മങ്ങാത്ത സൗന്ദര്യം
“സൗന്ദര്യം മായുന്നു; സൗന്ദര്യം മറയുന്നു,” എന്നു കവിയായ വൊൾട്ടർ ഡി ലാ മറെ അഭിപ്രായപ്പെട്ടു. ഇവിടെ ചിത്രീകരിച്ചിരിക്കുന്ന സുന്ദരമായ കള്ളിച്ചെടി പുഷ്പങ്ങളുടെ കാര്യം തീർച്ചയായും ഇതുപോലെയാണ്. അവയുടെ മഹത്ത്വം പെട്ടെന്നു പൊയ്പ്പോകുന്നു.
ക്രിസ്തീയ ശിഷ്യനായ യാക്കോബ് ഇങ്ങനെ എഴുതി: “പുല്ലിന്റെ പൂവുപോലെ അയാൾ [ധനവാൻ] കൊഴിഞ്ഞുപോകും. കൊടുംചൂടോടെ ഉദിച്ചുയരുന്ന സൂര്യൻ പുല്ലിനെ ഉണക്കുന്നു; അവയുടെ പൂക്കൾ കൊഴിയുന്നു, അവയുടെ സൗന്ദര്യം നശിക്കുന്നു. ഇതുപോലെ ധനവാനും തന്റെ വ്യഗ്രതകൾക്കിടയിൽ മങ്ങിമറഞ്ഞുപോകും.”—യാക്കോബ് 1:10, 11, ഓശാന ബൈ.
ഈ അനിശ്ചിത ലോകത്തിൽ സമ്പത്ത് ഒററ രാത്രികൊണ്ട് ഇല്ലാതാകാം. അതിലുമുപരി ധനവാൻ—മറേറതൊരാളേയും പോലെതന്നെ—‘പൂപോലെ . . . അല്പായുസുള്ളവൻ’ ആകുന്നു. (ഇയ്യോബ് 14:1, 2) ഭാവിയിൽ ചാരിയിരുന്നു വിശ്രമിക്കാൻ കഴിയത്തക്കവണ്ണം സമ്പത്തു കൂട്ടിവെക്കുന്നതിൽ തിരക്കോടെ ഏർപ്പെട്ട ഒരു മമനുഷ്യന്റെ ദൃഷ്ടാന്തം യേശു പറഞ്ഞു. എന്നാൽ ഒരു സുഖജീവിതത്തിന് ആവശ്യമായതെല്ലാം തനിക്കു ലഭിച്ചിരിക്കുന്നു എന്നു വിചാരിച്ച സമയത്ത് അയാൾ മരിച്ചു. യേശു ഇപ്രകാരം മുന്നറിയിപ്പു നൽകി: “ദൈവകാര്യങ്ങളിൽ സമ്പന്നനാകാതെ തനിക്കു വേണ്ടി സമ്പത്തുണ്ടാക്കുന്നവന്റെ കാര്യം ഇങ്ങനെതന്നെ.”—ലൂക്കൊസ് 12:16-21, ഓശാന ബൈ.
“ദൈവകാര്യങ്ങളിൽ സമ്പന്നൻ.” അതിനാൽ യേശു എന്താണ് അർഥമാക്കിയത്? ഈ വിധത്തിൽ സമ്പന്നനായ ഒരു മനുഷ്യനു “സ്വർഗ്ഗത്തിൽ നിക്ഷേപം” ഉണ്ട്—ദൈവവുമായി ഒരു നല്ല പേർ. അത്തരം നിക്ഷേപം ഒരിക്കലും നശിക്കേണ്ടതില്ല. (മത്തായി 6:20; എബ്രായർ 6:10) വാടുന്ന ഒരു പൂപോലെ ആയിരിക്കുന്നതിനുപകരം, ബൈബിളിൽ അത്തരമൊരു മനുഷ്യനെ ഇല വാടിക്കൊഴിയാത്ത വൃക്ഷത്തോടു താരതമ്യപ്പെടുത്തിയിരിക്കുന്നു. “ചെയ്യുന്നതിലെല്ലാം അയാൾ വിജയം നേടുന്നു” എന്ന ഉറപ്പു നമുക്കു നൽകിയിരിക്കുന്നു.—സങ്കീർത്തനം 1:1-3, 6, ഓശാന ബൈ.