യം ആയിരുന്നിരിക്കാം യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്. കാരണം, ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം ലൂക്കൊസ് 2:7-ൽ ‘വഴിയമ്പലം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിൽനിന്ന് വ്യത്യസ്തമാണ്.
c ഉദാഹരണങ്ങൾക്ക്, വീക്ഷാഗോപുരത്തിന്റെ 1996 ഡിസംബർ 1 ലക്കത്തിന്റെ 3-8 പേജുകളും 1998 ജനുവരി 15 ലക്കത്തിന്റെ 3-7 പേജുകളും കാണുക.