“ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു”
“ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു.”—ലൂക്കൊസ് 12:32.
1. “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു” എന്ന വാക്കുകൾ യേശു പറഞ്ഞത് ഏത് അടിസ്ഥാനത്തിലാണ്?
‘ദൈവരാജ്യം അന്വേഷിച്ചുകൊണ്ടേ ഇരിപ്പിൻ.’ (ലൂക്കോസ് 12:31, NW) യേശു തന്റെ ശിഷ്യൻമാരോട് ഈ വാക്കുകൾ പറഞ്ഞപ്പോൾ അവന്റെ നാളുമുതൽ ഇന്നോളം ക്രിസ്ത്യാനികളുടെ ചിന്തയെ സ്വാധീനിച്ചിരിക്കുന്ന ഒരു തത്ത്വം അവൻ പ്രകടമാക്കി. ദൈവത്തിന്റെ രാജ്യം നമ്മുടെ ജീവിതത്തിൽ പ്രഥമ സ്ഥാനം വഹിക്കണം. (മത്തായി 6:33) എന്നിരുന്നാലും, ലൂക്കോസിന്റെ വൃത്താന്തത്തിൽ യേശു ക്രിസ്ത്യാനികളുടെ ഒരു പ്രത്യേക കൂട്ടത്തോട് പ്രിയങ്കരവും ഉറപ്പു നൽകുന്നതുമായ വാക്കുകൾ തുടർന്നു പറയുകയുണ്ടായി. “ചെറിയ ആട്ടിൻകൂട്ടമേ ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നൽകുവാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് അവൻ പറഞ്ഞു. (ലൂക്കൊസ് 12:32) നല്ല ഇടയനെന്നനിലയിൽ യേശു തന്റെ ശിഷ്യൻമാർക്കു ഭാവിയിൽ പ്രക്ഷുബ്ധ കാലങ്ങൾ വരാനിരിക്കുന്നുവെന്ന് അറിഞ്ഞിരുന്നു. എന്നാൽ ദൈവരാജ്യം അന്വേഷിച്ചുകൊണ്ടേ ഇരിക്കുന്നപക്ഷം അവർക്കു ഭയപ്പെടാൻ കാരണമേതും ഇല്ലായിരുന്നു. തൻമൂലം യേശുവിന്റെ വാക്കുകൾ ഒരു പരുഷമായ കല്പനയല്ലായിരുന്നു, മറിച്ച് ആത്മവിശ്വാസവും ധൈര്യവും പകരാനുതകിയ പ്രീതിജനകമായ വാഗ്ദാനമായിരുന്നു അത്.
2. ചെറിയ ആട്ടിൻകൂട്ടത്തിൽ ഉൾപ്പെടുന്നവർ ആർ, അവർ വിശേഷ പദവിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
2 യേശു തന്റെ ശിഷ്യൻമാരോടു സംസാരിക്കുകയായിരുന്നു. അവൻ അവരെ ഒരു ‘ചെറിയ ആട്ടിൻകൂട്ടം’ എന്നു വിളിച്ചു. കൂടാതെ, യഹോവ ‘രാജ്യം നല്കുവാ’നിരുന്നവരോടാണ് അവൻ സംസാരിച്ചത്. പിൽക്കാലങ്ങളിൽ യേശുവിനെ കൈക്കൊള്ളുന്ന വലിയ പുരുഷാരവുമായി താരതമ്യം ചെയ്യുമ്പോൾ ഈ കൂട്ടം വാസ്തവത്തിൽ എണ്ണത്തിൽ ചുരുക്കമായിരുന്നു. രാജകീയസേവനത്തിൽ ഉപയോഗിക്കപ്പെടുകയെന്ന വിശിഷ്ടമായ ഒരു ഭാവിക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവർ എന്നനിലയിൽ അവർ വിലപ്പെട്ടവരായും കരുതപ്പെട്ടിരുന്നു. ക്രിസ്തുവിന്റെ മിശിഹൈകരാജ്യത്തോടുള്ള ബന്ധത്തിൽ ഒരു സ്വർഗീയ അവകാശം പ്രാപിക്കുക എന്ന ലക്ഷ്യത്തിലാണ് ചെറിയ ആട്ടിൻകൂട്ടത്തെ വലിയ ഇടയനായ യഹോവയെന്ന അവരുടെ പിതാവ് വിളിച്ചിരിക്കുന്നത്.
ചെറിയ ആട്ടിൻകൂട്ടം
3. ചെറിയ ആട്ടിൻകൂട്ടത്തിന്റെ എന്തു മഹത്തായ ദർശനമാണു യോഹന്നാൻ കണ്ടത്?
3 അപ്പോൾ, ഇത്ര വലിയ പദവിയുള്ള ഈ ചെറിയ ആട്ടിൻകൂട്ടമായിത്തീരുന്നത് ആരാണ്? പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്ന യേശുക്രിസ്തുവിന്റെ അനുഗാമികൾ. (പ്രവൃത്തികൾ 2:1-4) കൈകളിൽ കിന്നരവുമായി നിലകൊള്ളുന്ന സ്വർഗീയ ഗായകരായി അവരെ കണ്ടശേഷം അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “ഞാൻ സീയോൻമലയിൽ കുഞ്ഞാടും അവനോടുകൂടെ നെററിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂററിനാല്പത്തിനാലായിരം പേരും നിൽക്കുന്നതു കണ്ടു. . . . അവർ കന്യകമാരാകയാൽ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവർ. കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവർ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്നു. ഭോഷ്കു അവരുടെ വായിൽ ഉണ്ടായിരുന്നില്ല; അവർ കളങ്കമില്ലാത്തവർ തന്നേ.”—വെളിപ്പാടു 14:1, 4, 5.
4. ചെറിയ ആട്ടിൻകൂട്ടത്തിന് ഇന്നു ഭൂമിയിൽ എന്തു പദവിയാണുള്ളത്?
4 അഭിഷിക്തരും ആത്മജനനം പ്രാപിച്ചവരുമായ ഇവർ പൊ.യു. (പൊതുയുഗം) 33-ലെ പെന്തെക്കോസ്തു മുതൽ ഭൂമിയിൽ ക്രിസ്തുവിന്റെ സ്ഥാനാപതികളായി സേവിച്ചിരിക്കുന്നു. (2 കൊരിന്ത്യർ 5:20) ഇന്ന്, അവരുടെ ഒരു ശേഷിപ്പുമാത്രമാണു “വിശ്വസ്തനും വിവേകിയുമായ അടിമ”യെന്ന നിലയിൽ ഒത്തൊരുമിച്ചു സേവിക്കുന്നത്. (മത്തായി 24:45, NW; വെളിപ്പാടു 12:17) വിശേഷിച്ച്, 1935 എന്ന വർഷംമുതൽ ദശലക്ഷങ്ങളോളം വരുന്ന ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികളായ “വേറെ ആടുകൾ,” അവരോടു ചേർന്നിരിക്കുന്നു. സർവഭൂമിയിലെയും സുവാർത്താ പ്രസംഗത്തിന് അവർ സഹായിക്കുന്നു.—യോഹന്നാൻ 10:16.
5. ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ട ശേഷിച്ചവരുടെ മനോഭാവമെന്ത്, അവർക്കു ഭയപ്പെടേണ്ട ആവശ്യമില്ലാത്തത് എന്തുകൊണ്ട്?
5 ഈ ചെറിയ ആട്ടിൻകൂട്ടത്തിലെ ഇപ്പോഴും ഭൂമിയിലുള്ള അംഗങ്ങളുടെ മനോഭാവം എന്താണ്? തങ്ങൾ ‘ഇളകാത്ത ഒരു രാജ്യം’ പ്രാപിക്കാനുള്ളവരാണെന്ന് അറിഞ്ഞുകൊണ്ട് അവർ ദൈവഭയത്തോടും ആദരവോടുംകൂടെ വിശുദ്ധ സേവനം അർപ്പിക്കുന്നു. (എബ്രായർ 12:28) അതിരററ സന്തോഷത്തിൽ കലാശിക്കുന്ന അനർഘ പദവിയാണു തങ്ങളുടേതെന്ന് അവർ മുഴുഹൃദയത്തോടെ തിരിച്ചറിയുന്നു. രാജ്യത്തെപ്പററി സംസാരിച്ചപ്പോൾ യേശു പരാമർശിച്ച “വിലയേറിയ ഒരു മുത്തു” അവർ കണ്ടെത്തിയിരിക്കുന്നു. (മത്തായി 13:46) മഹോപദ്രവം സമീപിക്കവേ ദൈവത്തിന്റെ അഭിഷിക്തർ നിർഭയരായി നിലകൊള്ളുകയാണ്. ‘കർത്താവിന്റെ [“യഹോവയുടെ,” NW] വലുതും പ്രസിദ്ധവുമായ നാളിൽ’ മനുഷ്യവർഗലോകത്തിൻമേൽ സംഭവിക്കാനിരിക്കുന്നതു ഗണ്യമാക്കാതെ അഭിഷിക്ത ശേഷിപ്പിന് ഭാവിയെക്കുറിച്ച് അനാരോഗ്യകരമായ ഭയമില്ല. (പ്രവൃത്തികൾ 2:19-21) അവർ എന്തിനു ഭയപ്പെടണം?
എണ്ണം കുറയുന്നു
6, 7. (എ) ഇപ്പോഴും ഭൂമിയിലായിരിക്കുന്ന ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവരുടെ എണ്ണം ഇന്നു കുറഞ്ഞിരിക്കുന്നതിനു കാരണമെന്ത്? (ബി) തനിക്കുള്ള പ്രത്യാശയെ ഓരോ വ്യക്തിയും എങ്ങനെ വീക്ഷിക്കണം?
6 സമീപവർഷങ്ങളിൽ ഇപ്പോഴും ഭൂമിയിലുള്ള ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവരുടെ എണ്ണം ചെറുതായിരിക്കുന്നു. 1994-ലെ സ്മാരക റിപ്പോർട്ടിൽനിന്ന് ഇതു പ്രകടമായിരുന്നു. ലോകവ്യാപകമായുള്ള യഹോവയുടെ ജനത്തിന്റെ ഏതാണ്ട് 75,000 സഭകളിൽ ശേഷിപ്പിന്റെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട 8,617 പേർ മാത്രമേ ചിഹ്നങ്ങളിൽ പങ്കുപററിയുള്ളൂ. (മത്തായി 26:26-30) നേരേമറിച്ച്, മൊത്തം ഹാജർ 1,22,88,917 ആയിരുന്നു. അത് പ്രതീക്ഷിക്കേണ്ടതാണെന്ന് അഭിഷിക്ത ക്രിസ്ത്യാനികൾ അറിയുന്നു. ചെറിയ ആട്ടിൻകൂട്ടത്തിന്റെ സംഖ്യ 1,44,000-മായി യഹോവ പരിമിതപ്പെടുത്തിയിരിക്കുന്നു, അവൻ പൊ.യു. 33-ലെ പെന്തക്കോസ്തു മുതൽ അവരെ കൂട്ടിച്ചേർത്തുവരുന്നു. ന്യായയുക്തമായും, ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവരുടെ എണ്ണം പൂർത്തിയാകുമ്പോൾ അവരുടെ വിളി അവസാനിക്കുമായിരുന്നു. പ്രത്യേകം അനുഗൃഹീതരായ ഇവരുടെ കൂട്ടിച്ചേർക്കൽ 1935-ൽ അവസാനിച്ചുവെന്നാണു തെളിയിക്കപ്പെടുന്നത്. എന്നുവരികിലും, വേറെ ആടുകൾ അന്ത്യകാലത്ത്, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” ആയി വളരുമെന്നു പ്രവചിക്കപ്പെട്ടിരുന്നു. 1935 മുതൽ യഹോവ നടത്തുന്ന പൊതു കൂട്ടിച്ചേർപ്പ് മഹാപുരുഷാരമായിത്തീരാനുള്ളവരുടേതാണ്. അവരുടെ പ്രത്യാശ ഒരു പറുദീസാഭൂമിയിലെ നിത്യജീവനാണ്.—വെളിപ്പാടു 7:9; 14:15, 16; സങ്കീർത്തനം 37:29.
7 ഭൂമിയിൽ അവശേഷിച്ചിരിക്കുന്ന ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവരിൽ മിക്കവരും അവരുടെ 70-കളിലും 80-കളിലും 90-കളിലുമാണിപ്പോൾ. ഏതാനും ചിലർ അവരുടെ 100-ാം വയസ്സ് പിന്നിട്ടിരിക്കുന്നു. തങ്ങളുടെ വയസ്സ് എത്രതന്നെ ആണേലും ഒടുവിൽ ഒരു സ്വർഗീയ പുനരുത്ഥാനത്തിലൂടെ തങ്ങൾ യേശുക്രിസ്തുവിനോടു ചേരുമെന്നും അവന്റെ മഹത്ത്വമുള്ള രാജ്യത്തിൽ അവനോടുകൂടെ ഭരിക്കുമെന്നും അവരോരുത്തരും അറിയുന്നു. മഹാപുരുഷാരത്തിൽപ്പെട്ടവർ രാജാവായ ക്രിസ്തുവിന്റെ ഭൗമിക പ്രജകളാണ്. തന്നെ സ്നേഹിക്കുന്നവർക്കായി യഹോവ കരുതിയിരിക്കുന്നതിൽ ഓരോരുത്തരും സന്തോഷിക്കട്ടെ. ഏതു പ്രത്യാശയാണു പുലർത്തേണ്ടതെന്നു നിശ്ചയിക്കുന്നതു നാമല്ല. അതു നിശ്ചയിക്കുന്നതു യഹോവയാണ്. അതുകൊണ്ട്, ആ പ്രത്യാശ സ്വർഗീയ രാജ്യമാണേലും ശരി ആ രാജ്യത്തിൻ കീഴിൽ ഒരു ഭൗമിക പറുദീസയാണേലും ശരി, ഇരു കൂട്ടർക്കും തങ്ങളുടെ സന്തുഷ്ട ഭാവിപ്രത്യാശയിൽ പുളകിതരാകാൻ കഴിയും.—യോഹന്നാൻ 6:44, 65; എഫെസ്യർ 1:17, 18.
8. 1,44,000-ത്തിന്റെ മുദ്രയിടീൽ എത്രത്തോളം എത്തിയിരിക്കുന്നു, അതു പൂർത്തിയാകുമ്പോൾ എന്തു സംഭവിക്കും?
8 1,44,000 പേരടങ്ങുന്ന ചെറിയ ആട്ടിൻകൂട്ടം “ദൈവത്തിന്റെ ഇസ്രായേൽ” ആണ്, അതു ദൈവോദ്ദേശ്യങ്ങളിൽ സ്വാഭാവിക ഇസ്രായേല്യരുടെ സ്ഥാനത്തു വന്നിരിക്കുകയാണ്. (ഗലാത്യർ 6:16) അതുകൊണ്ട്, ശേഷിപ്പ് ഇപ്പോഴും ഭൂമിയിൽ ദൈവത്തിന്റെ ആത്മീയ ഇസ്രായേലിൽ ശേഷിച്ചിരിക്കുന്നവരാണ്. ശേഷിച്ചിരിക്കുന്ന അത്തരക്കാർ യഹോവയുടെ അന്തിമ അംഗീകാരത്തിനുവേണ്ടി മുദ്രയിടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപ്പോസ്തലനായ യോഹന്നാൻ ഒരു ദർശനത്തിൽ ഇങ്ങനെ സംഭവിക്കുന്നതു കണ്ടു: “മറെറാരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തുവാൻ അധികാരം ലഭിച്ച നാലു ദൂതൻമാരോടു: നമ്മുടെ ദൈവത്തിന്റെ ദാസൻമാരുടെ നെററിയിൽ ഞങ്ങൾ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിന്നും വൃക്ഷങ്ങൾക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. മുദ്രയേററവരുടെ എണ്ണവും ഞാൻ കേട്ടു; [ആത്മീയ] യിസ്രായേൽ മക്കളുടെ സകല ഗോത്രത്തിലും നിന്നും മുദ്രയേററവർ നൂററിനാല്പത്തിനാലായിരം പേർ” എന്ന് അവൻ റിപ്പോർട്ടു ചെയ്യുന്നു. (വെളിപ്പാടു 7:2-4) ആത്മീയ ഇസ്രായേലിന്റെ ഈ മുദ്രയിടീൽവേല ഇപ്പോൾ വളരെ പുരോഗമിച്ചിരിക്കുകയാണ്, ആവേശജനകമായ സംഭവങ്ങൾ പെട്ടെന്നു സംഭവിക്കുമെന്നും അതു സൂചിപ്പിക്കുന്നു. നാലു ദൂതൻമാർ ഭൂമിമേൽ നാശത്തിന്റെ നാലു കാററുകൾ അഴിച്ചുവിടുന്ന ‘മഹോപദ്രവം’ വളരെ അടുത്തെത്തിയിരിക്കും.—വെളിപാട് 7:14, NW.
9. മഹാപുരുഷാരത്തിന്റെ വർധിച്ചുവരുന്ന സംഖ്യയെ ചെറിയ ആട്ടിൻകൂട്ടം എങ്ങനെയാണു വീക്ഷിക്കുന്നത്?
9 ഇപ്പോൾത്തന്നെ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്ന മഹാപുരുഷാരത്തിൽപ്പെട്ടവരുടെ എണ്ണം ദശലക്ഷങ്ങൾ വരും. ഇതു ശേഷിപ്പിന്റെ ഹൃദയത്തെ എത്ര ഊഷ്മളമാക്കുന്നു! ഇപ്പോഴും ഭൂമിയിലുള്ള, ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവർ തുടർച്ചയായി എണ്ണത്തിൽ കുറഞ്ഞുവരുകയാണെങ്കിലും ദൈവത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ഭൗമികസ്ഥാപനത്തോടുള്ള ബന്ധത്തിൽ ഉത്തരവാദിത്വങ്ങൾ കയ്യേൽക്കാൻ മഹാപുരുഷാരത്തിൽപ്പെട്ട യോഗ്യതയുള്ള പുരുഷൻമാരെ അവർ പരിശീലിപ്പിക്കുകയും ഒരുക്കുകയും ചെയ്തിട്ടുണ്ട്. (യെശയ്യാവു 61:5) യേശു സൂചിപ്പിച്ചതുപോലെ മഹോപദ്രവത്തെ അതിജീവിക്കുന്നവർ ഉണ്ടായിരിക്കും.—മത്തായി 24:22.
“ഭയപ്പെടരുതു”
10. (എ) ദൈവജനത്തിൻമേൽ എന്താക്രമണമാണു സംഭവിക്കാനിരിക്കുന്നത്, അത് എന്തിലേക്കു നയിക്കും? (ബി) നാം ഓരോരുത്തരെയുംകുറിച്ച് എന്തു ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്?
10 സാത്താനും അവന്റെ ഭൂതങ്ങളും ഭൂമിയുടെ പരിസരങ്ങളിലേക്കു താഴ്ത്തപ്പെട്ടിരിക്കുകയാണ്. അവനും അവന്റെ സൈന്യങ്ങളും യഹോവയുടെ ജനത്തിൻമേലുള്ള അവരുടെ സമഗ്രമായ ആക്രമണം നടത്താൻ തന്ത്രപരമായി ആസൂത്രണം ചെയ്യുകയാണ്. ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന ഈ ആക്രമണത്തെ വർണിക്കുന്നത് മാഗോഗിലെ ഗോഗിന്റെ ആക്രമണമായിട്ടാണ്. ആരുടെമേലാണു പിശാച് തന്റെ ആക്രമണം കേന്ദ്രീകരിക്കുന്നത്? അതു സമാധാനപൂർവം “ഭൂമിയുടെ മദ്ധ്യേ വസി”ക്കുന്ന ദൈവത്തിന്റെ ആത്മീയ ഇസ്രായേലാകുന്ന ചെറിയ ആട്ടിൻകൂട്ടത്തിലെ അംഗങ്ങളുടെ മേലല്ലേ? (യെഹെസ്കേൽ 38:1-12) അതേ, എന്നാൽ സാത്താന്റെ ആക്രമണം ഹേതുവായി യഹോവയുടെ പക്ഷത്തുനിന്നുള്ള ഒരു നാടകീയ പ്രതികരണം നടപ്പിൽവരുത്തുന്നതു വിശ്വസ്ത അഭിഷിക്ത വർഗത്തിന്റെ ശേഷിപ്പും ഒപ്പം അവരുടെ വിശ്വസ്ത കൂട്ടാളികളും നേരിൽ കാണും. അവൻ തന്റെ ജനത്തിന്റെ രക്ഷക്കായി ഇടപെടും. ഇത് “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ”ത്തിന്റെ പൊട്ടിപ്പുറപ്പെടലിനു വഴിമരുന്നിടും. (യോവേൽ 2:31) ഇന്ന്, വിശ്വസ്തനും വിവേകിയുമായ അടിമ യഹോവയുടെ കൈകടത്തലിനെക്കുറിച്ചു മുന്നറിയിപ്പു നൽകിക്കൊണ്ട് മർമപ്രധാനമായ, ജീവരക്ഷാകരമായ സേവനം അനുഷ്ഠിക്കുകയാണ്. (മലാഖി 4:5; 1 തിമൊഥെയൊസ് 4:16) യഹോവയുടെ രാജ്യത്തിന്റെ സുവാർത്ത സംബന്ധിച്ച പ്രസംഗവേലയിൽ പങ്കെടുത്തുകൊണ്ടു നിങ്ങൾ സജീവമായി ആ സേവനത്തെ പിന്താങ്ങുന്നുണ്ടോ? നിർഭയ രാജ്യപ്രഘോഷകരെന്ന നിലയിൽ അതു ചെയ്യുന്നതിൽ നിങ്ങൾ സധൈര്യം തുടരുമോ?
11. ധൈര്യപൂർവകമായ മനോഭാവം ഇന്ന് ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 ഇപ്പോഴത്തെ ലോകാവസ്ഥയുടെ വീക്ഷണത്തിൽ, യേശു തങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടു “ചെറിയ ആട്ടിൻകൂട്ടമേ, ഭയപ്പെടരുതു” എന്നു പറഞ്ഞ വാക്കുകൾ അനുസരിക്കുന്നത് ചെറിയ ആട്ടിൻകൂട്ടത്തെ സംബന്ധിച്ചിടത്തോളം എത്ര കാലോചിതമാണ്! യഹോവയുടെ ഉദ്ദേശ്യപ്രകാരം ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാററിന്റെയും വീക്ഷണത്തിൽ അങ്ങനെയുള്ള ഒരു മനോഭാവം അത്യന്താപേക്ഷിതമാണ്. വ്യക്തിപരമായി, ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ട ഓരോരുത്തരും അവസാനത്തോളം സഹിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നുണ്ട്. (ലൂക്കൊസ് 21:19) ചെറിയ ആട്ടിൻകൂട്ടത്തിന്റെ കർത്താവും യജമാനനുമായ യേശുക്രിസ്തു തന്റെ ഭൗമിക ജീവിതത്തിന്റെ പൂർത്തീകരണംവരെ സഹിച്ചുനിൽക്കുകയും വിശ്വസ്തത തെളിയിക്കുകയും ചെയ്തതുപോലെ, ശേഷിപ്പിൽപ്പെട്ട ഓരോരുത്തരും സഹിച്ചുനിൽക്കുകയും വിശ്വസ്തത തെളിയിക്കുകയും വേണം.—എബ്രായർ 12:1, 2.
12. യേശുവിനെപ്പോലെ പൗലോസ് ഭയപ്പെടരുത് എന്ന് അഭിഷിക്ത ക്രിസ്ത്യാനികളെ എങ്ങനെയാണ് ഉദ്ബോധിപ്പിക്കുന്നത്?
12 അഭിഷിക്തരായ എല്ലാവർക്കും അപ്പോസ്തലനായ പൗലോസിന്റെ അതേ വീക്ഷണം ഉണ്ടായിരിക്കണം. പുനരുത്ഥാനത്തിന്റെ ഒരു അഭിഷിക്ത പരസ്യഘോഷകനെന്ന നിലയിൽ അപ്പോസ്തലനായ പൗലോസിന്റെ വാക്കുകൾ, ഭയപ്പെടാതിരിക്കാനുള്ള യേശുക്രിസ്തുവിന്റെ ഉദ്ബോധനവുമായി എത്ര ചേർച്ചയിലാണെന്നു ശ്രദ്ധിക്കൂ. “ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയർത്തെഴുന്നേററിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക. അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്നപോലെ, ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല. അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വൃതൻമാർക്കു കിട്ടേണ്ടതിന്നു ഞാൻ അവർക്കായി സകലവും സഹിക്കുന്നു. നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും; നാം തള്ളിപ്പറയും എങ്കിൽ അവൻ നമ്മെയും തള്ളിപ്പറയും. നാം അവിശ്വസ്തരായിത്തീർന്നാലും അവൻ വിശ്വസ്തനായി പാർക്കുന്നു; തന്റെ സ്വഭാവം ത്യജിപ്പാൻ അവന്നു കഴികയില്ലല്ലോ.”—2 തിമൊഥെയൊസ് 2:8-13.
13. ചെറിയ ആട്ടിൻകൂട്ടത്തിലെ അംഗങ്ങൾക്കുള്ള ഉറച്ച ബോധ്യങ്ങൾ ഏവ, ഇത് എന്തുചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നു?
13 അപ്പോസ്തലനായ പൗലോസിനെപ്പോലെ, അഭിഷിക്തരായ ചെറിയ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്ന അംഗങ്ങൾ ദൈവവചനത്തിൽ വിവരിച്ചിരിക്കുന്ന ശക്തമായ സന്ദേശം പ്രഘോഷിക്കവേ കഷ്ടപ്പാടു സഹിക്കാൻ സന്നദ്ധരാണ്. രക്ഷയുടെ ദിവ്യവാഗ്ദത്തങ്ങളും തങ്ങൾ മരണത്തോളം വിശ്വസ്തരെന്നു തെളിയിക്കുന്നുവെങ്കിൽ “ജീവ കിരീടം” നൽകപ്പെടുമെന്നുള്ള വാഗ്ദത്തവും മുറുകെപ്പിടിക്കുന്നതുമൂലം അവരുടെ വിശ്വാസം ആഴത്തിൽ വേരൂന്നിയതാണ്. (വെളിപ്പാടു 2:10) അവർ തൽക്ഷണമുള്ള ഒരു പുനരുത്ഥാനവും മാററവും അനുഭവിക്കുക വഴി രാജാക്കൻമാരെന്ന നിലയിൽ ക്രിസ്തുവിനോടുകൂടെ വാഴുന്നതിന് അവനോടുള്ള ഐക്യത്തിൽ വരുത്തപ്പെടും. ലോകജേതാക്കളെന്ന നിലയിലുള്ള അവരുടെ നിർമലതാപാലന ഗതിക്ക് എന്തോരു വിജയം!—1 യോഹന്നാൻ 5:3, 4.
ഒരു അനുപമ പ്രത്യാശ
14, 15. ചെറിയ ആട്ടിൻകൂട്ടത്തിന്റെ പുനരുത്ഥാന പ്രത്യാശ അനുപമമായിരിക്കുന്നത് എങ്ങനെ?
14 ചെറിയ ആട്ടിൻകൂട്ടം വെച്ചുപുലർത്തുന്ന പുനരുത്ഥാനപ്രത്യാശ അനുപമമാണ്. ഏതു വിധങ്ങളിൽ? ഒരു സംഗതി, അതു “നീതിമാൻമാരുടെയും നീതികെട്ടവരുടെയും” പൊതു പുനരുത്ഥാനത്തിനു മുമ്പ് നടക്കുന്നു എന്നുള്ളതാണ്. (പ്രവൃത്തികൾ 24:15) യഥാർഥത്തിൽ, അഭിഷിക്തരുടെ പുനരുത്ഥാനത്തിനു പ്രാധാന്യമനുസരിച്ചുള്ള ഒരു നിശ്ചിത ക്രമമുണ്ട്, അതാണ് 1 കൊരിന്ത്യർ 15:20, 23-ലെ ഈ വാക്കുകൾ വ്യക്തമായി തെളിയിക്കുന്നത്: “ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. . . . ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ.” യേശു പ്രകടമാക്കിയ തരം സഹിഷ്ണുതയും വിശ്വാസവും ഉള്ളതിനാൽ, വിശേഷാൽ യഥാർഥ കർത്താവു തന്റെ ആലയത്തിലേക്ക് 1918-ൽ വന്നതു മുതൽ, തങ്ങളുടെ ഭൗമികഗതി അവസാനിക്കുമ്പോൾ തങ്ങൾക്കുവേണ്ടി എന്തു കരുതിയിരിക്കുന്നുവെന്നു ചെറിയ ആട്ടിൻകൂട്ടത്തിന് അറിയാം.—മലാഖി 3:1.
15 ഈ പുനരുത്ഥാനത്തെ അനുപമമെന്നു വീക്ഷിക്കാൻ പൗലോസ് നമുക്കു കൂടുതലായ ഒരു കാരണം നൽകുന്നു. 1 കൊരിന്ത്യർ 15:51-53-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം അവൻ ഇങ്ങനെ എഴുതി: “ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. . . . ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരി”ക്കണം. ഈ വാക്കുകൾ, ക്രിസ്തുവിന്റെ സാന്നിധ്യകാലത്തു മരിക്കുന്ന ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ടവർക്കു ബാധകമാണ്. മരണത്തിൽ ഒരു നീണ്ട കാലഘട്ടത്തേക്ക് ഉറങ്ങേണ്ടതില്ലാതെ അവർ അമർത്ത്യത ധരിക്കുന്നു, “പെട്ടെന്നു, കണ്ണിമെക്കുന്നിടയിൽ.”
16, 17. പുനരുത്ഥാനം സംബന്ധിച്ച തങ്ങളുടെ പ്രത്യാശയിൽ അഭിഷിക്ത ക്രിസ്ത്യാനികൾ എങ്ങനെയാണു പ്രത്യേകിച്ചും അനുഗൃഹീതരായിരിക്കുന്നത്?
16 ഈ ഗ്രാഹ്യത്തിന്റെ വെളിച്ചത്തിൽ, നമുക്കു വെളിപ്പാടു 14:12, 13-ൽ കണ്ടെത്തുന്ന അപ്പോസ്തലനായ യോഹന്നാന്റെ വാക്കുകളുടെ അർഥം മനസ്സിലാക്കാൻ കഴിയും. “ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധൻമാരുടെ സഹിഷ്ണുതകൊണ്ടു ഇവിടെ ആവശ്യം. ഞാൻ സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം കേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതൻമാർ ഭാഗ്യവാൻമാർ; അതേ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽനിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു” എന്ന് അവൻ എഴുതി.
17 ചെറിയ ആട്ടിൻകൂട്ടത്തിന്റെ ശേഷിപ്പിന് എന്തൊരനുപമമായ പ്രതിഫലമാണു കരുതിവെച്ചിരിക്കുന്നത്! അവരുടെ പുനരുത്ഥാനം പെട്ടെന്ന്, അവർ മരണത്തിൽ നിദ്രകൊള്ളുന്ന ഉടൻതന്നെ, സംഭവിക്കുന്നു. ആത്മമണ്ഡലത്തിൽ തങ്ങളുടെ നിയമനം ഏറെറടുക്കുമ്പോൾ എത്ര അസാധാരണമായ മാററമാണ് അവർ അനുഭവിക്കുക! ഇപ്പോൾത്തന്നെ ചെറിയ ആട്ടിൻകൂട്ടത്തിന്റെ അത്തരം മഹത്ത്വീകരണം നടന്നുകൊണ്ടിരിക്കുകയും മുഖ്യ ബൈബിൾ പ്രവചനങ്ങളുടെ പൂർത്തീകരണം സമീപിച്ചിരിക്കുകയും ചെയ്തിരിക്കെ, ചെറിയ ആട്ടിൻകൂട്ടത്തിൽ ശേഷിച്ചിരിക്കുന്ന അവസാനത്തെ അംഗങ്ങൾക്കു യഥാർഥത്തിൽ ‘ഭയപ്പെടേണ്ട’ ആവശ്യമില്ല. അവരുടെ നിർഭയത്വം മഹാപുരുഷാരത്തിൽപ്പെട്ടവരെ പ്രോത്സാഹിപ്പിക്കാൻ ഉതകുന്നു. ഭൂമിയിൽ അറിയപ്പെട്ടിട്ടുള്ളതിലേക്കും ഏററവും വലിയ കുഴപ്പത്തിന്റെ കാലത്തു വിടുതൽ പ്രതീക്ഷിക്കുന്നതുകൊണ്ട് അവരും നിർഭയത്വത്തിന്റെ ഒരു മനോഭാവം നട്ടുവളർത്തണം.
18, 19. (എ) നാം ജീവിക്കുന്ന സമയം അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) അഭിഷിക്തരും വേറെ ആടുകളും ഭയപ്പെടാതിരിക്കേണ്ടത് എന്തുകൊണ്ട്?
18 ചെറിയ ആട്ടിൻകൂട്ടത്തിന്റെ പ്രവർത്തനങ്ങൾ വിശദമായി വർണിക്കുന്നത് സത്യദൈവത്തെ ഭയപ്പെട്ടുകൊണ്ടിരിക്കാൻ അവരെയും മഹാപുരുഷാരത്തെയും പ്രാപ്തരാക്കുന്നു. അവനാലുള്ള ന്യായവിധിയുടെ നാഴിക വന്നെത്തിയിരിക്കുന്നു, ഇപ്പോൾ അവശേഷിച്ചിരിക്കുന്ന അനുകൂല കാലം വിലപ്പെട്ടതാണ്. മററുള്ളവർക്കു പ്രവർത്തിക്കുന്നതിനുള്ള സമയം തീർച്ചയായും പരിമിതമാണ്. എന്നിരുന്നാലും, നമ്മേ സംബന്ധിച്ചടത്തോളം, ദൈവോദ്ദേശ്യം പരാജയപ്പെടുമെന്നു നാം ഭയപ്പെടുന്നില്ല. അതു തീർച്ചയായും വിജയിക്കും!
19 ഇപ്പോൾത്തന്നെ, ഉച്ചത്തിലുള്ള സ്വർഗീയശബ്ദങ്ങൾ, “ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും” എന്നു പറയുന്നതു കേട്ടിരിക്കുന്നു. (വെളിപ്പാടു 11:15) തീർച്ചയായും, വലിയ ഇടയനായ യഹോവ തന്റെ സകല ആടുകളെയും ‘തിരുനാമം നിമിത്തം നീതിപാതകളിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.’ (സങ്കീർത്തനം 23:3) ചെറിയ ആട്ടിൻകൂട്ടം അവരുടെ സ്വർഗീയപ്രതിഫലത്തിലേക്കു ലാക്കുതെററാതെ നയിക്കപ്പെടുകയാണ്. വേറെ ആടുകൾ ക്രിസ്തുയേശുവിന്റെ ഭരണത്തിൻകീഴിൽ ദൈവത്തിന്റെ മഹത്ത്വമാർന്ന രാജ്യത്തിന്റെ ഭൗമികമണ്ഡലത്തിൽ നിത്യജീവൻ ആസ്വദിക്കുന്നതിനു മഹോപദ്രവത്തിൽ സുരക്ഷിതമായി വിടുവിക്കപ്പെടും. തൻമൂലം, യേശുവിന്റെ വാക്കുകൾ ചെറിയ ആട്ടിൻകൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണെന്നു വരികിലും ഭൂമിയിലുള്ള എല്ലാ ദൈവദാസൻമാർക്കും തീർച്ചയായും “ഭയപ്പെടരുതു” എന്ന വാക്കു ശ്രദ്ധിക്കാൻ തക്ക കാരണമുണ്ട്.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ ചെറിയ ആട്ടിൻകൂട്ടത്തിൽപ്പെട്ട ശേഷിച്ചവരുടെ എണ്ണം കുറയാൻ നാം എന്തുകൊണ്ടു പ്രതീക്ഷിക്കണം?
◻ അഭിഷിക്ത ശേഷിപ്പിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ത്?
◻ മാഗോഗിലെ ഗോഗിന്റെ ആക്രമണം സമീപിക്കുമ്പോഴും ക്രിസ്ത്യാനികൾ ഭയപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്?
◻ 1,44,000 പേരുടെ പുനരുത്ഥാന പ്രത്യാശ വിശേഷിച്ചും ഇന്ന് അനുപമമായിരിക്കുന്നത് എന്തുകൊണ്ട്?